എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അനശ്ചിതകാല സമരത്തിലേക്ക്
പട്ടികയില്‍ ഉള്‍പെടുത്തി കാരണമില്ലാതെ ഒഴിവാക്കിയ 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തിരിച്ചെടുക്കുക., വിവാദ ഉത്തരവ് പിന്‍വലിക്കുക., ചികിത്സയും മരുന്നും നല്‍കുക, സെല്‍ യോഗം ചേരുക .- 2024 ജനുവരി 30 മുതല്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ അനിശ്ചിതകാല സമരം.
വി.എസ് അച്ചുതാനന്ദന്‍ ചെയര്‍മാനും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ കണ്‍വീനറുമായി തിരുവനന്തപുരത്ത് വെച്ച് രൂപീകരിച്ച സമര സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 2016 ജനുവരിയില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അറുപതോളം കുട്ടികളും നൂറിലധികം അമ്മമാരും കൂടി ചേര്‍ന്ന് നടത്തിയ ഐതിഹാസിക സമരത്തെ പിന്തുണക്കാന്‍ അന്ന് ഭരണ പ്രതിപക്ഷ ഭേദമന്യെ പൊതുസമൂഹം തയ്യാറാവുകയായിരുന്നു.
കോടിയേരി ബാലകൃഷ്ണന്‍ കടകംപള്ളി സുരേന്ദ്രന്‍ വി. ശിവന്‍കുട്ടി എം എ .ബേബി ആനത്തലവട്ടം ആനന്ദന്‍ , കാനം രാജേന്ദ്രന്‍ , ബിനോയി വിശ്വം, കടന്നപ്പള്ളി രാമചന്ദ്രന്‍ , വി.എം.സുധീരന്‍ , കുട്ടി അഹമ്മദ് കുട്ടി , സുഗതകുമാരി ടീച്ചര്‍, വി.മധുസൂദനന്‍ നായര്‍ , പ്രേംകുമാര്‍ …… തുടങ്ങി സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്ട്രീയ മേഖലയിലെ ഒട്ടേറെ പേര്‍ നീതിയുടെ പക്ഷം ചേര്‍ന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ താനും ഇവിടെ നിരാഹാരമിരിക്കുമെന്ന് സമര പന്തലില്‍ വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ച് പറയാന്‍ വി.എസ്. മറന്നില്ല.
ഇതേ തുടര്‍ന്നു നടന്ന ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പും നടത്താന്‍ ധാരണയായി .തീരുമാന പ്രകാരം 2017 ഏപ്രില്‍ അഞ്ചു മുതല്‍ ഒമ്പതുവരെ ജില്ലയിലെ അഞ്ച് സ്ഥലങ്ങളിലായി ബദിയടുക്ക, ബോവിക്കാനം, പെരിയ , രാജപുരം , ചീമേനി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ഈ സമയത്തു മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റിരുന്നു. പ്രസ്തുത ക്യാമ്പിലേക്ക് ഏഴായിരത്തോളം അപേക്ഷകര്‍ ഉണ്ടായിരുന്നുവെങ്കിലും 4738 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. 3888 പേര്‍ പരിശോധനയ്ക്ക് വിധേയമായി. കോഴിക്കോട്, തിരുവനന്തപുരം …. …. തുടങ്ങി മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാമ്പിലെത്തി പരിശോധന നടത്തി. 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്നത്തെ ഡപ്യൂട്ടി കലക്ടറില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു.
കലക്ടര്‍, DMO , DPM, ഡപ്യൂട്ടി കലക്ടര്‍ – ഇവര്‍ ചേര്‍ന്ന് പട്ടിക തയ്യാറാക്കിയ ശേഷം എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്ന സെല്ലില്‍ ഡപ്യൂട്ടി കലക്ടര്‍ അവതരിപ്പിച്ച് അംഗീകാരം തേടി പിന്നീട് സര്‍ക്കാറിനു മുമ്പിലെത്തിച്ച് തീരുമാനമെടുത്ത് G.O ഇറങ്ങുന്ന നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമാണ് ചികിത്സയടക്കമുള്ള സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് ലഭിക്കുന്നത്.
സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ 1905 ദുരിതബാധിതരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കി അവതരിപ്പിക്കാന്‍ തയ്യാറായെങ്കിലും അന്നതന് തടസ്സം നേരിട്ടു വെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആരുടെയൊക്കെയോ സമ്മര്‍ദ്ദം കൊണ്ട് 1905 എന്നത് പിന്നീട് 287 ആയി ചുരുക്കി അദ്ദേഹത്തിന് അവതരിപ്പിക്കേണ്ടി വന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തം കുറച്ചു കൊണ്ടു വരിക എന്ന മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഇതിനു പിന്നിലുള്ളത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
2010 ല്‍ 4182 , 2011 ല്‍ 1318 2013 ല്‍ 348 പേരെയാണ് വിവിധ മെഡിക്കല്‍ ക്യാമ്പിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തിയത്. കീടനാശിനി (ജീവനാശിനി ) താല്പര്യമനുസരിച്ച് എണ്ണത്തില്‍ കുറവ് കാണിക്കുക എന്നത് കമ്പനികളുടെ ആവശ്യമായിരുന്നു. അതിനു കാരണമുണ്ട്. DYFI നേടിയ 2017ലെ സുപ്രീം കോടതി വിധിയനുസരിച്ച് കേരള സര്‍ക്കാര്‍ 5 ലക്ഷം രൂപ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും നല്‍കണം. കൂടാതെ ആജീവനാനന്ത ചികിത്സയും ലഭ്യമാക്കണം. ഇതിനാവശ്യമായ തുകയത്രയും കമ്പനിയില്‍ നിന്നും ഈടാക്കണം. ഇല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നും വാങ്ങണം. കമ്പനികളെ ഈ വിധി ഭയപ്പെടുത്തുന്നു. നാളെ മുഴുവന്‍ കീടനാശിനി കമ്പനികള്‍ക്കും ബാധകമായേക്കുമോ എന്ന് അവര്‍ ആശങ്കപ്പെടുക സ്വാഭാവികം. ഇവിടെ പ്രസക്തമായ ചോദ്യം എന്തുകൊണ്ട് കേരള സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ കോടതിയെ സമീപിക്കുന്നില്ല ? കമ്പനികളെ രക്ഷിക്കാനുള്ള കാരണം കൊണ്ടാണ് 1905 എന്നുള്ളത് 287 ആയി ചുരുക്കിയത് എന്നതില്‍ യാതൊരു സംശയവുമില്ല.
ഈയൊരു സന്ദര്‍ഭത്തിലാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലടക്കം വന്‍പ്രതിഷേധങ്ങള്‍ നടന്നത്. ഇതിന്റെ ഭാഗമായി 76 പേരെ കൂട്ടിച്ചേര്‍ത്തു. അപ്പോഴും ഭൂരിപക്ഷം കുട്ടികളും പട്ടികക്ക് പുറത്തു തന്നെയായിരുന്നു.
2019 ജനുവരി 30 മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ അമ്മമാര്‍ ഏറ്റെടുത്ത അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് 1905 ല്‍ പെട്ട 18 വയസില്‍ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ ലിസ്റ്റില്‍ പെടുത്താനും ബാക്കി വരുന്നവരുടെ മെഡിക്കല്‍ റെക്കാര്‍ഡു പരിശോധിച്ച് അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി ശ്രീ : പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനെട്ടു വയസില്‍ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റില്‍ പെടുത്തി. അവര്‍ക്ക് ചികിത്സയും മറ്റു സഹായങ്ങളും നിലവില്‍ ലഭിച്ചു വരുന്നു. എന്നാല്‍ ബാക്കി വന്ന 1031 പേരുടെ കാര്യത്തില്‍ നാളിതുവരെ യാതൊരു നടപടികളുമുണ്ടായില്ല. ഇതില്‍ പലരും ഇന്ന് ഭൂമിയിലില്ല. ആദ്യ കാലങ്ങളില്‍ ചിലര്‍ക്കെല്ലാം സൗജന്യ ചികിത്സ നല്‍കിയിരുന്നുവെങ്കിലും പിന്നീടതും നിര്‍ത്തി. രണ്ടും മൂന്നും ദുരിതബാധിതരുള്ള കുടുംബങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ വീടുകളില്‍ കയറിച്ചെന്നാല്‍ യാഥാര്‍ത്ഥ്യം ആര്‍ക്കും ബോദ്ധ്യമാകും. കാരണമൊന്നുമില്ലാതെ പുറത്താക്കപ്പെട്ട 1031 പേര്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അവരുടെ മുന്‍കയ്യില്‍ പ്രക്ഷോഭം നടത്തി വരികയാണ്.
1031 പേരുടെ കണ്‍വെന്‍ഷന്‍ 2023 ഏപ്രില്‍ 26 ന് കാസറഗോഡ് നടന്നു. 10.5.2023 ന് മുഖ്യമന്ത്രിക്ക് സങ്കട ഹരജികളയച്ചു, ഒപ്പം ബന്ധപ്പെട്ട മറ്റു മന്ത്രിമാര്‍ക്കും . 29 . 5. 2023 ന് അദാലത്ത് നടന്നപ്പോള്‍ മന്ത്രിക്ക് വീണ്ടും നിവേദനം നല്‍കി. അനുകൂലമായ മറുപടികളൊന്നും ഇല്ലാതെ വന്നപ്പോള്‍ 2023 മെയ് 30 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റേറഷനു മുമ്പില്‍ അവകാശ പ്രഖ്യാപനം നടത്തി. 2023 ജൂണ്‍ 30 ന് കാസറഗോഡ് വെച്ച് സമര പ്രഖ്യാപനം നടന്നു. മന്ത്രിമാര്‍ക്ക് തിരുവനന്തപുരത്തെത്തി വീണ്ടും നിവേദനങ്ങള്‍ നല്‍കി (5 – 7 – 2023 ) 2023 ആഗസ്ത് 14 ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. കലക്ട്രേറ്റ് പടിക്കല്‍ സത്യാഗ്രഹം 2023 ഒക്ടോബര്‍ 5 ന് . 19.11.2023 ന് നവകേരള സദസ്സില്‍ നിവേദനം നല്‍കി. നാനൂറിലധികം അമ്മമാര്‍ നീതി തേടി 2023 ഡിസംബര്‍ 8 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. എന്നാല്‍ ഭരണാധികാരികളുടെ കണ്ണു തുറന്നില്ല.
വാക്കു വാലിക്കുക എന്ന ജനാധിപത്യ മര്യാദയാണ് . സര്‍ക്കാര്‍ അത് പാലിക്കണം. 2019 ല്‍ മുഖ്യമന്ത്രി എടുത്ത തീരുമാനമാണ് തീര്‍പ്പാവാതെ കിടക്കുന്നത്. അന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയ ശ്രീ : പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുന്നത്. .
തങ്ങളുടെതല്ലാത്ത തെറ്റു കൊണ്ട് ഭരണകൂട ഭീകരത അടിച്ചേല്‍പ്പിച്ച ദുരിതങ്ങള്‍ പേറി നടക്കുന്ന അര ജീവിതങ്ങളായ മനുഷ്യരെ ചേര്‍ത്തു പിടിക്കണം. ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൂടെ നില്‍ക്കാനെങ്കിലും സാധിക്കണം. പരിഹരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ തന്നെയാണ് തീരുമാനം ഇനിയങ്ങോട്ട് തീഷ്ണമായ പോരാട്ടത്തിന്റെ നാളുകളായിരിക്കും. അവസാനത്തെ ഇരക്കും നീതി ലഭിക്കുന്നതു വരെ പ്രക്ഷോഭം തുടരണമെന്നത് പ്രാഥമിക ജനാധിപത്യ ബോദ്ധ്യം സൂക്ഷിക്കുന്ന ഏവരുടെയും ഉത്തരവാദിത്വമാണെന്ന് കരുതട്ടെ . പാതി ജന്മങ്ങളുടെ കൂടെ നിങ്ങളുമുണ്ടാവണം. ഭരണകൂടം നിര്‍മ്മിച്ച ദുരന്തത്തില്‍ പെട്ടവര്‍ക്ക് സ്വാഭാവിക നീതി ഉറപ്പ് വരുത്തണം.
മാറി മാറി വന്ന ഭരണകൂടങ്ങള്‍ അടിച്ചേല്പിച്ച എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ തമസ്‌ക്കരിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടന്നു വരുന്നത്. അല്ലാതെ പിന്നെ എന്തുകൊണ്ടാണ് കേരള സര്‍ക്കാര്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സുപ്രീം കോടതിയെ സമീപിക്കാത്തത് ? എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി ചിലവാക്കുന്ന ചില്ലിക്കാശ് പോലും കേരള സര്‍ക്കാര്‍ ചിലവാക്കാണ്ടേ വരില്ല എന്നറിഞ്ഞിട്ടും കോടതിയില്‍ പോകാത്തതിന് വേറെ എന്താണ് കാരണം ?
വികസനത്തിന്റെ പേരില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് കാല്‍ നൂറ്റാണ്ടോളം കാലം കാസറഗോഡിന്റെ തലക്ക് മുകളില്‍ കോരിയൊഴിച്ച നിശ്ശബ്ദ കൊലയാളി എന്‍ഡോസള്‍ഫാന്‍ വിഷകമ്പനികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. അന്താരാഷ്ട്ര വ്യാപ്തിയുള്ള ഈ വിഷയം ഏറ്റെടുക്കാന്‍ സാമുഹ്യ ,രാഷ്ട്രീയ, സാംസ്‌ക്കാരിക പൊതുബോധം ഉണരേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. 2024 ജനുവരി 30 ന് രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ ആരംഭിക്കുന്ന അനിശ്ചിതകാല സമരം വിജയിപ്പിക്കാന്‍ പൊതു സമൂഹം മുന്നിട്ടിറങ്ങണം.
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍
സെക്രട്ടറി
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in