എംഗല്‍സും ഗാഡ്ഗിലും വയനാടും
പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന ഒരു പുസ്തകമുണ്ട്. എംഗല്‍സ് എഴുതിയതാണ്. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്റെ ചോരയും മാംസവും തലച്ചോറുമെല്ലാം എന്നോര്‍മ്മിച്ചും പ്രകൃതിശാസ്ത്രത്തിന്റെ വലിയ തോതിലുള്ള വികാസം മനസ്സിലാക്കി പ്രകൃതിഭാവങ്ങളും നിയമങ്ങളും പഠിക്കാനും സന്തുലിതമായ സമീപനം രൂപപ്പെടുത്താനും മനുഷ്യനു കഴിയണമെന്ന് നിര്‍ദ്ദേശിച്ചും എഴുതിയ കൃതിയാണത്. പരിസ്ഥിതിപഠന ശാഖയിലെ ആദ്യകാല മഹത്ഗ്രന്ഥം.
പ്രകൃതിദുരന്തം എവിടെയും എപ്പോഴും ഉണ്ടാകാം. ഭൂമികുലുക്കം, സുനാമി, പേമാരി, മിന്നല്‍ച്ചുഴി, മേഘസ്‌ഫോടനം, കൊടുങ്കാറ്റ് എന്നിങ്ങനെ പ്രകൃതി പലമട്ട് ക്ഷോഭിക്കാം. അവയൊക്കെയും നമ്മെ, നമ്മുടെ ബന്ധുക്കളെ, സുഹൃത്തുക്കളെ, സഹജീവികളെ കൊണ്ടുപോകാം. എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളാക്കി മാറ്റാം. പതിറ്റാണ്ടുകളുടെ അധ്വാനമാകെ ഒരു നിമിഷംകൊണ്ട് തകര്‍ന്നടിയാം. വയനാട്ടിലെ ആഘാതം നമുക്കു സഹിക്കാവതല്ല. അതു നമ്മുടെ ജീവിതത്തിന്റെ അതീവദുര്‍ബ്ബലമായ അടിവേരുകളെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരാശ്വാസ ശ്രമവും വയനാടിലെ ദുരിതബാധിതര്‍ക്ക് ആശ്വാസമാവില്ല. അത്ര വലിയ ദുരന്തമാണ് നടന്നത്. നമ്മുടെയെല്ലാം എല്ലാവിധത്തിലുള്ള സഹായവും പിന്തുണയും അവര്‍ക്കു നല്‍കേണ്ടതുണ്ട്.
അത്യന്തം പാരിസ്ഥിതികലോല പ്രദേശങ്ങളെ എങ്ങനെ പരിചരിക്കണമെന്ന് പഠിക്കേണ്ടതുണ്ട്. പരിസ്ഥിതിക്കുമേല്‍ നടത്തുന്ന അധ്വാനത്തിന്റെയും നിര്‍മ്മാണത്തിന്റെയും പരിധി നാം അറിയണം. അതീവദുര്‍ബ്ബല പ്രദേശങ്ങളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ വേണം. ദുരന്തത്തില്‍ അകപ്പെടുന്നവരെ സഹായിക്കാനും പുനരധിവസിപ്പിക്കാനും നാം നടത്തുന്ന പരിശ്രമങ്ങള്‍പോലെ പ്രധാനമാണ് ദുരന്തസാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തുന്നതും മാറ്റിപ്പാര്‍പ്പിക്കുന്നതും.
ഗാഡ്ഗില്‍ കമ്മറ്റി റിപോര്‍ട്ട് നാം ചര്‍ച്ച ചെയ്ത രീതി മോശമായിരുന്നു. വേണ്ട ഗൗരവത്തോടെ നടപടി സ്വീകരിച്ചില്ല. മനുഷ്യര്‍ താല്‍ക്കാലികവും വൈകാരികവുമായ വിഷയങ്ങളില്‍ കറങ്ങി നിന്നുപോകുന്നു. പ്രകൃതിയെ കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെങ്കിലും നമുക്ക് അവസാനിപ്പിക്കാന്‍ കഴിയണമായിരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇപ്പോള്‍ നടന്ന ദുരന്തം സമീപകാലം രാജ്യംകണ്ട വലിയ ദുരന്തമാണ്. ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായി. മരണം നാനൂറ് കഴിഞ്ഞു. ഇനിയും കണ്ടെത്താത്ത ആളുകളുടെ എണ്ണവും നിരവധിയാണ്. ചാലിയാറില്‍ ഒഴുകിയും മണ്ണിലാഴ്ന്നുംപോയ മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ടാവണം. ഉറങ്ങിക്കിടന്ന ഒരു രാത്രി ഒന്നുമറിയാതെ ഒരു ഗ്രാമം അപ്പാടെ ക്ഷുഭിതമായ ഒരു ഉരുള്‍പോട്ടലിലമര്‍ന്നു. ഇനി അതിജീവിച്ചവരെ പുനരധിവസിപ്പിക്കണം. ഗ്രാമം പുനര്‍ നിര്‍മിക്കണം. സര്‍ക്കാറുകള്‍ അതിനു മുന്‍കൈയെടുക്കണം. ഒപ്പം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സമീപനവും മുന്‍കരുതലും സ്വീകരിക്കണം.
2
രണ്ടാണ് കാര്യങ്ങള്‍. ഒന്ന്: പ്രകൃതിക്ക് വലിയ ക്ഷതമേല്‍പ്പിച്ച് ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങാന്‍ ഇടയാവരുത്. പ്രകൃതിയില്‍ എവിടെയൊക്കെ എത്രത്തോളം ഇടപെടലുകളാവാം എന്നതു സംബന്ധിച്ചു ധാരണയുണ്ടാവണം. രണ്ട്: ആഘാതസാധ്യതാ മേഖലകള്‍ കണ്ടെത്തുമ്പോള്‍ (അപകടം സംഭവിക്കാന്‍ കാത്തുനില്‍ക്കാതെ) അവിടെയുള്ള ജീവിതങ്ങള്‍ ഭദ്രമായ നിലയില്‍ പുനരധിവസിപ്പിക്കപ്പെടണം.
എഴുതുമ്പോള്‍ ലളിതമാണ്. പ്രശ്‌നത്തിന്റെ കാതല്‍ നമ്മുടെ വികസന നയത്തെയും ആസൂത്രണത്തെയും സ്പര്‍ശിച്ചു നില്‍ക്കുന്നു. ജനങ്ങളുടെ ഭദ്രമായ ഭാവിയാണോ പുതുനിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണോ മുഖ്യം എന്നതാണ് ചോദ്യം. പൊതുസമ്പത്ത് എവിടെ എങ്ങനെ ചെലവഴിക്കണം? മുന്‍ഗണനാക്രമം എങ്ങനെയാവണം?
മലയോരത്ത് വീടു വയ്ക്കരുത്, കടലോരത്ത് വീടു വയ്ക്കരുത്, നദീതീരങ്ങളില്‍ വീടു വയ്ക്കരുത് എന്നൊന്നും പറയാനാവില്ല. ജനങ്ങള്‍ അവരുടെ ജീവസന്ധാരണത്തിന് ഉതകുന്ന ഇടങ്ങളിലാണ് പാര്‍ക്കുന്നത്. തൊഴിലും പാര്‍പ്പും ബന്ധിതമാണ്. ഒന്നില്‍നിന്നു മാറ്റുമ്പോള്‍ മറ്റേതും നഷ്ടമാകും. അതിനാല്‍ രണ്ടും സാധ്യമാകാവുന്നവിധം സൗകര്യം നില നില്‍ക്കണം. അതിനനുസരിച്ചാവണം ആസൂത്രണവും വികസനവും.
കാലാവസ്ഥാ വ്യതിയാനം പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തിലും പ്രാദേശിക തലത്തിലുമുള്ള കൊടും ചൂഷണത്തിന്റെ പരിക്കുകള്‍ വേറെയുണ്ട്. കടല്‍ക്ഷോഭങ്ങളും നദികവിയലുകളും മണ്ണിടിച്ചിലുകളും മേഘസ്‌ഫോടനങ്ങളും വന്നുചേരാം. അതിനെ നേരിടാന്‍ യോജിച്ച ആവാസ മാതൃകകള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന വിധം നമ്മുടെ ഗവേഷണവും ആസൂത്രണവും വികസന സങ്കല്‍പ്പവും മാറേണ്ടതുണ്ട്.
നാം പ്രകൃതിയെയല്ല, പ്രകൃതി നമ്മെയാണ് സംരക്ഷിക്കുന്നത്. നമ്മെ സംരക്ഷിക്കാന്‍ പ്രകൃതിയെ സഹായിക്കാന്‍ മാത്രമേ നമുക്കു കഴിയൂ. പ്രകൃതിക്ഷോഭങ്ങള്‍ പ്രകൃതിപ്രതിഭാസങ്ങളാണ്. സ്വാഭാവിക പ്രക്രിയകള്‍. അതിനിടയാക്കുന്ന സാഹചര്യങ്ങള്‍ അറിയാന്‍ കഴിയുമ്പോള്‍ അവയുടെ വേഗം നിയന്ത്രിക്കാനോ ആഘാതം കുറയ്ക്കാനോ നമുക്കു കഴിയും. അതിനുള്ള വഴികളാണ് തേടേണ്ടത്. എല്ലാ കാലത്തും പ്രകൃതിയെ മാറ്റിമറിച്ചാണ് മനുഷ്യര്‍ ഇത്രത്തോളം എത്തിയത് എന്നൊക്കെയുള്ള അഹന്ത അജ്ഞതയാണ്. താങ്ങാവുന്നതിനപ്പുറം പ്രകൃതി ഒന്നും അനുവദിച്ചിട്ടില്ല.
നമുക്ക് താങ്ങാവുന്നതിന് അപ്പുറമുള്ള ആഘാതമാണ് വയനാട്ടില്‍ സംഭവിച്ചത്. എല്ലാവിധത്തിലുമുള്ള സഹായം നല്‍കാന്‍ നമുക്ക് ബാധ്യതയുണ്ട്. അതോടൊപ്പം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട കരുതലും പരിശ്രമവും ഉണ്ടാവണം. ദുരന്തം നടന്നശേഷം മാത്രം സജീവമാകുന്ന നമ്മുടെ സഹാവബോധം ദുരന്തം സംഭവിക്കാതിരിക്കാനുള്ള ജീവിത സാഹചര്യം ഒരുക്കാന്‍കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. തീവ്രപരിസ്ഥിതി ശാഠ്യങ്ങള്‍ക്കും തീവ്രവികസന ശാഠ്യങ്ങള്‍ക്കും ഇടയില്‍ ഒരു വഴിയുണ്ട്. മനുഷ്യരും ജൈവവൈവിദ്ധ്യങ്ങളും നിറഞ്ഞ പ്രകൃതിയുടെ നിലനില്‍പ്പിന് ആ വഴി വളരെ പ്രധാനമാണ്.
3
പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന ഒരു പുസ്തകമുണ്ട്. എംഗല്‍സ് എഴുതിയതാണ്. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്റെ ചോരയും മാംസവും തലച്ചോറുമെല്ലാം എന്നോര്‍മ്മിച്ചും പ്രകൃതിശാസ്ത്രത്തിന്റെ വലിയ തോതിലുള്ള വികാസം മനസ്സിലാക്കി പ്രകൃതിഭാവങ്ങളും നിയമങ്ങളും പഠിക്കാനും സന്തുലിതമായ സമീപനം രൂപപ്പെടുത്താനും മനുഷ്യനു കഴിയണമെന്ന് നിര്‍ദ്ദേശിച്ചും എഴുതിയ കൃതിയാണത്. പരിസ്ഥിതിപഠന ശാഖയിലെ ആദ്യകാല മഹത്ഗ്രന്ഥം.
മാര്‍ക്‌സിസ്റ്റുകാര്‍ക്കു മാത്രമല്ല ലോകമെങ്ങുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സാമൂഹിക ശാസ്ത്രജ്ഞര്‍ക്കുമുള്ള പാഠപുസ്തകമാണത്. കേരളത്തിലെ പ്രച്ഛന്ന ഇടതുപക്ഷ ബുദ്ധിജീവികളും സൈബര്‍ സേനാംഗങ്ങളും ഈ പുസ്തകത്തെ കാര്യമാക്കുന്നില്ല. എംഗല്‍സ് അന്നേ ഖണ്ഡിച്ച ബാലിശമായ വിതണ്ഡവാദങ്ങള്‍ ഉയര്‍ത്തി വന്‍തോതിലുള്ള പ്രകൃതിചൂഷണത്തെ ന്യായീകരിക്കാനോ മറച്ചുപിടിക്കാനോ ശ്രമിക്കുകയാണവര്‍. നിങ്ങളുടെ വീടുകള്‍ കല്ലും മരവും ഉപയോഗിച്ചല്ലേ പണിതത് എന്നു തുടങ്ങി കൃഷിയും അധ്വാനവും പ്രകൃതിക്കുമേലുള്ള ചൂഷണങ്ങളല്ലേ എന്നതു വരെയുള്ള കുയുക്തികള്‍ നൂറ്റാണ്ടു പിന്നിട്ട ശവപേടകം പൊളിച്ച് പൊന്തിവരുന്നുണ്ട്. അധ്വാനം, ചൂഷണം തുടങ്ങി മാര്‍ക്‌സിസ്റ്റുകള്‍ക്കു പരിചിതമായ പ്രാഥമിക സംജ്ഞകള്‍പോലും വശമില്ലാത്ത പണ്ഡിതരാണ് സൈബര്‍ പോരാട്ടം നയിക്കുന്നത്.
എംഗല്‍സ് ഏറ്റവുമധികം എഴുതിയതും വിശദീകരിച്ചതും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവുന്നതു സംബന്ധിച്ചാണ്. ഇവ പുതിയ പ്രതിഭാസങ്ങളല്ല. പക്ഷേ, ഏതു സാഹചര്യത്തിലാണ് അവയ്ക്ക് വേഗം കൂടുന്നതെന്ന് അന്നേ എംഗല്‍സ് പറഞ്ഞിട്ടുണ്ട്. ഗാഡ്ഗില്‍ അതില്‍ക്കൂടുതല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പശ്ചിമഘട്ടത്തെ ആസ്പദമാക്കിയാണ്. ഗാഡ്ഗിലിനെ അധിക്ഷേപിക്കുന്നവര്‍ വാസ്തവത്തില്‍ എംഗല്‍സിനെയും പരിസ്ഥിതിശാസ്ത്രത്തെയും തള്ളുകയാണ്. ഗൗരവതരമായ ആലോചനകളും യുക്തിപരവും പ്രായോഗികവുമായ തീരുമാനങ്ങളും ഉണ്ടാവേണ്ട ഘട്ടത്തില്‍ നിര്‍ലജ്ജമായ ലഘൂകരണവും ന്യായീകരണവും കുറ്റകരമാണ്. പക്വമതികളായ രാഷ്ട്രീയപ്രവര്‍ത്തകരും ഭരണനേതാക്കളും ഉണ്ടെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് നന്ന്.
ഫ്രെഡറിക് എംഗല്‍സിന്റെ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന പുസ്തകത്തില്‍ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും പ്രകൃതിദുരന്തത്തെ എങ്ങനെ വിശദീകരിക്കുന്നു എന്നു ചിലര്‍ ചോദിക്കുന്നു. പഴയ പുസ്തകത്തില്‍ പുതിയ ലോകത്തെപ്പറ്റി എന്തുണ്ടാകാനാണ് എന്ന പുച്ഛമാണത്. എംഗല്‍സിന്റെ പുസ്തകം എല്ലാ കാലത്തേക്കുമായുള്ള അറിവുകളുടെ സഞ്ചയമല്ല. വിശ്വാസികളുടെ മതഗ്രന്ഥവുമല്ല. അതു പക്ഷേ, പ്രകൃതിപഠനത്തെ ഒരു ദര്‍ശനപദ്ധതിയാക്കി വികസിപ്പിച്ചിട്ടുണ്ട്.
‘പ്രകൃതിശാസ്ത്രങ്ങള്‍ വലിയ നേട്ടങ്ങള്‍ കാഴ്ച്ചവച്ചിട്ടുണ്ട്. പക്ഷേ, ഒരു ദര്‍ശനത്തിന്റെ അഭാവം പ്രകടമാണ്’. മാര്‍ക്‌സ് 1844ലെ സാമ്പത്തിക ദാര്‍ശനികക്കുറിപ്പുകളില്‍ എഴുതിയതാണിത്. 1873ല്‍ ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’ എഴുതി തുടങ്ങുമ്പോള്‍ പ്രകൃതിയിലെ വൈരുദ്ധ്യാത്മകതയെയും അറിയല്‍ പ്രക്രിയയുടെ വൈരുദ്ധ്യാത്മകതയെയും പഠിക്കാനാണ് എംഗല്‍സ് ശ്രമിച്ചത്.
ദര്‍ശനത്തിന്റെ നിയമങ്ങള്‍ അറിയാതെ ഒരു ശാസ്ത്രീയ പ്രവര്‍ത്തനവും വിജയപ്രദമാകുകയില്ല എന്ന് എംഗല്‍സ് കരുതി. ചിന്തയില്ലാതെ അറിയല്‍ നടക്കുകയില്ല. പ്രകൃതിവിജ്ഞാനികള്‍ ശാസ്ത്രത്തിന്റെയും ദര്‍ശനത്തിന്റെയും ചരിത്രം പഠിക്കേണ്ടതുണ്ട്. (മാര്‍ക്‌സിസവും ശാസ്ത്ര ദര്‍ശനവും, ചിന്ത. പുറം 21). നിലനിന്ന പഠനങ്ങള്‍ കേവലവാദപരമായിരുന്നു. ഇന്ദ്രിയാനുഭവ പ്രകൃതിശാസ്ത്രത്തിന്റെയും മതാത്മക യുക്തിചിന്തയുടെയും നിഴലിലായിരുന്നു അവ. വൈരുദ്ധ്യാത്മക ദര്‍ശനം പ്രകൃതിയുടെ ചലനാത്മക സ്വഭാവം അറിയുന്നു. അതിന്റെ സ്ഥിതാവസ്ഥയും നിഷേധവും അതില്‍ കാണുന്നു. അതിനാല്‍ ചരിത്രപരമായി അഥവാ പൂര്‍വ്വാപരധാരയായി ഈ പരിണാമ സ്വഭാവം വിശദീകരിക്കാന്‍ ഏറ്റവും പര്യാപ്തമായ ദര്‍ശനം പ്രകൃതിശാസ്ത്രത്തോട് ഇണക്കുകയാണ് എംഗല്‍സ് ചെയ്തത്.
എംഗല്‍സിന്റെ കൃതി നല്‍കുന്നത്, മതഗ്രന്ഥങ്ങളില്‍ ചിലരൊക്കെ കാണുന്ന സമസ്തവിവരങ്ങളുമല്ല. ലോകത്തെ കാണാനുള്ള ഒരു ദര്‍ശനമാണ്. അത് പ്രകൃതിയെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത അനുഭവ വഴികളാണ്. മാറുന്ന ലോകത്തെ പഠിക്കാന്‍ പ്രകൃതിശാസ്ത്രം ദര്‍ശനംകൊണ്ടു കരുത്തു പ്രാപിക്കണമെന്നും അങ്ങനെ കേവലവാദങ്ങളെയും അതിന്റെ അടിസ്ഥാനത്തിലുള്ള അനുഭവമാത്ര ശാഠ്യങ്ങളെയും നേരിടാന്‍ സാധിക്കണമെന്നുമാണ് എംഗല്‍സിന്റെ കൃതി പഠിപ്പിക്കുന്നത്. അതില്‍, മണ്ണിടിച്ചിലിന് എംഗല്‍സ് എന്തു പരിഹാരം കാണുന്നു എന്ന് ചോദിക്കുന്നവരെ, വികസിച്ച പ്രകൃതിദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിപ്പിക്കുന്നതിനെ സംബന്ധിച്ചാണ് പറയുന്നത.്
1543ല്‍ കോപ്പര്‍നിക്കസ് ‘ആകാശവൃത്തങ്ങളുടെ ഭ്രമണത്തെപ്പറ്റി’ എന്ന പുസ്തകമെഴുതി. പ്രകൃതിശാസ്ത്രത്തിലെ അന്വേഷണങ്ങളെ പൗരോഹിത്യ സഭകള്‍ നിഷ്‌കരുണം നേരിടുകയും മതദ്രോഹവിചാരണക്കു വിധേയമാക്കുകയും ചെയ്ത കാലമായിരുന്നു അത്. കോപ്പര്‍നിക്കസിന്റെ കൃതി പ്രകൃതിശാസ്ത്രത്തിന്റ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. അത് തിരുസഭകളുടെ അധികാര പ്രമത്തതയെ വെല്ലുവിളിച്ചു. പതിനെട്ടാം ശതകത്തില്‍ പ്രകൃതിയെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകളെ പിന്നീട് തിരുത്തിയെഴുതിയത് ദാര്‍ശനികനായ കാന്റ് ആണ്. അവയ്ക്കുശേഷം പ്രകൃതിശാസ്ത്രത്തെ ദര്‍ശനങ്ങളുടെ തെളിച്ചത്തിലേക്ക് നയിച്ചു എന്നതാണ് എംഗല്‍സ്‌കൃതിയുടെ സവിശേഷത.
ഒരു കൃതിയെ അതിന്റെ സമഗ്രതയില്‍ കാണാനും അതു നല്‍കുന്ന അന്വേഷണത്ത്വരയോ ഉപാധിയോ ഉപകരണമോ തിരിച്ചറിയാനും കഴിയണം. പഴയ പുസ്തകമല്ലേ, കാലമെത്ര വളര്‍ന്നുപോയി എന്ന ചോദ്യം ദര്‍ശനങ്ങള്‍ പകരാനില്ലാത്ത കൃതികളുടെ കാര്യത്തില്‍ ചിലപ്പോള്‍ പാകമായെന്നുവരും. അതില്‍ പലതും കാലം നല്‍കുന്ന പ്രാണനില്‍ നില നിന്നേക്കും എന്നെനിക്കു തോന്നുന്നു.
4
രക്ഷാദൗത്യത്തിന്റെ തീവ്രമായ സമര്‍പ്പണമാണ് സന്നദ്ധ പ്രവര്‍ത്തകരും സൈന്യവും പൊലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും നിര്‍വ്വഹിച്ചത്. അപൂര്‍വ്വമായ ഒരുമയും ഐക്യവും സമര്‍പ്പണവുമാണത്. ദുരിത നിവാരണ പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടം തുടര്‍ ആശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ്. ഭയങ്ങളില്‍നിന്നു ജനങ്ങളെ മുക്തരാക്കി ജീവിക്കാനുള്ള പ്രേരണയും ധൈര്യവും സാഹചര്യവും ഒരുക്കലാണ്. ഒപ്പം മറ്റൊരു പ്രകൃതിക്ഷോഭ സാധ്യതയെ അറിയാനും നേരിടാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കയും വേണം. വയനാടിന്റെ ദുരിത നിവാരണത്തിന്, ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ മുറിവുണക്കാനും തുടര്‍ ദുരന്തങ്ങള്‍ തടയാനും പ്രത്യേക പദ്ധതിയും ഫണ്ടും വേണം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ജില്ലാ ഭരണകൂടത്തിന്റെ കീഴിലുമായി പ്രത്യേക നടത്തിപ്പു സമിതിയുണ്ടാവണം. വയനാടിനെപ്പറ്റി സവിശേഷ ജ്ഞാനമുള്ള ഗവേഷകരും പണ്ഡിതരും ആസൂത്രണ വിദഗ്ദ്ധരും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്കും സന്നദ്ധ സംഘ പ്രതിനിധികള്‍ക്കുമൊപ്പം അംഗങ്ങളാകുന്ന ആലോചനാ നടത്തിപ്പു സംഘമുണ്ടാവുന്നത് നല്ലതാണ്. ആ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട പ്രത്യേക നിധിയും സ്വരൂപിക്കണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തും പുറത്തും പലമട്ടു നടക്കുന്നുണ്ട്. സഹായവസ്തുക്കളും ധനവും ശേഖരിക്കുന്നുണ്ട്. പലരും വീടും വസ്ത്രവും മരുന്നും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ സഹായങ്ങളെയും ആവശ്യാനുസരണം ലഭ്യമാക്കുന്ന ഏകജാലക സംവിധാനം ജില്ലാ ഭരണ നേതൃത്വത്തിനു കീഴില്‍ ഉറപ്പുവരുത്തണം. ഓരോ സന്നദ്ധ രാഷ്ട്രീയ സാമുദായിക സംഘടനക്കും തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ ഇടനല്‍കരുത്. അവരുടെ സഹായം എവിടെയെല്ലാം ആര്‍ക്കെല്ലാം ലഭ്യമാക്കണമെന്നത് ഉത്തരവാദിത്തപ്പെട്ട സമിതി തീരുമാനിക്കട്ടെ. ആ ഏകോപനം നിര്‍ബന്ധമാണ്. സ്വരൂപിക്കപ്പെടുന്ന പണം ഒറ്റ നിധിയിലൂടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒറ്റപദ്ധതിയിലൂടെയും പ്രയോഗസജ്ജമാകുന്നതാവും നല്ലത്. അതിന് എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യമോ സമ്മതമോ ഉള്ള വയനാട് ദുരന്ത നിവാരണ സമിതിക്ക് കഴിയട്ടെ.
5
ദുഷിച്ച അധികാരത്തെക്കാള്‍ ദുരന്തം
മറ്റെന്തുണ്ട്? കെടുതികള്‍ തീരുംവരെ
പ്രകൃതിക്ഷോഭങ്ങളെക്കുറിച്ച് സംസാരിക്കരുത്.
പഠനങ്ങളോ ചര്‍ച്ചകളോ അരുത്.
അവസാന വെടിയൊച്ച നിലയ്ക്കുംവരെ
യുദ്ധത്തെക്കുറിച്ചും സംസാരിക്കരുത്.
ഭരണകൂടം സമാധാനമാഗ്രഹിക്കുന്നു.
അസ്വസ്ഥമാക്കുന്ന ഒന്നും അനുവദനീയമല്ല.
ഗ്രാമങ്ങള്‍ ഒലിച്ചുപോയിരിക്കുന്നു.
ഒരു മലനിരയാണ് പിളര്‍ന്നു കുതിച്ചത്.
ജലവും പാറയും മണ്ണും കുത്തിയൊഴുകി
നാനൂറിലേറെ പേര്‍ മരിച്ചു;
നിരവധി മനുഷ്യരെ കാണാതായി.
ആയിരക്കണക്കിനു പേര്‍ ആശ്രയമറ്റവരായി.
ഓരോ മലയടിവാരത്തിലും ഭയം പെരുകി.
ഉരുള്‍പൊട്ടാനിടയില്ലാത്ത മലകളേതുണ്ട്?
പ്രളയജലമൊഴുകാന്‍ ഇടയില്ലാത്ത നദികളേതുണ്ട്?
സുനാമി വരില്ലെന്നു തീര്‍ച്ചയുള്ള കടലോരമേതുണ്ട്?
മേഘസ്‌ഫോടനം വരാത്ത ആകാശമെങ്ങ്?
മിന്നല്‍ച്ചുഴലിയിറങ്ങാത്ത മണ്ണേത്?
ഏതു വഴിയേ പോയാല്‍ രക്ഷ?
എന്താണ് പരിഹാരം?
‘പഠിച്ചവരേ, അതു പറയരുതെ’ന്ന്
ആരാണ് വിലക്കുന്നത്?
കാലാവസ്ഥാ വ്യതിയാനങ്ങളെപ്പറ്റി
പാരിസ്ഥിതികാഘാതങ്ങളെപ്പറ്റി
അവയ്ക്കുള്ള പരിഹാരങ്ങളെപ്പറ്റി
പറയേണ്ട സമയമേതാണ്?
അടുത്ത ഉരുള്‍പൊട്ടലിനും ശേഷം.
ദുരിതങ്ങളുടെ പേമാരികള്‍ക്കു ശേഷം.
ആശ്വാസധനം കുന്നുകൂടിയശേഷം.
സര്‍ക്കാറിനു സമാധാനം വന്നശേഷം.
ഏതുത്തരമാണ് ശരി?
പഠിച്ചവര്‍ മാറി നില്‍ക്കൂ.
ശാസ്ത്രജ്ഞര്‍ മാറി നില്‍ക്കൂ
എല്ലാ അറിവുകളും ഭരണാധികാരി തരും.
മാധ്യമങ്ങളേ, ഈ വ്യസനവില്പന തുടര്‍ന്നോളൂ.
പരിഹാരചിന്തയുടെ കണികയരുത്.
ഒറ്റപ്പരിഹാരം മുഖ്യമന്ത്രിയുടെ ആശ്വാസം!
അതുമാത്രം പറഞ്ഞുകൊള്ളുക.
അതു മാത്രം ആവര്‍ത്തിച്ചുകൊള്ളുക.
ആപത്തു വരുന്ന വഴി ഒളിച്ചുവെക്കാന്‍
ആര്‍ക്കാണ് വെമ്പല്‍?
ആപത്തു വരുന്നവഴി പുറത്തറിഞ്ഞാല്‍,
ആളുകള്‍ രക്ഷ തേടിയാല്‍
ആര്‍ക്കാണ് പ്രയാസം?
ശാസ്ത്രജ്ഞരുടെ നാവുകെട്ടി
ആരുടെ ജ്ഞാനമാണ് കുത്തിയൊഴുകേണ്ടത്?
അതില്‍ ഒലിച്ചുപോകണോ കേരളം?
വയനാടിനുള്ള ദുരന്തനിവാരണ പദ്ധതി, സംഭവിച്ച ദുരന്തത്തെ നേരിടാനും ഭാവിയില്‍ ഇത്തരം ദുരന്തങ്ങളെ ജീവനാശം വരുത്താതെ നേരിടാനും പ്രാപ്തമാവണം. ഇക്കാര്യം വേണ്ടപ്പെട്ടവര്‍ പരിഗണിക്കണം. ഇത് ‘വായനക്കാരുടെ പംക്തി’യില്‍ ഒരു സാധാരണ പൗരന്‍ എഴുതുന്ന കുറിപ്പായി മാത്രം കാണണം. ആ ഗൗരവമേ ഇതിനു നല്‍കേണ്ടൂ. അഥവാ അത്ര ഗൗരവം ഇതിനു കാണണം.
(കടപ്പാട് – മറുവാക്ക്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in