ഒരു പുലയന്‍സ് ടേസ്റ്റ് സാധ്യമാകുമോ നമ്മുടെ വിപണിയില്‍
ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിലും തുല്യനീതിയിലും ഉള്ള പൗരന്റെ വിശ്വാസമാണ് ഒന്നിപ്പിക്കല്‍ സാധ്യമാക്കുന്നത്. ഭാഷയുടെ അടിസ്ഥാനത്തില്‍, മതത്തിന്റെ അടിസ്ഥാനത്തില്‍, ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനങ്ങള്‍ നിലനില്‍ക്കെ, ഇന്ത്യ ഒരു ജാത്യാധിഷ്ഠിത സമൂഹമാണെന്നും ചില ജാതിസമൂഹങ്ങള്‍ മറ്റുള്ളവയേക്കാള്‍ ശ്രേഷ്ഠമാണെന്നുമുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ ഈ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമായി കാണേണ്ടതുണ്ട്.
ഇന്ത്യയുടെ എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യദിനത്തില്‍ ഹിന്ദുപത്രത്തിന്റെ കൊച്ചി എഡിഷനില്‍ ഒരു മുഴുവന്‍ പേജ് പരസ്യം ബ്രാഹ്മിന്‍സ് സാമ്പാര്‍ പൊടിയുടേതായിരുന്നു. ‘എ വെജിറ്റേറിയന്‍ പ്രോമിസ്’ എന്നാണ് ഈ ബ്രാന്‍ഡിന്റെ പേരിനൊപ്പമുള്ള വാചകം. മുന്‍പ് ബ്രാഹ്മിന്‍സ് ടച്ച് എന്നും കണ്ടിട്ടുണ്ട്. മഹാബലിയുടെ ഓലക്കുട പ്രതീകാത്മകമായി തക്കാളിയും മുരിങ്ങക്കോലും ഉപയോഗിച്ച് തയ്യാറാക്കിയ വിഷ്വലുമുണ്ട്. ഇത്രയും ജാത്യാധിഷ്ഠിതമായ ഒരു പരസ്യം ഇന്ത്യ എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഇറക്കുന്നതിലെ വൈരുദ്ധ്യം ഇരുത്തി ചിന്തിപ്പിച്ചു.
ഓരോ സ്വാതന്ത്ര്യദിനവും കൊളോണിയലിസത്തിന് എതിരായി ഇന്ത്യക്കാര്‍ നടത്തിയ പോരാട്ടങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനും ധീരദേശാഭിമാനികളുടെ സ്മരണ നിലനിറുത്തുന്നതിനും ഒപ്പം വിഭിന്ന ഭൂപ്രകൃതികളില്‍ വ്യത്യസ്തങ്ങളായ ഭാഷകള്‍ സംസാരിച്ച്, തങ്ങളുടെ തനതായ വിശ്വാസപ്രമാണങ്ങള്‍ പിന്തുടരുന്ന വലിയൊരു ജനവിഭാഗത്തിന് ഒരു രാഷ്ട്രം എന്ന നിലയ്ക്ക് തങ്ങള്‍ ഒന്നാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിലും തുല്യനീതിയിലും ഉള്ള പൗരന്റെ വിശ്വാസമാണ് ഇങ്ങനെയൊരു ഒന്നിപ്പിക്കല്‍ സാധ്യമാക്കുന്നത്. ഭാഷയുടെ അടിസ്ഥാനത്തില്‍, മതത്തിന്റെ അടിസ്ഥാനത്തില്‍, ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനങ്ങള്‍ നിലനില്‍ക്കെ, ഇന്ത്യ ഒരു ജാത്യാധിഷ്ഠിത സമൂഹമാണെന്നും ചില ജാതിസമൂഹങ്ങള്‍ മറ്റുള്ളവയേക്കാള്‍ ശ്രേഷ്ഠമാണെന്നുമുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ ഈ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണം ആയി കാണേണ്ടതുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേരളീയ സമൂഹത്തില്‍ ജാതിപ്പേര് ചേര്‍ത്തു നാമകരണം ചെയ്യുന്ന രീതി സവര്‍ണ്ണര്‍ മാത്രമാണ് പിന്തുടരുന്നത് എന്ന് കാണാം. അത്യപൂര്‍വ്വമായ ചില പേരുകളില്‍ ഒഴികെ അവര്‍ണ്ണ വിഭാഗം ജാതിസ്വത്വത്തെ തങ്ങളുടെ പേരില്‍ നിന്നു ഒഴിവാക്കി നിറുത്തുന്നതായും കാണാം. നമ്പൂതിരി, പോറ്റി, വാര്യര്‍, നമ്പീശന്‍, ഉണ്ണിത്താന്‍, മേനോന്‍, പിള്ള, നായര്‍, നമ്പ്യാര്‍ തുടങ്ങി സവര്‍ണ്ണ ജാതിപ്പേര് സൂചകങ്ങള്‍ പേരിനോടൊപ്പം ചേര്‍ക്കുക വഴി തങ്ങള്‍ കടന്നു ചെല്ലുന്ന സ്‌പെയ്‌സുകളിലെല്ലാം പ്രത്യേകിച്ച് ഒന്നും പറയാതെയോ ചെയ്യാതെയോ തന്നെ ഒരു ആധിപത്യം സ്ഥാപിക്കാന്‍ ഇവര്‍ക്കു കഴിയുന്നു. ഈഴവ ജാതി നോക്കുമ്പോള്‍ പണിക്കര്‍, പിന്നെ ചാന്നാന്‍ എന്നീ പേരറ്റങ്ങള്‍ ജാതി സൂചകങ്ങള്‍ ആണ്. പുലയ, പറയ വിഭാഗങ്ങള്‍ ജാതിപ്പേര് ചേര്‍ക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ല. വ്യക്തികള്‍ ഈ നിലയില്‍ തങ്ങള്‍ അര്‍ഹിക്കാത്ത പ്രാമുഖ്യം ജാതിപ്പേര് ചേര്‍ത്തു നേടുന്നതു പോലെ ബ്രാന്‍ഡുകള്‍ ജാതിപ്പേര് ചേര്‍ത്തു ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നത് താരതമ്യേന പുതിയ പ്രവണതയാണ്. കൃത്യമായി ജാതി നല്‍കുന്ന പ്രിവിലേജ് ഈ ബ്രാന്‍ഡുകള്‍ക്കും അതേ നിലയില്‍ ലഭിക്കുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യം ആണ്. ബ്രാഹ്മിന്‍സ് എന്ന പേരില്‍ മസാലപ്പൊടികള്‍, നമ്പീശന്‍സ് നെയ്യ് ഒക്കെ ഈ രീതിയില്‍ ജാതി മേധാവിത്വം ഉപയോഗിച്ച് വിപണി കീഴടക്കിയ ബ്രാന്‍ഡുകളാണ്. എന്നാല്‍ ഇന്നിതുവരെ പറയന്‍സ് എന്നോ പുലയന്‍സ് എന്നോ ചോവന്‍സ് എന്നോ പേരിട്ട ഒരു ഉല്‍പ്പന്നവും വിപണിയില്‍ ഇറക്കാന്‍ അംഗസംഖ്യയില്‍ വലുതായ ഈ ജാതി വിഭാഗങ്ങള്‍ ധൈര്യപ്പെട്ടിട്ടില്ല. അഥവാ ബിസിനസ്സ് തുടങ്ങാനുള്ള പണം കണ്ടെത്താന്‍ പറയനോ പുലയനോ സാധിച്ചാലും, അതിനുള്ള സാധ്യത വിരളമാണ് എന്നതാണ് സത്യം എന്നുകൂടി പറയട്ടെ. ഈ പേരുകളില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കിയാല്‍ വിപണി പിടിക്കാന്‍ സാധിക്കില്ല എന്ന ബോധ്യം ഇവര്‍ക്കുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശുദ്ധി, വൃത്തി, മേന്മ ഇതെല്ലാം തങ്ങളുടെ പേരു പറയുന്നതിലൂടെ മാത്രം സ്ഥാപിക്കാന്‍ ഈ മേല്‍ജാതി വിഭാഗങ്ങള്‍ക്ക് കഴിയുന്നു. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതും ശ്രേഷ്ഠമാണെന്ന് ഇവര്‍ സ്ഥാപിക്കുന്നു. അതേസമയം കീഴ്ജാതി വിഭാഗത്തിന്റെ പേരാവട്ടെ അശുദ്ധിയും വൃത്തിഹീനതയും ഗുണക്കുറവുമൊക്കെയായി ചേര്‍ത്തു വായിക്കപ്പെടും എന്നുറപ്പുള്ളതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു ബ്രാന്‍ഡും വിപണി കാണാത്തത്. മേല്‍പ്പറഞ്ഞ പരസ്യം എല്ലാ ജാതിസ്വത്വങ്ങളെയും ചവിട്ടിത്താഴ്ത്തി ബ്രാഹ്മിനിസം സ്ഥാപിച്ചെടുക്കുക എന്ന അജണ്ടയാണ് മുന്നോട്ടു വെയ്ക്കുന്നത്. ബ്രാഹ്മിന്‍സ് സാമ്പാര്‍പ്പൊടിയുടെ പരസ്യത്തില്‍ മാനുഷരെല്ലാരും ഒന്നുപോലെ എന്നു ചിന്തിക്കുന്ന മഹാബലിക്ക് എന്തുകാര്യം, ഒന്നുമില്ല. ആ തക്കാളി – മുരിങ്ങക്കോല്‍ ഓലക്കുട വാമനന്റേതാണ്. ഭരണഘടന വിഭാവന ചെയ്യുന്ന തുല്യനീതിയും സമത്വവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന അഭിനവ വാമനന്റെ കുട. ബ്രാഹ്മിന്‍സ് സാമ്പാര്‍പ്പൊടി കൊണ്ടു ഓണമുണ്ട നമ്മള്‍ അഭിനവ വാമനന്റെ പ്രജകളും. മഹാബലി എന്ന ഭരണകര്‍ത്താവിനെ മനസ്സു നിറഞ്ഞു സ്വീകരിച്ച കേരളീയ സമൂഹം ബ്രാഹ്മിനിസം തള്ളിക്കളയണം. എങ്കില്‍ മാത്രമേ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും പൊയ്കയില്‍ ശ്രീ കുമാരഗുരുദേവനും ജീവിച്ച മണ്ണ് മാവേലിനാട് എന്ന വിശേഷണത്തിന് യോഗ്യമാവൂ
(കടപ്പാട് – അന്തര്‍ധാര)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in