പത്മിനി : സര്‍ഗാത്മകതയുടെ ദുരുദ്ദേശപരമായ ദുര്‍വ്യയം

കൊച്ചി ദര്‍ബാര്‍ ഹാളിലെ പത്മിനി ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടന ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 11ന് സംവിധായകന്‍ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘പത്മിനി’ സിനിമയുടെ 53-ാം പ്രദര്‍ശനം നടന്നു.. ഒരു മിന്നല്‍പ്പിണര്‍ പോലെ ക്ഷണദീപ്തി ചൊരിഞ്ഞു മറഞ്ഞ ടി.കെ.പത്മിനി (1940 – 1969) ഇന്ത്യന്‍ ചിത്രകലാ ഭൂപടത്തില്‍ അമൃതാ ഷെര്‍ഗളിന്റെ പേരിനോടൊപ്പം പറയാവുന്ന ചിത്രകാരിയാണ്.. കെ.സി.എസ് പണിക്കരുടെ ശിഷ്യയാണെങ്കിലും ഗുരുവിന്റെ നിറച്ചാര്‍ത്തിന്റെ താന്ത്രിക് വൃത്തപരിധിയില്‍ നിന്നും പുറത്തു കടന്ന് പുതിയ വിഭാതങ്ങള്‍ വിടര്‍ത്തിയ ചിത്രകാരിയാണ് പത്മിനി – പ്രശസ്ത ചിത്രകാരി ടി കെ പത്മിനിയെ പ്രമേയമാക്കി :സുസ്‌മേഷ് ചന്ത്രോത്ത് സംവിധാനം ചെയ്ത സിനിമയെ കുറിച്ച് പി.എ. പ്രേംബാബു എഴുതുന്നു

അറുപതുകളിലെ വിഖ്യാത ചിത്രകാരിയായിരുന്ന ടി.കെ.പത്മിനിയെ കുറിച്ചുള്ള കഥാകാരനായ സുസ്‌മേഷ് ചന്ത്രോത്ത് സംവിധാനം ചെയ്ത ‘പത്മിനി’ എന്ന ജീവചരിത്ര സംബന്ധിയായ സിനിമ (Biopic) പത്മിനിയിലേക്കും, അവരുടെ രചനകളിലെ നിറങ്ങളുടേയും വരകളുടേയും ബിംബങ്ങളുടേയും മൗലികത്വത്തിലേക്കും ഒരു ഗ്രാമീണ പാത വെട്ടിത്തുറക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. പത്മിനിയെ കുറിച്ച് ഒരു ഡോക്യുമെന്ററി സിനിമ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ അമ്മാവനനോടുള്ള സംഭാഷണത്തില്‍ നിന്നുതുടങ്ങി പിന്നീട് പത്മിനി തന്റെ കഥ സ്വയം പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം.

അതികാല്പനീകതയുടെ ഹരിത ബിംബങ്ങളാണ് സിനിമയിലുടനീളം അവലംബിച്ചിരിക്കുന്നത്. തോടും തോപ്പുകളും നിറഞ്ഞ ഭൂഭാഗദൃശ്യങ്ങള്‍ സന്ദര്‍ഭചിത്രീകരണത്തിനും സംഭവാഖ്യാനത്തിനും അനുയോജ്യമല്ലാത്ത ഐറണിയായിത്തീരുന്നു. ഭൂപ്രകൃതിയെ യഥാചാരം പത്മിനിയുടെ ജീവിതത്തോട് ചേര്‍ത്ത് വെക്കുന്ന സംവിധായകന് മനുഷ്യന്റെ ഇച്ഛകള്‍ ബൗദ്ധിക യുക്തിയിലൂടെ എങ്ങിനെ പ്രകൃതിയില്‍ നിന്ന് വ്യത്യസ്തമാകുന്നുവെന്ന് വരച്ചു കാണിക്കുന്ന പത്മിനി ചിത്രങ്ങളുടെ ഭാവുകത്വങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ല. ചലച്ചിത്രകാരന്‍ അതിലളിതവും മസൃണവുമെന്ന് നമ്മെ ധരിപ്പിക്കുന്ന ഗ്രാമീണ ജീവിതം അത്യന്തം സങ്കീര്‍ണ്ണമാണെന്ന് വര്‍ണ്ണ വ്യാഖ്യാനങ്ങളിലൂടെ പത്മിനി ചിത്രങ്ങള്‍ നമ്മോട് പറയുമ്പോള്‍ ഈ സിനിമ കലാദര്‍ശനത്തിന്റെ ചിന്തയുടെ വൈരുദ്ധ്യങ്ങളില്‍ തട്ടി തലകുത്തി വീഴുന്നു. പത്മിനിയുടെ പല പെയ്ന്റിങ്ങുകളും അപബോധ കേന്ദ്രീകൃതമായ ഗഹന റിയലിസത്തെ റിയലിസവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പ്രതിരോധത്തിന്റെ കലയെ അര്‍ത്ഥവീര്യമുള്ളതാക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സുസ്‌മേഷ് അവതരിപ്പിക്കുന്നതു പോലെ ഗ്രാമീണ ശാലീനതയുടെ ഇറുകിയ പുറങ്കുപ്പായം അണിയുന്ന ഒരു നാടന്‍ ശകുന്തളയല്ല പത്മിനി എന്ന വിമോചനാശയത്തിന് പുത്തനുണര്‍വ്വ് പകര്‍ന്ന ചിത്രകാരി. ആധുനികപൂര്‍വ്വ സാഹചര്യങ്ങളും സ്ഥലവിഭജനവും ഫ്യൂഡല്‍ ആചാരങ്ങളും നിലനിന്നിരുന്ന സമൂഹത്തില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടി മദ്രാസ് ആര്‍ട്‌സ് കോളജില്‍ ചിത്രകല പഠിക്കാന്‍ പോകുന്നതു തന്നെ ശബരിമല സ്ത്രീ പ്രവേശനം പോലെ ഒരു വിപ്ലവ പ്രവര്‍ത്തനമാണ്. എന്നാല്‍ ഒരു ചിത്രകാരിയെന്ന നിലയില്‍ തുല്യതയുടെ ഇടം (Space of equality) സൃഷ്ടിക്കുകയും അതില്‍ സധൈര്യം ജീവിക്കുകയും ചെയ്ത പത്മിനിയെ ചലച്ചിത്രത്തിലൂടെ അതിന്റെ ഭാവതീഷ്ണതയില്‍ അനുഭവിപ്പിക്കാന്‍ സംവിധായകന് കഴിയുന്നില്ല. മറിച്ച് സിനിമക്ക് പൊതുവില്‍ ഒരു പുരാവൃത്ത പദവിയും പുരാണ പരിവേഷവും നല്‍കാനാണ് സുസ്‌മേഷ് ശ്രമിക്കുന്നത്.

കാല്പനീക സമീപനങ്ങളേയും അതില്‍ നിന്നുറവയെടുക്കുന്ന നിയത ചിന്തകളേയും പുരോഗമന വാദിയായ ഒരു ചിത്രകാരിയുടെ പ്രൗഢമായ ചിത്രയുക്തിയില്‍ കോര്‍ത്തെടുത്ത ജീവിതകഥയോട് ചേര്‍ത്ത് വെച്ച് നോക്കിക്കാണുമ്പോള്‍ പലപ്പോഴും തന്റെ ഉള്ളിലെ ഫ്യൂഡല്‍ അഭിരുചികളും വിധികല്പിത ചിന്തകളും സംവിധായകന്‍ മിത്തിഫൈ ചെയ്യുകയാണ്. സിനിമയില്‍ പലയിടത്തും ‘ഭാഗ്യം കൊണ്ട് കിട്ടി ‘ ‘ഇതൊക്കെ ഒരു ഭാഗ്യമാണ് ‘ തുടങ്ങി ആവര്‍ത്തിച്ചു പറയുന്ന വാക്കുകളും പത്മിനിയുടെ ജീവിതത്തിലെ അപ്രധാനമായ ക്ഷേത്ര ദര്‍ശനങ്ങളും അതിന്റെ ചില ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍ കല്പനാ പ്രധാനമായ ഒരു മിഥ്യാരൂപ സാംസ്‌കാരിക ജീവചരിത്രമാണ് ( Fake historiography) സുസ്‌മേഷ് വെള്ളിത്തിരയില്‍ വരച്ചിടുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്മിനിയുടെ സ്വാതന്ത്ര്യബോധവും അവര്‍ കടന്നുവന്ന സാമൂഹിക രാഷ്ട്രീയ ഫ്യൂഡല്‍ സങ്കീര്‍ണ്ണതകളും പ്രമേയമാക്കാതെ കാച്ചെണ്ണയുടേയും, പൂക്കളുടേയും, വാസന സോപ്പിന്റേയും നറുമണമുള്ള ഒരു സവിശേഷ നായികാ രൂപത്തേയാണ് ‘പത്മിനി’ യായി സുസ്‌മേഷ് അവതരിപ്പിക്കുന്നത്. നായികയുടെ വെളുത്ത ഉടലിനെ പട്ടുചേലയുടുപ്പിച്ച് രവിവര്‍മ്മച്ചിത്രത്തെ അനുസ്മരിപ്പിക്കും വിധം പരമാവധി പുരുഷക്കാഴ്ചക്കിണങ്ങുംവണ്ണം പരുവപ്പെടുത്താനും സംവിധായകന്‍ മറന്നിട്ടില്ല.

ജീവാത്മകമായുള്ള ചിന്തകളും, കാലഘട്ടത്തിന്റെ വേദനകളും, സര്‍ഗ്ഗാത്മകതയും, ചരിത്രവും ദൃശ്യവാസ്തവങ്ങളും ആഢംബരമില്ലാതെ അവതരിപ്പിക്കുമ്പോഴാണ് ഒരു ജീവചരിത്ര സിനിമ ദൃശ്യാനുഭവമാകുന്നത്. പത്മിനിയെന്ന ചിത്രകാരിയെ നാം അന്വേഷിക്കേണ്ടത് നമ്മുടെ രാഷ്ടീയ രൂപീകരണത്തിന്റെ പരിസരത്തിലും അവര്‍ അതിജീവിച്ച കേരളീയ സമൂഹത്തിന്റെ പരിണാമ ചരിത്രത്തിലുമാണ്. എന്നാല്‍ ഹൈന്ദവ ആവാസവ്യവസ്ഥക്കുള്ളിലാണ് സുസ്‌മേഷ് പത്മിനിയെ അന്വേഷിക്കുന്നത് എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നുണ്ട്.

സ്‌ത്രൈണത എന്നത് കഠിനമായ ജനിതക ഭാരമല്ലെന്നും വേരൂന്നിക്കുതിക്കാന്‍ വെമ്പുന്ന ശക്തിയാണെന്നും പ്രഖ്യാപിക്കുന്ന ആവിഷ്‌കാരങ്ങളിലൂടെ തന്റെ തന്നെ ഭൂതകാലത്തിന് പുതിയ പാഠഭേദം നിര്‍മ്മിച്ച പത്മിനിയുടെ അന്ത്യകാലങ്ങള്‍ക്ക് ഭൂതപാഠം നിര്‍മ്മിക്കുകയാണ് സുസ്‌മേഷ് ചെയ്തത്. പലപ്പോഴും അപകടകരമായ കാല്പനീക വിശുദ്ധിയുടെ ഫ്യൂഡല്‍ രൂപങ്ങളും ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് സര്‍ഗാത്മകതയുടെ ദുരുദ്ദേശപരമായ ദുര്‍വ്യയമാണെന്ന് പറയേണ്ടി വരുന്നു…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply