ചൈന ‘കമ്പോള സോഷ്യലിസ’ ത്തിന്റെ സ്വാഭാവിക പതനത്തിലേക്ക്

ട്രൂകോപ്പി തിങ്ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍, ‘കേരളത്തിന് പഠിക്കാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്കയെ കീഴടക്കിയ കഥ’ എന്ന ടൈറ്റിലില്‍, മാനേജ്‌മെന്റ് വിദഗ്ദ്ധനും ടാറ്റാ കമ്പനീസിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് മുന്‍ വൈസ് പ്രസിഡന്റുമായ രാജീവ് സുനുവും എഡിറ്റര്‍ കമല്‍റാം സജീവുമായുള്ള, ചര്‍ച്ചയിലെ ചൈനയെ കുറിച്ചുള്ള ചില നിരീക്ഷണങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കാണാന്‍ ശ്രമിക്കുന്നതാണ് ഈ ലേഖനം.

‘ക്ലൗഡ് ക്യാപിറ്റലിസത്തിന്റെ പവര്‍ ഡൈനാമിക്‌സ് ലോകം ഭരിക്കുകയാണ്. അപ്പോള്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലോക ക്യാപിറ്റലിസത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍ നടത്തുന്ന അധിനിവേശം ലോകമാകെ ചര്‍ച്ച ചെയ്യുകയാണ്. ലാര്‍ജ് ലാംഗ്വേജ് മോഡലും പുതിയ ക്യാപിറ്റലിസവും തൊഴില്‍ രംഗത്തുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടതു പോലെ കേരളീയ സമൂഹം അടിത്തട്ടില്‍ ചര്‍ച്ച തുടങ്ങേണ്ടതുണ്ട്..’ എന്നു തുടങ്ങി ചൈന ഡീപ് സീക് (DeeSeek) എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍സ് (LLMs) വികസിപ്പിച്ച് നിര്‍മ്മിത ബുദ്ധിയില്‍ അമേരിക്കയെ കീഴടക്കി കഴിഞ്ഞു എന്നൊക്കെയാണ് അഭിമുഖത്തില്‍ മാനേജ്‌മെന്റ് വിദഗ്ധനായ രാജീവ് സുനു ആഘോഷപൂര്‍വ്വം പറയുന്നത്. അദ്ദേഹം വേണ്ടുവോളം വികാര ദ്രവ്യങ്ങള്‍ ചേര്‍ത്ത് വലിയ മാതൃകയായി അവതരിപ്പിക്കുന്ന ചൈനയുടെ യഥാര്‍ത്ഥ പരിതോവസ്ഥ രാജീവ് സുനുവിന് അറിയില്ല എന്ന് വ്യക്തമാണ്.

മാനുവ ല്‍ ലേബറില്‍ നിന്ന് നോളജ് ലേബറിലേക്കും, തുടര്‍ന്നുള്ള ചൈനയുടെ മുന്നേറ്റവും പറയുന്ന രാജീവ് സുനു, ഇതിനകം അമേരിക്കന്‍ ടെക്‌സ്റ്റോക്കുകള്‍ നടത്തുന്ന വന്‍ മുന്നേറ്റങ്ങള്‍, ഇനിയും ആ മേഖലയിലേക്ക് ഒഴുകിയെത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ള നൂറുകണക്കിന് ബില്യണ്‍ ഡോളറുകള്‍, എന്നു തുടങ്ങി ഈ മേഖല അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിര്‍ണായകമാകാന്‍ പോകുന്നത് മനസ്സിലാക്കിയിട്ട് പോലുമില്ല. ചൈന ജാക് മാ (Jack Ma)യെ കൈകാര്യം ചെയ്ത പോലെ, അമേരിക്ക ഇലോണ്‍ മസ്‌കിനെ (Elon Musk) നിയന്ത്രിക്കണം എന്നു വരെ അദ്ദേഹം ഒരു ഭാഗത്ത് അഭിപ്രായപ്പെടുന്നുമുണ്ട്. ചുരുക്കത്തില്‍ കമ്പോള സോഷ്യല്‍ ഡെമോക്രാറ്റിക് ഏകാധിപത്യ രാജ്യവും, സാമ്രാജ്യത്വ മുതലാളിത്ത രാജ്യവും തമ്മിലുള്ള രാഷ്ട്രീയ വ്യത്യാസം പോലും അദ്ദേഹം മനസ്സിലാക്കുന്നില്ല.

വിദ്യാഭ്യാസ മേഖല മുഴുവന്‍ അഴിച്ചു പണിയണമെന്നും, അതിലേക്ക് നിര്‍മ്മിത ബുദ്ധി കമ്പോളത്തിന് ആവശ്യമായ ടെക്കുകളെ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസ രീതി കടത്തി വിടണമെന്നും കേരളത്തിനുവേണ്ടി അദ്ദേഹം പ്രൊപ്പോസ് ചെയ്യുന്നുണ്ട്. അങ്ങനെ മാനുഷികമായ ഇച്ഛാശക്തിയെ സമ്പൂര്‍ണ്ണമായി തമസ്‌കരിക്കുകയും, വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ – സാമൂഹ്യ സര്‍ഗാത്മക അനുഭവ ലോകങ്ങള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച് ഒരു ആകുലതയും ഇല്ലാതെ, തന്റെ ദുര്‍ബലമായ അനുഭവ ആവിഷ്‌കാരങ്ങളെ തെരഞ്ഞെടുത്ത് സമാഹരിച്ച് പറയുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജീവ് സുനു പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത് ചൈനയുടെ ചരിത്രവും, വര്‍ത്തമാന സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമാണ്. 1976-ല്‍ മാവോ സേതൂങിന്റെ വിയോഗത്തിനു ശേഷം, പ്രതിവിപ്ലവ-പരിഷ്‌കരണവാദ-മുതലാളിത്ത പാത പിന്തുടര്‍ന്ന ഡെങ് സിയാവോ പിങ്, പാര്‍ട്ടി നേതൃത്വം കയ്യാളിയതു മുതല്‍ ആരംഭിച്ച പിന്തിരിഞ്ഞു നടക്കുന്ന പ്രക്രിയ ഇന്ന് ലോകത്തിന്റെയാകെ നിര്‍മ്മാണ ഫാക്ടറി (Manufacturing workshop of the world) എന്ന് ആഘോഷപൂര്‍വ്വം വിളിക്കപ്പെടുന്ന ചൈനയെ പൂര്‍ണ്ണമായും ‘കമ്പോള സോഷ്യലിസ’ ത്തിന്റെ സ്വാഭാവിക പതനത്തിലേക്ക് നയിക്കുകയാണ്. കമ്പോളത്തിന് ഊര്‍ജ്ജം പകര്‍ന്ന് സാമൂഹിക സൃഷ്ടിപരത ഉത്തേജിപ്പിക്കുന്നതിനെ പറ്റിയാണ് ഒരു പത്രസമ്മേളനത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലിന്റെ പ്രീമിയര്‍, ലീ കെഖ്വിയാങ് അടിവരയിട്ട് പറഞ്ഞത്. അതായത് ഊഹക്കച്ചവടത്തില്‍ ഊന്നി ഉയരുന്ന മൂലധനത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ചല്ല അദ്ദേഹം ആകുലനാകുന്നത്.

ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തിന്റെ നിലവാരം താഴുന്നതനുസരിച്ച്, മുതലാളിത്ത അനുകൂലികളുടെ വഞ്ചനയും ഗൂഢാലോചനയും ബഹുജനങ്ങള്‍ക്കു മുന്നില്‍ മറച്ചു പിടിക്കപ്പെടുന്നു. ഒപ്പം സംഘര്‍ഷങ്ങള്‍, സാംസ്‌കാരിക അധഃപതനം, മൂല്യച്യുതി എന്നിങ്ങനെ മരണാസന്നമായി ദുഷിച്ച മുതലാളിത്തത്തിന്റെ ലക്ഷണങ്ങളെല്ലാം തന്നെ ചൈനീസ് സമൂഹത്തിലും ഉയര്‍ന്നു വന്നു തുടങ്ങിയിരിക്കുന്നു. 150 ദശലക്ഷത്തോളം ദരിദ്രജനം ദിവസം കഷ്ടിച്ച് ഒരു ഡോളര്‍ കൊണ്ടാണ് ജീവിക്കുന്നത്. ദാരിദ്ര്യം വര്‍ദ്ധിക്കുന്നതോടൊപ്പം ആഭ്യന്തര ഉപഭോക്തൃ കമ്പോളം ക്ഷയിച്ചു കൊണ്ടിരിക്കുന്നു.

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനെന്ന പേരില്‍ പാര്‍ട്ടിയിലെ ഷീ ജിന്‍ പിങിന്റെ നേതൃത്വത്തിലുള്ള മുതലാളിത്തവാദികള്‍ ചൈനയില്‍ കെട്ടിയുയര്‍ത്തിയ 700 ഓളം പ്രത്യേക സാമ്പത്തികമേഖലകളുടെ അവസ്ഥ അതിദാരുണവും ഭയാനകവുമാണ്. ഈ മേഖലയിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ഗ്രാമീണമേഖലകളില്‍ നിന്നുള്ളവരും, കൂടുതലും അവിവാഹിതരായ യുവതികളുമാണ്. പാതിരാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, അവധി ദിനങ്ങളില്ലാതെ എല്ലാ ദിവസവും പത്ത് മുതല്‍ പന്ത്രണ്ടുമണിക്കൂര്‍ വരെ കഠിനമായി ജോലി ചെയ്യുന്ന സാഹചര്യമാണ് ഈ പ്രത്യേക സാമ്പത്തിക മേഖലകളില്‍. രാജ്യത്തെ മൊത്തം സ്വത്തിന്റെ 41.4% കേവലം 0.1% കുടുംബങ്ങളുടെ കൈകളിലാണ്. ‘ധനികനാവുകയെന്നത് മഹത്തരമാണ് ‘ എന്ന് ഡെങ് സിയാവോ പിങ് തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. മുതലാളിത്തത്തിന്റെ ഈ ‘മഹത്വം’ വെറും 5% വരുന്ന സമ്പന്നര്‍ക്കു മാത്രവും, 95 ശതമാനത്തിനും കടുത്ത ദാരിദ്ര്യവും പീഡനവും യാതനകളും മാത്രമാണെന്നും ഇപ്പോള്‍ ചൈനീസ് ജനതതി തിരിച്ചറിയുന്നു, ഷാങ്ഹായ്, ബെയ്ജിങ്, കാന്റണ്‍ തുടങ്ങിയ വിപുലമായ ആധുനിക നഗരങ്ങളുടെ പ്രതാപവും രമണീയതയും വിനാശകരമായ മുതലാളിത്തം ഏല്‍പ്പിക്കുന്ന ആഴമേറിയ മുറിവുകളെ മറച്ചു പിടിക്കാന്‍ പര്യാപ്തമല്ല.

രാഷ്ട്രീയം സാമ്പത്തിക ഘടനക്കു മേലേയാണെന്നും സോഷ്യലിസത്തിലെ ഓരോ ദിനത്തിലും പാര്‍ട്ടിയുടേയും, പൊതുജനങ്ങളുടേയും രാഷ്ട്രീയ അവബോധവും സാംസ്‌കാരിക നിലവാരവും ഉയര്‍ത്തിയില്ലെങ്കില്‍, സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അടിത്തറ തന്നെ അപകടത്തിലാകുമെന്നുമുള്ള ലെനിന്റെ പാഠത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറല്ല. കോവിഡ് മഹാമാരിയോടെ അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യം നേരിടുന്ന ചൈനയുടെ ഉല്‍പാദന രംഗവും റിയല്‍ എസ്റ്റേറ്റ് മേഖലയും വന്‍ സ്തംഭനം നേരിടുകയാണ്. സമ്പൂര്‍ണ്ണ കോവിഡ് മുക്ത (‘dynamic zero COVID’) പ്രചരണങ്ങളും കോലാഹലങ്ങളും അതിനുവേണ്ടി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച അശാസ്ത്രീയ ലോക് ഡൗണും കാരണമാണ് ചൈന കൂടുതല്‍ ഗുരുതര സാമ്പത്തിക പതനത്തിലേക്ക് നടന്നിറങ്ങിയത്.

ഏകാധിപത്യ- ഉദ്യോഗസ്ഥ മേധാവിത്വവും രൂക്ഷമായ തൊഴിലില്ലായ്മയും, പൊട്ടേപ്പായ റിയല്‍ എസ്റ്റേറ്റ് നീര്‍പോളയും ലോകത്തിന്റെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്നൊക്കെ മുതലാളിത്ത ഏകകം അനുസരിച്ച് നിര്‍വചിക്കപ്പെട്ട ചൈനയില്‍ ഇന്ന് അടിമ ജീവിതവും, അസമത്വവും, ആഭ്യന്തര അധിനിവേശങ്ങളും നടമാടുകയാണ്. റിയല്‍ എസ്റ്റേറ്റ് ഊര്‍ജ്ജിതമാക്കാന്‍ വീടും കെട്ടിടങ്ങളും വാങ്ങാന്‍ പാര്‍ട്ടി കേഡര്‍മാരെ ആഹ്വാനം ചെയ്യുന്നുവെന്നാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഇന്ന് പ്രവചനാതീതമായിക്കഴിഞ്ഞ സാമ്പത്തിക തകര്‍ച്ചയും ഭയാനകമായ ആന്തരിക സംഘര്‍ഷങ്ങളും മറച്ചുവെക്കുവാനും ശക്തമാകുന്ന ജനകീയ പ്രതിഷേധങ്ങളെ തിരിച്ചുവിടുവാനും ‘തീവ്രദേശീയ വാദം’ എന്ന കോര്‍പ്പറേറ്റ് ഫാസിസത്തിന്റെ അടവും ബലതന്ത്രങ്ങളും ഏകാധിപതിയായ ഷീ ജിന്‍പിങിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ദേശീയ വികാരങ്ങള്‍ ആളിക്കത്തിച്ച് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാക്കുകയാണ്. രാജ്യം ഗുരുതരമായ സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍, ചൈന പ്രസിഡണ്ടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍ പിങ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (PLA) ആസ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന സോവിയറ്റ് ശൈലിയിലുള്ള ബൃഹത്തായ സൈനിക മ്യൂസിയം സന്ദര്‍ശിക്കുക, വാര്‍ത്ത സൃഷ്ടിക്കുക, ‘ഇരട്ട വാര്‍ഷികങ്ങള്‍’ ആഘോഷിക്കുക തുടങ്ങി നരേന്ദ്ര മോദിയുടെ പ്രകടനപരതകളാണ് ചെയ്തുവരുന്നത്.

തീവ്രദേശീയതയും സൈന്യവുമാണ് ഒരു രാജ്യത്തിന്റെ കരുത്ത് നിര്‍ണയിക്കുന്നത് എന്ന സാമ്രാജ്യത്വ ഫാസിസ്റ്റ് സന്ദേശമാണ് ചൈന ഇതിലൂടെ തങ്ങളുടെ ജനങ്ങള്‍ക്ക് തന്നെ നല്‍കുന്നത്. എന്നാല്‍ ‘ആരാണ് തോക്ക് നിയന്ത്രിച്ചത് ‘ എന്ന മാവോ സേതൂങിന്റെ വാക്കുകള്‍ പ്രത്യധിനിവേശപ്പോരാട്ടത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍, ഇന്നത് പാര്‍ട്ടിയും അതിന്റെ ഏകാധിപതിയായ ഷീ ജിന്‍ പിങുമാണെന്ന് കൃത്യമായി സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. ചൈനീസ് രാഷ്ട്രത്തിന്റെ മഹത്തായ പുനരുജ്ജീവനത്തിന് തന്ത്രപരമായ പിന്തുണ നല്‍കുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ഷീ ജിന്‍ പിങ് സൈന്യത്തോട് ആഹ്വാനം ചെയ്യുന്നു. നരേന്ദ്രമോദിയെക്കുറിച്ച് പറയുന്നതുപോലെ ചൈനയുടെ സ്വപ്നം (zhongguo Meng) സാക്ഷാത്ക്കരിക്കുന്ന നേതാവ്, ‘ശക്തമായ രാജ്യം’ (qiangguo) ‘പുനരുജ്ജീവനം’, മിസ്റ്റര്‍ ഷിയുടെ കീഴില്‍ മൂന്നാമത്തെ ‘പുതുയുഗം’ ആരംഭിച്ചു കഴിഞ്ഞു എന്നിങ്ങനെയാണ് ഔദ്യോഗിക മാധ്യമങ്ങളും പാര്‍ട്ടിയും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിയോലിബറല്‍ വികസനത്തിന്റെ ആഘാതത്തില്‍ തൊഴിലാളികളെ കൈമാറ്റം ചെയ്യുന്ന ‘തൊഴിലാളിച്ചന്തകള്‍’ രൂപംകൊണ്ടിട്ടുള്ള ചൈനയില്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ഇടയിലുണ്ടായ വലിയ പിളര്‍പ്പിനെ ഒട്ടിച്ചെടുക്കാന്‍ തീവ്ര ദേശീയതയുടെ പുതിയ പ്രത്യയശാസ്ത്ര പശ (ideological gum) തേടുകയാണ് ഷിയും പാര്‍ട്ടിയും.

വിദേശ ശക്തികളുടെ നിരന്തരമായ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിച്ചെടുക്കുന്ന പാര്‍ട്ടിയെന്ന പ്രചാരണമാണ് മറ്റൊരു ദേശീയതാ പ്രമേയം.’ശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള പഠനം’ (Xuexi qiangguo) എന്ന ഒരു ആപ്പ് (‘ഷീ യില്‍ നിന്ന് പഠിക്കുക, ശക്തമായ രാജ്യം കെട്ടിപ്പടുക്കുക’ എന്ന് പകരം വായിക്കാവുന്നതാണ് ) ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് തീവ്രദേശീയതയുടെ ഉദാഹരണമാണ്. ഷീ ജിന്‍ പിങിന്റെ രാഷ്ട്രീയ പ്രബോധനങ്ങള്‍, അനുശാസനങ്ങള്‍, അതുമായി ബന്ധപ്പെട്ട വൃത്താന്തങ്ങള്‍ എന്നിവയാണ് ഈ ആപ്പിന്റെ ഉള്ളടക്കം. പാര്‍ട്ടി അംഗങ്ങള്‍ നിര്‍ബന്ധമായും ഈ ആപ്പ് ഉപയോഗിക്കണം. ഈ ആപ്പില്‍ എത്ര സമയം ചെലവഴിച്ചു, അതിലെ ക്വിസ്സില്‍ എത്ര സമയം പങ്കാളികളായി തുടങ്ങിയവ അനുസരിച്ച് ഉപഭോക്താവിന് ചില ആനുകൂല്യങ്ങള്‍ക്കുള്ള പോയിന്റുകള്‍ നേടാം.

ചൈനയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവ്രദേശീയത ആളിപ്പടരുകയാണ്. ചൈനയുടെ ശത്രു രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് ഗുരുതരമായ സാമ്പത്തിക സാമൂഹ്യ സംഘര്‍ഷങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഈ ദേശീയവാദത്തെ ഉപയോഗിക്കുന്നത്. ജാപ്പനീസ് അധീനതയിലുള്ള തര്‍ക്കസ്ഥലമായ സെന്‍ഗാംഗൂ (Senkaku) ദേശസല്‍ക്കരിക്കാനുള്ള ജപ്പാനിന്റെ തീരുമാനത്തിനെതിരെ ചൈനയില്‍ ഉണ്ടായ വന്‍ പ്രക്ഷോഭം ആദ്യം ഭരണകൂടത്തിന്റെ ആശിര്‍വാദത്തോടെയാണ് നടന്നതെങ്കിലും, പിന്നീടത് കൈവിട്ടു പോവുകയും ജപ്പാന്‍ കാര്‍ ഷോറൂമുകള്‍ നശിപ്പിക്കുന്ന വിധ്വംസക പ്രവര്‍ത്തനത്തിലേക്ക് വ്യാപിക്കുകയും ചെയ്തു.

ജാപ്പനീസ് എംബസിക്ക് മുമ്പില്‍ മാവോയുടെ ഛായാചിത്രം വഹിച്ച് പ്രക്ഷോഭകര്‍ പ്രകടനങ്ങള്‍ നടത്തി. തുടര്‍ന്ന് ഹൂ ജിന്‍ താവൊയുടെ മുന്‍ ഭരണകൂടത്തിന്റെ ദൗര്‍ബല്യം വിളിച്ചുപറഞ്ഞു.അമേരിക്കന്‍ ഥാഡ് മിസൈല്‍ ഡിഫന്‍സ് (THAAD Missile Defence) പ്രതിരോധ സംവിധാനം അംഗീകരിച്ചതിന് ചൈനയിലെ ലോട്ടി (Lotte) പോലെയുള്ള സൗത്ത് കൊറിയന്‍ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിച്ചു. നിരവധി ഗോത്രവര്‍ഗ്ഗ ന്യൂനപക്ഷങ്ങളും, ഉയിഗൂര്‍ മുസ്ലീങ്ങളും വസിക്കുന്ന ഷിന്‍ജിയാങ് പ്രവിശ്യയില്‍ അടിമവേലയും നിര്‍ബന്ധിത കൂലിവേലയും നിലനില്‍ക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് വസ്ത്ര നിര്‍മ്മാണ കമ്പനിയായ H&M ഷിന്‍ജിയാങില്‍ നിന്ന് പരുത്തി വാങ്ങില്ല എന്ന് പ്രഖ്യാപിച്ചതോടെ ചൈനയുടെ ഇന്റര്‍നെറ്റില്‍ നിന്ന് H&M അപ്രത്യക്ഷമാവുകയും അതിന്റെ സ്റ്റോറുകളിലേക്കുള്ള പ്രവേശനം പോലും തടസ്സപ്പെടുത്താന്‍ വാടകയ്ക്ക് കാര്‍ വിളിക്കുന്ന (car hailing) ആപ്പും, അലിബാബ (Alibaba) പോലുള്ള ഇ കോമേഴ്‌സ് സൈറ്റുകളും ചൈനീസ് ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്ന സാഹചര്യം വരെ ഉണ്ടായി.

ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള കാലുഷ്യത്തില്‍ നിന്നും, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നും ഉടലെടുക്കുന്ന തീവ്രദേശീയ വികാരങ്ങള്‍, അതിന്റെ അക്രമണോത്സുകമായ മുന്നേറ്റങ്ങള്‍ എന്നിവയില്‍ നിന്ന് ജനശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീവ്രദേശീയ പ്രവര്‍ത്തനങ്ങളെ പരിപാലിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഈ തീവ്രവികാരങ്ങള്‍ ചൈനീസ് ഭരണകൂടത്തിന് ബാധ്യതയും തിരിച്ചടിയുമായി മാറുകയാണ്. ബാങ്കുകള്‍ക്ക് ചൈനയുടെ കേന്ദ്ര ബാങ്ക് നല്‍കുന്ന വായ്പകളുടെ പലിശ നിരക്കും ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന വായ്പാ നിരക്കും ചൈന വെട്ടിച്ചുരുക്കി. 2022 ജൂണില്‍ ചൈനയുടെ ആഭ്യന്തര ഉല്പാദനം (ജി.ഡി.പി) വെറും 0.4 ശതമാനമാണ്. കോവിഡിനു ശേഷമുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്. ഇത്തരത്തില്‍ വളര്‍ച്ച താഴോട്ട് പോകുമ്പോള്‍ പലിശനിരക്ക് കുറച്ച് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുക എന്ന മുതലാളിത്ത സാമ്പത്തിക തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ചൈന പലിശ നിരക്ക് കുറച്ചത്. ചൈനയുടെ മൊത്തം ആഭ്യന്തര ഉല്പാദന വളര്‍ച്ചയുടെ 25 ശതമാനവും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നായിരുന്നു. ഈ മേഖലയിലെ പ്രധാന കമ്പനി ‘എവെര്‍ ഗ്രാന്‍ഡെ’ (Evergrande Group)യാണ്. കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങളും റിയല്‍ എസ്റ്റേറ്റ് തകര്‍ച്ചയും കാരണം ചൈനീസ് കേന്ദ്ര ബാങ്കിന് ഈ സ്ഥാപനത്തിനുമേല്‍ കടമെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവന്നു. ഒരുഭാഗത്ത് വിനാശകരമായ നവലിബറല്‍ സാമ്പത്തിക നയങ്ങളിലൂടെ വിപണിയെ അതിന്റെ പാരമ്യത്തില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് ‘ത്രീ റെഡ് ലൈന്‍സ് ‘ എന്ന് പരക്കെ വിളിക്കപ്പെടുന്ന കടമെടുപ്പ് നിയന്ത്രണങ്ങള്‍ ഭീമന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളെ ഒന്നൊന്നായി തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഇതിന്റെ ഫലമായി വീടുകള്‍ കൃത്യസമയത്ത് പണിതീര്‍ത്ത് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ക്ക് കഴിയാതെ വന്നതോടെ വലിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ഭരണകൂടം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.

ചൈനയില്‍ പൊതുമേഖലക്ക് നിലവിലും ശക്തമായി നിലനില്‍ക്കാന്‍ കഴിയുന്നതുകൊണ്ട് സമ്പദ്ഘടന തകരില്ല എന്ന ചില ലിബറല്‍ ഇടതുപക്ഷ വാദവും അസ്ഥാനത്താവുകയാണ് അത്തരമൊരു ചിന്തതന്നെ തെറ്റാണെന്ന് ചൈനയുടെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ തകര്‍ച്ച സൂചിപ്പിക്കുന്നു. പൊതുമേഖലയില്‍ പ്രാമുഖ്യം നിലനിര്‍ത്തിയതു കൊണ്ട് മാത്രം സമ്പദ്ഘടനയുടെ പ്രകൃതം നിര്‍ണ്ണയിക്കാന്‍ കഴിയില്ല, മറിച്ച് രാഷ്ട്രത്തിന്റെ പ്രവര്‍ത്തനത്തേയും ഘടനയെയും സംബന്ധിച്ച അടിസ്ഥാന നയങ്ങളും നിയമങ്ങളും വിലയിരുത്തി മാത്രമെ സമ്പദ്ഘടനയുടെ സ്വഭാവത്തെ നിര്‍ണയിക്കാന്‍ കഴിയൂ എന്ന് ചൈനയുടെ അനുഭവം വീണ്ടും വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.

ഏറ്റവും മലിനീകരിക്കപ്പെട്ട ചൈനീസ് നഗരങ്ങളിലെ, കുടിയേറ്റത്തൊഴിലാളികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദരിദ്രമായ ജീവിതം നയിക്കുന്നു. അടിമത്തത്തിന്റെയും, യാചനയുടേയും വേശ്യാവൃത്തിയുടേയും മനുഷ്യക്കടത്തിന്റെയും, കൊടും കുറ്റവാളികളുടെയും കേന്ദ്രമായി ഈ നഗരങ്ങള്‍ മാറിയിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഹീനമായ സംസ്‌കാരം ചൈനീസ് ജീവിതങ്ങളിലേക്ക് പടര്‍ന്നു കയറുന്നത് മുതലാളിത്ത ചൈനയിലെ ഭരണകൂടങ്ങളെ ആകുലപ്പെടുത്തുന്നില്ല. വളരെ ചിലവേറിയ ആതുരശുശ്രൂഷാ മേഖല ഏകദേശം പൂര്‍ണ്ണമായും സ്വകാര്യ ഉടമസ്ഥതയിലാണ്. പൊതു വിദ്യാഭ്യാസ രംഗവും ക്രമാനുഗതമായി തകരുകയാണ്.

പൊതുമേഖലയുടെ മേല്‍ക്കയ്യാണ് സോഷ്യലിസം എന്ന തെറ്റിദ്ധാരണയാണ് ചൈനയെ കുറിച്ച് ഒരു വിഭാഗം വെച്ച് പുലര്‍ത്തുന്നത്. കോര്‍പ്പറേറ്റ് മുതലാളിത്ത പാത പിന്തുടരുന്ന ഇന്ത്യയിലെ ഭരണകൂടങ്ങള്‍ ഇന്ത്യയുടേത് ഒരു മിശ്ര സമ്പദ് വ്യവസ്ഥ (mixed economy)യാണെന്നു പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്. പൊതുമേഖലയിലൂടെ സോഷ്യലിസവും സ്വകാര്യമേഖലയിലൂടെ മുതലാളിത്തവും എന്നൊക്കെയായിരുന്നു പ്രചരണം. എന്നാല്‍ 1969 ജൂലൈയില്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ബാങ്ക് ദേശസാല്‍ക്കരണം ഇന്ത്യന്‍ മുതലാളിത്തത്തിന്റെ താല്പര്യസംരക്ഷണത്തിനുംമുതലാളിത്ത സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കും വേണ്ടിയായിരുന്നു എന്നത് രഹസ്യമായിരുന്നില്ല. അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയാണ് ഇന്ന് ലക്ഷം കോടിയുടെ കിട്ടാക്കടത്തില്‍ എത്തിനില്‍ക്കുന്നതും തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും കോര്‍പ്പറേറ്റ് ഫാസിസം രാജ്യത്ത് പിടിമുറുക്കിയതും.

ആത്യന്തികമായി ഇതിന്റെ ഇരകള്‍ ന്യൂനപക്ഷങ്ങളും ദളിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വരുമാണെന്ന് നമുക്കറിയാം. ഇതിനു സമാനമാണ് ചൈനയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഷി ജിന്‍പിങ് ‘സില്‍ക്ക് റോഡ് ‘ എന്ന ഓമനപ്പേരിട്ട് വിളിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. പാകിസ്ഥാന്‍ നഗരമായ ഗ്വാദറില്‍ നിന്ന് ചൈനീസ് നഗരമായ കാഷ്ഗറിലേക്കുള്ള സാമ്പത്തിക ഇടനാഴി (China-Pakistan Economic Corridor -CPEC) പദ്ധതി ഏറെക്കുറെ പൂര്‍ണ്ണമായും നിശ്ചലമാണ്. ഗ്വാദറില്‍ എയര്‍പോര്‍ട്ട്, 300 മെഗാ വാട്ട് പവര്‍ പ്ലാന്റ്, വാട്ടര്‍ ഡീസാലിനേഷന്‍ പ്ലാന്റ് തുടങ്ങിയ വന്‍ പ്രഖ്യാപനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാന്‍ ഈ പദ്ധതി കൊണ്ട് സാധിച്ചില്ല. എന്നു മാത്രമല്ല വലിയ വൈദ്യുതിക്ഷാമവും ജലക്ഷാമവും നേരിടുന്നതിന്റെ ഭാഗമായി അവിടെ ജനങ്ങളുടെ പ്രതിഷേധവും അശാന്തിയും പടരുന്നു. നേപ്പാള്‍ അഞ്ചുവര്‍ഷം മുമ്പ് തന്നെ ഈ പദ്ധതിയില്‍ നിന്ന് ഏറെക്കുറെ പിന്മാറി. സാങ്കേതിക സര്‍വ്വകലാശാല, ടണല്‍ നിര്‍മ്മാണം, ഹൈഡ്രോ ഇലക്ട്രിസിറ്റി ഡാം തുടങ്ങിയ നിരവധി മോഹന വാഗ്ദാനങ്ങള്‍ ചൈന മുന്നോട്ടുവെച്ചെങ്കിലും ഒന്നുപോലും നേപ്പാളില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. മലേഷ്യ നേപ്പാള്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പദ്ധതിയില്‍ നിന്ന് പടിപടിയായി പിന്‍വാങ്ങുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കമ്മ്യൂണിസത്തിന്റെ പൊയ്മുഖത്തില്‍ മൈത്രി മുതലാളിത്തത്തിന്റെ ചിറകിലേറി ടെക് മുതലാളിത്തത്തില്‍ അഭിരമിക്കുന്ന ചൈന കുമിഞ്ഞുകൂടിയ ധനമൂലധനം ചെറു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ലോകബാങ്ക്, അന്തര്‍ദേശീയ നാണ്യനിധി (ഐഎംഎഫ്), ഏഷ്യന്‍ ഡവല്പമെന്റ് ബാങ്ക് (എഡിബി) തുടങ്ങിയ പരമ്പരാഗത വായ്പാ ഏജന്‍സികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന വിപത്തിനേക്കാള്‍ മാരകമായ ദുരന്തങ്ങള്‍ ചൈനീസ് സംരംഭകത്വ മൂലധനം (Venture Capital) ഉണ്ടാക്കുന്നു. ഈ വായ്പാകെണി നയതന്ത്രത്തെ (Debt Trap Diplomacy) ചൂണ്ടയിട്ട് ഇരപിടിക്കുന്ന രീതിശാസ്ത്രമായാണ് ഡെറ്റ് – ട്രാപ് ഡിപ്ലോമസിയെന്ന ആശയത്തിന്റെ ഉപജ്ഞാതാവും ഇന്ത്യന്‍ ഭൗമ – രാഷ്ട്രീയ തന്ത്രജ്ഞനും എഴുത്തുകാരനുമായ ബ്രഹ്മ ചെല്ലാനി (Brahma Chellaney) അഭിപ്രായപ്പെട്ടത്. ഒരു ഡസനോളം രാഷ്ട്രങ്ങള്‍ പൂര്‍ണമായും ചൈനയുടെ കടക്കെണിയിലാണ്.

ജിബൂട്ടി, ടോംഗ, മാലിദ്വീപ്, റിപ്പബ്ലിക് ഓഫ് കോംഗോ, കിര്‍ഗിസ്ഥാന്‍, കംബോഡിയ, നൈഗര്‍, ലാവോസ്, സാംബിയ, സമോവ, വാനുവാടു, മംഗോളിയ എന്നീ രാഷ്ട്രങ്ങള്‍ അവരുടെ ജിഡിപിയുടെ 20 ശതമാനവും ചൈനയുടെ ആഗോള രാഷ്ടീയ-സാമ്പത്തിക താല്പര്യങ്ങള്‍ക്ക് കടപ്പെട്ട് തകരുന്ന അവസ്ഥയിലാണ്. ഒപ്പം ഇത് ചൈനയുടെ ആഗോള തന്ത്രപ്രധാന വ്യാമോഹങ്ങളെ പ്രതിസന്ധിയിലാക്കുന്നു. രാഷ്ട്രത്തിന്റെ ജിഡിപിയെ പോലും കാര്‍ന്നുതിന്നുന്നതാണ് ചൈനീസ് ധനമൂലധനത്തിനുമേല്‍ ചുമത്തുന്ന പലിശ നിരക്ക്. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് ആഫ്രിക്കന്‍ ദ്വീപുസമൂഹ രാഷ്ട്രമായ ടോംഗ. ദക്ഷിണ ശാന്തസമുദ്ര മേഖലയിലെ ഗുരുതര സാമ്പത്തിക തകര്‍ച്ച നേരിടുന്ന ഈ രാജ്യത്തിന്റെ ജിഡിപിയുടെ 44ശതമാനവും ചൈനയുടെ കടക്കെണിയിലാണ്. മൂഡീസ്, സ്റ്റാന്റേഡ് ആന്റ് പുവേഴ്സ് തുടങ്ങി രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളാണ് ഇത്തരം വിവര ശേഖരണം നടത്തുന്നവര്‍. എന്നാല്‍ ഇവരുടെയൊന്നും പക്കല്‍ ചൈനയുടെ യഥാര്‍ത്ഥ വായ്പാ കെണിയുടെ വലുപ്പം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളില്ല.

മൂന്നു പതിറ്റാണ്ടിലധികമായി മൂലധന പെരുക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാര്‍ക്‌സിസവും ലെനിനിസവും മാവോയുടെ രാഷ്ട്രീയ ക്രാന്തദര്‍ശനങ്ങളും ഒരു ബാധ്യതയായി മാറിയതിന്റെ അവസാന പഠനത്തിന്റെ രൂപഘടനയിലൂടെയാണ് ചൈന ഇന്ന് സഞ്ചരിക്കുന്നത്. ചൈനയുടെ ഈ കമ്പോള സോഷ്യലിസ്റ്റ് തകര്‍ച്ചയുടെ ഗുരുതരമായ സാഹചര്യങ്ങളെ മനസ്സിലാക്കാതെയാണ് ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്കയെ കീഴടക്കിയ കഥ’ രാജീവ് സുനുവും കമല്‍റാം സജീവും ചേര്‍ന്ന് ചര്‍ച്ചചെയ്ത് കേരളത്തിന് പഠിക്കാനായി അലങ്കരിച്ചു വയ്ക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply