കലാലയങ്ങള്‍ ജനാധിപത്യത്തിന്റെ പരിശീലനകളരികളാകണം

സമീപദിവസങ്ങളില്‍ ഉയര്‍ന്നു വന്ന, എന്നാല്‍ കേരളം കാര്യമായി ചര്‍ച്ച ചെയ്യാതിരുന്ന രണ്ടുവിഷയങ്ങളാണ് ഇവിടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ കക്ഷിരാഷ്ട്രീയ മേഖലയില്‍ ഉണ്ടാകേണ്ട ശുദ്ധീകരണത്തെ കുറിച്ചാണ് ്അതിലൂടെ പറയാനുദ്ദേശിക്കുന്നത്. ഒന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ജനറല്‍ സീറ്റിലേക്ക് 38 വര്‍ഷത്തിനുശേഷം ഒരു കെ എസ് യു പ്രവര്‍ത്തക എത്തിയത്. രണ്ടാമത്തേത് കേരളത്തെ കുറിച്ചുള്ള യു പി മുഖ്യമന്ത്രി യോഗിയുടെ പ്രസ്താവനകളാണ്. ഇത് ഏറെ ചര്‍ച്ച ചെയ്യുകയും യോഗിക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തങ്കിലും അദ്ദേഹം ഉന്നയിച്ച പ്രധാന പ്രശ്‌നത്തെ കുറിച്ച് മിക്കവാറും പേര്‍ മൗനമവലംബിക്കുകാണ് ഉണ്ടായത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐയുമായി മത്സരിച്ചു വിജയിക്കാന്‍ കെ എസ് യുവിനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എസ് എഫ് ഐ സ്ഥാനാര്‍ത്ഥി മറ്റൊരു കോളേജിലേക്കുപോയതിനെ തുടര്‍ന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പതിറ്റാണ്ടുകളോളം വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കലാലയമാണിത്. എസ് എഫ് ഐയുടെ ഭാഷയില്‍ ചുവപ്പുകോട്ട. എ ഐ എസ് എഫ് അടക്കമുള്ള മറ്റൊരു സംഘടനക്കും അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലായിരുന്നു. പ്രവര്‍ത്തിക്കാന്‍ തയ്യാറായാവര്‍ നേരിട്ട അനുഭവങ്ങള്‍ ഭീകരമായിരുന്നു. പലര്‍ക്കും കോളേജില്‍ നിന്ന് പോകേണ്ടിവന്നു. എന്തിനേറെ, ഓരോ വര്‍ഷവും വരുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ താല്‍പ്പര്യമില്ലെങ്കിലും എസ് എഫ് ഐയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. കോളേജിനകത്ത് ഇലയനങ്ങാനോ ഒരു പാട്ടുപാടാനോ ക്ലാസ് കട്ട് ചെയ്ത് അല്‍പ്പനേരം ഏകാന്തമായിരിക്കാനോ അനുമതിയുണ്ടായിരുന്നില്ല. പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കാര്യം പറയാനുമില്ല. സംസ്ഥാനത്തെ നിരവധി കലാലയങ്ങളില്‍ ഇതായിരുന്നു സ്ഥിതി എങ്കിലും ഏറ്റവും രൂക്ഷം യൂണിവേഴ്‌സിറ്റി കോളേജായിരുന്നു. എന്നാല്‍ ചരിത്രത്തിന്റെ കാവ്യനീതി പോലെ ഇതിനെതിരെയുള്ള കലാപം ഉയര്‍ന്നു വന്നത് എസ് എഫ് ഐയില്‍ നിന്നുതന്നെയായിരുന്നു. മൂന്നുവര്‍ഷം മുമ്പായിരുന്നു അത്്. തുടര്‍ന്നാണ് മറ്റുസംഘടനകള്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതും ഇത്തരത്തില്‍ ഒരു സീറ്റ് കെ എസ് യുവിന് ലഭിച്ചതും.

വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ പരിശീലന കളിരിയാകേണ്ടത് കലാലയങ്ങളാണ്. ലോകചരിത്രം തന്നെ അതാണ്. എന്നാല്‍ അതിനുപകരം കേരളത്തിലെ മിക്ക കലാലയങ്ങളും സമഗ്രാധിപത്യ കോട്ടകളാണ്. അതിനെതിരെ ശബ്ദിക്കുന്നവരെ ക്രൂരമായി അടിച്ചമര്‍ത്തുന്നു. പ്രബുദ്ധകലാലയങ്ങള്‍ എന്നു കൊട്ടിഘോഷിക്കുന്നയിടങ്ങളിലെ അവസ്ഥയാണിത്. വിദ്യാര്‍ത്ഥിരാഷ്ട്രീയം ആണ്‍വിദ്യാര്‍ത്ഥികളുടെ കൈകരുത്തിന്റെ പ്രതീകം മാത്രമാണ്. പെണ്‍കുട്ടികള്‍ ഇപ്പോള്‍ പോലും വെറും അലങ്കാരം മാത്രം. ശരിക്കും ഗുണ്ടാരാഷ്ട്രീയമായി മാറിയതിനാലായിരിക്കാം വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനെതിരെ പൊതുവികാരം വളര്‍ന്നതും കോടതി തന്നെ നിരോധനവുമായി രംഗത്തു വന്നതും.

പ്രധാനമായും എസ്എഫ്‌ഐ തന്നെയാണ് മറ്റു സംഘടനകളുടെപ്രവര്‍ത്തനത്തെ തടയുന്നതിലും മുന്നില്‍ നില്‍ക്കുന്നത്. ചിലയിടങ്ങളില്‍ എബിവിപിയും. അതിന്റെ ഫലമായിട്ടായിരിക്കാം കെഎസ്‌യുവും മറ്റും കാമ്പസുകളില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമാണ്. എഐഎസ്എഫ്, എസ്‌ഐഒ, ഫ്രറ്റേണിറ്റി, ഐസ, എഎസ്എ, ഇന്‍ക്വിലാബ് തുടങ്ങിയ സംഘടനകള്‍ക്കൊന്നും പല കാമ്പസുകളിലും പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. നിരവധി കലാലയങ്ങളില്‍ ഇവര്‍ അക്രമിക്കപ്പെട്ടു. അതേസമയം നിരവധി എസ് എഫ് ഐ പ്രവര്‍ത്തകര്‍ കലാലയങ്ങളില്‍ കൊല ചെയ്യപ്പെടുകയും ചെയ്തു. ഭൂരിപക്ഷവും കെ എസ് യുവിന് സമഗ്രാധിപത്യമുണ്ടായിരുന്ന കാലത്തായിരുന്നു. മഹാരാജാസിലും ഇടുക്ക്ി എഞ്ചിനിയറിംഗ് കോളേജിലും അടുത്ത കാലത്തും എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2017ഓടെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐയുടെ സമഗ്രാധിപത്യത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായി ആരംഭിക്കുന്നത്. ഒരുമിച്ചിരുന്ന് നാടകം കണ്ടിരുന്ന സൂര്യഗായത്രി, ജാനകി രാവന്‍ എന്നീ പെണ്‍കുട്ടികളേയും അവരുടെ സുഹൃത്തായ ജിജീഷിനേയും മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു, പിന്നീട് എസ് എഫ് ഐയെ ഞെട്ടിച്ച സംഭവമാണ് 2019 ജൂലായ് ആദ്യം നടന്നത്. ഇനിയും നേതാക്കളുടെ അടിമകളാകാന്‍ തയ്യാറല്ല എന്ന് എസ് എഫ് ഐയുടെ അണികള്‍ തന്നെ പ്രഖ്യാപിച്ചു. അവര്‍ നേതാക്കള്‍ക്കെതിരെ പ്രകടനം നടത്തുകയും എസ് എഫ് ഐയുടെ പതാക എടുത്തുമാറ്റുകയും ചെയ്തു. ഇതാണോ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എന്നാണവര്‍ ചോദിച്ചത്. ആ ചോദ്യത്തിനു മുന്നിലാണ് യൂണിറ്റ് പിരിച്ചുവിടാന്‍ അഖിലേന്ത്യാ നേതൃത്വം തന്നെ തയ്യാറായത്.

കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പാട്ടുപാടാനവകാശമില്ലാത്ത കൗമാരത്തെ എന്തിനു കൊള്ളാം..? അതേ തുടര്‍ന്നുള്ള സംഘര്‍ഷമാണ് കത്തിക്കുത്തിലെത്തിയത്. എസ് എഫ് ഐ പ്രവര്‍ത്തകന്‍ തന്നെയായ അഖിലിനാണ് കുത്തേറ്റത്. ഇതിനെത്തുടര്‍ന്നാണ് എസ്എഫ്‌ഐ അനുഭാവികള്‍ ഉള്‍പ്പടെ യുള്ള വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയാണ് ഇവര്‍ രംഗത്തിറങ്ങിയത്. ചാനല്‍ചര്‍ച്ചകളില്‍ അവിടത്തെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ എസ് എഫ് ഐ നേതാക്കള്‍ വിയര്‍ക്കുന്ന കാഴ്ച കേരളം കണ്ടു. തുടര്‍ന്ന് കെഎസ്‌യു, എ ഐ എസ് എഫ്, ഫ്രറ്റേണിറ്റി സംഘടനകള്‍ കോളേജില്‍ യൂണിറ്റ് ആരംഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഏറെക്കുറെ അതേസമയത്തുതന്നെ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളോടും ലോ അക്കാദമിയലെ പ്രക്ഷോഭങ്ങളോടും എസ് എഫ് ഐ സ്വീകരിച്ച നിലപാടും അവരുടെ അണികളില്‍ നിന്നുപോലും ചോദ്യം ചെയ്യപ്പെട്ടു. പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രക്ഷോഭങ്ങളായിരുന്നു ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നത്. എസ് എഫ് ഐയുടെ സമഗ്രാധിപത്യത്തിനുനേരെയുള്ള ജനാധിപത്യപ്രക്ഷോഭങ്ങള്‍ കൂടിയായിരുന്നു അവ.

ഈ സമയത്തുതന്നെ കേരളത്തിലെമ്പാടും പല കലാലയങ്ങളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു. മഹാരാജാസില്‍ പ്രിന്‍സിപ്പാളുടെ കസേരയടക്കം കത്തിച്ച സംഭവവും വിക്ടോറിയയില്‍ വനിതാ പ്രിന്‍സിപ്പാളിന് ശവകുടീരവുമൊരുക്കിയതും എസ് എഫ് ഐക്കെതിരെ ശക്തമായ പ്രതിഷേധത്തിനു കാരണമായി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ദീപാഞ്ജലി എന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയെ എസ് എഫ് ഐ നിയന്ത്രണത്തിലുള്ള AKRSA (ഓള്‍ കേരള റിസര്‍ച്‌സ്‌കോളേഴ്‌സ് അസ്സോസിയേഷന്‍) പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ജാതിയധിക്ഷേപത്തിനും തെറിയഭിഷേകങ്ങള്‍ക്കും ഇരയാക്കിയ സംഭവവും അതിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനികള്‍ നേതൃത്വം കൊടുത്ത സമരവും ഏറെ ചര്‍ച്ചയായിരുന്നു. മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ സല്‍വ അബ്ദുല്‍ഖാദര്‍ തനിക്ക് കോളേജിലെ എസ് എഫ് ഐയില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളെ സംബന്ധിച്ച് സംസാരിച്ചിരുന്നു. പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവവും അവിടെയുണ്ടായി. തലശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് കാമ്പസിലെ സോഫി എന്ന വിദ്യാര്‍ത്ഥിനിയുടെ പല്ലിടിച്ചിളക്കിയാണ് അവിടെ എസ് എഫ് ഐ അവരുടെ ആണധികാരം നടപ്പിലാക്കിയത്. കോട്ടയം നാട്ടകം ഗവണ്മെന്റ് കോളേജിലെ ആതിരയും ആത്മജയും എസ് എഫ് ഐയുടെ പൊളിറ്റിക്കല്‍ പൊലീസിംഗിന് വിധേയരായ വിദ്യാര്‍ത്ഥിനികളാണ്. മഹാരാജാസില്‍ രോഹിത് വെമുല അനുസ്മരണം നടത്തിയവര്‍ക്കുപോലും മര്‍ദ്ദനമേറ്റു. രോഹിത് വെമുലയെ കുറിച്ച് ഏറെ സംസാരിക്കുമ്പോഴും വെമുലയുടെ സംഘടനയായ എ എസ് യില്‍ പ്രവര്‍ത്തിച്ചതിന് എം ജി സര്‍വ്വകലാശാലയിലെ വിവേക് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ മര്‍ദ്ദിച്ച് അധിക കാലമധികമായില്ല. കേരളവര്‍മ്മയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതിനാണ് ഐസ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്. പൗരത്വനിയമത്തെ അനുകീലിച്ച് സെമിനാര്‍ നടത്താന്‍ ശ്രമിച്ച എ ബി വി പിക്കാരെ രാഷ്ട്രീയമായല്ല, കായികമായാണ് ചെറുക്കാന്‍ കേരളവര്‍മ്മയിലെ എസ് എഫ് ഐക്കാര്‍ ശ്രമിച്ചത് എന്നതുതന്നെ നമ്മുടെ കാമ്പസ് രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത വെളിവാക്കുന്നു. വിദ്യാര്‍ത്ഥികളെ എസ് എഫ് ഐ നേതാക്കള്‍ അകാരണമായി മര്‍ദ്ദിച്ചതിനെതിരെ 2020 ജനുവരിയില്‍ കോട്ടയം സി എം എസ് കോളേജിലും കുസാറ്റിലും യുണിവേഴ്‌സിറ്റി കോളേജിലുണ്ടായപോലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്തിറങ്ങിയ സംഭവമുണ്ടായി. ഇത്തരം സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ സംഭവം പ്രസക്തമാകുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ കേരളരാഷ്ട്രീയത്തില്‍ ഇപ്പോഴും തുടരുന്ന അക്രമോത്സുകത തന്നെയാണ് കലാലയങ്ങളിലും കാണുന്നത്. കേരളത്തിലെ കക്ഷിരാഷ്ട്രീയ കൊലകളെയായിരുന്നു യോഗി ആക്ഷേപിച്ചത്. എന്നാല്‍ മറുപടി പറഞ്ഞവരാകട്ടെ കേരളത്തിലെ ജീവിത നിലവാരവും മറ്റുമാണ് ചൂണ്ടികാട്ടിയത്. ജനാധിപത്യത്തിനു ഏറെ ഭീഷണിയായ അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തുകയാണ് ഉടനടി നാം ചെയ്യേണ്ടത്. കലാലയങ്ങളില്‍ നിന്നുതന്നെ അതാരംഭിക്കണം. യുപിയിലെ വര്‍ഗ്ഗീയ കലാപങ്ങളുടെ പേരില്‍ ന്യായീകരിക്കാവുന്നതല്ല കേരളത്തിലെ കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളും ജനാധിപത്യവിരുദ്ധ പ്രവണതകളും എന്നതാണ് പ്രധാനം.

വാല്‍ക്കഷ്ണം – ഈ കുറിപ്പ് തയ്യാറാക്കികൊണ്ടിരിക്കുമ്പോഴാണ് തൃശൂരില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കെ എസ് യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതും വിഷയത്തില്‍ സിപിഐ തന്നെ ശക്തമായി രംഗത്തിറങ്ങിയതും. കഴിഞ്ഞില്ല, കിഴക്കമ്പലത്ത് ഒരു ട്വന്റി – ട്വന്റി പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടു. നാലു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply