ദേവികയുടേതടക്കമുള്ള വ്യവസ്ഥാ ജാതി കൊലപാതകങ്ങള്‍ നമ്മോട് പറയുന്നത്…
കര്‍ഷകത്തൊഴിലാളികള്‍ എന്ന് ദളിതുകളെ നയപരമായി അഭിസംബോധന ചെയ്താണ് ഇടതുപക്ഷം ജാതിക്കെതിരെ പടനയിച്ചത്. അങ്ങനെയാണവര്‍ ജാതിയെ ഇല്ലാതാക്കിയത്. നയപരമായി ദളിതുകളെ വഞ്ചിക്കുകയും അവകാശവാദത്തില്‍ മാത്രം അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പം നില്ക്കുന്നു എന്നതുമാണ് സത്യം. കേരളത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയനെതീരെ സവര്‍ണര്‍ ജാതി അധിക്ഷേപം നടത്തിയിട്ടും സിപിഎം എന്ന കേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിക്ക് ഒരു സംസ്ഥാനതല പ്രതിഷേധ പരിപാടി പോലും സംഘടിപ്പിക്കാനുള്ള ശേഷി ഇല്ലാതായത് ജാതിയോടുള്ള ഈ കപടനിലപാടുമൂലമാണ്.
ദേവിക എന്ന വിദ്യാര്‍ത്ഥിനി ദളിത് വിരുദ്ധമായ വ്യവസ്ഥിതിയാല്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. ദേവികയുടെ കൊലപാതകത്തിന്റെ കാരണക്കാര്‍ സര്‍ക്കാര്‍ ആണെന്നും പഞ്ചായത്താണെന്നും തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുഖ്യധാരാ വികസനത്തിന് പിന്നില്‍ നില്‍ക്കുന്ന ഇരുപത്താറായിരത്തിനടുത്തെ ദളിത് കോളനികളില്‍ നിന്നുമുള്ള ഒരു വിദ്യാര്‍ത്ഥിയാണ് ദേവിക. കേരളത്തിലെ ആകെ മൊത്തം ദളിത് ജനസംഖ്യയില്‍ 80% ത്തോളം വരുന്ന ആളുകള്‍ ഇത്തരം നാല് സെന്റ് കോളനികളില്‍ ആണ് ജീവിക്കുന്നത് എന്ന ഞെട്ടിക്കുന്ന കണക്ക് കേരള ഇന്‍സ്‌റിറ്റിയൂട് ഫോര്‍ ലോക്കല്‍ അഡ്മിനിട്രേഷന്റേതായി ഉണ്ട്.
മുഖ്യധാരാ വികസന സങ്കല്പങ്ങളാലും വ്യവസ്ഥിതിയാലും കൊല്ലപ്പെടുന്ന ആദ്യ ദളിത് ജീവിതമല്ല ദേവികയുടേത്. കേരള സമൂഹത്തിന്റെ ചരിത്രഘട്ടത്തിലുടനീളം ഇത്തരത്തില്‍ ദേവികമാരെയും, രജനി എസ് ആനന്ദുമാരെയും, വിനായകന്മാരെയും കെവിന്‍മാരെയും ജിഷമാരെയും അനേകം കാണാനാകും. സര്‍ക്കാരിന്റെയോ അധികാര കേന്ദ്രത്തിന്റെയോ വ്യവസ്ഥിതിയുടെയോ കേവലമായ കൃത്യ നിര്‍വഹണത്തിലെ അപാകതമൂലം ഉണ്ടാകുന്ന മരണങ്ങളല്ല ഇവ. ചരിത്രത്തിന്റെ പല ഘട്ടങ്ങളില്‍ പല തരത്തിലുള്ള അധികാര കേന്ദ്രങ്ങളുടെ നയപരമായ തീരുമാനങ്ങളില്‍ ഈ സമുദായങ്ങളില്‍ നിന്നുള്ളവര്‍ വിവേചനം ചെയ്യപെടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. തങ്ങളുടെ പൗരന്മാരുടെ ജീവിതനിലവാരം വര്‍ധിപ്പിക്കാനായുള്ള സാമൂഹികമായ മത്സരത്തിനെ ജനാധിപത്യപരമായി നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ അടക്കമുള്ള അധികാര കേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന നയങ്ങള്‍ പാര്‍ശ്വത്കൃതമായ സാമൂഹിക വിഭാഗങ്ങള്‍ക്ക് അനുകൂലമാകാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ജീവിത നിലവാരം വര്‍ധിപ്പിക്കാനായുള്ള ദളിത് ആദിവാസി മുസ്ലിം വിഭാഗങ്ങളുടെ സ്വതന്ത്രമായ മത്സരത്തിനെ ഇത്തരം നയങ്ങള്‍ തടഞ്ഞു നിര്‍ത്തുകയും സവര്‍ണ്ണ മധ്യവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇവ അനുകൂലമാകുകയും ചെയ്യുന്നു.
നയപരമായ തീരുമാനങ്ങളെടുക്കുന്ന അധികാരയിടങ്ങളില്‍ ഈ സമുദായങ്ങളില്‍ നിന്നുള്ള ആളുകളുടെ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉണ്ടായിരുന്നു എങ്കില്‍ ഒരുപക്ഷേ തങ്ങള്‍ക്കു കൂടി അനുകൂലമായ രീതിയില്‍ നയങ്ങളെ മാറ്റിയെടുക്കാന്‍ ഈ വിഭാഗങ്ങള്‍ക്ക് കഴിയുമായിരുന്നു. അതില്ലാത്തതിനാന്റെ ഫലമാണ് ഭൂപരിഷ്‌കരണം മുതല്‍ അവസാനത്തെ സവര്‍ണ സംവരണ നയം വരെയുള്ള സര്‍ക്കാരുകളുടെ നയപരമായ തീരുമാനങ്ങള്‍ 1957ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനാല്‍ മുന്നോട്ട് വെക്കപ്പെട്ട ഭൂപരിഷ്‌കരണവും 2018 നവംബറില്‍ ഇടതുപക്ഷ സര്‍ക്കാരിനാല്‍ തന്നെ നടപ്പാക്കപ്പെട്ട ദേവസ്വം ബോര്‍ഡില്‍ സവര്‍ണ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സംവരണവും പരിശോധിക്കുക. ഈ രണ്ടു നയസമീപനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഇവ രണ്ടും മുന്നോട്ടുവക്കപ്പെട്ടതു അമ്പതാണ്ടിലധികം വ്യത്യാസമുള്ള ചരിത്രകാലഘട്ടത്തിലായതുകൊണ്ടും ഇത് രണ്ടും നടപ്പാക്കിയ രാഷട്രീയ വിഭാഗത്തിന്റെ സമൂഹത്തെക്കുറിച്ചുള്ള പ്രത്യശാസ്ത്രധാരണകളും വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളോടുള്ള ഈ അധികാരവ്യവസ്ഥയുടെ സമീപനവും വളരെ പ്രധാനമായിരുന്നതുകൊണ്ടാണ്. 1957ല്‍ ഇടതുപക്ഷം തയ്യാറാക്കുകയും പിന്നീട് 1963ല്‍ ഭേദഗതി നടത്തപ്പെടുകയും ചെയ്ത 1963ലെ ഭൂപരിഷ്‌കരണ രേഖയാണ് ഈ ലേഖനത്തില്‍ റഫറന്‍സ് ആയി ഉള്‍കാള്ളിക്കുന്നത്. ഭൂപരിഷകരണം മുന്നോട്ടു വച്ചു എന്നുള്ളതുകൊണ്ട് മാത്രം ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ക്ക് കേരള ചരിത്രത്തിലുടനീളം ലഭിച്ച സാമൂഹിക മൂലധനവും, ഭൂപരിഷകരണത്തെ സവര്‍ണ സമുദായങ്ങളോടൊപ്പം ചേര്‍ന്നു തകര്‍ത്തുകളയാന്‍ ശ്രമിച്ച വലതുപക്ഷം പിന്നീടുടനീളം നൈതികമായി ഈ സാമൂഹിക മൂലധനത്തിന് പുറത്തായതും ഈ പരിശോധനയില്‍ പരിഗണിക്കേണ്ടതായ അതിപ്രധാനവസ്തുതയാണ്.
ഭൂപരിഷകരണം മുന്നോട്ട് വെക്കപ്പെട്ട ചരിത്രകാലഘട്ടത്തില്‍ കേരളത്തില്‍ പ്രധാന വരുമാനം കൃഷി ആയിരുന്നു എന്നത് എല്ലാവര്ക്കും ബോധ്യമുള്ളതാണ്. അതുകൊണ്ടു തന്നെ യുഗങ്ങളായി നിലനിന്ന സാമൂഹിക ഘടനയെ ഉടച്ചുവാര്‍ക്കാനായി അതിനകത്തെ ഏറ്റവും മര്‍മപ്രധാനമായ വിഭവവും ഉല്പാദനോപകരണവുമായ ഭൂമിയുടെ വിതരണം സാമൂഹിക നീതിയിലധിഷ്ഠിതമായി ജനാധിപത്യവല്‍ക്കരിക്കുക എന്നതായിരിക്കണമായിരുന്നു ഭൂപരിഷകരണം എന്നതിന്റെ അടിസ്ഥാനം. അതായതു ജാതി കേന്ദ്രീകൃതമായി വിഭവങ്ങള്‍ വിതരണം ചെയ്പ്പെട്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അതിനെ ഉടച്ചുവാര്‍ക്കുക എന്ന് സാരം. വിഭവങ്ങള്‍ സാമൂഹിക നീതിയിലധിഷ്ഠിതമായി വിതരണം ചെയ്യപ്പെടുക വഴി സമൂഹത്തില്‍ നിലനില്‍ക്കുന്ന അതിജീവനത്തിനായുള്ള മത്സരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ഭാഗഭാക്കുവാനും മറ്റുള്ള സമൂഹികവിഭാഗങ്ങളൊടൊപ്പം മത്സരിച്ചെത്താനും കഴിയണം എന്നതാണ് അതിന്റെ നീതിബോധം. എന്നാല്‍ അത്ഭുതാവഹമെന്നു പറയട്ടെ ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ഭൂപരിഷ്‌കരണമെന്ന നയരേഖയില്‍ ജാതി എന്നൊരു വാക്കില്ല. അതായതു വിഭവങ്ങള്‍ ജാതികേന്ദ്രീകൃതമായും ജനാധിപത്യവിരുദ്ധമായും വിഭജിതമായ ഒരു സമൂഹത്തില്‍ അതിന്റെ ഭൂവിതരണം സാമൂഹിക നീതിയിലൂന്നി പരിഷ്‌കരിക്കാനുള്ള നയരേഖയില്‍ ജാതി എന്ന ഒരു വാക്കില്ല. ജാതിവ്യവസ്ഥയെ സംബോധന ചെയുന്ന ഒരു ഭാഗം പോലുമില്ല.
മറിച്ചു ഇടതുപക്ഷ സര്‍ക്കാര്‍ അക്കാലത്തു അഭിമുഖീകരിച്ച വിഷയം ജന്മിത്തം ആയിരുന്നു. ജന്മിത്തം എന്നാല്‍ ഭൂമിയുടെ മേല്‍ ഉള്ള അധികാരത്തിന്റെ മുകളില്‍ വിഭജിതമായ സമൂഹം എന്നര്‍ത്ഥം.അതായതു ഉല്പാദനോപകരണമായ ഭൂമി മുഴുവന്‍ ഭൂവുടമകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.അവര്‍ അത് അവര്‍ക്ക് താഴെ തട്ടിലുള്ളവര്‍ക്ക് പാട്ടത്തിനു കൊടുക്കുന്നു. അവര്‍ ഭൂവുടമകള്‍ക്ക് പാട്ടം കൊടുത്ത് ഈ ഭൂമിയില്‍ കൃഷി ചെയുന്നു. ഒരു ഭൂവുടമക്ക് കീഴില്‍ ഭൂമി പല ഉയര്‍ന്ന തട്ടിലുള്ളവര്‍ ഭൂമി പാട്ടത്തിനെടുക്കുകയും അതിനു താഴെ കര്‍ഷക തൊഴിലാളികള്‍ എന്ന ഓമനപ്പേരില്‍ ഭൂമിയുടെ അധികാരത്തില്‍ നിന്ന് പുറത്തു നിന്ന അടിച്ചമര്‍ത്തപ്പെട്ട വിഭാഗവും. ഇതാണ് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് വച്ച ഭൂപരിഷകരണത്തിന്റെ സാമൂഹിക അടിസ്ഥാനം. ഇന്ത്യന്‍ സാമൂഹിക ഘടന ഇങ്ങനെയാണ് എന്ന് ഇടതുപക്ഷം തീര്‍പ്പിലെത്തുന്നത് എവിടെ നിന്നുമാണ് എന്നുള്ളതാണ് സത്യത്തില്‍ ഈ കുറിപ്പ് ഉന്നയിക്കുന്ന ഏറ്റവും മര്‍മ പ്രധാനമായ ചോദ്യം. ഇതേ ഭൂപരിഷകരണം യഥാര്‍ത്ഥത്തില്‍ ജന്മിത്തത്തെ തകര്‍ത്തിരുന്നുവോ എന്നും കര്‍ഷകത്തൊഴിലാളികള്‍ എന്ന് ഇടതുപക്ഷം ഓമനപ്പേരിട്ട് വിളിച്ച ദലിതുകള്‍ മറ്റു സാമൂഹിക വിഭാഗങ്ങളോടൊപ്പം മത്സരിച്ചു ജീവിത നിലവാരം മെച്ചപ്പെടുത്തിയോ എന്നുള്ള ചോദ്യത്തിന് ഉത്തരമാണ് മുന്‍പ് സൂചിപ്പിച്ച വ്യവസ്ഥിതി കൊന്നുകളഞ്ഞ ദലിതുകളും കോളനിവാണങ്ങളെക്കുറിച്ചുള്ള സവര്‍ണ്ണ ട്രോളുകളും മുത്തങ്ങയും, ചെങ്ങറയും, അരിപ്പയും മുതല്‍ നില്‍പ് സമരം വരെയുള്ള ഭൂസമരങ്ങളും തെളിയിക്കുന്നത്.
ഈ ജന്മികള്‍ എന്ന വിഭാഗം ബ്രാഹ്മണ, നായര്‍ മുതലുള്ള സവര്‍ണ ജാതികളാണ് എന്ന പ്രാഥമികമായ വസ്തുതയും, അവരാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെയും അടിച്ചമര്‍ത്തലിന്റെയും എല്ലാ ഗുണഫലങ്ങളും അനുഭവിക്കുന്നത് എന്നും ഇടതുപക്ഷം ഭൂപരിഷ്‌കരണത്തിലൂടെ നയപരമായി മറച്ചുവച്ചു. ഈ സവര്‍ണ ജാതികളെ ഭൂമി കൈവശം വയ്ക്കുന്ന ഭൂവുടമകള്‍ എന്നാണ് സര്‍ക്കാര്‍ നയപരമായി സംബോധന ചെയ്തത്. ഭൂമി പാട്ടത്തിനെടുത്ത ഈഴവരടക്കമുള്ള ജാതി വിഭാഗങ്ങളെ പലതരം പാട്ടക്കാരും പാട്ടകുടിയന്മാരും ആക്കി. പല തരത്തിലുള്ള പാട്ടകരാറുകള്‍ ഉണ്ടായിരുന്നു അക്കാലത്തു. ദളിതുകളെയും അടിച്ചമര്‍ത്തപ്പെട്ട മറ്റു വിഭാഗങ്ങളെയും കര്‍ഷക തൊഴിലാളികളാക്കി നയപരമായി സര്‍ക്കാര്‍ അവതരിപ്പിച്ചു. അതോടെ അവര്‍ സവര്‍ണരില്‍ നിന്ന് ചരിത്രത്തില്‍ ജാതീയമായി ഏറ്റുവാങ്ങിയ അക്രമത്തെ മുഴുവന്‍ നയപരമായി അപ്രത്യക്ഷമാക്കുകയാണ് ഇടതുപക്ഷം ചെയ്തത്. കേരളത്തില്‍ ജാതി അപ്രത്യക്ഷമായെന്നു ഇടതുപക്ഷത്തുള്ളവര്‍ ഇപ്പോഴും വിശ്വസിക്കുന്നതിന്റെ ചരിത്രപരമായ കാരണം ഇതാണ്.
അതുകൂടാതെ ഭൂപരിഷ്‌കരണത്തിലൂടെ ജന്മികള്‍ അല്ലെങ്കില്‍ ഭൂവുടമകള്‍ എന്ന സവര്‍ണ വിഭാഗങ്ങളില്‍ നിന്നും നിശ്ചിത അളവില്‍ കവിഞ്ഞ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തു എന്ന നുണ പ്രചരിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ അളവില്‍ കവിഞ്ഞ ഭൂമി സവര്‍ണരില്‍ നിന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി വാങ്ങാനുള്ള നിയമ പരിരക്ഷയാണ് അവര്‍ കൊടുത്തത്. നഷ്ടപരിഹാരമായി അക്കാലത്തെ ഭൂമിയുടെ ഫെയര്‍ റെന്റിന്റെ 16 മടങ്ങ് അധികം തുക നിശ്ചയിക്കുകയും, കിണറുകളും കെട്ടിടങ്ങളും വൃക്ഷങ്ങള്‍ക്കും അടക്കമുള്ള വിലകള്‍ ഇക്കൂട്ടത്തില്‍ കണക്കാക്കുകയും ചെയ്തു. വിലയില്‍ ആദ്യ 20,000 രൂപയ്ക്ക് നൂറു ശതമാനവും സര്‍ക്കാര്‍ കൊടുക്കേണ്ടതുണ്ട്. പിന്നീട് വരുന്ന ഓരോ 10,000 രൂപയ്ക്കും അഞ്ച് ശതമാനവും വച്ച് കുറയുകയും ചെയ്യും. ഇതാണ് ഇടതുപക്ഷ സര്‍ക്കാര്‍ സവര്‍ണ്ണര്‍ക്ക് നിയമപരിരക്ഷയിലൂടെ നലകിയ ഭൂപരിഷ്‌കരണത്തിലെ നഷ്ടപരിഹാരം.
ഇന്ന് മൂലമ്പിള്ളിയിലെയും, വല്ലാര്‍പാടത്തേയും, വിഴിഞ്ഞത്തെയും ഒക്കെ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി കൊടുത്ത അഞ്ചു സെന്റ് നഷ്ടപരിഹാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ സവര്‍ണര്‍ക്ക് നല്‍കപ്പെട്ട ഈ നഷ്ടപരിഹാരത്തെക്കുറിച്ചു നാം വീണ്ടും വീണ്ടും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ ജനങ്ങളെ ഓര്മിപ്പിക്കേണ്ടി വരും. വര്‍ഷം 1960 കളിലാണെന്നും 20,000 രൂപ എത്രമാത്രം വലിയ തുകയാണ് എന്നും ഓര്‍ക്കണം. ഇനി ഭൂമി വിതരണം ചെയ്തതതിലെ കണക്ക് കൂടി പരിഗണിക്കുകയാണെങ്കില്‍ ഭൂപരിഷ്‌കരണത്തിന്റെ ദളിത് അടിച്ചമര്‍ത്തലും വ്യക്തമാകും. ഭൂമിയില്‍ തൊഴിലെടുക്കുന്നതും ആ വരുമാനം കൊണ്ട് മാത്രം ഉപജീവനം നടത്തുന്നതുമായ കര്‍ഷക തൊഴിലാളികള്‍ എന്നാണ് ദളിതുകളെ അവര്‍ അഭിസംബോധന ചെയ്തത്. അങ്ങനെ തൊഴിലാളികളെന്ന് ഇവര്‍ സംബോധന ചെയ്ത ദളിതുകള്‍ക്ക് ആകെ നലകപ്പെട്ടത് കുടികിടപ്പവകാശമാണ്. അതായത് നാല് സെന്റ് വരുന്ന കുടില്‍ വയ്ക്കാനുള്ള അവകാശം. നോക്കു കര്‍ഷക തൊഴിലാളികള്‍ ആണെന്ന് ഇവര്‍ തന്നെ ഈ ഭൂപരിഷ്‌കരണ നിയമത്തില്‍ അഭിസംബോധന ചെയ്തവരാണ്. അതായത് ഉത്പാദന ഉപകരണമായ ഭൂമി ഇല്ലാത്തവര്‍. സാമൂഹിക നീതിയും ഇവരുടെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികതയും അനുസരിച്ച് കൃഷി ചെയ്യാന്‍ അവശ്യമായ ഭൂമി വിതരണം ചെയ്യപ്പെടേണ്ടിയിരുന്നത് ദളിതുകള്‍ക്കാണ്. പക്ഷേ എന്തു സംഭവിച്ചു. വിതരണം ചെയ്യപ്പെടേണ്ട ഭൂമിക്ക് വില നിശ്ചയിക്കപ്പെട്ടു. കുഷിയിടത്തില്‍ കൂലിയും മറ്റനേകം അവകാശങ്ങളും നിഷേധിക്കപ്പെട്ട ദളിതുക്കള്‍ക്ക് കാര്‍ഷികാവശ്യത്തിനായി ഭൂമി നലകണമെങ്കില്‍ വില നല്കണമെന്ന് സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചു. ഭൂമിയുടെ വില 160രൂപയില്‍ അധികമാകരുതെന്നും, പതിനാറു തവണയായി ഭൂമിയുടെ വില നല്‍കിയാല്‍ മതി എന്ന് നിയമപരിരക്ഷ നല്‍കിയതും ഈഴവരടക്കമുള്ള പിന്നോക്ക ജാതി വിഭാഗങ്ങള്‍ക്ക് അനുകൂലമായി. അധ്വാനിക്കനുള്ള ശേഷി മാത്രം കൈമുതലായി ഉണ്ടായിരുന്ന ദളിതുകള്‍ക്ക് അത്രയും തുക പോലും നല്‍കി ഭൂമി സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഭൂപരിഷ്‌കരണ നിയമം തയ്യാറാക്കിയപ്പോഴും അത് പിന്നീട് ഭേദഗതി ചെയ്തപ്പോഴും ആരും വാദിച്ചില്ല. അതിനു കാരണം ദളിതുകളുടെ സാമൂഹിക ജീവിത സാഹചര്യം ഒരു പൊതുപ്രശ്‌നമായി ഉയര്‍ന്നുവരാന്‍ തക്ക പൊതുബോധം ഈ നിയമം രൂപീകരിച്ച പാര്‍ട്ടിയിലോ അല്ലെങ്കില്‍ സര്‍ക്കാരിലോ ഉണ്ടായില്ല എന്നതാണ്.നയപരമായ ഈ തീരുമാനങ്ങള്‍ ഉണ്ടാകുന്ന ഈ ഉയര്‍ന്ന അധികാര സ്ഥാനങ്ങളില്‍ ദളിതുകളുടെ ജീവിതസാഹചര്യം ഒരു പൊതുപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ തക്ക ദളിത് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ മെച്ചപ്പെട്ട ഈഴവ പ്രാതിനിധ്യം ഈ നിയമത്തിന്റെ കരട് തയ്യാറാക്കുമ്പോഴും ഭേദഗതി വരുത്തുമ്പോഴും ഈഴവരടക്കമുള്ള മറ്റു പിന്നോക്ക ജാതി വിഭാഗങ്ങള്‍ക്ക് അനുകൂലമായി.
കുടി കിടപ്പവകാശമായി ലഭിച്ച നാല് സെന്റ് അഞ്ച് സെന്റ് ഭൂമിയില്‍ സംതൃപ്തി പെടേണ്ടതായി വന്നു. തുടര്‍ന്ന് വളര്‍ന്നു വന്ന ദലിതുകള്‍ തലമുറകള്‍ കഴിയുന്തോറും ഭൂരഹിതരായ വളര്‍ന്നുവന്നു. കൃഷി തൊഴില്‍ മാത്രമറിയമായിരുന്ന ദലിതുകള്‍ ഭൂമിയില്ലാത്തതുകൊണ്ട് വീണ്ടും മറ്റുള്ള വിഭാഗങ്ങളുടെ കര്ഷകത്തൊഴിലാളികളായി തുടര്‍ന്നു. പുതു തലമുറ ദലിതുകള്‍ സമരം ചെയ്തു നേടിയെടുത്ത നാല് സെന്റ് ലക്ഷം വീട് കോളനികളില്‍ കേന്ദ്രീകരിക്കപ്പെട്ടു. ചരിത്രത്തില്‍ കൈവശ ഭൂമി തുച്ഛമായതുകൊണ്ടും, കാര്‍ഷിക രംഗം തകര്‍ന്നതുകൊണ്ടും, ജാതി വിവേചനം നിലനില്ക്കുന്നതുകൊണ്ടും ദളിതുകള്‍ക്ക് മറ്റു സാമൂഹ്യ വിഭാഗങ്ങളോടൊപ്പം മത്സരിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല.തുച്ഛം ഭൂമി മാത്രം ലഭ്യമായതുകൊണ്ട് വായ്പകളോ ധനസഹായങ്ങളോ ലഭ്യമാകാതെ കേരളത്തില്‍ നിന്ന് ഗള്‍ഫ് കുടിയേറ്റത്തില്‍ പോലും അനുകൂലമായ ജീവിത സാഹചര്യം സ്വായത്തമാക്കന്‍ ദളിതുകള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഗള്‍ഫ് കുടിയേറ്റത്തിലൂടെ നടന്ന നിര്‍മാണമേഖലയിലെ കുതിപ്പിനെ ദലിതുകള്‍ അനുകൂലമാക്കി. കര്‍ഷകത്തൊഴിലിനെ അവര്‍ പകരം വെച്ചത് നിര്‍മാണമേഖലയില്‍ തൊഴലിലൂടെയാണ് എന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ കുഞ്ഞാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ പോലീസ് സ്റ്റേഷനില്‍ പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് അറസ്‌റ് ചെയ്യപ്പെടുന്ന ഫ്രീക്കന്മാരായ യുവാക്കളിലൊരാള്‍ ‘ഇവന്റെ അച്ഛനും വര്‍ക്കപ്പണിയാണ് സാറെ’ എന്ന് പറയുമ്പോള്‍ മലയാളികള്‍ ചിരിക്കുന്നത് നിര്‍മാണമേഖലയില്‍ ജോലി ചെയ്ത സ്‌റ്റൈലന്‍ ബൈക്കുകള്‍ വാങ്ങാന്‍ ശേഷി ഉള്ളവരായി ദലിതുകള്‍ മാറി എന്ന പരിഹാസത്തിലാണ്.
ഇതിന്റെ എതിര്‍വശത്ത് ഭൂമി വില നല്കി വാങ്ങാന്‍ ശേഷിയുള്ള ഈഴവരടക്കം മെച്ചപ്പെട്ട കൃഷിയിലേക്കും ഉയര്‍ന്ന ജീവിത നിലവാരത്തിലേക്കും എത്തി. ഇന്ന് ഈഴവര്‍ നേടിയ സാമൂഹിക അധികാരത്തിന്റെ നട്ടെല്ല് ഈ ഭൂപരിഷകരണം കാരണമാണെന്ന് കൂടി നിസംശയം പറയാം.ശ്രീ നാരായണ ഗുരുവിന്റെതടക്കം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രാധാന്യമില്ലെന്നല്ല മറിച്ച് ഭൂമി ഈഴവരില്‍ വിതരണം ചെയ്യപ്പെട്ടത് പ്രധാന നയസമീപനമായിരുന്നു എന്നാണ് വ്യക്തമാക്കിയത്.
ദളിതുകള്‍ ഇത്തരത്തിലാണ് ഭൂപരിഷ്‌കരണത്തില്‍ വഞ്ചിക്കപ്പെട്ടത്. കര്‍ഷകത്തൊഴിലാളികള്‍ എന്ന് ദളിതുകളെ അഭിസംബോധന ചെയ്തവരാണ് ഭൂവിതിരണത്തില്‍ ദളിതുകളെ ഇങ്ങനെ വഞ്ചിച്ചത് എന്നൊര്‍ക്കണം. കര്‍ഷകത്തൊഴിലാളികള്‍ എന്ന് ദളിതുകളെ നയപരമായി അഭിസംബോധന ചെയ്താണ് ഇടതുപക്ഷം ജാതിക്കെതിരെ പടനയിച്ചത്. അങ്ങനെയാണവര്‍ ജാതിയെ ഇല്ലാതാക്കിയത്. നയപരമായി ദളിതുകളെ വഞ്ചിക്കുകയും അവകാശവാദത്തില്‍ മാത്രം അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പം നില്കുന്നു എന്നതുമാണ് സത്യം.
സത്യത്തില്‍ നയപരമായി ദലിതുകള്‍ വഞ്ചിക്കപെടുവാനുള്ള മൂല കാരണം നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന അധികാര ഇടങ്ങളില്‍ എങ്ങും ദലിതുകള്‍ക്ക് വേണ്ടതായ പ്രതിനിധ്യം ഇല്ല എന്നതാണ്.അത് ഒരു രാഷ്ട്രീയ പാര്‍ട്ടി ആണെങ്കില്‍ പോലും രാഷ്ട്രീയ അധികാരമാണെങ്കിലും ഉദ്യോഗസ്ഥ തലത്തിലാണെങ്കിലും എല്ലാം തന്നെ ദളിത് പ്രാതിനിധ്യം ജനസംഖ്യനുപാതത്തില്‍ ഒരു അധികാര ഘടനയിലുമില്ല എന്നതാണ്. ദലിതുകള്‍ ആദിവാസികള്‍ മുസ്ലിങ്ങള്‍ സ്ത്രീകള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നീ സ്വത്വ വിഭാഗങ്ങളുടെ പ്രാതിനിധ്യം മെച്ചപ്പെട്ട ഇടങ്ങളില്‍ മാത്രമേ ഇത്തരം വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതുചര്‍ച്ചയായി വരികയുള്ളു. കേരളത്തിലെ മുഖ്യമന്ത്രി ആയ പി.വിജയനെതീരെ സവര്‍ണര്‍ ജാതി അധിക്ഷേപം നടത്തിയിട്ടും സിപിഎം എന്ന കേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിക്ക് ഒരു സംസ്ഥാനതല പ്രതിഷേധ പരിപാടി പോലും സംഘടിപ്പിക്കാനുള്ള ശേഷി ഇല്ലാതിരുന്നത് ഇതുകൊണ്ടാണ്. ജാതി വിവേചനം എന്ന സാമൂഹിക പ്രശ്‌നം ഒരു പ്രതികരിക്കേണ്ട വിഷയമായി പാര്‍ട്ടിയില്‍ ഒരു പൊതുബോധമായി രൂപ്പപ്പെടാനുള്ള അളവില്‍ ജാതിവിവേചനത്തിന്റെ പ്രശ്‌നം അനുഭവിക്കുന്ന വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ പാര്‍ട്ടിയില്‍ ഇല്ല. എന്നാല്‍ 98% നായന്മാര്‍ക്ക് പ്രാതിനിധ്യമുള്ള ദേവസ്വം വകുപ്പില്‍ വീണ്ടും സവര്‍ണ സംവരണം നടപ്പാക്കേണ്ടതുണ്ട് എന്ന് പൊതുബോധം ഉണ്ടാകാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അത്രമാത്രം സവര്‍ണരുമുണ്ട്. സവര്‍ണ സംവരണം നയപരമായി തീരുമാനം എടുക്കേണ്ട ഒരു പ്രധാന പ്രശ്‌നമാണെന്നും പാര്‍ട്ടിയില്‍ പൊതുബോധം വരുന്നത് അതുകൊണ്ടാണ്.
അധികാര സംവിധാനങ്ങളില് ഈ ഘടനാപരമായ പ്രശ്‌നത്തെ ചോദ്യം ചെയ്യാതെ നയപരമായ മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുകയില്ല. സ്വത്വപരമായി വിഭവങ്ങളും അധികാരവും വിതരണം ചെയ്യപ്പെട്ടിരിക്കുന്ന സമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള എല്ലാ അധികാര സംവിധാങ്ങളിലും സ്വത്വപരമായി അടിച്ചമര്‍ത്തപ്പെട്ട വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാകേണ്ടതുണ്ട്. ഈ വ്യവസ്ഥാപരമായ ജാതിക്കൊലപാതകങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത് അതാണ്.
അരവിന്ദ് ഇന്‍ഡിജീനിയസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in