കൊവിഡ് കാലത്തെ നല്ല പാഠങ്ങള്‍

കൊവിഡ് കാലത്തിന്റെ ഇരുണ്ട വശങ്ങളെയും സാധ്യതകളേയും കുറിച്ചു ധാരാളം സൂചനകളും വ്യാജസന്ദേശങ്ങളും ഊഹാപോഹങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയ വഴിയും അല്ലാതേയും ധാരാളമായി നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ ദുരന്തകാലം നമ്മെ ഒരുപാട് നല്ല പാഠങ്ങളും പഠിപ്പിക്കുന്നുണ്ട്. അതെ കുറിച്ചാണ് സച്ചിദാനന്ദന്‍ പറയുന്നത്.

ഒന്നാമതായി കൊറോണാകാലം ഉറങ്ങി കിടന്ന നമ്മുടെ ഒരുപാട് നന്മകളെ പുറത്തുകൊണ്ടുവരുന്നു്. ദേശം, മതം, ജാതി, വര്‍ഗ്ഗം, വംശം തുടങ്ങി നാമുണ്ടാക്കിയ അതിര്‍ത്തികള്‍ എത്ര നശ്വരമാണെന്ന് ഈ കാലം നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ അതിര്‍ത്തികള്‍ക്കും വിഭജനങ്ങള്‍ക്കുമപ്പുറം കൂട്ടായി ചിന്തിക്കാനും പരിഹാരം തേടാനും മനുഷ്യരാശിയെ ഇക്കാലം പ്രേരിപ്പിക്കുന്നു.

രണ്ടാമതായി വിശ്വാസം പോലും നിസ്സഹായരാകുന്ന ഇത്തരം സന്ദര്‍ഭത്തില്‍ ശാസ്ത്രവും ശാസ്ത്രീയവീക്ഷണവും വിശകലനവും ഗവേഷണവും പരിഹാര അന്വേഷണങ്ങളുമെല്ലാം മുന്നോട്ടുവരുന്നു. രോഗശമനത്തിനും മുന്‍കൂര്‍ പ്രതിരോധത്തിനുമുളള അന്വേഷണം ലോകമാകെ സജീവമാകുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഉറക്കമൊഴിച്ച് ,ജീവന്‍ പോലും പണയപ്പെടുത്തി, സ്വന്തം ന്ിയോഗത്തിന്റെ സദാചാരം ഉയര്‍ത്തിപിടിച്ച് നമ്മുടെ മുഴുവന്‍ ഹൃദയം നിറഞ്ഞ കൃതജ്ഞതക്ക് അര്‍ഹരാകുന്നു. .

മൂന്നാമതായി ലോകമാകെ ഒരു വശത്ത് മൂലധനവ്യവസ്ഥയുടെ സ്വാര്‍ത്ഥലക്ഷ്യങ്ങളാല്‍ പാര്‍ശ്വവല്‍കൃതരാകുന്നവരുടെ ദുരിതങ്ങള്‍ ഇതുവരേയും കാണാത്തവര്‍ക്കും മനപൂര്‍വ്വം കാണാത്തവര്‍ക്കും കാണാതെ വയ്യ എന്നായിരിക്കുന്നു. നമ്മള്‍ വീട്ടിലിരുന്ന് സാമൂഹ്യ അകലം കൃത്യമായി പാലിക്കുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നഗരങ്ങളിലെത്തിയ ദിവസതൊഴിലാളികളും ചെറുകിടകച്ചവടക്കാരും ചെറുകിട കര്‍ഷകരും കീഴാളരും ദരിദ്രരുമൊക്കെ നിസ്സഹായരായി പലായനം ചെയ്യുന്ന കാഴ്ച കാണുന്നു. ഇത് ജനാധിപത്യ സര്‍ക്കാരുകളെ കൂടുതല്‍ സക്രിയമാക്കുകയും മൂലധന ആധിപത്യത്തെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഒപ്പം സാധാരണക്കാരുടെ നന്മകള്‍ പല തരത്തില്‍ പുറത്തുവരുന്നു. ഈ നിസ്സഹായരായവര്‍ക്ക് ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളുമൊക്കെ എത്തിക്കുന്ന ഒട്ടനവധി സംഘങ്ങളും വ്യക്തികളും ഈ ഇരുട്ടിലും പ്രകാശം പരത്തുന്നു.

നാലാമതായി ഇതിന്റെ തുടര്‍ച്ചയെന്നപോലെ പൊതുജനാരോഗ്യവ്യവസ്ഥയും പൊതുവിതരണവും കാര്യക്ഷമമാകുന്ന, പൊതുമേഖല ശക്തമാകുന്ന പൊതുവില്‍ ജനാധിപത്യ സോഷ്യലിസ്റ്റ് സ്വഭാവവുമുള്ള ഒരു ബദല്‍ വ്യവസ്ഥ ഉണ്ടാകണമെന്ന ചിന്ത ശക്തമാകുന്നു. അമേരിക്കയേയും യൂറോപ്പിലെ പരിഷ്‌കൃത രാഷ്ട്രങ്ങളേയും പോലുള്ള വികസിത രാഷ്ട്രങ്ങള്‍ പോലും കൊവിഡിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ ശക്തമായ ജനകീയ പ്രസ്ഥാനങ്ങളുടെ പാരമ്പര്യമുള്ള കേരളം, ക്യൂബ, ചെക് റി്പ്പബ്ലിക് പോലുള്ള കൊച്ചുപ്രദേശങ്ങള്‍ മാതൃകാപരമായ രീതിയില്‍ ജനങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ പോലും ശ്രദ്ധിച്ചും ആധുനിക ഗവേഷണഫലങ്ങളുപയോഗിച്ച് സത്വരനടപടികള്‍ സ്വീകരിച്ചും മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ വിജയം കാണുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരകളും ജനങ്ങളും ഒന്നിക്കുന്നു.

അഞ്ചാമതായി തിരിച്ചുവരുന്ന മൃഗങ്ങളും കിളികളും ശുദ്ധമായ വായുവും സ്വച്ഛമായ പ്രകൃതിയും നാം നാം അനിവാര്യരോ അനശ്വരരോ അല്ലെന്നും പരിസ്ഥിതിയുടെ സമതുലനം തകര്‍ക്കുന്ന നമ്മുടെ വികസന നയങ്ങളും ലാഭം മാത്രം ലക്ഷ്യമാക്കിയ മുതലാളിത്ത സങ്കല്‍പ്പങ്ങളും ആത്യന്തികമായി മനുഷ്യവര്‍ഗ്ഗത്തിന്റെ തന്നെ അതിജീവനത്തെ ദുസാധ്യമാക്കുമെന്നും നമ്മെ പഠിപ്പിക്കുന്നു. ബഷീര്‍ പറഞ്ഞപോലെ ഭൂമിയുടെ അവകാശികള്‍ നാം മാത്രമല്ലെന്നു തിരിച്ചറിയുന്നു. ഇത് നമ്മെ വിനയം പഠിപ്പിക്കുന്നു.

ഒടുവിലായി വ്യക്തികള്‍ എന്ന നിലയില്‍ നമ്മുടെ താല്‍ക്കാലികതയെ കുറിച്ചുള്ള ബോധ്യം ജീവിതത്തിന്റെ മൂല്യം എത്രമാത്രമാണെന്ന് നമ്മെ മനസ്സിലാക്കുന്നു. അതിനാല്‍ വീണുകിട്ടിയ ഈ സമയം നവസാങ്കേതിക വിദ്യയിലൂടെ സാമൂഹ്യസേവനത്തിനും കലാപ്രവര്‍ത്തനത്തിനും സാഹിത്യസൃഷ്ടിക്കും എഴുത്തിനും വായനക്കും ഭാഷാപഠനത്തിനും നീട്ടിവെച്ചിരുന്ന സര്‍ഗ്ഗപദ്ധതികള്‍ നടപ്പാക്കാനും മറ്റും ഉപയോഗിക്കുക. സ്വസ്ഥരായിരിക്കുക. കരുണ കാണിക്കുക,. ഒറ്റക്കിരിക്കുമ്പോഴും ഭൂമിയില്‍ നിര്‍വസിതരും അഭയാര്‍ത്ഥികളും പീഡിതരുമായി കോടിക്കണക്കിന് സഹജീവികളുണ്ടെന്ന് ഓര്‍ക്കുക. അകത്തെ വെളിച്ചം തെളിയിക്കുക. മറ്റൊരു കാലം സ്വപ്‌നം കാണുക.

(വാട്‌സ് ആപ് വോയ്‌സ് മെസ്സേജില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply