ദുരന്തകാലത്തെ ജനാധിപത്യം : ബാല്യകാലസഖിയുടെ കോവിഡ്കാല വായന

നോവലിനെ ദുരന്തപൂര്‍ണമാക്കുന്നത് പ്രതിസന്ധികളുടെ മുന്നിലും സാമൂഹികശീലങ്ങളെ മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ്. സാമ്പത്തികപ്രതിസന്ധി പരിഹരിക്കേണ്ടതും കുടുംബം നോക്കേണ്ടതും പുരുഷന്റെ മാത്രം കഴിവാണെന്ന ചിന്തയാണ് നോവലിലെ പ്രതിസന്ധി. കേരളത്തിലെ കീഴാളരില്‍ പെണ്ണും ആണും ജോലിചെയ്ത് കുടുംബം പോറ്റുമ്പോള്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ പുരുഷാധിപത്യസദാചാരത്തെ പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു. നവോത്ഥാനകാലത്ത് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ നേഴ്‌സിംഗ് മേഖലയിലേക്ക് കൂട്ടത്തോടെപോയി കുടുംബത്തിന്റെ സാമ്പത്തികശേഷിയെ വളര്‍ത്തിയത് പ്രധാനപ്പെട്ട ചരിത്രമാണ്.

കേരളസമൂഹം ജാതിവ്യവസ്ഥയില്‍നിന്ന് ആധുനികതയിലേക്ക് പ്രവേശിക്കുന്നത് നാണയസമ്പദ്‌വ്യവസ്ഥയിലൂടെയാണ്. നെല്‍കൃഷിമാത്രം ചെയ്തിരുന്ന മലയാളി കോളനീകരണത്തിലൂടെ നാണ്യവിളകളിലേക്കും തോട്ടങ്ങളിലേക്കും ഫാക്ടറികളിലേക്കും പ്രവേശിച്ചതിലൂടെയാണ് ഇത് സാധ്യമായത്. ഇത്തരം മാറ്റങ്ങളിലൂടെ സംഭവിക്കുന്ന നവോത്ഥാനപ്രസ്ഥാനങ്ങള്‍ പുതിയമാറ്റങ്ങളെ ത്വരിതപ്പെടുത്തുന്നു. നാണയസമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളസമൂഹപരിണാമത്തിന്റെ നിര്‍ണായകമായ സന്ധിയാണ് 1930-40കാലം. പരമ്പരാഗത കാര്‍ഷികവ്യവസ്ഥ ആധുനികീകരണത്തിനു വിധേയമായി ഭൂമിയുടെ തുണ്ടുവല്കരണത്തിനും കൃഷിഭൂമിയുടെ കുറവിനും കാരണമായി. വ്യവസായവല്‍ക്കരണം തൊഴിലാളികളുടെ വ്യാപനത്തിനു കാരണമായി. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനുപുറത്തേക്കുള്ള തൊഴിലവസരങ്ങളിലേക്ക് കണ്ണുചെല്ലുന്നത്. ഇക്കാലത്ത് പുറത്തേക്കൊക്കെ പോയവര്‍ പണം സമ്പാദിക്കുന്നുവെന്ന വാര്‍ത്തകള്‍ അതിന് കൊഴുപ്പേകി. അതിലൂടെ പുറത്തേക്കുപോയി തൊഴിലു ചെയ്താലേ സാമ്പത്തികമായി വളരാന്‍ കഴിയൂ എന്നാകുന്നു. അതോടെ പാരമ്പര്യം തറവാട്ടുമഹിമയും പറഞ്ഞിരുന്നവര്‍ക്കൊക്കെ ആ മാറ്റത്തിനുപിന്നാലെ പോകാതെ വയ്യെന്നായി.

1930കളിലെ സാമ്പത്തികതകര്‍ച്ച ലോകത്താകെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചപോലെ കേരളത്തിലും പ്രതികരണം സൃഷ്ടിച്ചിരുന്നു. സാമ്പത്തിക തകര്‍ച്ചയും അതിനു പിന്നാലെ ലോകമഹായുദ്ധവും ഭക്ഷ്യക്ഷാമവും ഇവിടെ സംഭവിക്കുന്നു. ആധുനികതയുടെ ശക്തിപ്പെടലോടെ ഫ്യൂഡല്‍ തൊഴില്‍, കുടുംബസംവിധാനങ്ങളാകെ ഉലയുകയും പാരമ്പര്യസ്വത്തുകൊണ്ട് ജീവിക്കാനാവുകയില്ലെന്ന് തിരിച്ചറിവുണ്ടാവുകയും ചെയ്തു. ഇക്കാലത്ത് പരമ്പരാഗതതൊഴിലുകളുമായി ജീവിക്കാനാവുകയില്ലെന്ന തിരിച്ചറിവ് പുതിയ തൊഴിലിടങ്ങളിലേക്ക് യുവജനങ്ങളെ നയിക്കുന്നുണ്ട്. അഥവാ പുതിയ തൊഴിലിടങ്ങള്‍ അനിവാര്യമാണെന്ന ബോധം സൃഷ്ടിക്കുന്നുണ്ട്. പ്രവാസം ശക്തിപ്പെടുന്നതും കേരളത്തിന്റെ തന്നെ പല ഭാഗങ്ങളിലേക്കുമുള്ള കുടിയേറ്റം വ്യാപമാകുന്നതും ഇക്കാലത്താണ്. ലോകത്തുണ്ടായ സാമ്പത്തികമാന്ദ്യവും അതിന്റെ ഫലമായിട്ടുണ്ടായ തൊഴിലില്ലായ്മയും നേരിട്ട് ആഘാതമൊന്നും ഇവിടെ വരുത്തിയില്ലെങ്കിലും നാണയവിളയിലേക്ക് മാറിയ കേരളത്തിലെ കാര്‍ഷികമേഖലയില്‍ പലതരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നുകാണാം. തൊഴിലില്ലായ്മ രൂക്ഷമായി പട്ടാളത്തിലേക്ക് യുവാക്കള്‍ വന്‍തോതില്‍ പോകുന്നതും ശമ്പളമയയ്ക്കുന്നതും ഇക്കാലത്ത് മിക്ക നോവലുകളിലും കവിതകളിലും നാടകങ്ങളിലും വിഷയമാകുന്നുണ്ട്. സി.ജെ. തോമസിന്റെ അവന്‍ വീണ്ടും വരുന്നു എന്ന നാടകവും വൈലോപ്പിള്ളിയുടെ ആസാംപണിക്കാര്‍ എന്ന കവിതയും ഉദാഹരണമാണ്. ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മയില്‍ ഇതിന്റെ ആഖ്യാനം കാണാം.

ഇക്കാലത്ത് കേരളത്തില്‍ മറ്റൊരാഘാതം ഉണ്ടായിരുന്നു. കോളറയും വസൂരിയും വ്യാപകമായി പടര്‍ന്നുപിടിച്ചു. പലനാടുകളായി പിരിഞ്ഞുകിടന്ന കേരളത്തില്‍ വ്യാപകമായിത്തന്നെ രണ്ടുരോഗവും 1943-44 കാലത്ത് മരണം വിതച്ചിരുന്നു. ഇ എം എസ് പറയുന്നത് ഏതാണ്ട് ഒരുലക്ഷത്തോളം ആളുകള്‍ മരിച്ചെന്നാണ്. അന്ന് ഒന്നേകാല്‍ക്കോടി മലയാളികളാണ് ഇവിടെയുണ്ടായിരുന്നതെന്നാണ് കണക്ക്. അതില്‍ത്തന്നെ അമ്പതിനായിരത്തോളംപേര്‍ ജോലിക്കായി ബോംബെയിലായിരുന്നു. വലിയതോതിലുള്ള കുഴപ്പങ്ങള്‍ ബ്രിട്ടീഷ് ഭരണത്തോടെ ഇവിടെ സംഭവിച്ചുവെന്ന് ഇ എം എസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പട്ടിണിയും പരിവട്ടവും എല്ലാവരെയും ബാധിച്ചുവെന്നും യുദ്ധത്തിനുമുമ്പ് അരപ്പട്ടിണിക്കാരായ മലയാളികളെ മുഴുപ്പട്ടിണിക്കാരാക്കുകയാണ് ക്ഷാമത്തിലൂടെ സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു (ഒന്നേകാല്‍ക്കോടി മലയാളികള്‍).

1940കളിലാണ് ബഷീര്‍ എഴുത്തിലേക്ക് വരുന്നത്. കേരളീയ നവോത്ഥാനത്തിന്റെ യാത്ര ഒരു ദശ പിന്നിട്ട് ഐക്യകേരളം ഇന്ത്യയുടെ സ്വാതന്ത്ര്യം തുടങ്ങിയ സ്വപ്നങ്ങള്‍ ചിറകുവിരിച്ചു വരുന്ന കാലമാണിത്. ആധുനികമായ തൊഴിലിടങ്ങള്‍ വ്യാപിക്കുന്ന, അതിലൂടെ പരമ്പരാഗത കേരളസമൂഹത്തില്‍ പുതിയ ജീവിതസങ്കല്പങ്ങള്‍ അതിവേഗം വ്യാപിക്കുന്ന കാലമാണിത്. ബാങ്കിംഗ് പോലുള്ള മേഖലകളിലെ തൊഴിലുകളില്‍ വരുന്ന കേശവന്‍നായരിലൂടെയും തൊഴിലു ചെയ്യാനാഗ്രഹിക്കുന്ന സാറാമ്മയിലൂടെയും മാറുന്ന സമൂഹചിത്രങ്ങളും പ്രമേയവും ബഷീര്‍ കോറിയിടുന്നുണ്ട്. അതായത് നാണയസമ്പദ്ഘടന ഇവിടെ വേരുറച്ചു എന്നര്‍ഥം. ബാങ്കുകളും അതിലൂടെയുള്ള പണസമ്പാദനവും മറ്റും അക്കാലത്ത് വലിയ സാധ്യതകളായി കേരളത്തില്‍ വന്നിരുന്നു. ക്വയിലോണ്‍ബാങ്കും മറ്റും ഇക്കാലത്താണ് ശക്തിപ്പെടുന്നതെന്നു കാണാം. ലോകമാകെ ദുരിതം നേരിട്ടുകൊണ്ടിരുന്ന കാലത്ത് ഇവിടെ പ്രണയവും കുടുംബജീവിതവും എന്തായിരുന്നുവെന്ന് സൂചിപ്പിക്കുന്ന നോവലാണ് ബഷീറിന്റെ ബാല്യകാലസഖി (1944).

സുഹ്‌റയുടെയും മജീദിന്റെയും പ്രണയവും സുഹ്‌റയുടെ മരണവും പറയുന്ന ബാല്യകാലസഖി ആദ്യഭാഗത്ത് കാല്പനികതയുടെ നിലാവു നിറഞ്ഞതാണ്. അതിലെ കാല്പനികശൈലി അതിലെ സാമൂഹികസംഘര്‍ഷങ്ങളെ മറച്ചുപിടിക്കുന്നുണ്ട്. നോവലിലെ പ്രതിസന്ധി രൂപപ്പെടുന്നത് മജീദിന്റെ ബാപ്പായുടെ സമ്പത്ത് ഇല്ലാതാകുന്നിടത്താണ്. ആ നാട്ടിലെ വലിയ സ്വത്തുകാരനായ മജീദിന്റെ ബാപ്പയുടെ സ്വത്ത് കച്ചവടത്തിലെ നഷ്ടം മൂലമോ ഒരു പ്രമാണത്തില്‍ ഒപ്പിട്ടുകൊടുത്തതിനാലോ ഇല്ലാതാകുന്നതെന്ന സൂചന നോവലിലുണ്ട്. അതോടെ കിടപ്പാടം വരെ പണയത്തിലാകുന്നു. കച്ചവടത്തിലെനഷ്ടം അക്കാലത്തെ വൈദേശികവാണിജ്യത്തിലെ ഏറ്റക്കുറച്ചിലുകളുടെ ഫലമാണ്. മുപ്പതുകളിലെ സാമ്പത്തികമാന്ദ്യവും ലോകമഹായുദ്ധവും പലരൂപത്തില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടതിന്റെ അടയാളം. ഇവിടെയാണ് മജീദിന്റെ പ്രതിസന്ധി വരുന്നത്. കുടുംബത്തിന്റെ ഭാരം ഏറ്റെടുത്ത് അതിനെ സാമ്പത്തികമായി മുന്നോട്ടുനയിക്കാന്‍ ആണ്‍മക്കള്‍ ജോലിയെടുക്കാന്‍ രംഗത്തുവരണം എന്നാണ് കേരളീയ കുടുംബഘനയുടെ ആഹ്വാനം. അതുകൊണ്ടാണ് സ്വപ്നംകണ്ടുനടക്കുന്ന മജീദ് അധ്വാനിക്കാനായി പോകുന്നത്. പ്രതിസന്ധിയുടെ മുന്നിലും പെണ്‍മക്കളെ കുടുംബംപോറ്റാന്‍ കേരളീയര്‍ അനുവദിച്ചില്ല. ആധുനികസാമൂഹിക മാറ്റങ്ങളാണ് പുരുഷനെ വീടിനെ പോറ്റുന്ന ആളാക്കി മാറ്റിയത്.

വിദേശത്ത് ജോലിക്കു ശ്രമിച്ച മജീദിന് ഒരു പണിയും കിട്ടിയില്ല. എവിടെയും ജോലിയില്ല. 1948 ല്‍ ഇറങ്ങിയ ബൈസൈക്കിള്‍ തീവ്‌സ് പോലുള്ള സിനിമയിലെ ഇതിവൃത്തവും തൊഴിലില്ലായ്മ സൃഷ്ടിച്ച ദുരന്തമാണ്. ലോകമാകെ സാമ്പത്തിക പ്രതിസന്ധിയെന്ന ദുരന്തത്തിനു മുന്നില്‍നിന്നത് സൂക്ഷ്മമായി വരച്ചിട്ട നോവലാണ് ഇത്. ദുരന്തകാലത്ത് പ്രണയങ്ങളും ദുരന്തമാകുമെന്നും ബന്ധങ്ങളൊക്കെ അര്‍ഥമില്ലാത്തതാകുമെന്നും പറയുകയാണ് മജീദിന്റെയും സുഹ്‌റയുടെയും ജീവിതം. സുഹ്‌റയുടെ പ്രണയത്തെ ദുരന്തമാക്കുന്നത് കേവലമായ സാമൂഹികവ്യവസ്ഥകളല്ല ലോകമാകെ വ്യാപിച്ച സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും യുദ്ധകാലസ്ഥിതികളുമാണ്.

കുട്ടിക്കാലത്ത് തന്റെ ആണത്തം കാട്ടി സുഹ്‌റയെ പേടിപ്പെടുത്താന്‍ ശ്രമിച്ച മജീദ് വളര്‍ച്ചയില്‍ ആ ആണത്തം കാണിക്കാന്‍ കഴിയാതെ തകരുന്നതാണ് കഥ. മജീദിനെ ഭയപ്പെടുത്തുന്ന അവന്റെ ബാപ്പയും അവനും തമ്മിലുള്ള വ്യത്യാസമാണ് ആണത്തങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം. ബാപ്പയും അവന്റെ സാഹചര്യവും അവനോട് പറയുന്നത് ഭാവനവിട്ട് ശരിയായ പുരുഷനാകാനാണ്. കൗമാരത്തിലേക്ക് എത്തുമ്പോള്‍ വീട്ടിലെ സാമ്പത്തികകുഴപ്പങ്ങള്‍ കാരണം വീട് നോക്കുന്ന ആണാകുക എന്നതാണ് അവന്റെ മേല്‍ വീഴുന്ന ഭാരം. ബാപ്പയെപ്പോലെ പണം സമ്പാദിച്ച് വീടുനോക്കാനാണ്, അതിനാണ് അവന്‍ യാത്രചെയ്യുന്നത്, ജോലിചെയ്യാന്‍ ശ്രമിച്ചത്. പക്ഷേ അവനതിനു കഴിഞ്ഞില്ലെന്നതാണ് കഥയിലെ ദുരന്തം. മജീദിന്റെ ജീവിതത്തിലെ വെല്ലുവിളി ബാപ്പയെപ്പോലെ സമ്പാദിക്കുന്ന പുരുഷനാവുകയെന്നതാണ്. മജീദിന്റെ ചെറുപ്പത്തിലേയുള്ള കണക്കിനോടുള്ള ഭയവും സ്വപ്നാത്മകതയും പ്രണയവും അപ്പന്റെ കാര്‍ക്കശ്യത്തോടുള്ള വിമുഖതയും പെണ്ണത്തത്തിലാണ് മജീദിനെ നിര്‍ണയിക്കുന്നതെന്നു പറയാം. ഉമ്മ എഴുതുന്ന അവസാന കത്തിലെ ഒരാവശ്യം ഇങ്ങനെ: ”മകനേ ഞാനുറങ്ങീട്ട് വളരെ നാളായി. നിന്റെ പെങ്ങന്മാരുടെ പ്രായക്കാരൊക്കെ മൂന്നും നാലും പെറ്റു. എന്തെങ്കിലും പൊക്കണക്കേട് വന്നുപോയാല്‍” . ഈ വരികളില്‍നിന്ന് ആണത്തത്തിന്റെ ധര്‍മ്മം വായിച്ചെടുക്കാം. വീട്‌സംരക്ഷിക്കുക, പെങ്ങന്മാരെസംരക്ഷിക്കുക- അവരുടെ ‘മാനം’ എന്ന വലയത്തിന്റെ സംരക്ഷണം- എന്നിവയാണ് ആണുങ്ങളുടെ ഉത്തരവാദിത്തമായി വരുന്നത്. ഇതിനാണ് അവര്‍ ഉദ്യോഗം നേടണമെന്നു പഠിപ്പിച്ചതും. പക്ഷേ മജീദ് അവിടെയൊക്കെ പരാജയപ്പെടുകയാണ്. എന്നിട്ടും അവന്‍ ദൂരെ ജോലിക്കുപോകുന്നു. തുച്ഛമായ കൂലികിട്ടുന്ന ജോലിചെയ്ത് നാട്ടിലേക്കയച്ച് കുടുംബംപുലര്‍ത്തുന്നു. അവന്റെ പ്രതീക്ഷമുഴുവന്‍ സുഹ്‌റയാണ്. പക്ഷേ അവളുടെ മരണത്തോടെ അതും അവസാനിക്കുന്നു.

നോവലിനെ ദുരന്തപൂര്‍ണമാക്കുന്നത് പ്രതിസന്ധികളുടെ മുന്നിലും സാമൂഹികശീലങ്ങളെ മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ്. സാമ്പത്തികപ്രതിസന്ധി പരിഹരിക്കേണ്ടതും കുടുംബം നോക്കേണ്ടതും പുരുഷന്റെ മാത്രം കഴിവാണെന്ന ചിന്തയാണ് നോവലിലെ പ്രതിസന്ധി. കേരളത്തിലെ കീഴാളരില്‍ പെണ്ണും ആണും ജോലിചെയ്ത് കുടുംബം പോറ്റുമ്പോള്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ പുരുഷാധിപത്യസദാചാരത്തെ പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു. നവോത്ഥാനകാലത്ത് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ നേഴ്‌സിംഗ് മേഖലയിലേക്ക് കൂട്ടത്തോടെപോയി കുടുംബത്തിന്റെ സാമ്പത്തികശേഷിയെ വളര്‍ത്തിയത് പ്രധാനപ്പെട്ട ചരിത്രമാണ്. ഇത്തരത്തില്‍ ലിംഗപരവും ജാതിപരവുമായ ഘടനകളെ നിര്‍വീര്യമാക്കി സമൂഹത്തെയും കുടുംബത്തെയും ജനാധിപത്യപരമായി ക്രമീകരിക്കുന്നതിലൂടെയാണ് പ്രശ്‌നങ്ങളെ അതിജീവിക്കുവാന്‍ കഴിയുക. കേരളം അത്തരത്തിലൊരു ജനാധിപത്യം ആവശ്യപ്പെടുന്നുണ്ടെന്ന് പ്രളയവും കോവിഡും വിളിച്ചുപറയുന്നു. സമൂഹിക- കുടുംബ ഉത്തരവാദിത്വങ്ങള്‍ പങ്കിടുവാനും ആണത്തം പെണ്ണത്തം എന്നിവയുടെ അതിരുകള്‍ മായ്ച്ചുകളയുന്നതിലൂടെ സാധ്യമാകുന്ന ജനാധിപത്യം സൃഷ്ടിക്കുവാന്‍ ഓരോ ദുരന്തവും മലയാളിയോടു പറയുന്നുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply