ഒരു മുന്നണിക്കും രാഷ്ട്രീയ വിജയങ്ങള്‍ ഇല്ലാത്ത തെരഞ്ഞെടുപ്പ്

സ്വര്‍ണ്ണക്കടത്തും സ്പ്രിങ്കിള്‍ ഇടപാടും ലൈഫ് മിഷന്റെ മറവില്‍ നടന്ന കോഴ ഇടപാടുകളും ഉള്‍പ്പെടെ ഭരണപക്ഷം പ്രതിരോധത്തിലായ സന്ദര്‍ഭത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മേല്‍കൈ നേടാന്‍ യുഡിഫിനു സാധിക്കാതെവന്നത് അവരുടെ ആഭ്യന്തര ദൗര്‍ബല്യം കൊണ്ടുതന്നെയാണ്. വിവിധ ദിശകളില്‍ കുതിരയെ കെട്ടിയ രഥം പോലെയായിരുന്നു യുഡിഎഫ്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും തമ്മില്‍ പോലും പല വിഷയങ്ങളിലും ഏകാഭിപ്രായമില്ലാതെ പരസ്പര വിരുദ്ധമായി പ്രതികരിക്കുന്ന അവസ്ഥയായിരുന്നു പലപ്പോഴും. ക്രിയാത്മക പ്രതിപക്ഷമായി പ്രവത്തിക്കുന്നതിലും സര്‍ക്കാരിന്റെ വീഴ്ചകളെ ജനമധ്യത്തില്‍ അവതരിപ്പിച്ചു രാഷ്ട്രീയമായി മേല്‍കൈ നേടുന്നതിനുമുള്ള നേതൃശേഷി കേന്ദ്രത്തിലോ-സംസ്ഥാനത്തിലോ കോണ്‍ഗ്രസിനില്ല.

വലിയ രാഷ്ട്രീയ വിജയങ്ങള്‍ ഒരു മുന്നണിക്കും അവകാശപ്പെടാനാവില്ല എന്നതാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിന്റെ സവിശേഷത. ഭരണപക്ഷത്തിനെതിരെ വളരെയധികം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ നേരിയ പുരോഗതി ഉണ്ടാക്കാനായെന്നു LDF നു ആശ്വസിക്കാം. UDF നു മുന്‍തവണത്തേക്കാള്‍ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബിജെപിക്ക് സീറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും രണ്ടു നഗരസഭകളിലും ഏതാനും പഞ്ചായത്തുകളിലും മാത്രമാണ് അവര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ 14. 96 ശതമാനത്തില്‍ നിന്നും 14.5 ശതമാനത്തിലേക്കു അവരുടെ വോട്ടു കുറയുകയാണുണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 38. 81 ശതമാനം വോട്ടുണ്ടായിരുന്ന UDF ന്റെ വോട്ടും 37. 1 ശതമാനത്തിലേക്ക് കുറഞ്ഞു. നിയസഭ തെരഞ്ഞെടുപ്പില്‍ 43.48 ശതമാനം വോട്ടുനേടിയ LDF ന്റെ വോട്ടുവിഹിതവും 41.6 ശതമാനത്തിലേക്ക് ഇടിയുകയാണുണ്ടായത്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവും വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയും ഇടതുമുന്നണിയിലേക്ക് ചേക്കേറിയിട്ടും അവരുടെ വോട്ടു വിഹിതം കുറഞ്ഞു എന്ന വസ്തുത, അവര്‍ അവകാശപ്പെടുന്നതുപോലെ തുടര്‍ഭരണ സാധ്യത അത്ര എളുപ്പമായിരിരിക്കില്ല എന്നതിന്റെ സൂചനകൂടിയാണ്.

ഒരു കേഡര്‍ പാര്‍ട്ടിയല്ലാത്തതുകൊണ്ടു തന്നെ റിബലുകളും വിമതരും കൂടുതല്‍ ഉണ്ടാവുക കോണ്‍ഗ്രസിലാണ്. ഇത്തരം വിമതരെ ഇടതു സ്വാതന്ത്രരാക്കിയതും വിമതര്‍ മൂലമുള്ള വോട്ടുഭിന്നിക്കലും ഇടതുപക്ഷത്തിന്റെ വിജയത്തിനു സഹായകമായി എന്നതിനെ രാഷ്ട്രീയ
വിജയമായി വിലയിരുത്താനാവില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഭക്ഷണവും കിറ്റുമെല്ലാം ഇടതുപക്ഷത്തിന്റെ വിജയത്തിനു പ്രേരകമായിട്ടുണ്ടാവാം. സിവിക് ചന്ദ്രന്‍ പറഞ്ഞതുപോലെ ;ഉണ്ട ചോറിനു നന്ദി കാണിക്കുക എന്ന മലയാളികളുടെ സാമാന്യ മര്യാദ എന്നതിനപ്പുറം സക്കറിയ വിലയിരുത്തും പോലെ മൂഹികവും രാഷ്ട്രീയവുമായ യാഥാര്‍ഥ്യബോധ്യത്തോടെ വോട്ടു ചെയ്യുന്ന ആധുനിക സമൂഹമായി നമ്മള്‍ മാറിയിട്ടൊന്നുമില്ല.വളരെയധികം കക്ഷിരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒന്നാണ് കേരളീയ സമൂഹം. അതുകൊണ്ടു തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടേതായ ശക്തമായ വോട്ടുബാങ്കുകളുമുണ്ട്. എന്തൊക്കെ രാഷ്ട്രീയ ഭൂകമ്പങ്ങള്‍ ഉണ്ടായാലും ഒരു നിശ്ചിത ശതമാനം വോട്ട് അവര്‍ക്കുറപ്പാണ്. ചെറിയൊരു ശതമാനം വരുന്ന ഫ്േളാട്ടിങ് വോട്ടുകളാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം 14-15 ശതമാനമാണ് ബിജെപിയുടെ വോട്ടു വിഹിതം. പലവിധ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയിട്ടും വലിയതോതില്‍ പണമൊഴുക്കിയിട്ടും കേരളത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാക്കാന്‍ ബിജെപിക്കു സാധിച്ചിട്ടില്ല. പത്തു ശതമാനത്തില്‍ താഴെ നിന്നും പതിനഞ്ചു ശതമാനത്തിലേക്കുള്ള അവരുടെ വളര്‍ച്ചയില്‍ സമാഹരിക്കപ്പെട്ടതേറെയും കോണ്‍ഗ്രസിന്റെ ഹിന്ദുവോട്ടുകളാണ്. എങ്കിലും ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം വലിയ പരിക്കുകളില്ലാതെ പിടിച്ചു നില്ക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു. എന്നാല്‍, കേന്ദ്രത്തിലെ അധികാരം കോണ്‍ഗ്രസിനു അപ്രാപ്യമായതോടെ ക്രൈസ്തവ മത നേതൃത്വങ്ങള്‍ക്കു കോണ്‍ഗ്രസിനോടു പഴയതുപോലുള്ള മമതയൊന്നുമില്ല. കേന്ദ്ര അധികാരം കൈയ്യാളുന്ന ബിജെപിയുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനുള്ള തത്രപ്പാടിലാണവര്‍. മത ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങളോടടുപ്പിക്കാന്‍ കുറെ വര്‍ഷങ്ങളായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ കുറെയൊക്കെ വിജയിക്കുന്നതും കോണ്‍ഗ്രസിനു ക്ഷിണമായി. ജോസ് കെ. മാണിയുടെ മുന്നണിമാറ്റം മാത്രമല്ല, യാക്കോബായ – ഓര്‍ത്തഡോക്‌സ് തര്‍ക്കത്തില്‍ തന്ത്രപരമായി നടത്തിയ ഇടപെടലുകളും മധ്യകേരളത്തിലെ ഇടതുമുന്നണിയുടെ വിജയത്തിനു ഹേതുവായിട്ടുണ്ട്. കോണ്‍ഗ്രസ് ബിജെപിയുടെ ബീ ടീമാണെന്നും തങ്ങള്‍ക്കു മാത്രമേ ബിജെപിയുടെ വര്‍ഗീയതയെ പ്രതിരോധിക്കാനാവു എന്നുള്ള ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങളും കുറെയൊക്കെ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാവാം. ലൗ ജിഹാദ് പ്രശ്‌നമെല്ലാമുയര്‍ത്തി ക്രിസ്ത്യാനികള്‍ക്കിടയില്‍ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചും, യുഡിഎഫിന്റെ നിയന്ത്രണം മുസ്ലീംലീഗിന്റെ കൈയിലാണെന്നു പ്രചരിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചാരങ്ങളും കുറേയൊക്കെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാവാം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് നടത്താന്‍ ശ്രമിച്ച നീക്കുപോക്കുകള്‍ അതിനു സഹായകമാവുകയും ചെയ്തു.

സ്വര്‍ണ്ണക്കടത്തും സ്പ്രിങ്കിള്‍ ഇടപാടും ലൈഫ് മിഷന്റെ മറവില്‍ നടന്ന കോഴ ഇടപാടുകളും ഉള്‍പ്പെടെ ഭരണപക്ഷം പ്രതിരോധത്തിലായ സന്ദര്‍ഭത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മേല്‍കൈ നേടാന്‍ യുഡിഫിനു സാധിക്കാതെവന്നത് അവരുടെ ആഭ്യന്തര ദൗര്‍ബല്യം കൊണ്ടുതന്നെയാണ്. വിവിധ ദിശകളില്‍ കുതിരയെ കെട്ടിയ രഥം പോലെയായിരുന്നു യുഡിഎഫ്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും തമ്മില്‍ പോലും പല വിഷയങ്ങളിലും ഏകാഭിപ്രായമില്ലാതെ പരസ്പര വിരുദ്ധമായി പ്രതികരിക്കുന്ന അവസ്ഥയായിരുന്നു പലപ്പോഴും. സാമ്പത്തിക സവരണമുള്‍പ്പെടെയുള്ള വിഷയങ്ങളിലാകട്ടെ കോണ്‍ഗ്രസും ലീഗും പരസ്പര വിരുദ്ധ നിലപാടിലായിരുന്നു. ക്രിയാത്മക പ്രതിപക്ഷമായി പ്രവത്തിക്കുന്നതിലും സര്‍ക്കാരിന്റെ വീഴ്ചകളെ ജനമധ്യത്തില്‍ അവതരിപ്പിച്ചു രാഷ്ട്രീയമായി മേല്‍കൈ നേടുന്നതിനുമുള്ള നേതൃശേഷി കേന്ദ്രത്തിലോ-സംസ്ഥാനത്തിലോ കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസിന്റെയും അവര്‍ നേതൃത്വം നല്‍കുന്ന യുഡിഫിന്റെയും ഈ ബലഹീനതകളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മേല്‍കൈ ലഭിക്കാനുള്ള യഥാര്‍ത്ഥ കാരണം. അല്ലാതെ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമായി അതിനെ വിലയിരുത്തുന്നത് അപക്വമായിരിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയനിര്‍മാണങ്ങള്‍ക്കോ നയപരമായതീരുമാനങ്ങള്‍ എടുക്കുന്നതിനോ കാര്യമായ അധികാരമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം തദേശ ഭരണസമിതികളുടെ ഭരണം വിലയിരുത്തപ്പെടാനുള്ള അവസരങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ തിരിച്ചറിഞ്ഞുള്ള വികസന പ്രവര്‍ത്തനങ്ങളോ ക്ഷേമ പ്രവര്‍ത്തനങ്ങളോ പോലും ചര്‍ച്ചാവിഷയമാകാതെ, കക്ഷിരാഷ്ട്രീയത്തിലെ സമകാലിക ആരോപണ- പ്രത്യാരോപങ്ങളില്‍ മാത്രം തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കേന്ദ്രികരിക്കപ്പെടുന്നത് ഗുണകരമല്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും കഴിഞ്ഞകാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പദ്ധതികള്‍ക്കുള്ള ജനാഭിപ്രായം രൂപപ്പെടുത്തുന്നതിനുമുള്ള അവസരങ്ങളായി ഇത്തരം തെരഞ്ഞെടുപ്പുകള്‍ മാറേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ അത്തരം വിപുലമായ ചര്‍ച്ചകള്‍ നടന്നതു കിഴക്കമ്പലം പഞ്ചായത്തിലാണ്. തങ്ങളുടെ ഭരണ മികവു പ്രധാന തെരഞ്ഞെടുപ്പു വിഷയമായി അവതരിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയ ട്വന്റി -20 കിഴക്കമ്പലം നിലനിര്‍ത്തിയതോടോപ്പം സമീപത്തുള്ള മുന്ന് പഞ്ചായത്തുകളില്‍ കൂടി വിജയം കൈവരിച്ചു. ഒരു പഞ്ചായത്തില്‍ അഴിമതി രഹിതമായി, അര്‍പ്പണ മനോഭാവത്തോടെ ജനപ്രതിനിധികള്‍ പ്രവര്‍ത്തിച്ചാല്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാവും എന്നവര്‍ തെളിയിച്ചതിന്റെ പ്രതിഫലനം കൂടിയാണ് അവര്‍ കരസ്ഥമാക്കിയ വിജയം. അതിനെ ഒരു കോര്‍പറേറ്റ് കമ്പനിയുടെ CSR ഫണ്ടിന്റെ വിനിയോഗം മാത്രമായോ അരാഷ്ട്രീയവാദമായോ ചുരുക്കിക്കാണേണ്ടതില്ല.

സംസ്ഥാന ധനകാര്യ കമ്മീഷന്‍ അനുവദിക്കുന്ന പദ്ധതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ പണം, തദ്ദേശ സ്ഥാപനങ്ങളുടെ തനതുവരുമാനം എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ടു അതതു പ്രദേശത്തിന്റെ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുക എന്നതാണ് തദ്ദേശ ഭരണസമിതികളുടെ പ്രധാനമായ കടമകളിലൊന്ന്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണ് അടുത്ത അഞ്ചു വര്‍ഷം കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലൂടെ ഇങ്ങനെ വിനിയോഗിക്കാന്‍ പോകുന്നത്. കക്ഷിരാഷ്ട്രീയ പരിഗണനയില്ലാതെ വ്യക്തമായ ആസൂത്രണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അഴിമതിരഹിതമായി അവ പ്രാവര്‍ത്തികമാക്കാനും ഉള്ള ഇച്ഛാശക്തിയുള്ള ജനപ്രതിനിധികളുണ്ടെകില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ നടപ്പാക്കിയതുപോലെയോ അതിനേക്കാള്‍ മികച്ച രീതിയിലോ പല തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനാവും. അത്തരമൊരു കര്‍ത്തവ്യം ഏറ്റെടുക്കാനുള്ള നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിമുഖതയില്‍ നിന്നാണ് രാഷ്ട്രീയരംഗം കോര്‍പറേറ്റുകള്‍ കയ്യടക്കുന്നു എന്ന വിലാപം ഉയരുന്നത്.

ട്വന്റി -20 ക്കു നേതൃത്വം നല്‍കുന്ന കമ്പനി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലോ, അവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന പോലുള്ള പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുന്നുണ്ടെങ്കിലോ അതിനെതിരെ നടപടി എടുക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ഒരു പഞ്ചായത്തിന്റെ അധികാരം ഉള്ളതുകൊണ്ട് അത്തരം നിയമങ്ങള്‍ക്കൊന്നും അവര്‍ അതീതരാകാനും പോകുന്നില്ല. തങ്ങളുടെ കമ്പനി നിലനില്‍ക്കുന്ന പ്രദേശത്തിന്റെ വികസനത്തിനായോ തദ്ദേശവാസികളുടെ ക്ഷേമത്തിനായോ എന്തെങ്കിലും ചെയ്യാനുള്ള അവരുടെ സന്നദ്ധതയെ വലിയ അപരാധവും അപകടകരമായ രാഷ്ട്രീയ പ്രവണതയായും വിലയിരുത്തുന്നത് ശരിയായ സമീപനമാണോ. വിവിധ കോര്‍പ്പറേറ്റ് കമ്പനികളുടെ താല്‍പര്യങ്ങള്‍ക്കു അനുയോജ്യമായവിധം നയസമീപനങ്ങള്‍ ആവിഷ്‌കരിക്കുകയും നിയവിധേയമായും അല്ലാതെയും അവരില്‍ നിന്നും ധനസമാഹരണം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങളാണ്, രാഷ്ട്രീയേതരമായ ഒരു സംഘടനയിലൂടെ ഒരു പഞ്ചായത്തിന്റെ അധികാരം കരസ്ഥമാക്കിയതിനെതിരെ രോഷാകുലരാകുന്നതെന്നതാണ് ഏറെ വിചിത്രം. അവര്‍തന്നെയാണ് പല വ്യാപാര വ്യവസായ പ്രമുഖരെയും എംപിമാരും എംഎല്‍എ മാരും ആക്കി അധികാരകേന്ദ്രങ്ങളില്‍ പ്രതിഷ്ഠിച്ചതും. തങ്ങളുടെ പാര്‍ട്ടികളുടെ ഭാഗമായി വ്യാപാരികളോ വ്യവസായികളോ രാഷ്ട്രീയരംഗത്തേക്കു കടന്നുവന്നാല്‍ പുരോഗമനപരവും അവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകാതെ രാഷ്ട്രീയാധികാരത്തിലേക്കു വന്നാല്‍ അപകടപരവും ആവുന്നത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്.

2012 ല്‍ പ്രവര്‍ത്തനമാരംഭിച്ച ട്വന്റി 20 മൂന്നുവര്‍ഷത്തോളം വിവിധങ്ങളായ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായശേഷമാണ് 2015 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ചതും. ജനങ്ങളുടെ പല വിഷയങ്ങളിലും ഇടപെട്ടു അവരുടെ വിശ്വാസം ആര്‍ജിച്ചതിനു
ശേഷമാണവര്‍ തെരഞ്ഞെടുപ്പു രംഗത്തിറങ്ങിയത്. അങ്ങനെയൊന്നും ചെയ്യാതെ കിഴക്കമ്പലം മോഡല്‍ പറഞ്ഞു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന വ്യാമോഹത്താല്‍ പല പ്രദേശങ്ങളിലും മത്സരരംഗത്തിറങ്ങിയ സംഘടനകള്‍ക്കൊന്നും കാര്യമായ ജനപിന്തുണ ആര്‍ജിക്കാനായില്ല. വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കിയാണ് ട്വന്റി 20 അവരുടെ ജനപിന്തുണ ഉറപ്പിച്ചു നിറുത്തുന്നത്. അതിനു സമാനമായ രീതിയില്‍ തന്നെയല്ലേ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇപ്പോഴത്തെ പ്രവര്‍ത്തനരീതി. സൗജന്യ ഭക്ഷണവും കിറ്റുകളും ക്ഷേമ പെന്‍ഷനുകളും വീടു വച്ചുനല്‍കലും വികസന പ്രവര്‍ത്തനങ്ങളും പറഞ്ഞു രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ട്വന്റി 20 യും ചെയ്യുന്നത്. ഒരുകൂട്ടര്‍ ചെയ്യുമ്പോഴതു രാഷ്ട്രിയവും വേറൊരുകൂട്ടര്‍ ചെയ്യുമ്പോഴത് അരാഷ്ട്രീയവും ആവുന്നതെങ്ങനെ. എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ അപ്രസക്തരാക്കി ഏതാനും പഞ്ചായത്തുകളില്‍ അധികാരം കരസ്ഥമാക്കിയ ട്വന്റി 20 യുടെ വിജയം ശ്രദ്ധേയമായ ഒന്നാണെന്നതില്‍ സംശയമില്ല. ജനങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ ചെയ്യുന്നവരെ രാഷ്ട്രീയ പരിഗണനയില്ലാതെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകുമെന്ന രാഷ്ട്രീയ സൂചനകളാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply