എന്തു പ്രതീക്ഷയാണ് ആസാദ്, താങ്കളിപ്പോഴും സിപിഎമ്മില്‍ വെച്ചുപുലര്‍ത്തുന്നത്?

‘ഇപ്പോഴും താങ്കള്‍ ഈ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രതീക്ഷ പുലര്‍ത്തുന്നുവോ? താങ്കളുടെ വിമര്‍ശനത്തിന്റെ മുഖ്യഭാഗം ഇടതുപക്ഷത്തെച്ചൊല്ലിയുള്ള പരാതികളും നിലവിളികളുമാണല്ലോ! അതെ, സി പി ഐ എമ്മില്‍ എന്റെ പ്രതീക്ഷകള്‍ ആരംഭിക്കുന്നു. ഇപ്പോഴും അവിടെത്തന്നെ ചുറ്റിനില്‍ക്കുന്നു എന്നതില്‍ എനിക്കുമുണ്ട് അത്ഭുതം.’ – കേരളത്തിലെ അറിയപ്പെടുന്ന ഇടതുപക്ഷചിന്തകനും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ആസാദിന്റെ ഒരു സമീപകാല ഫേസ് ബുക്ക് പോസ്റ്റിന്റെ ആരംഭമാണിത്. ആസാദിനുതന്നെ ഇക്കാര്യത്തില്‍ അത്ഭുതമുണ്ട്. അദ്ദേഹത്തിനു മാത്രമല്ല, നമ്മുടെ ജനാധിപത്യസംവിധാനം ഇപ്പോഴും നിലനില്‍ക്കുന്ന ദൗര്‍ബ്ബല്ല്യങ്ങള്‍ അതിജീവിച്ച് മുന്നോട്ടുപോകണമെന്നാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ വരികള്‍ വായിക്കുമ്പോള്‍ അത്ഭുതം തോന്നാതിരിക്കില്ല. മറുവശത്ത് വ്യാപകമായ ഈ പ്രതീക്ഷയാണ് ആത്മാര്‍ത്ഥമായ സ്വയംവിമര്‍ശനത്തിനോ തെറ്റുകള്‍ തിരുത്തുന്നതിനോ പാര്‍ട്ടി തയ്യാറാകാതിരിക്കുന്നത് എന്നതാണ് വൈരുദ്ധ്യം.

കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കേണ്ട ഏറ്റവും ഗുരുതരമായ ചോദ്യം പോസ്റ്റില്‍ ആസാദ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മറുപടി കണ്ടെത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ല. സോഷ്യലിസ്റ്റ് ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ടില്ലേ എന്നതാണാ ചോദ്യം. പാര്‍ട്ടിയുടെ ജീര്‍ണ്ണതയെ കുറിച്ചൊക്കെ വാചാലമായി സംസാരിക്കുന്ന ആസാദ് ഈ ചോദ്യത്തിനാണ് സത്യത്തില്‍ മറുപടി കണ്ടെത്തേണ്ടത്. ലോകത്ത് നിരവധി പേര്‍ അതിനായി ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ അതിനായി ഏറ്റവും ശ്രമിച്ചത് ആസാദ് തന്നെ സൂചിപ്പിക്കുന്ന കെ വേണുതന്നെ. എന്നാലാ വിഷയത്തിലേക്ക് ആസാദ് പ്രവേശിക്കുന്നതേയില്ല. ജനാധിപത്യത്തോട് സ്വീകരിച്ച സമീപനം തന്നെയാണ് പ്രധാനം. വെറും പ്രജകളില്‍ നിന്ന ജനതയെ, സ്വന്തം ഭരണാധികാരികള തൈരഞ്ഞെടുക്കാന്‍ അധികാരമുള്ള പൗരന്മാരാക്കി മാറ്റിയ ജനാധിപത്യ സംവിധാനത്തെ കേവലം ബൂര്‍ഷ്വാസിയുടെ പുതിയ ചൂഷണ ഉപാധി മാത്രമായാണ് ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്‍ പൊതുവില്‍ വിലയിരുത്തിയത്. എന്നിട്ടോ, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട രാജ്യങ്ങളിലാകട്ടെ ജനങ്ങളുടെ പ്രാഥമാകമായ ആ അവകാശം പോലും നിഷേധിക്കപ്പെട്ടു. പകരം പാര്‍ട്ടിയുടേയും മിക്കപ്പോഴും ഒനു നേതാവിന്റെ സമഗ്രാധിപത്യ ഭരണമാണ് നടപ്പായത്. വ്യത്യസ്ഥമായി ചിന്തിക്കുന്നവരെ കൊന്നൊടുക്കുന്നതില്‍ ഏതു ഫാസിസ്റ്റ് ഭരണത്തേക്കാള്‍ മോശമായിരുന്നില്ല ഈ ഭരണങ്ങളും. എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും നടന്ന പ്രക്ഷോഭങ്ങള്‍ ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നല്ലോ. ബുള്‍ഡോസറുകള്‍ക്ക് തകര്‍ക്കാനാവുന്നതായിരുന്നില്ല ആ പ്രക്ഷോഭങ്ങള്‍. ഈ ലോകാനുഭവത്തെ അഭിമുഖീകരിക്കാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിമര്‍ശനം നടത്തുന്നത് അര്‍ത്ഥരഹിതമല്ലേ?

ഇന്ത്യയിലും കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഏകപാര്‍ട്ടി സര്‍വ്വധിപത്യത്തിലും പിന്നാലെ വരുമെന്ന സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് ഉട്ടോപ്യയിലുമാണ്. ഒറ്റക്ക് അധികാരത്തിലെത്താത്തതിനാലും അതിനുള്ളവിദൂരസാധ്യതയില്ലാത്തതിനാലും അതു തുറന്നു പറയുന്നില്ല എന്നു മാത്രം. എന്നാലവരുടെ പ്രവര്‍ത്തനശൈലിയിലും നിലപാടുകളിലും ഈ വീക്ഷണം ഉള്ളടങ്ങിയിട്ടുണ്ട്. സിപിഎമ്മിന് സാമാന്യം ശക്തിയുള്ള കേരളത്തില്‍ അത് വളരെ വ്യക്തമാണ്. ആസാദിനു പ്രിയപ്പെട്ട ടി പിയെ കൊന്നു കളഞ്ഞത് സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ നടത്തിയ നിരവധി കൊലകള്‍ക്ക് സമാനം തന്നെയല്ലേ? ജനാധിപത്യത്തില്‍ അനിവാര്യമായ പ്രതിപക്ഷബഹുമാനത്തില്‍ ബിജെപിയോപോലെ തന്നെ സിപിഎമ്മും വളരെ പുറകിലാകാന്‍ കാരണം വ്യക്തികളുടെ സ്വഭാവമല്ല, ഈ രാഷ്ട്രീയമാണ്. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ജനകീയ സമരങ്ങളോട് സിപിഎം എടുക്കുന്ന സമീപനം ആസാദിനെ പോലെ അറിയുന്നവര്‍ കുറവായിരിക്കും. അതിനു കാരണവും വിപ്ലവവും സമരവുമൊക്കെ നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍ തങ്ങള്‍ മാത്രമാണെന്ന ജനാധിപത്യവിരുദ്ധമായ ധാരണയല്ലാതെ എന്താണ്? ഭൂമിക്കു വേണ്ടിയുള്ള സമരം മുന്നോട്ടു കൊണ്ടുപോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെയുമുണ്ട്. സി പി ഐ എമ്മിനു പക്ഷെ അവയോടു പുച്ഛമാണ് എന്ന് പറയുമ്പോള്‍ ആ പുച്ഛത്തിനു പിന്നിലെ രാഷ്ട്രീയമാണ് തിരിച്ചറിയേണ്ടത്. ആസാദ് അടുത്തയിടെ ഏറെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ അമിതാധികാര പ്രവണതയും രാഷ്ട്രീയമായല്ലേ വിലയിരുത്തേണ്ടത്? ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാ സംവിധാനം തന്നെ ജനാധിപത്യവിരുദ്ധമായ കേന്ദ്രീകരണമാണ്. അതിലൂടെയാണ് സ്റ്റാലിനായാലും പിണറായിയായാലും ഉണ്ടാകുന്നത്. ഈ കേന്ദ്രവിഷയത്തെ സ്പര്‍ശിക്കാതെയുള്ള ആസാദിന്റെ വിശകലനം ഫലത്തില്‍ സിപിഎമ്മിനു ഗുണകരമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘ഇന്ത്യന്‍ പാര്‍ട്ടി സമരപാത വിട്ട് നവലിബറല്‍ തീവ്രവികസനവാദ പാതയില്‍ പ്രവേശിച്ചതു കണ്ടില്ലേ? കണ്ണനും കുഞ്ഞിക്കണ്ണനും ഭരതനും വേദനയോടെ വിടവാങ്ങിയത് ഓര്‍മ്മയില്ലേ? ലോറന്‍സിനെയും രവീന്ദ്രനാഥിനെയും പിറകില്‍നിന്നു വെട്ടി നിശ്ശബ്ദരാക്കി മൂലയില്‍ ഇരുത്തിയത് മറന്നുവോ? അട്ടിമറിക്കാരും വെട്ടിനിരത്തലുകാരും അധികാരികളായി മാറിയില്ലേ? അവരുടെ ആര്‍ത്തിയും ആക്രാന്തവും സകല കമ്യൂണിസ്റ്റ് മര്യാദകളും ലംഘിച്ചതു കണ്ടില്ലേ? സി കെ പി പത്മനാഭനും ടി ശശിധരനും തെറ്റുതിരുത്തിത്തീര്‍ന്നില്ല? ടി പിയുടെ രക്തം തെരുവില്‍ പടരുകയല്ലേ?’ തുടങ്ങി നിരവധി ചോദ്യങ്ങള്‍ അദ്ദേഹം ചോദിക്കുന്നു. അതില്‍ ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമന്വേഷിച്ചാല്‍ ആരുമെത്തുക കമ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് ആശയങ്ങളില്‍ തന്നെയായിരിക്കും. മുതലാളിത്തത്തിന്റെ ശത്രുവെന്ന് വിശ്വസിക്കപ്പെടുന്ന സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് ആശയങ്ങളും ഫലത്തില്‍ അതു തന്നെയാണ് എന്നതാണ് വസ്തുത. മനുഷ്യനെ കേന്ദ്രസ്ഥാനത്തുനിര്‍ത്തുന്ന, പ്രകൃതിക്കോ പരിസ്ഥിതിക്കോ ഒരു പ്രാധാന്യവും നല്‍കാത്ത ഒന്ന്. മുതലാളിത്തത്തില്‍ വ്യക്തികള്‍ക്ക് മുഴുവന്‍ സ്വാതന്ത്ര്യവും നല്‍കി മത്സരിച്ച് നടപ്പാക്കാന്‍ അനുവദിക്കുന്ന അതേ വികസനം തന്നെയാണ് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ ഇവിടേയും നടക്കുക. സ്വകാര്യമേഖലക്കുപകരം പൊതുമേഖല എന്ന പേരിട്ടാല്‍ തീരുന്നതല്ല ഈ തീവ്രവികസനവാദം. എതിര്‍ക്കാനുള്ള അവസരം പോലും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുമ്പോള്‍ ഇത് കൂടുതല്‍ അപകടകരമാകുന്നു. കേരളത്തിലെ ജനകീയ സമരങ്ങളോട് കൂടുതല്‍ ശത്രുതാപരമായ സമീപനം പുലര്‍ത്തുന്നത് സിപിഎം ആകാനുള്ള കാരണം തേടി വേറെ എവിടെ പോകണം? ആസാദിന്റെ മറ്റു ചോദ്യങ്ങള്‍ ഇടതുപക്ഷത്തോടും കമ്യൂണിസ്റ്റ് പാര്‍ട്ടികളോടും താല്‍പ്പര്യം ഇപ്പോഴുമുണ്ടെന്നു പറയുന്ന ലക്ഷകണക്കിനു പേര്‍ പരസ്യമായും രഹസ്യമായും ചോദിക്കുന്ന ചോദ്യങ്ങള്‍ തന്നെ. എന്നാലവ കേവലം ചോദ്യങ്ങളായി ഒതുങ്ങുമെന്നുറപ്പുള്ളതിനാല്‍ കാതലായ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. ടി പി വധത്തിനുശേഷം ഇടതുപക്ഷമാണ് അധികാരത്തില്‍ വന്നതെന്ന് മറക്കരുത്. ഈ ചോദ്യങ്ങള്‍ ചോദിച്ചവരെയെല്ലാം പാര്‍ട്ടി ബഹുമാനിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നെങ്കില്‍ ടി പി വധത്തിനുശേഷവും കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ പാര്‍ട്ടി മുന്‍കൈ എടുക്കുമായിരുന്നല്ലോ. പകരം എന്തി എന്ന സാധാരണ പാര്‍ട്ടി അനുയായിയുടെ ചോദ്യമാണ് പാര്‍ട്ടിയുടെ ശക്തിയും മാറാതിരിക്കാനുള്ള കാരണവും.

കാതലായ ഈ വിഷയത്തെ മറിച്ചിടുകയാണ് ആസാദ് ചെയ്യുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും ഭരണത്തിന്റേയും ജനാധിപത്യവിരുദ്ധമായ ഉള്ളടക്കമാണ് സോഷ്യലിസ്റ്റ് ലോകത്തെ തകര്‍ത്തത് എന്ന യാഥാര്‍ത്ഥ്യത്തിനു പകരം സോഷ്യലിസ്റ്റു ലോകത്തെ തകര്‍ച്ചയുടെ പിറകെയാണ് അട്ടിമറികള്‍ അരങ്ങേറിയതെന്നാണ് അദ്ദേഹം പറയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തിരിച്ചു പിടിക്കണമെന്നും. ആ വലതുപക്ഷ അട്ടിമറിയുടെയും പാര്‍ട്ടി പുനസംഘാടനത്തിന്റെയും നായകര്‍ അനിവാര്യമായ ദുരന്തത്തിന്റെ മുന്നില്‍ നില്‍ക്കുന്നു എന്നാണ് ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നത്. കേവലം ഉപരിപ്ലവമായ നിലപാടു മാത്രം. ‘തൊണ്ണൂറുകള്‍ക്കു ശേഷം വന്നവര്‍ കമ്യൂണിസ്റ്റ് പേരുള്ള പദവികളും അധികാരങ്ങളുമുള്ള പാര്‍ട്ടിയെയാണ് കണ്ടത്. അവര്‍ക്ക് ഭക്തരോ ഗുണ്ടകളോ ആവാന്‍ ഒരു തടസ്സവും കാണില്ല. രണ്ടും അധികാരത്തിന്റെ ജീര്‍ണസന്തതികളാണ്. കമ്യൂണിസ്റ്റുകാരുടെ തലയെടുപ്പും ആദര്‍ശദാര്‍ഢ്യവുമുള്ള തലമുറ പുറംതള്ളപ്പെടുന്നു’ എന്നിങ്ങനെ വൈകാരികമായി പോകുന്നു തുടര്‍ന്നദ്ദേഹം എഴുതുന്നത്്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചോദ്യങ്ങള്‍ തന്നിലെ പ്രതീക്ഷകളെ ഇല്ലാതാക്കുകയല്ല, വാശിയോടെ തിരിച്ചു വിളിക്കാന്‍, ഒറ്റയ്ക്കു കൂവാന്‍ ശക്തി നല്‍കുകയാണ് ചെയ്യുന്നത് എന്ന് ആസാദ് പറയുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ചെങ്കൊടി അവരില്‍നിന്നു തിരിച്ചുവാങ്ങാനാവുമെന്ന് ആസാദ് പ്രതീക്ഷിക്കുന്നു. ഈ ചെങ്കൊടിതന്നെയാണ് ഒരു മാറ്റവുമില്ലാതെ പിടിച്ചുവാങ്ങുന്നതെങ്കില്‍ അതുകൊണ്ടെന്തു പ്രയോജനം? സോഷ്യല്‍ ഡമോക്രസിപോലും ഇവരുടെ വലതു ജീര്‍ണതയെക്കാള്‍ എത്രയോ സ്വീകാര്യമാണ് എന്ന് ആസാദ് പറയുമ്പോള്‍ അവിടെ ‘പോലും’ എന്ന പദത്തിന്റെ ആവശ്യമുണ്ടോ? മാത്രമല്ല, ഇടതുജീര്‍ണ്ണതയേക്കാള്‍ ഭേദവും സോഷ്യല്‍ ഡെമോക്രസി തന്നെ. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മാത്രം പകരാവുന്ന ചില പ്രതീക്ഷകളും നയിക്കാവുന്ന വിപ്ലവങ്ങളുമുണ്ട്, അതു നടത്താന്‍ പ്രാപ്തമല്ലാത്ത പാര്‍ട്ടികളിലെ ലക്ഷക്കണക്കിനു പ്രവര്‍ത്തകരും അനുഭാവികളും തീവ്രവികസന ശാഠ്യങ്ങളിലേക്കും താല്‍ക്കാലിക നവലിബറല്‍ മധുരങ്ങളിലേക്കും വീണുപോയിക്കൂടാ, അവരെ കമ്യൂണിസ്റ്റ് യുക്തികള്‍കൊണ്ട് വിളിച്ചുകൊണ്ടേയിരിക്കണമെന്നാണ് തന്റെ പ്രതീക്ഷകളെ ന്യായീകരിക്കാന്‍ ആസാദ് കാണുന്ന കാരണങ്ങള്‍. എത്ര നടക്കാത്ത സ്വപ്‌നം.

ഫാഷിസം വിഴുങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പഴയ കമ്യൂണിസ്റ്റ് വീര്യത്തിന്റെ വീണ്ടെടുപ്പാണ് വേണ്ടതെന്നു പറയുന്ന ആസാദ് ഏതു കാലത്താണ് ജീവിക്കുന്നത്? ഇന്ത്യയിലെ ഹിന്ദുത്വഫാസിസം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് എന്തുത്തരമാണ് ആസാദ് പറയുന്ന പഴയ കമ്യൂണിസത്തിലുള്ളത്? ജാതി എന്ന ഒറ്റ ചോദ്യത്തിനു മുന്നില്‍ ഇപ്പോഴുമത് പകച്ചുനില്‍ക്കുകയാണ്. ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങള്‍ മുതല്‍ ആധുനിക യുവതലമുറ നേരിടുന്ന വിഷയങ്ങള്‍ക്കു വരെ ഉത്തരം ഇന്നത്തെ ജീര്‍ണ്ണിച്ച നേതാക്കളെ മാറ്റിയാലും ലഭിക്കുമോ? ഇല്ല എന്നതാണ് വാസ്തവം. നേതാക്കളോ എന്തിന് പാര്‍ട്ടിതന്നെയോ മാറിയാലും പോര, അതിനു പുറകിലെ രാഷ്ട്രീയത്തില്‍ തന്നെയാണ് കാതലായ മാറ്റം വരേണ്ടത്. അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരുപോലും അപ്രസക്തമാകാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply