കോവിഡ് : വര്‍ഗാനുഭവങ്ങളുടെ കേരളീയ വൈവിധ്യങ്ങള്‍/വൈരുദ്ധ്യങ്ങള്‍
പ്രത്യേകമായ ഈ സാഹചര്യത്തില്‍ ഉരുവം കൊള്ളുന്ന ഭൗതികമായ പ്രശ്‌നഭാരങ്ങളോടൊപ്പം ആന്തരികമായ മറ്റനേകം പ്രതിസന്ധികളും അടിസ്ഥാന വര്‍ഗത്തില്‍ ശക്തിയാര്‍ജിക്കുന്നുണ്ട്. കുടുംബത്തിലെ എല്ലാ അംഗങ്ങളും വീട്ടിലുണ്ടാവുകയും സാമ്പത്തിക പ്രതിസന്ധി മുറുകുകയും ചെയ്യുന്ന അസംതൃപ്തമായ അവസ്ഥ നിര്‍മിക്കുന്ന പരസ്പര കലഹത്തിന്റെ സാധ്യതകളാണ് അതിലൊന്ന്. (കുട്ടികളുടെ പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും) വീടിനകത്തെ സ്ഥലപരിമിതി ഇത്തരം പ്രശ്‌നങ്ങളെ ത്വരിതപ്പെടുത്തുന്ന ഒരു ഘടകമായി നിലനില്‍ക്കുകയും ചെയ്യുന്നു. മറ്റൊന്ന് അടിസ്ഥാന വര്‍ഗത്തിലെ ഒന്നാം തലമുറ ബിരുദധാരികളും അവരുടെ കുടുംബാംഗങ്ങളും തമ്മിലുള്ള സ്വാഭാവികമായ തലമുറയകലമാണ്. പുതിയ കാലവും ലോകവും സാങ്കേതിക വിദ്യകളുമായി പരിചയം തീര്‍ത്തും കുറഞ്ഞ മാതാപിതാക്കളും, ഇവയെല്ലാം പരിചയിക്കാന്‍ ‘വിധിക്കപ്പെട്ട’ പുതുതലമുറയും തമ്മില്‍ വലിയ തോതിലുള്ള അന്തരമാണ് നിലനില്‍ക്കുന്നത്. നിര്‍ബന്ധിതമായ ഒന്നിച്ചിരിപ്പുകള്‍ ഇതിനെ സംഘര്‍ഷഭരിതമാക്കുകയും ചെയ്‌തേക്കാം.
ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനു ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ‘പാരസൈറ്റ്’ എന്ന കൊറിയന്‍ സിനിമയുടെ മൂന്നില്‍ രണ്ടു ഭാഗത്തിലും കോരിച്ചൊരിയുന്ന മഴ കടന്നു വരുന്നതായി കാണാം. അതിസമ്പന്നമായ ‘പാര്‍ക്’ കുടുംബത്തെയും ദരിദ്രമായ ‘കിം ക്ലാന്‍’ കുടുംബത്തെയും മഴയെന്ന പ്രാകൃതിക പ്രതിഭാസം എങ്ങനെ ബാധിക്കുന്നു എന്നത് ആവിഷ്‌കരിക്കുന്നതിലൂടെ, രണ്ട് വര്‍ഗങ്ങള്‍ തമ്മിലുള്ള തീവ്ര വൈരുദ്ധ്യം അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് മേല്‍പ്പറഞ്ഞ മഴത്തുടര്‍ച്ചകള്‍ നിര്‍വഹിക്കുന്നത്.
കുത്തിയലച്ചെത്തിയ ഒരു മഴക്കുശേഷം ഇരു കുടുംബങ്ങളും അതേക്കുറിച്ച് പറയുന്ന വാചകങ്ങള്‍ നോക്കാം :
പാര്‍ക് കുടുംബം :- ‘നീയിന്നത്തെ ആകാശം കണ്ടോ? അത്രമേല്‍ തെളിഞ്ഞ്; വായു മലിനീകരണം ഒട്ടുമില്ലാതെ. മഴ അതിനെയെല്ലാം കഴുകിക്കളഞ്ഞിരിക്കുന്നു. നമ്മുടെ ക്യാംപിങ്ങ് പദ്ധതികള്‍ പരാജയപ്പെട്ടെന്നത് ശരിയാണ്. പക്ഷെ, പകരം നമുക്കൊരു ഉദ്യാന സല്‍ക്കാരം തരപ്പെട്ടില്ലേ.
വാസ്തവത്തിലത് അനുഗ്രഹത്തിന്റേതായ മറ്റൊരു രൂപമായിരുന്നു’
കിം ക്ലാന്‍ കുടുംബം :- ‘പദ്ധതിയിട്ടാല്‍ എങ്ങനെയെങ്കിലുമത് തുലഞ്ഞു പോകും. അതാണ് ജീവിതം. ചുറ്റും നോക്കൂ. ഇക്കാണുന്ന മനുഷ്യരൊക്കെ, വൃത്തികെട്ട തറയില്‍ നൂറുകണക്കിന് അപരിചിതരോടൊപ്പം ഉറങ്ങേണ്ടി വരുന്ന രാത്രി പ്രതീക്ഷിച്ചാണോ ഇന്ന് ഉണര്‍ന്നത്? പക്ഷേ നോക്കൂ, അവരിപ്പോള്‍ എവിടെയാണുള്ളത്? നമ്മളിപ്പോള്‍ എവിടെയാണുള്ളത്’
പേമാരിയെ ആസ്പദമാക്കി പാരസൈറ്റ് പറഞ്ഞുവച്ച അനുഭവങ്ങളിലെ ഈ അതിതീവ്ര വൈരുദ്ധ്യമെന്നത് മഹാമാരിയുടെ വര്‍ത്തമാനകാലത്തില്‍ പരിഗണിക്കപ്പെടേണ്ടതും പ്രശ്‌നവത്കരിക്കപ്പെടേണ്ടതുമായ ഒന്നാണ്.
ഇന്ന് ലോകമാസകലം പടര്‍ന്നുപിടിച്ച കോവിഡ് പത്തൊന്‍പത് സര്‍വ്വവ്യാപിയും വിവേചനങ്ങള്‍ക്കതീതമായ പൊതുഭീഷണിയുമായാണ് വിലയിരുത്തപ്പെട്ടു പോരുന്നത്. ‘വാക്‌സിനേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊറോണ പണമില്ലാത്തവന്റെ മാത്രം പ്രശ്‌നമാവുമായിരുന്നെന്നും അതില്ലാത്തതിനാല്‍ മാനവരാശിയുടെ ആകമാനമായ ആശങ്കയായി കോവിഡ് മാറി’യെന്നുമുള്ള ഉപരിതലസ്പര്‍ശിയായ നിരീക്ഷണങ്ങളും രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഉയര്‍ന്നു കേട്ടിരുന്നു.
എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് വര്‍ഗപരമായ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍. അതിന്റെ നിരവധി ഉദാഹരണങ്ങളും നാം ഇതിനോടകം കണ്ടു കഴിഞ്ഞു. സൂപ്പര്‍ സ്‌പ്രൈഡ് സംഭവിച്ചതായിപ്പറയുന്ന പൂന്തുറയിലെ കാര്യമെടുത്താല്‍; കൃത്യമായ സാമൂഹിക അകലം പാലിക്കാനാകാത്ത വിധം തിങ്ങിനിറഞ്ഞ പാര്‍പ്പിട സംവിധാനങ്ങളും കുടുംബത്തിനകത്തു പോലും പരസ്പര ദൂരം പാലിക്കാനാകാത്ത വിധം ഇടുങ്ങിയ ഗാര്‍ഹിക അന്തരീക്ഷവുമാണ് അവിടങ്ങളിലേത് എന്നു കാണാം. കടലോര മേഖലയുടെ ഭൗതിക പ്രതിസന്ധി അവിടങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. സമാനമായ അനേകം അധിവാസ കേന്ദ്രങ്ങള്‍ കേരളത്തിന്റെത്തന്നെ പല ഭാഗങ്ങളിലും കാണാവുന്നത്. (കേരള സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിക്കപ്പെട്ട ആവാസസ്ഥലങ്ങളില്‍ ഭൂരിപക്ഷവും റൂം ക്വാറന്റൈന്‍ സൗകര്യമുള്ളവയല്ല എന്നതും ശ്രദ്ധേയമാണ്)
നിര്‍ബന്ധിത ലോക് ഡൗണുമായി ബന്ധപ്പെട്ടും അല്ലാതെയും തൊഴിലെടുക്കാനാകാതെ വരുന്ന/തൊഴില്‍ നഷ്ടപ്പെട്ട; അന്നന്നത്തെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന അടിസ്ഥാന വര്‍ഗത്തിന്റെ കൊറോണക്കാലവും ഇതര വര്‍ഗങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അതോടൊപ്പം തന്നെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന തരത്തിലുള്ള നിര്‍ദേശങ്ങളും ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുക അസമ്പന്ന ജനവിഭാഗങ്ങളെയായിരിക്കും. വാര്‍ദ്ധക്യാരംഭ-മധ്യ കാലഘട്ടങ്ങളിലും തൊഴിലെടുക്കേണ്ടി വരുന്നവരില്‍ ഭൂരിപക്ഷവും അടിത്തട്ടു മനുഷ്യര്‍ തന്നെയാണെന്നതാണ് അതിനു കാരണം.
കോവിഡിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച ദ്രുതഗതിയിലുള്ള ഓണ്‍ലൈന്‍വല്‍കരണമാണ് അടിസ്ഥാന വര്‍ഗത്തിനേറ്റ മറ്റൊരു ഭരണകൂട പ്രഹരം. സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ ആരംഭിച്ച ഓണ്‍ലൈനില്‍ വിദ്യാഭ്യാസത്തിന്റെ അനന്തരഫലമായി ഒരു ആത്മഹത്യ സംഭവിച്ചതോടെയാണ് ഈ വിഷയത്തില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ പതിയുന്നതു തന്നെ. പിന്നീട് ഇത് പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികള്‍ തന്നെയും മുന്നോട്ടു വരികയാണുണ്ടായത്. (ഭരണകൂടം ഇടപെട്ട് തീര്‍പ്പു കല്‍പിക്കേണ്ടതായ ഒരു വിഷയത്തെ പൊതുസമൂഹത്തെയും നിക്ഷിപ്ത താല്‍പര്യക്കാരെയും ഏല്‍പ്പിക്കുന്നത് ഒരു നിലയിലുള്ള ‘ഔദാര്യം പറ്റല്‍/ദാനം നല്‍കല്‍’ പ്രതീതി സൃഷ്ടിക്കുമെന്നും അത് അവശവിഭാഗങ്ങളെ കൂടുതല്‍ അപകര്‍ഷരാക്കുമെന്നും പറയേണ്ടതില്ലല്ലോ)
പ്രത്യേകമായ ഈ സാഹചര്യത്തില്‍ ഉരുവം കൊള്ളുന്ന ഭൗതികമായ പ്രശ്‌നഭാരങ്ങളോടൊപ്പം ആന്തരികമായ മറ്റനേകം പ്രതിസന്ധികളും അടിസ്ഥാന വര്‍ഗത്തില്‍ ശക്തിയാര്‍ജിക്കുന്നുണ്ട്. കുടുംബത്തിലെ എല്ലാ അംഗങ്ങളും വീട്ടിലുണ്ടാവുകയും സാമ്പത്തിക പ്രതിസന്ധി മുറുകുകയും ചെയ്യുന്ന അസംതൃപ്തമായ അവസ്ഥ നിര്‍മിക്കുന്ന പരസ്പര കലഹത്തിന്റെ സാധ്യതകളാണ് അതിലൊന്ന്. (കുട്ടികളുടെ പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും) വീടിനകത്തെ സ്ഥലപരിമിതി ഇത്തരം പ്രശ്‌നങ്ങളെ ത്വരിതപ്പെടുത്തുന്ന ഒരു ഘടകമായി നിലനില്‍ക്കുകയും ചെയ്യുന്നു. മറ്റൊന്ന് അടിസ്ഥാന വര്‍ഗത്തിലെ ഒന്നാം തലമുറ ബിരുദധാരികളും അവരുടെ കുടുംബാംഗങ്ങളും തമ്മിലുള്ള സ്വാഭാവികമായ തലമുറയകലമാണ്. പുതിയ കാലവും ലോകവും സാങ്കേതിക വിദ്യകളുമായി പരിചയം തീര്‍ത്തും കുറഞ്ഞ മാതാപിതാക്കളും, ഇവയെല്ലാം പരിചയിക്കാന്‍ ‘വിധിക്കപ്പെട്ട’ പുതുതലമുറയും തമ്മില്‍ വലിയ തോതിലുള്ള അന്തരമാണ് നിലനില്‍ക്കുന്നത്. നിര്‍ബന്ധിതമായ ഒന്നിച്ചിരിപ്പുകള്‍ ഇതിനെ സംഘര്‍ഷഭരിതമാക്കുകയും ചെയ്‌തേക്കാം.
1978 ല്‍ ‘സംഭാഷണശക്തി വീണ്ടെടുക്കാം’ എന്ന തലക്കെട്ടില്‍ സി.ആര്‍ പരമേശ്വരന്‍ എഴുതിയ ലേഖനം മുകളില്‍ സൂചിപ്പിച്ച തലമുറയകലവുമായി (Generation Gap) കൂട്ടിവായിക്കാവുന്ന ഒന്നാണ് (വ്യവസ്ഥക്ക് വിപ്ലവാത്മകമായ ആന്തരിക പരിവര്‍ത്തനങ്ങളൊന്നും ഇതിനിടെ സംഭവിച്ചിട്ടില്ലല്ലോ) ‘പതിനഞ്ചോ പതിനേഴോ വര്‍ഷം നമുക്ക് വിദ്യാദാനം നല്‍കിയ സ്ഥാപനങ്ങള്‍ തങ്ങളേറ്റെടുത്ത കടമ, ‘ഈ രാജ്യത്തിലെ 70% ജനങ്ങളുടെ മൃഗതുല്യമായ ജീവിതത്തില്‍ നിന്നും അവരുടെ സംസ്‌കാരത്തില്‍ നിന്നും നമ്മെ മാറ്റിപ്പാര്‍പ്പിക്കുക എന്ന കടമ’ നിര്‍വ്വഹിച്ച് ആശ്വാസത്തോടെ ദീര്‍ഘശ്വാസം വിടുന്നു. ജനങ്ങള്‍ അനുഭവിക്കുന്ന വിശപ്പിന്റെയും അജ്ഞതയുടെയും അവമതികളുടെയും വെടിമരുന്നുപുരയില്‍ നിന്ന് സുരക്ഷിത ദൂരത്തിലാണ് നമ്മുടെ ശാസ്ത്രീയ ചിന്തയുടെ അഗ്‌നി എപ്പോഴും സ്ഥിതി ചെയ്യുന്നതെന്ന് അവര്‍ ഉറപ്പുവരുത്തിയിരിക്കുന്നു. നമ്മുടെ ജീവിതരീതികളാകട്ടെ; ജനങ്ങളുമായുള്ള ആശയവിനിമയത്തിന് നമ്മെ അനര്‍ഹരുമാക്കിയിരിക്കുന്നു’ എന്നു പറയുന്ന ഈ കുറിപ്പ്, ‘ഒരു കത്തിന് താങ്ങാവുന്നതിലുമധികം നിഷേധങ്ങള്‍’ എന്ന് സ്വയം വിശേഷിപ്പിച്ചാണ് അവസാനിക്കുന്നത്. (ഈ ലേഖനം, വിദ്യാഭ്യാസം നേടിയ യുവതക്ക് സംഭവിക്കുന്നതെന്തെന്നു മാത്രയില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പരസ്പരന്തരത്തില്‍ രക്ഷാകര്‍ത്താക്കളുടെ അജ്ഞതയും-അങ്ങനെ വിളിക്കാമെങ്കില്‍-നിര്‍ബന്ധബുദ്ധികളും കൂടി ഭാഗഭാക്കാണ്)
Live with corona യുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ഇതിനകം Safe Tourism പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു. PPE കിറ്റുകള്‍ ധരിച്ച വിമാന ജീവനക്കാരും, ‘മനുഷ്യരേയില്ലാത്ത പ്രദേശങ്ങളിലെ ഉല്ലാസയാത്ര’യെന്ന പ്രലോഭനവും ഉപരിവര്‍ഗത്തെ അവരുടെ ‘ലോക്ഡൗണ്‍ ഡിപ്രഷനില്‍’ നിന്നും വിമോചിപ്പിക്കാന്‍ തക്ക പ്രതീക്ഷ നല്‍കുന്ന ഒന്നായിരിക്കാം. എന്നാല്‍ കീഴാള ജനതയുടെ നിത്യജീവിതം ദുരിതതീവ്രമായി തുടരുകയാണ്; അനിശ്ചിതകാലം അതങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ പ്രകൃതി ദുരന്തങ്ങളോ മഹാമാരികളോ യുദ്ധങ്ങളോ ഒരുകാലത്തും പൊതുവായ മനുഷ്യാനുഭവങ്ങളായി വിലയിരുത്താനാവുന്നവയല്ല. അത്തരത്തിലുള്ള സാമാന്യവല്‍കരണങ്ങള്‍ ആത്യന്തികമായി അസമത്വങ്ങളെ റദ്ദു ചെയ്യുന്നവയാണ്; അതിനാല്‍ തന്നെ അനീതിയുമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in