താലിബാന്‍ ഉണ്ടാവുമ്പോള്‍ സംഭവിക്കുന്നത്

ഇപ്പോള്‍ താലിബാനെ ഭയന്നോടുന്നവരില്‍ രണ്ടു വിഭാഗമാളുകള്‍ ഉണ്ടാവും. ഒരു കൂട്ടര്‍ അധിനിവേശത്തെ പിന്തുണച്ചവര്‍, മറ്റൊരു കൂട്ടര്‍ സ്ത്രീ വിരുദ്ധ മതാധികാര വാഴ്ചയില്‍ ദുരിതം പ്രതീക്ഷിക്കുന്നവര്‍. ഇപ്പോള്‍ അമേരിക്ക പിന്‍മാറുമ്പോള്‍ അവര്‍ മുന്നോട്ട് വെച്ച രണ്ടു ഉപാധികള്‍ , ഒന്നു അമേരിക്കയുടെ സാന്നിധ്യം അവിടെ തുടര്‍ന്നും അനുവദിക്കണം, രണ്ട്, അവരുടെ മുഖ്യശത്രുക്കളായ റഷ്യക്കും ചൈനക്കും കാബൂളില്‍ യാതൊരു പങ്കാളിത്തവും ഉണ്ടാവരുത്. ചുരുക്കത്തില്‍ മധ്യ പൌരസ്ത്യ ദേശങ്ങളിലെ അമേരിക്കന്‍ അധിനിവേശത്തിനു പോറല്‍ തട്ടരുത് എന്നുമാത്രം.

താലിബാന്‍ അഫ്ഗാനിസ്ഥാനെ മാത്രമല്ല, ലോകത്തെയാകമാനം കിടിലം കൊള്ളിച്ചിരിക്കയാണ്. സായുധമായ മുന്നേറ്റത്തിലൂടെ കാബൂളിന്റെ അധികാരം പിടിച്ചത് വാസ്തവത്തില്‍ ചരിത്രബോധമുള്ളവരെ ഞെട്ടിക്കേണ്ടതില്ല. 2001 ഒക്ടോബര്‍ പതിനൊന്നിന് പത്രപ്രവര്‍ത്തകനായ അനറ്റോള്‍ ലീവെന്‍ (Anatol Lieven) താലിബാന് എതിരായി പ്രതിരോധത്തിന് നേതൃത്വം കൊടുത്ത അഫ്ഘാന്‍ നേതാവ് അബ്ദുള്‍ ഹക്കുമായി ഒരു അഭിമുഖം നടത്തിയിരുന്നു. അമേരിക്കന്‍ ബോംബുകള്‍ വര്‍ഷിച്ചു കൊണ്ട് താലിബാനെ കീഴടക്കി അമേരിക്കന്‍ പാവ ഭരണകൂടം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ഘട്ടമായിരുന്നു. അബ്ദുള്‍ ഹക്ക് പെഷവാരില്‍ നിന്നും അമേരിക്കന്‍ പിന്തുണയില്‍ അഫ്ഗാനിലേക്ക് പോകാന്‍ തയാറെടുക്കുന്ന സന്ദര്‍ഭമായിരുന്നു. എങ്കിലും ആ അഭിമുഖത്തില്‍ അബ്ദുള്‍ ഹക്ക് കാര്യങ്ങള്‍ മുന്നേറുന്നത് ശരിയായ ദിശയിലല്ലെന്ന് പറയുന്നതു എന്തുകൊണ്ടാണ്?

”യുദ്ധം കൊണ്ട് മാത്രം ഇത് പോലുള്ള സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാവുക, പ്രത്യേകിച്ചു യുദ്ധം ദീര്‍ഘിക്കുകയും ധാരാളം സാധാരണ പൗരന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്താല്‍.” അബ്ദുള്‍ ഹക്ക് നിരീക്ഷിച്ചത് പോലെ അദ്ദേഹത്തെ തന്നെയും താലിബാന്‍ ഒക്ടോബര്‍ 26നു കൊല്ലുകയും, യുദ്ധം ദീര്‍ഘകാലം (ഇരുപതു വര്ഷം) തുടരുകയും ഒരു ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു. മാത്രമല്ല ഒരു കാര്യം കൂടി അബ്ദുള്‍ ഹക്ക് അന്ന് പറയുകയുണ്ടായി, ”അമേരിക്ക ഒരു പ്ലാന്‍ ഉണ്ടാക്കിയ സ്ഥിതിക്ക് എന്റെ നിദേശങ്ങള്‍ക്ക് പ്രസക്തിയുമില്ല.” (Chomsky.info)

ഇപ്പോള്‍ അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതില്‍ വിലപിക്കുന്നവര്‍ ഉണ്ട്.. എന്നാല്‍ ജനാധിപത്യവാദികള്‍ ആദ്യമായി വിലപിക്കേണ്ടത് ഒരു സ്വതന്ത്ര പരമാധികാരരാജ്യത്തിലേക്ക് അമേരിക്കന്‍ ഭരണകൂടം സൈന്യത്തെ അയക്കുക മാത്രമല്ല അവിടെ നിരന്തരം ക്ലസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചു സാധാരണ മനുഷ്യരെ മാത്രമല്ല അവരുടെ ഭൂമിയും വായുവും മലിനമാക്കിയതിനെയാണ്. വിയറ്റ്‌നാമില്‍ ഇത് പോലെ നടത്തിയതിന്റെ ക്രൂരമായ ഓര്മകള്‍ ഹോചിമിന്‍ നഗരത്തിലെ വാര്‍ മ്യൂസിയത്തില്‍ നമുക്ക് ഇപ്പൊഴും കാണാന്‍ കഴിയും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ അഫ്ഗാനിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടിയുടെ ഭരണത്തിനെതിരായി (1978-1992) തുടങ്ങിയ ആഭ്യന്തര കലാപത്തിന് അമേരിക്ക സര്‍വ തീവ്ര വലതു ഇസ്ലാമിസ്റ്റ് സംഘങ്ങള്‍ക്കും പിന്തുണ നല്കുകയായിരുന്നു. അല്‍ ഖൊയിതായും താലിബാനുമടക്കം എല്ലാ ഇസ്ലാമിസ്റ്റ് തീവ്ര സംഘങ്ങളെയും അമേരിക്ക പിന്തുണക്കുകയും വളര്‍ത്തുകയുമാണ് ചെയ്തത്. മാത്രമല്ല, അധിനിവേശം നടത്തി ആശ്രിത പ്രസിഡന്റുമാരായി അവരോധിക്കപ്പെട്ട ഹമീദ് കര്‍സായിക്കോ പിന്നീട് വന്ന അഷ്‌റഫ് ഗനിക്കോ കാബൂളിനപ്പുറം യാതൊരു ജനബന്ധവും ഉണ്ടായിരുന്നില്ല. ഒരു ജനകീയ പ്രസ്ഥാനവും അമേരിക്കയുടെ ആവശ്യമായിരുന്നില്ല.

ഇതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യമാണ് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ റോബെര്‍ട് ഫിസ്‌ക് ആക്രമിക്കപ്പെട്ട ശേഷം എഴുതിയ കുറിപ്പ്. ഏറുകൊണ്ടും തല്ലുകൊണ്ടും ചോരവാര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫിസ്‌ക് ഒരു ജനത അവര്‍ക്ക് പ്രതികരണശേഷി ഉണ്ടെന്ന് കാണിക്കുക മാത്രമാണു ചെയ്തതെന്നാണ് എഴുതിയത്. ഏത് വെള്ളക്കാരെ കിട്ടിയാലും അവര്‍ ഇത് തന്നെ ചെയ്യേണ്ടതാണ്, അമേരിക്കയുടെ ”വൃത്തികെട്ട യുദ്ധത്തോടുള്ള വെറുപ്പും രോഷവും പ്രകടിപ്പിക്കുന്ന പ്രതീകം മാത്രമാണു എനിക്കു കിട്ടിയ അടി” ഞാനായിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ ഞാനും റോബെര്‍ട് ഫിസ്‌കിനെ തല്ലുമായിരുന്നു എന്നു കൂടി ആ കുറിപ്പില്‍ ഫിസ്‌ക് എഴുതി. (ഇന്‍ഡിപെന്‍ഡന്റ്, 10 ഡിസംബര്‍ 2001)

ആയിരക്കണക്കിന് സാധാരണ പൗരന്‍മാര്‍ അമേരിക്ക അടിച്ചേല്‍പ്പിച്ച യുദ്ധത്തില്‍ നരകയാതന അനുഭവിക്കുമ്പോള്‍ അവര്‍ക്കിടയില്‍ എത്തപ്പെട്ട ഒരു പാശ്ചാത്യ പത്രപ്രവര്‍ത്തകന് ഇതെല്ലാതെ മറ്റെന്താണ് അര്‍ഹിക്കുന്നതെന്നാണ് റോബെര്‍ട് ഫിസ്‌ക് ആ കുറിപ്പില്‍ അന്ന് ചോദിച്ചത്. വാസ്തവത്തില്‍ ഇന്ന് നമുക്ക് നഷ്ടപ്പെടുന്നത് റോബെര്‍ട് ഫിസ്‌കോ നോം ചോംസ്‌കിയോ പ്രകടിപ്പിച്ചത് പോലുള്ള സത്യസന്ധതയും തിരിച്ചറിവുമാണ്. മാത്രമല്ല നമുക്ക് പ്രശ്‌നങ്ങളെ ചരിത്രവല്‍കരിക്കാനോ, ജ്ഞാന സമ്പാദന ശാസ്ത്രപരമായി സ്ഥാനപ്പെടുത്താനോ കഴിയുന്നുമില്ല. നമ്മൂടെ സാംസ്‌കാരിക ബുദ്ധിജീവികള്‍ സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച ചര്‍വിത ചര്‍വണ സംഘഗാനത്തില്‍ പങ്ക് ചേരുക മാത്രമാണ് ചെയ്യുന്നത്. അതിനപ്പുറം സാമൂഹിക സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതിന്റെ സാംസ്‌കാരികവും, സാമ്പതികവുമായ കാരണങ്ങളിലേക്ക് പ്രവേശിക്കാന്‍ പോലും പര്യാപ്തമായ നിരീക്ഷണങ്ങളോ പഠനങ്ങളോ നടത്തുന്നുമില്ല.

അമേരിക്ക പിന്മാറിയത് കൊണ്ടല്ല താലിബാന്‍ അഫ്ഘാന്‍ പിടിച്ചത്. അമേരിക്ക അധിനിവേശം നടത്തിയതും അതിന്റെ ഫലമായുണ്ടായ ദുരിതവുമാണ് താലിബാന് ജനങ്ങള്‍ക്കിടയില്‍ വളരാന്‍ അന്തരീക്ഷം ഒരുക്കിയത്. കരയുദ്ധത്തിലൂടെ ഒരു ജനതയെയും അമേരിക്കന്‍ സൈന്യത്തിന് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. വിയറ്റ്‌നാമിലും ക്യൂബയിലും തദ്ദേശീയ സൈന്യത്തിന് മുമ്പില്‍ അമേരിക്കന്‍ ഇറക്കുമതി സൈന്യനിര ദയനീയമായി തോറ്റതാണ് ചരിത്രം നല്‍കുന്ന പാഠം. മനുഷ്യരെയും സസ്യങ്ങളെയും ഒരുപോലെ കരിച്ചുകളയാന്‍ ഓറഞ്ച് ഏജന്റ് വിയറ്റ്‌നാമില്‍ തളിച്ചത് പോലെ അഫ്ഗാന്‍ ഗ്രാമങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകളും കുഴിബോംബുകളും സ്‌ഫോടനം നടത്തുമ്പോള്‍ ജനങ്ങള്‍ താലിബാനും അധിനിവേശ സൈന്യത്തിനുമിടയില്‍ ദുരിതത്തിലേക്ക് എറിയപ്പെടുകയായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ താലിബാനെ ഭയന്നോടുന്നവരില്‍ രണ്ടു വിഭാഗമാളുകള്‍ ഉണ്ടാവും. ഒരു കൂട്ടര്‍ അധിനിവേശത്തെ പിന്തുണച്ചവര്‍, മറ്റൊരു കൂട്ടര്‍ സ്ത്രീ വിരുദ്ധ മതാധികാര വാഴ്ചയില്‍ ദുരിതം പ്രതീക്ഷിക്കുന്നവര്‍. ഇപ്പോള്‍ അമേരിക്ക പിന്‍മാറുമ്പോള്‍ അവര്‍ മുന്നോട്ട് വെച്ച രണ്ടു ഉപാധികള്‍ , ഒന്നു അമേരിക്കയുടെ സാന്നിധ്യം അവിടെ തുടര്‍ന്നും അനുവദിക്കണം, രണ്ട്, അവരുടെ മുഖ്യശത്രുക്കളായ റഷ്യക്കും ചൈനക്കും കാബൂളില്‍ യാതൊരു പങ്കാളിത്തവും ഉണ്ടാവരുത്. ചുരുക്കത്തില്‍ മധ്യ പൌരസ്ത്യ ദേശങ്ങളിലെ അമേരിക്കന്‍ അധിനിവേശത്തിനു പോറല്‍ തട്ടരുത് എന്നുമാത്രം.

1987 ല്‍ സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ തുല്യാവകാശം പ്രഖ്യാപിച്ച രാജ്യമാണ് അഫ്ഗാനിസ്താന്‍. പുരുഷാധിപത്യ മൂല്യങ്ങള്‍ക്ക് എതിരായി സമരം ചെയ്യുന്ന പല സംഘടനകളും ഉയര്‍ന്നു വന്നത് 1987 ലെ നിയമ നിര്‍മാണത്തെ തുടര്‍ന്നായിരുന്നു. പാകിസ്ഥാനെ ഉപയോഗിച്ചുകൊണ്ടു അമേരിക്കയും മറുഭാഗത്ത് സോവിയറ്റ് യൂണിയനും നടത്തിയ ഇടപെടലുകള്‍ ആണ് അഫ്ഗാനിലെ രാഷ്ട്രീയ പാരിതോവസ്ഥ ഇത്രമാത്രം കലുഷമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ സ്ത്രീ വികസന ഉപദേശകയായിരുന്ന റസില്‍ ബസു സ്ത്രീകള്‍ക്കു അവര്‍ നേടിയ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന താക്കീത് അമേരിക്കന്‍ പിന്തുണയില്‍ ഭീകരപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്ന ഘട്ടത്തില്‍ നല്കിയിരുന്നു. ആ താക്കീതു പ്രസിദ്ധീകരിക്കാന്‍ പോലും ന്യൂയോര്‍ക് ടൈംസോ വാഷിംഗ്ടന്‍ പോസ്റ്റോ തയാറായില്ല. ഇപ്പോള്‍ അമേരിക്കയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന അമേരിക്കക്ക് മലാലമാരെക്കുറിച്ച് യാതൊരു ഉല്‍ക്കണ്ഠയുമില്ല. അവരുടെ ഉല്‍ക്കണ്ഠ സില്‍ക് റൂട്ടിനെ സംബന്ധിച്ചു മാത്രമാണ്.

സായുധ വിപ്ലവങ്ങള്‍ ജനങ്ങളുടെ ഉല്‍സവമാകാന്‍ അത്ര എളുപ്പമല്ല. എല്ലാ സായുധ വിപ്ലവങ്ങളിലും സംശയത്തിന്റെ നിഴലില്‍ ജീവിക്കുന്നവര്‍ പോലും ഹിംസിക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സായുധ വിപ്ലവങ്ങള്‍ക്ക് അവ ദേശീയമായതോ, മതപരമായതോ, സോഷ്യലിസ്റ്റ് ആയതോ എന്ന വ്യത്യാസമില്ലാതെ ഉണ്ടാക്കുന്ന വലിയ ഒരു വിപത്ത് ജനാധിപത്യപരമായ ഉള്ളടക്കമോ ബഹുസ്വരമായ ഭരണനിര്‍വഹണമോ അത് അസാധ്യമാക്കും എന്നതാണ്. സോവിയറ്റ് വിപ്ലവം മുതല്‍ എല്ലാ സായുധ വിപ്ലവങ്ങള്ക്കും ഈ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. സായുധ സേനകളിലെ പുരുഷാധിപത്യ ഹിംസാത്മകനേതൃത്വവും അമിത സാന്നിധ്യവും ആണ് അതിന്റെ മുഖ്യകാരണം. ഏകാധിപത്യപരവും സര്‍വാധിപത്യപരവുമായ ഭരണനിര്‍വഹണവും, പ്രത്യയശാസ്ത്രപരമായ വരട്ടുവാദവും (dogmatism) മാനവികമായ മൂല്യനിരാസത്തിലേക്കും ജനാധിപത്യ ധ്വംസനത്തിലേക്കും നയിക്കും.

ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കുന്ന കേരളത്തില്‍ പോലും സ്ത്രീകള്‍ ഇത്രമാത്രം അസ്വാതന്ത്ര്യവും ആകുലതകളും അനുഭവിക്കുന്നുണ്ടെങ്കില്‍ ശരീയത്തിന്റെ മറവില്‍ പുരുഷ മേല്‍കോയ്മാ ഇസ്ലാമിസ്റ്റ് ഭീകര പ്രസ്ഥാനത്തിന്റെ ഭരണത്തില്‍ അഫ്ഗാനിലെ സ്ത്രീകളുടെ ഭാവി ഇരുളടയുമോ എന്നതാണ് അവര്‍ അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ മുഖ്യപ്രശ്‌നം. ജനങ്ങളില്‍ ഒരു വിഭാഗത്തെ സായുധവല്‍കരിച്ചതിന്റെ ദുരന്തവും അവര്‍ വരുംകാലം അനുഭവിക്കേണ്ടി വരും. അധിനിവേശ ഭരണകൂടത്തിന് എതിരായി ഒന്നിച്ചവര്‍ അതിവേഗം ഭിന്നിക്കാനും അഫ്ഗാന്‍ വീണ്ടും കലുഷമാകാനുമാണ് സാധ്യത. ഇനിയെല്ലാം അവര്‍ തെരഞ്ഞെടുക്കട്ടെ, അവരുടെ ദുരിതക്കയങ്ങളില്‍ നിന്നും അവര്‍ക്ക് കരകയറാനുള്ള വഴിയും അവര്‍ കണ്ടെത്തട്ടെ. എന്നാല്‍ അതൊന്നും അത്ര പെട്ടെന്നു ഉണ്ടാവുമെന്നും കരുതേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply