”ഫാമിലി ഡോക്ടര്‍” സംസ്‌കാരത്തിലേക്ക് ഡോക്ടര്‍മാരെ സജ്ജരാക്കണം
അതിശക്തനും അദൃശ്യനും നമുക്ക് പൂര്‍ണമായും മനസ്സിലായിട്ടില്ലാത്തവനുമാണ് എതിരാളി. അതിനെതിരെ ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരും ഒരുമിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് പെരുമാറുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുക. അനുകരിക്കാന്‍ കുറ്റമറ്റ മാതൃകകള്‍ ഇക്കാര്യത്തില്‍ നമ്മുടെ മുന്നില്‍ ഇല്ല. 21 ദിവസം ആരും പുറം ലോകം കാണാതിരുന്നാല്‍ 22-ാം ദിവസം പുലരുമ്പോള്‍ നമ്മളൊരു രോഗവിമുക്ത സമൂഹമായി മാറിയിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന്, വൈറസ്സിന്റെ മാരക പ്രഹരശേഷിക്കു കുറവ് വന്നിട്ടുണ്ടാകും എന്ന ഉത്തരം മാത്രമേ ഇപ്പോള്‍ പറയാന്‍ തോന്നുന്നുള്ളൂ.
കോവിഡ് 19 പരക്കുകയാണ്. കേരളത്തില്‍ ഈ രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത് ജനുവരി 30 നാണ്. അന്ന് മുതല്‍ ഈ ദിവസം വരെ പുറത്തുനിന്ന് വന്നവര്‍ക്കും അവരെ കൂട്ടിതൊട്ടവര്‍ക്കുമല്ലാതെ വേറെ ഒരാള്‍ക്കും കോവിഡ് പിടിപെട്ടിട്ടില്ല. രാജ്യാതിര്‍ത്തികള്‍ കടന്നെത്തിയ ഈ വൈറസ്സിനു ഇത് വരെ കേരളത്തില്‍ തേര്‍വാഴ്ച നടത്താന്‍ കഴിഞ്ഞിട്ടില്ല. കേരളസര്‍ക്കാരും, ആരോഗ്യപ്രവര്‍ത്തകരും വിരിച്ച വലയില്‍ കുരുങ്ങി കിടക്കുകയാണ് അത്. ഈ അവസ്ഥ ഇങ്ങനെ തന്നെ തുടരും എന്ന് പറയാനാകില്ല. ചിലപ്പോള്‍ അടുത്ത നിമിഷത്തില്‍ ഈ ചിത്രം ആകെ മാറിമറിഞ്ഞേക്കാം. എല്ലാവരും ഭയപ്പെടുന്ന മൂന്നാം ഘട്ടതിലെക്കോ നാലാം ഘട്ടതിലേക്കോ വൈറസ് വ്യാപനം എത്തിയേക്കാം. കേരളത്തില്‍ ഈ അസുഖം സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം (ജനുവരി 31 ന്) ആണ് ഇറ്റലിയില്‍ ആദ്യ കേസ് ശ്രദ്ധയില്‍ പെട്ടിരുന്നത് എന്നോര്‍ക്കുക. ഇറ്റലിയുടെ ഇന്നത്തെ അവസ്ഥ പറയാതെ തന്നെ അറിയാമല്ലോ.
ഈ പറഞ്ഞത് മുഴുവന്‍ കേരളത്തെ പറ്റി മാത്രമേ ശരിയാകുന്നുള്ള . .ചില സമൂഹങ്ങള്‍ സാമൂഹ്യവ്യാപനമെന്ന മൂന്നാം ഘട്ടത്തിലേക്ക് കടന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ചില ഇടങ്ങളില്‍ നിന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു . നമ്മുടെതിനു തുല്യമായ സാമൂഹിക ജാഗ്രത അവിടങ്ങളില്‍ കുറവായിരുന്നു എന്നതാണ് അതിനുള്ള പ്രധാന കാരണമായി തോന്നുന്നത്.
കേരളത്തില്‍ 100 ല്‍ ഏറെയും ഇന്ത്യയില്‍ 500 ല്‍ ഏറെയും രോഗബാധിതര്‍ ഉണ്ടായിക്കഴിഞ്ഞു. കൃത്യം കണക്കുകള്‍ ലഭ്യമാണെങ്കിലും അത് തൊട്ടടുത്ത നിമിഷം മാറാം എന്നത് കൊണ്ടാണ് ഏകദേശ കണക്കു പറയുന്നത് .ഭയപ്പെടുത്തുന്ന വിവരങ്ങള്‍ ആണ് ഇറ്റലിയില്‍ നിന്നും അമേരിക്കയില്‍ നിന്നും മറ്റും വന്നുകൊണ്ടിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ എപ്പോഴും അങ്ങനെയാണ്. അത് സുനാമിത്തിരമാലകള്‍ പോലെ അടിച്ചുകയറും . നോക്കി നില്‍ക്കെ സകലതും നശിപ്പിച്ചു പിന്‍വാങ്ങും. ഈ സമയങ്ങളില്‍ വളരെ കുറച്ചുമാത്രമേ നമുക്കെന്തെങ്കിലും ചെയ്യുവാന്‍ കഴിയാറുള്ളു. മഹാമാരികളുടെ ചരിത്രത്തില്‍ ഉടനീളം ഇത് കാണാം. നമ്മള്‍ മരുന്നുകളും പ്രതിരോധകുത്തിവെപ്പുകളും ഒക്കെയായി എത്തുമ്പോഴേക്കും ചെയ്യാവുന്ന ദ്രോഹമെല്ലാം ചെയ്തു ആ തിരമാലകള്‍ അടങ്ങിക്കഴിഞ്ഞിരിക്കും. നോക്കുകുത്തികളെ പോലെ വൈദ്യശാസ്ത്രവും സര്‍ക്കാരുകളും പകച്ചുനില്‍ക്കും. കോവിഡ് 19 ഉം ഇതിനു ഒരു അപവാദമാകാന്‍ ഇടയില്ല. കേരളത്തിലുള്ള നമ്മള്‍ക്ക് ഇത് ഒരു അതിശയോക്തിയായി തോന്നുമെങ്കിലും ആഗോളതലത്തില്‍ കാണുവാന്‍ ശ്രമിച്ചാല്‍ ഇത് ശരിയാണെന്ന് ബോധ്യപ്പെടും.
മരുന്നില്ല, പ്രതിരോധകുത്തിവെയ്പ്പില്ല. നമുക്കറിയാവുന്നത് ഈ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആണ്. വൈറസ്സിന്റെ വഴിയില്‍ വിള്ളല്‍ വീഴ്ത്താനായാല്‍, പടര്‍ന്നു കയറാന്‍ അതിനു അടുത്ത ഒരു മനുഷ്യശരീരം കിട്ടാതായാല്‍, വിറക് തീരുമ്പോള്‍ തീയെന്ന പോലെ ഈ ബാധ തനിയെ കെട്ടുപോകും. ലോകത്താകമാനം നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന പ്രമാണം ഇതാണ്. കേരളം ഇതുവരെ പിടിച്ചു നിന്നത് ഫലപ്രദമായി ഇത് നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു എന്നതിനാലാണ്. പറയുന്നത്ര എളുപ്പമല്ല ഇത് നടപ്പില്‍ വരുത്തുവാന്‍. ആദ്യം മനസ്സിലാക്കേണ്ടത് ഈ തടഞ്ഞു നിര്‍ത്തല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധിക്കാവുന്നതല്ല എന്നതാണ്. കൈകഴുകലും അകന്ന് നില്‍ക്കലും ആറു മുതല്‍ ഒമ്പത് മാസം വരെ വേണ്ടിവന്നേക്കാം എന്നതാണ് വിദഗ്ദ്ധന്മാരുടെ അഭിപ്രായം. വൈറസ്സ് വ്യാപനത്തിന്റെ ശക്തി കുറച്ചു കുറച്ചു കൊണ്ടുവന്നു മാത്രമേ അതിനെ തളക്കാനാവൂ എന്നാണു പറയുന്നത്. മാത്രവുമല്ല ഇതിനോടകം തന്നെ ഈ വൈറസ്, രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാതെ ധാരാളം ആളുകളില്‍ കയറിക്കൂടിയിട്ടുണ്ടാകാമെന്നും ശാസ്ത്രജ്ഞന്‍മാര്‍ സംശയിക്കുന്നുണ്ടു. ഈ വൈറസ് വാഹകരില്‍ നിന്ന് രോഗം പകരുമോ എന്ന് ഇനിയും തീര്‍ച്ചയായിട്ടില്ല. അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം
ഈ വസ്തുതകള്‍ മനസ്സില്‍ വെച്ച് വേണം ‘ലോക്ക് ഡൗന്‍” അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങളെ വിലയിരുത്താന്‍.അതിശക്തനും അദൃശ്യനും നമുക്ക് പൂര്‍ണമായും മനസ്സിലായിട്ടില്ലാത്തവനുമാണ് എതിരാളി. അതിനെതിരെ ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരും ഒരുമിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് പെരുമാറുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുക. അനുകരിക്കാന്‍ കുറ്റമറ്റ മാതൃകകള്‍ ഇക്കാര്യത്തില്‍ നമ്മുടെ മുന്നില്‍ ഇല്ല. 21 ദിവസം ആരും പുറം ലോകം കാണാതിരുന്നാല്‍ 22-ാം ദിവസം പുലരുമ്പോള്‍ നമ്മളൊരു രോഗവിമുക്ത സമൂഹമായി മാറിയിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന്, വൈറസ്സിന്റെ മാരക പ്രഹരശേഷിക്കു കുറവ് വന്നിട്ടുണ്ടാകും എന്ന ഉത്തരം മാത്രമേ ഇപ്പോള്‍ പറയാന്‍ തോന്നുന്നുള്ളൂ. കാരണം പൂര്‍ണമായ ലക്ഷ്യപ്രാപ്തിക്ക് വഴി ഇനിയും നടക്കേണ്ടി വന്നേക്കാം. പക്ഷെ അത് ഇത്ര ദുര്‍ഗമമായിരിക്കില്ല. ‘ലോക്ക് ഡൗണ്‍’ ഉണ്ടാക്കാന്‍ ഇടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങള്‍ അനവധിയാണ് . അവ ഒന്നൊന്നായി കേരളീയ പൊതുസമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. അതിനനുസരിച്ച് അവ പരിഹരിക്കപ്പെടും എന്ന് തന്നെയാണ് തോന്നുന്നത്. എന്നാല്‍ ഇതേ ആത്മവിശ്വാസത്തോടെ കേരള സംസ്ഥാനത്തിനു പുറത്തുള്ള ലോകത്ത് കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടക്കും എന്ന് പറയുവാന്‍ തോന്നുന്നില്ല. ചുരുങ്ങിയ പക്ഷം എല്ലാവര്‍ക്കും എന്നും ഭക്ഷണമെങ്കിലും കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കെല്‍പ്പുള്ള സമൂഹത്തിനു മാത്രമേ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ”സമ്പൂര്‍ണ അടച്ചുപൂട്ടലി”നെ താങ്ങുവാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ അത് നടന്നേക്കാം. പുറത്തോ? കണ്ടു തന്നെ അറിയണം.
ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ്, നമ്മുടെയെല്ലാം ദുസ്വപ്നങ്ങളില്‍ ഉള്ള സമൂഹവ്യാപനം ( social spread ) എന്ന വിപത്ത് നിയന്ത്രണാതീതമായി സംഭവിച്ചാല്‍ എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ചുകൂടി ഒന്ന് സൂചിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. കേരള സര്‍ക്കാര്‍ എല്ലാ സാധ്യതകളും മുന്നില്‍ കണ്ടുകൊണ്ട് ഭാവാനാപൂര്‍ണമായ പല പദ്ധതികളും ആവിഷ്‌കരിച്ചു വെച്ചിട്ടുണ്ട് . സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, ലോഡ്ജുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയൊക്കെ ഇതിനകം തന്നെ വരാന്‍ പോകുന്ന വെല്ലുവിളി നേരിടാനായി സജ്ജമാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന ആവശ്യങ്ങള്‍ ഉണ്ടായേക്കാം. ആ അവസരത്തില്‍ ചികിത്സാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചികിത്സ അപ്രായോഗികമാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ വീടുകളില്‍ വെച്ചുതന്നെ ചികിത്സിക്കുകയായിരിക്കും കരണീയമാകുക. ഈ രോഗം മരണകാരണമാകാനുള്ള സാധ്യത വിരളമാണ് എന്നിരിക്കെ വീട്ടുചികിത്സ മതിയാകേണ്ടതാണ്. ഓരോ വീടും ആശുപത്രിയാക്കുക എന്നതാണ് ചെയ്യേണ്ടത്. കഴിഞ്ഞ പ്രളയകാലത്ത് മത്സ്യതൊഴിലാളികള്‍ ചെയ്ത രക്ഷാപ്രവര്‍ത്തനം ഇത്തവണ ഡോക്ടര്‍മാര്‍ ചെയ്യേണ്ടിവരും. ഇതിനായി ”ഫാമിലി ഡോക്ടര്‍” എന്ന ഒരു പുതു വൈദ്യസംസ്‌കാരത്തിലേക്ക് ഡോക്ടര്‍മാരെ സജ്ജരാക്കണം. രോഗികള്‍ വീട്ടില്‍ തന്നെയിരിക്കട്ടെ എന്ന് തീരുമാനിക്കണം. മതിയായ വ്യക്തിസുരക്ഷാ മുന്നൊരുക്കങ്ങള്‍ എടുത്തു ഡോക്ടര്‍മാരും മറ്റു അനുബന്ധ പ്രവര്‍ത്തകരും തങ്ങള്‍ക്കായി അടയാളപ്പെടുത്തിയിട്ടുള്ള വീടുകളില്‍ നിശ്ചിത ഇടവേളകളില്‍ ‘റൗണ്ട്‌സ്” എടുക്കണം. ഭൂരിഭാഗം രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള മരുന്നുകള്‍ മാത്രം മതിയാകും. അപകടസാദ്ധ്യത ഉള്ളവരെ കണ്ടെത്തി ഉയര്‍ന്ന ചികിത്സ ലഭ്യമാക്കുന്നതിനു റഫര്‍ ചെയ്യുകയും അവിടേക്ക് എത്തിക്കുകയും ചെയ്യണം. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘം രോഗികള്‍ ഉള്ള വീടുകളിലെ മറ്റു ആവശ്യങ്ങള്‍ നടത്തികൊടുക്കുന്നതിനു ഉണ്ടായിരിക്കുകയും വേണം. അത് ഇപ്പോള്‍ തന്നെ ഉള്ളതുമാണ്.
ഇങ്ങനെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ഉത്തരവാദിത്വതോടെ പെരുമാറാന്‍ തയ്യാറുള്ള പൊതുസമൂഹവും ഒരേ മനസ്സായി നിന്നാല്‍ ഈ മഹാമാരിയെ നമുക്ക് കെട്ടുകെട്ടിക്കാനാകും എന്നതില്‍ സംശയമില്ല. മാത്രവുമല്ല ഭാവിയിലേക്കു ഉപകരിക്കാവുന്ന ഉള്‍ക്കാഴ്ചകളും നിലപാടുകളും ഉണ്ടായിവരികയും ചെയ്യും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in