ആ നായും മോട്ടോര്‍ വകുപ്പിന്റേയും രവിചന്ദ്രന്റേയും പോസ്റ്റുകളും

സംഭവത്തിലെ കുറ്റവാളിയെ ശിക്ഷിക്കുമെന്നുതന്നെയാണ് മോട്ടോര്‍ വകുപ്പിന്റെ പോസ്റ്റ്. പക്ഷെ അതിലെ വാചകം ഇങ്ങനെയാണ്. ”കണ്ണില്ലാ ക്രൂരതക്ക് കടുത്തശിക്ഷ”. ക്രൂരതക്ക് കടുത്ത ശിക്ഷ എന്നതു മനസ്സിലാക്കാം. എന്നാലതിനുമുന്നില്‍ കണ്ണില്ലാത്ത എന്ന വിശഷണത്തിന്റെ ആവശ്യമെന്തായിരുന്നു എന്നതാണ് ചോദ്യം. കണ്ണില്ലാത്തവര്‍ ക്രൂരന്മാരാണെന്നാണോ? വികലാംഗര്‍ അല്ലെങ്കില്‍ വിഭിന്നശേഷിക്കാര്‍ എന്നു വിശേഷിക്കപ്പെടുന്നവരോടുള്ള മലയാളികളുടെ പൊതുവായ സമീപനം തന്നെയാണ് ഈ വിശേഷണത്തില്‍ പ്രതിഫലിക്കുന്നത്. രവിചന്ദ്രനാകട്ടെ പതിവുപോലെ വിഷയം മുസ്ലിംമതത്തിന്റേതായി വ്യാഖ്യാനിക്കുന്നു.

കഴിഞ്ഞ ദിവസം കേരളം കണ്ട ഒരു ദൃശ്യം ഏറെ ചര്‍ച്ചയായല്ലോ. ഒരു നായയെ കാറിന്റെ ഡിക്കിയില്‍ കെട്ടി, കാറോടിച്ചുപോയ ദൃശ്യം തന്നെയാണ് ഉദ്ദേശിക്കുന്നത്. അതിനേക്കാളുപരി ഇതുകണ്ട മറ്റൊരു നായ ഒപ്പം ഓടുന്നതും. സ്വാഭാവികമായും വലിയ പ്രതിഷേധം തന്നെ ഇക്കാര്യത്തിലുയര്‍ന്നു. പോലീസ് കേസെടുക്കുകയും ചെയ്തു. അത്രയും നല്ലത്. എന്നാല്‍ അതിനുശേഷം മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിടുകയുണ്ടായി. തികച്ചും വിമര്‍ശിക്കപ്പെടേണ്ട ഒരു പോസ്റ്റ്. എന്നാലത് അധികം പേര്‍ ശ്രദ്ധിക്കുകയുണ്ടായില്ല. കഴിഞ്ഞില്ല, സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചുകൊണ്ട് കേരളത്തിലെ ഒരു വിഭാഗം യുക്തിവാദികള്‍ തങ്ങളുടെ ദൈവമായി കാണുന്ന സി രവിചന്ദ്രന്റെ പോസറ്റും ഏറെ ചര്‍ച്ചയായി.

മൃഗങ്ങളോടുള്ള പെരുമാറ്റത്തില്‍ എന്നും വളരെ പുറകിലാണ് മലയാളികള്‍. അതിനേറ്റവും വലിയ ഉദാഹരണമാണ് ആനകളോടും തെരുവുനായ്ക്കളോടുമുള്ള നമ്മുടെ സമീപനങ്ങള്‍. ആനപ്രേമത്തിന്റെ പേരുപറഞ്ഞ് നാം നടത്തുന്ന ആനപീഡനങ്ങള്‍ ഇന്നു ലോകപ്രസിദ്ധമാണ്. മറുവശത്ത് തെരുവുനായ്ക്കളെ മാത്രമല്ല, സ്വന്തം നായ്ക്കളെപോലും കുറെ കാലം കഴിഞ്ഞാല്‍ ഒരു പരിഗണനയുമില്ലാതെ ഉപേക്ഷിക്കുന്നവരാണ് നമ്മള്‍. അത്തരത്തില്‍ ഉപേക്ഷിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ആ കാറുടമ അതിനെ ഡിക്കിയില്‍ കെട്ടി വലിച്ചിഴച്ചതെന്നാണ് റിപ്പോര്‍ട്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകത്തെതന്നെ ഏറ്റവും പ്രബുദ്ധരായ ഒരു ജനവിഭാഗമാണ് മലയാളികള്‍ എന്നഹങ്കരിക്കുന്നവരാണ് നമ്മള്‍. എന്നാലതെങ്ങിനെയെന്ന് മനസ്സിലാകുന്നില്ല. മൃഗങ്ങളോടുള്ള പെരുമാറ്റത്തിന്റെ കാര്യം തന്നെ പരിശോധിക്കാം. ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ നടന്ന നിരവധി ചര്‍ച്ചകള്‍ക്കുശേഷം ഐക്യരാഷ്ട്രസഭ നടത്തിയ പ്രഖ്യാപനം നിലവിലുണ്ട്. അതിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്. ”ജീവശാസ്ത്രപരമായ സന്തുലിതാവമസ്ഥയുടെ പശ്ചാത്തലം പരിഗണിച്ച് എല്ലാ മൃഗങ്ങള്‍ക്കും നിലനില്‍പ്പിനും വളരാനും തുല്യമായ അവകാശങ്ങളുണ്ട്. ഈ സമത്വം ഏതു ജീവികുലത്തിലെ ജീവികളുടെയും വൈവിദ്ധ്യത്തെ കൂടി ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ചേതനയുള്ള എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഇതര ജീവികളാലും മനുഷ്യരാലും ആദരിക്കപ്പെടാന്‍ അവകാശമുണ്ട്. മൃഗങ്ങളെ മോശം പെരുമാറ്റങ്ങള്‍ക്കോ ക്രൂരകൃത്യങ്ങള്‍ക്കോ വിധേയരാക്കരുത്. ഒരു മൃഗത്തെ കൊല്ലേണ്ട അത്യാവശ്യമുണ്ടായാല്‍ തന്നെ അത് മൃഗത്തെ ഭയാശങ്കപ്പെടുത്താതെ, വേദനാരഹിതമായി തല്‍ക്ഷണം നടപ്പാക്കേണ്ടതാണ്. മൃഗത്തിന്റെ ജഡം കൈകാര്യം ചെയ്യേണ്ടത് അന്തഃസ്സുറ്റ രീതിയിലായിരിക്കണം. വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ട്. നേരംപോക്കിനും വിനോദത്തിനുമായുള്ള മൃഗവേട്ടയും മത്സ്യബന്ധനവും ദീര്‍ഘകാലത്തേയ്ക്കുള്ള വന്യമൃഗങ്ങളുടെ തടവും ജീവരക്ഷാപരമായ കൈകാര്യങ്ങള്‍ക്കല്ലാതെ വന്യമൃഗങ്ങളെ ഉപയോഗിക്കലും ഈ മൗലികാവകാശത്തിന് എതിരാണ്. മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷയ്ക്കും അവകാശമുണ്ട്. യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുത്. മൃഗ പ്രജനന രീതി ഏതും അതാത് ജീവിവര്‍ഗ്ഗത്തിന്റെ ശരീരശാസ്ത്രം, പെരുമാറ്റം എന്നിവയെ ബഹുമാനിച്ചുകൊണ്ടായിരിക്കണം. മൃഗങ്ങളെ സംബന്ധിച്ച പ്രദര്‍ശനങ്ങള്‍, സിനിമ മുതലായവ അവയുടെ അന്തസ്സിനെ മാനിക്കുന്നതും യാതൊരു തരത്തിലുള്ള അക്രമങ്ങള്‍ ഇല്ലാത്തവയുമായിരിക്കണം. മൃഗങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കോ മാനസികാവസ്ഥയ്‌ക്കോ പീഢനമേല്‍പ്പിക്കുന്ന തരം പരീക്ഷണങ്ങള്‍ മൃഗങ്ങളുടെ അവകാശത്തിന്റെ ലംഘനമായി കണക്കാക്കപ്പെടണം. മൃഗങ്ങളുടെ മേലുള്ള പരീക്ഷണങ്ങള്‍ക്ക് വിരാമമിടാന്‍ പകരം വയ്ക്കാവുന്ന നടപടിക്രമങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ക്രമാനുഗതമായി നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്. ഒരു മൃഗത്തിന്റെ മരണത്തിലേയ്ക്കു നയിക്കുന്ന അനാവശ്യമായ ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്ക്കു നയിക്കുന്ന ഏതൊരു തീരുമാനവും ജീവനുനേരെയുള്ള കുറ്റകൃത്യമാണ്. പ്രകൃതിയിലെ ഒരു പ്രത്യേക സ്പീഷീസിന്റെ നിലനില്‍പ്പു തന്നെ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിക്കുന്ന ഏതൊരു തീരുമാനങ്ങളും ആ ജീവജാതിയുടെ വംശഹത്യയ്ക്ക് സമാനമായ ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടേണ്ടതാണ്. വന്യമൃഗങ്ങളുടെ കൂട്ടക്കൊല, അവയുടെ സ്വാഭാവിക ആവാസസ്ഥലം നശിപ്പിക്കല്‍, മലിനീകരണം എന്നിവ വംശഹത്യാ പ്രവര്‍ത്തനങ്ങളാണ്. ജീവശൃംഖലയില്‍ മൃഗങ്ങളുടെ സവിശേഷ സ്ഥാനവും പദവിയും അവകാശങ്ങളും നിയമം വഴി അംഗീകരിക്കപ്പെടണം, മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണം. കുട്ടിക്കാലം മുതലേ മൃഗങ്ങളെ നിരീക്ഷിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിക്കാനും ഇടപഴകാനും ഉതകുന്ന വിദ്യാഭ്യാസപഠനരീതികളും ഉറപ്പു വരുത്തണം.” ഈ ലിസ്റ്റങ്ങനെ നീളുന്നു. ഇക്കാര്യത്തിലെല്ലാം നമ്മുടെ സ്ഥാനം എവിടെയാണെന്ന് ഒന്നൊന്നായി പരിശോധിക്കുന്നില്ല. അതിന്റെ ഉത്തരം കഴിഞ്ഞ ദിവസത്തെ ദൃശ്യം നല്‍കുന്നു എന്നുമാത്രം പറഞ്ഞുവെക്കുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ടാണ് മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്മെന്റ് പോസ്റ്റിട്ടത്. സംഭവത്തിലെ കുറ്റവാളിയെ ശിക്ഷിക്കുമെന്നുതന്നെയാണ് പോസ്റ്റ്. പക്ഷെ അതിലെ വാചകം ഇങ്ങനെയാണ്. ”കണ്ണില്ലാ ക്രൂരതക്ക് കടുത്തശിക്ഷ”. ക്രൂരതക്ക് കടുത്ത ശിക്ഷ എന്നതു മനസ്സിലാക്കാം. എന്നാലതിനുമുന്നില്‍ കണ്ണില്ലാത്ത എന്ന വിശഷണത്തിന്റെ ആവശ്യമെന്തായിരുന്നു എന്നതാണ് ചോദ്യം. കണ്ണില്ലാത്തവര്‍ ക്രൂരന്മാരാണെന്നാണോ? വികലാംഗര്‍ അല്ലെങ്കില്‍ വിഭിന്നശേഷിക്കാര്‍ എന്നു വിശേഷിക്കപ്പെടുന്നവരോടുള്ള മലയാളികളുടെ പൊതുവായ സമീപനം തന്നെയാണ് ഈ വിശേഷണത്തില്‍ പ്രതിഫലിക്കുന്നത്. ഏതു കണ്ണുപൊട്ടനുമറിയാം, മുടന്തന്‍ ന്യായം എന്നിങ്ങനെ ഇത്തരത്തിലുള്ള നിരവധി പ്രയോഗങ്ങള്‍ നമ്മള്‍ നിത്യവും ഉപയോഗിക്കുന്നവയാണല്ലോ. കാക്ക കുളിച്ചാല്‍ കൊക്കാവുമോ, കരിദിനം എന്നൊക്കെ പറഞ്ഞ് കറുപ്പിനേയും ആണും പെണ്ണും കെട്ടവര്‍, ശിഖണ്ഡി എന്നെല്ലാം വിശേഷിപ്പിച്ച് ട്രാന്‍സ്ജെന്റ്ഴ്സിനേയും നാം നിരന്തരമായി അധിക്ഷേപിക്കുന്നു. മറ്റു ദുര്‍ബ്ബലവിഭാഗങ്ങളേയും അധിക്ഷേപിക്കുന്ന ഭാഷാപ്രയോഗങ്ങള്‍ നിരവധിയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം വിഭാഗങ്ങളോടുള്ള സമീപനത്തിന്റെ വിഷയത്തിലും അന്താരാഷ്ട്രതലത്തില്‍ നമ്മള്‍ എത്രയോ പുറകിലാണ്. ശേഷിക്കുറവ് (Disability) എന്ന് പൊതുവേ കണക്കാക്കപ്പെടുന്ന അവസ്ഥകളെ, ധനാത്മകമായ കാഴ്ചപ്പാടില്‍ കാണാന്‍ ശ്രമിക്കുമ്പോഴാണ് ഭിന്നശേഷി (Differently abled) എന്ന ആശയം തന്നെ ഉണ്ടായത്. ഇത്തരം വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ശേഷിക്കുറവ് അല്ല, പരമ്പരാഗത സങ്കല്‍പങ്ങളില്‍ നിന്നും വിഭിന്നങ്ങളായ ശേഷികളാണുള്ളത് എന്നതാണ് ഈ ആശയത്തിന്റെ കാതല്‍. മുന്‍കാലങ്ങളില്‍ ഭിന്നശേഷി ഒരു വൈദ്യശാസ്ത്രവിഷയമായാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ അവബോധം ഭിന്നശേഷിയെ വൈദ്യശാസ്ത്രപരമായ നിര്‍വ്വചനങ്ങളില്‍ നിന്ന് സാമൂഹികമായ നിര്‍വ്വചനത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നു. അതായത് വൈകല്യത്തിന്റെ പ്രധാന സ്രോതസ്സ് ഒരാളുടെ ശാരീരികമോ മാനസികമോ ബുദ്ധിപരമോ സംവേദനപരമോ ആയ ബലഹീനതകളല്ല. പകരം, അത്തരം ബലഹീനതകള്‍ സമൂഹത്തിലെ അല്ലെങ്കില്‍ മറ്റു ഘടനകളിലെ തടസ്സങ്ങളില്‍ തട്ടുന്നതു കാരണം പൂര്‍ണ്ണവും ഗുണപരവുമായ സാമൂഹ്യ ഇടപടലുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. വൈകല്യങ്ങളെ ഒഴിവാക്കുന്നതിന് കേവലം വൈദ്യശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാവില്ല എന്നും. സമൂഹങ്ങളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കപ്പെടുമ്പോള്‍ വൈകല്യം ഭിന്നശേഷിയായി മാറ്റപ്പെടുന്നു. അതിനാല്‍ തന്നെ ഇതൊരു സാമൂഹ്യവിഷയവുമാണ്. എന്നാല്‍ ഇക്കാര്യത്തിലും പ്രാഥമികമായ വിവരം പോലും ഇല്ലാത്തവരാണ് ശരാശരി മലയാളികള്‍ എന്നതിന്റെ പ്രഖ്യാപനമാണ് മോട്ടോര്‍ വകുപ്പിന്റെ പോസ്റ്റ്. സ്വാഭാവികമായും സമൂഹത്തില്‍ ആധിപത്യമുണ്ടായിരുന്ന വിഭാഗങ്ങളുടെ സൃഷ്ടിയാണ് ഇത്തരം ഭാഷാപ്രയോഗങ്ങള്‍. എന്നാലിന്ന് നമ്മുടേത് ഒരു ജനാധിപത്യസമൂഹമാണ്. അതിനാല്‍തന്നെ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെ ഭാഷയെയടക്കം ജനാധിപത്യവല്‍ക്കരിക്കണം. ഒരു നവീന ജനാധിപത്യ രാഷ്ട്രീയ അവബോധത്തിന്റെ ഭാഗമാണ് ആ പ്രവര്‍ത്തനവും എന്നു തിരിച്ചറിയണം.

രവിചന്ദ്രന്റെ കാര്യത്തില്‍ വരുമ്പോള്‍ ചിത്രം മറ്റൊന്നാണ്. മതപരമായി നായ ‘നിഷിദ്ധ മൃഗ’മായതിനാലാണ് അയാളതു ചെയ്തതെന്നും അതിനയാളെ കുറ്റപ്പെടുത്താനാവില്ലെന്നുമാണ് രവിചന്ദ്രന്‍ പറയുന്നത്. മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിതെന്നും അദ്ദേഹം പറയുന്നു. മറ്റെന്തിനേയുംപോലെ മതത്തിലും നല്ല വശങ്ങളും ചീത്തവശങ്ങളും കാണും. പലതും കാലഹരണപ്പെട്ടതുമാകാം. നാമെന്തു സ്വീകരിക്കുന്നു എന്നതാണ് ചോദ്യം. നായയുമായി ബന്ധപ്പെട്ടുതന്നെ പരിശോധിക്കാം. നായക്കു വെള്ളം കൊടുത്തതിന്റെ പേരില്‍ എല്ലാ തെറ്റുകളും ക്ഷമിക്കപ്പെട്ടുവെന്നും നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. വിഷയം മറ്റൊന്നുമല്ല. ഏറെകാലമായി ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് സംഘപരിവാര്‍ ചെയ്തികളെ ന്യായീകരിക്കലാണ്. ഒപ്പം അവരുടെ മുസ്ലിംവിരുദ്ധ വര്‍ഗ്ഗീയ നിലപാടുകള്‍ക്ക് സിദ്ധാന്തം ചമക്കലും. ഈ സംഭവത്തിലെ ഡ്രൈവര്‍ മതവിശ്വാസി പോലുമല്ലെന്ന വാര്‍ത്തയും കണ്ടു. രവിചന്ദ്രന്‍ ഗോഡ്സെയെപോലും പരോക്ഷമായി ന്യായീകരിച്ചതും കര്‍ഷകസമരത്തെ പ്രത്യക്ഷമായി എതിര്‍ത്തതും അടുത്തയിടെയാണ്. ദൈവമില്ല എന്നു വിശ്വസിക്കുന്ന നിരവധി പേര്‍ ഇദ്ദേഹത്തെ ദൈവമായി കാണുന്നതിനാല്‍ ഇതൊരു സാമൂഹ്യവിഷയമാണ്. സമൂഹത്തോട് പരസ്യമായാണ് ഇദ്ദേഹം സംസാരിക്കുന്നത് എന്നതിനാല്‍ അതിനു പരസ്യമായി മറുപടി പറയാന്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply