ബീമാപള്ളി വെടിവെപ്പും മാലിക്കും
ആരായിരുന്നു ബീമാപള്ളി വെടിവെപ്പിനു പുറകിലെ ഗൂഢാലോചന നടത്തിയതെന്ന് ഇന്നും വ്യക്തമല്ല. അതു പുറത്തുവരാതിരിക്കുക എന്ന ഉദ്ദേശത്തോടെയായിരിക്കും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയിരിക്കുന്നത്. അന്വേഷണ കമ്മിഷന്‍ 2014 ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ ഭരിച്ചിരുന്നത് ഇടതുസര്‍ക്കാരായിരുന്നു. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നു. വീണ്ടും ഇടതുസര്‍ക്കാര്‍ വന്നു. എന്നിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അന്വേഷിച്ച് റിപ്പോര്‍ട്ടൊക്കെ പ്രസിദ്ധീകരിച്ചെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുഖ്യാധാരാ മാധ്യമങ്ങളുമെല്ലാം അതിനെ അവഗണിക്കുകയായിരുന്നു.
ആറു പേര്‍ സംഭവസ്ഥലത്തും പരിക്കേറ്റ മൂന്നുപേര്‍ പിന്നീടും കൊല്ലപ്പെട്ട, ഐക്യകേരളം കണ്ട രണ്ടാമത്തെ വലിയ വെടിവെപ്പായിട്ടും രാഷ്ട്രീയകേരളം സമര്‍ത്ഥമായി മുക്കിയ, 12 വര്‍ഷം കഴിഞ്ഞിട്ടും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പുറംലോകത്തെ കാണിക്കാത്ത ബീമാപള്ളി വെടിവെപ്പാണ് മാലിക്കിന്റെ പ്രമേയം. ഒരു മുസ്ലിം പാര്‍ട്ടിയുടെ എംഎല്‍എക്കു വെടിവെപ്പില്‍ പങ്കുണ്ടെന്ന,, യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ചിത്രീകരണമടക്കം സംഭവത്തോടും ഇരകളോടും സത്യസന്ധത പുലര്‍ത്തിയോ എന്ന ചോദ്യം പ്രസക്തമായിരിക്കുമ്പോള്‍ തന്നെ, മാധ്യമങ്ങളടക്കം കണ്ണടച്ച ബീമാ പള്ളി വെടിവെപ്പ് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഈ സിനിമക്കാകുമെങ്കില്‍ അത്രയും നന്ന്.
2009 മെയ് 17നായിരുന്നു വെടിവെപ്പു നടന്നത്. വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും പുറംലോകം കാണാതെ എവിടേയോ ചിതല്‍ പിടിച്ചു കിടക്കുന്നു. അതേ കുറിച്ച് ചോദിക്കാന്‍ പോലും തയ്യാറാകാത്ത രീതിയില്‍ കേരളത്തിന്റെ സാമൂഹ്യ മനസാക്ഷി മരവിച്ചുപോയിരിക്കുന്നു. അതുകൊണ്ടാണ് സംഭവം പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഈ സിനിമക്കാകുമെങ്കില്‍ അത്രയും നന്ന് എന്നു പറഞ്ഞത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വര്‍ഗ്ഗീയലഹളയെന്നു ഒരിക്കലും പറയാനാവാത്ത, എന്നാല്‍ അങ്ങനെ ചിത്രീകരിക്കപ്പെട്ട ഒന്നായിരുന്നു അന്ന് ബീമാപള്ളി പരിസരത്ത് നടന്നത്. ഒമ്പതു പേര്‍ മരിച്ചതിനു പുറമെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിയുണ്ടകള്‍ കഴിയുന്നതുവരെ എഴുപതോളം റൗണ്ടാണ് പോലീസ് വെടിവെച്ചത്. 27ഓളം പേര്‍ക്ക് വെടിയേറ്റ പരിക്കുതന്നെയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ചെറിയ ചില പ്രശ്‌നങ്ങളൊഴികെ കാര്യമായ അസ്വാരസ്യങ്ങളോ വര്‍ഗ്ഗീയ പ്രശ്‌നങ്ങളോ അവിടെയില്ലായിരുന്നു. ബഹളം കേട്ട് ഓടിവന്നവര്‍ക്കും ഫുട്‌ബോള്‍ കളിച്ചിരുന്നവര്‍ക്കും മറ്റുമാണ് പ്രധാനമായും പരിക്കേറ്റത്. മരിച്ചവരെല്ലാം ഒരു സമുദായത്തില്‍ പെട്ടവര്‍ തന്നെ. കൗതുകകരമായ കാര്യം ഇത്രയും രൂക്ഷമായ വെടിവെപ്പുണ്ടായിട്ടും അതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ അന്നുതന്നെ കേരളം തയ്യാറായിരുന്നില്ല.
ചെറിയതുറ പള്ളിയെ കേന്ദ്രീകരിച്ച കൃസ്ത്യാനികളും ബീമാ പള്ളിയെ കേന്ദ്രീകരിച്ച മുസ്ലിംകളുമായുള്ള സംഘര്‍ഷമാണ് വെടിവെപ്പിനു കാരണമായി പ്രചരിക്കപ്പെട്ടതെങ്കിലും അതിനുള്ള തെളിവുകളൊന്നും പോലീസിനുപോലും ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് അത്തരത്തിലൊന്നു സൃഷ്ടിക്കാന്‍ ചില ഗുണ്ടകള്‍ ശ്രമിച്ചിരുന്നു. അവരുടെ പുറകില്‍ ചില ശക്തികളും ഉണ്ടായിരിക്കും. മെയ് 8ന് സ്ഥലത്തെ പ്രധാനപ്പെട്ട ഒരു ഗുണ്ട ബീമാപള്ളി പരിസരത്തെ ഒരു കടയില്‍ കയറി പ്രശ്‌നമുണ്ടാക്കിയിരുന്നു. പിന്നീട് 15ന് ഇയാള്‍ ബീമാപള്ളിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരാളില്‍ നിന്ന് കാര്‍ പാര്‍ക്കിംഗിനെന്ന പേരില്‍ പണം വാങ്ങാന്‍ ശ്രമിച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് പോലീസ് പറഞ്ഞെങ്കിലും അതു പാലിച്ചില്ല. 16ന് രാത്രി ഗുണ്ടയുടെ സംഘവും ബീമാപള്ളിക്കടുത്തെ എതാനും പേരും പൂന്തുറ റോഡില്‍ ഏറ്റുമുട്ടി. 17ന് ബീമാപള്ളിയിലേക്കുള്ള വാഹനങ്ങള്‍ ഗുണ്ടയും സംഘവും തടയുകയായിരുന്നു. ഉറൂസ് മഹാമഹം നടക്കാനിരിക്കെയായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്. പോലീസ് ഇടപെടാതിരുന്നതിനെ തുടര്‍ന്ന് കടളെല്ലാം അടച്ചു.
ഈ സമയത്ത് അധികാരികളും പോലീസും സമചിത്തതയോടെ ഇടപെട്ടിരുന്നെങ്കില്‍ പിന്നീടുണ്ടായ സംഭവങ്ങള്‍ ഒഴിവാക്കപ്പെടുമായിരുന്നു. എന്നാല്‍ സംഭവിച്ചതതല്ല. ബീമാപള്ളിയില്‍ നിന്ന് വന്‍സംഘം അക്രമം നടത്താന്‍ ചെറിയതുറയിലേക്കു പോകുന്നു, അവരുടെ കൈവശം ബോംബുകളടക്കമുള്ള ആയുധങ്ങളുണ്ട് എന്ന കിംവദന്തി പരത്തുകയായിരുന്നു സാമൂഹ്യദ്രോഹികള്‍ ചെയ്തത്. അതേകുറിച്ച് അന്വേഷിക്കുകയോ മുന്നറിയിപ്പുകള്‍ നല്‍കുകയോ ചെയ്യാതെ പോലീസ് തുരുതുരാ വെടിവെക്കുകയായിരുന്നു.
ആരായിരുന്നു ഈ കിംവദന്തികളുടേയും അക്രമത്തിന്റേയും ചുക്കാന്‍ പിടിച്ചതെന്നു ഇന്നും വ്യക്തമല്ല. അതു പുറത്തുവരാതിരിക്കുക എന്ന ഉദ്ദേശത്തോടെയായിരിക്കും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയിരിക്കുന്നത്. അന്വേഷണ കമ്മിഷന്‍ 2014 ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ ഭരിച്ചിരുന്നത് ഇടതുസര്‍ക്കാരായിരുന്നു. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നു. വീണ്ടും ഇടതുസര്‍ക്കാര്‍ വന്നു. എന്നിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അന്വേഷിച്ച് റിപ്പോര്‍ട്ടൊക്കെ പ്രസിദ്ധീകരിച്ചെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുഖ്യാധാരാ മാധ്യമങ്ങളുമെല്ലാം അതിനെ അവഗണിക്കുകയായിരുന്നു. അന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ച പത്ത് ലക്ഷം രൂപ പിന്നീടുള്ള വര്‍ഷങ്ങളില്‍ മരിച്ചവര്‍ക്ക് ലഭിച്ചില്ല. വെടിവെപ്പില്‍ പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയുമായി കഴിയുകയാണ്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുക, പിന്നീടുള്ള വര്‍ഷങ്ങളില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ തന്നെ നിലനില്‍ക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരമൊരു സാഹചര്യത്തിലാണ് ഈ സിനിമ വരുന്നത്. വെടിവെപ്പിലെത്തിയ സംഭവങ്ങളെ കുറിച്ച് സിനിമയിലൊരു വിവരണമുണ്ട്. അതിനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സെന്‍സറ്റീവായ വിഷയത്തില്‍ നരേഷന്‍ ഉണ്ടാക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കടകവിരുദ്ധമാകുന്നത് സാമൂഹ്യകുറ്റകൃത്യമാണ്. അന്നു ഭരിച്ചിരുന്നത് ഇടതുപക്ഷമായിട്ടുപോലും ഒരു മുസ്ലിം രാഷ്ട്രീയകക്ഷിയേയും അതിന്റെ എംഎല്‍എയേയും സംഭവത്തിനു കാരണക്കാരായി ചിത്രീകരിക്കുന്നത് സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ പച്ചയായ രാഷ്ട്രീയകുറ്റകൃത്യമാണെന്നു തന്നെ പറയേണ്ടിവരും. അത്തരമൊരു ആരോപണം ഇന്നവരെ ഉന്നയിക്കപ്പെട്ടിട്ടുപോലുമില്ല. ആയുധകള്ളക്കത്തും വെടിവെപ്പിനിടയില്‍ നാട്ടുകാര്‍ തിരിച്ചുവെടിവെക്കുന്നതും അമുസ്ലിമുകള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ജമാ അത്ത് തീരുമാനിച്ചതുമൊക്കെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതുതന്നെ. പോലീസാണ് വെടിവെപ്പിന് ഉത്തരവാദിയെന്നൊക്കെ അവസാനം പറയുമ്പോഴും ഈ വിവരണം തെറ്റാണെന്ന സൂചനയില്ല. അങ്ങനെ പരിശോധിക്കുമ്പോള്‍ തുടക്കത്തില്‍ പറഞ്ഞപോലെ ബീമാപള്ളി വെടിവെപ്പിനെ പൊതുസമൂഹത്തില്‍ കൊണ്ടുവന്നതിന് അഭിനന്ദനം അര്‍ഹിക്കുന്ന സംവിധായകന്‍ അതിനെ പ്രകടമായി ദുര്‍വ്യാഖ്യാനം ചെയ്തതും ഇരകളോടു നീതിപുലര്‍ത്താതിരുന്നതും മാപ്പര്‍ഹിക്കാത്ത തെറ്റുതന്നെയാണ്.
അതിനിടെ സംവിധായകന്‍ മഹേഷ് നാരായണന്‍ സിനിമക്ക് ബീമാപള്ളി വെടിവെപ്പുമായി ഒരു ബന്ധവുമില്ലെന്നും അത് ഓരോരുത്തരുടെ തോന്നലാണെന്നും സാങ്കല്‍പ്പിക കഥ മാത്രമാണെന്നു പറഞ്ഞതായി കണ്ടു. നടന്ന സംഭവങ്ങള്‍ സിനിമക്ക് പ്രമേയമാക്കുകയും എന്നാല്‍ തങ്ങളുടെ ഭാവനക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നത് ലോകസിനിമയില്‍ പുത്തരിയല്ല. മലയാളത്തിലും ധാരാളം ഉദാഹരണങ്ങളുണ്ട്. മുമ്പൊക്കെ പ്രചോദനമെന്നെങ്കിലും തിരകഥാകൃത്തുക്കളും സംവിധായകരും തുറന്നു പറയാറുണ്ട്.. ഇപ്പോള്‍ മറിച്ചാണ്… സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ചരിത്രസംഭവങ്ങളില്‍ കുറെ മാറ്റമൊക്കെ വരുത്തി സിനിമയെടുത്ത്, അതുമായി ഒരു ബന്ധവുമില്ല, തങ്ങളുടെ ഭാവനയാണെന്നു പറയുന്നവര്‍ കൂടിവരുന്നു. സിനിമയുടെ തുടക്കത്തില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവുമില്ല എന്ന് കാണിച്ചാല്‍ പൂര്‍ണ്ണമായി എന്നാണ് അവരുടെ വാദം. മുമ്പ് തലപ്പാവ് എന്ന സിനിമക്ക് വര്‍ഗ്ഗീസ് വധവും രാമചന്ദ്രന്‍ നായരുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ മധുപാല്‍ പറഞ്ഞതും കേട്ടിട്ടുണ്ട്.
സിനിമയുടെ സൗന്ദര്യാത്മക വശേേത്തക്ക് കടക്കാനുദ്ദേശിക്കുന്നില്ല. തീര്‍ച്ചയായും മികച്ച രീതിയില്‍ സൃഷ്ടിക്കപ്പെട്ട സിനിമതന്നെ. മലയാളത്തിലെ പുതുതലമുറനടന്മാരില്‍ ഒന്നാമന്‍ ഫഹദ് തന്നെ എന്ന് മാലിക് ഒരിക്കല്‍ കൂടി അടിവരയിടുന്നു. മറ്റു പ്രധാന നടീ, നടന്മാരും തങ്ങളുടെ റോള്‍ ഭംഗിയാക്കുകയും ചെയ്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in