എം മുകുന്ദനും കെ വേണുവും യുവാക്കളെ കഞ്ചാവിലേക്കും ആത്മഹത്യയിലേക്കും നയിച്ചവരോ…..?

സാഹിത്യ പത്ര പ്രവര്‍ത്തനത്തിലെ പുതിയ കുട്ടി മുകുന്ദനോടും രാഷ്ടീയ പത്ര പ്രവര്‍ത്തനത്തിലെ പുതിയ കുട്ടി വേണുവിനോടും ചോദിക്കാന്‍ ഇങ്ങനെയൊരു ചോദ്യം തങ്ങളുടെ മാറാപ്പില്‍ കരുതി വെയ്ക്കുന്നു. മുകുന്ദനും വേണുവും ഈ വാദങ്ങള്‍ക്ക് തങ്ങളുടെ മറുപടികള്‍ പറഞ്ഞിട്ടുമുണ്ട്. അവ കൃത്യവുമായിരുന്നു.

എം മുകുന്ദനും കെ വേണുവിനും തമ്മില്‍ സാമ്യങ്ങളൊന്നുമില്ല, രണ്ടാള്‍ക്കുമിടയില്‍ ഒരു പക്ഷെ ഒരു പതിറ്റാണ്ടിന്റ അകലമുണ്ടാവും, എങ്കിലും ‘സമകാലികരാണ്’. ഒരാള്‍ സാഹിത്യകാരന്‍, മറ്റൊരാള്‍ രാഷ്ട്രീയ ചിന്തകന്‍, രണ്ടു പേരും കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ പേര് കേട്ടവരും. എന്നാല്‍, ഇവരെ രണ്ടു പേരെയും ഒരുമിപ്പിക്കുന്ന ഒരു സംഗതി രണ്ടു പേരോടും ചോദിക്കുകയൊ രണ്ടു പേരും കേള്‍ക്കേണ്ടി വരികയോ ചെയ്യുന്ന ഒന്നാണ് : ”കുറേയേറെ യുവാക്കളെ കഞ്ചാവിലേക്കും ആത്മഹത്യയിലേക്കും നയിച്ചവര്‍!” മുകുന്ദന്‍ തന്റെ നോവലുകളിലൂടെ; വേണു തന്റെ സായുധ വിപ്ലവ രാഷ്ട്രീയത്തിലൂടെ. ഇങ്ങനെ പോകും അതും. ഇപ്പോഴും,

സാഹിത്യ പത്ര പ്രവര്‍ത്തനത്തിലെ പുതിയ കുട്ടി മുകുന്ദനോടും രാഷ്ടീയ പത്ര പ്രവര്‍ത്തനത്തിലെ പുതിയ കുട്ടി വേണുവിനോടും ചോദിക്കാന്‍ ഇങ്ങനെയൊരു ചോദ്യം തങ്ങളുടെ മാറാപ്പില്‍ കരുതി വെയ്ക്കുന്നു. മുകുന്ദനും വേണുവും ഈ വാദങ്ങള്‍ക്ക് തങ്ങളുടെ മറുപടികള്‍ പറഞ്ഞിട്ടുമുണ്ട്. അവ കൃത്യവുമായിരുന്നു. തന്റെ കൃതികള്‍ ഒരു കാലത്തിന്റെ, (‘ആധുനികത’യുടെ കാലത്തെ എന്ന് മനസ്സിലാക്കുക), ചില അടയാളങ്ങള്‍, ലക്ഷണങ്ങള്‍, ശീലങ്ങള്‍ വഹിക്കുകയായിരുന്നു എന്നും തന്റെ സാഹിത്യം ആരെയും വഴി തെറ്റിയ്ക്കുകയോ ആത്മഹത്യകളിലേക്ക് നയിച്ചു എന്നു കരുതുന്നില്ലെന്നും, ഞാന്‍ ഈ എഴുതിയ പോലെ അല്ലെങ്കിലും, മുകുന്ദന്‍ പറഞ്ഞിട്ടുണ്ട്. അത് ശരിയുമാണ്. പഴയ ഡല്‍ഹിയിലെ വാസവും നെഹ്റുവിന് ശേഷമുള്ള ഇന്ത്യയും ഫ്രഞ്ച് സാഹിത്യത്തില്‍ അക്കാലത്ത് പ്രബലമായിരുന്ന ”അസ്തിത്വ വാദ”വും മുകുന്ദന്റെ കൃതികളില്‍ ഉണ്ടായിരുന്നു എന്നും, ഇത്, അക്കാലത്തെ ഒരു ന്യൂനപക്ഷം വരുന്ന യുവാക്കള്‍ വായിച്ചിരുന്നു എന്നും നാം അനുമാനിച്ചാല്‍ മതി. പക്ഷെ ആ വായന എത്ര പേരെ കൊന്നു, എത്ര പേരെ ആത്മഹത്യകളിലേക്ക് നയിച്ചു – കണക്കുകള്‍ കിട്ടില്ല. കാരണം, അത് എന്നും ഒരു ‘പ്രസ്താവം’ മാത്രമാണ്. നമ്മള്‍ അനുമാനിച്ച് അന്തം വിടാന്‍ മാത്രം ഉണ്ടാക്കിയ ഒന്ന്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘സാഹിത്യ നിരക്ഷരത’ ഇപ്പോഴും വേണ്ടത്ര ചര്‍ച്ച ചെയ്യാത്ത കേരളീയ സമൂഹത്തില്‍, മുകുന്ദന്റെ അക്കാലത്തെ കൃതികള്‍ വെച്ച് നമ്മുടെ സാഹിത്യ ജീവിതം ചര്‍ച്ച ചെയ്യുന്നതിലെ അസംബന്ധത മനസ്സിലാക്കാമേന്നെ ഉള്ളൂ : നമ്മുടെ വായനാ ശീലം, ‘പുരോഗമന സാഹിത്യ വിചാര”ത്തില്‍ ഇ എം എസ് വിഭാവനം ചെയ്ത, ‘സമൂഹത്തിന് ഉപയോഗമുള്ള ‘ ഒന്നായിത്തന്നെ ഇപ്പോഴും മുന്നേറുന്നു. സര്‍ഗ്ഗാത്മകതയെ ഒരു സംഘടിത ശക്തിയായി ഇപ്പോഴും ഭാവന ചെയ്യുന്നു. ഇപ്പോഴും ഇ എം എസി ന്റെ പാര്‍ട്ടിയും അദ്ധേഹത്തിന്റെ കലാസങ്കല്‍പ്പവും ‘അധികാര’ത്തിലുള്ള ഒരു സമൂഹം എന്ന നിലയ്ക്ക് ഇതൊക്കെ സ്വാഭാവികവുമാണ്.

എന്നാല്‍, വേണു ഇതിനു പറഞ്ഞ മറുപടി മറ്റൊന്നാണ്: അക്കാലത്ത്, അതായത് എഴുപതുകളിലും എണ്‍പതുകളിലും, ”അസ്തിത്വവാദ”ത്തിലും ”ഹിപ്പിയിസ”ത്തിലും ഒക്കെ ‘കൂട്ടം തെറ്റി അലഞ്ഞ’ പലരെയും ജീവിതത്തിന് ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്നു തോന്നിക്കാനും, സമൂഹത്തെ മാറ്റാന്‍ രാഷ്ട്രീയ ഇച്ഛയുള്ളവരാക്കി അവരില്‍ ചിലരെ മാറ്റാന്‍ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞുവെന്നുമാണ്. ആ കാലത്തെ നമ്മുടെ ചിന്താ ജീവിതത്തിലും സാഹിത്യത്തിലും ഉണ്ടായിരുന്ന ‘സര്‍ഗ്ഗാത്മക പ്രവര്‍ത്തന’ങ്ങള്‍ നിരീക്ഷിച്ചവര്‍ക്ക് വേണുവിന്റെ വാദത്തില്‍ കാമ്പ് കണ്ടെത്താനാകും. പില്‍ക്കാലത്തെ പല സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ആലോചനകളുടെയും നേതൃത്വത്തില്‍ ഇവരെ പലരെയും നാം കാണുന്നുമുണ്ട്. കേരളത്തില്‍ നടന്ന വിരലില്‍ എണ്ണാവുന്ന മൂന്നോ നാലോ ‘നക്‌സലൈറ്റ് കൊല’കളെക്കാള്‍ പതിന്മടങ്ങ് കൊലകള്‍ (അതില്‍ പലതും രാഷ്ട്രീയ കൊലകളും കൊല്ലപ്പെട്ടത് യുവാക്കളും ആയിട്ടും) നടത്തിയത് കേരളത്തിലെ സി പി എമ്മും ആര്‍ എസ് എസും കൊണ്ഗ്രസ്സും അടങ്ങുന്ന പ്രധാന രാഷ്ട്രീയ കക്ഷികള്‍ ആയിരുന്നിട്ടും, അതിനെ മറച്ചുവെച്ച് , ഇപ്പോഴും മേപ്പറഞ്ഞ ചോദ്യം ചോദിക്കാന്‍ ‘പത്രപ്രവര്‍ത്തകര്‍’ തിരഞ്ഞെടുക്കുന്നത് വേണുവിനെ ആകുന്നത് നമ്മുടെ രാഷ്ട്രീയ ജീവിതം സാംസ്‌കാരികമായി എത്ര ജീര്‍ണ്ണിച്ചതാണ് എന്ന് കാണിക്കുന്നു. ഈ ജീര്‍ണ്ണത വലിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും അനുയായികളും അവരുടെ ഫാന്‍ ക്ലബുകളും മാത്രമല്ല നമ്മുടെ ചില എഴുത്തുകാരും പേറുന്നു എന്നാണ് വാസ്തവം. വേണുവിന്റെ സായുധവിപ്ലവത്തില്‍ നിന്നും മനം മടുത്തു പുറത്തുപോയ സാഹിത്യകാരന്‍മാര്‍ പിന്നീട് എത്രയോ വര്‍ഷങ്ങളായി ‘രാഷ്ട്രീയ കൊലകള്‍’ തങ്ങളുടെ ‘പ്രതിരോധമായി’ സ്വീകരിച്ചു വരുന്ന സി പി എം -ന്റെ രാഷ്ട്രീയത്തിലും അവരുടെ സര്‍ക്കാര്‍ നല്‍കുന്ന സാഹിത്യ പദവികളിലേക്കും ഒരു മനംമടുപ്പുമില്ലാതെ എത്തുന്നതും ഈ ജീര്‍ണ്ണതയുടെ അംശമായി തന്നെ കാണണം…. അല്ലെങ്കില്‍, തങ്ങളെ സ്വയം ഒരു ‘റിപ്പബ്ലിക്ക്’ ആയി കണ്ടെത്തുന്ന വിധം സ്വപ്നം കാണുന്ന സര്‍ഗ്ഗാത്മക രചനകളും എഴുത്തുകാരും എത്ര കുറവാണ് നമ്മുടെ ഭാഷയില്‍! അതിന്റെ ‘ഫലശൂന്യത’ (futility) പോലും എത്ര പ്രധാനമാണെന്ന് അറിയുന്നവര്‍!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആത്മഹത്യകള്‍ എന്നുമുണ്ട്, മരണവുമായി ജീവിതത്തിനൊപ്പം സഞ്ചരിക്കുന്ന ആരും അതിനൊപ്പമാണ്. ഇന്നലെ വായിച്ച ഒരു ഗവേഷണ പ്രബന്ധത്തിലെ ഒരു കണ്ടെത്തല്‍, മനുഷ്യരിലെ ആത്മഹത്യയുടെ കാരണം വിഷാദവും നിരാശയും മാത്രമല്ല, ഓക്‌സിജന്റെ കുറവ് കൂടിയാകുന്നു എന്നാണ് – അംബര ചുംബികളായ കെട്ടിടങ്ങളിലെ പാര്‍പ്പുകാര്‍ക്കിടയിലെ ആത്മഹത്യകളുടെ ഒരു കാരണം തിരയുകയായിരുന്നു ഗവേഷേകര്‍… ഒരു വേള, ഇത് നമ്മെ അസ്വസ്ഥരാക്കും. പക്ഷെ, നോക്കു, മനുഷ്യ സമൂഹത്തിന്റെ വലിയൊരു സംഖ്യ അതിവേഗം ‘മധ്യ വര്‍ഗ്ഗ’ ജീവിതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍, തീര്ച്ചയായും, ‘ഓക്‌സിജന്‍’ ആത്മഹത്യയുടെ ഒരു ഘടകമാവുന്നതില്‍ എന്ത് അത്ഭുതം!

സാഹിത്യവും രാഷ്ട്രീയവും ലളിതങ്ങളായ ദൈനംദിന ജീവിതത്തിലെ അടരുകളിലാണ് നമ്മള്‍ അനുഭവിക്കുന്നതെങ്കിലും അവ രണ്ടിന്റെയും സങ്കീര്‍ണങ്ങളായ ചുഴികള്‍ അത്ര ലളിതമായി സമീപിച്ചു കൂടാ. എന്നെ അത്ഭുതപ്പെടുത്തുന്നത്, വാസ്തവത്തില്‍, ഇപ്പോഴും ഇതുപോലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന, അല്ലെങ്കില്‍ തങ്ങളുടെ ചെറിയ ചെറിയ ക്രൂരരതകളുടെ രസത്തിന് വേണ്ടി സമയം കണ്ടെത്തുന്ന, ‘അഭിമുഖകാരും’ ‘ലേഖകരു’മാണ്. അവര്‍ എത്ര വലിയ നുണകളിലാണ് ഇപ്പോഴും പാര്‍ക്കുന്നത്!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply