അതെ, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങള്‍ തുടരണം
ഇത്തരം സമയത്ത് രാഷ്ട്രീയം പറയരുതെന്നാണ് വാദം. ദുരന്തവേളകളില്‍ ഭരണാധികാരികളുടെ സ്ഥിരം വാദമാണത്. എന്നാല്‍ ഇതേ ഭരണാധികാരികളും അണികളും ഭംഗിയായി രാഷ്ട്രീയം പറയുകയും നടപ്പാക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാരും ഇതേ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ദുരന്തസമയത്തുതന്നെയാണ് മനുഷ്യാവകാശപ്രവര്‍ത്തകരെ കള്ളകേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നതും മുസ്ലിംവിരുദ്ധ പ്രചരണങ്ങള്‍ ശക്തമാക്കുന്നതും വിവാദമായ പൗരത്വനിയമം നടപ്പാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാകുന്നതും രാജ്യത്തിന്റെ ഏകപ്രതീക്ഷ നരേന്ദ്രമോദിയാണെന്ന സംഘടിത പ്രചാരണം നടക്കുന്നതും.
ദിവസങ്ങളായി തുടര്‍ന്നിരുന്ന പത്രസമ്മേളനം റദ്ദാക്കാന്‍ എടുത്ത തീരുമാനം മുഖ്യമന്ത്രി തിരുത്തിയതായാണ് റിപ്പോര്‍ട്ട്. കൊവിഡ് അവലോകനയോഗമുള്ള ദിവസങ്ങളില്‍ പത്രസമ്മേളനം തുടരാനാണ് തീരുമാനം. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട കണക്കുകളും മറ്റു കാര്യങ്ങളും മാത്രമല്ല, ഓരോ മലയാളിയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരങ്ങളും മുഖ്യമന്ത്രിയില്‍ നിന്നു നമുക്ക് ലഭിച്ചിരുന്നു. രൂക്ഷമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ധൈര്യമില്ലെങ്കിലും മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചറിയാവുന്ന പല മാധ്യമപ്രവര്‍ത്തകരും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അവക്ക് അപ്പോള്‍ മറുപടി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍, അന്വേഷിച്ച് പിറ്റേന്നു തന്നെ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു. എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ക്ക് പ്രതീക്ഷയും ആശ്വാസവുമായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍. പല സംസ്ഥാനങ്ങളിലും ഉദ്യാഗസ്ഥരാണ് പത്രസമ്മേളനം നടത്തുന്നതെന്ന് പലരും ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ ഇത്രയും ഗൗരവമായ സമയത്ത് ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ തന്നെയാണ് ജനങ്ങളോട് സംസാരിക്കേണ്ടത്. അതിനാല്‍ തന്നെ പുതിയ തീരുമാനം സ്വാഗതാര്‍ഹമാണ്.
അതേസമയം പത്രസമ്മേളനങ്ങള്‍ നിര്‍ത്തുന്നതിനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കിലും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെ പ്രകടമാണ്. സോഷ്യല്‍ മീഡിയയിലെ മുഖ്യമന്ത്രിയുടെ ആരാധകര്‍ അതുറക്കെ വിളിച്ചു പറയുകയും ചെയ്തു. രാഷ്ട്രീയമായ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നതുതന്നെയാണ് പ്രശ്‌നം. ഇത്തരം സമയത്ത് രാഷ്ട്രീയം പറയരുതെന്നാണ് വാദം. ദുരന്തവേളകളില്‍ ഭരണാധികാരികളുടെ സ്ഥിരം വാദമാണത്. എന്നാല്‍ ഇതേ ഭരണാധികാരികളും അണികളും ഭംഗിയായി രാഷ്ട്രീയം പറയുകയും നടപ്പാക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാരും ഇതേ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ദുരന്തസമയത്തുതന്നെയാണ് മനുഷ്യാവകാശപ്രവര്‍ത്തകരെ കള്ളകേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നതും മുസ്ലിംവിരുദ്ധ പ്രചരണങ്ങള്‍ ശക്തമാക്കുന്നതും വിവാദമായ പൗരത്വനിയമം നടപ്പാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാകുന്നതും രാജ്യത്തിന്റെ ഏകപ്രതീക്ഷ നരേന്ദ്രമോദിയാണെന്ന സംഘടിത പ്രചാരണം നടക്കുന്നതും. കേരളത്തിലെ അവസ്ഥയും വ്യത്യസ്ഥമല്ല. ആരോഗ്യമന്ത്രി നടത്തിയിരുന്ന പത്രസമ്മേളനങ്ങള്‍, അവരെ മൗനിയാക്കി അടുത്തിരുത്തി മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ തന്നെ രാഷ്ട്രീയമുണ്ട്. പിന്നീട് നടന്നതെന്താണ്|? ഇന്ത്യയുടെ രക്ഷകന്‍ മോദി എന്നതിനു സമാനമായാണ് കേരളത്തിന്റെ രക്ഷകന്‍ പിണറായി എന്ന രീതിയില്‍ പ്രചാരണം നടക്കുന്നത്. കേരളരാഷ്ട്രീയം ഇത്രമാത്രം വ്യക്തിപൂജയിലേക്ക് മാറിയ കാലം ഒരിക്കലുമുണ്ടായതായി തോന്നുന്നില്ല. രാമായണം സീരിയല്‍ കാണാന്‍ ടിവിക്കു മുന്നിലിരിക്കുന്നതുപോലെയാണ് പലരും ആറുമണിക്ക് ടിവിക്കുമുന്നിലിരിക്കുന്നത്. എന്തെല്ലാം പ്രചാരണങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ താരതമ്യേന മെച്ചപ്പെട്ട പ്രകടനം മൂന്നു പതിറ്റാണ്ടിലേറെ കേരളം ഭരിച്ച കമ്യൂണിസ്റ്റുകാരുടെ നേട്ടമാണെന്ന വാര്‍ത്ത, എറ്റവും വിലിയ കമ്യൂണിസ്റ്റ് ശത്രുരാജ്യത്തിലെ പ്രമുഖ്യ പത്രത്തില്‍ പോലും വന്നു. പിന്നീട് സത്യം മനസ്സിലാക്കി അവര്‍ തിരുത്തിയെന്നത് വേറെ കാര്യം. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമൊക്കെ സ്വാതന്ത്ര്യത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനും എത്രയോ മുമ്പ് ഈ പ്രദേശം എത്രയോ മുന്നിലായിരുന്നു. പ്രത്യേകിച്ച് തിരുകൊച്ചി സംസ്ഥാനങ്ങള്‍. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും മിഷണറിമാരും ഇടതുപ്രസ്ഥാനവും മാറി മാറി വന്നം മുന്നണി ഭരണങ്ങളും തുടങ്ങി സഹ്യപര്‍വ്വതവും 44 നദികളും വരെ ഈ നേട്ടത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. അതിനെയാണ് അതിലെ ഒരു വിഭാഗത്തിന്റെ നേട്ടമായി ചിത്രീകരിക്കുന്ന രാഷ്ട്രീയ പ്രചാരണം ഈ കൊവിഡ് കാലത്ത് നടന്നത്. അതിന്റെ തുടര്‍ച്ചയായി ഒരു വ്യക്തിയെ പ്രതിഷ്ഠിക്കുന്ന വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയവും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങലില്‍ പ്രതിപക്ഷ സംഘടനകളെ ഒഴിവാക്കുന്നു എന്ന വിമര്‍ശനവുമുണ്ട്.
മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്താനുണ്ടായ കാരണവും പരിശോധിക്കുക. കേരളത്തിന്റെ ആരോഗ്യഡാറ്റ അമേരിക്കന്‍ കമ്പനികള്‍ക്കു കൈമാറല്‍, ദുരിതാശ്വാസനിധിയടക്കമുള്ള സര്‍ക്കാര്‍ പണം വിനിയോഗിക്കുന്നതിലെ വീഴ്ചകള്‍ തുടങ്ങിയ രാഷ്ട്രീയപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ന്നതിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനം. ആ ചോദ്യങ്ങളെങ്ങിനെയാണ് അനാവശ്യ രാഷ്ട്രീയമാകുന്നത്? മാത്രമല്ല, കൊവിഡവസ്ഥയുമായി നേരിട്ടു ബന്ധപ്പെട്ടവയുമാണവ. ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ട മറുപടിയില്‍ മുഖ്യമന്ത്രി പഴയ പാര്‍ട്ടി സെക്രട്ടറിയാകുന്നതും കേരളം കണ്ടു. തുടര്‍ന്ന് ദുരിതാശ്വാസനിധിയിലെ പണം ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച കെ എം ഷാജിക്ക അദ്ദേഹം മറുപടി പറഞ്ഞ രീതിയും മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചതായിരുന്നില്ല. പിന്നീട് പത്രസമ്മേളനം അവസാനിപ്പിച്ച് പിറ്റേന്നുതന്നെ ഷാജിക്കെതിരായ പഴയ ഒരു കേസ് പൊടിത്തട്ടിയെടുക്കുകയാണുണ്ടായത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മോദി നയം തന്നെയാണ് പിണറായിയും നടപ്പാക്കുന്നത് എന്നര്‍ത്ഥം. ഒരു ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരിക്ക് യോജിച്ചതല്ല ഈ സമീപനം. പത്രസമ്മേളനങ്ങള്‍ അവസാനിപ്പിക്കുന്നു എന്ന വെല്ലുവിളിയും ശരിയായ നടപടിയല്ല. തുടക്കത്തില്‍ പറഞ്ഞപോലെ മുഴുവന്‍ മലയാളികളും ഇന്നത്തെ അവസ്ഥയില്‍ ഭരണാധികാരിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് നിര്‍വ്വഹിച്ചുകൊടുക്കേണ്ടത് ഭരണാധികാരിയുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. കൊവിഡ് പ്രതിരോധത്തില്‍ കേരളം താരതമ്യേന മെച്ചമാകാന്‍ കാരണം ഈ പത്രസമ്മേളനങ്ങള്‍ കൂടിയാണ്.
ഡാറ്റാ വിഷയത്തിലും മറ്റും ശരിയായ നിലപാടെടുത്ത് പ്രതികരിച്ചെങ്കിലും പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിക്കുന്നില്ല എന്നതില്‍ സംശയമില്ല. ഇത്തരത്തിലുള്ള ദുരന്തസമയത്ത് വിമര്‍ശനവും രാഷ്ട്രീയവും ക്രിയാത്മക നിര്‍ദ്ദേശങ്ങളും പറഞ്ഞുകൊണ്ടുതന്നെ സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് പ്രതിപക്ഷം തയ്യാറാകേണ്ടത്. സര്‍ക്കാര്‍ അതിനുള്ള അവസരം നല്‍കുന്നില്ലെങ്കില്‍ സ്വന്തമായി തന്നെ പ്രവര്‍ത്തനങ്ങള്‍ നീക്കണം. ചില മേഖലകളിലൊക്കെ അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എങ്കിലും സംസ്ഥാനവ്യാപകമായി അത്തരം നീക്കങ്ങള്‍ കാണുന്നില്ല. ഡി വൈ എഫ് ഐയും മറ്റും പ്രവര്‍ത്തിക്കുന്ന മാതൃകയെങ്കിലും യൂത്ത് കോണ്‍ഗ്രസ്സ് പഠിക്കണം. അത്തരത്തിലൊക്കെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഉന്നയിക്കുന്ന പ്രസക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ ബലം കിട്ടുമായിരുന്നു. കൊവിഡ് പ്രതിരോധവും അതിന്റെ സാമൂഹിക പ്രത്യാഘാതം നേരിടുന്ന പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ പ്രശ്ങ്ങള്‍ മനസ്സിലാക്കാനും സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കാനുമൊക്കെ അവര്‍ ശ്രമിക്കേണ്ടതായിരുന്നു. ശൈലജ ടീച്ചറെ ‘മീഡിയ മാനിയാക്’ എന്ന് വിളിച്ചതുതന്നെ പ്രതിപക്ഷ നേതാവിനു പറ്റിയ തെറ്റായിരുന്നു. എം കെ മുനീറും കെ മുരളീധരനും കൊവിഡ് വ്യാപനത്തിന് സാധ്യതയില്ലെന്ന് തുടക്കത്തില്‍ കൊണ്ടുവന്ന സിദ്ധാന്തങ്ങളും വിഡ്ഢിത്തങ്ങളായിരുന്നു. അവസാന സമയത്താണ് കാമ്പുള്ള വിമര്‍ശനങ്ങളുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്. അപ്പോഴും ദുരിതാശ്വാസനിധിയെ കുറിച്ച് പ്രസക്തമായ വിമര്‍ശനമുന്നയിച്ച ഷാജിയുടെ പോസ്റ്റിന്റെ വികാരം സംഭാവനകള്‍ കൊടുക്കരുതെന്നായിരുന്നു. അത് പ്രതിപക്ഷ ഉത്തരവാദിത്തത്തിന് നിരക്കാത്തതാണ്. പത്രസമ്മേളനങ്ങള്‍ നിര്‍ത്തിയതില്‍ ആഹ്ലാദിക്കുന്ന പ്രതിപക്ഷത്തെ നേതാക്കള്‍ കൊവിഡിനേക്കാള്‍ വലിയ ദുരന്തവും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in