ഇന്ത്യയുടേയും, ആം ആദ്മി പാര്‍ട്ടിയുടെയും ഭാവി..?

മൂന്നു പതിറ്റാണ്ടായി ശക്തമായിരുന്ന മണ്ഡല്‍ രാഷ്ട്രീയം ഏതാണ്ട് അസ്തമിച്ചിരിക്കുന്നു. ആ കക്ഷികള്‍ തങ്ങള്‍ക്കു കാര്യമായ ഗുണം ചെയ്തിട്ടില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. നിലവിലുള്ള ഗാന്ധിയന്‍ ആദര്‍ശങ്ങളും അതിന്റെ തന്നെ തുടര്‍ച്ചയായി വന്ന ലോഹിയ രാഷ്ട്രീയവും ഇന്നത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല. ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് പേരില്‍ മാത്രമുള്ള ഒന്നാണ്. അപ്പോള്‍ ഇന്നിന്റെ ആവശ്യമായ ഒരു പുതിയ രാഷ്ട്രീയം വളര്‍ന്നു വരണം. ഭൂതകാലത്തിന്റെ മാറാപ്പുകള്‍ ഇപ്പോഴും ചുമക്കുന്ന പരമ്പരാഗത കക്ഷികള്‍ക്ക് (കോണ്‍ഗ്രസടക്കം) ഇത്തരം മാറ്റം വരുത്തുക എളുപ്പമല്ല.

സി ആര്‍ നീലകണ്ഠന്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങളുടെ ഉത്സവമായ തെരഞ്ഞെടുപ്പു കഴിഞ്ഞു. ഇനി അതിന്റെ നേട്ട കോട്ടങ്ങളുടെ വിശകലന കാലമാണ്.

അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു ഘടനയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഭരിക്കാനുള്ള തെരഞ്ഞെടുപ്പാണിവിടെ നടന്നതെങ്കിലും അതിനെ ഓരോ സംസ്ഥാനത്തും നടന്ന തെരഞ്ഞെടുപ്പുകളുടെ ആകെത്തുകയായി തന്നെ കാണണം. അതാണ് ഇന്ത്യയുടെ വൈവിധ്യം. ഈ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം അഞ്ചു കൊല്ലം കൂടി നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ഭരണമാകും ഇന്ത്യയില്‍ ഉണ്ടാകുക എന്നതാണ്. പക്ഷെ ഫലം വിശദമായി വിലയിരുത്തുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രതേകതകള്‍ പരിഗണിക്കേണ്ടി വരും. അല്ലാതെ പൊതുവായി മോഡി തരംഗമെന്നോ, വര്‍ഗീയതയുടെ വിജയമെന്നോ ഒക്കെ പറയുന്നത് അര്‍ദ്ധസത്യം മാത്രമാകും. മാത്രവുമല്ല ഇപ്പോഴത്തെ പ്രതിപക്ഷത്തിനുണ്ടായ തിരിച്ചടികള്‍ സത്യസന്ധമായി വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവി പ്രവര്‍ത്തനം അപകടകരമാകുകയും ചെയ്യും. പരമ്പരാഗത രീതിലുള്ള ന്യായീകരണങ്ങള്‍ നമ്മെ എവിടെയും എത്തിക്കുകയുമില്ല. തന്നെയുമല്ല ജനാധിപത്യത്തിലൂടെ ആണ് ഇവര്‍ അധികാരത്തില്‍ വന്നിരിക്കുന്നതെങ്കിലും ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളില്‍, ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ വിശ്വാസമില്ലാത്തവരാണ് ഇവര്‍ എന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. പല രാഷ്ട്രങ്ങളിലും ഇത്തരം വലതുപക്ഷവിജയങ്ങള്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട് എന്ന സത്യവും മറന്നു പോകരുത്.

ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ജനങ്ങളുടെ ഗുരുതരമായ പ്രശങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരികയും അതിന്റെ പ്രതിഷേധം ആളിക്കത്തുകയും ചെയ്യുമ്പോള്‍ ഒരു വ്യക്തി ഇതിനെല്ലാം പരിഹാരമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നു. മറ്റു വിഷയങ്ങളെല്ലാം മാറ്റി വച്ച് കൊണ്ടു ആ വ്യക്തിയെ ജനം വിജയിപ്പിക്കുന്നു. പക്ഷെ അടിസ്ഥാന ഘടനയില്‍ മാറ്റങ്ങള്‍ വരാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്ന സത്യം ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെടുകയും ചെയ്യുന്നു. ഇത് വ്യക്തി എകാധിപത്യതിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലുമാണ്.

ഈ തെരഞ്ഞെടുപ്പിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ടു സാധാരണ ജനങ്ങള്‍ക്ക് ജീവിതത്തില്‍ ഗുണകരമായ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും തങ്ങളെ പിന്തുണയ്ക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന് മാത്രമാണ് ഗുണമുണ്ടായിയിട്ടുള്ളതെന്നും ഇവര്‍ക്കറിയാം. നോട്ടു നിരോധനം, ജി.എസ്.ടി, കാര്‍ഷികത്തകര്‍ച്ച, തൊഴിലില്ലായ്മയിലും അഴിമതിയിലും മറ്റും ഉണ്ടായ വര്‍ധനവ്, ഇന്ധനവില തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയേ ആയില്ല. മതപരമായ ധ്രുവീകരണം , അപരത്വതെ സൃഷ്ടിച്ചുള്ള യുദ്ധപ്രഖ്യാപനങ്ങള്‍, രാജ്യസുരക്ഷ അപകടത്തിലെന്ന ഭീതി പരത്തല്‍, അതിനെ മറികടക്കാന്‍ ഒരു ശക്തനായ ഭരണാധികാരി വേണമെന്ന വാദങ്ങള്‍ തുടങ്ങിയവ മുഖ്യnചര്‍ച്ചയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിടത്താണ് വിജയിച്ചത്. ഒപ്പം പതിറ്റാണ്ടുകളായി ഒരു സൈന്യത്തിന്റെ രീതിയില്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഇവര്‍ വളര്‍ത്തിയെടുത്ത സംഘ ശക്തിയും ആധുനിക സാങ്കേതികവിദ്യകള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന സൈബര്‍ സൈന്യവും ചേരുമ്പോള്‍ പടയൊരുക്കം പൂര്‍ത്തിയായി.

ഇവര്‍ വീണ്ടും കൂടുതല്‍ ശക്തിയോടെ അധികാരത്തിലെത്തിയാല്‍ ഭരണഘടന മാത്രമല്ല ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ പോലും ബാക്കിയുണ്ടാകില്ല എന്ന സംശയം പലര്‍ക്കും ഉണ്ട്. ഒരു പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് തന്നെ മാറാനും സാധ്യതയുണ്ട്. തല്‍ക്കാലം മോഡിക്ക് തുല്യമായ ഒരു വ്യക്തിപ്രഭാവം ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയില്ലെന്ന ആത്മവിശ്വാസം മൂലമാണത്. ഈ സാഹചര്യത്തെ നേരിടാന്‍ നാളിതുവരെ പിന്തുടര്‍ന്നു പോന്ന രീതികള്‍ക്ക് കഴിയില്ല എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്.

സംഘപരിവാറിനു ഒരു പാന്‍ ഇന്ത്യന്‍ വീക്ഷണമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ അവര്‍ അതിനെ മറികടന്നത് സമര്‍ത്ഥമായ ഐക്യമുന്നണി തന്ത്രങ്ങളില്‍ കൂടിയാണ്. അത് പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല സാമുദായിക ശക്തികളുടെ മുന്നണിയുമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് പെട്ടന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത പല മേഖലകളിലെക്കും ഇന്നവര്‍ എത്തിയിരിക്കുന്നു. കേരളത്തിലും തമിഴ്‌നാടുbപോലുള്ള ദ്രാവിഡ പ്രാദേശിക ഭാഷാ രാഷ്ട്രീയ സംസ്ഥാനങ്ങളിലും ഇന്നും അവര്‍ക്ക് കടന്നു കയറാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബംഗാള്‍, ഒഡീഷ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതലായ പ്രദേശങ്ങളിലേക്ക് അവര്‍ എത്തിയിരിക്കുന്നു. കാശ്മീരില്‍ ഒരു ഘട്ടത്തില്‍ വിഘടനവാദികളെന്നു ആക്ഷേപിച്ചിരുന്ന പി.ഡി.പിയുമായി ചേര്‍ന്ന് ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോലും അവര്‍ തയ്യാറാകുന്നു. അതില്‍ ഒരു തെറ്റും അവര്‍ കാണുന്നില്ല. ദേശീയ പൗരത്വ രജിസ്റ്ററിനെ അതിശക്തമായി എതിര്‍ത്തരെപ്പോലും അവര്‍ കൂടെ കൂട്ടി. ഈ സഖ്യത്തെ എതിര്‍ക്കാന്‍ എന്ത് തരം സന്നാഹം ആവശ്യമാണെന്ന് പ്രതിപക്ഷം ചിന്തിക്കണം. മോഡി എന്ന വ്യക്തിത്വം ഉയര്‍ത്തിക്കാട്ടിയാണ് ഹിന്ദി ഹൃദയ ഭൂമിയില്‍ വിജയിച്ചതെന്ന കാര്യം മറക്കുന്നില്ല. പക്ഷെ അത് മാത്രം പോര എന്നര്‍ത്ഥം.

ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രതിപക്ഷ തന്ത്രങ്ങള്‍ എന്തെല്ലാമാണ് എന്നും പരിശോധിക്കണം. അതിനു മുമ്പ് ഇവരുടെ മുന്നേറ്റത്തെ തടഞ്ഞ സംസ്ഥാനങ്ങളുടെ അവസ്ഥയും നോക്കണം. കേരളത്തിന്റെ കാര്യം നമുക്കറിയാം. മതനിരപേക്ഷതയുടെ ഉറച്ച അടിത്തറ കേരളത്തിനുണ്ട്. പാതിയോളം വരുന്ന ന്യുനപക്ഷങ്ങളും നവോത്ഥാനത്തിന്റെയും ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിന്റെയും മേല്‍ക്കയ്യും ഇവിടെ പ്രസക്തമാണ്. ബ്രാഹ്മണവിരുദ്ധ രാഷ്ട്രീയത്തിന്റെ അടിത്തറയാണ് തമിഴ്‌നാടിനുള്ളത്. എന്നാല്‍ അതോടൊപ്പം വളരെ നേരത്തെ മുതല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയമുന്നണി രൂപപ്പെടുത്താന്‍ ഡി.എം.കെക്ക് കഴിഞ്ഞു.

അയല്‍ സംസ്ഥാനമായ കേരളത്തില്‍ പരസ്പരം കടിച്ചു കീറുന്ന ഇടതുപക്ഷവും കോണ്ഗ്രസും മുസ്ലിം ലീഗും ആ മുന്നണിയിലുണ്ട്. രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും ഒരുമിപ്പിച്ചുകൊണ്ട് ഒന്നിലേറെ തവണ മഹാസമ്മേളനങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. മോഡിക്കെതിരെ ശക്തമായ ഒരു സൈന്യമുണ്ടെന്ന പ്രതീതി തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. ഇതിനെല്ലാം പുറമേ ഈ സൈന്യത്തിന്റെ നേതൃസ്ഥാനത്ത് രാഹുല്‍ ഗാന്ധിയാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പുറത്തെ അവസ്ഥ എന്തായാലും ആ സംസ്ഥാനത്ത് രാഹുല്‍ ആണ് മോഡിയുടെ എതിരാളി. ഇതിനു സമാനമായ അവസ്ഥ കേരളത്തിലും ഉണ്ടായി. ശക്തമായ സംഘപരിവാര്‍ വിരുദ്ധ നിലപാട് എടുത്തിട്ടും ഇടതുപക്ഷത്തിനുമേല്‍ യുഡിഎഫിന് വലിയ വിജയം നേടാനായത് മോഡി വിരുദ്ധ മുന്നണിയുടെ നേതാവായി ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ കണ്ടതുകൊണ്ടാണ് എന്ന് ഇടതുപക്ഷം പോലും തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും വിലയിരുത്തുന്നണ്ട്.

ഇനി ആം ആദ്മിയുടെ ശക്തികേന്ദ്രമായ ദില്ലിയിലേക്ക് വരാം. വോട്ടിംഗ് മെഷിന്റെ പ്രശ്‌നങ്ങളൊക്കെ തല്‍ക്കാലം വിടാം. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ജനപ്രിയ ഭരണം നടത്തുന്ന സര്‍ക്കാരാണ് അവിടെയുള്ളത് എന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും. എന്നിട്ടും ഇത്തരമൊരു തിരിച്ചടി എങ്ങനെ ഉണ്ടായി..?

ഒന്നാമതായി ഈ തെരഞ്ഞെടുപ്പു ഇന്ത്യ ആരു ഭരിക്കണം എന്നതായിരുന്നു ജനങ്ങള്‍ക്ക് മുന്നിലെ ചോദ്യം. നേരത്തെ പറഞ്ഞതുപോലെ കേന്ദ്രഭരണത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ആം ആദ്മിക്ക് കഴിയില്ല. മോഡി സര്‍വ്വശക്തനായി നില്‍ക്കുന്നു. ബിജെപിക്ക് ശക്തമായ സംഘടനാ സംവിധാനം അവിടെ ഉണ്ട് താനും. മോഡിക്കെതിരായി ചിന്തിക്കുന്നവരുടെ മുന്നില്‍ അല്പമെങ്കിലും വീര്യം വര്‍ധിച്ച കോണ്‍ഗ്രസുണ്ട്. ആം ആദ്മിയെക്കാള്‍ കേന്ദ്രത്തില്‍ സാധ്യത കോണ്‍ഗ്രസിനാനെന്നു അവര്‍ കരുതിയെങ്കില്‍ തെറ്റ് പറയാന്‍ കഴിയില്ല. ഇത് വോട്ടിങ്ങില്‍ പ്രകടമായി കാണാം. ഇങ്ങനെ ഒരു അവസ്ഥയില്‍ സ്ഥാനാര്‍ഥിയുടെ ഗുണഗണങ്ങള്‍ അത്ര പ്രസക്തമാകില്ല. അധിഷിയും, രാഘവ ചദ്ദയും പോലുള്ള പ്രഗല്‍ഭരെ അവര്‍ പരിഗണിക്കാതിരുന്നത് അത് കൊണ്ടാണ്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതും തോല്‍വിയുടെ ആക്കം കൂട്ടി. ഇപ്പോഴത്തെ വോട്ടിംഗ് നില വച്ചുകൊണ്ട് സഖ്യമുണ്ടായാലും ബിജെപി ജയിക്കും എന്നത് ശരി. പക്ഷെ സഖ്യം ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്ഥമായേനെ. കാരണം അപ്പോള്‍ ജയസാധ്യത കൂടുകയും അത് വഴി കൂടുതല്‍ പേര്‍ മുന്നണിയെ അനുകൂലിക്കുകയും ചെയ്യും. ഇപ്പോള്‍ ബിജെപി എല്ലാ സീറ്റിലും മുന്നിലാകും എന്ന തോന്നലാണ് പൊതുവേ ഉണ്ടായത്. അതു കൊണ്ട് തന്നെയാണ് പോളിംഗ് കുറഞ്ഞതും.

ആം ആദ്മിയുടെ സംഘടനാ സംവിധാനം ദുര്‍ബലമാണ് എന്നതൊരു രഹസ്യമല്ല. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കക്ഷികളുമായി മത്സരിക്കുമ്പോള്‍ വോട്ടു ലഭിക്കണമെങ്കില്‍ സംഘടന തന്നെ വേണം. ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാകാം. ഈ ദൗര്‍ബല്യം. അത് മറികടന്നേ തീരു. പാര്‍ട്ടിയുടെ സംഘടനാരൂപം എന്തായിരിക്കണമെന്ന വ്യക്തമായ ധാരണ ഇതുവരെയും രൂപപ്പെട്ടിട്ടുമില്ല. അതില്‍ തുടങ്ങണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അവസ്ഥയല്ല ഉണ്ടാകുക. നേരത്തെ സൂചിപ്പിച്ചതു പോലെ അവിടെ ചോദ്യം അരവിന്ദ് കേജ്രിവാളിനു പകരം ആര് എന്നതായിരിക്കും. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ നേട്ടങ്ങള്‍ നല്‍കിയ സര്‍ക്കാരിനെയും അതിന്റെ തലവന്‍ കേജ്രിവാളിനെയും അവര്‍ ഒന്നാം സ്ഥാനത് നിര്‍ത്തും. ലോകസഭാതെരഞ്ഞെടുപ്പില്‍ മോദിക്കുണ്ടായ മേല്‍ക്കൈ ആം ആദ്മിക്കുണ്ടാകും. ആം ആദ്മി വിജയം തടയാന്‍ മോഡി അവസാനത്തെ അടവും പ്രയോഗിക്കും. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ തലത്തിലെ തകര്‍ച്ച ആം ആദ്മിക്ക് ഗുണകരമാകും. പക്ഷെ അത് മാത്രം പോര 2015 ളെ അവസ്ഥ ഇന്നില്ല. ഇനിയുള്ള മാസങ്ങളില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ട കഠിന പ്രയത്‌നം അനിവാര്യമാണ്. അതിനു സംഘടന അനിവാര്യമാണ്. തങ്ങളെ പിന്തുണക്കുന്നവരില്‍ ആവേശമുണര്‍ത്തി ബൂത്തില്‍ എത്തിക്കാന്‍ കഴിയണം. കാരണം അതിനു ശേഷിയുള്ള ബിജെപിയാണ് എതിരാളി.

പക്ഷെ ദില്ലി ഭരണം നിലനിര്‍ത്തിയതു കൊണ്ടു മാത്രം ആം ആദ്മിയുറെ ധര്‍മ്മം അവസാനിക്കുകയല്ല, തുടങ്ങുകയാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങണം. രാജ്യവ്യാപകമായി അടിത്തറയുണ്ടെങ്കില്‍ മാത്രമേ മോഡിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയു. ഇന്നുള്ള രാഷ്ട്രീയത്തിന്റെ തുടര്‍ച്ച പോരാ എന്നര്‍ത്ഥം.

പുതിയ കാലത്ത് എന്ത് തരം രാഷ്ട്രീയമാകും മോഡിക്ക് ബദല്‍ ആകുക എന്ന ചിന്ത പ്രധാനമാണ്. മഹാഗഡ് ബന്ധന്‍ യു.പിയില്‍ എന്ത് കൊണ്ടു തോറ്റ് പോയി എന്ന് പരിശോധിക്കപ്പെടണം. മൂന്നു പതിറ്റാണ്ടായി ശക്തമായിരുന്ന മണ്ഡല്‍ രാഷ്ട്രീയം ഏതാണ്ട് അസ്തമിച്ചിരിക്കുന്നു. ആ കക്ഷികള്‍ തങ്ങള്‍ക്കു കാര്യമായ ഗുണം ചെയ്തിട്ടില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. നിലവിലുള്ള ഗാന്ധിയന്‍ ആദര്‍ശങ്ങളും അതിന്റെ തന്നെ തുടര്‍ച്ചയായി വന്ന ലോഹിയ രാഷ്ട്രീയവും ഇന്നത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല. ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് പേരില്‍ മാത്രമുള്ള ഒന്നാണ്. അപ്പോള്‍ ഇന്നിന്റെ ആവശ്യമായ ഒരു പുതിയ രാഷ്ട്രീയം വളര്‍ന്നു വരണം. ഭൂതകാലത്തിന്റെ മാറാപ്പുകള്‍ ഇപ്പോഴും ചുമക്കുന്ന പരമ്പരാഗത കക്ഷികള്‍ക്ക് (കോണ്‍ഗ്രസടക്കം) ഇത്തരം മാറ്റം വരുത്തുക എളുപ്പമല്ല. വിഭജനത്തിന്റെ രാഷ്ട്രീയമാണ് അവയെല്ലാം. മോഡി പരീക്ഷിക്കുന്നതും അത് തന്നെ.

എന്നാല്‍ ആം ആദ്മി അത്തരം മാറാപ്പുകള്‍ ഒന്നും ഇല്ലാത്ത കക്ഷിയാണ്. പരമ്പരാഗത ഇടതോ വലതോ അല്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കണമെന്ന ക്ഷേമരാഷ്ട്ര സങ്കല്‍പം ഉണ്ട്. എന്നാല്‍ ഇടതുപക്ഷം ഒരു കാലത്ത് പ്രചരിപ്പിച്ച മൂലധന വിരുദ്ധതയില്ല. വലതുപക്ഷക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ചങ്ങാത്ത മുതലാളിത്തത്തെ അംഗീകരിക്കുന്നില്ല. എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യമാണ് ആം ആദ്മി മുന്നോട്ടു വക്കുന്നത്. അത് യുക്തിസഹമായ ജനപക്ഷ തിരുത്തലുകള്‍ക്ക് സാധ്യതയുള്ളതാണ്. സുതാര്യമാണ്. ഇടതു ജനാധിപത്യം എന്നല്ല ജനാധിപത്യ ഇടതുപക്ഷം എന്ന് പറയാവുന്ന ഒന്ന്.

ഇത്തരം രാഷ്ട്രീയ നിലപാടില്‍ നിന്ന് കൊണ്ടു ഇന്ത്യക്കാകെ ബാധകമായ ഒരു പരിപാടി രൂപപ്പെടുത്തണം. പക്ഷെ അത് നെഹ്രുവിയന്‍ രീതിയില്‍ ഒരു കേന്ദ്രീകൃത ആസൂത്രണക്കമ്മീഷന്‍ മാത്രം ചെയ്യേണ്ടതല്ല. ഗാന്ധിജി മുന്നോട്ടു വച്ച സ്വരാജ് കേവലം യാന്ത്രിക മുദ്രാവക്യമായല്ല ജൈവമായ ചലനാത്മകമായ ഒന്നായാണ് ആം ആദ്മി കാണുന്നത്. അത് ഒരു പുസ്തകമല്ല, മറിച്ചു ഒരു സമീപനമാണ്. ജനാധിപത്യം അതിന്റെ സത്തയാകണം. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ അംഗീകരിക്കുന്നതാകണം.. അത് വികേന്ദ്രീകൃതമായി ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരണം. വ്യത്യസ്ത വിദഗ്ധരുടെ പിന്തുണയും ഉപദേശവും അതിനു വേണം. സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതാകണം. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടങ്ങളില്‍ നേതൃപരമായ പങ്കു വഹിക്കണം. അതിലൂടെ ജനവിശ്വാസം നേടണം.

ഇത്രയും വികേന്ദ്രീകൃതമായ ഒരു പരിപാടി മുന്നോട്ടു വക്കുമ്പോള്‍ അതിനു ചേര്‍ന്ന ഒരു സംഘടനാ രൂപം വേണം. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ പരിഗണിക്കുന്നതാകണം ആ സംഘടനാ രീതി. ഒരൊറ്റ അച്ചില്‍ വാര്‍ത്തെടുക്കുന്നതാകരുത്. ജനാധിപത്യം ആം ആദ്മിയുറെ ആത്മാവാണ്. സംഘടനയിലും അതുണ്ടാകണം.ഇതെല്ലാം വിശദമായ തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമാകണം. ആം ആദ്മിക്കുള്ള മറ്റൊരു വലിയ നേട്ടം അതിന്റെ നേതൃത്വത്തില്‍ രാജ്യത്തിനാകെ സ്വീകാര്യനായ ഒരു നേതാവുണ്ട് എന്നതാണ്. ഈ വൈവിധ്യങ്ങളെ ജനാധിപത്യപരമായി മനസ്സിലാക്കി അംഗീകരിക്കുകയും രാജ്യവ്യാപകമായ സംഘടനാ പിന്‍ബലവുമുണ്ടെങ്കില്‍ അടുത്ത ലോകസഭാതെരഞ്ഞെടുപ്പില്‍ മോഡിക്ക് പകരം ആര് എന്ന ചോദ്യം ആരും ചോദിക്കില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news, National, Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply