മഹാരാഷ്ട്രയിലെ ബ്രാഹ്മണിക ഓപ്പറേഷന്‍ അഥവാ പേഷ്വ ഓപ്പറേഷന്‍.

മഹാരാഷ്ട്രയിലെ മറാത്തകള്‍ ശൂദ്രരാണ്, ക്ഷത്രിയരാണെന്ന് അവര്‍ മുന്‍കാലങ്ങളില്‍ അവകാശപ്പെട്ടിരുന്നെങ്കിലും അവിടുത്തെ ബ്രാഹ്മണര്‍ അതംഗീകരിച്ചിരുന്നില്ല. ചരിത്രപരമായും സാമൂഹിക പരമായും വിവിധ കര്‍ഷകര്‍, മീന്‍പിടുത്തക്കാര്‍, ആട്ടിടയന്‍മാര്‍ തുടങ്ങിയ പിന്നാക്ക ജാതി സമൂഹങ്ങളുടെ സങ്കലനമാണ് മറാത്തകള്‍ എന്ന ഒറ്റ ജാതിനാമത്തില്‍ പിന്നീട് അറിയപ്പെട്ടത്. കുന്‍ബികളും മറാത്തകളും ഒരേ കുലത്തില്‍ നിന്ന് പിരിഞ്ഞു വന്നവരാണെന്ന പഠനങ്ങളും ഉണ്ട്. അതായത് അവരുടെ ശൂദ്ര പദവി അവിതര്‍ക്കിതമായ ഒന്നാണ്.

മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാനുള്ള ബി.ജെ.പി. യുടെ കുതിരക്കച്ചവടം നേട്ടം കൊയ്തിരിക്കുന്നു. മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം കൊടുത്ത് എം.എല്‍.എ.മാരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായത്തിന് ഔപചാരികത നല്‍കിയ പാര്‍ടിയാണ് ബി.ജെ.പി. പട്ടാള നടപടികള്‍ക്ക് ചില പേരുകള്‍ കൊടുക്കാറുണ്ട്.അതു പോലെ ജനാധിപത്യപരമായി അധികാരത്തിലെത്തിയ സര്‍ക്കാറുകളെ ജനാധിപത്യവിരുദ്ധമായ മാര്‍ഗത്തിലൂടെ അട്ടിമറിച്ച് ഭരണം നേടുന്ന രീതിക്ക് അവര്‍ തന്നെ അഭിമാനപൂര്‍വ്വം ഇട്ട പേരാണ് ഓപ്പറേഷന്‍ കമല. അത്തരമൊരു വൃത്തികെട്ട ചങ്കൂറ്റം ബി.ജെ.പിക്ക് ഉണ്ടായത് ജനിതകമായി തന്നെ ജനാധിപത്യവിരുദ്ധത അവരിലുള്ളതുകൊണ്ടാണ്. ഇന്ത്യന്‍ ഫാഷിസത്തിന്റെ വേരുകള്‍ ആണ്ടിറങ്ങിയിട്ടുള്ള ബ്രാഹ്മണികതയിലധിഷ്ഠിതമായ ഹിന്ദുത്വത്തിലാണല്ലോ?

കൂറുമാറ്റ നിയമം ബാധകമല്ലാതാകണമെങ്കില്‍ 3ല്‍ 2ഭാഗം എം.എല്‍.എ മാര്‍ കൂറുമാറേണ്ടതുണ്ട്. ചിലപ്പോള്‍ 3 ഓ 4 ഓ എം.എല്‍.എ.മാരുടെ അധിക പിന്തുണ മതിയാവുന്ന ഘട്ടത്തില്‍ അവരെ പണം കൊടുത്ത് രാജിവെയ്പിച്ച് തങ്ങളുടെ ടിക്കറ്റില്‍ മത്സരിപ്പിച്ച് വോട്ടര്‍മാര്‍ക്കും പണം നല്‍കി വിജയിപ്പിക്കുന്ന രീതിയാണ് ബി.ജെ.പി കര്‍ണാടകത്തില്‍ മുമ്പ് പ്രാവര്‍ത്തികമാക്കിയത്. അതിനെയാണ് ഓപ്പറേഷന്‍ കമല എന്ന് അവര്‍ തന്നെ വിശേഷിപ്പിച്ചത്. അതില്‍ ഒരു റിസ്‌ക് ഉണ്ട്. എന്നാല്‍ 2014ല്‍ കേന്ദ്ര അധികാരവും തല്‍ഫലമായി പണം കുന്നുകൂടിയതിനും ശേഷം ഇത്തരം റിസ്‌കിലേക്ക് പോകാതെ മറ്റ് പാര്‍ട്ടികളില്‍ പിളര്‍പ്പ് ഉണ്ടാക്കിയോ മുഖ്യ എതിര്‍ പാര്‍ടിയുടെ മൊത്തംഎം.എല്‍.എ മാരെ വിലയ്ക്കു വാങ്ങിയോ അധികാരത്തിലെത്തുന്ന പദ്ധതിയാണ് പ്രാവര്‍ത്തികമാക്കിയത്. വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചും അവര്‍ എതിര്‍ പാര്‍ടികളുടെ പ്രതിനിധികളെയും സ്വതന്ത്രരെയും തങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നു. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ ഭരിക്കാനാവശ്യമായ എം.എല്‍.എ.മാരെ വിലയ്ക്ക് വാങ്ങുമോ എന്ന അതിരുകടന്ന ശൈലി സ്വീകരിക്കുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ഒരു സാധാരണ തൊഴിലാളിയായിരുന്ന ഏകനാഥ്ഷിന്‍ഡെ ചുരുങ്ങിയ കാലം കൊണ്ട് സഹസ്രകോടീശ്വരനായതായി എന്ന ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇ.ഡി.ഭീഷണിയെ അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിയണമെന്നില്ല.

മഹാരാഷ്ട്രയിലെ ‘ ഓപ്പറേഷന്‍ കമല ‘ മഹാരാഷ്ട്രയില്‍ ബി.ജെ.പി.യുടെ രാഷ്ട്രീയാധികാരം തിരികെ കൊണ്ടുവരാനുള്ളതാണെന്ന് മാത്രം വിലയിരുത്തുന്നത് അതി ലളിതവത്കരണമാവും. ബി.ജെ.പിയുടെ ആദ്യ മഹാരാഷ്ട്ര സര്‍ക്കാര്‍ ബ്രാഹ്മണനായ ഫഡ് നാവിസിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. ബ്രാഹ്മണികതക്ക് പ്രാമുഖ്യമുള്ള ബ്രാഹ്മണിക അധികാരം രാഷ്ട്രീയ മണ്ഡലത്തിലും നിലനിര്‍ത്തപ്പെടണമെന്നാഗ്രഹിക്കുന്നവരാണ് സംഘ പരിവാര്‍. ജാതീയമായി മറാത്തകള്‍ക്ക് മേധാവിത്തമുള്ളതാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയം.ശിവസേന മുഖ്യമായും മറാത്തകളുടെ ഹൈന്ദവ പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്‍.സി.പി., കോണ്‍ഗ്രസ്സ് തുടങ്ങിയവ സാമൂഹികമായി മറാത്ത വിഭാഗത്തിന് ശക്തിയുള്ള പാര്‍ട്ടികളാണ്. ശിവസേന മുന്‍ കാലങ്ങളില്‍ അക്രമോത്സുക ഹിന്ദുത്വത്തെയാണ് പിന്‍പറ്റിയിരുന്നത്. മഹാരാഷ്ട്രയില്‍ മുന്‍കാലങ്ങളിലെ മുഖ്യ മന്ത്രിമാര്‍ കോണ്‍ഗ്രസ്സിന്റെതായാലും ശിവസേനയുടെതായാലും മറാത്തകളായിരുന്നുവെന്നുള്ളത് മറാത്തകളുടെ ശക്തിയെ കാണിക്കുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദേവേന്ദ്ര ഫഡ്‌നാവിസ്സെന്ന ചിത്പാവന്‍ ബ്രാഹ്മണനിലൂടെ മുഖ്യമന്ത്രി പദം ബ്രാഹ്മണരിലെത്തുന്നത്. ആര്‍.എസ്.എസ്.സ്ഥാപിച്ചത് ചിത്പാവന്‍ ബ്രാഹ്മണരാണ് എന്നതും അവര്‍ ഇന്ത്യയിലെ ബ്രാഹ്മണരില്‍ തന്നെ ഏറ്റവും ശ്രേഷ്ഠരാണെന്ന് സ്വയം കരുതുന്നവരും അതില്‍ അഭിമാനം കൊള്ളുന്നവരുമാണെന്നതും ഈ സന്ദര്‍ഭത്തില്‍ പ്രത്യേകമായി ഓര്‍ക്കേണ്ടതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മഹാരാഷ്ട്രയിലെ മറാത്തകള്‍ ശൂദ്രരാണ്, ക്ഷത്രിയരാണെന്ന് അവര്‍ മുന്‍കാലങ്ങളില്‍ അവകാശപ്പെട്ടിരുന്നെങ്കിലും അവിടുത്തെ ബ്രാഹ്മണര്‍ അതംഗീകരിച്ചിരുന്നില്ല. ചരിത്രപരമായും സാമൂഹിക പരമായും വിവിധ കര്‍ഷകര്‍, മീന്‍പിടുത്തക്കാര്‍, ആട്ടിടയന്‍മാര്‍ തുടങ്ങിയ പിന്നാക്ക ജാതി സമൂഹങ്ങളുടെ സങ്കലനമാണ് മറാത്തകള്‍ എന്ന ഒറ്റ ജാതി നാമത്തില്‍ പിന്നീട് അറിയപ്പെട്ടത്. കുന്‍ബികളും മറാത്തകളും ഒരേ കുലത്തില്‍ നിന്ന് പിരിഞ്ഞു വന്നവരാണെന്ന പഠനങ്ങളും ഉണ്ട്. അതായത് അവരുടെ ശൂദ്ര പദവി അവിതര്‍ക്കിതമായ ഒന്നാണ്. എങ്കിലും മറാത്തകള്‍ മഹാരാഷ്ട്രയിലെ പ്രബല വിഭാഗവും അധികാര ജാതിയുമാണ്. ഛത്രപതി ശിവജിയാണ് മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. രാഷ്ട്രീയമായി മറാത്ത എന്ന പദം ഒരേ സമയം പ്രദേശത്തെ സൂചിപ്പിക്കുന്നതുമാണ്. ശിവജിയുടെ പിതാവും മുന്‍ഗാമികളും മുസ്ലീം ഭരണാധികാരികളുടെ പട്ടാളത്തലവന്‍മാരായിരുന്നു. ശിവജിയുടെയും മക്കളായ ശാഹുവിന്റെയും രാജേന്ദ്രന്റെയും കാലങ്ങളില്‍ മറാത്ത സാമ്രാജ്യം ഇന്ത്യയുടെ ഇന്നത്തെ പാകിസ്ഥാനില്‍ പെട്ടവ ഉള്‍പ്പടെ ഒട്ടുമിക്ക പ്രദേശത്തും വ്യാപിച്ചു. മുഗളന്മാരെ തോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ശിവജിയുടെയും പിന്‍ഗാമികളുടെയും സൈന്യം മഹാര്‍, കോലികള്‍ തുടങ്ങിയ എല്ലാ ജാതി വിഭാഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു. ശിവജി മുതല്‍ ഉള്ള മറാത്ത ചക്രവര്‍ത്തിമാര്‍ ഹൈന്ദവ വിശ്വാസികളെന്ന നിലയില്‍ ഹൈന്ദവ സംഹിതയിലധിഷ്ഠിതമായ ഭരണത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് തുറന്നു പ്രഖ്യാപിച്ചവരുമായിരുന്നു. അതേ സമയം പില്‍ക്കാലത്തെ ഹിന്ദുത്വമെന്ന പദം കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നതില്‍ നിന്നും അകലമുള്ളതുമായിരുന്നു. ഒട്ടുമിക്ക ഹിന്ദു രാജാക്കന്മാരുടെ കാര്യത്തിലുമെന്നപോലെ ബ്രാഹ്മണരെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് മറാത്തകളും പ്രതിഷ്ഠിക്കുകയുണ്ടായി. മറാത്ത സാമ്രാജ്യത്തില്‍ ബ്രാഹ്മണരെ പേഷ്വമാരായി നിയമിച്ചു തുടങ്ങിയത് ശാഹു മഹാരാജാവിന്റെ കാലത്താണ്. പിന്നീട് മറാത്ത രാജാക്കന്മാരെ നാമമാത്രക്കാരായി മാറ്റി ഭരണം പേഷ്വമാരില്‍ കേന്ദ്രീകരിക്കുകപ്പെടുകയാണുണ്ടായത്.

പിന്നീട് 1818 ല്‍ ഭീമ ഗോറെ ഗാവ് യുദ്ധത്തില്‍ പേഷ്വമാരുടെ ഭരണം ബ്രിട്ടീഷ് സേനയുടെ മഹാര്‍ റെജിമെന്റിന്റെ സഹായത്താല്‍ തകര്‍ക്കപ്പെട്ടു. പേഷ്വമാരുടെ ശനിവാര്‍ വാഡയിലെ രാജധാനിയും പൂര്‍ണമായി നാമാവശേഷമായി. ഒരു സൈനിക യുദ്ധം എന്നതിനുപരി പേഷ്വമാരുടെ ജാതി വെറിയന്‍ ഭരണത്തിനെതിരെയുള്ള യുദ്ധമായിട്ടാണ് മഹാറുകള്‍ അതിനെ കണ്ടിരുന്നത്. മറാത്ത ഭരണം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നെങ്കില്‍ പേഷ്വമാര്‍ എല്ലാവരെയും പുറം തള്ളിയാണ് തങ്ങളുടെ ബ്രാഹ്മണികാധികാരം ശക്തമാക്കിയത്. ഭീമ കൊറെ ഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ആഘോഷിച്ചപ്പോള്‍ അതിനെ പിന്തുണച്ച ബുദ്ധിജീവികളെ ഫഡ് നാവിസിന്റെ സര്‍ക്കാര്‍ കള്ളക്കേസ് ചമച്ചു ഇരുമ്പഴിക്കുള്ളിലാക്കിയത് പേഷ്വമാരുടെ പഴയ തോല്‍വിക്ക് പകരം വീട്ടുക എന്ന ബ്രാഹ്മണിക കുടിലത തന്നെയായിരുന്നുവെന്ന നിലയിലാണ് കാണേണ്ടത്.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എം.എല്‍.എ.മാരെ കൂറുമാറ്റി ഉദ്ധവ് താക്കറെ ഭരണത്തെ അട്ടിമറിക്കാന്‍ ഭാരതീയ ജനതാപാര്‍ടി നടത്തിയ പിന്നാമ്പുറ നീക്കങ്ങള്‍ പേഷ്വമാരുടെ കാലത്ത് നഷ്ടപ്പെട്ട ബ്രാഹ്മണരുടെ അധികാരം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യം വെച്ചായിരുന്നു. മറാത്ത വിഭാഗത്തില്‍ പെട്ട ഏകനാഥ് ഷിന്‍ഡയെ മുഖ്യമന്ത്രിയാക്കിയത് ഉദ്ധവ് താക്കറെക്കെതിരെയുള്ളതും തങ്ങളുടെ കീഴില്‍ നില്‍ക്കുന്ന ഒരു ശിവസേനയെ സൃഷ്ടിക്കുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ്. അതേ സമയം ഭരണത്തിന്റെ കടിഞ്ഞാണ്‍ ചരിത്രത്തിന്റെ മറ്റൊരു രീതിയിലുള്ള ആവര്‍ത്തനമെന്ന് വിലയിരുത്താന്‍ പാകത്തില്‍ പുത്തന്‍ പേഷ്വയുടെ കൈകളിലായിരിക്കും എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഉപമുഖ്യമന്ത്രി പദത്തിലൂടെ ഷിന്‍ഡെയെ പിന്നില്‍ നിന്ന് കേന്ദ്ര ബി.ജെ.പിക്ക് നിയന്ത്രിക്കാന്‍ കഴിയും.

ഉദ്ധവ് താക്കറെയുടെ ഭരണം അവരുടെ മുന്‍കാല തീവ്രഹിന്ദുത്വ നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. മുസ്ലീംങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്ന് മാത്രമല്ല ശിവസേന തന്നെ മൃദുവായ നിലപാടിലേക്കും ലിബറല്‍ മാര്‍ഗത്തിലേക്കും എത്തി. ഇത് മഹാരാഷ്ട്രയുടെ സാംസ്‌കാരികവും സാമൂഹികവും ജനാധിപത്യപരവും സാമ്പത്തികവുമായ തലങ്ങളെ ഗുണപരമായി സ്വാധീനിക്കുന്നതിലേക്ക് നയിക്കുന്നതുമായിരുന്നു. എല്ലാവര്‍ക്കും നീതി ലഭ്യമാക്കപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ടായത് പ്രധാനമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് മങ്ങലേല്‍ക്കുന്ന സാഹചര്യത്തെ ഇല്ലാതാക്കേണ്ടത് ബി.ജെ.പിയുടെ ബ്രാഹ്മണിക താല്‍പര്യത്തിനാവശ്യമാണ്. പ്രബല ജാതിയായ മറാത്തകളുടെ നേതൃത്വത്തില്‍ പിന്നാക്ക സാമൂഹിക വിഭാഗങ്ങളും മുസ്ലീംങ്ങളും രഞ്ജിപ്പിലെത്തുന്ന സാഹചര്യം ബി.ജെ.പിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവും ഉദ്ധവ് താക്കറെയെ നിഷ്‌കാസിതനാക്കുന്നതിന് ഒരു കാരണമാണ്. അഥവാ അതിനു കഴിഞ്ഞില്ലെങ്കിലും ബി.ജെ.പി.ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ശിവസേന അതിന്റെ മുന്‍ സ്വരൂപം പുറത്തെടുത്താലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടിയിരിക്കണം. വിഭജിതമായ സാമൂഹികാവസ്ഥ ബി.ജെ.പിക്ക് അത്യാവശ്യമാണ്. ബി.ജെ.പി.യുടെ ഈ കുടിലത ശിവസേനയെ അവരുടെ പഴയ അക്രമോത്സുക നിലപാടിലേക്ക് തിരികെ കൊണ്ടു പോകുന്ന പക്ഷം അത് മഹാരാഷ്ട്രയുടെ നഷ്ടമായിരിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് മഹാരാഷ്ട്രക്ക് ശാഹു മഹാരാജിന്റെ കാലം മുതല്‍ക്ക് ഒരു പൈതൃകമുണ്ട്. പില്‍ക്കാലത്ത് മഹാത്മാ ഫൂലെയിലൂടെയും സാവിത്രി ഭായ് ഫൂലെയിലൂടെയും ഡോ.അംബേദ്കറിലൂടെയും വികസിച്ച ഒരു പൈതൃകം. അധികാരത്തിലുള്ള പ്രബല വിഭാഗമായി മാറിയതിനു ശേഷം മറാത്തകള്‍ തങ്ങളുടെ പിന്നാക്ക സ്വത്വത്തില്‍ നിന്ന് പുറത്ത് കടക്കാനും മേല്‍ജാതി സ്വത്വത്തിന്റെ ഭാഗമാകാനും ആഗ്രഹിച്ചതിന്റെ ഫലമായി ഇതര പിന്നാക്ക വിഭാഗങ്ങളുമായും ദലിത് വിഭാഗങ്ങളുമായും ഉള്ള അവരുടെ വിനിമയങ്ങള്‍ അസാധ്യമായി തീര്‍ന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള മഹാരാഷ്ട്രീയന്‍ രാഷ്ട്രീയത്തില്‍ മറാത്തകളുടെ അപ്രമാദിത്യത്തിനെതിരെയുള്ള പിന്നാക്ക ജാതികളുടെ സാമൂഹിക ചലനത്തിന്റെ നേതൃത്വത്തില്‍ ബ്രാഹ്മണ വിഭാഗം പ്രതിഷ്ഠിക്കപ്പെടുന്ന അവസ്ഥ സംജാതമായി. എന്നാല്‍ ഒരു രാഷ്ട്രീയശക്തിയെന്ന നിലയില്‍ മറാത്താ ശക്തിയെ പ്രതിരോധിക്കാന്‍ ബ്രാഹ്മണിക ശക്തികള്‍ക്ക് ആയില്ല. അതിനു വേണ്ടിയുള്ള ബ്രാഹ്മണിക അഭിലാഷത്തെ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറിന്റെ ഉദ്ദേശ്യം ക്ഷമയോടെയുള്ള കരുനീക്കങ്ങളിലൂടെ ഫഡ് നാവിസിന്റെ സ്ഥാനാരാഹോണത്തിലൂടെയാണ് സഫലമാക്കാന്‍ കഴിഞ്ഞത്. ആര്‍.എസ്.എസ്.പിറന്ന ചിത്പാവന്‍ ബ്രാഹ്മണരുടെ മണ്ണില്‍ ബ്രാഹ്മണ വിഭാഗത്തിന്റെ രാഷ്ട്രീയാധികാരം തിരികെ പിടിക്കുക എന്ന അജണ്ട നടപ്പിലാക്കാന്‍ അങ്ങിനെ കഴിഞ്ഞു. ഇപ്പോഴത്തെ പിന്‍സീറ്റ് ഡ്രൈവിംഗ് അവസാനിപ്പിച്ച് പ്രത്യക്ഷ ഭരണം നേടുന്നതിനുള്ള പിന്‍ കാലടി വെയ്പ് മാത്രമാണ് പുതിയ തന്ത്രം. ഇതിനെ എങ്ങിനെയാണ് ശിവസേന അതിജീവിക്കുന്നതെന്നും മറാത്തകളുടെ കൈകളിലേക്ക് അധികാരം തിരികെയെത്തിക്കുന്നതിന് അവര്‍ക്കുള്ള തന്ത്രം എന്തായിരിക്കുമെന്നതുമാണ് മഹാരാഷ്ട്രീയന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വീണ്ടും തീവ്രഹിന്ദുത്വത്തിന്റെ വിദ്വേഷ കാര്യപരിപാടിയിലേക്ക് തിരിച്ചു പോകുന്നത് കേന്ദ്ര അധികാരമുള്ളതും ദേശീയ തലത്തില്‍ തീവ്രഹിന്ദുത്വത്തിന്റെ നേതാക്കളുമായ സംഘപരിവാറിന് മാത്രമെ ഗുണം ചെയ്യുകയുള്ളൂവെന്ന് ഉദ്ധവ് താക്കറെക്ക് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്. ബി.ജെ.പി.ഉയര്‍ത്തുന്ന ബ്രാഹ്മണിക ഹിന്ദുത്വത്തിന്റെ വെല്ലുവിളിയെ നേരിടാന്‍ മറാത്തകള്‍, മഹാറുകള്‍, മുസ്ലീംങ്ങള്‍ തുടങ്ങി മുഴുവന്‍ ശൂദ്ര, പിന്നാക്ക, അധ:സ്ഥിത ജാതി വിഭാഗങ്ങളെ യോജിപ്പിച്ചു കൊണ്ടും അവരുമായി അധികാരം പങ്കിട്ടു കൊണ്ടും മാത്രമെ കഴിയൂ എന്ന രാഷ്ട്രീയ പാഠം ഉള്‍ക്കൊള്ളുകയാണെങ്കില്‍ കുറച്ചു വൈകിയാലും മഹാരാഷ്ട്രയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും അത് മൊത്തം ഇന്ത്യന്‍ രാഷ്ട്രീയത്തെ ചലനാത്മകമാക്കുകയും ചെയ്യും.

ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന് തെരഞ്ഞെടുപ്പുകളെ മാനേജ് ചെയ്യുക എന്ന പരിമിതമായ അര്‍ത്ഥമെയുള്ളൂ. ഓരോ തെരഞ്ഞെടുപ്പിനു ശേഷവും അടുത്ത തെരഞ്ഞെടുപ്പ് ജയിക്കുന്നതിനു വേണ്ടിയുള്ള കരുനീക്കങ്ങളില്‍ മാത്രമാണ് അവര്‍ക്ക് ശ്രദ്ധ. അതിന്റെ ഭാഗം തന്നെയാണ് ഗോത്ര വിഭാഗത്തില്‍പ്പെട്ട ദ്രൗപതി മുര്‍മ്മുവിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം. ധാതു സമ്പന്നമായ ഗോത്രഭൂമികളില്‍ നിന്ന് ആദിവാസികളെ ആട്ടിയോടിച്ച് ധാതു സമ്പത്ത് തങ്ങളുടെ ചങ്ങാതി വൃന്ദത്തില്‍പ്പെട്ട അനില്‍ അഗര്‍വാളിന്റെ വേദാന്ത എന്ന കുപ്രസിദ്ധ കമ്പനിക്ക് അടിയറവ് വെയ്ക്കുന്നതിന് ഖനന നിയമങ്ങളും പാരിസ്ഥിതിക നിയമങ്ങളും ദുര്‍ബ്ബലപ്പെടുത്തുകയും ആദിവാസി വനാവകാശ നിയമവും ആദിവാസി പഞ്ചായത്ത് രാജ് നിയമവും അട്ടിമറിക്കുകയും ചെയ്യുന്ന മോദി, അമിത് ഷാ കൂട്ട് കെട്ട് ദ്രൗപതി മുര്‍മ്മുവിനെ ഉയര്‍ത്തിക്കാണിക്കുന്നത് ഗോത്ര ജനതയെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ്. വേദാന്തക്കെതിരെ ശക്തമായ സമരം നടത്തുന്നത് ഒഡീശയിലെ ഗോത്ര ജനതയാണ് എന്നതും വരാനിരിക്കുന്ന ഒഡീശ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ബി.ജെ.ഡി.ക്കു മേല്‍ മേല്‍ക്കൈ നേടുക എന്നതും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഇത് മൂലം ബി.ജെ.പി. ക്ക് നേട്ടമുണ്ടായത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന്റെ പരാജയത്തില്‍ നിന്നു കൂടിയാണ്. രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ആദിവാസി, ദലിത് രാഷ്ട്രീയം ഗൗരവമായി ഉന്നയിക്കപ്പെടുന്ന കാലത്തുപോലും അതിനെ സഹായിക്കുന്ന ഒരു നിലപാട് എടുക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഭൂരിപക്ഷം ജനത്തിനും ഹിതകരമായ ഭരണം നടത്തുക എന്നത് ഒരു മാര്‍ഗമാണ്. എന്നാല്‍ അത് തെരഞ്ഞെടുക്കുമ്പോള്‍ ചങ്ങാതികളായ കോര്‍പ്പറേറ്റ് മാഫിയകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ല. അതിനു വേണ്ടിയാണ് അവിശുദ്ധമായ മാര്‍ഗത്തിലൂടെ അധികാരം നിലനിര്‍ത്തുവാന്‍ ബി.ജെ.പി തുനിയുന്നത്. ഇതിന്റെ എല്ലാ ദുരിതവും പേറുന്നതില്‍ ഇന്ത്യയിലെ ഭൂരിപക്ഷ ജനത എന്ന നിലയില്‍ ഹിന്ദുക്കളായിരിക്കും എന്നത് ബി.ജെ.പിയുടെ ആലോചനാ വിഷയമേ അല്ല.

മഹാരാഷ്ട്രയിലെ പുതിയ ബി.ജെ.പി. ഭരണം സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥ ദേശീയ സമ്പദ് വ്യവസ്ഥയുടെ ചുവട് പിടിച്ച് ഗുജറാത്തി ബനിയകളുടെ കൈകളിലമരുന്നതിനുള്ള ശ്രമങ്ങളെ ഉത്തേജിപ്പിക്കും. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തില്‍ അധികാരത്തിലെത്തുന്നതു വഴി ഈ മേധാവിത്വം സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിയും. അംബാനിമാര്‍ക്ക് ഇക്കാര്യത്തില്‍ ഉള്ള പ്രത്യേക താല്പര്യവും കണക്കിലെടുക്കണം. ഉദ്ധവ് താക്കറെ തുടക്കമിട്ട ജനക്ഷേമകരമായ നടപടികള്‍ ദുര്‍ബ്ബലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതിന് ഇതിടയാക്കും. ഏതായാലും വരും ദിനങ്ങളില്‍ ഉദ്ധവിനെ അട്ടിമറിച്ചതിന്റെ ഉദ്ദേശ്യങ്ങള്‍ ഭരണ നടപടികളിലൂടെ തന്നെ പുറത്തു വരും.

(പൂനയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന വാഗ്‌ദേവത എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച്ത)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply