അയോദ്ധ്യയിലുയരേണ്ടത് ബാബറി മസ്ജിദ്
മുഖ്യമന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ്സ് പല നേതാക്കളും ഹിന്ദുരാഷ്ട്രപൂജയെ പിന്തുണക്കുകയായിരുന്നു. അവരില്‍ പുതുതലമുറയുടെ പ്രതിനിധി പ്രിയങ്കാഗാന്ധിയും പെട്ടു എന്നതാണ് അത്ഭുതം. വ്യത്യസ്ഥ അഭിപ്രായക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ വാ തുറന്നതുമില്ല. എന്തിന് കോണ്‍ഗ്രസ്സിനെ പറയുന്നു? രാജ്യത്തെ ഏതെങ്കിലും പാര്‍ട്ടി ഇതിനെതിരെ ശക്തമായി രംഗത്തുവന്നോ? ലോഹ്യയേയും അംബേദ്കറെയുമൊക്കെ ഉയര്‍ത്തിപിടിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളും ദളിത് പ്രസ്ഥാനങ്ങളുമടക്കം. അരവിന്ദ് കെജ്രിവാളെടുത്ത നിലപാടില്‍ പലരും ഞെട്ടുന്നതു കണ്ടു. എന്തിനേറെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുപോലും ട്രസ്റ്റിനുപകരം പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ആര്‍ എസ് എസുമൊക്കെ ചേര്‍ന്ന് പരിപാടി നടത്തിയതിലാണ് പ്രതിഷേധം. മുസ്ലിം സംഘടനകളാകട്ടെ ഭയം മൂലവും നിശബ്ദരാണ്. വാസ്തവത്തില്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോഴും ഇതൊക്കെതന്നെയായിരുന്നു അവസ്ഥ.
മഹാത്മാഗാന്ധിയെ വധിച്ച 1948 ജനവരി 30, ബാബറി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ 6, കാശ്മീരിന്റെ ഭരണഘടനാവകാശങ്ങള്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5, പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ 2019 ഡിസംബര്‍ 12 എന്നിങ്ങനെ ഇന്ത്യാചരിത്രത്തെ വികൃതമാക്കിയ ഒരുപാട് ദിനങ്ങളുണ്ട്. ആ നിരയിലേക്കാണ് 2020 ആഗസ്റ്റ് 5ഉം എത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ഇത് സുവര്‍ണദിനമായി ചേര്‍ക്കപ്പെടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ചരിത്രം പോലും തിരുത്തിയെഴുതുന്നവര്‍ക്ക് അതിനു കഴിയുമായിരിക്കാം. രാമക്ഷേത്രം നിര്‍മ്മിക്കുന്നത് രാമഭക്തിയുടെ പേരിലല്ല എന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. രാമജന്മഭൂമി സ്വതന്ത്രമായി, രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്, ദേശീയതയുടെ പ്രതീകമാണ്, ശ്രീരാമന്‍ ഐക്യത്തിന്റെ അടയാളമാണ് തുടങ്ങിയ അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം മറ്റെന്താണ്? ചരിത്രത്തിലൊരിടത്തും കാണാത്ത ഹിന്ദുത്വദേശീയത വളര്‍ത്തിയെടുക്കന്‍ ഒരു രാഷ്ട്രീയ ഉപകരണം മാത്രം. 1925ല്‍ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം പ്രഖ്യാപിച്ച ഫാസിസ്റ്റ് സംഘടനയുടെ നേതാവ് ഈ ചടങ്ങില്‍ പങ്കെടുത്ത 5 പേരില്‍ ഒരാളായതും വെറുതെയല്ല.
മൃഗീയഭൂരിപക്ഷത്തോടെ രണ്ടാംമോദി മന്ത്രിസഭ അധികാരത്തിലെത്തിയതോടെയാണ് ഈ ലക്ഷ്യത്തിലേക്കുള്ള ഗതിവേഗം ഊര്‍ജ്ജിതമായത് എന്നു നാം കണ്ടു. ഇപ്പോഴിതാ മൂന്നര വര്‍ഷം കൊണ്ട് ക്ഷേത്രനിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് നീക്കം. അതോടെയത്തുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടുക. 2025ല്‍ തങ്ങളുടെ ലക്ഷ്യത്തിലുള്ള രാഷ്ട്രം പ്രഖ്യാപിക്കുക. ഈ ശിലാപൂജ രാമക്ഷേത്രത്തിന്റേതല്ല, രാമരാജ്യത്തിന്റേതാണെന്നു സാരം. ആ രാമരാജ്യം ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യത്തിനു കടകവിരുദ്ധവുമാണ്. അതാണല്ലോ പള്ളി തകര്‍ത്തവരെ സ്വാതന്ത്ര്യ സമരസേനാനികളായും ശിലാസ്ഥാപന നാളിനെ സ്വാതന്ത്ര്യദിനമായും മോദി വാഴ്ത്തിയത്. ബാബറി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണ്, എന്നാല്‍ ക്ഷേത്രം നിര്‍മ്മിക്കാമെന്ന വിചിത്രവിധിയുടെ അടിസ്ഥാനത്തിലായിരുന്നു ചടങ്ങ് എന്നാണല്ലോ അവകാശവാദം. ആ വിധി പോലും ലംഘിക്കപ്പെടുകയായിരുന്നു.
അതേസമയം ഭൂമിപൂജയോട് മറ്റു പ്രസ്ഥാനങ്ങളുടെ നിലപാടാണ് ഏറ്റവും ലജ്ജാകരം. മുഖ്യമന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ്സ് പല നേതാക്കളും ഹിന്ദുരാഷ്ട്രപൂജയെ പിന്തുണക്കുകയായിരുന്നു. അവരില്‍ പുതുതലമുറയുടെ പ്രതിനിധി പ്രിയങ്കാഗാന്ധിയും പെട്ടു എന്നതാണ് അത്ഭുതം. വ്യത്യസ്ഥ അഭിപ്രായക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ വാ തുറന്നതുമില്ല. ബാബറി മസ്ജിദില്‍ ശ്രീരാമനെ ആരാധിക്കാന്‍ അനുമതി നല്‍കിയത് പ്രിയങ്കയുടെ പിതാവിന്റെ ഭരണകാലത്താണല്ലോ. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ നിശബ്ദനായിരുന്ന നരസിംഹറാവുവിനേയും രാജ്യം മറന്നിട്ടില്ല. എന്തിന് കോണ്‍ഗ്രസ്സിനെ പറയുന്നു? രാജ്യത്തെ ഏതെങ്കിലും പാര്‍ട്ടി ഇതിനെതിരെ ശക്തമായി രംഗത്തുവന്നോ? ലോഹ്യയേയും അംബേദ്കറെയുമൊക്കെ ഉയര്‍ത്തിപിടിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളും ദളിത് പ്രസ്ഥാനങ്ങളുമടക്കം. അരവിന്ദ് കെജ്രിവാളെടുത്ത നിലപാടില്‍ പലരും ഞെട്ടുന്നതു കണ്ടു. എന്തിനേറെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുപോലും ട്രസ്റ്റിനുപകരം പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ആര്‍ എസ് എസുമൊക്കെ ചേര്‍ന്ന് പരിപാടി നടത്തിയതിലാണ് പ്രതിഷേധം. മുസ്ലിം സംഘടനകളാകട്ടെ ഭയം മൂലവും നിശബ്ദരാണ്. വാസ്തവത്തില്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോഴും ഇതൊക്കെതന്നെയായിരുന്നു അവസ്ഥ.
അതിനിടെ മോദി പറഞ്ഞ 130 കോടിയില്‍ ഞാനില്ല എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കാമ്പയിന്‍ നടക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഞാനില്ല എന്നു പറയുന്നതോടെ ജനാധിപത്യ – മതേതര വാദികളുടെ ഉത്തരവാദിത്തം തീര്‍ന്നോ? ഒരുവിഭാഗത്തിന്റെ നൂറ്റാണ്ടുകളായുള്ള ആരാധനാലയം കൃത്യമായ വര്‍ഗ്ഗീയ രാഷ്ട്രീയ ലക്ഷ്യത്തോടെ തകര്‍ക്കുകയും പകരം തങ്ങളുടേത് നിര്‍മ്മിക്കുകയും അതിലൂടെ മതരാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരെ അതുമാത്രം പറഞ്ഞാല്‍ പോര. അയോദ്ധ്യയില്‍ ഉയരേണ്ടത് ബാബറി മസ്ജിദ് തന്നെയെന്ന് പറയണം. അതാണ് ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും ഭരണഘടനാമൂല്യവും എന്നാണിപ്പോള്‍ വിളിച്ചുപറയേണ്ടത്.
കൃത്യമായ ആസൂത്രണത്തോടെയാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രീരാമനെ ഒരു രാഷ്ട്രീയ പ്രതീകമായി ഉയര്‍ത്തികൊണ്ടുവന്നതെന്നത് മനസ്സിലാക്കാന്‍ സാമാന്യ രാഷ്ട്രീയബോധം മാത്രം മതി. ഇന്ത്യന്‍ മിത്തുകളില്‍ ശ്രീരാമന് വലിയ പ്രാധാന്യമുണ്ടായിരിക്കാം. എന്നാല്‍ രാമന്‍ എല്ലാവരുടേയും ആരാധനാമൂര്‍ത്തിയായിരുന്നില്ല. ഹിന്ദും മതം ഒരു സെമിറ്റിക് മതമല്ല. അതിന് ഒരു ഏകീകൃത ദൈവമോ മതഗ്രന്ഥമോ ഇല്ലല്ലോ. മാത്രമല്ല അതിനൊന്നും സാധ്യമല്ലാത്ത രീതിയില്‍ ജനങ്ങളെ വിഭജിക്കുന്ന ക്രൂരമായ ജാതിസംവിധാനമാണത്. ആ ജാതിസംവിധാനത്തെ നിലനിര്‍ത്തിയും മറികടക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചും ഹിന്ദുമതത്തെ സെമിറ്റിക് മതമാതൃകയയില്‍ പുനസൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനുള്ള ഉപകരണങ്ങളാണ് രാമനും രാമായണവുമൊക്കെ. വാസ്തവത്തില്‍ ഇന്ത്യയില്‍ എത്രയോ പേരാണ് രാവണഭക്തന്മാരായിട്ടുള്ളത്. എത്രയോ രാവണക്ഷേത്രങ്ങളാണ് നിലവിലുള്ളത്. ശംഭൂകവധവും ബാലിവധവും സീതാപരിത്യാഗവും ശൂര്‍പ്പണഖയെ അപമാനിക്കലുമെല്ലാം ചെയ്ത രാമനെ വില്ലനായും രാവണനെ നായകനായും കാണുന്നവര്‍ ഇന്നും എത്രയോയുണ്ട്. രാവണില്‍ ബൗദ്ധപാരമ്പര്യവും രാമനില്‍ ബ്രാഹ്മണ്യവും കാണുന്ന എത്രയോ പഠനങ്ങളുണ്ട്.
ബഹുസ്വരതയാണല്ലോ ഇന്ത്യയുടെ മുഖമുദ്ര. ഈ വൈവിധ്യം നമ്മുടെ മിത്തുകളിലും ദേവന്മാരിലുമെല്ലാം പുരാണങ്ങളിലുമെല്ലാം കാണാം. രാമനും രാമായണവും അതില്‍ നിന്നും വ്യത്യസ്ഥമല്ല. മഹാത്മാഫൂലേ രാമനുപകരം ബലിസങ്കല്‍പ്പമാണ് ഉയര്‍ത്തി പിടിച്ചത്. ഗാന്ധിയുടെ രാമനില്‍ നിന്ന് എത്രയോ അകലെയാണ് ഗോഡ്സെയുടെ രാമന്‍. സ്നേഹസമ്പന്നനായ രാമനെയാണ് ഭക്തിപ്രസ്ഥാനത്തില്‍ കാണുന്നത്. എത്രയോ ഗ്രന്ഥകര്‍ത്താക്കളുടെ പേരില്‍ രാമായണമുണ്ട്. അവയിലെല്ലാം വൈജാത്യങ്ങളുണ്ട്. ആദിവാസി രാമായണവും മാപ്പിളരാമായണമടക്കം നിലവിലുണ്ട്. കുട്ടികൃഷ്ണമാരാരടക്കം എത്രയോപേരുടെ വൈവിധ്യമാര്‍ന്ന വ്യാഖ്യാനങ്ങളും നിലവിലുണ്ട്. അതുപോലെ പലരുടെ പക്ഷത്തുനിന്നും രാമായണവായനകള്‍ നടന്നിട്ടുണ്ട്. ശംബൂകന്റെ പക്ഷത്തുനിന്ന് രാമായണത്തിന് ഒരു ദളിത് വായന സാധ്യമാണ്. ശൂര്‍പ്പണഖയുടെ പക്ഷത്തുനിന്നും വ്യത്യസ്ഥമായൊരു വായനയുണ്ട്. സീതയുടെയും ഊര്‍മ്മിളയുടേയും പക്ഷത്തുനിന്ന് രാമായണത്തിന് ഫെമിനിസ്റ്റ് വായന സാധ്യമാണ്. എങ്ങനെ വ്യാഖ്യാനിച്ചാലും ശരി, രാമായണ രാമരാജ്യം കീഴാളരോടും സ്ത്രീകളോടും കരുണയും നീതിയും കാണിക്കാതെ ഹിംസയാണ് പ്രയോഗിച്ചിട്ടുള്ളതതെന്ന ശക്തമായ വാദവും നിലവിലുണ്ട്. ഇത്തരത്തിലുള്ള ഒരു ബ്രാഹ്മണ്യ സാമൂഹിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭരണകൂട രൂപത്തെ ആദര്‍ശാത്മക ഹിന്ദു രാഷ്ട്ര വ്യവസ്ഥയായി ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് സന്നിവേശിപ്പിച്ചത് ഗാന്ധിയാണെന്ന വിമര്‍ശനവും നിലവിലുണ്ട്. ഇതിനെ ഒരു മഹത്തായ ഹിന്ദു ഭൂതകാലമെന്നു വ്യാഖ്യാനിച്ച് കൊളോണിയല്‍ വിരുദ്ധ സമരത്തിലുപയോഗിച്ചതിന്റെ അനന്തരഫലമായിരുന്നു ഇന്നത്തേതെന്നും അവര്‍ വാദിക്കുന്നു.
ശംബൂകനെ കൊന്ന രാമന്റെ ചാതുര്‍വര്‍ണ്ണ ഹിംസക്കെതിരെ ‘രാവണായനം’ എന്ന തമിഴ് ദേശീയത സങ്കല്‍പ്പം മുന്നോട്ടു വച്ചുകൊണ്ടാണ് പെരിയോര്‍ രാമസ്വാമി നായ്ക്കര്‍ ജനാധിപത്യത്തെയും തുല്യനീതിരാഷ്ട്രീയത്തെയും പറ്റി സംസാരിച്ചത്. ഇതേ ഘട്ടത്തില്‍ തന്നെയാണ് രാമായണം ഉള്‍പ്പടെയുള്ള വര്‍ണ്ണ സാഹിത്യങ്ങള്‍ ബ്രാഹ്മണിസത്തിന്റെ പ്രതിവിപ്ലവ തത്വ ശാസ്ത്രമായി അംബേദ്കര്‍ പ്രഖ്യാപിച്ചതും. ഇതിഹാസങ്ങള്‍ കാല-ദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന് പരിണാമങ്ങള്‍ സംഭവിക്കുന്നു. വൈവിധ്യമാര്‍ന്ന നിരവധി രാമസങ്കല്‍പ്പങ്ങളെ അട്ടിമറിച്ച് ഏകീകൃതമായ ഒരു ടെക്സറ്റ് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതായിരുന്നു 1987ല്‍ സംപ്രേഷണം ചെയ്ത രാമായണ സീരിയല്‍. അതിന്റെ ലക്ഷ്യമെന്തായിരുന്നു എന്ന് ഇന്ന് വ്യക്തമായല്ലോ. അങ്ങനെയാണ് വിധ്വംസകനായ രാമനെ സൃഷ്ടിച്ചത്.
ഹിന്ദുമതത്തിന്റെ ഭയാനകമായ ആന്തരിക യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തമാക്കുകയായിരുന്നല്ലോ വി പി സിംഗ് തുറന്നു വിട്ട മണ്ഡല്‍ റിപ്പോര്‍ട്ട്. അതിനെ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രതിരോധിച്ചത് രാമക്ഷേത്രപ്രശ്‌നം ഉയര്‍ത്തിയായിരുന്നു എന്നത് സമീപകാല ചരിത്രം. അങ്ങനെയായിരുന്നല്ലോ ബാബറി മസ്ജിദ് തകര്‍ത്തത്. അങ്ങനെ സൃഷ്ടിച്ച വിധ്വംസകനായ രാമന്റെ പേരിലാണ് ശ്രീറാം വിളിയുടെ പേരിലുള്ള കൊലകളും പള്ളി തകര്‍ക്കലും ക്ഷേത്രനിര്‍മ്മാണവും ഹിന്ദുത്വരാഷ്ട്രനിര്‍മ്മിതിയുമെല്ലാം നടക്കുന്നത്. അദ്വാനി അന്നു യാത്രചെയ്ത രഥത്തിലിരുന്ന് ഇന്ന് മോദി യാത്ര ചെയ്യുന്നു. അന്ന് ആ രഥം തടുക്കാന്‍ ലല്ലുപ്രസാദ് യാദവ് എന്ന ഒരാളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിനുള്ള ചങ്കൂറ്റവും രാഷ്ട്രീയവുമുള്ള ആരും ഇന്ത്യയിലില്ല എന്നതാണ് എറ്റവും വലിയ ദുരന്തം. അപ്പോഴും അതിനെ പിടിച്ചുകെട്ടാനുള്ള ആന്തരിക കരുത്ത് ഇന്ത്യന്‍ ജനാധിപത്യത്തിനും നമ്മുടെ ബഹുസ്വരതക്കുമുണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in