പൊളിച്ചെഴുതണം വേതന – പെന്‍ഷന്‍ മേഖലകള്‍

വേതനം കൊടുക്കുന്നവര്‍ക്ക് ജീവനക്കാരുടെ ഔട്ട്പുട്ട് നോക്കാനവകാശം എന്നത് സ്വാഭാവികനീതിയാണ്. സ്വകാര്യമേഖലയിലൊക്കെ അതു നിലവിലുണ്ട്. വേതനവര്‍ദ്ധനവും പ്രമോഷനുമൊക്കെ അതിന്റെ കൂടി അടിസ്ഥാനത്തിലാകണം. എന്നാലതൊന്നും ബാധകമാകാത്തവരാണ് സര്‍ക്കാര്‍ വേതനം വാങ്ങുന്നവര്‍. അത്തരമൊരു നീക്കമുണ്ടായാല്‍ തന്നെ സംഘടിതശക്തി കൊണ്ടവര്‍ പരാജയപ്പെടുത്തും. അവകാശങ്ങളെ കുറിച്ചല്ലാതെ ചുമതലകളെ കുറിച്ച് ഒരു യൂണിയനും പറയാറില്ല.

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അഞ്ചുമാസം കൊണ്ട് ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള അധ്യാപക സംഘടന പ്രവര്‍ത്തകര്‍ കത്തിച്ചതാണല്ലോ കഴിഞ്ഞ രണ്ടുദിവസങ്ങളിലെ വലിയ വിവാദം. ഒരു സംശയവുമില്ല, അവര്‍ ചെയ്തത് ധാര്‍മ്മികമായോ രാഷ്ട്രീയമോയോ ശരിയല്ല. ധനമന്ത്രി ചൂണ്ടി കാട്ടിയ പോലെ കേരളത്തിലെ ജനങ്ങളില്‍ 80 ശതമാനവും ഒരു വരുമാനവുമില്ലാതിരിക്കുന്ന സമയത്ത്, സര്‍ക്കാരിനും കാര്യമായ ഒരു വരുമാനവുമില്ലാത്ത സമയത്ത്, ഒരു ഓര്‍ഡര്‍ പോലും ഇല്ലാതെ ഒരു മാസത്തെ വേതനം കൊടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും തയ്യാറാകേണ്ടതാണ്. അതാകട്ടെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും അധ്യാപകരില്‍ എല്ലാവരും ഈ സമയത്ത് ജോലി ചെയ്യാതെ വീടുകളിലിരിക്കുകയായിരുന്നു താനും.

സ്വാഭാവികമായും അതിരൂക്ഷമായ വിമര്‍ശനമാണ് ഓര്‍ഡര്‍ കത്തിക്കുന്ന ചിത്രം ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്ത അധ്യാപകര്‍ നേരിട്ടത്. മുഖ്യമന്ത്രി പോലും അവരെ വിമര്‍ശിച്ച് രംഗത്തെത്തി. അവരതര്‍ഹിക്കുന്നു എന്നത് ശരി. എന്നാല്‍ നമ്മുടെ മറവി കുറെ കൂടുന്നുണ്ടോ? പ്രളയ സമയത്തും സമാന വിവാദം നടന്നപ്പോള്‍ താല്‍പ്പര്യമുള്ളവര്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. അന്ന് യുജിസി വേതനം വാങ്ങുന്ന 83% എയ്ഡഡ് കോളേജ് അധ്യാപകരും സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു എന്നത് എല്ലാവരും മറന്നു. അവരില്‍ ഭൂരിഭാഗവും സ്വാഭാവികമായും ഇടതുസംഘടനകളില്‍ പെട്ടവര്‍ തന്നെ. മാത്രമല്ല, ഈ എയ്ഡഡ്് അധ്യാപകരില്‍ വലിയൊരു ഭാഗം അവരേക്കാള്‍ അര്‍ഹതയുള്ളവരുണ്ടായിട്ടും പണവും ശുപാര്‍ശയും മൂലം ജോലി വാങ്ങി സര്‍ക്കാര്‍ വേതനം കൈപറ്റുന്നവരുമാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് 1957ലെ വിദ്യാഭ്യാസ ബില്ലിനെ പലരും ഉയര്‍ത്തിപിടിക്കുന്നുണ്ട്. എന്നാല്‍ മാനേജ്‌മെന്റുകള്‍ നിയമനം നടത്തി (പലതും അനര്‍ഹം, പലതും അനാവശ്യം) സര്‍ക്കാര്‍ വേതനം കൊടുക്കുക, സര്‍ക്കാര്‍ വേതനം കൊടുക്കുമ്പോള്‍ ഭരണഘടനാവകാശമായ സംവരണം നിഷേധിക്കുക തുടങ്ങിയ അനീതികളും ആ ബില്ലിന്റെ തുടര്‍ച്ച തന്നെയാണ്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഖജനാവിലെ പണത്തിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനമായും പെന്‍ഷനായും നല്‍കുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങള്‍ നല്‍കുന്ന നികുതി പണത്തില്‍ നിന്ന് കനത്ത വേതനം വാങ്ങുന്ന ഇവര്‍ ജനങ്ങള്‍ക്ക് തിരികെ നല്‍കുന്നത് എന്താണെന്നതിനു, വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ ഓരോരോ ദൈനംദിന കാര്യങ്ങള്‍ക്ക് പോകുന്നവര്‍ക്കറിയാം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യപ്രസംഗത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാലിന്നും കാര്യമായ മാറ്റമൊന്നുമില്ല. അധ്യാപകരുടെ അവസ്ഥയാകട്ടെ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ പറയും. എട്ടും പത്തും കുട്ടികളുള്ള പൊതുവിദ്യാലയങ്ങള്‍ കോടികള്‍ ചിലവഴിച്ച് നിലനിര്‍ത്തേണ്ട അവസ്ഥയിലെത്തിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം ആര്‍ക്കാണ്? വേതനം കൊടുക്കുന്നവര്‍ക്ക് ജീവനക്കാരുടെ ഔട്ട്പുട്ട് നോക്കാനവകാശം എന്നത് സ്വാഭാവികനീതിയാണ്. സ്വകാര്യമേഖലയിലൊക്കെ അതു നിലവിലുണ്ട്. വേതനവര്‍ദ്ധനവും പ്രമോഷനുമൊക്കെ അതിന്റെ കൂടി അടിസ്ഥാനത്തിലാകണം. എന്നാലതൊന്നും ബാധകമാകാത്തവരാണ് സര്‍ക്കാര്‍ വേതനം വാങ്ങുന്നവര്‍. അത്തരമൊരു നീക്കമുണ്ടായാല്‍ തന്നെ സംഘടിതശക്തി കൊണ്ടവര്‍ പരാജയപ്പെടുത്തും. അവകാശങ്ങളെ കുറിച്ചല്ലാതെ ചുമതലകളെ കുറിച്ച് ഒരു യൂണിയനും പറയാറില്ല. തുച്ഛ വേതനം വാങ്ങി അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ചെയ്യുന്നതിന്റെ പകുതി ജോലി പോലും സര്‍ക്കാര്‍ അധ്യാപകര്‍ ചെയ്യുന്നുണ്ടോ? എന്നാലവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ഒരു സംഘടനയുമില്ല. ഡോക്ടറുടെ ഔട്ട് പുട്ട് രോഗികളുും അധ്യാപകരുടെത വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരുടെത് പൊതുജനങ്ങളും വിലയിരുത്തുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്.

ഈ സാഹചര്യത്തില്‍ 2002 ഫെബ്രുവരി ആറുമുതല്‍ മാര്‍ച്ച് ഒമ്പതുവരെയുള്ള 32 ദിവസങ്ങള്‍ നീണ്ട സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സമരത്തെ ഓര്‍ക്കുന്നത് നന്നായിരിക്കും. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നു പോയിരുന്ന കാലമായിരുന്നു അത്. 2001 ജൂണ്‍ 16ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രത്തില്‍ സാമ്പത്തികപ്രതിസന്ധി മുറിച്ചു കടക്കുന്നതിന് ചില നിര്‍ദേശങ്ങളില്‍ മുന്നോട്ടുവെച്ചു. എല്ലാ വിഭാഗം ജനങ്ങളേയും ബാധിക്കുന്ന നിര്‍ദ്ദേശങ്ങളായിരുന്നു അവ. അവയില്‍ പലതും വേതന – പെന്‍ഷന്‍ രൂപത്തില്‍ പൊതുഖജനാവിലെ പണം ഏറ്റവുമധികം ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരേയും ബാധിക്കുന്നവയായിരുന്നു. ജീവനക്കാരുടെ ശമ്പളം 10 ശതമാനം എമ്പൗണ്ട് ചെയ്യുന്നതിനും ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ കമ്യൂട്ടേഷനും താല്‍ക്കാലികമായി തടഞ്ഞുവെക്കുന്നതിനും പ്രൊവിഡന്റ് ഫണ്ട് വായ്പക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അധ്യാപകരുടെ പ്രൊട്ടക്ഷന്‍ അവസാനിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് അവരെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ 60,000 തസ്തിക അധികപ്പറ്റാണെന്ന് സംസ്ഥാന ആസൂത്രണ കമീഷന്‍ കണ്ടെത്തുകയും ചെയ്തു.

ദിവസങ്ങള്‍ നീണ്ടപ്പോള്‍ സമരത്തിനെതിരായ വികാരം നാടെങ്ങും പടര്‍ന്നു. . അധ്യാപകര്‍ക്കെതിരായിരുന്നു പ്രധാന രോഷം. പ്രൊട്ടക്ഷന്‍ നിര്‍ത്തലാക്കുന്നതിനെതിരേയും കുട്ടികളില്ലാത്ത സ്‌കൂളുകള്‍ നിര്‍ത്തലാക്കാമെന്ന നിര്‍ദ്ദേശത്തിനെതിരേയും സമരം ചെയ്യുന്ന ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മക്കള്‍പോലും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലാണ് പഠിക്കുന്നതെന്ന കണക്കുകള്‍ പുറത്തുവന്നു. അത്തരം കണക്കുകളുമായുള്ള ബോര്‍ഡുകള്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ നിറഞ്ഞു. നാടെങ്ങും സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രകടനങ്ങളും സമ്മേളനങ്ങളും കൊണ്ട് മുഖരിതമായി. പലയിടത്തും നാട്ടുകാര്‍ സ്‌കൂളുകളില്‍ കയറി ക്ലാസ്സെടുക്കാനാരംഭിച്ചത് സമരത്തിന് കനത്ത പ്രഹരമായി. ജനങ്ങളുടെ പിന്തുണയില്ലാതെ സംഘടിതശക്തി കൊണ്ടുമാത്രം നടത്തുന്ന സമരങ്ങള്‍ തള്ളിക്കളയപ്പെടുമെന്ന പാഠമാണ് ഈ സംഭവം നല്‍കിയത്.

ഒരു വശത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനമായും പെന്‍ഷനായും പൊതുഖജനാവിലെ ഭൂരിഭാഗം തുകയും നല്‍കുമ്പോള്‍ മറുവശത്തെ അവസ്ഥ എന്താണ്? മാസം 10000 രൂപപോലും വരുമാനമില്ലാത്ത ലക്ഷകണക്കിനു പേര്‍ കേരളത്തിലുണ്ട്. ഈയവസ്ഥക്ക് മാറ്റം വരണം. ജനങ്ങളുടെ വേതനത്തില്‍ (സ്വകാര്യമായാലും സര്‍ക്കാരായാലും മറ്റെന്തായാലും) നിലവിലുള്ള വലിയ അന്തരം ഇല്ലാതാകണം. കുറഞ്ഞ വേതനം 25000, കൂടിയ വേതനം 50000 എന്ന നിലയിലാക്കണം. ബിസിനസ് ചെയ്യുന്നവരുടെ വ്യക്തിപരമായ വരുമാനവും ഈ റെയ്ഞ്ചില്‍ വരണം. ബിസിനസിലെ ലാഭം തൊഴിലവസരങ്ങള്‍ നല്‍കുന്ന മറ്റ് സംരംഭങ്ങളില്‍ ഇറക്കാന്‍ നിര്‍ബന്ധിതമാക്കണം. വ്യക്തികളുടെ എത്രയോ കാര്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു. അതുപോലെ ഇതുമാകാം. പെന്‍ഷന്‍ മേഖലയും അടിമുടി പൊളിച്ചെഴുതണം. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, എ ല്ലാവരും നല്ല കാലത്ത് സമൂഹത്തെ സേവിച്ചവരാണ്. അതിനാല്‍ തന്നെ ഇന്നു കുറെ പേര്‍ക്ക് പതിനായിരങ്ങള്‍ പെന്‍ഷന്‍ നല്‍കുന്നത് അവസാനിപ്പിക്കണം. അതിന് പരിധി ഏര്‍പ്പെടുത്തണം. മറുവശത്ത് സാര്‍വ്വത്രിക പെന്‍ഷന്‍ മാന്യമായ ഒരു തുകയാക്കണം. ഇത്രയും ഗുരുതരമായ സമയത്തുപോലും ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ ഭാഗഭാഗാക്കാന്‍ തയ്യാറല്ലാത്ത അധ്യാപകര്‍ കേരളത്തിലുണ്ട് എന്ന തിരിച്ചറിവ് ഇത്തരം പുനരാലോചനകള്‍ക്കു കൂടി സര്‍ക്കാരിനേയും ജനങ്ങളേയും സജ്ജരാക്കേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply