ജീവിതത്തിന്റെ ചങ്ങല മുറിയുന്നത് കൊവിഡിനേക്കാള്‍ ഗുരുതരം
ഈ അവസ്ഥ ഇതുപോലെ തുടരുകയാണെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ചെറിയ ദുരന്തമൊന്നുമായിരിക്കില്ല. അത്രമാത്രം ശക്തമാണ് രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലുമുള്ള ചങ്ങല. കാശ്മീരിലെ ആപ്പിള്‍ കേരളത്തില്‍ വില്‍ക്കുന്നു. അമേരിക്കന്‍ കാറുകളുടെ വലിയ വിപണിയാണ് ഇന്ത്യ. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ലോകമാകെ വില്‍ക്കുന്നു. ഈ ചങ്ങലകളാണ് മുറിയുന്നത്. കൊവിഡ് മരണങ്ങളേക്കാള്‍ രൂക്ഷമായിരിക്കും കാര്യങ്ങള്‍. അതിനാല്‍ തന്നെ മാറിചിന്തിക്കാന്‍ സമയമായിരിക്കുന്നു.
കൊവിഡ് കാലത്തിനു ശേഷം മനുഷ്യന്‍ മാറുമോ എന്ന ചര്‍ച്ച ഒരുപാട് നടക്കുന്നുണ്ട്. ഈ ദുരിതകാലം മനുഷ്യനെ ഗുണകരമായി മാറ്റിത്തീര്‍ക്കുമെന്നു കരുതുന്നവര്‍ നിരവധിയാണ്. അത്തരം പ്രതീക്ഷയൊക്കെ നല്ലതാണ്. എന്നാലത് എത്രമാത്രം ശരിയാകുമെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കണം. രണ്ടാംലോകമഹായുദ്ധത്തിലെ മഹാദുരന്തങ്ങള്‍ക്കുശേഷവും ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിനുശേഷവും മനുഷ്യാവകാശങ്ങള്‍ എന്ന സങ്കല്‍പ്പനം ലോകമെങ്ങും അംഗീകരിച്ചതിനുശേഷവും ഏറ്റവുമധികം നിര്‍മ്മിക്കുന്നതും കച്ചവടം നടക്കുന്നതും ആയുധങ്ങളുടേതാണ്. ആ ചരിത്രം നിലനില്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകള്‍ക്കൊന്നും സാധ്യതയില്ല. അപ്പോഴും മനുഷ്യാവകാശം എന്ന ആശയത്തിനു വന്‍സ്വീകാര്യത വന്ന പോലെ ചില മാറ്റങ്ങളുണ്ടായേക്കാം. രാജ്യാതിര്‍ത്തികളൊക്കെ താല്‍ക്കലികമായെങ്കിലും അദൃശ്യമാകുന്നതും രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നതുമൊക്കെ കാണുന്നുണ്ട്. മുങ്ങുന്ന കപ്പലില്‍ മറ്റുമാര്‍ഗ്ഗമില്ലാത്തതിനാലാണ് അതെങ്കിലും പ്രതീക്ഷ നല്‍കുന്ന കാഴ്ചകള്‍ കാണുന്നുണ്ട്. കോളനിവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യര്‍ പരസ്പരം അക്രമിക്കുകയും കൊല്ലുകയുമൊക്കെ ചെയ്യുന്നത് സാധാരണ സംഭവമായിരുന്നു. പക്ഷെ മനുഷ്യന്‍ ഒരു സ്പീഷിസാണെന്ന്, ഒരുപക്ഷെ ഏറ്റവും പുറകില്‍ നില്‍ക്കുന്ന ചില വിഭാഗങ്ങള്‍ക്കൊഴികെ ലോകത്തെ ഏറെക്കുറെ എല്ലാവര്‍ക്കും ഇന്നറിയാം. എന്നിട്ടുപോലും ആയുധകച്ചവടവും യുദ്ധങ്ങളും നടക്കുന്നു. എന്നാലും നമുക്ക് പ്രതീക്ഷിക്കാം.
മനുഷ്യചരിത്രത്തില്‍ ആദ്യമായാണ് ഒരു വിപത്തിനെതിരെ ലോകം ഒന്നിച്ചുനിന്ന് പോരാടുന്നത്. ലോകമഹായുദ്ധം പോലും ഇത്രമാത്രം ലോകത്തെ എല്ലാ ഭാഗത്തേയും ബാധിച്ചിരുന്നില്ല. ആധുനികലോകത്തില്‍ ഉള്‍പ്പെടുന്നു എന്നു പറയാനാവാത്ത ആദിവാസി മേഖലകള്‍പോലും കൊവിഡിനെ കുറിച്ച് അറിയുന്നവരാണ്. അതുപോലെ ചരിത്രത്തിലാദ്യമായാണ് ശാസ്ത്രം ഇത്രമാത്രം പ്രാക്ടീസ് ചെയ്യപ്പെടുന്നത്. കൈകഴുകലും സാമൂഹ്യ അകലവുമെല്ലാം ഉദാഹരണം. സ്വന്തം കാര്യങ്ങള്‍ക്ക് നാം ശാസ്ത്രം ഉപയോഗിക്കാറുണ്ട്. ജോലി കിട്ടാന്‍ വേണ്ടി ശാസ്ത്രം പഠിക്കാറുണ്ട്. ജോലി കിട്ടിയാല്‍ അതെല്ലാം മറക്കാറുമുണ്ട്. എന്നിട്ട് പള്ളികളും അമ്പലങ്ങളുമായി ജീവിക്കുന്നു. ആദ്യമായാണ് അമ്പലം കൊണ്ടും പള്ളികൊണ്ടുമൊന്നും ഒരു ഗുണവുമില്ലെന്ന് സമൂഹം തിരിച്ചറിയുന്നത്. സത്യത്തില്‍ മനുഷ്യന് അതറിയായ്കയൊന്നുമല്ല. പക്ഷെ അതങ്ങനെ മുന്നോട്ടുപോകുന്നു. പക്ഷെ ഇപ്പോഴത്തെ അവസ്ഥ മറ്റൊന്നാണ്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്ക് പോലീസില്‍ നിന്നു അടികിട്ടുന്നു. മുമ്പത് ആരാധനാലയങ്ങള്‍ക്കെതിരെ പറയുന്നവര്‍ക്കായിരുന്നു. അതാണ് പ്രകടമായ അന്തരം. മനുഷ്യന്‍ ഒരു കുലമാണ്, എല്ലാവരും ഒരുമയോടെ ജീവിക്കുക അതാണല്ലോ ഏറ്റവും വലിയ ഹൈലൈറ്റ്. രാഷ്ട്രീയപ്രസ്ഥാനങ്ങളും മതങ്ങളും സംഘടനകളുമെല്ലാം ഓരോ വിഭാഗങ്ങളുടെ ഐക്യപ്പെടുന്നതിനെ കുറിച്ചും പറയുന്നു. എന്നാല്‍ അതിനു കടകവിരുദ്ധമാണ് കൊവിഡ് കാലം. മനുഷ്യര്‍ക്ക് ഒന്നിക്കാനാവില്ല, ഒന്നിക്കുന്നത് കുഴപ്പമാണ് എന്നാണ് കൊവിഡ് പറയുന്നത്. പലവിധ ആശയങ്ങളുമായി എല്ലാവരും സംഘടിക്കാന്‍ പറയുമ്പോള്‍ കൊവിഡ് മറിച്ചു പറയുന്നു. ശരിയാണ്, പഴയപോലെ മനുഷ്യര്‍ ചെറിയ സമൂഹങ്ങളായി ജീവിച്ചിരുന്നെങ്കില്‍ ഈ ഭീഷണി ഉണ്ടാകുമായിരുന്നില്ല. ചില മേഖലകളില്‍ ദുരന്തം ഒതുങ്ങുമായിരുന്നു. എന്നാല്‍ ലോകത്തെ മനുഷ്യരെല്ലാം ഒരു ചങ്ങലയില്‍ ബന്ധിക്കപ്പെട്ടതാണ് കൊവിഡ് ആഗോളമാകാന്‍ കാരണമായത്.
എന്തായാലും കാര്യങ്ങളെ ഗൗരവമായി സമീപിക്കേണ്ട സമയമായിരിക്കുന്നു. ലോക് ഡൗണിന്റെ ആരംഭത്തില്‍ ആരും ആശങ്കാകുലരായിരുന്നില്ല. മറിച്ച് ഭാവിയെ കുറിച്ച് പ്രതീക്ഷയുള്ളവരുമായിരുന്നു. പലരും ഈ അവസരം ആസ്വദിക്കുകയായിരുന്നു. രണ്ടാഴ്ചവരെയൊക്കെ ഒ കെ. അതിനപ്പുറമൊന്നും മനുഷ്യര്‍ക്ക് പരസ്പംര നോക്കിയിരിക്കാനാവില്ല. മാത്രമല്ല ദിവസങ്ങള്‍ കഴിയുന്തോറും അന്തരീക്ഷം മാറുകയാണ്. ഒരുപക്ഷെ ഈ രോഗത്തെ കുറിച്ച് അറിഞ്ഞില്ലായിരുന്നെങ്കില്‍ പോലും അവസ്ഥ ഇതിനേക്കാള്‍ ഭേദമാകുമായിരുന്നു. തീര്‍ച്ചയായും വൃദ്ധരും രോഗപ്രതിരോധശേഷി കുറഞ്ഞവരുമായ കുറെ പേര്‍ മരിക്കുമായിരുന്നു. എന്നാല്‍ 2018ല്‍ ക്ഷയം വന്നു മരിച്ച 15 ലക്ഷവുമായി താരതമ്യം ചെയ്താല്‍ അതു വളരെ കുറച്ചെ വരുമായിരുന്നുള്ളു. എന്നാല്‍ ഈ അവസ്ഥ ഇതുപോലെ തുടരുകയാണെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ചെറിയ ദുരന്തമൊന്നുമായിരിക്കില്ല. അത്രമാത്രം ശക്തമാണ് രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലുമുള്ള ചങ്ങല. കാശ്മീരിലെ ആപ്പിള്‍ കേരളത്തില്‍ വില്‍ക്കുന്നു. അമേരിക്കന്‍ കാറുകളുടെ വലിയ വിപണിയാണ് ഇന്ത്യ. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ലോകമാകെ വില്‍ക്കുന്നു. ഈ ചങ്ങലകളാണ് മുറിയുന്നത്. കൊവിഡ് മരണങ്ങളേക്കാള്‍ രൂക്ഷമായിരിക്കും കാര്യങ്ങള്‍. അതിനാല്‍ തന്നെ മാറിചിന്തിക്കാന്‍ സമയമായിരിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൃഷിയിടങ്ങളില്‍ കിടന്ന് നശിക്കുന്നു. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള സ്‌റ്റോക്കാണ് നാം ഉപയോഗിക്കുന്നത്. അതിനു പരിധിയുണ്ട്. അതും കഴിയുമ്പോള്‍ പ്രശ്‌നം രൂക്ഷമാകും. ചീര പോലും നട്ടാല്‍ വിള കിട്ടാന്‍ ദിവസങ്ങളെടുക്കും. ഓരോ ദിവസം കഴിയുന്തോറും ഈ ഗാപ്പ് കൂടുകയാണ്.
സ്റ്റോക്കിലുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിയുകയും പുതിയവ ഉണ്ടാകാതിരിക്കുകയും ചെയ്താലുണ്ടാകുന്ന സംഭവങ്ങള്‍ ലളിതമായിരിക്കില്ല. പണം കൊണ്ടുപോലും ഉപയോഗമില്ലാത്ത കാലമായിരിക്കുമത്. മരുഭൂമിയില്‍ വെള്ളത്തിനുപകരം സ്വര്‍ണ്ണം കിട്ടിയിട്ട് എന്തുകാര്യം? പൂര്‍ണ്ണ ലോക് ഡൗണ്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ കുറച്ചുസമയം വേണമായിരുന്നു. ആ ഘട്ടം കഴിഞ്ഞിരിക്കുന്നു. കാട്ടില്‍ ആനയെ ഭയന്ന് മരത്തില്‍ കയറിയ ആള്‍ക്ക് പരമാവധി എത്ര സമയം അവിടെയിരിക്കാന്‍ കഴിയും? വാര്‍ഡ് തലത്തില്‍ പരിശോധനകള്‍ ശക്തമാക്കി 60 കഴിഞ്ഞവരെയും ആരോഗ്യപ്രശ്‌നങ്ങളുള്ളവരേയും ഐസൊലേഷനിലാക്കുകയാണ് ഇനി വേണ്ടത്. ആരോഗ്യമുള്ളവരെ ഈ രോഗം കാര്യമായി ബാധിക്കില്ല. നേരത്തെ സൂചിപ്പിച്ച ക്ഷയവുമായൊക്കെ താരതമ്യം ചെയ്താല്‍ ഇതു വളരെ വ്യക്തം. ഒരു കോടി പേരെയാണ് ക്ഷയം ബാധിച്ചത്. അതില്‍ ഭൂരിഭാഗവും പാവപ്പെട്ടവരായിരുന്നു. കൊവിഡ് പണക്കാരേയും ബാധിക്കുന്നു. അതും ആശങ്കള്‍ ഊതിവീര്‍പ്പിക്കാന്‍ കാരണമാണ്. സത്യത്തില്‍ ചെറുപ്പക്കാര്‍ക്ക് രോഗം വന്നാല്‍ തന്നെ പ്രതിരോധശേഷി വളരുകയാണ് ചെയ്യുക.. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ ചങ്ങല മുറിയുക. ക്ഷാമം വന്നാല്‍ ഇന്നത്തെ സമാധാനമായ അവസ്ഥയൊക്കെ മാറും. പകല്‍ പുറത്തിറങ്ങാതിരിക്കുന്നവര്‍ രാത്രിയിലിറങ്ങും. കൊള്ളയടിക്കും. വീടുകളില്‍ കൃഷിയാരംഭിക്കുകയാണെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ കൊള്ളയടിക്കപ്പെടും. എത്രയും വേഗം കൃഷിയാരംഭിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്ക് ഇടവേളയില്ലാതാക്കുകയാണ് വേണ്ടത്. പ്രസവിക്കാന്‍ എന്തായാലും 10 മാസം എടുക്കുമല്ലോ. മത്സ്യമൊഴികെ എല്ലാ ഭക്ഷ്യവസ്തുക്കളും തയ്യാറാകാന്‍ സമയം ആവശ്യമാണ്. കേരള സര്‍ക്കാര്‍ കൃഷിയെകുറിച്ച് പറയുന്നുണ്ടെങ്കിലും അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണുന്നുണ്ടെന്നു തോന്നിയില്ല. എങ്കില്‍ ചെറുപ്പക്കാര്‍ക്ക് ഇളവു നല്‍കുമായിരുന്നു. അതില്ലാതെ എങ്ങനെ കാര്‍ഷികവൃത്തി സാധ്യമാകും? പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ മൈക്രോ പ്ലാന്‍ ചെയ്ത് നടപ്പാക്കേണ്ട കാര്യമാണിത്.
അധികാരികളും വിദഗ്ധരെന്നറിയപ്പെടുന്നവരുമൊക്കെ പറയുന്നതനുസരിച്ചാണെങ്കില്‍ രോഗഭീഷണി കുറയാന്‍ മാസങ്ങളെടുക്കാം. അതുവരെ ഇപ്പോഴത്തെ തടവു തുടര്‍ന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണാധീതമാകും. ജീവിതത്തിന്റെ ചങ്ങല മുറിഞ്ഞവരെ തടയാനാര്‍ക്കുമാകില്ല. അവരെന്തും ചെയ്യും. ഇക്കാര്യം മനസ്സിലാക്കാന്‍ നേതാക്കള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ ആകില്ല. അവര്‍ മുമ്പേ ചെയ്യുന്ന കാര്യങ്ങള്‍ ഇപ്പോഴും ചെയ്യുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി കൂടിയിട്ടുണ്ടാകും. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നുണ്ടാകും. പക്ഷെ അവര്‍ക്ക് അടച്ചുപൂട്ടവരിലെ അസ്വസ്ഥത മനസ്സിലാകില്ല. കൊവിഡ് കാലം അതിരുകളില്ലാത്ത ലോകത്തേക്കു നീങ്ങുമെന്ന, തുടക്കത്തില്‍ പലരും കണ്ട സ്വപ്‌നമൊക്കെ യാഥാര്‍ത്ഥ്യമായി ബന്ധമില്ലാത്തതായിതീരും. നേരെ തിരിച്ച് പ്രാകൃതാവസ്ഥയിലേക്കാണ് മനുഷ്യര്‍ തിരിച്ചുപോകുക. നൂറ്റാണ്ടുകളിലൂടെ മെരുക്കിയെടുത്ത മനുഷ്യന്‍ ഇല്ലാതാകും. മനുഷ്യകുലം നശിക്കും. ആ അവസ്ഥ ഇല്ലാതാക്കാന്‍ നാമിപ്പോള്‍ മാറണം. എല്ലാവരേയും കൂട്ടിലിട്ടിരിക്കുന്ന തീരുമാനം മാറ്റണം. ആരോഗ്യമുള്ള ചെറുപ്പക്കാരെ ഉടന്‍ തുറന്നു വിടണം. വരുംകാല കരുതലുകള്‍ക്കായി, കോടികണക്കിനു ജനങ്ങളുടെ ജീവിതത്തിന്റെ ചങ്ങല പൊട്ടാതിരിക്കാന്‍ അവരെ കര്‍മ്മരംഗത്തിറക്കണം. അല്ലെങ്കില്‍ വരാന്‍ പോകുന്ന ദുരന്തം പ്രവചനാതീതമായിരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in