തീരദേശങ്ങള്‍ സെന്‍സറ്റീവ് ഏരിയകളോ?
തീരപ്രദേശത്തെപ്പറ്റിയുള്ള വ്യവഹാരങ്ങളില്‍ സ്ഥിരമായി ആവര്‍ത്തിച്ചു കേള്‍ക്കുന്നൊരു പരാമര്‍ശമുണ്ട്, അതൊരു സെന്‍സിറ്റീവ് ഏരിയയാണെന്ന്. അവിടുള്ളവര്‍ വലിയ സെന്‍സിറ്റീവാണെന്നും. വൈകാരികത കൂടുതലുള്ളവര്‍ എന്ന കേവല അര്‍ത്ഥത്തിലാണ് പലപ്പോഴും ഈ സെന്‍സിറ്റീവ് ബോധം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മുന്‍പ് സൂചിപ്പിച്ച തദ്ദേശീയ സ്വഭാവത്തില്‍ നിന്നാണ് ഇപ്പറയുന്ന സെന്‍സിറ്റവിറ്റി ഉടലെടുക്കുന്നതെന്ന് പലരും മനസിലാക്കുന്നില്ല. ആദിവാസി ഊരുകള്‍ക്ക് മൂപ്പന്‍ എന്ന പോലെയാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പള്ളീലച്ചന്‍. പള്ളിയും വികാരിയും അല്ലാതെ കമ്മ്യൂണിറ്റിക്കുള്ളിലേക്ക് പ്രവേശിക്കാനോ വിവരങ്ങള്‍ പങ്കുവയ്ക്കാനോ സ്റ്റേറ്റും സര്‍ക്കാരിതര സംഘടനകളും പോലുള്ളവര്‍ ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും പരാജയപ്പെട്ടു പോവുന്നതിന് കാരണം അതാണ്
അരികുവല്‍ക്കരിക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തില്‍ അപൂര്‍വ്വമായി മാത്രം പതിഞ്ഞിട്ടുള്ള ഒരു ജനവിഭാഗമാണ് കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികള്‍. തദ്ദേശീയരെന്നും തനത് ജനവിഭാഗമെന്നും തിരിച്ചറിഞ്ഞ് വിവിധ ആദിവാസി സമുദായങ്ങള്‍ക്ക് വേണ്ടി നിയമനിര്‍മാണങ്ങള്‍ നടന്നപ്പോഴും മത്സ്യത്തൊഴിലാളികള്‍ എക്കാലത്തും പിന്തള്ളപ്പെട്ടുകൊണ്ടിരുന്നു. ഏത് തരം ഭരണസംവിധാനത്തിന് കീഴിലായിരിക്കുമ്പോഴും തങ്ങളുടേതായ സാംസ്‌ക്കാരിക ജീവിതം നയിക്കാനും മുഖ്യധാരാ സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായുള്ള ജീവിതരീതികള്‍ തെരഞ്ഞെടുക്കാനും താല്പര്യപ്പെടുന്നവരാണ് പൊതുവേ ആദിമനിവാസികള്‍. കാടിനെയും കടലിനെയും മലയെയും ആശ്രയിച്ചു കഴിയുന്ന നിരവധി ആദിമ നിവാസികള്‍ ലോകമെമ്പാടുമായുണ്ട്. മുക്കുവരായ മത്സ്യത്തൊഴിലാളികളും ഇത്തരത്തില്‍ ആദിമ നിവാസി സ്വഭാവം കാണിക്കുന്നവരാണ്. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ തനത് സ്വഭാവത്തെ അംഗീകരിക്കുന്നവര്‍ കടല്‍പണിക്കാരുടെ തനത് സ്വഭാവത്തെ നിരാകരിക്കുന്ന കാഴ്ച്ച സാധാരണമാണ്. അതിന് രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളും അവര്‍ക്ക് ചൂണ്ടിക്കാട്ടാനുണ്ടാവും. ലത്തീന്‍ കത്തോലിക്ക സഭ എന്ന പ്രബലമായൊരു അധികാര വര്‍ഗത്തിന്റെ സംരക്ഷണം മുക്കുവ സമുദായത്തിനുണ്ടെന്നതാണ് എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നൊരു ന്യായീകരണം. ആദിവാസി സമൂഹത്തേക്കാള്‍ വേഗത്തില്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ തനത് സ്വത്വത്തില്‍ നിന്നും മാറിക്കൊണ്ടിരിക്കുന്നതും വിദേശ രാജ്യങ്ങളിലേക്കുള്ള പലായനം വര്‍ധിച്ചതും വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉന്നതി പരക്കെ ആര്‍ജിക്കാനാവുന്നുണ്ട് എന്നതുമൊക്കെ കേരളത്തിലെ മുക്കുവ സമൂഹത്തെപ്പറ്റി പൊതുവേ ഉയരാറുള്ള നിരീക്ഷണങ്ങളാണ്. എന്നാല്‍ പരമ്പരാഗത മത്സ്യബന്ധന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കടക്കാന്‍ കടമ്പകള്‍ ഏറെ അവശേഷിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
നമ്മില്‍ പലര്‍ക്കും ബീഫ് കഴിക്കാനിഷ്ടമാണ്, പക്ഷേ ഇറച്ചിവെട്ടുകാരോട് അറപ്പാണ്. ഡ്രെയിനേജും ഓടകളുമൊക്കെ നിറഞ്ഞു കവിയുന്നതിനെപ്പറ്റി പരാതി പറയാന്‍ ഒരു മടിയും വിചാരിക്കാത്തവരാണ് മലയാളികള്‍, എന്നാല്‍ ആള്‍നൂഴികളിലേക്കിറങ്ങി അവ വൃത്തിയാക്കുന്ന മനുഷ്യരോടുള്ള അറപ്പും വെറുപ്പും പ്രകടിപ്പിക്കാന്‍ മടിയൊന്നുമില്ല. മീന്‍ കൂട്ടാതെ ചോറുണ്ണാന്‍ വലിയ ബുദ്ധിമുട്ടാണ്, എന്നാല്‍ ആ മീന്‍ കടലില്‍ പോയി പിടിച്ചുകൊണ്ടു വരുന്നവരുടെയും അത് തലച്ചുമടായി ചന്തകളിലും വീട്ടുമുറ്റത്തും എത്തിക്കുന്നവരുടെയും മീന്‍നാറ്റം സഹിക്കാന്‍ വലിയ പാടുമാണ്. ഇതാണ് നമ്മുടെയൊക്കെ അടിസ്ഥാനപരമായ സ്വഭാവം. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാലേ പൂന്തുറയോടും മറ്റ് തീരദേശ ഗ്രാമങ്ങളിലുള്ളവരോടും നാം വച്ചുപുലര്‍ത്തുന്ന അവജ്ഞയുടെയും അതില്‍ മറഞ്ഞിരിക്കുന്ന വംശീയതയുടെയും ആഴം വ്യക്തമാവുള്ളൂ.
പൂന്തുറയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ തന്നെ ഈ കടമ്പകളുടെ വ്യാപ്തി മനസിലാവും. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് നാലായിരത്തോളം വീടുകളുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം ജില്ലയിലെ കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ തീരദേശമേഖലയില്‍ സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും അടിയന്തര ശ്രദ്ധ എത്തണമായിരുന്നു. കാരണം, പൂന്തുറ പോലെ വിഴിഞ്ഞവും പുല്ലുവിളയും പൂവാറും അഞ്ചുതെങ്ങും മര്യനാടും ആയിരക്കണക്കിന് മനുഷ്യര്‍ ചെറിയൊരു സ്ഥലത്ത് തിങ്ങിപ്പാര്‍ക്കുന്ന മത്സ്യബന്ധന ഗ്രാമങ്ങളാണ്. സാമൂഹിക അകലം പാലിക്കുക എന്നത് ഇവിടങ്ങളില്‍ ഏറെക്കുറേ അസാധ്യവുമാണ്. മാത്രവുമല്ല നേരത്തെ സൂചിപ്പിച്ച തദ്ദേശീയ സമൂഹത്തിന്റേതായ ചില പ്രത്യേകതകള്‍ കാരണവും ഈ മേഖല അധികൃതരുടെ ഭാഗത്തുനിന്നുള്ള അതീവ ഗൗരവമായ ശ്രദ്ധ അര്‍ഹിച്ചിരുന്നു. സ്ഥലത്തിന്റെ പരിമിതി മൂലവും ഭൂമിയുടെ ഉടമസ്ഥാവകാശം കുറവായതിനാലും ഒന്നോ രണ്ടോ മുറികളുള്ള ചെറിയ വീടുകളില്‍ മാതാപിതാക്കളും മക്കളും പേരക്കുട്ടികളും ഒരുമിച്ച് കഴിയുന്നു. അംഗങ്ങള്‍ കൂടുതലെങ്കില്‍, വീട്ടിലെ അവിവാഹിതരായ മക്കളുടെ രാത്രിയിലെ ഉറക്കം കടപ്പുറത്തായിരിക്കും. കടല്‍പ്പണി കഴിഞ്ഞെത്തുന്ന പുരുഷന്മാര്‍ ഉറങ്ങിയെണീറ്റാലുടനെ നേരെ പോവുന്നതും കടപ്പുറത്തേക്കായിരിക്കും. തലേന്നത്തെ പണിയെപ്പറ്റിയുള്ള വിനിമയങ്ങള്‍, പുരുഷന്മാരുടെ പ്രധാന വിനോദമായ ചീട്ടുകളി, കീറിയോ ഉരഞ്ഞോ പോയ വലകള്‍ നന്നാക്കിയെടുക്കുക (എന്നാലെ പിറ്റേന്നത്തെ പണി നടക്കുള്ളൂ) എന്നിങ്ങനെ ആണുങ്ങളുടെ ഈ കടപ്പുറത്ത് പോയിരിപ്പിന് പിന്നില്‍ പല കാരണങ്ങളുമുണ്ടായേക്കും. വീട്ടുപണികളും മറ്റ് ഉത്തരവാദിത്വങ്ങളും തീര്‍ത്ത്, വൈകിട്ടോടെയാണ് സ്ത്രീകള്‍ കുട്ടികളുമായി കടപ്പുറത്തേക്ക് ഇറങ്ങുക. ഒരുമിച്ച് കൂട്ടം കൂടിയിരുന്ന് വര്‍ത്താനം പറയുക, കല്ലു കൊണ്ടോ പുളിയങ്കുരു കൊണ്ടോ കളിക്കുക എന്നിങ്ങനെയുള്ള പരിപാടികളാണ് സ്ത്രീകള്‍ക്കുള്ളത്. ഇതേ കടപ്പുറത്ത് തന്നെ വൈകുന്നേരങ്ങളില്‍ പത്ത് മുതല്‍ 30 വയസ് വരെ പ്രായമുള്ള യുവാക്കളും ഫുട്‌ബോളും ക്രിക്കറ്റും പോലുള്ള കളികള്‍ക്കായി എത്താറുണ്ട്. ഇത്തരത്തില്‍ ഒരു തീരദേശ ഗ്രാമത്തില്‍ താമസിക്കുന്നവരുടെ സാമൂഹിക ജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ് കടപ്പുറത്തെ വൈകുന്നേരങ്ങള്‍. കോവിഡും ലോക്‌ഡൌണും ആയതോടെ കടപ്പുറത്ത് എത്താതെ വീടുകളില്‍ കഴിയാന്‍ ചിലരൊക്കെ തയ്യാറായെങ്കിലും പൂര്‍ണമായും ആളുകളെ വീട്ടിലിരുത്താന്‍ പള്ളികള്‍ക്കോ കുടുംബയൂണിറ്റുകള്‍ പോലുള്ള പ്രാദേശിക സംവിധാനങ്ങള്‍ക്കോ പൊലീസിനോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ സാധിച്ചില്ലെന്നതാണ് വാസ്തവം.
പൂന്തുറയുടെ കാര്യത്തിലേക്കെത്തുമ്പോള്‍ ഈ ചിത്രം പിന്നെയും മാറും. വിഴിഞ്ഞത്ത് പണി പുരോഗമിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന് വേണ്ടി അശാസ്ത്രീയമായി കടലില്‍ കല്ലിട്ടതിന്റെ ദൂഷ്യഫലങ്ങള്‍ ഇന്ന് ഏറ്റവുമധികം അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് വിഴിഞ്ഞത്തിന് വടക്കുള്ള പൂന്തുറ പോലുള്ള തീരപ്രദേശങ്ങളാണ്. വിഴിഞ്ഞത്തെ കടലില്‍ കല്ല് പാകിയതോടെ പൂന്തുറയിലും മറ്റും തീരശോഷണം സംഭവിക്കാന്‍ തുടങ്ങി. ഇതോടെ തീരം ഇല്ലാതായ പൂന്തുറക്കാരുടെ സാമൂഹിക ജീവിതത്തെയും ഇത് ബാധിച്ചിരുന്നു. പരിമിതമായ ചുറ്റുപാടില്‍ നിന്നാണ് കഴിഞ്ഞ ചില വര്‍ഷങ്ങളായി പൂന്തുറയിലുള്ളവര്‍ തങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിപ്പോന്നിരുന്നത്. ഇതിനിടയിലാണ് പരുത്തിക്കുഴി സ്വദേശിയായ മത്സ്യ മൊത്തവ്യാപാരിയില്‍ നിന്ന് കോവിഡ് ആദ്യമായി ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൂന്തുറ സ്വദേശികളായ സ്ത്രീകള്‍ മീന്‍ വില്ക്കാനെത്തുന്ന കുമരിച്ചന്തയില്‍ ഈ മൊത്തവ്യാപാരി എത്തുകയും അതുവഴി കോവിഡ് പൂന്തുറയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേരിലേക്ക് പകരുകയുമായിരുന്നു.
തീരപ്രദേശത്തെപ്പറ്റിയുള്ള വ്യവഹാരങ്ങളില്‍ സ്ഥിരമായി ആവര്‍ത്തിച്ചു കേള്‍ക്കുന്നൊരു പരാമര്‍ശമുണ്ട്, അതൊരു സെന്‍സിറ്റീവ് ഏരിയയാണെന്ന്. അവിടുള്ളവര്‍ വലിയ സെന്‍സിറ്റീവാണെന്നും. വൈകാരികത കൂടുതലുള്ളവര്‍ എന്ന കേവല അര്‍ത്ഥത്തിലാണ് പലപ്പോഴും ഈ സെന്‍സിറ്റീവ് ബോധം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മുന്‍പ് സൂചിപ്പിച്ച തദ്ദേശീയ സ്വഭാവത്തില്‍ നിന്നാണ് ഇപ്പറയുന്ന സെന്‍സിറ്റവിറ്റി ഉടലെടുക്കുന്നതെന്ന് പലരും മനസിലാക്കുന്നില്ല. ആദിവാസി ഊരുകള്‍ക്ക് മൂപ്പന്‍ എന്ന പോലെയാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പള്ളീലച്ചന്‍. പള്ളിയും വികാരിയും അല്ലാതെ കമ്മ്യൂണിറ്റിക്കുള്ളിലേക്ക് പ്രവേശിക്കാനോ വിവരങ്ങള്‍ പങ്കുവയ്ക്കാനോ സ്റ്റേറ്റും സര്‍ക്കാരിതര സംഘടനകളും പോലുള്ളവര്‍ ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും പരാജയപ്പെട്ടു പോവുന്നതിന് കാരണവും ജനങ്ങള്‍ക്ക് പുറത്ത് നിന്നുള്ളവരോടുള്ള നിഷേധ മനോഭാവം തന്നെ. അതുകൊണ്ടു തന്നെയാണ് കോവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ നടപടികളില്‍ പലതും തീരദേശത്ത് കൃത്യമായി പാലിക്കപ്പെടാതെ പോയത്.
ഒരു തദ്ദേശീയ സമൂഹവുമായി സംവദിക്കുമ്പോള്‍ ഒന്നുകില്‍ നിങ്ങള്‍ അവര്‍ക്കും കൂടി സ്വീകാര്യമായ ചാനലുകളിലൂടെ ആശയവിനിമയം നടത്തണം. അങ്ങനെ നടത്താനായില്ലെങ്കില്‍ ആ കമ്മ്യൂണിറ്റിയിലെ മനുഷ്യരെ വിശ്വാസത്തിലെടുത്ത്, അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ട് വിനിമയത്തിന് തയ്യാറാവണം. ഇത് രണ്ടും നടക്കാതെ പോയതാണ് പൂന്തുറയില്‍ ഒടുവില്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് ആയവരോട് കോവിഡ് പോസിറ്റീവായെന്ന് അറിയിക്കുക, എന്തുകൊണ്ട് തങ്ങളെ ഐസോലേഷനിലേക്ക് മാറ്റാനോ വേണ്ട ചികിത്സ നല്‍കാനോ തയ്യാറാവുന്നില്ല എന്ന് പരാതിപ്പെട്ടവര്‍ക്ക് കൃത്യമായ മറുപടി കൊടുക്കാതിരിക്കുക, കോവിഡ് പോസിറ്റീവ് ആയെന്ന് അറിയിച്ചവരുടെ വീടുകളിലുള്ളവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റാതിരിക്കുക, സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് വീട്ടിലിരുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാതിരിക്കുക, അവ വാങ്ങാന്‍ കടകളിലെത്തിയവരോട് വംശീയ പരാമര്‍ശം നടത്തുക, നാട് മൊത്തം കോവിഡ് രോഗികളാണെന്ന പ്രചരണം മൂലം പേടിച്ചിരിക്കുന്നവരോട് മാന്യമായി ഇടപെടാനോ അവരുടെ ആശങ്കയകറ്റാനോ പ്രാപ്തിയില്ലാത്തൊരു മെഡിക്കല്‍ ടീമിനെ വിന്യസിക്കുക എന്നുതുടങ്ങി ആകെ താളംതെറ്റിയ പ്രതിരോധ സംവിധാനങ്ങളാണ് പൂന്തുറയുടെ കാര്യത്തില്‍ ഉണ്ടായത്.
എല്ലാവരും ബുദ്ധിമുട്ടിലാണെന്നും ബാക്കി ആര്‍ക്കും ഇല്ലാത്ത മോശം അനുഭവം എന്തുകൊണ്ടാണ് തീരപ്രദേശത്ത് നിന്നുമാത്രം ഉണ്ടാവുന്നതെന്നും ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ആ ചോദ്യത്തിന് പിന്നില്‍ നിങ്ങള്‍ക്കുള്ളിലെ വംശീയതയോ ഒരു ജനതയെപ്പറ്റിയുള്ള മുന്‍വിധികളോ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കാരണം ദുരന്തമുഖങ്ങളില്‍ മറ്റുള്ളവരെ സഹായിക്കാനായി കൈ നീട്ടുമ്പോള്‍ മാത്രം മത്സ്യത്തൊഴിലാളികള്‍ മഹാന്മാരും സ്വയം സഹായം വേണ്ടിവരുമ്പോള്‍ അവര്‍ ബോധമില്ലാതെ പെരുമാറുന്നവരുമാവുന്ന ആ മനോഗതിയുടെ പേര് തന്നെയാണ് വംശീയത.
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in