ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും വേഗനിസവും

2000 വര്‍ഷത്തെ ഇന്ത്യന്‍ ഭക്ഷണരീതികള്‍ പരിശോധിച്ചാല്‍, ഭക്ഷണത്തിന്റെ ചരിത്രത്തില്‍ തീവ്രമായ രാഷ്ട്രീയമോ, അടിസ്ഥാന രഹിതമായ, യുക്തി രഹിതമായ ഏതെങ്കിലും മൂല്യങ്ങളുടെ അനുഭവങ്ങളോ ഉണ്ടായിരുന്നതായി കാണാന്‍ കഴിയില്ല. പച്ചക്കറികളും മാംസവും ഉള്‍പ്പെടുന്ന സങ്കല്‍പ്പമാണ് നമ്മുടെ പൂര്‍വ്വികര്‍ (മിസോലിത്തിക് – ബിസി 8000-2700) ഏറെക്കുറെ പിന്തുടര്‍ന്നിരുന്നത്.

‘ക്രൂരതയില്ലാത്ത’ (cruelty free life) ജീവിതം നയിക്കാന്‍ താന്‍ പൂര്‍ണ്ണമായും സസ്യാഹാര ജീവിതം (veganism) സ്വീകരിച്ചുവെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. മക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതിനെ തുടര്‍ന്ന് താനും ഭാര്യയും സില്‍ക്ക്, തുകല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, രണ്ടായിരത്തോളം ജീവനക്കാരും 34 ഓളം ജഡ്ജിമാരും അടങ്ങിയ സുപ്രീംകോടതിയിലെ അംഗങ്ങളുടെ, കേസ് ഫയല്‍ സംബന്ധമായ സമ്മര്‍ദ്ദങ്ങളും മറ്റും പരിഹരിക്കാന്‍ ‘ഫിറ്റ്‌നസ് മന്ത്രം’ എന്ന നിലയില്‍ യോഗയും, ഹോളിസ്റ്റിക് ജീവിതശൈലിയും പിന്തുടരാനും അദ്ദേഹം പറയുന്നുണ്ട്. അതിനു മാതൃകയായി തന്റെ വെജിറ്റേറിയന്‍ ജീവിതശൈലിയെ അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.

കഴിക്കാനുള്ള തെരഞ്ഞെടുപ്പ് തികച്ചും വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പോലെ സമൂഹത്തില്‍ സ്വാധീനമുള്ള, മാതൃകയായ വ്യക്തികള്‍, സസ്യാഹാരികള്‍ ആവുകയും, ഒപ്പം അതിന്റെ സായന്‍സിക സന്മാര്‍ഗ മൂല്യങ്ങള്‍ പറയുകയും, മാംസഭുക്കാകുന്നതില്‍ ‘ക്രൂരത’ യുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്യുമ്പോള്‍ അവിടെ ആഹാരത്തിന്റെ രാഷ്ട്രീയവും, സാംസ്‌കാരിക സാമൂഹ്യ നരവംശ ചരിത്രവും സ്വാഭാവികമായും കടന്നുവരും. അതിന്റെ ഒരു ഭാഗമാണ് ഇവിടെ ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ ശ്രമിക്കുന്നത്.

”മനുഷ്യരാശിയിലെയും ഹിന്ദു മതത്തിലെയും ശ്രേഷ്ഠമായ ഒരു പുഷ്പമാണ് ബ്രാഹ്മണന്‍. ആ പുഷ്പത്തിന്റെ നാശത്തിനു വഴിതെളിക്കുന്ന ഒന്നും തന്നെ ഞാന്‍ ചെയ്യുകയില്ല” എന്നു പറഞ്ഞ (യംഗ് ഇന്ത്യ, 19.03.1925) ഗാന്ധിജി പച്ചക്കറി കഴിച്ചിരുന്ന ഒരു ബ്രാഹ്മണന്റെ വെടിയേറ്റാണ് മരിച്ചത്! സസ്യാഹാരത്തിന്റെ ”ആര്‍ദ്രത’ (compassion) തൊട്ടടുത്ത ചരിത്രത്തില്‍ നാം അനുഭവിച്ചത് ഗാന്ധി വധത്തിലാണ്. അഡോള്‍ഫ് ഹിറ്റ്‌ലറും സസ്യാഹാരിയായിരുന്നുവത്രേ!

പിന്നീട് നാം ഇന്ത്യയില്‍ ഉടനീളം കാണുന്നത് ദളിതരെയും ന്യൂനപക്ഷങ്ങളെയും ഭക്ഷണത്തിന്റെ പേരില്‍ ഉള്‍പ്പെടെ നിരന്തരം വേട്ടയാടുന്ന സവര്‍ണ്ണ ഭീകര സംഘങ്ങളെയാണ്. ഈ വര്‍ണ്ണാശ്രമ ഗുണ്ടാ സേനയത്രേ ബീഹാറിലും മറ്റുമുള്ള സസ്യഭുക്കുകളായ ‘രണ്‍വീര്‍ സേന’ ഉള്‍പ്പെടെയുള്ളവ. ചത്ത പശുവിന്റെ തോലെടുത്ത് വിറ്റുവെന്നാരോപിച്ച് 2002 ല്‍ ഹരിയാനയിലെ ദുലേനയില്‍ അഞ്ചു ദലിതരെ അടിച്ചു കൊന്നത് ആയിരക്കണക്കിന് കൊടും ക്രൂരതകളില്‍ ഒരു ഉദാഹരണം മാത്രം. നൂറുകണക്കിന് പേരാണ് ഇങ്ങനെ സസ്യാഹാരികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്, ഇപ്പോഴും ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും.ഇവിടെ സസ്യാഹാരത്തിന്റെ ക്രൂരതാ വിരുദ്ധ മൂല്യം തകര്‍ന്നടിയുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മദ്രാസ് ഐ.ഐ.ടിയില്‍ വെജ്, നോണ്‍ വെജ് വിവേചനം നടന്നതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന കാന്റീന്‍ രണ്ടായി വിഭജിച്ചതും, പ്രത്യേകം പ്രവേശന കവാടവും, കൈകഴുവാനുള്ള ഇടവും, വേറെ വേറെ പാത്രങ്ങളും ഒരുക്കിയതും നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. മുംബൈ ഐഐടിയില്‍ സസ്യാഹാര മേശയില്‍ ഇരുന്ന് മാംസം ഭക്ഷിച്ചതിന് ഒരു വിദ്യാര്‍ത്ഥിക്ക് 10,000 രൂപ പിഴയിട്ടത് വാര്‍ത്തയായിരുന്നു.

ഇന്ത്യയില്‍ തികഞ്ഞ മാംസാഹാരികളായിരുന്ന ബ്രാഹ്മണ മതം എങ്ങനെയാണ് തീവ്ര സസ്യഭുക്കുകള്‍ ആയത് എന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്.

ഓരോ മണിക്കൂറിലും ചുരുങ്ങിയത് ഒരു കര്‍ഷകനോ, കര്‍ഷക തൊഴിലാളിയോ ആത്മഹത്യ ചെയ്യുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) 2022 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ പ്രതിദിനം 154 കര്‍ഷകരും ദിവസ വേതനക്കാരും ആത്മഹത്യ ചെയ്യുന്നുണ്ട്. പ്രധാനമായും അസുഖവും ദാരിദ്ര്യവുമാണ് കാരണം. ഇങ്ങനെ രാജ്യത്ത് കാര്‍ഷിക രംഗത്തും വിവിധ ഉല്പാദന മേഖലയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ദാരിദ്ര്യത്താലും നാനാ തരം ചൂഷണത്താലും മരിച്ചുവീഴുമ്പോള്‍, ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍, അവരുടെ വിയര്‍പ്പില്‍ നിര്‍മ്മിക്കുന്ന എത്രയെത്ര ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കളാകുന്നുണ്ട് നമ്മള്‍? അവിടെയും നമ്മുടെ മനുഷ്യസ്‌നേഹ ബാഹ്യമായ മൃഗസ്‌നേഹം മൗലികമായ യുക്തിഭംഗമായിത്തീരുന്നുണ്ട്.

കുട്ടികള്‍, പ്രത്യേകിച്ച് 6-14 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍, ഇന്ത്യയില്‍ ഹൈബ്രിഡ് പരുത്തി വിത്ത് ഉത്പാദന മേഖലയില്‍ തൊഴില്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ബോണ്ടഡ് (bonded) ബാലവേലക്കാരുള്ള പരുത്തിവിത്ത് ഫാമുകള്‍ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 400000 നും 450000 നും ഇടയില്‍ കുട്ടികള്‍ ഹൈബ്രിഡ് പരുത്തി വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതില്‍ ജോലി ചെയ്യുന്നുവത്രേ. പലരും നിര്‍ബന്ധിത അല്ലെങ്കില്‍ ബന്ധിത തൊഴിലാളികളായി ജോലി ചെയ്യുന്നു. 8-14 വയസ്സിനിടയിലുള്ള കുട്ടികള്‍ അലങ്കാര തുണിത്തര ഉത്പാദനവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചില കുട്ടികള്‍ കടബാധ്യതാ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നു. എംബ്രോയ്ഡറി ഇനം സാരി ഉത്പാദിപ്പിക്കുന്ന മിക്ക ഫാക്ടറികളും മുംബൈയിലും ഡല്‍ഹിയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.ബീഹാര്‍ പോലുള്ള മറ്റ് സ്ഥലങ്ങളില്‍ നിന്ന് ധാരാളം കുട്ടികളെ കടത്തുന്നു. 125000 നും 210000 നും ഇടയില്‍ കുട്ടികള്‍ ഡല്‍ഹി എംബ്രോയ്ഡറി വര്‍ക്ക്‌ഷോപ്പുകളില്‍ ജോലി ചെയ്യുന്നുവത്രേ. ഏകദേശം 100000 കുട്ടികള്‍ സാരി എംബ്രോയ്ഡറിയിലും മറ്റ് ടെക്‌സ്‌റ്റൈല്‍ അലങ്കാര വര്‍ക്ക്‌ഷോപ്പുകളിലും മുംബൈയിലും മറ്റിടങ്ങളിലും ജോലി ചെയ്യുന്നു.

5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ട ഖനികളില്‍ നിന്ന് മൈക്ക ശേഖരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മൈക്ക ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ ബീഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കുട്ടികള്‍ പ്രധാനമായും ഖനനം നടത്തുന്നത്, പലപ്പോഴും സ്‌കൂളില്‍ പോകുന്നതിന് പകരം. ഈ സംസ്ഥാനങ്ങളില്‍ ഉടനീളം മൈക്കയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് കുട്ടികളെക്കുറിച്ച് എന്‍ജിഒകളും മാധ്യമ സ്രോതസ്സുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ധാതുക്കള്‍ ഖനനം ചെയ്യുന്നതിനായി പാറകള്‍ വേര്‍പെടുത്തുക, ധാരാളം പാറകള്‍ കൊണ്ടുപോകുക, ഖനനം ചെയ്ത മറ്റ് ധാതുക്കളില്‍ നിന്ന് മൈക്ക തരംതിരിച്ച് വേര്‍തിരിക്കുക എന്നിവ കുട്ടികളുടെ ജോലികളില്‍ ഉള്‍പ്പെടുന്നു. മാധ്യമ റിപ്പോര്‍ട്ടുകളും അഭിമുഖങ്ങളും അനുസരിച്ച്, കുട്ടികള്‍ മൈക്ക പൊടി ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്. കുട്ടികള്‍ മറ്റ് ആരോഗ്യപരവും സുരക്ഷാപരവുമായ അപകടങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിന്റെ ഫലമായി തേളിന്റെ കടി, അസ്ഥി ഒടിവ് തുടങ്ങിയ പരിക്കുകള്‍ ഉള്‍പ്പെടെ മരണം വരെ സംഭവിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്

റൈസ് മില്ലുകള്‍, റബര്‍ ഗ്ലൗസ്, സാന്റ് സ്റ്റോണ്‍സ്, കുപ്പിവളകള്‍ തുകല്‍ ഉല്‍പ്പന്നങ്ങള്‍, ലോക്കുകള്‍, തീപ്പെട്ടികള്‍, സോസര്‍ ബോള്‍, തേയില, നൂല്‍ നൂല്‍പ്പ്, എന്തിന് ദൈവത്തെ ആരാധിക്കുന്ന അഗര്‍ബത്തികള്‍ വരെ നിര്‍മ്മിക്കുന്ന മേഖലകളില്‍ ക്രൂരമായ ബാലവേലകള്‍ നടമാടുന്നുണ്ട് എന്ന് ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ ലേബര്‍ അഫയേഴ്‌സ് (The Bureau of International Labor Affairs – ILAB) റിപ്പോര്‍ട്ട് ചെയ്യുന്നു. ആയതിനാല്‍, മനുഷ്യേതര, ജീവജാല ബന്ധിത ഉല്‍പ്പന്നങ്ങളുടെ ത്യാജന(Sacrifice)ത്തിലൂടെ ഏതു ക്രൂരതയെയാണ് നമുക്ക് അഭിസംബോധന ചെയ്യാന്‍ കഴിയുക?

മനുഷ്യക്കുഞ്ഞുങ്ങളെ കൊല്ലുകയും, കൊല്ലാതെ കൊല്ലുകയും ചെയ്യുന്ന ഇത്തരം നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ നാം പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കുമ്പോള്‍,’ക്രൂരമായ’ ജീവിതത്തില്‍ നിന്ന് മുക്തി നേടാന്‍ സസ്യഭുക്കായതുകൊണ്ടോ, പട്ടുനൂല്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടോ എന്തുപ്രയോജനമാണ് ഉണ്ടാവുക. മനുഷ്യക്കുഞ്ഞുങ്ങള്‍ക്കപ്പുറം ഏതു മൃഗസ്‌നേഹമാണ് നമ്മെ അധാര്‍മ്മിക മൂല്യത്തില്‍ നിന്ന് മോചിതമാക്കുക?

സസ്യാഹാരവും അഹിംസയും

സസ്യാഹാരത്തിന്റെ അടിസ്ഥാന തത്വം സഹസ്രാബ്ദങ്ങളായി ‘അഹിംസ’ എന്നാണ് അറിയപ്പെടുന്നത്. ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം ‘ദ്രോഹം ചെയ്യരുത്’ എന്നാണ്. ഇത് പലപ്പോഴും ‘വധവിരുദ്ധം’ എന്ന ആശയത്തെ ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിച്ചു പോരുന്നത്. ഇത് പല മതങ്ങളുടെയും (ഹിന്ദുമതം, ജൈനമതം, ബുദ്ധമതം പോലുള്ളവ) മാത്രമല്ല, മതേതര തത്ത്വചിന്തകളുടെയും പ്രസ്ഥാനങ്ങളുടെയും (സമാധാനവാദം, സസ്യാഹാരം മുതലായവ) ഒരു പ്രധാന തത്വ വ്യവഹാരമായി മാറിയിരിക്കുന്നു.

ജാതി വിവേചനം നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ സമത്വം, സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് സസ്യാഹാര പ്രചരണം പ്രവര്‍ത്തിക്കുക. സമകാലിക ഇന്ത്യയിലെ ഭൂരിപക്ഷ സസ്യാഹാരം ജാതി വ്യവസ്ഥയെയും അതിന്റെ അസമത്വങ്ങളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നവ കൂടിയാണ്. സസ്യാഹാരത്തിന്റെ ഫാന്റസിയും മാനദണ്ഡങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രപരവും അടിച്ചമര്‍ത്തുന്നതുമായ ഭരണകൂട ഉപകരണങ്ങളുടെ പ്രയോഗങ്ങള്‍ നാം നേരിട്ട് അനുഭവിക്കുന്ന കാലത്താണ് ജീവിക്കുന്നത്.

സസ്യാഹാരവും മൃഗാവകാശങ്ങളും തത്ത്വചിന്തകളുടേയും, പ്രത്യയശാസ്ത്രങ്ങളുടേയും അടിസ്ഥാനത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അവ ചരിത്രപരമായ അറിവ്, സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍, ജീവജാലങ്ങളുടെ അസ്തിത്വം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക ചിന്താ സംവിധാനങ്ങളായാണ് വ്യാപകമായി മനസ്സിലാക്കപ്പെടുന്നത്. കൂടാതെ, അവ രണ്ടും മതേതര ദാര്‍ശനിക വിശ്വാസങ്ങളായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. മൗലിക യുക്തി ഭംഗങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ചിന്താ പദ്ധതികള്‍, മനുഷ്യേതര മൃഗങ്ങളെ പരിപാലിക്കുകയും അവയെ ബഹുമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളുകള്‍ പിന്തുടരുന്ന പ്രധാന തത്ത്വചിന്തകളായാണ് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ സമൂഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഭക്ഷണവും നരവംശ യാഥാര്‍ത്ഥ്യങ്ങളും

2000 വര്‍ഷത്തെ ഇന്ത്യന്‍ ഭക്ഷണരീതികള്‍ പരിശോധിച്ചാല്‍, ഭക്ഷണത്തിന്റെ ചരിത്രത്തില്‍ തീവ്രമായ രാഷ്ട്രീയമോ, അടിസ്ഥാന രഹിതമായ, യുക്തി രഹിതമായ ഏതെങ്കിലും മൂല്യങ്ങളുടെ അനുഭവങ്ങളോ ഉണ്ടായിരുന്നതായി കാണാന്‍ കഴിയില്ല. പച്ചക്കറികളും മാംസവും ഉള്‍പ്പെടുന്ന സങ്കല്‍പ്പമാണ് നമ്മുടെ പൂര്‍വ്വികര്‍ (മിസോലിത്തിക് – ബിസി 8000-2700) ഏറെക്കുറെ പിന്തുടര്‍ന്നിരുന്നത്. ഇന്ത്യയില്‍, മൊത്തത്തില്‍ ഭക്ഷണം കഴിക്കുന്നത് പരിമിതമായിരുന്നു. ഉപവാസത്തിന്റെ ദിവസങ്ങള്‍ കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ സസ്യങ്ങളുടെയും ജന്തു ജാലങ്ങളുടെയും ആവശ്യങ്ങള്‍ താരതമ്യേന കുറവുമായിരുന്നു.

ബിസി 500-ല്‍ ജൈനമതം ഉദയം ചെയ്തപ്പോള്‍ അതിന്റെ അനുയായികള്‍ സസ്യാഹാരികളായി. സസ്യഭക്ഷണം നിലനിര്‍ത്തിക്കൊണ്ട് മിതമായി ഭക്ഷണം കഴിക്കുന്ന ധനികരുടെയും ഉന്നതരുടെയും തിരഞ്ഞെടുപ്പായിരുന്നു അത്. അത് ജനപ്രിയമായിരുന്നില്ല. ഇന്ന് ജൈനര്‍ ന്യൂനപക്ഷമാണല്ലോ. ബുദ്ധമതവും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ബുദ്ധന്‍ മാംസം ഭക്ഷിച്ചിരുന്നു. ലോകമെമ്പാടുമുള്ള ബുദ്ധമതക്കാര്‍ ഇന്നും മാംസം ഭക്ഷണമാക്കിയിട്ടുണ്ട്. എന്നാല്‍ ചൈനീസ് ബുദ്ധ സന്യാസിയും പണ്ഡിതനുമായ സാങ് ചിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, ഇന്ത്യന്‍ ബുദ്ധമതക്കാര്‍ സസ്യാഹാരികളായി മാറിയതായി കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടിട്ടുണ്ടത്രേ.

ബിസി 600-ല്‍ ഹരിയാന ഭരിച്ചിരുന്ന ഹര്‍ഷവര്‍ദ്ധന ചക്രവര്‍ത്തി സസ്യാഹാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേ കാലഘട്ടത്തില്‍, കാശ്മീര്‍ ഭരിച്ചിരുന്ന ഗാന്ധാരയിലെ (ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍) രാജാവായ മേഘവാഹനനും സസ്യാഹാരം അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.

വ്യാപാരവും കുടിയേറ്റവും ഭക്ഷണ ശീലങ്ങളും

വ്യാപാരവും കുടിയേറ്റവും ഭക്ഷണശീലങ്ങളും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുകയുണ്ടായി. മനുഷ്യര്‍ യാത്ര ചെയ്യുന്നിടത്തെല്ലാം അവരുടെ ഭക്ഷണവും കൂടെ കൊണ്ടുപോകുന്നു. ഒപ്പം അവര്‍ പുതിയ തരം ഭക്ഷണങ്ങളിലേക്ക് തുറന്നു വയ്ക്കപ്പെടുന്നു. അത് കാലക്രമേണ അവരുടെ ഭക്ഷണ സംസ്‌കാരത്തില്‍ ലയിക്കുന്നു. ഉദാഹരണത്തിന്, ഏകദേശം 80,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ആഫ്രിക്കയില്‍ നിന്നുള്ള ആളുകള്‍ കുടിയേറി ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയത് നമ്മുടെ പാചകരീതിയില്‍ വലിയ സ്വാധീനം ചെലുത്തി.

മെസൊപ്പൊട്ടേമിയക്കാര്‍ക്ക് ഹാരപ്പന്‍കാര്‍ അരി പരിചയപ്പെടുത്തിയിരുന്നു.മെസൊപ്പൊട്ടേമിയയില്‍ ഉള്ളി വളര്‍ന്നിരിന്നു. ബിരിയാണി പോലെ പുലാവില്‍ ഉള്ളി ചേര്‍ക്കുന്നത് ഹാരപ്പയിലോ മെസൊപ്പൊട്ടേമിയയിലോ സംയുക്തമായോ സംഭവിച്ച ഭക്ഷണരീതിയാണ്. അങ്ങനെ തങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ടുതന്നെ പാചകക്കുറിപ്പുകള്‍ പങ്കുവെച്ച സംസ്‌കാര ബന്ധിത ഭൂമികളാണിവ.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണവും സസ്യാഹാരവും.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് നമ്മുടെ ഭക്ഷണക്രമത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാംസത്തിനും മത്സ്യത്തിനും നികുതി വര്‍ധിപ്പിച്ച് ബ്രിട്ടീഷ് ഭരണം സസ്യാഹാരം ജനങ്ങളില്‍ പരോക്ഷമായി അടിച്ചേല്‍പ്പിച്ചു. വനങ്ങള്‍, പൊതുഭൂമികള്‍, നദികള്‍, കടലുകള്‍ എന്നിവയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ അവര്‍ 1865-ലെ വനനിയമം ഉള്‍പ്പെടെയുള്ള കൊളോണിയല്‍ അധിനിവേശ നിയമങ്ങള്‍ കൊണ്ടുവന്നു. ഇത് നാനാ വിഭാഗം വനാതിര്‍ത്തി നിവാസികളെയും ആദിവാസി സമൂഹങ്ങളെയും ജോലി തേടി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. അവര്‍ക്ക് അവരുടെ ഭക്ഷണത്തിന്റെ ഭാഗമല്ലാത്ത ധാന്യങ്ങള്‍ ബ്രിട്ടീഷുകാര്‍ നല്‍കിപ്പോന്നു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും മൃഗങ്ങള്‍ക്കും കനത്ത നികുതി ചുമത്തി താങ്ങാനാകാത്ത സാഹചര്യം സൃഷ്ടിച്ചു. ഉത്സവ വേളകളില്‍ പോലും ആ മേഖലയിലെ അധിവാസ വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ദൈവങ്ങള്‍ക്ക് മാംസാഹാരം അര്‍പ്പിക്കാന്‍ പോലും കഴിയാതെ വന്നപ്പോള്‍ പൂര്‍ണ്ണമായും മാംസാഹാരം ഉപേക്ഷിക്കേണ്ടിവന്നു.

കൊളോണിയല്‍ ഭരണത്തിന്റെ 200 വര്‍ഷങ്ങളില്‍, ധാന്യങ്ങളും കാട്ടുചെടികളും പ്രധാന ഭക്ഷണമായി മാറി. ക്ഷാമവും തുടര്‍ന്ന് കടുത്ത ദാരിദ്ര്യവും പ്രാദേശികമായിത്തീര്‍ന്നു. മാംസ്യത്തിന്റെയും (protein) മറ്റ് പോഷകങ്ങളുടെയും അഭാവം നികത്താന്‍, പട്ടിണിയകറ്റാന്‍, രുചികളില്‍ നിര്‍മ്മിച്ച ധാന്യ ഭക്ഷണങ്ങളുടെ ഒരു പുതിയ പാചകരീതി സൃഷ്ടിക്കുന്നതിലേക്ക് ഇത് നയിച്ചു.

ഇന്ന് നമുക്കിടയില്‍ പ്രചരിക്കുന്ന നിരവധി പ്രശസ്തമായ ഇന്ത്യന്‍ പാചകരീതികളും ‘ക്ഷാമം പാചകരീതി’ (Famine Cuisine) ആണ്. നിലവില്‍ 70 ശതമാനം ഇന്ത്യക്കാരും മാംസം, മത്സ്യം അല്ലെങ്കില്‍ മുട്ട എന്നിവ കഴിക്കുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ അളവിലോ അപൂര്‍വ്വമായോ മാത്രമാണ്. ഇത് ഭൂതകാലത്തിന്റെ ഒരു വ്യതിചലനമാണ്; കൂടാതെ നാം ഇപ്പോഴും കോളനിവല്‍ക്കരിച്ച മാനസികാവസ്ഥയില്‍ തുടരുന്നുവെന്ന് അത് കാണിക്കുന്നുമുണ്ട്.

നമ്മുടെ വിളകളില്‍, പ്രത്യേകിച്ച് ഹരിതവിപ്ലവത്തിന് ശേഷം, നാരുകളുള്ള ഭക്ഷണം ഭൂരിഭാഗവും നഷ്ടപ്പെട്ടു. ഭക്ഷണം കൂടുതല്‍ മൃദുവായതും, ആയതിനാല്‍ കൂടുതല്‍ സ്വാദിഷ്ടവുമായി മാറിയിരിക്കുന്നു. ഈ മാറ്റം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ധവളവിപ്ലവത്തിനുശേഷം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഒരേയൊരു മൃഗ ഉല്പന്നമായ പാലിന്റെ ഉപഭോഗം വര്‍ദ്ധിച്ചു. 1900-ങ്ങളില്‍ നാനാതരം ഭയം ഉല്പാദിപ്പിക്കുന്ന പരസ്യങ്ങളിലൂടെ, കൊഴുപ്പിന്റെ ഉപഭോഗം ബോധപൂര്‍വം കുറച്ചു. ഇത് കൊഴുപ്പ് അനാരോഗ്യകരമാണെന്നും സസ്യ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് ആരോഗ്യകരമാണെന്നുമുള്ള ആശയം ജനിപ്പിച്ചു.

ഇന്ന് ഇന്ത്യന്‍ സസ്യഭുക്കുകള്‍ പച്ചക്കറികള്‍ കഴിക്കുന്നില്ല. അവര്‍ ഗോതമ്പ്, അരി, പരിപ്പ്, പാല്‍ ഉല്പന്നങ്ങള്‍, ഉരുളക്കിഴങ്ങ്, മധുരപലഹാരങ്ങള്‍ എന്നിവയാണ് കൂടുതലും കഴിക്കുന്നത്. ഫ്രക്ടോസ് (fructose) അടങ്ങിയ പഴങ്ങളും കഴിക്കുന്നു.

100 ഗ്രാം അസംസ്‌കൃത പരിപ്പ് 100 ഗ്രാം അസംസ്‌കൃത മാംസവുമായി താരതമ്യം ചെയ്താല്‍, രണ്ടിലും 20 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. എന്നാല്‍ 100 ??ഗ്രാം അസംസ്‌കൃത പരിപ്പില്‍ 46 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസായി മാറുകയും ഒരാളെ പ്രമേഹരോഗിയാക്കുകയും ചെയ്യുന്നു. നേരെമറിച്ച്, 100 ഗ്രാം അസംസ്‌കൃത മാംസത്തില്‍ പൂജ്യം കാര്‍ബോഹൈഡ്രേറ്റ് ആണ് അടങ്ങിയിരിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗത്തിന്റെ വര്‍ദ്ധനവ് ഇന്ത്യയെ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാക്കി മാറ്റി. പ്രമേഹം, അനുബന്ധ ഹൃദ്രോഗങ്ങള്‍, അല്‍ഷിമേഴ്‌സ് രോഗം, മറ്റ് മെറ്റബോളിക് സിന്‍ഡ്രോം എന്നിവ സാധാരണമായിരിക്കുന്നു.

ഇന്ത്യക്കാരെ സ്വന്തം ആളുകളുമായി താരതമ്യപ്പെടുത്തിയ ലോക സഞ്ചാരികള്‍ രേഖപ്പെടുത്തിയിരിക്കുന്നത് നമ്മള്‍ ഉയരം കുറഞ്ഞവരും പ്രമേഹരോഗികളും പൊണ്ണത്തടിയുള്ളവരും ആയുര്‍ദൈര്‍ഘ്യം കുറഞ്ഞവരുമായീട്ടണെന്ന് ഭക്ഷ്യ ചരിത്രകാരിയും, ഫിസിഷ്യനുമായ മനോഷി ഭട്ടാചാര്യ പറയുന്നുണ്ട്.

ഇനി ദരിദ്ര ജനതയാകട്ടെ, ഭക്ഷണത്തില്‍ കടല-പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വളരെ അപൂര്‍വമാണ്. ദരിദ്ര വിഭാഗങ്ങള്‍, പട്ടിണിയകറ്റാന്‍ കൂടുതലും ആശ്രയിക്കുന്നത് ധാന്യങ്ങളെയാണ്. ധാന്യങ്ങള്‍ വിലകുറഞ്ഞ കലോറിയാണ് നല്‍കുന്നത്. 100 ഗ്രാം ധാന്യം ഏകദേശം 340 കലോറി നല്‍കുമ്പോള്‍, 100 ഗ്രാം മാംസം ഏകദേശം 100 കലോറി മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഇത് കലോറി ഉപഭോഗത്തിന്റെ പ്രശ്‌നം മാത്രമല്ല. മറ്റ് സുപ്രധാന പോഷകങ്ങളായ നല്ല പ്രോട്ടീനുകളും വിറ്റാമിനുകളും, വൈറ്റമിന്‍ എ, ബി 12, ഫോളിക് ആസിഡ്, ആഗിരണം ചെയ്യാവുന്ന ഇരുമ്പ് എന്നിവ പ്രധാനമായും മൃഗ പ്രോട്ടീനില്‍ നിന്നാണ് ഉരുത്തിരിയുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്..

സസ്യാഹാരം എന്ന ‘സ്പീഷീസിസം’ (speciesism)

എല്ലാ ജീവജാലങ്ങള്‍ക്കും ഒരു അന്ത്യമുണ്ട്. അതനുസരിച്ചാണ് അവയെ മനുഷ്യന്‍ ഭക്ഷണമാക്കി മാറ്റാന്‍ ആരംഭിക്കുന്നത്. ഡയറി ഉല്പന്നങ്ങള്‍ക്ക് മുതല്‍ നാം ഇണക്കി വളര്‍ത്തിയ പല മൃഗങ്ങളും, അതിന്റെ അന്ത്യകാലങ്ങളില്‍ അവ ഭക്ഷണ വിധേയമാക്കപ്പെടാതിരിക്കുമ്പോള്‍, രോഗാതുരവും ഏറ്റവും ദയനീയവുമായ, മരണമാണ് അവയ്ക്ക് സംഭവിക്കുക. ലക്ഷക്കണക്കിന് വരുന്ന ഇത്തരം മൃഗങ്ങള്‍ ഉല്‍പാദന യോഗ്യമല്ലാതാകുമ്പോള്‍ പരിപാലിക്കുന്നത് മനുഷ്യസാധ്യമായ ഒന്നല്ല. എന്നാല്‍ അവയെ ഭക്ഷണമാക്കുന്നതോടു കൂടി അവയുടെ ദുരന്തജീവിതത്തില്‍ നിന്നുള്ള മോചനം കൂടിയാണ് സംഭവിക്കുന്നത്. അതായത്, മൃഗങ്ങളെ ഭക്ഷിക്കാനുള്ള മനുഷ്യരുടെ ‘ധാര്‍മ്മിക കടമ’ സൃഷ്ടിക്കുന്നത് പരസ്പര പ്രയോജനത്തിന്റെ ഈ തുടര്‍ച്ചയായ ചരിത്രമാണ്.

ഭക്ഷ്യ ചുരുക്കത്തില്‍ എല്ലാ മനുഷ്യരും സസ്യാഹാരികളായിത്തീര്‍ന്നാല്‍ ഒരു ഛിന്നഗ്രഹ ആക്രമണം ദിനോസറുകളെയും മറ്റ് പല ജീവികളെയും തുടച്ചുനീക്കിയ കാലം മുതല്‍ മൃഗങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അതായത് യഥാര്‍ത്ഥത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ സ്വാഭാവിക ശത്രുക്കളാണ് സസ്യാഹാരികള്‍ എന്നാണ് ചരിത്രത്തില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍, ലോക ജനസംഖ്യ ഏകദേശം 7.5 ബില്യണ്‍ ആണ് (2030 ആകുമ്പോഴേക്കും 8.5 ബില്യണ്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നു) ഇതില്‍ ഏകദേശം 800 ദശലക്ഷം ആളുകള്‍ പട്ടിണിയിലാണ്. അതായത് 9 പേരില്‍ ഒരാള്‍ പട്ടിണി അനുഭവിക്കുന്നു, കൂടാതെ മൂന്നില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ നാം വിജയിക്കുകയാണെന്ന് പറയുമ്പോള്‍ തന്നെ , ലോകത്തിലെ ഏറ്റവും വലിയ പട്ടിണിപ്പാവങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയിലും ഇന്ത്യയെ ലോകം അറിയുന്നുണ്ട്. ലോകത്ത് പട്ടിണി കിടക്കുന്നവരുടെ നാലിലൊന്ന് പേരും പോഷകാഹാരക്കുറവുള്ള 190 ദശലക്ഷത്തിലധികം ആളുകളും ഇന്ന് ഇന്ത്യയിലത്രേ! സസ്യാഹാരത്തില്‍ കാരുണ്യം കണ്ടെത്തുമ്പോള്‍ ഈ വൈരുദ്ധ്യം നമ്മള്‍ കാണാതെ പോകരുത്.

സസ്യാഹാരം എന്നത് മനുഷ്യന്റെ കഷ്ടപ്പാടുകളോ ലോക പട്ടിണിയോ തൊഴിലില്ലായ്മയോ, മരണമോ അവസാനിപ്പിക്കാന്‍ ഉതകുന്നതല്ല. എന്നാല്‍ പ്രോട്ടീനിന്റെ കുറവ് മൂലം മനുഷ്യരാശിയെ പ്രത്യേകിച്ച് കുട്ടികളെ രോഗാതുരമായ ലോകത്തേക്ക് തള്ളിനീക്കാന്‍ കാരണമാകും.

മൃഗങ്ങളെ ഒരു ചരക്കല്ലാതെ മറ്റൊന്നുമല്ല എന്ന മട്ടില്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ് വേണ്ടത്. എന്നാല്‍, സസ്യാഹാരം പ്രചരിപ്പിക്കുന്നത് തീര്‍ച്ചയായും മൃഗ ഉല്‍പന്നങ്ങളുടെ ഡിമാന്‍ഡ് തകരുന്നതിനും, അതിനാല്‍ ആ മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നതിനും, അത് ഒരു വലിയ തൊഴിലില്ലാത്ത ജനസംഖ്യയെ സൃഷ്ടിക്കുന്നതിനും കാരണമാകും. അത് നയിക്കുക വലിയ പട്ടിണി മരണത്തിലേക്കും, ശിശു മരണത്തിലേക്കും ആയിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply