സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വായിച്ചറിയാന്‍

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന, പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന, സ്ത്രീകള്‍ വായിച്ചറിയാന്‍ ആല്‍ത്തിയ സ്ത്രീകൂട്ടായ്മ തയ്യാറാക്കിയ ലഘുലേഖയില്‍ നിന്നൊരു ഭാഗം.

1. സിനിമ വ്യവസായമോ കലയോ?

സിനിമാനിര്‍മ്മാണം ഒരേസമയം കലാപ്രവര്‍ത്തനവും വ്യവസായവുമാണ്. മനുഷ്യരുടെ കൂട്ടായ അദ്ധ്വാനം കൊണ്ടാണ് സിനിമ ഉണ്ടാകുന്നത്. അത് വളരെ വലിയ അളവു വരെ ലാഭമുണ്ടാക്കാനുള്ള വ്യവസായം തന്നെയാണ്. സിനിമാനിര്‍മ്മാണത്തെപ്പറ്റി നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ട്.

2. സിനിമയില്‍ ജോലി ചെയ്യുന്നവര്‍ എല്ലാ സ്ത്രീകളും തൊഴിലാളികളാണോ?

സിനിമാ പ്രോജക്ടുകളുടെ എല്ലാ തലങ്ങളിലും ഘട്ടങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളും തൊഴിലാളികള്‍ തന്നെ. അഭിനേതാക്കാള്‍, നര്‍ത്തകര്‍, ഗായകര്‍ തുടങ്ങിയവരും, കോണ്‍ട്രാക്ടര്‍, അല്ലെങ്കില്‍ റിക്രൂട്ടിങ് കമ്പനി, വഴി സിനിമാനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന തൊഴിലാളികളെയും സിനി-തൊഴിലാളികളായി കണക്കാക്കാമെന്ന് നിയമം അനുശാസിക്കുന്നു. വേതനം മാസശമ്പളമായോ ദിവസക്കൂലിയായോ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലോ അല്ലാതെയോ വാങ്ങുന്ന സിനിമാവ്യവസായപ്രവര്‍ത്തകര്‍ — നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നീ ഘട്ടങ്ങളില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ — എല്ലാവരും സിനി തൊഴിലാളികളാണ്. മാത്രമല്ല, PoSH പ്രകാരം ഷൂട്ടിങ് സ്ഥലത്തെ സന്ദര്‍ശകര്‍, ഫ്രീലാന്‍സര്‍മാര്‍, തുടങ്ങിയവര്‍ക്കും ദുരനുഭവം ഉണ്ടായാല്‍ പരാതിപ്പെടാം.

3. സിനിമയിലെ സ്ത്രീതൊഴിലാളികള്‍ക്ക് ലൈംഗികപീഡനത്തെപ്പറ്റി പരാതി പറയാനുള്ള സംവിധാനമുണ്ടോ?

സിനിമാരംഗത്ത് ആന്തരിക സമിതികള്‍ ഉണ്ടാക്കാമോ എന്ന കാര്യം കോടതിപരിഗണനയിലാണെന്ന് ഹേമാ കമ്മിറ്റി പറയുന്നു, പക്ഷേ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം 2022 മാര്‍ച്ചു മാസത്തില്‍ കേരള ഹൈക്കോടതി എല്ലാ സിനിമാസെറ്റുകളിലും ആന്തരിക സമിതികള്‍ ഉണ്ടാക്കണമെന്ന് വിധിച്ചു. ഇപ്പോഴും അത് മലയാളം സിനിമയില്‍ ഗൌരവമായി പാലിക്കപ്പെട്ടിട്ടില്ല. പേരിനു മാത്രം ചില ഐസികള്‍ ഉണ്ടാക്കിയതായി പറയുന്നു. അവയുടെ പ്രവര്‍ത്തനം തൃപ്തകരമല്ലെങ്കിലും, അവ ഉണ്ടാക്കിയിട്ടില്ലെങ്കിലും സിനിമയിലെ സ്ത്രീതൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന സംവിധാനമാണ് ജില്ലാതല ലോക്കല്‍ പരാതി കമ്മിറ്റി.

4. ലൈംഗികച്ചുവയുളള ഇരട്ടയര്‍ത്ഥം വച്ചുള്ള സംസാരം ലൈംഗികപീഡനമാകുമോ?

തീര്‍ച്ചയായും ലൈംഗികച്ചുവയോടുകൂടിയുള്ള സംസാരം ലൈംഗികപീഡനമായി നിയമം അംഗീകരിക്കുന്നുണ്ട്. ഡിംലഹരീാല എന്ന് സ്ത്രീയ്ക്ക് തോന്നുന്ന പെരുമാറ്റങ്ങളില്‍ പരാതി ആവാം.
തൊഴിലിടലൈംഗികപീഡനം രണ്ടുവിധത്തിലുണ്ട് – quid pro quo sexual harassment, hostile workplace sexual harassment. ഏതെങ്കിലും കാര്യം നേടാന്‍ സ്ത്രീയോട് ലൈംഗിക അവശ്യങ്ങള്‍ ഉന്നയിക്കുക, അവരെ ഭീഷണിപ്പെടുത്തി ലൈംഗിക ആവശ്യങ്ങള്‍ നേടുക, ഇവയാണ് ആദ്യത്തെ ഇനം. രണ്ടാമത്തേത് തൊഴിലിടത്തെ അസുഖകരമാക്കുന്ന തരം ലൈംഗികപീഡനം. ലൈംഗികച്ചുവയുള്ള സംസാരം രണ്ടാമത്തേതില്‍ ഉള്‍പ്പെടും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

5. സിനിമ പ്രോജക്ട് തുടങ്ങുന്നതിനു മുമ്പുള്ള ചര്‍ച, റിഹേഴ്‌സല്‍ മുതലായ അവസരങ്ങളില്‍, സിനിമാ പ്രോജക്ടിനു വേണ്ടിയുളള യാത്രകളില്‍, അല്ലെങ്കില്‍ പ്രൊഡക്ഷനു ശേഷമുള്ള കൂടിച്ചരലുകളില്‍, മോശമായ പെരുമാറ്റമുണ്ടായാല്‍ പരാതിപ്പെടാമോ?

ഇപ്പറഞ്ഞവയെല്ലാം സിനിമാനിര്‍മ്മാണത്തിലെ തൊഴിലിടങ്ങള്‍ തന്നെയാണ്. സിനിമാവ്യവസായത്തിലെ തൊഴിലിടത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ് വിവിധതൊഴിലിടങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ വച്ചാണ് ദുരനുഭവം ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും പരാതിപ്പെടാം.

6. ഹേമാ കമ്മറ്റി നിര്‍ദ്ദേശിക്കുന്ന ട്രൈബ്യൂണല്‍ വന്നാലേ പരാതിപ്പെടാന്‍ പാടുള്ളൂ എന്നു പറയുന്നത് ശരിയാണോ?

തീര്‍ച്ചയായും ശരിയല്ല, കാരണം അങ്ങനെ പറയുന്നത് സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാകും.

7. ലോക്കല്‍ പരാതി കമ്മിറ്റിയല്ലാതെ മറ്റേതെങ്കിലും സംഘടനയെ സമീപിക്കാനാകുമോ?

ലൈംഗികപീഡന വിഷയമാണെങ്കില്‍ പരാതി തയ്യാറാക്കാനും സമര്‍പ്പിക്കാനും മറ്റു സംഘടനകളുടെയോ സുഹൃത്തുക്കളുടെയോ സഹായം സ്വീകരിക്കാം, പക്ഷേ അന്വേഷണവും തീര്‍പ്പും ആന്തരിക പരാതി കമ്മിറ്റി വഴിയാണ്, അല്ലെങ്കില്‍ ലോകല്‍ പരാതി കമ്മിറ്റി വഴിയാണ്, ഉണ്ടാകേണ്ടത്.

8. ലൈംഗികപീഡന പരാതി ഐസിയിലോ എല്‍സിസിസയിലോ കൊടുത്താല്‍ മാദ്ധ്യസ്ഥ്യം പറ്റില്ല എന്നുണ്ടോ?

പരാതിക്കാരുടെ ഹിതപ്രകാരം ഇരുകമ്മിറ്റികള്‍ക്കും conciliationന് ശ്രമിക്കാം. എന്നാല്‍ പണം കൊടുത്തുള്ള തീര്‍പ്പുശ്രമങ്ങള്‍ അനുവദിക്കപ്പെട്ടിട്ടില്ല.

9. കുട്ടികളായ അഭിനേതാക്കള്‍ക്കാണ് ലൈംഗികപീഡനം അനുഭവിക്കേണ്ടി വരുന്നതെങ്കില്‍ പരാതിപ്പെടാന്‍ എന്തുചെയ്യണം?

കുട്ടികളെ സംരക്ഷിക്കുന്ന പ്രത്യേകനിയമങ്ങള്‍ പ്രകാരം അതിലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പോലീസിനെ അറിയിക്കാനുള്ള ബാദ്ധ്യത ഐസികള്‍ക്കും എല്‍സിസികള്‍ക്കും ഉണ്ട്. പോക്‌സോ പ്രകാരം കുറ്റകരമായ പ്രവൃത്തികള്‍ നടന്നിട്ടുണ്ടെങ്കില്‍ കേസ് ഉടന്‍ പോലീസില്‍ അറിയിക്കേണ്ടതാണ്.

10. മലയാള സിനിമയില്‍ ഏതെങ്കിലും പ്രോജക്ടില്‍ സ്ത്രീസൌഹൃദ അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ടോ?

അഞ്ജലി മേനോന്റെ വണ്ടര്‍ വിമന്‍ എന്ന സിനിമയുടെ സെറ്റില്‍ സിനിമാനിര്‍മ്മാണം തുടങ്ങും മുമ്പ് എല്ലാവരും ചേര്‍ന്ന് ലിംഗനീതി പ്രതിജ്ഞയെടുത്തു. ലൈംഗികപീഡനത്തെ യാതൊരുവിധത്തിലും സഹിക്കാനാവില്ലെന്ന് സംവിധായിക പ്രഖ്യാപിച്ചു. ഇത് സ്ത്രീസൌഹൃദയപരമായ അന്തരീക്ഷമുണ്ടാക്കാന്‍ വളരെയധികം സഹായിച്ചുവെന്ന് അതില്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു. ഇപ്പോള്‍ പല സെറ്റുകളിലും ഐസിസിയുണ്ടെന്നു പറയുകയും ചില അംഗങ്ങളുടെ പേരു വിവരങ്ങള്‍ പ്രദര്‍ശിക്കപ്പെടുകയും ചെയ്യുന്നുവെന്ന് പറയുന്നു. എന്നാല്‍ ഗൌരവത്തോടുകൂടിയുള്ള ഐസിസി പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനമോ മറ്റു തയ്യാറെടുപ്പുകളോ ഉണ്ടായതായി അറിവില്ല. എങ്കിലും ഉള്ള ഐസിസികളോട് പരാതിപ്പെടാന്‍ സ്ത്രീതൊഴിലാളികള്‍ക്ക് അവകാശമുണ്ട്, അങ്ങനെയെങ്കില്‍ നടപടികളാരംഭിക്കാന്‍ ഐസിസികള്‍ക്ക് ബാധ്യതയുമുണ്ട്.

11. പരാതിപ്പെടുമ്പോള്‍ വക്കീലിനെ സമീപിക്കേണ്ടിവരുമോ?

ലോക്കല്‍ പരാതി കമ്മിറ്റിയെ സമീപിക്കാന്‍ വക്കീല്‍ ആവശ്യമില്ല.

12. കുറ്റാരോപിതന്‍ വക്കീലിനെ കൊണ്ടുവന്നാല്‍ എന്തുചെയ്യും?

കുറ്റാരോപിതന് വക്കീലിനെ കൊണ്ടുവരാന്‍ അനുവാദമില്ല.

13. തെളിവുകള്‍ എന്തൊക്കെ ആകാം, ഫോണ്‍ വഴിയുള്ളവ തെളിവുകള്‍ ആകുമോ?

ഫോണ്‍വഴിയുള്ള തെളിവുകള്‍ സ്വീകരിക്കാം. പക്ഷേ തെളിവുകള്‍ ഹാജരാക്കാതെ തന്നെ ഐസിക്കും എല്‍സിസിക്കും പരാതികള്‍ സ്വീകരിക്കാം. തെളിവുകള്‍ ഇല്ലെന്ന ഒറ്റക്കാരണത്താല്‍ പരാതിയെ കള്ളപ്പരാതിയായിക്കാണാന്‍ നിയമം അനുവദിക്കുന്നില്ല. സാഹചര്യത്തെളിവുകളെയും ഹാജകാരാക്കാം.

14. സാക്ഷികള്‍ ഉണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്താനാവുമോ?

ആവാം, നേരറിവില്ലാത്ത സാക്ഷികളെയും പരാതിക്കമ്മിറ്റികള്‍ക്ക് വിസ്തരിക്കാം, സിസിടിവി ഫുട്ടേജ് ആവശ്യപ്പെടാം. സാക്ഷികളുടെ പേരുവിവരങ്ങളും പുറത്തുവിടാന്‍ കമ്മിറ്റികള്‍ക്ക് അനുവാദമില്ല.

15. പരാതിക്കാരിക്ക് സ്വീകാര്യമായ ഒരു സൊല്യൂഷന്‍ നിര്‍ദേശമായി കൊടുക്കാന്‍ ആകുമോ?

പരാതിക്കാരിയുടെ ഹിതം എല്ലാ ഘട്ടത്തിലും കമ്മിറ്റികള്‍ കണക്കിലെടുക്കണമെന്ന് നിയമം പറയുന്നു. പരാതിക്കാരിയുടെ കംഫര്‍ട്ട് ആണ് ഏറ്റവും പ്രധാനമായി പരിഹാരനിര്‍ണയത്തില്‍ ആന്തരിക കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും പരിഗണിക്കേണ്ടത്. അന്വേഷണത്തിനു മുമ്പ് മാദ്ധ്യസ്ഥ്യം മതിയെന്ന് പരാതിക്കാരി പറഞ്ഞാല്‍ അത് ഗൌരവത്തോടെ പിന്‍തുടരാന്‍ കമ്മിറ്റിക്ക് ബാദ്ധ്യതയുണ്ട്. പക്ഷേ പണം നല്‍കിയുള്ള ഒത്തുതീര്‍പ്പ് അനുവദിച്ചിട്ടില്ല . അതുപോലെ ക്രിമിനല്‍കുറ്റങ്ങള്‍ നടന്നിട്ടുള്ളതായി കമ്മിറ്റിക്കു ബോദ്ധ്യമായാല്‍ അവ നിര്‍ബന്ധമായും പോലീസില്‍ അറിയിക്കാനും കമ്മിറ്റിക്ക് ബാദ്ധ്യതയുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

16. പരാതി എല്ലാവരും അറിയുമോ?

പരാതി സംബന്ധിച്ച എല്ലാ പ്രക്രിയകളിലും പരിപൂര്‍ണമായ സ്വകാര്യതയും, രഹസ്യസ്വഭാവവും, പരാതിക്കാരിയുടെ അവകാശമാണ്. മാദ്ധ്യസ്ഥ്യം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ പുറത്തറിയിക്കാന്‍ കമ്മിറ്റിക്ക് അധികാരമില്ല.

17. സിനിമയ്ക്കായി ആര്‍ട്ടിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളില്‍ നടക്കുന്ന ലൈംഗികപീഡനത്തിനെതിരെ പരാതിപ്പെടാമോ?

അവയും തൊഴിലിടങ്ങളായതിനാല്‍ അവിടെയും ഐസികള്‍ ഉണ്ടാകേണ്ടതാണ്. ആ സംരക്ഷണം ലഭിക്കാത്തപക്ഷം എല്‍സിസികളില്‍ പരാതിപ്പെടാം. അല്ലെങ്കില്‍ സഹജാ ഹെല്‍പ് ലൈനില്‍ അറിയിക്കാം. ടോള്‍ഫ്രീ നമ്പര്‍ 1800 4255 5215.

18. ഒരേ സമയം പോലീസിലും ഐസിസിയില്‍ / എല്‍സിസിയില്‍ പരാതിപ്പെടാമോ?

രണ്ടിടത്ത് ഒരേ സമയം പരാതിപ്പെടാനുള്ള അവകാശം ദുരനുഭവമുണ്ടായ സ്ത്രീയ്ക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply