രാഷ്ട്രീയാനന്തര കാലത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം

പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഇല്ലാതാവുന്നതോടെ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം ഭയത്തേയും ഭക്തിയേയും ചില്ലറ ‘ക്ഷേമ പ്രവര്‍ത്തനങ്ങളേയും’ചുറ്റിപ്പറ്റി നടന്നുനീങ്ങുന്നു. സംഘപരിവാറിന്റെ ഭൂരിപക്ഷ രാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷത്തെ ഭയപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷം; ന്യൂനപക്ഷ വര്‍ഗീയതയുടെ അപകടം ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷത്തിന്റെ സമ്മതി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി; ഇടതുപക്ഷ- സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്തി എല്ലാത്തരം വര്‍ഗീയതയേയും പ്രീണിപ്പിച്ച് അധികാരത്തില്‍ പ്രവേശിക്കാന്‍ വെമ്പല്‍പൂണ്ടു നില്‍ക്കുന്ന യു.ഡി.എഫ്. – ഭയത്തിന്റെ രാഷ്ട്രീയം (politics of fear) വരുന്നത് ഇങ്ങനെയാണ്.

പ്രശസ്ത രാഷ്ട്രീയ ചിന്തകനായ പ്രൊഫ.ഗോപാല്‍ ഗുരു ദേശീയതയെക്കുറിച്ച് പറയുന്നൊരു കാര്യമുണ്ട്. ‘ദേശത്തെ വിഭാവന ചെയ്യേണ്ടത് അത് നല്‍കുന്ന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാവണമെന്നും അവ (വാഗ്ദാനങ്ങള്‍) രാജ്യത്തിന്റെ വര്‍ത്തമാനത്തേയും ഭാവിയേയും സംബന്ധിക്കുന്നതാവണമെന്നും’ അദ്ദേഹം സൂചിപ്പിക്കുന്നു.

ഗോപാല്‍ ഗുരുവിന്റെ ഈ ആശയം ഫ്രഞ്ച് തത്വചിന്തകന്‍ ജാക്വസ് ദെറിദയുടെ (Jacquse Derrida) ‘വരാന്‍ പോകുന്ന ജനാധിപത്യം’ (Democracy to come) എന്ന ആശയവുമായി യോജിച്ചുനില്‍ക്കുന്നു. ജനാധിപത്യത്തിലേക്കുള്ള സഞ്ചാരം ഒരിക്കലും അവസാനിക്കാത്തതും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായൊരു പ്രക്രിയയാണെന്നാണ് ഇതിലൂടെ അദ്ദേഹം അര്‍ത്ഥമാക്കുന്നത്. ജനാധിപത്യത്തിലേക്കുള്ള ഈ യാത്രയില്‍ വാഗ്ദാനങ്ങള്‍ക്കാണ് ഏറ്റവും പ്രാധാന്യം. രാജ്യത്തിന്റെ വാഗ്ദാനം മറ്റൊന്നുമല്ലെന്നും, അത് ജനാധിപത്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണെന്നും തന്മൂലം വാഗ്ദാനമെന്ന ആശയം ജനാധിപത്യത്തില്‍ അന്തര്‍ലീനമാണെന്നും അതില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നു. ജനാധിപത്യത്തിന്റെ ഘടനയ്ക്കും അന്തസത്തയ്ക്കും മൂര്‍ത്തഭാവം നല്‍കുന്ന ഇത്തരം വാഗ്ദാനങ്ങളിലൂടെയാണ് പൗരസമൂഹം അതിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നത്.

പ്രത്യയശാസ്ത്രത്തിന്റെ അസ്തമയവും ‘ദിഗംബര രാഷ്ട്രീയത്തിന്റെ’ ഉദയവും

രാഷ്ട്രീയ പാര്‍ട്ടികള്‍ താന്താങ്ങളുടെ പ്രത്യയശാസ്ത്രങ്ങളിലൂടെയും അവയില്‍ ചാലിച്ചെടുത്ത നയങ്ങളിലൂടെയുമാണ് ജനാധിപത്യത്തിന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത്. ഇതിനര്‍ത്ഥം അവര്‍ (രാഷ്ട്രീയ കക്ഷികള്‍) തമ്മില്‍ അതിരുകള്‍ ഉണ്ടെന്നും ഓരോ പാര്‍ട്ടിക്കും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടും ജീവിത വീക്ഷണവും ഉണ്ടെന്നും കൂടിയാണ്. പാര്‍ട്ടികളെ അടയാളപ്പെടുത്തുന്ന ഈ അളവുകോല്‍ ജനങ്ങള്‍ക്ക് പ്രകടമായി അനുഭവപ്പെടുന്നത് മുഖ്യമായും തിരഞ്ഞെടുപ്പ് സമയത്താണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയത്തിന്റേയും നയങ്ങളുടേയും സംഘര്‍ഷമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. എന്നാല്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ നാട്ടുവെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ചുനില്‍ക്കുന്ന വര്‍ത്തമാനകാല ജനാധിപത്യ രാജ്യങ്ങളില്‍ ഇതെല്ലാം അവയുടെ അഭാവം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ജനാധിപത്യം ഇപ്പോള്‍ വാഗ്ദാനമായല്ല നില്‍ക്കുന്നത്, പിന്നയോ കേവലം അധികാരവും അതിന്റെ പ്രയോഗവുമായാണ് നില്‍ക്കുന്നത്. ഇത് ‘ദിഗംബര രാഷ്ട്രീയമാണ്'(Naked politics), രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ നഗ്‌നത മറയ്ക്കാന്‍ പ്രത്യയശാസ്ത്രമോ ആശയങ്ങളോ ഒന്നുമില്ലാത്ത അവസ്ഥ.

തിരഞ്ഞെടുപ്പ് എന്ന കെട്ടുകാഴ്ച

ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം. സ്വാഭാവികമായും, കേരള രാഷ്ട്രീയവും ഇതില്‍നിന്ന് വ്യത്യസ്തമാവുന്നില്ല. ദേശീയതലത്തില്‍ ആഴത്തില്‍ വേരോടി നില്‍ക്കുന്ന മുകളില്‍ പറഞ്ഞ പ്രതിഭാസം കേരളത്തിലും ശക്തിപ്രാപിച്ചിരിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്. തിരഞ്ഞെടുപ്പുകള്‍ വെറും കെട്ടുകാഴ്ചകളായി മാറിയിരിക്കുന്നു. ഒരുതരം അഭിനയകല. രാഷ്ട്രീയ നേതൃത്വത്തിന്റെ (ബിസിനസ് കോര്‍പ്പറേറ്റുകളുടെയും) ഉള്ളംകയ്യില്‍ അകപ്പെട്ടിരിക്കുന്ന പാര്‍ട്ടികളും അവ നയിക്കുന്ന മുന്നണികളും തമ്മിലുള്ള ബലാബലമാണ് ഇപ്പോള്‍ കേരളത്തിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത ടര്‍ക്കിഷ് എഴുത്തുകാരന്‍, അഹമ്മദ് അല്‍റ്റന്‍ (Ahmte Altan), പറഞ്ഞത് ഓര്‍മ്മ വരുന്നു. ‘രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന എല്ലാവരുടെയും ഉള്ളില്‍ ഒരു സുല്‍ത്താന്‍ ഒളിഞ്ഞിരിപ്പുണ്ട്. നിങ്ങള്‍ എന്ത് ചെയ്താലും, നിങ്ങളുടെ ഭരണ സമ്പ്രദായത്തെ എന്ത് പേരിട്ട് വിളിച്ചാലും, എല്ലാറ്റിനും ഒടുവില്‍ ഒരു സുല്‍ത്താനാവും തലപ്പത്ത് ഉണ്ടാവുക’ (Love in the Dsay of Rebellion). ഇതു തന്നെയല്ലെ ഇന്ത്യ ഉള്‍പ്പെടെ ജനാധിപത്യം എന്നു നാം വിശേഷിപ്പിക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളിലേയും അവസ്ഥ?

കേരള രാഷ്ട്രീയത്തേയും, സംസ്ഥാനത്ത് നടന്ന കഴിഞ്ഞ അസംബ്‌ളി തിരഞ്ഞെടുപ്പിനേയും ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടത്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വപ്‌നം കാണുന്നത് ഭരണത്തുടര്‍ച്ചയാണെങ്കില്‍, ദേശീയ ജനാധിപത്യ സഖ്യത്തിന് അസംബ്‌ളിയിലെ സ്വന്തം അംഗബലം രണ്ടക്കത്തില്‍ എത്തിക്കുക എന്നതാണ് പ്രശ്‌നം. മറുവശത്ത്, ഐക്യ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം, 2016 ല്‍ നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കുക എന്നതിനേക്കാള്‍, കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ പ്രസക്തി നിലനിര്‍ത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

മൂന്ന് സുല്‍ത്താനേറ്റുകള്‍

മൂന്ന് മുന്നണികളേയും നയിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക്- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), കോണ്‍ഗ്രസ്(ഐ), ഭാരതീയ ജനതാ പാര്‍ട്ടി- ഒരു പൊതു സ്വഭാവമുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം – കേന്ദ്രീകൃതമായ രാഷ്ട്രീയ നേതൃത്വം. പാര്‍ട്ടിനേതൃത്വം എന്തുതന്നെ മറിച്ചു പറഞ്ഞാലും, സി.പി.എമ്മിലെ അധികാര കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരു പക്ഷെ സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഇതാദ്യമായാവണം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം ഒരു വ്യക്തിയില്‍ വന്നുചേര്‍ന്നിരിക്കുന്നത്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും അവസ്ഥയും ഇതുതന്നെ ആണെങ്കിലും ഒരു വ്യത്യാസം കാണാനാവും. ഇരു പാര്‍ട്ടികളിലും അധികാര കേന്ദ്രം സംസ്ഥാനത്തിന് പുറത്ത് രാജ്യ തലസ്ഥാനത്താണ് കുടികൊള്ളുന്നത്. നരേന്ദ്ര മോദി – അമിത് ഷാ ദ്വന്ദം ബി.ജെ.പിയുടെയും നെഹ്രു കുടുംബം (ഹൈക്കമാന്‍ഡ് എന്ന് വായിക്കുക) കോണ്‍ഗ്രസിന്റെയും നിയന്ത്രണം കൈവശം വച്ചിരിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ഇത്തവണ കേരളത്തില്‍ മൂന്ന് സുല്‍ത്താനേറ്റുകള്‍ (Sultanatse) തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മത്സരം ജീവന്മരണവും സുല്‍ത്താനേറ്റുകള്‍ തമ്മിലുള്ളതുമാവുമ്പോള്‍, സ്വാഭാവികമായും, പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കോ ആശയങ്ങള്‍ക്കോ നയങ്ങള്‍ക്കോ സ്ഥാനമുണ്ടാവില്ലല്ലോ. അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കുമാണ് പ്രാധാന്യം. കമ്യൂണിസ്റ്റുകാര്‍ വിശേഷിച്ച് സി.പി.എമ്മുകാര്‍ സദാ പറഞ്ഞു നടക്കുന്ന ‘അടവ്‌നയം’ എന്ന പ്രയോഗം ഓര്‍ക്കുക. അതോടെ മത്സരത്തിന്റെ ലക്ഷ്യം അധികാരം മാത്രമായി ചുരുങ്ങുന്നു. മിഷേല്‍ ലിന്‍ഡ് (Michael Lind) പറയും പോലെ, ‘പ്രശ്‌നമല്ല പ്രശ്‌നം. പ്രശ്‌നം അധികാരത്തിന്റെതാണ്’. കേരള രാഷ്ട്രീയത്തില്‍ ഇന്ന് പ്രത്യയശാസ്ത്രം, കൊയ്ത്ത്കഴിഞ്ഞ് പാടത്ത് കൂട്ടിയിട്ടിരിക്കുന്ന ഗോതമ്പ് മണികളെ പോലെയാണ്. അധികാരത്തിന്റെ ചുഴലിക്കാറ്റ് വീശിയടിക്കുന്നതോടെ അത് നാലുപാടും ചിതറിത്തെറിച്ച് പോകുന്നു. ഇടതുപക്ഷം വളരെ വേഗം ഇടത് അല്ലാതായിക്കൊണ്ടിരിക്കുകയും വലതുപക്ഷം (കോണ്‍ഗ്രസും ബി.ജെ.പിയും) കൂടുതല്‍ കൂടുതല്‍ വലതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കടലിന്റെ നടുക്കു നിന്ന് എങ്ങോട്ട് നോക്കിയാലും ഒരുപോലെയായിരിക്കും എന്ന് പറയും പോലെ, വര്‍ത്തമാനകാല കേരള രാഷ്ട്രീയം എങ്ങോട്ട് നോക്കിയാലും, ചില്ലറ വ്യത്യാസങ്ങള്‍ക്ക് പഴുത് നീക്കിവച്ചാല്‍, ഏതാണ്ട് ഒരു പോലെയാണ്.

ത്രൊ എവേ രാഷ്ട്രീയം

ഇതിന്റെ ഏറ്റവും നല്ല തെളിവാണ് രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയക്കാരും സ്വന്തം പാര്‍ട്ടി/മുന്നണിയില്‍ നിന്ന് എതിര്‍ കക്ഷി/മുന്നണിയിലേക്ക്, ഉടുതുണി മാറുന്നതിനേക്കാള്‍ വേഗത്തില്‍, കുടിയേറുന്നത്. ഏറ്റവും രസകരമായ കാര്യം, ഇങ്ങനെ എത്തുന്നവര്‍ക്ക് പാര്‍ട്ടി നേതൃത്വം അംഗത്വവിതരണം മാത്രമല്ല നടത്തുന്നത്, സീറ്റ് വിതരണം കൂടിയാണ് എന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ (2016) തങ്ങള്‍ നഖശിഖാന്തം എതിര്‍ത്ത കേരള കോണ്‍ഗ്രസ് (എം) നെ കൂടെ കൂട്ടാനും മുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷിയായിക്കണ്ട് പതിമൂന്ന് സീറ്റുകള്‍ വെള്ളിത്തളികയില്‍ വച്ച് നീട്ടാനും ഇടതുമുന്നണിക്കും അതിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനും രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ലല്ലോ. യു.ഡി.എഫിനും എന്‍.ഡി.എക്കും ഒരു സങ്കടമേ ഉള്ളു. ഒരു പ്രബലകക്ഷിയും തങ്ങളെ തേടി എത്തുന്നില്ല. എത്തിയ ഒരു കക്ഷിയേയും അര കക്ഷിയേയുമൊക്കെ അവര്‍ വേണ്ടവിധം പരിഗണിക്കുകയും ചെയ്തു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എന്‍.സി.പിയിലെ പിളര്‍പ്പും അതിനെ തുടര്‍ന്ന് അതിലെ ഒരു കഷണം ഐക്യജനാധിപത്യ മുന്നണിയില്‍ ചേക്കേറിയതും. പ്രത്യേകിച്ച് ആള്‍ക്കാരോ ആശയങ്ങളോ ഇല്ലാത്ത മാണി സി. കാപ്പന്റെ ഈ ഒറ്റയാള്‍പാര്‍ട്ടിക്ക്, പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തൃണവല്‍ഗണിച്ചുകൊണ്ട്, രണ്ട് സീറ്റ് നല്‍കാന്‍ ഔദാര്യം കാണിച്ച യു. ഡി.എഫിന്റെ രാഷ്ട്രീയ വിശാലത എങ്ങനെ മറക്കാനാവും?

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി നടക്കുന്ന രാഷ്ട്രീയക്കാരുടെ കാര്യം. ഈവിധം സി.പി.എമ്മിലെത്തിയ അഞ്ചു പേര്‍ക്കാണ് ഇക്കുറി അവര്‍ സീറ്റ് നല്‍കി സന്തോഷിപ്പിച്ചതെങ്കില്‍, സി.പി.എമ്മില്‍ നിന്ന് മറുകണ്ടം ചാടിയ രണ്ടുപേരെ അതേ മുന്നണിയിലുള്ള കേരളാ കോണ്‍ഗ്രസ്(എം) സീറ്റ് നല്‍കി റിക്കോര്‍ഡ് സൃഷ്ടിച്ചു. സി.പി.ഐ ഒരാള്‍ക്കും എന്‍.ഡി.എ മൂന്നുപേര്‍ക്കും ഈ വിധം സീറ്റ് നല്‍കി ബഹുമാനിച്ചു.കോണ്‍ഗ്രസില്‍ നിന്ന് എന്‍.സി.പിയില്‍ എത്തിയ പി.സി.ചാക്കോയും പി.എം. സുരേഷ് ബാബുവും ബി.ജെ.പിയില്‍ എത്തിയ വിജയന്‍ തോമസും പന്തളം പ്രതാപനും സി.പി.എമ്മില്‍ എത്തിയ കെ.സി.റോസക്കുട്ടിയും അവസരവാദ രാഷ്ട്രീയത്തിന് മിഴിവേകുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇതിലും വലിയ രാഷ്ട്രീയ പലായനങ്ങള്‍ ന്യായമായും പ്രതീക്ഷിക്കാം, യു.ഡി.എഫ്. പരാജയപ്പെടുക കൂടി ചെയ്യുകയാണെങ്കില്‍ വിശേഷിച്ചും. ഇത് അടുത്തകാലത്ത് ഉടലെടുത്ത പ്രതിഭാസമാണെന്നല്ല വിവക്ഷ.ഒരുപാട് മുന്‍ഗാമികള്‍ കെ.ടി.ജലീലും വി.അബ്ദുറഹിമാനും പി.വി.അന്‍വറും, ശോഭന ജോര്‍ജും, കെ.എസ്.രാധാകൃഷ്ണനും, അല്‍ഫോണ്‍സ് കണ്ണന്താനവും, എ.പി.അബ്ദുള്ളക്കുട്ടിയും, കെ.എസ്. മനോജും… വെട്ടിത്തെളിച്ച അധികാര രാഷ്ട്രീയത്തിന്റെ പാതയിലെ ഒടുവിലത്തെ സഞ്ചാരികളായി മാത്രം ഇവരെ കണ്ടാല്‍ മതി.

ഇത് നവലിബറല്‍ കണ്‍സ്യൂമര്‍ ക്യാപ്പിറ്റലിസത്തിന്റെ ത്രൊ എവേ (throw away) സംസ്‌ക്കാരത്തെ ഓര്‍മ്മപ്പെടുത്തുന്നു. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി പാര്‍ട്ടികള്‍ വരുന്നു എന്നുമാത്രം. സ്വന്തം അധികാരതൃഷ്ണ ശമിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടികളെ ഉപയോഗിക്കുകയും അത് കഴിയുന്നതോടെ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുകയും ചെയ്യുന്ന ഒരു തരം ത്രോ എവേ രാഷ്ട്രീയം. ഈ വിധം പാര്‍ട്ടികള്‍ക്ക് അതിരുകള്‍ ഇല്ലാതാവുന്നതോടെ, അവയുടെ ‘രക്തം’ തമ്മില്‍ ഇടകലരുന്നതോടെ, അപ്രസക്തമാവുന്നത് ഓരോ പാര്‍ട്ടിയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമാണ്. തങ്ങള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് പാര്‍ട്ടികള്‍ക്ക് തന്നെ അറിവില്ലാത്ത അവസ്ഥ.

ഭയവും ഭക്തിയും ക്ഷേമക്കിറ്റും

ഈവിധം പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഇല്ലാതാവുന്നതോടെ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം ഭയത്തേയും ഭക്തിയേയും ചില്ലറ ‘ക്ഷേമ പ്രവര്‍ത്തനങ്ങളേയും’ചുറ്റിപ്പറ്റി നടന്നുനീങ്ങുന്നു. സംഘപരിവാറിന്റെ ഭൂരിപക്ഷ രാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷത്തെ ഭയപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷം; ന്യൂനപക്ഷ വര്‍ഗീയതയുടെ അപകടം ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷത്തിന്റെ സമ്മതി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി; ഇടതുപക്ഷ- സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്തി എല്ലാത്തരം വര്‍ഗീയതയേയും പ്രീണിപ്പിച്ച് അധികാരത്തില്‍ പ്രവേശിക്കാന്‍ വെമ്പല്‍പൂണ്ടു നില്‍ക്കുന്ന യു.ഡി.എഫ്. – ഭയത്തിന്റെ രാഷ്ട്രീയം (politics of fear) വരുന്നത് ഇങ്ങനെയാണ്. നവലിബറലിസത്തിന്റെ പ്രത്യേകതയായാണ് ഇതിനെ ഫ്രഞ്ച് തത്വചിന്തകന്‍ അലന്‍ ബേദിയൊ (Alain Badiou) വിശേഷിപ്പിക്കുന്നത്. ‘അപരനെക്കുറിച്ചുള്ള ഭയമാണ് നവലിബറല്‍ കാലത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്നും വിമോചനത്തിന്റെ രാഷ്ട്രീയം വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ തടസ്സവും ഇതാണെന്നും’ അദ്ദേഹം വാദിക്കുന്നു.

ഭയത്തെ പോലെ തന്നെ ഭക്തിയും തിരഞ്ഞെടുപ്പില്‍ ഇടം നേടിയിരിക്കുന്നു.ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ മാത്രമായി ഇത് ഒതുങ്ങുന്നില്ല. ദേവസ്വം മന്ത്രിയുടെ അനവസരത്തിലുള്ള ഖേദപ്രകടനവും, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റവുമാണ് ശബരിമല പ്രശ്‌നം ഇപ്പോള്‍ സജീവമാക്കിയതെങ്കില്‍, ഓരോ കക്ഷിയും അവര്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്നണികളും, ഇടതു-വലതു വ്യത്യാസമില്ലാതെ, സമുദായ നേതൃത്വങ്ങളേയും പൗരോഹിത്യ വര്‍ഗത്തേയും സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നത് നിത്യ കാഴ്ചയാണല്ലോ. അവരുടെ ശുപാര്‍ശക്കത്തുമായി വന്നവര്‍ക്ക് സ്വന്തം പാര്‍ട്ടിക്കാരെ തഴഞ്ഞ് സീറ്റ് കൊടുത്ത സംഭവം പോലും ഉണ്ടായിരിക്കുന്നു. വര്‍ഗീയതയ്‌ക്കെതിരെ പുരപ്പുറ പ്രസംഗം നടത്തുന്ന സി.പി.എമ്മിന്റെ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഇത്തരത്തില്‍ സീറ്റു നേടിയ ആളാണെന്നാണ് പൊതു സംസാരം. ഇതിനേക്കാള്‍ കഷ്ടമാണ് മറ്റു പാര്‍ട്ടികളുടെ കാര്യം.

കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയ സമൂഹത്തിനെ സംബന്ധിച്ചിടത്തോളം വിമോചനം വെറും ക്ഷേമപെന്‍ഷനും സൗജന്യ റേഷന്‍കിറ്റും മാത്രമാണെന്ന മറ്റൊരു വശവുമുണ്ട്. ഇടതുപക്ഷത്തിന്റേയും ഐക്യമുന്നണിയുടേയും ദേശീയ ജനാധിപത്യ സഖ്യത്തിന്റേയും പ്രകടനപത്രികകള്‍ ഇതിന് ചുറ്റുമാണ് വട്ടം കറങ്ങുന്നത്. പെന്‍ഷനും കിറ്റിനുമൊക്കെ സേഫ്റ്റിനെറ്റിന്റെ സ്വഭാവം മാത്രമേ ഉള്ളുവെന്നും മൗലികമായ മാറ്റം കൊണ്ടുവരാന്‍ അതിനാവില്ലെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍, മോചനത്തിന്റേയും പരിവര്‍ത്തനത്തിന്റേയും രാഷ്ട്രീയത്തിന്റെ ഇടങ്ങള്‍ ഭയവും ഭക്തിയും പെന്‍ഷനും കിറ്റും കയ്യേറിയിരിക്കുന്നു. മതത്തെ പോലെ ഇതും മറ്റൊരു കറുപ്പാണ്. ഈ പ്രത്യയശാസ്ത്ര ദാരിദ്ര്യം നിമിത്തം കേരളത്തിന്റെ ഭരണകൂടം യഥാര്‍ത്ഥത്തില്‍ കേരളീയരുടെ ഭരണകൂടമാവുന്നില്ല.

കേരള രാഷ്ട്രീയം എത്തിനില്‍ക്കുന്നത് സത്യാനന്തര കാലത്തെ രാഷ്ട്രീയാനന്തര കാലഘട്ടത്തിലാണ്. ഇറ്റാലിയന്‍ തത്വചിന്തകന്‍ ജോര്‍ജിയൊ അഗംബന്റെ(Giorgio Agamben) വാക്കുകള്‍ കടമെടുത്താല്‍ ഇത് ഒരുതരം ‘ആന്റി പൊളിറ്റിക്‌സ് പൊളിറ്റിക്‌സാണ് (antipolitics politics).’ കേരള രാഷ്ടീയത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന ജനിതക മാറ്റത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply