
വിദ്യാഭ്യാസത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന കാലം
ലോകമെമ്പാടും, കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ബാധം തുടരുന്നു. യുദ്ധം ചെയ്യുന്ന കക്ഷികള്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളിലൊന്നാണു കുട്ടികളുടെ സംരക്ഷണം. ഇന്നത്തെ നീണ്ടുനില്ക്കുന്ന സംഘട്ടനങ്ങള്‍ ഭാവി തലമുറയ്ക്കു മുഴുവന്‍ ദോഷമാണ്. വിദ്യാഭ്യാസം ലഭിക്കാതെ, സംഘര്‍ഷത്തിനിടയില്‍ വളരുന്ന കുട്ടികള്‍ക്കു രാജ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും സംഭാവന നല്കാന്‍ ആവശ്യമായ നൈപുണ്യങ്ങള്‍ ലഭിക്കില്ല, ഇതു ദശലക്ഷക്കണക്കിനു കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും നിരാശാജനകമായ സാഹചര്യം ഉണ്ടാക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സായുധ സംഘട്ടനത്തില്‍ അകപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരിക്കോ, ഉപദ്രവമോ ഏല്ക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത
വിദ്യാര്‍ത്ഥികള്‍/അധ്യാപകര്‍/അക്കാദമിക വിദഗ്ദ്ധര്‍ ഇരുപത്തിരണ്ടിയിരത്തിലധികമാണ്.
കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കുന്ന ഒരേടാണ് പഞ്ചമിയുടെയും ‘ലഹളക്കാരന്‍’ അയ്യന്‍കാളിയുടെയും സമരങ്ങള്‍. തിരുവിതാംകൂര്‍ രാജാവിന്റെ ഉത്തരവുണ്ടായിട്ടും അയ്യാന്‍കാളി പഞ്ചമിയെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച ഊരൂട്ടമ്പലം സ്‌കൂള്‍ സവര്‍ണ്ണര്‍ അഗ്‌നിക്കിരയാക്കി. ഇന്ത്യയുടെ ചരിത്രത്തില്‍ ദലിതരും മറ്റ് അവശവിഭാഗങ്ങളും വിദ്യാഭ്യാസ അവകാശം നേടിയെടുത്തതില്‍ ത്യാഗോജ്വലമായ നിരവധി സമരങ്ങളുടെ പോരാട്ടവീര്യമുണ്ട്. പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശന സമരശേഷം നൂറ്റാണ്ടു കഴിഞ്ഞിട്ടും വിദ്യാലയങ്ങള്‍ ആക്രമിക്കുകയെന്ന മനുഷ്യാവകാശ പ്രശ്‌നം പരിഹരിക്കാന്‍ നമുക്കു സാധിച്ചിട്ടില്ല. മനുഷ്യന്റെ ഭാവിയില്‍ ഇരുള്‍ വീഴ്ത്തുന്ന വിദ്യാലയാക്രമണം സവിശേഷമായ ശ്രദ്ധകൊടുത്തു പരിഹരിക്കേണ്ട സുപ്രധാന പ്രശ്‌നമാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു. അതിനാലാണു യുഎന്‍, വിദ്യാലയങ്ങള്‍ക്കു നേരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരായ അവബോധം സൃഷ്ടിക്കാന്‍ ഒരു അന്താരാഷ്ട്ര ദിനാചരണം പ്രഖ്യാപിച്ചത്.
ലോകമെമ്പാടും, കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ബാധം തുടരുന്നു. യുദ്ധം ചെയ്യുന്ന കക്ഷികള്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളിലൊന്നാണു കുട്ടികളുടെ സംരക്ഷണം. ഇന്നത്തെ നീണ്ടുനില്ക്കുന്ന സംഘട്ടനങ്ങള്‍ ഭാവി തലമുറയ്ക്കു മുഴുവന്‍ ദോഷമാണ്. വിദ്യാഭ്യാസം ലഭിക്കാതെ, സംഘര്‍ഷത്തിനിടയില്‍ വളരുന്ന കുട്ടികള്‍ക്കു രാജ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും സംഭാവന നല്കാന്‍ ആവശ്യമായ നൈപുണ്യങ്ങള്‍ ലഭിക്കില്ല, ഇതു ദശലക്ഷക്കണക്കിനു കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും നിരാശാജനകമായ സാഹചര്യം ഉണ്ടാക്കും.
വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സായുധ സംഘട്ടനത്തില്‍ അകപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരിക്കോ, ഉപദ്രവമോ ഏല്ക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത
വിദ്യാര്‍ത്ഥികള്‍/അധ്യാപകര്‍/അക്കാദമിക വിദഗ്ദ്ധര്‍ ഇരുപത്തിരണ്ടിയിരത്തിലധികമാണ്. 2015 നും 2019 നും ഇടയില്‍ 93 രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനെതിരേ ഒരു ആക്രമണമെങ്കിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, പലസ്തീന്‍ എന്നിവിടങ്ങളില്‍ നേരിട്ടുള്ള ആക്രമണമണം വഴിയാണു വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത്. സായുധ സേനയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഇതര സായുധ സംഘങ്ങളും 2015 നും 2019 നും ഇടയില്‍ 34 രാജ്യങ്ങളിലെ സ്‌കൂളുകളും സര്‍വ്വകലാശാലകളും സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. സൈനികതാവളങ്ങള്‍, തടങ്കല്‍ കേന്ദ്രങ്ങള്‍, ആയുധ സൂക്ഷിപ്പുകേന്ദ്രങ്ങള്‍ തുടങ്ങിയ രീതിയിലാണവ പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, 17 രാജ്യങ്ങളിലെ സ്‌കൂളുകളില്‍ നിന്നു രാജ്യങ്ങളുടെ സായുധ സേനയോ മറ്റു സായുധ സംഘങ്ങളോ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട് (1).
വിദ്യാഭ്യാസത്തിനെതിരായ ആക്രമണങ്ങള്‍ക്കു പലപ്പോഴും ആഗോള മാനങ്ങളുള്ളതിനാല്‍ അതു തടയാന്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ സഹകരണവും പരിശ്രമവും ആവശ്യമാണെന്നു മാനവസമൂഹം തിരിച്ചറിഞ്ഞു. ഇത്തരം പരിശ്രങ്ങളുടെ ഫലമായി രൂപമെടുത്ത ആദ്യ നയരേഖയാണു ‘സായുധ സംഘട്ടന സമയത്തു സൈനിക ഉപയോഗത്തില്‍ നിന്നു സ്‌കൂളുകളെയും സര്‍വ്വകലാശാലകളെയും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍’ [ Guidelines for Protecting Schools and Universities from Military Use during Armed Conflict (Guidelines)]. 2012 നും 2014 നും ഇടയില്‍ വികസിപ്പിച്ചെടുത്ത ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സ്‌കൂളുകളുടെയും സര്‍വകലാശാലകളുടെയും സൈനിക ഉപയോഗം ചുരുക്കുന്നതിനും അത്തരം ഉപയോഗം വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലും വിദ്യാഭ്യാസത്തിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും സംഘട്ടനത്തിലേര്‍പ്പെടുന്ന കക്ഷികള്‍ക്കു ചെയ്യാവുന്ന ഒരു കൂട്ടം നടപടികള്‍ നിര്‍ദ്ദേശിക്കുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ വികാസത്തിലേക്കു നയിച്ച പ്രക്രിയയ്ക്കു ‘ആക്രമണത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുള്ള ആഗോള കൂട്ടുകെട്ട്’ ( Global Coalition to Protect Education from Attack- ജി.സി.പി.ഇ.എ) നേതൃത്വം നല്കി (2). നോര്‍വേയും അര്‍ജന്റീനയും ഇതിനു സജീവ പിന്തുണ നല്കി. വിവിധ രാജ്യങ്ങളും ഈ സംരംഭത്തില്‍ സഹകരിച്ചു. വിദ്യാഭ്യാസപ്രക്രിയയുമായി ബന്ധപ്പെട്ടു ധാരാളം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന ഇന്ത്യയെ സംബന്ധിച്ചു വളരെ സുപ്രധാനമാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.
സായുധ സംഘട്ടനസമയത്തു സൈനിക ഉപയോഗത്തില്‍ നിന്നു സ്‌കൂളുകളും സര്‍വ്വകലാശാലകളും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സായുധ സംഘട്ടനത്തില്‍ ഉള്‍പ്പെട്ട കക്ഷികള്‍ അവരുടെ സൈനിക ഉദ്യമങ്ങളെ പിന്തുണയ്ക്കുന്ന യാതൊരു കാര്യങ്ങള്‍ക്കും സ്‌കൂളുകളും സര്‍വകലാശാലകളും ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചില കാര്യങ്ങള്‍ സായുധ സംഘര്‍ഷ സമയത്തു പാലിക്കുന്ന നിയമങ്ങള്‍ക്കു വിരുദ്ധമാകില്ലെന്ന് അംഗീകരിക്കപ്പെടുമ്പോള്‍ത്തന്നെ, ഉത്തരവാദിത്വപ്പെട്ട പെരുമാറ്റത്തിനുള്ള വഴികാട്ടിയായി ഇനിപ്പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും പരിശ്രമിക്കണം.
മാര്‍ഗ്ഗനിര്‍ദ്ദേശം 1 : – സായുധ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്ന പോരാട്ട ശക്തികള്‍ തങ്ങളുടെ സൈനിക ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പ്രവര്‍ത്തനക്ഷമമായ സ്‌കൂളുകളും സര്‍വ്വകലാശാലകളും ഒരു തരത്തിലും ഉപയോഗിക്കരുത്.
(എ) സാധാരണ അദ്ധ്യയന സമയത്തിനു ശേഷം, വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും, അവധിക്കാലത്തും താത്കാലികമായി അടച്ചിരിക്കുന്ന സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ഈ തത്വം ബാധകമാണ്.
(ബി) സായുധ സംഘട്ടനത്തിലേര്‍പ്പെടുന്ന കക്ഷികള്‍ തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി സ്‌കൂളുകളെയും സര്‍വകലാശാലകളെയും ഒഴിപ്പിക്കാന്‍ വിദ്യാഭ്യാസ അധികാരികള്‍ക്കു നേരേ ബലം പ്രയോഗിക്കുകയോ അവര്‍ക്കു േ്രപാത്സാഹനങ്ങള്‍ നല്കുകയോ ചെയ്യരുത്.
മാര്‍ഗ്ഗനിര്‍ദ്ദേശം 2 :- സായുധ സംഘട്ടനത്തിന്റെ അപകടങ്ങള്‍ കാരണം ഉപേക്ഷിക്കപ്പെട്ടതോ കുടിയൊഴിപ്പിക്കപ്പെട്ടതോ ആയ സ്‌കൂളുകളും സര്‍വ്വകലാശാലകളും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ സൈനിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി യാതൊരു കാരണവശാലും ഉപയോഗിക്കരുത്. തങ്ങള്‍ പ്രതീക്ഷിക്കുന്ന സൈനിക നേട്ടം നേടുന്നതിനുള്ള മറ്റൊരു പ്രായോഗിക ബദല്‍ ലഭ്യമല്ലാത്തപ്പോഴോ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അവ പ്രയോജനപ്പെടുത്താന്‍ സാധ്യമല്ലാത്ത കാലത്തോളമോ മാത്രമേ സ്‌കൂളുകളുടെയോ സര്‍വ്വകലാശാലകളുടെയോ സൈനിക ഉപയോഗം പാടുള്ളൂ. അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ നിയമപ്രകാരം പ്രത്യേകമായി പരിരക്ഷിക്കപ്പെടുന്ന ആശുപത്രികള്‍ പോലുള്ളവ ഒഴികെയുള്ള കെട്ടിടങ്ങള്‍ എത്ര അസൗകര്യമായി സ്ഥാപിക്കുകയോ ക്രമീകരിക്കുകയോ ചെയ്താലും, സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കെട്ടിടങ്ങള്‍ക്ക് ഉപരി അത്തരം സാധ്യതകള്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള മികച്ച ബദലുകളായി കണക്കാക്കണം. കൂടാതെ, സായുധ സംഘട്ടനത്തിലുള്‍പ്പെട്ട കക്ഷികള്‍ എല്ലാ സിവിലിയന്‍ വസ്തുക്കളെയും ആക്രമണത്തില്‍ നിന്നു സംരക്ഷിക്കുന്നതിനു സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടതാണ്.
(എ) ഉപേക്ഷിക്കപ്പെട്ടതോ ഒഴിപ്പിച്ചതോ ആയ സ്‌കൂളുകളുടെയും സര്‍വ്വകലാശാലകളുടെയും സൈനികമായ ഉപയോഗം ആവശ്യമായ ഏറ്റവും കുറഞ്ഞ സമയത്തേക്കു മാത്രം ആയിരിക്കണം.
ബി) പോരാട്ട സേന സായുധ സംഘട്ടനത്തിന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചതോ ഒഴിപ്പിച്ചതോ ആയ സ്‌കൂളുകളും സര്‍വ്വകലാശാലകളും അദ്ധ്യയനം പുനരാരംഭിക്കാന്‍ വിദ്യാലയാധികാരികള്‍ക്കു എത്രയും വേഗം ലഭ്യമാക്കണം. ഈ സന്ദര്‍ഭത്തില്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ അപകടത്തിലാകില്ല എന്ന് ഉറപ്പാക്കണം.
സി) പോരാട്ട സേന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നു പിന്മാറിയ ഉടന്‍തന്നെ സൈനിക ഉപയോഗത്തിന്റെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുകയും സ്ഥാപനത്തിനുണ്ടായ നാശനഷ്ടങ്ങള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കുകയും വേണം. കൂടാതെ, എല്ലാ ആയുധങ്ങളും പൊട്ടാത്ത വെടിക്കോപ്പുകളും യുദ്ധത്തിന്റെ മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
മാര്‍ഗ്ഗനിര്‍ദ്ദേശം 3 :- എതിരാളികള്‍ ഭാവിയില്‍ സൈനിക ആവശ്യങാങ്ള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത ഇല്ലാതാക്കാനായി സ്‌കൂളുകളും സര്‍വ്വകലാശാലകളും ഒരിക്കലും നശിപ്പിക്കപ്പെടരുത്. അവ സിവിലിയന്‍ വസ്തുക്കളാണ്.
മാര്‍ഗ്ഗനിര്‍ദ്ദേശം 4 :- സായുധ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന കക്ഷികള്‍ ഒരു സ്‌കൂളോ യൂണിവേഴ്‌സിറ്റിയോ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഫലമായി അതൊരു സൈനിക ലക്ഷ്യമാക്കി മാറിയാല്‍ അതിനെ ആക്രമണത്തിനു മുമ്പു, സൈനിക ഉപയോഗം അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണം ഉണ്ടാകുമെന്നു മുന്‍കൂട്ടി ശത്രുവിനു മുന്നറിയിപ്പു നല്കുന്നതടക്കമുള്ള സാധ്യമായ എല്ലാ ബദല്‍ നടപടികളും പരിഗണിക്കണം.
(എ) സൈനിക ലക്ഷ്യമായി മാറിയ ഒരു സ്‌കൂളിനു നേരെയുള്ള ഏതെങ്കിലും ആക്രമണത്തിനു മുമ്പ്, കുട്ടികള്‍ക്കു പ്രത്യേക പരിഗണനയ്ക്കും സംരക്ഷണത്തിനും അര്‍ഹതയുണ്ടെന്ന വസ്തുത സായുധ സംഘട്ടനത്തിലുള്‍പ്പെടുന്ന കക്ഷികള്‍ കണക്കിലെടുക്കണം. ഒരു സ്‌കൂളിനു കേടുപാടുകള്‍ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നതു ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസം ലഭ്യമാക്കുന്ന പ്രവര്‍ത്തനത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണെന്നതിന് അധിക പരിഗണന നല്‌കേണ്ടതാണ്.
(ബി) സൈനിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സായുധ സംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു കക്ഷി ഒരു സ്‌കൂളോ യൂണിവേഴ്‌സിറ്റിയോ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നത് എതിര്‍കക്ഷിയുടെ അത്തരം ഉപയോഗത്തിനുള്ള ന്യായീകരണമാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സാധ്യമാകുന്ന മുറയ്ക്കു, സൈനികവത്കരണത്തിന്റെ തെളിവുകളും സൂചനകളും നീക്കംചെയ്യുകയും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി സിവിലിയന്‍ അധികാരികള്‍ക്ക് അവ തിരികെ നല്കുകയും വേണം.
മാര്‍ഗ്ഗനിര്‍ദ്ദേശം 5 :- അവശ്യമായ സുരക്ഷ നല്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ലഭ്യമല്ലാത്തപ്പോള്‍ ഒഴികെ, സായുധ സംഘട്ടനത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ പോരാട്ടസേനയെ സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും സുരക്ഷയ്ക്കു നിയോഗിക്കരുത്. സാധ്യമെങ്കില്‍, സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും സുരക്ഷ നല്കുന്നതിനു ഉചിതമായ പരിശീലനം ലഭിച്ച സിവിലിയന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ആവശ്യമെങ്കില്‍, കുട്ടികളെയും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതും പരിഗണിക്കണം.
(എ) സ്‌കൂളുകളുടെയും സര്‍വ്വകലാശാലകളുടെയും സുരക്ഷാ ജോലികളില്‍ പോരാട്ട സേനയിലുള്ളവര്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍, സ്ഥാപനത്തിന്റെ സിവിലിയന്‍ പദവിയില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാനും പഠന അന്തരീക്ഷം തടസ്സപ്പെടാതിരിക്കാനുമായി, മൈതാനങ്ങളിലോ കെട്ടിടങ്ങളിലോ ഉള്ള അവരുടെ സാന്നിധ്യം ഒഴിവാക്കണം.
മാര്‍ഗ്ഗനിര്‍ദ്ദേശം 6 : – സായുധ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്ന എല്ലാ കക്ഷികളും, തങ്ങളുടെ പ്രമാണങ്ങള്‍, സൈനിക പ്രവര്‍ത്തന രേഖകള്‍, ഇടപഴകല്‍ നിയമങ്ങള്‍, പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മറ്റ് പ്രചാരണ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ ഉചിതമായവിധം സാധ്യമായത്രയും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണം. തങ്ങളുടെ കമാന്‍ഡ് ശൃംഖലയിലുടനീളം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനാണിത്. സായുധ സംഘട്ടനത്തിലേര്‍പ്പെടുന്ന കക്ഷികള്‍ ഇതു ചെയ്യുന്നതിനുള്ള ഏറ്റവും ഉചിതമായ രീതി നിര്‍ണ്ണയിക്കണം.
തുടര്‍ന്നു, ജിസിപിഇഎയും നോര്‍വ്വേയും അര്‍ജന്റീനയുമൊക്കെ മുന്‍കൈ എടുത്തു രാജ്യങ്ങള്‍ക്കിടയില്‍ തുടര്‍ കൂടിയാലോചനകള്‍ നടത്തുകയും വിദ്യാലയങ്ങളെ ആക്രമണത്തില്‍ നിന്നു സംരക്ഷിക്കാനുള്ള നടപടികള്‍ക്കു കൂടുതല്‍ വ്യവസ്ഥാപിത രൂപം കൈവരുകയും ചെയ്തു. ഇതിന്റെ ഫലമായാണു ‘സുരക്ഷിത സ്‌കൂളുകളുടെ പ്രഖ്യാപനം’ (Safe Schools Declaration) ഉണ്ടായത്. നോര്‍വേയിലെ ഓസ്ലോയില്‍ 2015 മെയ് മാസത്തില്‍ രാജ്യങ്ങളുടെ അംഗീകാരത്തിനായി ‘സുരക്ഷിത സ്‌കൂളുകളുടെ പ്രഖ്യാപനം’ സമര്‍പ്പിച്ചു. സായുധ പോരാട്ടത്തിനിടെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂളുകളെയും സര്‍വ്വകലാശാലകളെയും മറ്റും മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിനും യുദ്ധസമയത്തു വിദ്യാഭ്യാസം തുടരുന്നതിനു പിന്തുണ നല്കുന്നതിനുമുളള രാഷ്ട്രീയ പ്രതിബദ്ധത രാജ്യങ്ങള്‍ക്കു സ്വയം പ്രഖ്യാപിക്കാവുന്ന ഒരു കരാറാണിത്. സ്‌കൂളുകളുടെ സൈനിക ഉപയോഗം തടയുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇത് ആഹ്വാനം ചെയ്യുന്നു.
സംഘര്‍ഷ സംവേദനക്ഷമതയുള്ളതും വിവിധ വംശീയ സാമൂഹിക വിഭാഗങ്ങള്‍ തമ്മിലുള്ള ബഹുമാനം വളര്‍ന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുന്നതിന് ഈ പ്രഖ്യാപനം ലക്ഷ്യമിടുന്നു. സഹകരണം, വിവര കൈമാറ്റം പ്രഖ്യാപനം നടപ്പാക്കലിന്റെ അവലോകനം തുടങ്ങിയവയ്ക്കായി രാജ്യങ്ങള്‍ പതിവായി കൂടിയാലോചിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഈ പ്രഖ്യാപനം പ്രദാനം ചെയ്യുന്നു.
സുരക്ഷിത സ്‌കൂളുകളുടെ പ്രഖ്യാപനം
വിദ്യാഭ്യാസത്തിന്മേല്‍ സായുധ സംഘട്ടനം സൃഷ്ടിക്കുന്ന ആഘാതം മാനുഷികവും വികസനപരമായവയുമുള്‍പ്പെടുന്ന വിശാലമായ അടിയന്തിര സാമൂഹിക വെല്ലുവിളികള്‍ മുന്നോട്ടുവയ്ക്കുന്നു. ലോകമെമ്പാടും, സ്‌കൂളുകളും സര്‍വ്വകലാശാലകളും ബോംബാക്രമണത്തിനും, ഷെല്ലാക്രമണത്തിനും വിധേയമാകുന്നു; അവ അഗ്‌നിക്കിരയാകുന്നു. കൂടാതെ, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അക്കാദമിക വിദഗ്ദ്ധര്‍ എന്നിവര്‍ കൊല്ലപ്പെടുകയോ, അംഗഭംഗപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ, നിയമവിരുദ്ധമായി തടവിലാക്കപ്പെടുകയോ ചെയ്യുന്നു. സായുധ കക്ഷികള്‍ അവരുടെ കേന്ദ്രങ്ങള്‍, താവളങ്ങള്‍, ബാരക്കുകള്‍ അല്ലെങ്കില്‍ തടങ്കല്‍ പാളയങ്ങള്‍ എന്നിവയ്ക്കായി വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും േ്രദാഹിക്കുന്നതിനും ധാരാളം കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നതിനും ഇടവരുത്തുന്നു. അവരുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനങ്ങള്‍ നല്കുന്നതിനുള്ള സമൂഹത്തിന്റെ അവസരം നഷ്ടപ്പെടുത്തുന്നതിനും ഇതു കാരണമാകുന്നു. പല രാജ്യങ്ങളിലും സായുധ സംഘട്ടനം മൂലം സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നു. എന്നുമാത്രമല്ല, ഒരു തലമുറയിലെ മുഴുവന്‍ കുട്ടികളുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും തകര്‍ക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു നേരേയുള്ള ബലപ്രയോഗങ്ങളെല്ലാം വിദ്യാഭ്യാസത്തിനെതിരായ ആക്രമണങ്ങളാണ്. ആക്രമണങ്ങളും ആക്രമണ ഭീഷണികളും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും കഠിനവും നീണ്ടുനില്ക്കുന്നതുമായ ദോഷം വരുത്തും. ഇതുവഴി വിദ്യാഭ്യാസം നേടുന്നതിനുള്ള സാധ്യതകള്‍ അട്ടിമറിയ്ക്കപ്പെടാം; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടാം, അല്ലെങ്കില്‍, വിദ്യാഭ്യാസ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ സുരക്ഷയെ ഭയന്നു വിദ്യാഭ്യാസത്തില്‍ നിന്നു മാറിനില്ക്കാം., ഉദാഹരണത്തിനു, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതു പോലുള്ള ലിംഗവിവേചനം വര്‍ദ്ധിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിലനിര്‍ത്തുക, സാംസ്‌കാരിക വൈവിധ്യങ്ങള്‍ നിയന്ത്രിക്കുക, അക്കാദമിക സ്വാതന്ത്ര്യമോ കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനുള്ള അവകാശമോ നിഷേധിക്കുക തുടങ്ങിയ അസഹിഷ്ണുതയും ബഹിഷ്‌കരണവുംപ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കു സ്‌കൂളുകളിലെയും സര്‍വ്വകലാശാലകളിലെയും ആക്രമണങ്ങള്‍ ഉപയോഗിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതു കുട്ടികളെ സായുധ പ്രവര്‍ത്തനങ്ങള്‍ക്കു റിക്രൂട്ടു ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കും അല്ലെങ്കില്‍ കുട്ടികളെയും യുവാക്കളെയും ലൈംഗിക അതിക്രമങ്ങള്‍ക്കോ ചൂഷണത്തിനോ ഇരയാക്കാം. പ്രത്യേകിച്ചും, ഇതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്രമിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ഇതില്‍ നിന്നു വ്യത്യസ്തമായി, കുട്ടികളെയും യുവാക്കളെയും മരണം, പരിക്ക്, ചൂഷണം എന്നിവയില്‍ നിന്നു സംരക്ഷിക്കാന്‍ വിദ്യാഭ്യാസം സഹായിക്കും; ജീവിതത്തില്‍ അടുക്കും ചിട്ടയും സ്ഥിരതയും പ്രദാനം ചെയ്യുന്നതിലൂടെ സായുധ സംഘട്ടനത്തിന്റെ ഫലമായുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും മറ്റു സുപ്രധാന സേവനങ്ങളിലേക്കു വഴിതുറക്കാനും വിദ്യാഭ്യാസത്തിലൂടെ സാധിക്കും. കലഹങ്ങള്‍ ഒഴിവാക്കാനും സമാധാനം സംജാതമാക്കാനും ‘സംഘര്‍ഷ സംവേദനക്ഷമതയുള്ള’ വിദ്യാഭ്യാസം ഉപകരിക്കും. വികസനത്തിനും മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും സമ്പൂര്‍ണ്ണ ആസ്വാദനത്തിനും അത്യന്താേേപക്ഷിതമാണു വിദ്യാഭ്യാസം. വിദ്യാലയങ്ങള്‍ സുരക്ഷിതയിടങ്ങളായി നിലനിറുത്താന്‍ ഞങ്ങള്‍ പരമാവധി പരിശ്രമിക്കും.
വിദ്യാഭ്യാസത്തിനുള്ള അവകാശം േ്രപാത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സായുധ സംഘട്ടന സാഹചര്യങ്ങളില്‍ വിദ്യാഭ്യാസം തുടരുന്നതിനു സഹായിക്കുന്നതിനുമുള്ള ഓരോ രാജ്യങ്ങളുടെയും വ്യക്തിഗത സംരംഭങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസം തുടരുന്നതിലൂടെ ജീവസംരക്ഷണത്തിനുള്ള ആരോഗ്യ വിവരങ്ങള്‍ ലഭ്യമാക്കാനും സായുധ സംഘട്ടനം നേരിടുന്ന സമൂഹങ്ങളിലെ പ്രത്യേക അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം നല്കാനും കഴിയും.
കുട്ടികളെ ബാധിക്കുന്ന സായുധ സംഘട്ടനം അവസാനിപ്പിക്കുന്നതിനുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. അതിനൊപ്പം, സായുധ പോരാട്ടത്തില്‍ കുട്ടികള്‍ക്കെതിരേ നടക്കുന്ന ഗുരുതരമായ അതിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ടു ചെയ്യുന്നതിനുമുള്ള സംവിധാനത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്യുന്നു. നിലവിലെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായി സായുധ സേനകളും സര്‍ക്കാര്‍ ഇതര സായുധ സംഘങ്ങളും സ്‌കൂളുകള്‍ ഉപയോഗിക്കുന്നതു തടസ്സപ്പെടുത്തുന്ന നടപടികളെ േ്രപാത്സാഹിപ്പിക്കുകയും ചെയ്യുന്ന സുരക്ഷാ കൗണ്‍സിലിന്റെ 2011 ലെ 1998 ഉം 2014 ലെ 2143 ഉം പ്രമേയങ്ങളുടെ പ്രാധാന്യം ഞങ്ങള്‍ ഊന്നിപ്പറയുന്നു, കൂടാതെ, ഈ പ്രമേയങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സമാകുന്ന നടപടികളില്‍ നിന്നു വിട്ടുനില്ക്കാന്‍ സായുധ പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന എല്ലാ കക്ഷികളെയും േ്രപരിപ്പിക്കുകയും ചെയ്യുന്നു.
‘സായുധ സംഘട്ടനസമയത്തു സൈനിക ഉപയോഗത്തില്‍ നിന്നു സ്‌കൂളുകളും സര്‍വ്വകലാശാലകളും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍’ രൂപം നല്കിയതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അവ നിലവിലെ അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കാത്ത, നിയമപരമായി നിര്‍ബന്ധിതമല്ലാത്ത, സ്വമേധയാ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്. അവ നിലവിലുള്ള നല്ല കീഴ്വഴക്കങ്ങളാല്‍ നയിക്കപ്പെടുന്നു. കൂടാതെ, അതു വിദ്യാഭ്യാസ പ്രക്രിയയില്‍ സായുധ സംഘട്ടനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സായുധ സേനകള്‍ക്കും സായുധ സംഘങ്ങള്‍ക്കും മറ്റു പ്രസക്ത കക്ഷികള്‍ക്കും ഇടയില്‍ അവ നടപ്പാക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
നിലവില്‍ എല്ലാ സാഹചര്യങ്ങളിലും ബാധകമായ അന്താരാഷ്ട്ര നിയമത്തെ പൂര്‍ണ്ണമായി ആദരിക്കുന്നതിനൊപ്പം, ശിക്ഷയില്‍ നിന്നൊഴിവാകാമെന്ന ചിന്ത അവസാനിപ്പിക്കും വിധം, പ്രസക്തമായ ധാര്‍മ്മിക ബാധ്യതകള്‍ പാലിക്കുന്നതിനും ഞങ്ങള്‍ പ്രാധാന്യം നല്കുന്നു.
വിദ്യാഭ്യാസത്തിനുള്ള അവകാശത്ത അംഗീകരിക്കുകയും എല്ലാ രാജ്യങ്ങള്‍ക്കുമിടയിലും പരസ്പര ധാരണ, സഹിഷ്ണുത, സൗഹൃദം എന്നിവ േ്രപാത്സാഹിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കു തിരിച്ചറിയുകയും ചെയ്യുന്നതിനാല്‍ സായുധ സംഘട്ടനത്തില്‍ അകപ്പെടുന്ന സാധാരണക്കാരുടെ, പ്രത്യേകിച്ചു കുട്ടികളുടെയും യുവാക്കളുടെയും സംരക്ഷണം പ്രായോഗികമായി ക്രമേണ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ദൃഢനിശ്ചയമെടുക്കുന്നു; എല്ലാവര്‍ക്കും സുരക്ഷിത സ്‌കൂളുകള്‍ ലഭ്യമാക്കാന്‍ വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്; സായുധ സംഘട്ടനസമയത്തു സ്‌കൂളുകളെയും സര്‍വ്വകലാശാലകളെയും സൈനിക ഉപയോഗത്തില്‍ നിന്നു സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു.
ഞങ്ങള്‍, ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കുകയും, അവ ആഭ്യന്തര നയത്തിലേക്കും പ്രവര്‍ത്തന ചട്ടക്കൂടുകളിലേക്കും കഴിയുന്നത്ര ഉചിതമായി കൊണ്ടുവരികയും ചെയ്യും; കുടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും, ആക്രമണത്തിന് ഇരയായവരെയും, സായുധ സംഘട്ടനസമയത്തു സ്‌കൂളുകളുടെയും സര്‍വ്വകലാശാലകളുടെയും സൈനിക ഉപയോഗത്തെയും സംബന്ധിച്ചു വിശ്വസനീയമായതും പ്രസക്തമായതുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ദേശീയതലത്തില്‍ എല്ലാ പരിശ്രമവും നടത്തും. നിരീക്ഷണത്തിനും റിപ്പോര്‍ട്ടിംഗിനുമായി നിലവിലുള്ള സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും. കൂടാതെ, വിവേചനരഹിതമായ രീതിയില്‍ ഇരകള്‍ക്കു സഹായം നല്കുകയും ചെയ്യും; ഇതു കൂടാതെ, ഈ വിഷയത്തില്‍ ബാധകമായ ദേശീയവും അന്തര്‍ദേശീയവുമായി നിലവിലുള്ള നിയമങ്ങളുടെ ലംഘനം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കുകയും, ഉചിതമെങ്കില്‍ കുറ്റവാളികളെ യഥാസമയം വിചാരണ ചെയ്യുകയും ചെയ്യും; കൂടാതെ, അന്തര്‍ദ്ദേശീയമായ മാനുഷിക, വികസന പരിപാടികളിലും ദേശീയ തലത്തിലും പ്രസക്തമായ സന്ദര്‍ഭങ്ങളിലും ‘സംഘര്‍ഷ സംവേദനക്ഷമമായ വിദ്യാഭ്യാസ സമീപനങ്ങള്‍ വികസിപ്പിക്കുകയും സ്വീകരിക്കുകയും േ്രപാത്സാഹിപ്പിക്കുകയും ചെയ്യും; ഇതിനു പുറമേ, സായുധ സംഘട്ടനസമയത്തു വിദ്യാഭ്യാസം തുടരുന്നത് ഉറപ്പാക്കാനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു കഴിയുന്നിടത്ത് അതിനെ പിന്തുണയ്ക്കാനും വിദ്യാഭ്യാസത്തിനെതിരായ ആക്രമണങ്ങളെ തടയുന്നതിനോ പ്രതികരിക്കുന്നതിനോ പ്രവര്‍ത്തിക്കുന്ന, ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിനടക്കമുള്ള പദ്ധതികകള്‍ക്ക് അന്താരാഷ്ട്ര സഹകരണവും സഹായവും നല്കാനും മുന്‍കൈ എടുക്കുകയും ചെയ്യും; ഇതു കൂടാതെ, സായുധ സംഘട്ടനത്തിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കായുള്ള യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും സെക്രട്ടറി ജനറലിന്റെ കുട്ടികളെയും സായുധ സംഘര്‍ഷങ്ങളെയും സംബന്ധിച്ച പ്രത്യേക പ്രതിനിധിയുടെയും മറ്റു പ്രസക്തമായ യുഎന്‍ ഘടകങ്ങള്‍, എന്റിറ്റികള്‍, ഏജന്‍സികള്‍ എന്നിവയുടെയും ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും; മാത്രമല്ല, ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കുന്നതും സംബന്ധിച്ചുള്ള അവലോകനത്തിനായി പ്രസക്തമായ അന്താരാഷ്ട്ര സംഘടനകളെയും സിവില്‍ സമൂഹത്തെയും പങ്കെടുപ്പിച്ചുകൊണ്ടു പതിവായി ചര്‍ച്ചകള്‍ ചെയ്യും.
സായുധ പോരാട്ടങ്ങളില്‍ നിന്നു വിദ്യാഭ്യാസ പ്രക്രിയയെ സംരക്ഷിക്കുന്നതിനായുള്ള ഏക അന്താരാഷ്ട്ര കരാറാണിത്. 2015 ല്‍ ഈ പ്രഖ്യാപനം ഓസ്‌ളോയില്‍ അവതരിപ്പിച്ച ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ 2017 മാര്‍ച്ചില്‍, സുരക്ഷിത സ്‌കൂളുകളെക്കുറിച്ചുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനം അര്‍ജന്റീന സര്‍ക്കാരിന്റെ ആതിഥ്യത്തില്‍ നടന്നു. സായുധ പോരാട്ടത്തില്‍ വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട ഒരു ആഗോള സമൂഹത്തിന്റെ വികാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനത്തിന് ഈ കണ്‍വെന്‍ഷന്‍ ശക്തി പകര്‍ന്നു. സുരക്ഷിത സ്‌കൂളുകളെക്കുറിച്ചുള്ള മൂന്നാം അന്താരാഷ്ട്ര സമ്മേളനം സ്‌പെയിനിലെ പാല്‍മ ഡി മയോര്‍ക്കയില്‍ 2019 മെയ് 28 മുതല്‍ 29 വരെ സ്‌പെയിനിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു. 80 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള 35 സംഘടനകളും സിവില്‍ സൊസൈറ്റിയും സായുധ സംഘട്ടന സാഹചര്യങ്ങളില്‍ വിദ്യാഭ്യാസ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങളെക്കുറിച്ച് ഇവിടെ വിചിന്തനം നടത്തി, കൂടാതെ, സുരക്ഷിത സ്‌കൂളുകളുടെ പ്രഖ്യാപനം നടപ്പാക്കുന്നതില്‍ ഭാവിയിലെ സഹകരണത്തിനുള്ള അവസരങ്ങളും ചര്‍ച്ച ചെയ്തു. സായുധ സംഘട്ടനത്തില്‍ അകപ്പെടുന്ന പെണ്‍കുട്ടികള്‍ വിദ്യാഭ്യാസമേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഈ സമ്മേളനത്തില്‍ സവിശേഷമായി പരിഗണിച്ചു. വിദ്യാഭ്യാസത്തിന്റെ നയപരമായ മേഖലകള്‍ നിശ്ചയിക്കുന്ന സമിതികളില്‍ സ്ത്രീകള്‍ കൂടുതല്‍ കടന്നു വരേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ഊന്നിപ്പറഞ്ഞു.
യുഎന്നിന്റെ നേരിട്ടുളള മുന്‍കൈയില്‍ അല്ലെങ്കിലും സുരക്ഷിത സ്‌കൂളുകളുടെ പ്രഖ്യാപനത്തിനു യുഎന്നിന്റെ ഉന്നത തലങ്ങളില്‍ നിന്നു സജീവ പിന്തുണയുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്; മുന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍, കുട്ടികളും സായുധ സംഘട്ടനത്തിനവും സംബന്ധിച്ച പ്രത്യേക പ്രതിനിധി വിര്‍ജീനിയ ഗാംബ തുടങ്ങിയവര്‍ ഊര്‍ജ്ജസ്വലമായ പിന്തുണയാണ് ഈ മുന്നേറ്റത്തിനു നല്കുന്നത്. പ്രഖ്യാപനം അംഗീകരിക്കാന്‍ എല്ലാ യുഎന്‍ അംഗരാജ്യങ്ങളോടും നിരന്തരം അവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്നുവരെ, 104 രാജ്യങ്ങള്‍ ഈ അന്താരാഷ്ട്ര കരാര്‍ പ്രമാണീകരിച്ചു. ഇന്ത്യ ഈ പ്രഖ്യാപനം അംഗീകരിച്ചിട്ടില്ല എന്നതു പ്രത്യേകം ശദ്ധിക്കേണ്ടതാണ് (3).
സംഘര്‍ഷമേഖലകളിലെ ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കാതെ ആഗോള സമാധാനം സാധ്യമാകില്ല. ദുരുപയോഗം, ചൂഷണം, റിക്രൂട്ട്‌മെന്റ് എന്നിവയ്ക്ക് എളുപ്പമുള്ളതിനാല്‍ സായുധ സേനയുടെയും മറ്റും പ്രിയപ്പെട്ട ലക്ഷ്യമാണു കുട്ടികള്‍. അവരെ ഭീഷണികളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കാവുന്ന സുരക്ഷിത ഇടമായി സ്‌കൂളുകള്‍ മാറണം. സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിവായി ഒരു വിശ്വ മാനവനാകാനുള്ള സൗകര്യങ്ങളാണു സ്‌കൂളുകളില്‍ ലഭിക്കേണ്ടത്. സാമൂഹിക പ്രതിസന്ധികളുടെ ചക്രം തകര്‍ത്തു മാനവ സമാധാനത്തിനുള്ള മനോഭാവം വികസിപ്പിക്കാനുള്ള ഒരു നിര്‍ണായക കാല്വയ്പ്പാകുമിത്. ഭാവിയിലെ സംഘട്ടനങ്ങളുടെ സാധ്യത ഇതുവഴി കാര്യമായി കുറയ്ക്കാം. ഈ സാധ്യതയാണു സ്‌കൂളിലെ സായുധ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നത്.
ഈ പശ്ചാത്തലത്തിലാണു 2020 മുതല്‍ വിദ്യാഭ്യാസത്തെ ആക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി സെപ്റ്റംബര്‍ 9 ആചരിക്കുന്നതിനു യുഎന്‍ ആഹ്വാനം നല്കിയത്. സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിനു കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ യുനെസ്‌കോയോടും യുനിസെഫിനോടും ആഹ്വാനം ചെയ്തുകൊണ്ടു യുഎന്‍ പൊതുസഭയുടെ ഏകകണ്ഠമായ തീരുമാനത്തിലൂടെയാണ് ഈ ദിനാചരണം സ്ഥാപിച്ചത്. ഇതിനായുള്ള പ്രമേയം ഖത്തര്‍ അവതരിപ്പിക്കുകയും 62 രാജ്യങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു.എല്ലാ പഠിതാക്കള്‍ക്കും, പ്രത്യേകിച്ചു നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുഎന്‍ ഇതുവഴി ബോധ്യപ്പെടുത്തുന്നു. ലോകത്തിലെ വിദ്യാര്‍ത്ഥികളുടെ 90 ശതമാനത്തിലധികം പേരുടെയും സ്‌കൂളുകളുടെ അടച്ചുപൂട്ടലിലേക്കു നയിച്ച കോവിഡ് മഹാമാരിയോടു സര്‍ക്കാരുകള്‍ മല്ലടിക്കുമ്പോഴും ഈ വിഷയം ഒരു മുന്‍ഗണനയായി പരിഗണിക്കുന്നത് ഈ കാര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.സായുധ സംഘര്‍ഷങ്ങള്‍ ബാധിച്ച 35 രാജ്യങ്ങളില്‍ താമസിക്കുന്ന 75 ദശലക്ഷത്തിലധികം 3 മുതല്‍ 18 വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ ദുരവസ്ഥയും അവര്‍ക്ക് അടിയന്തിരമായി വിദ്യാഭ്യാസ പിന്തുണ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും ഈ ദിനാചരണത്തെ ശ്രദ്ധേയമാക്കുന്നു.
വിദ്യാഭ്യാസത്തിനു നേരേയുള്ള ആക്രമണങ്ങളെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്രക്കൂട്ടായ്മയായ ജിസിപിഇഎ പ്രധാനമായി 6 മേഖലകളായാണ് ഈ വിഷയം പഠിക്കുന്നത്. സ്‌കൂളുകള്‍ക്കു നേരേ ആക്രമണംങ്ങള്‍; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരായ ആക്രമണങ്ങള്‍; സ്‌കൂളുകളുടെയൂം സര്‍വ്വകലാശാലകളുടെയും സൈനിക ഉപയോഗം; സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും വച്ചോ അങ്ങോട്ടു പോകുമ്പോളോ തിരികെ വരുമ്പോളോ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍; സ്‌കൂളുകളിലേക്കും സര്‍വ്വകലാശാലകളിലേക്കും പോകുമ്പോളോ അവിടെനിന്നു വരുമ്പോളോ കുട്ടികളെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധ സംഘടനകളില്‍ ചേര്‍ക്കുക; ഉന്നത വിദ്യാഭ്യാസത്തിനു നേരായ ആക്രമണങ്ങള്‍ എന്നിവയാണവ. രണ്ടു വര്‍ഷം കൂടുമ്പോള്‍ അവര്‍ തങ്ങളുടെ പഠനം ഒരു റിപ്പോര്‍ട്ടായി പുറത്തിറക്കാറുണ്ട്. ഈ വര്‍ഷവും ‘എജ്യുക്കേഷന്‍ അണ്ടര്‍ അറ്റാക് 2020’ എന്ന പേരില്‍ അവര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതു വിദ്യാഭ്യാസത്തിനു നേരേ ഏറ്റവുമധികം ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നായി അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ കാണുന്നു എന്നാണ്. ജമ്മു കശ്മീര്‍, നക്‌സലൈറ്റ് പ്രതിപക്ഷ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയ രാജ്യത്തെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ഈ റിപ്പോര്‍ട്ടിംഗ് കാലയളവില്‍ വിദ്യാഭ്യാസത്തിനെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നു. സ്‌കൂളുകള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രത്യേകമായി പരിശോധിച്ചാല്‍ കുറഞ്ഞെങ്കിലും, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും ജീവനക്കാരും അമിത ബലപ്രയോഗത്തിനും തടങ്കലില്‍വയ്ക്കലിനും അറസ്റ്റിനുമൊക്കെ വിധേയമായി. ഈ ആക്രമണങ്ങള്‍ 2018 ലും 2019 ലും വര്‍ദ്ധിച്ചു, സ്‌കൂളുകളുടെ സൈനിക ഉപയോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ 2017 നും 2019 നും ഇടയില്‍ കുറഞ്ഞതു ശുഭകരമാണ്.
ബിജെപി 2019 മെയില്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പില്‍ വിജയിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണയും അധികാരത്തിലെത്തി. ബിജെപി അനുഭാവികളും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷം 2018 ലും 2019 തുടര്‍ന്നു. ഈ കാലയളവില്‍ സര്‍ക്കാരിന്റെയും അനുഭാവികളുടെയും േ്രപരണയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമെതിരേ രാജ്യേ്രദാഹത്തിനും, മാനനഷ്ടത്തിനും മറ്റും കേസുകള്‍ എടുത്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം 2017-2019 കാലയളവില്‍ കൂടുതല്‍ വഷളായി. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി 2019 ഓഗസ്റ്റില്‍, ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിച്ചു. ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം പ്രഖ്യാപിക്കുന്നതിനു മുമ്പു സര്‍ക്കാര്‍ ആശയവിനിമയങ്ങള്‍ തടഞ്ഞു. സ്‌കൂളുകള്‍ അടയ്ക്കുന്നതുള്‍പ്പെടെ ഒരു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതൊക്കെ വിദ്യാഭ്യാസ മേഖലയില്‍ കടുത്ത അസ്വസ്ഥത വിതച്ചു.
മുന്‍ കാലഘട്ടത്തിലെന്നപോലെ, മണിപ്പൂരിലെ വിഘടനവാദ പ്രസ്ഥാനങ്ങളുടെയും ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളിലെ നക്‌സലൈറ്റ് പ്രതിപക്ഷ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിച്ചു. 2019 ലെ തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്‌റ്റേഷനുകളാക്കിയ സ്‌കൂളുകള്‍ ഈ ഗ്രൂപ്പുകള്‍ ലക്ഷ്യമാക്കി. സാമൂഹികവും സാമ്പത്തികവുമായി പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള കുട്ടികള്‍ റിപ്പോര്‍ട്ടിംഗ് കാലയളവില്‍ ബാലവേല, കുട്ടികളുടെ കടത്ത്, വിദ്യാഭ്യാസ നിഷേധം തുടങ്ങിയവയ്ക്കു വിധേയരായി. ഭിന്നശേഷിക്കാരായ സ്ത്രീകളെയും പെണ്‍കുട്ടികളെയും നിരവധി പീഡനങ്ങള്‍ക്കു വിധേയമാക്കി. ജമ്മു കശ്മീരിലെ രാഷ്ട്രീയ അസ്ഥിരത, പ്രതിഷേധം, പണിമുടക്ക് എന്നിവമൂലം 2017 ല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി. ഇന്ത്യ സ്‌പെന്റ് എന്ന മാധ്യമം നടത്തിയ വിശകലനത്തില്‍ നിന്നു വ്യക്തമായത് അക്രമാസക്തമായ പ്രതിഷേധവും സുരക്ഷാ സേനയുടെ അമിതാധികാര പ്രയോഗവും കാരണം 2017 മെയ് മുതല്‍ 2016 ജൂലൈ വരെ ഏകദേശം 60 % പ്രവൃത്തി ദിനങ്ങളിലും കശ്മീരിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിന്നു എന്നാണ്. കൂടാതെ, 2019 ല്‍, പുല്‍വാമ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അര്‍ദ്ധസൈനികരുടെ വാഹനങ്ങള്‍ക്കു നേരേ ആക്രമണത്തിനു ശേഷം, ജില്ലകളിലെ നിയന്ത്രണ രേഖകളിലുള്ള സ്‌കൂളുകള്‍, അതായത് അന്താരാഷ്ട്ര അതിര്‍ത്തിയുടെ 5 കിലോമീറ്റര്‍ പരിധിയിലുള്ളവ ഫെബ്രുവരി അവസാനത്തോടെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു കഴിഞ്ഞു 2019 ഓഗസ്റ്റ് 5 ന് ശേഷം ജമ്മു കശ്മീരിലെ സ്‌കൂളുകളും അടച്ചു. സ്‌കൂളുകള്‍ 2019 ഓഗസ്റ്റ് 19 നു വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും തുടര്‍ച്ചയായ പിരിമുറുക്കങ്ങള്‍ കാരണം കുറച്ചു കുട്ടികള്‍ മാത്രമേ കശ്മീരില്‍ ക്ലാസ്സിലേക്കു മടങ്ങിയുള്ളൂ.
സ്‌കൂളുകള്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ :- സ്‌കൂളുകള്‍ക്കെതിരായ ആക്രമണങ്ങളുടെ 43 റിപ്പോര്‍ട്ടുകളെങ്കിലും 2017-2019 കാലയളവില്‍ ജിസിപിഇഎ ശേഖരിച്ചു. മുന്‍ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആക്രമണങ്ങള്‍ കുറഞ്ഞു. സ്‌കൂളുകള്‍ക്കെതിരായ 25 ലധികം ആക്രമണങ്ങളുടെ വിവരങ്ങള്‍ 2013 ല്‍ ജിസിപിഇഎ കണ്ടെത്തിയിരുന്നു. അതിനുശേഷം, 2014 ലും 2015 ലും ആക്രമണങ്ങള്‍ക്കു കുറവുണ്ടായി. തുടര്‍ന്ന്, 2016 ല്‍ ആക്രമണങ്ങളില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായി. ഈ കാലത്ത് 50 ല്‍ അധികം ആക്രമണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജിസിപിഇഎ ശേഖരിച്ചു. ഇവ പ്രധാനമായും ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ക്കെതിരായാണു നടന്നത്.
ജമ്മു കശ്മീര്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ അജ്ഞാത കക്ഷികളും സര്‍ക്കാര്‍ ഇതര സായുധ സംഘങ്ങളും നടത്തിയതും ജമ്മു കശ്മീരിലെ ഇന്ത്യ പാകിസ്ഥാന്‍ സേനകള്‍ തമ്മിലുള്ള സംഘര്‍ഷവും കാരണം ഉണ്ടായതുമായ 12 ആക്രമണങ്ങള്‍ 2017 ല്‍ ജിസിപിഇഎ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുകയും തീവയ്പു നടത്തുകയുമൊക്കെ ഉണ്ടായി.
2018 ല്‍ സ്‌കൂളുകള്‍ക്കു നേരെ കുറഞ്ഞതു നാല് ആക്രമണങ്ങളെങ്കിലും നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതു കുറവാണ്. ബീഹാറിലെ പരയ്യയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റില്‍ 2018 ഫെബ്രുവരി 19 ന് 2 ബോംബുകള്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു; ഝാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലെ ഒരു സ്‌കൂളിനു സമീപം 2018 ജൂണ്‍ 27 നു നക്‌സലൈറ്റുകള്‍ ഒരു ശക്തമായ സ്‌ഫോടകവസ്തു (ഐഇഡി) പ്രവര്‍ത്തനക്ഷമമാക്കി. ജമ്മു കശ്മീരിലെ ശിവ ഗ്രാമത്തിലെ ഒരു സ്‌കൂളില്‍ 2018 ഓഗസ്റ്റ് 6 നൂ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതായും പ്രിന്‍സിപ്പലിനും മറ്റൊരു സ്റ്റാഫ് അംഗത്തിനും പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. വിദ്യാലയങ്ങള്‍ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ 2019 ലും ഉണ്ടായി. ജമ്മു കശ്മീരിലെ ഒരു സ്‌കൂളില്‍ 2019 ഫെബ്രുവരി 13 ന് ഒരു ഐഇഡി പൊട്ടിത്തെറിച്ച് 28 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ധീരജ്ഗഞ്ചില്‍ ന്യൂ െ്രപെമറി സ്‌കൂളില്‍ 2019 ഏപ്രില്‍ 19 നു പോലീസ് ബോംബ് നിര്‍വ്വീര്യമാക്കി. അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും ഭയം ഉളവാക്കാനാണു ബോംബ് സ്‌കൂളില്‍ വച്ചതെന്നാണു പോലീസ് കരുതുന്നതെന്നാണു അവന്യൂ മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മണിപ്പൂരിലെ ഇംഫാലിലെ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ 2019 ഏപ്രില്‍ 22 നു 2 ഹാന്റ് ഗ്രനേഡുകള്‍ വച്ചെങ്കിലും പിന്നീടു ബോംബ് സ്‌ക്വാഡ് അതു നിര്‍വ്വീര്യമാക്കി. സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി-മിലിട്ടറി കൗണ്‍സില്‍ (കെസിപി-എംസി) ഏറ്റെടുത്തു. സ്‌കൂള്‍ അധികാരികള്‍ക്കുള്ള മുന്നറിയിപ്പായാണു ബോംബെ വച്ചതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബംഗാവോണ്‍ ഗ്രാമത്തിലെ െ്രബെറ്റ് ഫ്യൂച്ചര്‍ സ്‌കൂളിന്റെ അതിര്‍ത്തി മതിലിനടുത്ത് 2019 ജൂലൈ 21 ന് ഒരു ബോംബ് പൊട്ടിത്തെറിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, അജ്ഞാത സായുധ സംഘം 2019 ഒക്ടോബര്‍ 22 ന് ജമ്മു കശ്മീരിലെ ഒരു സര്‍ക്കാര്‍ ഹൈസ്‌കൂളിനു തീയിട്ടു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരായ ആക്രമണങ്ങള്‍ :- 2017-2019 കാലത്തു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരായ ആക്രമണത്തിന്റെ 52 റിപ്പോര്‍ട്ടുകളെങ്കിലും ജിസിപിഇഎ ശേഖരിച്ചു. ഇത്തരം ആക്രമണങ്ങള്‍ 2017 നും 2019 നും ഇടയില്‍ മുമ്പത്തെക്കാള്‍ ഉയര്‍ന്ന നിരക്കിലാണു നടന്നത്. 2013 ല്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള നാല് ആക്രമണങ്ങള്‍ക്കു ശേഷം ജിസിപിഇഎ തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തേക്ക് ഇത്തരം ആക്രമണങ്ങളുടെ 5 മുതല്‍ 10 വരെ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു. സുരക്ഷാ സേനകളും ഇതര സായുധ സംഘങ്ങളും നടത്തിയ കൊലപാതകങ്ങള്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ തുടര്‍ന്നു. അതേസമയം, രാജ്യത്തുടനീളമുണ്ടായ വിദ്യാഭ്യാസ സമരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയ പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് അമിതബലപ്രയോഗം നടത്തുകയും അവരെ തടങ്കലില്‍ വയ്ക്കുകയും ചെയ്തു. ജിസിപിഇഎ 2017 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള 11 ആക്രമണ റിപ്പോര്‍ട്ടുകള്‍ സമാഹരിച്ചു.
പല സംസ്ഥാനങ്ങളിലെയും ‘പാരാ ടീച്ചര്‍മാര്‍’ എന്നു വിളിക്കുന്ന കരാര്‍ അധ്യാപകരെ സംബന്ധിച്ച സര്‍ക്കാര്‍ നയത്തിനും മറ്റു വിദ്യാഭ്യാസവുമായി പ്രശ്‌നങ്ങള്‍ക്കും എതിരേ 2018 ല്‍ പ്രതിഷേധം നടന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധം അടിച്ചമര്‍ത്താന്‍ സ്‌മോക് ബോംബുകള്‍, ലാത്തി ചാര്‍ജുകള്‍, ജലപീരങ്കികള്‍, ടിയര്‍ഗാസ് മുതലായവ പോലീസ് ഉപയോഗിച്ചു. കുറഞ്ഞത് 125 പേരെ അറസ്റ്റു ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും എതിരേ 2018 ല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട 15 ഓളം ആക്രമണങ്ങളില്‍ , മിക്കതും സംഭവിച്ചതു പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയ പശ്ചാത്തലത്തിലാണ്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമെതിരേ തട്ടിക്കൊണ്ടുപോകല്‍ മുതലായ ആക്രമണങ്ങള്‍ കുറച്ചു മാത്രമാണു നടന്നത്. പശ്ചിമ ബംഗാളിലെ ഇസ്ലാംപൂരിലെ ദരിഭിത ഹൈസ്‌കൂളില്‍ ഉറുദു, സംസ്‌കൃത അധ്യാപകരെ നിയമിച്ചതായി ആരോപിച്ച് 2018 സെപ്റ്റംബര്‍ 20 നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. പോലീസ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി; രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 2018 നവംബര്‍ 11 നോ 12 നോ, അദ്ധ്യാപക സംഘടനയായ ‘സഞ്ജാ അധ്യാപക് മോര്‍ച്ച’ യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ പഞ്ചാബിലെ പട്യാലയില്‍ ഒരു മന്ത്രിയുടെ വസതിക്കു സമീപം പ്രതിഷേധിച്ചു. അധ്യാപകരുടെ അംഗീകാരവും സ്ഥലംമാറ്റവും സംബന്ധിച്ച സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ക്കെതിരേ ആയിരുന്നു ഇത്. ഇവിടെയും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലപ്രയോഗം നടത്തി. ആയിരക്കണക്കിനു കരാര്‍ അധ്യാപകര്‍ റാഞ്ചിയിലെ മോര്‍ഹബാദ് മൈതാനിയില്‍ 2018 നവംബര്‍ 15 നു പ്രതിഷേധം സംഘടിപ്പിച്ചു. റെഗുലറൈസേഷനും ശമ്പളവര്‍ധനവും ആയിരുന്നു ആവശ്യം. സമരം തുടങ്ങുന്നതിനു മുമ്പു രണ്ടായിരത്തിലധികം അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാര്‍ പോലീസിനു നേരേ കല്ലെറിഞ്ഞു. സംഘര്‍ഷത്തില്‍ വനിതാ അധ്യാപകരടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. ഝാര്‍ഖണ്ഡില്‍ 57,000 കരാര്‍ അധ്യാപകരെങ്കിലും ജോലി ചെയ്യുന്നതായാണു കണക്കുകള്‍. തമിഴ്‌നാട് െ്രപെമറി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷനുമായി ബന്ധപ്പെട്ട അധ്യാപകര്‍ ശമ്പളം വ്യത്യാസപ്പെടുത്തുന്ന 234, 303 സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരേ 2018 നവംബര്‍ 26 ന് പ്രതിഷേധം നടത്തി. പോലീസ് 85 അധ്യാപകരെ അറസ്റ്റ് ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, 2018 നെ അപേക്ഷിച്ച് 2019 ല്‍ വര്‍ദ്ധിച്ചതായാണു കണക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരേ 2019 ല്‍ നടന്ന ആക്രമണങ്ങളുടെ 26 റിപ്പോര്‍ട്ടുകള്‍ ജിസിപിഇഎ സമാഹരിച്ചു. ഇതില്‍ ഭൂരിഭാഗവും പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടായിരുന്നു. 2019 ഫെബ്രുവരി 10 ന് പട്യാലയില്‍, നിയമപരമായ കരാര്‍ ലഭിക്കുന്നതിനു മുന്നേ 3 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന നയത്തിനെതിരായ പ്രതിഷേധത്തിനിടെ, സര്‍വ്വ ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ക്കു നേരേ പോലീസ് ജലപീരങ്കികള്‍ പ്രയോഗിച്ചു; 12 ഓളം അധ്യാപകര്‍ക്കു പരിക്കേറ്റു. അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) എന്ന വിദ്യാര്‍ത്ഥി സംഘടന 2019 ഫെബ്രുവരി 22 ന് ഒഡീഷയിലെ ഭുവനേശ്വറില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വീടിന്റെ പ്രവേശന കവാടം തടഞ്ഞു. പോലീസ്, 50 വിദ്യാര്‍ത്ഥികളെയെങ്കിലും അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടര്‍ അധ്യാപകരുടെ ശമ്പളവിഷയത്തില്‍ പ്രതിഷേധിച്ച് 2019 ഏപ്രില്‍ 2 നു കൊല്‍ക്കത്തയില്‍ പോലീസ് അധ്യാപകരുമായി ഏറ്റുമുട്ടി. വനിതകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു; ഒരാള്‍ ആശുപത്രിയിലായി. ബീഹാറിലെ പട്‌നയില്‍ 2019 ജൂലൈ 20 നു, കരാര്‍ അദ്ധ്യാപകരുടെ പ്രതിഷേധം തടയാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജു നടത്തുകയും ചെയ്തു. പോലീസ് അഞ്ച് അധ്യാപകരെ അറസ്റ്റ് ചെയ്തു, 35 അധ്യാപകര്‍ക്ക് പരിക്കേറ്റു. അധ്യാപകര്‍ തുല്യവേതനത്തിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കായുമാണു പ്രതിഷേധിച്ചത്. കൊല്‍ക്കത്തയില്‍ 2019 നവംബര്‍ 6 നു ശമ്പള വര്‍ദ്ധനവിനുള്ള പ്രതിഷേധത്തിനിടെ െ്രപെമറി സ്‌കൂള്‍ അധ്യാപകര്‍ റോഡ് തടഞ്ഞു. നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ഹരിയാനയിലെ പഞ്ച്കുലയില്‍ 2019 സെപ്റ്റംബര്‍ 17 നു നടന്ന പ്രതിഷേധത്തിനിടെ കമ്പ്യൂട്ടര്‍ അധ്യാപകര്‍ ഗതാഗതം തടയാന്‍ ശ്രമിച്ചു. ജലപീരങ്കിയും ലാത്തി ചാര്‍ജും ഉപയോഗിച്ചാണ് പോലീസ് പ്രതികരിച്ചത്. പ്രതിഷേധത്തില്‍ 140 ഓളം അധ്യാപകര്‍ പങ്കെടുത്തു; ശമ്പള വര്‍ദ്ധനവിനും സ്ഥിരമായ കരാറുകള്‍ക്കുമായിരുന്നു സമരക്കാരുടെ ആവശ്യങ്ങള്‍.
പോലീസിന്റെ അമിത ബലപ്രയോഗത്തിനു പുറമേ, 2019 ല്‍ തട്ടിക്കൊണ്ടുപോകല്‍, ബോംബാക്രമണങ്ങള്‍, കൊലപാതകങ്ങള്‍, ശാരീരിക ആക്രമണങ്ങള്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും നേരേ നടന്നതായി ജിസിപിഇഎ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയിലെ ജവഹര്‍ലാല്‍ നെഹ്രു മുനിസിപ്പല്‍ സ്‌കൂളില്‍ 2019 മാര്‍ച്ച് 10 ന് ഒരധ്യാപകനെ നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തി. സംഭവത്തിന് ശേഷം, നക്‌സലൈറ്റുകള്‍ ക്ഷമാപണം നടത്തി. അധ്യാപകനെ ഒരു പോലീസുകാരനാണെന്നു തെറ്റിദ്ധരിച്ചായിരുന്നു കൊല. ഉത്തര്‍പ്രദേശിലെ ബന്‍ഹുസ്ര ഗ്രാമത്തിനു സമീപം, 2019 ജൂലൈ 6 നു സ്‌ഫോടനത്തില്‍ പരിക്കേറ്റ മൂന്നു പെണ്‍കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളുകളുടെയും സര്‍വ്വകലാശാലകളുടെയും സൈനിക ഉപയോഗം :- സ്‌കൂളുകളുടെയൂം മറ്റും സൈനിക ഉപയോഗം 2017-2019 കാലത്തും മുമ്പത്തെപ്പോലെ (2013-2017) തന്നെ തുടര്‍ന്നു. മുന്‍ കാലയളവില്‍, 2013 മുതല്‍ 2015 വരെ, ഝാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ജിസിപിഇഎ ഓരോ വര്‍ഷവും 4 പ്രാവശ്യം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗച്ചിരുന്നതായി കണ്ടെത്തി. ജമ്മു കശ്മീരില്‍ 2016 ല്‍ അസ്വസ്ഥതയുടെ സമയത്ത് 20 സ്‌കൂളുകള്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ പ്രയോജനപ്പെടുത്തി. ശ്രീനഗറില്‍ 20 ഓളം സ്‌കൂളുകള്‍ കേന്ദ്ര റിസര്‍വ് പോലീസ് സേന കൈവശപ്പെടുത്തിയതായി 2017 ഏപ്രിലില്‍ യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. നക്‌സലൈറ്റുകള്‍ 2018 ജൂലൈ 18 നു ഝാര്‍ഖണ്ഡിലെ ലതേഹര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ആക്രമിച്ച് 6 ക്ലാസ് മുറികളില്‍ മൂന്നെണ്ണം നശിപ്പിച്ചു. സംസ്ഥാന സുരക്ഷാ സേന സ്‌കൂളിനെ ബങ്കറാക്കിയതാണ് ഇതിനു കാരണം. 2019 ല്‍ ജിസിപിഇഎ സ്‌കൂളുകളുടെ സൈനിക ഉപയോഗത്തെക്കുറിച്ചുള്ള 2 റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു. ജമ്മു കശ്മീരിലെ ഡ്രാബ്ഗാമിലെ സ്‌കൂളില്‍ സ്ഥാപിച്ച 72-ാമത്തെ ബറ്റാലിയന്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ ഒരു മൊബൈല്‍ ബങ്കറിനു നേരെ 2019 ഒക്ടോബര്‍ 29 ന് ഒരജ്ഞാത സായുധ സംഘം വെടിയുതിര്‍ത്തു. വിദ്യാലയം ലക്ഷ്യമാക്കിയിരുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമ്പോള്‍ ആയിരുന്നു ഇത്. കൂടാതെ, 2019 അവസാന മാസങ്ങളില്‍ ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ സെല്‍ഡ ഗ്രാമത്തില്‍ സ്‌കൂളുകളില്‍ പോലീസ് തമ്പടിച്ചു. സുരക്ഷാ സേനകള്‍ ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി വിദ്യാലയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ ലംഘിച്ചുകൊണ്ടാണ് ഈ നടപടികള്‍.
ഉന്നത വിദ്യാഭ്യാസത്തിനെതിരായ ആക്രമണങ്ങള്‍ :-
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അക്കാദമിക വിദഗ്ദ്ധരുമൊക്കെ നിരന്തരമായി ആക്രമണത്തിനും തടവിനും കുറ്റവിചാരണയ്ക്കും വിധേയരാകുകയാണു നമ്മുടെ രാജ്യത്ത്. സര്‍ക്കാരിന്റെ ‘ഔദ്യോഗിക’ നിലപാടിനോടു വിയോജിച്ചു പ്രതിഷേധിച്ചതും അക്കാദമിക ചര്‍ച്ചകള്‍ നയിച്ചതുമൊക്കെയാണ് 2017-2019 കാലഘട്ടത്തില്‍ അവര്‍വള ആക്രമണങ്ങള്‍ക്കു വിധേയരാകാന്‍ കാരണം. ഈ കാലത്തു സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കുറഞ്ഞെങ്കിലും പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതു വര്‍ദ്ധിച്ചു. 2013 മുതല്‍ 2016 വരെ കാലത്തു പ്രതിവര്‍ഷം ഏകദേശം രണ്ട് മുതല്‍ അഞ്ച് വരെ, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായി. എന്നിരുന്നാലും, 2017 മുതല്‍, റിപ്പോര്‍ട്ടുചെയ്ത ആക്രമണങ്ങള്‍ പ്രതിവര്‍ഷം ഏകദേശം പൂജ്യമോ ഒന്നോ ആയി. എന്നാല്‍, 2017-2019 കാലയളവില്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തലും ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികളെയും മറ്റും തടവിലാക്കലും കാര്യമായി വര്‍ദ്ധിച്ചു. 2019 ലെ അവസാന മാസങ്ങളില്‍ ഇതു കുതിച്ചുയര്‍ന്നു. ഇത്തരം 12 സംഭവങ്ങളെങ്കിലും 2017 ല്‍ ഉണ്ടായെന്നാണു ജിസിപിഇഎ പറയുന്നത്.. ഉന്നത വിദ്യാഭ്യാസത്തിനെതിരായ ആക്രമണങ്ങളളുടെ ഫലമായി പീഡനങ്ങളനുഭവിക്കുന്ന അക്കാദമിക പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര കൂട്ടായ്മായ ‘സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്’ പോലുള്ളവര്‍ ഇന്ത്യയെ നിരന്തരമായി നിരീക്ഷിക്കുകയാണിന്ന്. ഒരു വിദ്യാഭ്യാസ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ആഗ്രഹങ്ങള്‍ ഇതുവഴി അട്ടിമറിക്കപ്പെടും. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളും പ്രതിഷേധങ്ങളുടെ അടിച്ചമര്‍ത്തലുകളും അറസ്റ്റുമൊക്കെ കശ്മീര്‍, ചണ്ഡിഗഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നതു സംബന്ധിച്ച് ഈ റിപ്പോര്‍ട്ടുകള്‍ വിവരിക്കുന്നു.
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 16 ആക്രമണ സംഭവങ്ങളെങ്കിലും 2018 ല്‍ റിപ്പോര്‍ട്ടു ചെയ്തു. സംഘര്‍ഷബാധിതവും അല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടായി. ജയ്പൂരിലെ രാജസ്ഥാന്‍ സര്‍വ്വകലാശാലയില്‍ 2018 ജനുവരി 9 നു വിദ്യാര്‍ത്ഥികളും പോലീസും ഏറ്റുമുട്ടി. സര്‍വ്വകലാശാലാ നയങ്ങള്‍ക്കെതിരേ എബിവിപി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെ 200 ഓളം കുട്ടികള്‍ പ്രകടനത്തിനിറങ്ങി. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ബാറ്റണ്‍ ഉപയോഗിച്ചു. ആറ് പേര്‍ക്കു പരിക്കേറ്റു. മറ്റു 30 പേരെ കസ്റ്റഡിയിലെടുത്തു, അതില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ട് യാഥാസ്ഥിതിക ഹിന്ദു വിദ്യാര്‍ത്ഥി ഗ്രൂപ്പുകളിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി 2018 മെയ് 2 ന് ഏറ്റുമുട്ടി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് യൂണിയന്‍ ഓഫീസില്‍ പാക്കിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം വച്ചതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. അതിനുശേഷം, യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിക അധികാരികള്‍ക്കു പരാതി നല്കാന്‍ പോയപ്പോള്‍, പോലീസ് അവരുടെ മേല്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ഒരു ഡസനോളം പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു. ഇംഫാലിലെ മണിപ്പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ താമസസ്ഥലത്ത് 2018 സെപ്റ്റംബര്‍ 20 നു പോലീസ് പ്രവേശിച്ച് 90 വിദ്യാര്‍ത്ഥികളെയും 5 ഫാക്കല്‍റ്റി അംഗങ്ങളെയും കസ്റ്റഡിയിലെടുത്തു. സര്‍വ്വകലാശാലാ ഭരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികളും പോലീസുമായി ഏറ്റുമുട്ടിയതിനാലായിരുന്നു ഈ നടപടി.
ഉന്നത വിദ്യാഭ്യാസത്തിനെതിരായ ആക്രമണങ്ങളുടെ 48 റിപ്പോര്‍ട്ടുകളെങ്കിലും 2019 ല്‍ ജിസിപിഇഎ കണ്ടെത്തി. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ഉള്‍പ്പെട്ട പ്രക്ഷോഭകര്‍ക്കെതിരേ അമിത ബലപ്രയോഗം നടത്തുകയും അക്കാദമിക വിദഗ്ദ്ധരെയും വിദ്യാര്‍ത്ഥികളെയും തടവിലാക്കുകയും ചെയ്തതു സംബന്ധിച്ചാണ്. ഇത്തരം ആക്രമണങ്ങള്‍ 2019 അവസാന മാസങ്ങളില്‍ വളരെ ഉയര്‍ന്നിരുന്നു. കുറഞ്ഞതു 150 സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പരിക്കേല്‍പ്പിക്കുകയോ കൊലപ്പെടുകയോ ചെയ്തു. കൂടാതെ, 780 വിദ്യാര്‍ത്ഥികളെയും സര്‍വ്വകലാശാല ഉദ്യോഗസ്ഥരെയും തടവിലാക്കി. ന്യൂഡല്‍ഹിയില്‍, 2019 ജനുവരി 16 ന് അഖിലേന്ത്യാ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ കെട്ടിടത്തില്‍ നിന്നു നൂറുകണക്കിന് അക്കാദമിക വിദഗ്ദ്ധരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അവന്തിപോറ പട്ടണത്തിലെ ‘ഇസ്ലാമിക് സയന്‍സ് ആന്‍ഡ് ടെക്‌നോളജി’ വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ 2019 മാര്‍ച്ച് 26 നു പോലീസ് ടിയര്‍ഗാസ് പ്രയോഗിച്ചു. ഝാര്‍ഖണ്ഡിലെ ഗര്‍വയിലെ റാഞ്ചി സര്‍വ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറെ അധികൃതര്‍ 2019 മാര്‍ച്ച് 28 നു അറസ്റ്റ് ചെയ്തു. സംഭവത്തിനു മുമ്പ് ”ഭക്ഷണത്തിനുള്ള അവകാശം” പ്രസ്ഥാനത്തെക്കുറിച്ചുള്ള യോഗത്തില്‍ ഈ വ്യക്തി സംസാരിച്ചിരുന്നു. തിരുവനന്തപുരത്തു കേരള സര്‍വ്വകലാശാലയില്‍ 2019 ജൂലൈ 22 നു നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഇത് 13 പേരുടെ പരുക്കിനും 6 പ്രകടനക്കാരുടെ തടവിലാകലിനും കാരണമായി. ജൂലൈ ആദ്യം ഒരു വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ കല്ലും മറ്റും എറിഞ്ഞെന്നാരോപിച്ചു പോലീസ് ടിയര്‍ഗാസ്, സ്‌മോക്ക് ബോംബുകള്‍, ജലപീരങ്കികള്‍, ശാരീരിക ബലപ്രയോഗം എന്നിവ അവര്‍ക്കെതിരേ പ്രയോഗിച്ചു. ന്യൂഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഓഡിറ്റോറിയത്തിനു സമീപം ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് 2019 നവംബര്‍ 11 നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. ജലപീരങ്കികളും ബാറ്റണുകളും, വിദ്യാര്‍ത്ഥികളുടെ നേരേ പോലീസ് പ്രയോഗിച്ചു. നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജാമിയ മില്ലിയ ഇസ്ലാമിയ (ജെഎംഐ) യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ 2019 ഡിസംബര്‍ 15 നു ക്യാമ്പസിന്റെ സമീപപ്രദേശങ്ങളില്‍ മാര്‍ച്ച് നടത്തി. ഒരു ബാരിക്കേഡിനടുത്തെത്തുമ്പോള്‍ വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് ജെഎംഐ കാമ്പസിലേക്ക് പ്രവേശിച്ചു, അവിടെ 50 അറസ്റ്റുകളെങ്കിലും നടത്തി. വിദ്യാര്‍ത്ഥികളെയും മറ്റും പരുക്കേല്പിച്ചു. ലൈബ്രറിയിലേക്ക് ടിയര്‍ഗാസ് കാനിസ്റ്ററുകള്‍ പ്രയോഗിച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍. അന്നു തന്നെ, എഎംയു വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തിനും ജെഎംഐ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസിന്റെ അക്രമണത്തിനും എതിരേ ആദ്യം കാമ്പസിലും, തുടര്‍ന്ന് സര്‍വ്വകലാശാലയുടെ പ്രധാന ഗേറ്റിന് പുറത്തും പ്രതിഷേധിച്ചു. കാമ്പസിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പു പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍, ബാറ്റണ്‍ എന്നിവ പോലീസ് ഉപയോഗിച്ചു; ചില വിദ്യാര്‍ത്ഥികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. അടുത്തുള്ള ഒരു മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ചു ‘ഹിന്ദു’ പറഞ്ഞത് 60 വിദ്യാര്‍ത്ഥികളെയെങ്കിലും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ്. സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് നൂറിലധികം ആളുകള്‍ക്കു പരിക്കേറ്റു എന്നാണു വ്യക്തമാക്കിയത്. ഇതുമൂലം 2020.ജനുവരി 6 വരെ സര്‍വ്വകലാശാല അടച്ചിട്ടു. ജെഎംഐ, എഎംയു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനായി ശ്രീനഗറിലെ ഇസ്ലാമിയ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ 2019 ഡിസംബര്‍ 17 നു പ്രതിഷേധം സംഘടിച്ചു. വിദ്യാര്‍ത്ഥികള്‍ കാമ്പസ് വിടാന്‍ ശ്രമിച്ചപ്പോള്‍ പോലീസും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും അവര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ചു. പൗരത്വ ഭേദഗതി നിയമത്തിനും മറ്റ് സര്‍വ്വകലാശാലകളിലെ പോലീസ് അതിക്രമങ്ങള്‍ക്കുമെതിരായി 2019 ഡിസംബര്‍ 18 നു നടത്തിയ കുത്തിയിരിപ്പു സമരത്തില്‍ പങ്കെടുത്തു മടങ്ങിയ ചെന്നൈയിലെ മദ്രാസ് സര്‍വ്വകലാശാലയിലെ പ്രതിഷേധക്കാരില്‍ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നക്‌സലൈറ്റുകള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി അവരുടെ കേഡറുകളാക്കി മാറ്റുന്നതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഈ അടുത്തകാലത്തും മാധ്യമങ്ങളില്‍ വന്നിരുന്നു. ബീഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നക്‌സലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങള്‍ 6 വയസ്സിനു താഴെയുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോയതായി 2016 ഏപ്രിലിലെ ‘ചില്‍ഡ്രന്‍ ആന്റ് കോണ്‍ഫ്‌ലിക്റ്റ്” എന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ യൂണിറ്റുകളില്‍ (ബാല്‍ ദസ്ത) ചേരാന്‍ അവരെ നിര്‍ബന്ധിതരാക്കിയതായി റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു. അവിടെ അവരെ പരിശീലിപ്പിക്കുകയും വിവരദാതാക്കളായും മറ്റും ഉപയോഗിക്കുകയും ചെയ്തു. കൂടാതെ, സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യാനും ദേശീയ സുരക്ഷാ സേനയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അവരെ വിനിയോഗിച്ചു (4). വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകള്‍ വച്ചു ലൈഗീകമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകളും നിരന്തരമായി മാധ്യമങ്ങളില്‍ വരുന്നുണ്ട്. പലപ്പോഴും ഇതില്‍ പ്രതികളാകുന്നത് അദ്ധ്യാപകര്‍ തന്നെയാണെന്നതു തീര്‍ത്തും വേദനാജനകമാണ്.
സമാധാനപരമായ വിദ്യാഭ്യാസ പ്രവര്‍ത്തനം രാജ്യത്തിന്റെ സാമ്പത്തിക വികാസത്തിന്റെയും ജനാധിപത്യബോധത്തിന്റെയും സാംസ്‌കാരികൗന്നത്യത്തിന്റെയും തെളിവാണ്. ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖല കടുത്ത അസ്വസ്ഥതകളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം നേരിടുന്ന പല പ്രശ്‌നങ്ങളും രാഷ്ട്രീയമായി പരിഹരിക്കാത്തതാണ് ഈ അസ്വസ്ഥതകളുടെ പ്രധാന കാരണം. ഇവയൊന്നും മനുഷ്യാവകാശപരമായി ന്യായീകരിക്കത്തക്കതല്ല എന്നതിന്റെ തെളിവാണു സുരക്ഷിത സ്‌കൂളുകളുടെ പ്രഖ്യാപനം അംഗീകരിക്കാതെയുള്ള നമ്മുടെ ഒഴിഞ്ഞുമാറല്‍. ഈ പ്രഖ്യാപനം അംഗീകരിക്കുകയും അനുബന്ധ ബാധ്യതകള്‍ നിറവേറ്റുകയും ചെയ്താല്‍ വര്‍ഗ്ഗീയതയില്‍ നിന്നും ജാതിചിന്തയില്‍ നിന്നും പുരുഷാധിപത്യ മനോഭാവത്തില്‍ നിന്നുമൊക്കെ വിമോചിതമായി ഭരണഘടനാധാര്‍മ്മികത പുലര്‍ത്തുന്ന ഒരു യഥാര്‍ത്ഥ ‘ജനാധിപത്യ മതേതര ഇന്ത്യയായി’ മാറാന്‍ രാജ്യത്തിനു സാധിക്കും. വിദ്യാഭ്യാസത്തിനെതിരായ അക്രമണങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യുന്ന സെപ്റ്റംബര്‍ 9 അതിനു നമ്മെ പ്രചോദിപ്പിക്കട്ടെ.
റഫറന്‍സ്
1.https://protectingeducation.org/publication/education-under-attack-2020/
2.https://www.google.com/amp/s/www.icrc.org/en/document/safe-schools-declaration-and-guidelines-protecting-schools-and-universities-military-use%3famp
3.https://www.unicef.org/education-under-attack
4.https://www.google.com/amp/s/www.indiatoday.in/amp/magazine/mns-it/story/20170508-child-soldiers-maoists-jharkhand-986259-2017-04-28
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in