വേണം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലും ജനകീയ ഇടപെടല്‍

നിരന്തരമായി നമ്മള്‍ കേള്‍ക്കുന്ന ഒരു വാചകമാണ്, സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കുമെന്ന്. അക്കാര്യത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ഒറ്റക്കെട്ടാണ്. അതുപറയുമ്പോള്‍ സ്ഥാനാര്‍ത്ഥിമോഹികള്‍ക്കെല്ലാം എന്തൊരു വിനയമാണ്. വാസ്തവത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ എത്രയോ കാലഹരണപ്പെട്ട വാചകമാണത്. അതെല്ലാം മാറേണ്ടിയിരിക്കുന്നു. സ്ഥാനാര്‍ത്ഥികളില്‍ നിന്നു വിജയികളെ മാത്രമല്ല, സ്ഥാനാര്‍ത്ഥികളെ തന്നെ തീരുമാനിക്കുന്നതില്‍ ജനങ്ങള്‍ക്കു പങ്കാളിത്തം വേണം. അത്തരമൊരവസ്ഥയിലേക്ക് ജനാധിപത്യം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രതീക്ഷിച്ചതിനു മുന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത് പ്രധാന മുന്നണികളേയും പാര്‍ട്ടികളേയും അങ്കലാപ്പിലാക്കിയെന്നാണ് വാര്‍ത്ത. ഏതാനും ദിവസം കൂടി കഴിഞ്ഞേ പ്രഖ്യാപനമുണ്ടാകൂ എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. മാത്രമല്ല കുറെക്കൂടി ദിവസങ്ങള്‍ പ്രചാരണത്തിനു കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വളരെ കുറച്ചുദിവസമാണ് എല്ലാ തയ്യാറെടുപ്പുകള്‍ക്കുമായി അവശേഷിക്കുന്നത്. മുന്നണികളുടെ സീറ്റുവിഭജന തര്‍ക്കങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ല. അതിനുശേഷം വേണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകാന്‍. അതെല്ലാം ഉണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമയം വേണം.

ഇത്തരമൊരു സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഒരിടപെടല്‍ അനിവാര്യമാകുന്നത്. നിരന്തരമായി നമ്മള്‍ കേള്‍ക്കുന്ന ഒരു വാചകമാണ്, സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കുമെന്ന്. അക്കാര്യത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ഒറ്റക്കെട്ടാണ്. അതുപറയുമ്പോള്‍ സ്ഥാനാര്‍ത്ഥിമോഹികള്‍ക്കെല്ലാം എന്തൊരു വിനയമാണ്. വാസ്തവത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ എത്രയോ കാലഹരണപ്പെട്ട വാചകമാണത്. അതെല്ലാം മാറേണ്ടിയിരിക്കുന്നു. സ്ഥാനാര്‍ത്ഥികളില്‍ നിന്നു വിജയികളെ മാത്രമല്ല, സ്ഥാനാര്‍ത്ഥികളെ തന്നെ തീരുമാനിക്കുന്നതില്‍ ജനങ്ങള്‍ക്കു പങ്കാളിത്തം വേണം. അത്തരമൊരവസ്ഥയിലേക്ക് ജനാധിപത്യം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വ്യത്യസ്ഥമായ രീതിയിലാണെങ്കിലും അമേരിക്കയില്‍ പോലും അതുണ്ടല്ലോ. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഞങ്ങള്‍ തീരുമാനിക്കും എന്ന പരമ്പരാഗത നിലപാട് പാര്‍ട്ടികള്‍ കൈയൊഴിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ജനാധിപത്യമെന്നത് ഒരു നിശ്ചലമായ ഒന്നല്ല. ഓരോ നിമിഷവും ചലനാത്മകമാണ്. അങ്ങനെ ആകണം എന്നതുതന്നെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ എല്ലാവര്‍ക്കും ഭരണത്തില്‍ തുല്യമായ പങ്കാളിത്തം ലഭിക്കുമ്പോഴാണ് ജനാധിപത്യം പൂര്‍ണ്ണമാകുക. അതുപക്ഷെ പ്രായോഗികമല്ലല്ലോ. അതിനാലാണ് കുറെ പേര്‍ക്കായി ഒരു പ്രതിനിധി ആവശ്യമായി വരുന്നത്. തീര്‍ച്ചയായും പ്രതിനിധിക്കു പുറകില്‍ കുറെ ആശയങ്ങളും അതുപോലെ ചിന്തിക്കുന്നവരുടെ ഒരു കൂട്ടായ്മയും ഉണ്ടാകും. അതാണല്ലോ ഇവിടെ പാര്‍ട്ടി. എന്നാല്‍ നമ്മള്‍ തെരഞ്ഞെടുക്കുന്നത് നേരിട്ട് പാര്‍ട്ടിയെയല്ല. പാര്‍ട്ടിയും വ്യക്തിയും ചേര്‍ന്ന ഒന്നിനെയാണ്. രണ്ടിനും പ്രാധാന്യമുണ്ട്. അല്ലെങ്കില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ക്ക് വോട്ടുചെയ്ത്, വോട്ടിനനുസരിച്ച് പ്രതിനിധികളെ പാര്‍ട്ടികള്‍ നോമിനേറ്റ് ചെയ്താല്‍ മതിയല്ലോ. ഇത്തരമൊരു സാഹചര്യത്തിലാണ് വ്യക്തികള്‍ക്ക് പ്രാധാന്യം വരുന്നത്. അതിനാല്‍ തന്നെ ആ വ്യക്തികളെ തെരഞ്ഞെടുക്കുന്നതിലും വോട്ടര്‍മാര്‍ക്ക് അവസരം ആവശ്യമാണ്. അതിനുള്ള സംവിധാനം പാര്‍ട്ടികള്‍ തയ്യാറാക്കണം. വൈകിയ. ഈ ഘട്ടത്തില്‍ ചുരുങ്ങിയ പക്ഷം ജനങ്ങളോട് അഭിപ്രായം ചോദിക്കാനെങ്കിലും പാര്‍ട്ടികള്‍ തയ്യാറാകണം.

മുകളില്‍ സൂചിപ്പിച്ചപോലെ ജനാധിപത്യം കൂടുതല്‍ തെളിമയോടെ മുന്നോട്ടുപോകുന്നതിനെ കുറിച്ചാണ് ഈയവസരത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. അതിന് ഏറ്റവും അനുയോജ്യം തെരഞ്ഞെടുപ്പുവേളതന്നെയാണ്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണ്. അതിനായി ജനാധിപത്യത്തിന്റെ സവിശേഷതകളെ കുറിച്ച് പ്രാഥമിക അറിവെങ്കിലും ആവശ്യമാണ്. ലോകം ഇന്നോളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവിപ്ലവം തന്നെയാണ് ജനാധിപത്യം. അതുവരേയും ഒരു ചെറിയ വിഭാഗത്തില്‍ കേന്ദ്രീകരിച്ചിരുന്ന, മിക്കപ്പോഴും തലമുറകളിലൂടെ കൈമാറിയിരുന്ന ഒന്നായിരുന്നല്ലോ അധികാരം. ജനങ്ങള്‍ അവിടെ വെറും പ്രജകള്‍ ആയിരുന്നു. നിരവധി സാമൂഹ്യചലനങ്ങളിലൂടേയും വിപ്ലവങ്ങളിലൂടേയും കടന്നപോയാണ് ജനാധിപത്യം എന്ന സംവിധാനം നിലവില്‍ വന്നത്. അതോടെ തത്വത്തിലെങ്കിലും ജനങ്ങളെല്ലാം ഭരണാധികാരികളായി. അവരുടെ പ്രതിനിധികളെ അവര്‍ തന്നെ തെരഞ്ഞെടുക്കാന്‍ തുടങ്ങി.. പ്രജകളില്‍ നിന്ന് പൗരന്മാരിലേക്കുള്ള മാറ്റം. അതാണ് ലോകം കണ്ട ഏറ്റവും വലിയ സാമൂഹ്യവിപ്ലവം എന്നു പറയാം. ആ ദിശയില്‍ പരിശോധിച്ചാല്‍ അതിനു മുമ്പുള്ള സാമൂഹ്യസംവിധാനങ്ങളേക്കാള്‍ മാത്രമല്ല, ്അതിനുശേഷം രൂപം കൊണ്ട സോഷ്യലിസ്റ്റ് സംവിധാനത്തേക്കാള്‍ പുരോഗമനപരമാണ് ജനാധിപത്യം എന്നു പറയാം. കാരണം സോഷ്യലിസത്തില്‍ ഏതൊരു പൗരനും അധികാരത്തിലെത്താനുള്ള സാധ്യത അടഞ്ഞിരുന്നു. ഏകപാര്‍ട്ടി സംവിധാനത്തിലൂടേയും ജനാധിപത്യകേന്ദ്രീകരണത്തിലൂടേയും അത് ഒരു വ്യക്തിയിലോ ഏതാനും വ്യക്തികളിലോ കേന്ദ്രീകരിക്കുകയായിരുന്നു എന്നതുതന്നെ.

അതേസമയം ജനാധിപത്യത്തില്‍ ജനങ്ങളിലേക്ക് അധികാരമെത്തുക എന്നത് തത്വത്തില്‍ ശരിയായിരുന്നെങ്കിലും പ്രായോഗികമായി നടന്നില്ല എന്ന് സമ്മതിച്ചേ പറ്റൂ. അതിന്റെ തെളിവ് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രം തന്നെ പറയും. ഏതു നിമിഷവും നഷ്ടപ്പെടാവുന്ന ഒന്നാണ് ഇന്ത്യന്‍ ജനാധിപത്യം എന്ന് അടിയന്തരാവസ്ഥ കാലത്തു തെളിഞ്ഞതു മാത്രമല്ല പ്രശ്‌നം. ഇന്നോളം നമ്മെ ഭരിച്ചവര്‍ ഏതു പാര്‍ട്ടിക്കാരായിരുന്നാലും ആത്യന്തികമായി ആരുടെ പ്രതിനിധികളായിരുന്നു എന്നു പരിശോധനയില്‍ കാര്യങ്ങള്‍ ബോധ്യമാകും. ഇന്ത്യയുടെ അധികാരഘടനയെ നൂറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്ന മനുസ്മൃതിയുടെ മൂല്യങ്ങള്‍ നഷ്ടപ്പെടാത്ത രീതിയില്‍ തന്നെയാണ് പിന്നീടും ഭരണാധികാരികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. സവര്‍ണ്ണ – പുരുഷ മൂല്യങ്ങള്‍ തന്നെയായിരുന്നു ഏറെക്കുറെ അവരെ നയിച്ചിരുന്നത്. കൂടാതെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളും. ബാബറി മസ്ജിദ് തകര്‍ത്തതും വംശീയകൊലകളും വനിതാസംവരണനിയമം പാസാക്കാത്തതും മുന്നോക്കസംവരണവുമൊക്കെ അതിന്റെ ദൃഷ്ടാന്തങ്ങള്‍. സംവരണവും മണ്ഡല്‍ കമ്മീഷനും വിവരാവകാശ നിയമവും സേവനാവകാശനിയമവും അടിയന്തരാവസ്ഥക്കെതിരെ രാജ്യം വോട്ടുചെയ്തതും മായാവതിയെപോലുള്ള ഒരാള്‍ മുഖ്യമന്ത്രിയായതുമൊക്കെ ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഉദാഹരണങ്ങള്‍ തന്നെയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യത്തിലേക്കുള്ള മാറ്റം അതിന്റെ പ്രാരംഭദശയില്‍ മാത്രമാണെന്നു വ്യക്തം. ഇതേസംവിധാനത്തിലൂടെ തന്നെയാണല്ലോ വര്‍ഗ്ഗീയഫാസിസ്റ്റുകളും ഭരണത്തിലെത്തുന്നത്. അതേസമയം നമുക്ക് ഒരു തിരിഞ്ഞുപോക്ക് അസാധ്യമാണ്. നിരന്തരമായ നവീകരണത്തിലൂടെ ഈ സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകുക മാത്രമാണ് പോംവഴി. അവിടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ പ്രസക്തി. അതാകട്ടെ ഇന്നോളം അധികാരത്തില്‍ നിന്നു പുറത്തുനിര്‍ത്തപ്പെട്ടവരെ അവിടേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം. അവിടെയാണ് മൂന്നിലൊന്നെങ്കിലും സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുക, ലിംഗന്യൂനപക്ഷങ്ങള്‍ക്കും സീറ്റുനല്‍കുക, ജനറല്‍ സീറ്റുകളിലും ദളിത്, ആദിവാസി വിഭാഗങ്ങളെ മത്സരിപ്പിക്കുക, രണ്ടുതവണ പ്രതിനിധികളായവരെ ഒഴിവാക്കുക, സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാകുക, പ്രവര്‍ത്തനപാരമ്പര്യമില്ലാത്ത നേതാക്കളുടെ ബന്ധുക്കളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രസക്തമാകുന്നത്. മാത്രമല്ല ക്രിമിനലുകളേയും അഴിമതി ആരോപിതരേയും ഒഴിവാക്കണം. അത്തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ ജനങ്ങള്‍ക്ക് കഴിയുമ്പോല്‍ ജനാധിപത്യത്തില്‍ ഒരുപടി നാം മുന്നോട്ടുപോകുകയാണ് എന്നുറപ്പ്. അതിനുപക്ഷെ അധികാരത്തിന്റെ രുചിയറിയുന്ന വിഭാഗങ്ങള്‍ അനുവദിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നത് സ്വാഭാവികം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടൊപ്പം തന്നെ പ്രധാനമാണ് തിരിച്ചുവിളിക്കാനുള്ള അധികാരവും. സാധാരണനിലയില്‍ തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷം ജനപ്രതിനിധികളില്‍ നമുക്ക് വലിയ നിയന്ത്രണമില്ല. അതുണ്ടാകണം. അതിനാണ് തിരിച്ചുവിളിക്കാനുള്ള അവകാശം. പ്രായോഗികമായി അതെങ്ങിനെ സാധ്യമാകും എന്ന ചോദ്യമുണ്ട്. പക്ഷെ അതിനുള്ള സംവിധാനം കണ്ടെത്തണം. കാലുമാറ്റ നിരോധനനിയമത്തിന്റെ തുടര്‍ച്ച തന്നെയാണത്. അതിനെ മറികടക്കാന്‍ പാര്‍ട്ടികല്‍ തന്ത്രങ്ങള്‍ കണ്ടെത്തി എന്നതു ശരി. ഇനി അതിനെ മറികടക്കാന്‍ ജനാധിപത്യവാദികള്‍ പുതിയ വഴികള്‍ കണ്ടെത്തമം. നിലവിലെ ജനാധിപത്യസംവിധാനത്തില്‍ ഇത്തരത്തിലുള്ള കൂടുതല്‍ കൂടുതല്‍ ജനകീയ ഇടപെടലുകള്‍ക്കുള്ള അവസരങ്ങള്‍ക്കായാണ് ജനാധിപത്യവാദികള്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്തേണ്ടത്. അതിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ ജനകീയ പങ്കാളിത്തം വേണമെന്നു പറയുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “വേണം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലും ജനകീയ ഇടപെടല്‍

  1. കമ്മ്യൂണൽ മജോരിറ്റി പൊളിറ്റിക്കൽ മജോരിറ്റിയെ മറികടക്കുമ്പോണ് ജനാധിപത്യം ഏറ്റവും വലീയ പ്രതിസന്ധി നേരിടുകയെന്ന് അംബേദ്ക്കർപറഞ്ഞിട്ടുണ്ട്.ഇതാണ് ഇൻഡ്യയിൽ ഇപ്പോൾ സംഭവിക്കുന്നത്.

Responses to jayarajanpg

Click here to cancel reply.