ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തലാണ് അടിയന്തിരപ്രശ്‌നം
മുജാഹിദ് വേദിയില്‍ ശ്രീധരന്‍ പിള്ളക്ക് ബിനോയ് വിശ്വത്തിന്റെ മറുപടി
ഞാനൊരു വിദ്യാര്‍ത്ഥിയാണ്.മതങ്ങളെ പറ്റി പഠിക്കാന്‍ ശ്രമിച്ച, ഇസ്ലാമിനെ നല്ല പോലെ പഠിക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍.
ഇവിടെയിരിക്കുന്ന ആയിരകണക്കിന് ആളുകളില്‍ ഒരുപക്ഷെ മത വിശ്വാസിയല്ലാത്ത ഒരേയൊരാള്‍ ഞാന്‍ മാത്രമായിരിക്കും. എന്തിനാണത് പറയുന്നതെന്ന് ചോദിച്ചാല്‍ അങ്ങനെ പറയുന്നതാണ് ശരി എന്നാണ് എന്റെ ഉത്തമബോധ്യം. നമ്മള്‍ ആരാണ് എന്ന കാര്യം എല്ലാവരും അറിയണം. മനസ്സിലാക്കണം. ഞാനത് മറച്ചു വെച്ചിട്ടില്ല.
ഇവിടെത്തെ അടിയന്തര വിഷയം എന്താണ്..?
അടിയന്തര വിഷയം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പ്രശ്‌നമല്ല. ആത്മീയ വാദിയും ഭൗതികവാദിയും തമ്മിലുള്ള തര്‍ക്കമല്ല. അടിയന്തര വിഷയം എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് ജീവിക്കാനുള്ള അവകാശം. ആ അവകാശം നഷ്ടപ്പെടാമോ ഇല്ലയോ എന്നാണ് ചോദ്യം. വിശ്വാസം ഏതുമാകട്ടെ, മതങ്ങളുടേതോ പാര്‍ട്ടികളുടേതോ ആവട്ടെ. ആശയങ്ങളോ നിലപാടുകളോ ആവട്ടെ അതൊക്കെ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ വൈവിധ്യങ്ങളെ സംരക്ഷിച്ച് കൊണ്ട് ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തലാണ് ഇപ്പോള്‍ നമ്മുടെ അടിയന്തര കര്‍ത്തവ്യം.
ഇന്ത്യയില്‍ ഇപ്പോള്‍ ഭരണം കയ്യാളുന്നവര്‍ പറയുന്നത് രാഷ്ട്രത്തിനൊരു മതമുണ്ടെന്നും ആ മതത്തില്‍ എല്ലാവരും വിശ്വസിച്ചാല്‍ അതാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനം എന്നാണ്. ഇവിടെ പ്രസംഗിച്ചിട്ട് പോയ പിഎസ് ശ്രീധരന്‍പിള്ള ഇതുപോലെ കോഴിക്കോട് എത്രയോ വേദികളില്‍ ബാബരി മസ്ജിദ് വിഷയത്തില്‍ ഞാനും ശ്രീധരന്‍പിള്ളയും സംവാദം നടത്തിയിട്ടുണ്ട്. ആ സംവാദങ്ങളിലൊന്നും പറഞ്ഞതല്ല സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കാതല്‍.
അദ്ദേഹം ഇവിടെ പറഞ്ഞത് ഇന്ത്യയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ്. ശ്രീധരന്‍പിള്ള പറയാന്‍ ശ്രമിച്ച നിലപാട് വാസ്തവത്തില്‍ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ കാഴ്ചപ്പാടാണോ..? അങ്ങനെയാണെന്ന് ഉറപ്പാക്കാന്‍ ശ്രീധരന്‍പിള്ളക്ക് സാധിക്കുമോ..! സാധിക്കില്ല, കാരണം ബഞ്ച് ഓഫ് തോട്‌സ് എന്നൊരു പുസ്തകമുണ്ട്. അതിന്റെ പേര് വിചാരധാര എന്നാണ്. ആ പുസ്തകത്തിന്റെ കര്‍ത്താവ് ഗോള്‍വാള്‍ക്കാറാണ്. ഇവിടെ പ്രസംഗിച്ച ശ്രീധരന്‍പിള്ള മുതല്‍ നരേന്ദ്ര മോദി വരെ ഗുരുജി എന്ന് വിളിക്കുന്ന ഗോള്‍വാള്‍ക്കര്‍
ആ പുസ്തകത്തിന്റെ ഒരു ഭാഗത്തുയരുന്ന ചോദ്യം ഇതാണ്: നിങ്ങള്‍ ഭാവനയില്‍ കാണുന്ന ഹിന്ദുരാഷ്ട്രത്തില്‍ ന്യൂനപക്ഷങ്ങളുടെ പദവി എന്താണ്. ആ ചോദ്യത്തിന് ഗോള്‍വാള്‍ക്കര്‍ പറയുന്ന മറുപടി: ന്യൂനപക്ഷങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത് അങ്ങനെ ഭയപ്പെടേണ്ട യാതൊരു സാഹര്യവുമില്ല എന്നാണ്. അതാണ് ഇവിടെ ശ്രീധരന്‍പിള്ളയും പറഞ്ഞത്. പക്ഷെ ശ്രീധരന്‍പിള്ള വ്യക്തമാക്കാത്തൊരു ഭാഗമുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആ ഭാഗം ഇങ്ങനെയാണ്. രാഷ്ട്രത്തിന്റെ മതം രാഷ്ട്രത്തിന്റെ ഭാഷ രാഷ്ട്രത്തിന്റെ സംസ്‌കാരം അത് അംഗീകരിച്ച് കൊണ്ട് ജീവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ പൗരന്മാരായി ജീവിക്കാം അല്ലാത്തപക്ഷം വോട്ടവകാശം പോലുമില്ലാതെ രണ്ടാംനിര പൗരന്മാരായി വേണമെങ്കില്‍ കഴിയാം എന്നാണ്. ശ്രീധരന്‍പിള്ള പറയുന്ന മധുരമുള്ള വാക്കുകള്‍ക്ക് ഈ നിലപാടിന് മുന്നില്‍ എന്താണ് പ്രസക്തി എന്ന് അദ്ദേഹം വ്യക്തമാക്കണം. നമുക്ക് ആള്‍ക്കൂട്ടങ്ങളെ ബോധ്യപ്പെടുത്താനുള്ള വാചാലമായ ഭാഷ സായുക്തമാക്കാന്‍ കഴിഞ്ഞേക്കാം . നാം ആരാണെന്ന കാര്യം അങ്ങനെ മൂടിവെക്കാന്‍ കഴിഞ്ഞേക്കാം. ശ്രീധരന്‍ പിള്ളയുടെ പ്രസംഗം വരുന്ന വഴി കേട്ടപ്പോള്‍ ഇത്രയെങ്കിലും പറയേണ്ടതുണ്ട്.
ഒരു കാര്യം കൂടി പറയാം, അഞ്ഞൂറ് വര്‍ഷക്കാലം ഇന്ത്യയിലെ മതനിരപേകഷതയുടെ പ്രതീകമായി ആകാശത്തേക്ക് തല ഉയര്‍ത്തി നിന്ന മിനാരങ്ങളുള്ള ബാബരി മസ്ജിദ് ഡിസംബര്‍ ആറിന് മണ്ണോട് മണ്ണായത് നമ്മള്‍ കണ്ടതാണ്. അന്ന് സംഘപരിവാര്‍ അയോദ്ധ്യയില്‍ നടത്തിയ മുദ്രാവാക്യം ‘ ഇത് ആരംഭം മാത്രമാണ് . കാശി , മധുര ബാക്കിയുണ്ട് ‘ എന്നാണ്. ആ മുദ്രവാക്യത്തില്‍ ബിജെപി മാറിയോ..? മാറുമോ ബിജെപി..? ഇല്ല മധുരയിലും വരാണസയിലും പള്ളിപൊളിക്കാന്‍ കരുക്കള്‍ നീകി ഇവിടെ വന്ന് സര്‍വ്വമത നവഭാവന എന്നൊക്കെ പറഞ്ഞുപോയാല്‍ സത്യം നമ്മളെ നോക്കി പരിഹസിക്കും. ഇവിടെയാണ് നമ്മള്‍ നിലാട് ഉറപ്പിക്കേണ്ടത്.
നമുക്ക് നെഹ്‌റുവിനെ ഓര്‍ക്കാം, നെഹ്‌റു പറഞ്ഞു:
‘ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കും
ഇന്ത്യ ജീവിച്ചാല്‍ ആര് മരിക്കും..’
ആ ചോദ്യം ഇന്നും നമ്മുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഇന്ത്യ മരിക്കണോ ജീവിക്കണോ എന്ന ചോദ്യം ഉയരുമ്പോള്‍ ഇന്ത്യ മരിക്കാതിരിക്കണമെങ്കില്‍ ഇവിടെ മതേതരത്വം ജീവിക്കണം. അത് മരിച്ചാല്‍ ഇന്ത്യ മരിക്കും. ആ വാക്ക് ഇന്ന് ഭരണഘടനയില്‍ നിന്ന് എടുത്ത് മാറ്റാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചവരാണ് ബിജെപി. ആ ബില്‍ അവതരിപ്പിച്ചത് അറിയാത്തവരല്ല ശ്രീധരന്‍പിള്ളയും ബിജെപി നേതാക്കളും. ശ്രീധരന്‍പിള്ളയും മോദിയും അമിത് ഷായും അറിഞ്ഞാണ് അത്തരം ബില്ലുകള്‍ അവതരിപ്പിക്കുന്നത്. ഇവിടെത്തെ പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന വാദം എങ്ങനെയുണ്ടായി. ആ വാദത്തിന്റെ ഉത്ഭവം ഇന്ന് തുടങ്ങിയതല്ല.’
(കടപ്പാട് – ജഷിദ് പള്ളിപ്രം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in