വേണ്ടത് സര്‍വ സൈന്യാധിപനല്ല, സര്‍വകക്ഷി മന്ത്രിസഭ

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയമുള്ളൂ, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നെല്ലാം ഓരോ പ്രതിദിന വാര്‍ത്താ സമ്മേളന വേളയിലും പഴഞ്ചൊല്ലുകള്‍ പറഞ്ഞുകൊണ്ട് സ്വന്തം സാംസ്‌കാരിക വേരുകള്‍ ബലപ്പെടുത്തുന്ന മുഖ്യമന്ത്രി ഇതേ വരെ അനിവാര്യമായും താന്‍ ഓര്‍ത്തിരിക്കേണ്ട മറ്റു ചില പഴഞ്ചൊല്ലുകള്‍ ഓര്‍ത്തെടുക്കുന്നില്ല. കോവിഡ് വ്യാപനം പേടിപ്പിക്കുന്ന തരത്തില്‍ ഉയരുകയും മരിക്കുന്നവരുടെ എണ്ണം കൂടുകയും ചികിത്സാ സംവിധാനങ്ങള്‍ പരാജയത്തിന്റെ വക്കത്തെത്തി നില്‍ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം, ഒത്തുപിടിച്ചാല്‍ മലയും പോരും തുടങ്ങിയ മോട്ടിവേഷനല്‍ പ്രയോഗങ്ങളാണ് അദ്ദേഹം ഓര്‍ക്കേണ്ടത്. എന്നാല്‍ വിപദ് സന്ധിയില്‍ ഒരുമിച്ചു നിന്നു പോരാടുക എന്ന ആശയം മനസ്സിലില്ലാത്തതു കൊണ്ടായിരിക്കാം, പിണറായിയുടെ നാക്കിന്‍ തുമ്പത്ത് അതൊന്നും വരുന്നില്ല. അത്തരം ഓട്ടോ സജഷനുകളൊന്നും അദ്ദേഹത്തിന്ന് വേണ്ട താനും.

അസാമാന്യമായ ചങ്കൂറ്റം ആയുധമാക്കി താന്‍ ഒറ്റക്ക് നിന്ന് പൊരുതും എന്ന ഭാവതലം അദ്ദേഹത്തിന്റെ മുഖത്തും ശരീര ഭാഷയിലും ശബ്ദത്തിലുമുണ്ട്. ദിവസവും വാര്‍ത്താ സമ്മേളനത്തിന്ന് ഹാജരാവുന്ന സഹമന്ത്രിമാര്‍ക്കും ചീഫ് സിക്രട്ടറിക്കും വായ തുറക്കാനുള്ള സ്വാതന്ത്ര്യമില്ല. പ്രതിപക്ഷവുമായി ആലോചിച്ച് കോവിഡ് പ്രതിരോധത്തിന്റെ യുദ്ധതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്ന കാര്യമിരിക്കട്ടെ സ്വന്തം മുന്നണിയില്‍ പോലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലെന്നാണ് തോന്നുന്നത്. നിശ്ചയിച്ചുറപ്പിച്ച ഇടതുമുന്നണിയോഗം റദ്ദാക്കുകയാണല്ലോ ചെയ്തത്. യുദ്ധമുന്നണിയില്‍ തന്റെ പിന്നാലെ അനുസരണയോടെ നടന്നുകൊള്ളണമെന്ന് പറഞ്ഞും പറയാതെയും മുഖ്യമന്ത്രി സൂചിപ്പിക്കുന്നുണ്ട്. അതാണ് കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടപടികളെ ചെറുതായൊന്ന് വിമര്‍ശിച്ചു പോയാല്‍ പോലുള്ള അദ്ദേഹത്തിന്റെ ചൊരുക്കിന്ന് കാരണം. സര്‍ക്കാറിനെ വിമര്‍ശിക്കാനേ പാടില്ല വിമര്‍ശിക്കുന്നവര്‍ കോവിഡ് വ്യാപനത്തിന്ന് വളം വെക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ദൃഢബോധ്യം. അതു തന്നെയാണ് അദ്ദേഹത്തിന്റെ വജ്രായുധം.

ഈ ശാഠ്യം എത്രത്തോളം ഫലപ്രദമാണ്? തുടക്കത്തില്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ നിപ്പാ പ്രതിരോധക്കാലത്ത് സ്വായത്തമാക്കിയ അനുഭവ പാഠങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സമുദായ സംഘടനകളുടേയും മീഡിയയുടേയും മറ്റും പിന്തുണയുമൊക്കെക്കൂടി ആയപ്പോള്‍ ആഗോള തലത്തില്‍ തന്നെ അനുകരണീയമായ കേരള മാതൃക എന്ന പ്രതിച്ഛായ ഉയര്‍ന്നുവന്നു. സ്ത്രീകളുടെ സൗമ്യ ചേതസ്സാണ് കൊറോണയെ തുരത്തുന്നതെന്ന മട്ടിലുള്ള ചില മാധ്യമങ്ങളുടെ വിചിത്രമായ നിരീക്ഷണ കൗതുകങ്ങളില്‍ ജര്‍മനിയിലെ ആന്‍ജലാ മെര്‍ക്കിന്നും ബംഗാളിലെ മമതാ ബാനര്‍ജിക്കും ന്യൂസിലാണ്ടിലെ ജസീന്തക്കുമൊപ്പം ശൈലജ ടീച്ചര്‍
ഇടം പിടിച്ചതങ്ങനെയാണ്. ഏതായാലും, കേരളത്തില്‍ തികഞ്ഞ കൂട്ടുത്തരവാദിത്വമാണ് തുടക്കത്തില്‍ തെളിഞ്ഞു കണ്ടത്. പിന്നീട് എന്ത് കൊണ്ടോ ടീച്ചര്‍ മാറ്റി നിര്‍ത്തപ്പെട്ടു. പിണറായി നേരിട്ട് നിയന്ത്രണമേറ്റെടുത്തു. വാര്‍ത്താ സമ്മേളനങ്ങളില്‍ സംസാരിക്കുന്നത് പോയിട്ട്, മാസ് കൊന്ന് താഴ്ത്തിയിടാന്‍ പോലും അവര്‍ക്ക് അവസരം കിട്ടിയില്ല. എന്നാല്‍ പിടികിട്ടാത്ത തരത്തില്‍ മഹാമാരി ജൈത്രയാത്ര നടത്തുമ്പോള്‍ സ്വന്തം തോന്നലുകളേയും ബോധ്യങ്ങളേയും മാത്രം അടിസ്ഥാനമാക്കി കാര്യങ്ങള്‍ നീക്കുന്നതാണോ കരണീയം?

യുദ്ധകാലത്ത് വാര്‍ കൗണ്‍സിലുകള്‍ രൂപീകരിച്ച് സ്വന്തം പാര്‍ട്ടിയംഗങ്ങളോട് മാത്രമല്ല, പ്രതിപക്ഷത്തുള്ളവരോടും സിവില്‍ സമൂഹത്തോട്ടം വിഷയ വിദഗ്ധരോടുമെല്ലാം കൂടിയാലോചനകള്‍ നടത്തുന്ന പതിവ് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളിലുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ അതൊരു പ്രായോഗിക സമീപനമാണ്. എന്നാല്‍ കോവിഡിന്റെ മറവില്‍ തിരുവായ്ക്ക് എതിര്‍വായില്ല എന്ന തരത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് മുഖ്യമന്ത്രി എന്നാണ് പലരുടേയും ആക്ഷേപം. ഏകാധിപതികളുടെ തന്നിഷ്ടങ്ങള്‍ വരുത്തിവെച്ച ദുരന്തങ്ങളുടെ ചരിത്ര പാഠങ്ങളുമായി അവര്‍ ഇതിനെ ഉദാഹരിക്കുന്നു. ഇപ്പോഴത്തെ പാന്‍ഡമിക്ക് കാലത്തു തന്നെ ഹംഗറിയില്‍ സര്‍ക്കാറിന്നുള്ള അടിയന്തിരാധികാരങ്ങളുടെ കാലാവുധി നീട്ടിയതും ഫിലിപ്പൈന്‍സില്‍ പ്രസിഡണ്ട് റോഡ്‌റിഗോ ദൂററര്‍റ്റെ ഈ അധികാരങ്ങള്‍ വര്‍ദ്ധിപ്പിച്ചതും എല്‍ സാല്‍വഡോറില്‍ കൂടുതല്‍ തടങ്ങല്‍പ്പാളയങ്ങള്‍ തുറന്നതും ഓര്‍ക്കുക. പാന്‍ഡമിക് മറയാക്കി നടത്തുന്ന അമിതാധിക പ്രയോഗങ്ങളെ അപലപിച്ചു കൊണ്ട് നോബല്‍ സമ്മാന ജേതാവ് ഷിറിന്‍ ഇബാദി, പോളണ്ടിലെ സോളിഡാരിറ്റി നേതാവ് ലെക് വലേസ, മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സിക്രട്ടറി മദലീന്‍ ആള്‍ബ്രൈറ്റ് തുടങ്ങി എഴുത്തുകാരും കലാകാരന്മാരും സിവില്‍ സൊസൈറ്റി ആക്ടിവിസ്റ്റുകളുമടങ്ങുന്ന അഞ്ഞൂറില്‍പ്പരം ആളുകള്‍ ഒരു തുറന്ന കത്തെഴുതുകയുണ്ടായി. മുഖ്യമന്ത്രിയും സംസ്ഥാന ഗവണ്മെന്റും പക്ഷേ അഭിരമിക്കുന്നത് വിയോജിപ്പുകളെ കോവിഡ് പ്രതിരോധിക്കുന്നതിനെ ഒറ്റിക്കൊടുക്കുന്ന പ്രവര്‍ത്തനമായാണു എല്ലാവരും ഒരുമിച്ച് എന്നല്ല ആരേയും വേണ്ടാ എന്ന സമീപനമാണിത്.

എന്നാല്‍ രാജ്യതന്ത്രത്തില്‍ ഇതിന്ന് മറുവശങ്ങള്‍ പലത്. രണ്ടാം ലോക യുകാലത്ത് നാസിപ്പടയെ ഇംഗ്ലണ്ട് പ്രതിരോധിച്ചത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നേതൃത്വത്തില്‍ യുദ്ധകാലമന്ത്രിസഭ രൂപീകരിച്ചു കൊണ്ടാണ്. ഈ സര്‍വ്വകക്ഷി മന്ത്രിസഭയാണ് യുദ്ധ നയങ്ങള്‍ ഏകോപിപ്പിച്ചത്. സ്വാതന്ത്ര്യലബ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉണ്ടാക്കിയ കോണ്‍സ്റ്റിറ്റിയു വന്റ് അസംബിയില്‍ കോണ്‍ഗ്രസ്‌കാര്‍ മാത്രമായിരുന്നില്ല. എക്കാലത്തും കോണ്‍ഗ്രസ്സുമായി വിയോജിച്ചുനിന്ന അംബേദ്കര്‍, ഹിന്ദു ആത്മിയവാദിയായ കെ.എം. മുന്‍ഷി, നിയമ പണ്ഡിതനായ അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, ഹിന്ദു മഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി, ആദിവാസി അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചു കൊണ്ടിരുന്ന ഛോട്ടാ നാഗ്പൂരിലെ മരാങ് ഗോം കെ എന്നിവരടക്കം പല വിമത സ്വരങ്ങളുമുണ്ടായിരുന്നു. സി.പി.ഐയുടെയും ലീഗിന്റേയും യൂണിയനിസ്റ്റ് പാര്‍ട്ടിയുടേയുമെല്ലാം പ്രതിനിധികള്‍. സ്വാതന്ത്ര്യത്തിന്നുശേഷം നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച താല്‍ക്കാലിക’ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു ശ്യാമപ്രസാദ് മുക്കര്‍ജിയും അംബേദ്കറും. ഇന്ത്യയെ ഒരു ജനാധിപത്യരാഷ്ടമായി പുനര്‍ നിര്‍മ്മിക്കുക എന്ന ദൗത്യ പൂര്‍ത്തീകരണത്തില്‍ പല പ്രതിനിധാനങ്ങളും അടങ്ങുന്ന ഒരു ബഹുസ്വര ഭരണ സംവിധാനം ആവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മന്ത്രിസഭ ഉണ്ടായത്. കോവിഡിന്നെതിരായുള്ള പോരാട്ടം സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മിതിയുടെ വേളയാണ്. ഈ പ്രക്രിയയില്‍ വേണ്ടത് ഒരേയൊരു സര്‍വ്വ സൈന്യാധിപന്റെ യുദ്ധമിടുക്കല്ല, ബഹുവിധ പ്രാതിനിധ്യങ്ങളുടെ താളപ്പൊരുത്തമാണ്.

സകല രാഷ്ട്രീയങ്ങളും പ്രതിനിധാനങ്ങളും ജനങ്ങളൊന്നിച്ചും പ്രതിരോധം ചമയ്ക്കട്ടെ. അമ്മ കുത്തിയാലും ചക്കി കുത്തിയാലും അരി വെളുക്കണമെന്നേയുള്ളൂ എന്ന പഴഞ്ചൊല്ലും മുഖ്യമന്ത്രിയുടെ സ്മൃതി ശേഖരത്തില്‍ ഉണ്ടായിരിക്കുമല്ലോ. കൊറോണക്ക് രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി പലവട്ടം പറഞ്ഞു .ശരി, കൊറോണാ പ്രതിരോധത്തിന്നുമുണ്ടാവരുത് രാഷ്ട്രീയം.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വേണ്ടത് സര്‍വ സൈന്യാധിപനല്ല, സര്‍വകക്ഷി മന്ത്രിസഭ

  1. തൽക്കാലം ഒരുവണ്ടിക്ക് ഒരു ഡ്രൈവർ മതിയാശാനെ.. മുഖ്യമന്ത്രിക്ക് എതിർദിശയിൽ മാത്രം സഞ്ചരിക്കുന്ന പ്രതിപക്ഷത്തെക്കൂടി ചേർത്തുള്ള ഒരു മന്ത്രിസഭയെന്നൊക്കെയുള്ള ആശയം കുറച്ചു കടന്ന കയ്യായിപ്പോയി…. അതേതായാലും നല്ല ഉദ്ദേശം വെച്ചല്ല എന്നത് വ്യക്തം. ഇതുവരെ കേരളം ഏറ്റവും നന്നായി കോവിഡിനെ പ്രതിരോധിച്ചിട്ടുണ്ട്. അതിലും മുഖ്യനും ആരോഗ്യമന്ത്രിക്കും സർക്കാരിനും മാത്രമല്ല, കേരള സമൂഹത്തിനാകെ അഭിമാനിക്കാം. അപ്പോഴാണ് താങ്കളുടെ വക ഒരു കുത്തിത്തിരുപ്പ്. 

Leave a Reply