കോണ്‍ഗ്രസ്സില്‍ ഒരു മാറ്റത്തിന് നിമിത്തമാകുമോ വി ഡി സതീശന്‍ ?

കൊവിഡ് ഭീഷണിക്കൊപ്പം വര്‍ഗ്ഗീയ – ഫാസിസ്റ്റ് ഭീഷണിയിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തമുള്ള കോണ്‍ഗ്രസ്സ് രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥയും കാര്യമായി വ്യത്യസ്ഥമല്ല. അതിനെ മറികടക്കാനുള്ള അവസാനത്തെ രാഷ്ട്രീയ അവസരമാണ് ഇപ്പോഴത്തേത്. അതെങ്ങിനെ ഉപയോഗിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസ്സിന്റെ ഭാവി. ഇതാകട്ടെ കോണ്‍ഗ്രസ്സിന്റെ മാത്രം പ്രശ്‌നവുമല്ല. മൊത്തം രാജ്യത്തിന്റെ പ്രശ്‌നമാണ്. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും പ്രശ്‌നമാണ്. അവ നിലനിന്നു കാണാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അടിമുടി മാറാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണം. അതിന്റെ തുടക്കമായി സതീശന്റെ പുതിയ സ്ഥാനലബ്ധി മാറുമെന്നാശിക്കാം.

രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റശേഷം ആദ്യനിയമസഭാ സമ്മേളനം ആരംഭിച്ചു. ഭരണപക്ഷം ക്യാപ്റ്റനെ മാറ്റാതെയാണ് രണ്ടാമൂഴത്തിനിറങ്ങിയതെങ്കില്‍ ഒരുപടി കൂടി മുന്നോട്ടുപോയി ക്യാപ്റ്റനെ തന്നെ മാറ്റിയാണ് പ്രതിപക്ഷം തങ്ങളുടെ രണ്ടാമൂഴത്തിനിറങ്ങുന്നത്. സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാത്രമല്ല, സംസ്ഥാനത്ത് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള ഏവരും, ഇടതുപക്ഷ അനുഭാവികളടക്കം, ആഗ്രഹിച്ച തീരുമാനമാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ എ ഐ സി സി കൈകൊണ്ടിരിക്കുന്നത്. ഇരുഗ്രൂപ്പുകകളുടേയും താല്‍പ്പര്യങ്ങളെ അവഗണിച്ച് ഇത്തരമൊരു തീരുമാനം അധികമൊന്നും കോണ്‍ഗ്രസ്സ് കൈ കൊണ്ടിട്ടില്ല. വി എം സുധീരനെ കെ പി സി സി പ്രസിഡന്റാക്കിയതായിരുന്നു നേരത്തെ ഇത്തരത്തിലെടുത്ത തീരുമാനം. 2016ലെ തെരഞ്ഞെടുപ്പുതോല്‍വിയെ തുടര്‍ന്ന് സുധീരന്‍ രാജിവെക്കുകയായിരുന്നു. ഗ്രൂപ്പുകളുടെ നിഷേധാത്മക സമീപനമാണ് തന്റെ രാജിക്കു കാരണമായതെന്ന് ഇക്കഴിഞ്ഞ ദിവസവും സുധീരന്‍ പറയുന്നതു കേട്ടു. അത്തരമൊരവസ്ഥ പുതിയ സാഹചര്യത്തില്‍ സതീശനുണ്ടാകില്ല എന്നു കരുതാം.

വാസ്തവത്തില്‍ ഗ്രൂപ്പിസമെന്നത് കോണ്‍ഗ്രസ്സിനു പുതിയ ഒരു വിഷയമല്ല. എത്രയോ പതിറ്റാണ്ടായി അതു കോണ്‍ഗ്രസ്സിന്റെ ഭാഗമാണ്. ഗ്രൂപ്പുകളില്ലാത്ത കോണ്‍ഗ്രസ്സിനെ കുറിച്ച് സങ്കല്‍പ്പിക്കാനാവുമോ? ഒരു വശത്ത് കരുണാകരന്റേയും മറുവശത്ത് ആന്റണിയുടേയും നേതൃത്വത്തിലുണ്ടായിരുന്ന ഗ്രൂപ്പിസം എത്രയോ വര്‍ഷങ്ങള്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നു. ഇന്നത്തേക്കാള്‍ എത്രയോ സംഭവബഹുലമായിരുന്നു അക്കാലഘട്ടം. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പം നിന്നുള്ള പോരാട്ടമായിരുന്നു അന്നു നടന്നത്. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്കൊക്കെ എത്ര ശക്തമായ മത്സരങ്ങളായിരുന്നു നടന്നിരുന്നത്. ഇടക്ക് ചെന്നിത്തലയടക്കമുള്ളവരുടെ തിരുത്തല്‍വാദി ഗ്രൂപ്പും രൂപം കൊണ്ടു. എന്നാല്‍ കൗതുകകരമായ കാര്യം അതൊന്നും മൊത്തത്തിലെടുത്താല്‍ കോണ്‍ഗ്രസ്സിനെ തളര്‍ത്തുകയായിരുന്നില്ല എന്നതാണ്. സിിപഎമ്മിലെ വി എസ് – പിണറായി ഗ്രൂപ്പിസത്തില്‍ നിന്നു വ്യത്യസ്ഥമായി ഒരു ജനാധിപത്യ സ്വഭാവം കരുണാകരന്‍ – ആന്റണി ഗ്രൂപ്പിസത്തിനുണ്ടായിരുന്നു. ഒന്നും രഹസ്യവുമായിരുന്നില്ല. ജനങ്ങള്‍ എല്ലാം തന്നെ ചര്‍ച്ച ചെയ്തിരുന്നു. എന്തൊക്കെ ഗ്രൂപ്പിസമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പുവേളയിലും മറ്റും ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായിരുന്നു. അവസാനം കരുണാകരന്‍ ദുര്‍ബ്ബലനാകുകയും ആന്റണി ഡെല്‍ഹിയിലേക്കുപോകുകയും ചെയ്തതോടെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി ഗ്രൂപ്പ് നേതാക്കള്‍. ഇടക്ക് സുധീരന്റെ നേതൃത്വത്തില്‍ ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പും നിലവില്‍ വന്നു. എന്നാല്‍ മുന്‍കാലത്തുനിന്നു വ്യത്യസ്ഥമായി ആരോഗ്യകരമായ മത്സരത്തില്‍ നിന്ന് അനാരോഗ്യകരമായ രീതിയിലേക്ക് പതുക്കെ പതുക്കെ ഗ്രൂപ്പ് മത്സരം മാറുകയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മറ്റു പലകാരണങ്ങളളോടൊപ്പം ഇപ്പോഴത്തെ പരാജയത്തിലേക്ക് കോണ്‍ഗ്രസ്സിനെ എത്തിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ സീറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും വോട്ടുകളുടെ എണ്ണമെടുത്താന്‍ ചെറിയ വ്യത്യാസം മാത്രമാണ് ഇരുമുന്നണികളും തമ്മില്‍ ഇപ്പോഴുമുള്ളത്. വോട്ടിന്റെ എണ്ണമാകട്ടെ കൂടുകയും ചെയ്തു. അതിനാല്‍ കോണ്‍ഗ്രസ്് തകര്‍ന്നു എന്നൊന്നും പറയാനാകില്ല. പക്ഷെ അഞ്ചുവര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കാനുള്ള കരുത്ത് കോണ്‍ഗ്രസ്സിനുണ്ടോ എന്നതാണ് ചോദ്യം. പലരും ആശങ്കപ്പെട്ടിരുന്നപോലെ പരാജയപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് പ്രവാഹമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. കാരണം കോണ്‍ഗ്രസ്സിനേക്കാള്‍ എത്രയോ ദയനായമായ പതനമാണ് ബിജെപിക്കുണ്ടായിട്ടുളളത് എന്നതുതന്നെ. അപ്പോഴും 10 വര്‍ഷം തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കുക കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് എളുപ്പമല്ല. ശക്തമായ നേതൃത്വം തന്നെയാണ് അതിന് ആദ്യത്തെ ആവശ്യം. ആ ദിശയിലുള്ള ആദ്യപടിയായിട്ടുവേണം സതീശന്റെ സ്ഥാനലബ്ധിയെ കാണാന്‍.

കേരളത്തില്‍ ഒരാചാരം പോലെ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്നതിന്റെ കാലം കഴിഞ്ഞിരിക്കുകയാണല്ലോ. പ്രതിപക്ഷത്തിന്റെ ഒരുത്തരവാദിത്തവും ചെയ്തില്ലെങ്കിലും സ്ഥിരമായ ചില വോട്ടുബാങ്കുകളാല്‍ മാറിമാറി ഭരണത്തിലെത്തുമെന്നായിരുന്നു മിക്കവാറും കോണ്‍ഗ്രസ്സ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ധാരണ. പ്രതിപക്ഷനേതാവായിരുന്ന ചെന്നിത്തല തന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിച്ചു എന്നും അതിനാല്‍ തന്നെ മുഖ്യമന്ത്രിക്ക് സിപിഎം നല്‍കിയതുപോലെ ഒരവസരം കൂടി കോണ്‍ഗ്രസ്സ് ചെന്നിത്തലക്ക് നല്‍കണമെന്ന് വാദിക്കുന്നവരുണ്ട്. ചെന്നിത്തല അവസാനകാലഘട്ടത്തില്‍ സര്‍ക്കാരിന്റെ നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവന്നു എന്നത് ശരിയാണ്. പല തീരുമാനങ്ങളും തിരുത്തുകവഴി അവയെല്ലാം ശരിയാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാലവയെല്ലാം അവസാനഘട്ടത്തില്‍ മാത്രമായിരുന്നു. അക്കാലത്തോ അതിനുമുമ്പോ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടിയെ കൊണ്ടോ മുന്നണിയെ കൊണ്ടോ ഏറ്റെടുപ്പിക്കാനോ അവയുയര്‍ത്തി കേരളത്തിലെ തെരുവുകള്‍ സമരപൂരിതമാക്കാനോ അദ്ദേഹത്തിനായില്ല. പാര്‍ട്ടിയോ യൂത്ത് കോണ്‍ഗ്രസ്സോ പോലും അവയെ സജീവമായി നിലനിര്‍ത്തിയില്ല. തെരുവിലിറങ്ങാന്‍ പറ്റാത്ത കാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വിര്‍ച്ച്വല്‍ പോരാട്ടങ്ങള്‍ പോലും കാര്യമായി നടന്നില്ല. മാത്രമല്ല, അനിതരസാധാരണമായ രീതിയില്‍ ദുരിതങ്ങള്‍ നേരിട്ട ഇക്കാലത്ത് അതിനെതിരെ സര്‍ക്കാരിനൊപ്പം അണികളെ അണിനിരത്താനും ചെന്നിത്തലക്കോ കോണ്‍ഗ്രസ്സ് നേതൃത്വത്തിനോ കഴിഞ്ഞില്ല. ഡിവൈഎഫ്‌ഐയും മറ്റും ഇക്കാലഘട്ടത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്നപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ്സടക്കമുള്ളവര്‍ കേവലം കാഴ്ചക്കാരായത്. ഇതൊടൊപ്പം സംഘപരിവാറിനെതിരായ നിലപാടിന്റെ രൂക്ഷതയെ കുറിച്ചും സംശയങ്ങളുയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് താക്കോല്‍ സ്ഥാനമെന്നു പറഞ്ഞ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാന്‍ എന്‍ എസ് എസ് നടത്തിയ ഇടപെടലും അതിനു കൂട്ടുനിന്നതും ചെന്നിത്തലക്ക് ഒരു സമുദായനേതാവെന്ന ഇമേജാണ് നല്‍കിയത്. ഇതിനൊടെല്ലാം ഒപ്പം നിഷേധാത്മകമായി വളര്‍ന്നു കഴിഞ്ഞിരുന്ന ഗ്രൂപ്പിസവും അതിന്റെ പങ്കുവഹിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം സാഹചര്യത്തിലാണ് പ്രായം കൊണ്ട് യുവാവാണെന്നു പറയാനാകില്ലെങ്കിലും പാര്‍ട്ടിയിലെ യുവജനങ്ങളുടെ പിന്തുണയോടെ സതീശന്‍ പ്രതിപക്ഷനേതൃസ്ഥാനത്തെത്തുന്നത്. നിയമസഭയിലെ സതീശന്റെ പ്രകടനത്തിന്റെ മികവ് മലയാളികളെല്ലാം പലവട്ടം കണ്ടതാണ്. മാത്രമല്ല, മുകളില്‍ സൂചിപ്പിച്ച ചെന്നിത്തലയുടെ പരാജയങ്ങളെയെല്ലാം മറികടക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം സതീശനുണ്ടെന്നു കരുതാം. ഒന്നാമത് ഗ്രൂപ്പുകള്‍ക്കതീതമായ വിശ്വാസ്യത അദ്ദേഹത്തിനുണ്ട്. സാമുദായിക ശക്തികളുടെ തിണ്ണ നിരങ്ങാന്‍ അദ്ദേഹം പോകാറില്ല. വര്‍ഗ്ഗീയതയാണ് ആദ്യശത്രുവെന്ന് അസന്നിഗ്ധമായി അദ്ദേഹം പ്രഖ്യാപിച്ചു. ദുരന്തകാലത്ത് സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കുമെന്നും സതീശന്‍ പ്രഖ്യാപിച്ചല്ലോ. അതേസമയം ഒരു പ്രതിപക്ഷപാര്‍ട്ടിയെന്ന രീതിയില്‍ കോണ്‍ഗ്രസ്സിനെയും മുന്നണിയേയും ചലിപ്പിക്കാന്‍ സതീശനാകുമോ എന്ന ചോദ്യം ബാക്കിയുണ്ട്. അതിനായി ഇപ്പോഴത്തെ അനാരോഗ്യകരമായ ഗ്രൂപ്പുകളെ മറികടന്ന് ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. കെ പി സി സി പ്രസിഡന്റിനേയും യുഡിഎഫ് കണ്‍വീനറേയും മാറ്റുക എന്നതാണ് അതില്‍ മുഖ്യം. തന്റെ ഉത്തരവാദിത്തത്തോട് ചെന്നിത്തല കാണിച്ച ആത്മാര്‍ത്ഥതപോലും ഇവരിരുവരും കാണിച്ചിട്ടില്ല എന്നു വ്യക്തം. ഉശിരുള്ള പുതിയ നേതൃത്വങ്ങള്‍ ഈ സ്ഥാനങ്ങളിലും എത്തണം. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആദ്യമായി കേള്‍ക്കുന്ന പേര് കെ സുധാകരന്റേ്താണ്. കെ സുധാകരന് ഉശിരുണ്ട്. പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ട്. പക്ഷെ കണ്ണൂരിലെ സിപിഎമ്മിനെ പ്രതിരോധിക്കാനായി അദ്ദേഹം സ്വീകരിച്ചിട്ടുള്ള പ്രവര്‍ത്തനശൈലി ഒരിക്കലും കോണ്‍ഗ്രസ്സിനു അനുയോജ്യമല്ല. വരമ്പത്ത് കൂലി കൊടുക്കുന്ന ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സ്. അതൊരു പാര്‍ട്ടിയല്ല, ഒരു ജനകൂട്ടമാണ്. അങ്ങനെതന്നെയാണ് തുടരേണ്ടത്. പകരം കോണ്‍ഗ്രസ്സിനെ കേഡര്‍പാര്‍ട്ടിയാക്കാനും അതിനായി സുധാകരനെപോലുള്ള ഒരാളെ നേതൃത്വത്തിലെത്തിക്കുന്നതും ഒരിക്കലും രാഷ്ട്രീയമായി ശരിയാകില്ല. തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്നെ മുഖ്യമന്ത്രിയെ ജാതീയസൂചനയോടെ ആക്ഷേപിച്ചതും തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുമെന്നൊക്കെ പ്രസ്താവിച്ചതും കെ പി സി സി പ്രസിഡന്റാകാനുള്ള പക്വത തനിക്കില്ലെന്ന സുധാകരന്റെ പ്രഖ്യാപനങ്ങളാണ്.തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്നെ മുഖ്യമന്ത്രിയെ ജാതീയസൂചനയോടെ ആക്ഷേപിച്ചതും തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുമെന്നൊക്കെ പ്രസ്താവിച്ചതും കെ പി സി സി പ്രസിഡന്റാകാനുള്ള പക്വത തനിക്കില്ലെന്ന സുധാകരന്റെ പ്രഖ്യാപനങ്ങളാണ്. മാത്രമല്ല, നേതൃത്വത്തില്‍ ദളിത്, സ്ത്രീ, ന്യൂനപക്ഷ പ്രാതിനിധ്യങ്ങള്‍ ഉറപ്പിക്കണം. അക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ മാതൃകയല്ല സ്വീകരിക്കേണ്ടത്. സവര്‍ണ്ണ – പുരുഷ നേതൃത്വങ്ങള്‍ക്ക് പാര്‍ട്ടിയേയോ മുന്നണിയേയോ വിട്ടുകൊടുക്കാതിരിക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവവും ഈ സമയത്ത് പ്രകടമാക്കേണ്ടതുണ്ട്.

കൊവിഡ് ഭീഷണിക്കൊപ്പം വര്‍ഗ്ഗീയ – ഫാസിസ്റ്റ് ഭീഷണിയിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തമുള്ള കോണ്‍ഗ്രസ്സ് രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥയും കാര്യമായി വ്യത്യസ്ഥമല്ല. അതിനെ മറികടക്കാനുള്ള അവസാനത്തെ രാഷ്ട്രീയ അവസരമാണ് ഇപ്പോഴത്തേത്. അതെങ്ങിനെ ഉപയോഗിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസ്സിന്റെ ഭാവി. ഇതാകട്ടെ കോണ്‍ഗ്രസ്സിന്റെ മാത്രം പ്രശ്‌നവുമല്ല. മൊത്തം രാജ്യത്തിന്റെ പ്രശ്‌നമാണ്. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും പ്രശ്‌നമാണ്. അവ നിലനിന്നു കാണാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അടിമുടി മാറാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണം. അതിന്റെ തുടക്കമായി സതീശന്റെ പുതിയ സ്ഥാനലബ്ധി മാറുമെന്നാശിക്കാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply