അനുപമ, ദീപ പി മോഹനന്‍, ഫാത്തിമ തഹലിയ – 2021ലെ പോരാളികള്‍

ഒരു വര്‍ഷം കൂടി കടന്നുപോകുന്നു. പതിവുപോലെ ഓരോ മേഖലകളിലേയും കണക്കെടുപ്പുകള്‍ സജീവമായിരിക്കുന്നു. പോയ വര്‍ഷത്തില്‍ കേരളം കണ്ട മൂന്നു വനിതകളുടെ, അല്ല പെണ്‍കുട്ടികളുടെ ഉശിരന്‍ പോരാട്ടത്തെയാണ് ഇവിടെ ഓര്‍ക്കുന്നത്. വരും കാലകേരളം രചിക്കാന്‍ പോകുന്നത് സ്ത്രീകളാകുമെന്നും അത് സ്ത്രീപക്ഷകേരളമാകുമെന്നും പ്രതീക്ഷ നല്‍കുന്ന പോരാട്ടങ്ങള്‍ തന്നെയാണിവ. ഈ പോരാട്ടങ്ങള്‍ ലിംഗവിവേചനത്തിനെതിരായിരിക്കുമ്പോഴും ജാതിയും മതവും പോലുള്ള ഘടകങ്ങളും അവയിലടങ്ങിയിരിക്കുന്നു എന്നതാണ് വസ്തുത. അനുപമ, ദീപ പി മോഹനന്‍, ഫാത്തിമ തഹലിയ എന്നിവര്‍ പോയ വര്‍ഷം നടത്തിയ ഉശിരന്‍ പോരാട്ടങ്ങളാണ് സൂചിപ്പിക്കുന്നത്.

സ്വന്തം കുഞ്ഞിനായി അനുപമയെന്ന 22കാരി നടത്തിയ പോരാട്ടം കേരളചരിത്രത്തില്‍ എന്നും അവിസ്മരണീയമായിരിക്കുമെന്നുറപ്പ്. പുരുഷാധിപത്യത്തിലും സവര്‍ണ്ണാധിപത്യത്തിലും അധിഷ്ഠിതമായ മുഴുവന്‍ ഭരണകൂട – രാഷ്ട്രീയ – കുടുംബ സംവിധാനങ്ങള്‍ക്കും എതിരായിരുന്നു അവരുടെ സമരം എന്നതു തന്നെ അതിനു കാരണം. വിരലിലെണ്ണാവുന്നവരുടെ പിന്തുണയോടെയാണ് അനുപമ ആ പോരാട്ടത്തില്‍ വിജയം നേടിയത്. കേരളത്തില്‍ ആരും നേരിടാത്തത്രയും സദാചാര അധിക്ഷേപങ്ങളും സൈബര്‍ അക്രമങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് അനുപമയും അജിത്തും നേരിട്ടത്. എന്നാലതിനെയെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ ഇരുവരും അതിജീവിക്കുന്ന കാഴ്ചയും പോയവര്‍ഷം കേരളം കണ്ടു.

നിയമപരമായി പരിശോധിച്ചാല്‍ നടന്നത് ദത്തുകൊടുക്കല്‍ പ്രക്രിയയല്ല. കുട്ടിക്കടത്തുതന്നെയായിരുന്നു. ദത്തുകൊടുക്കാന്‍ അധികാരമില്ലാത്തവര്‍ അതു ചെയ്താല്‍ കുട്ടിക്കടത്തല്ലാതെ മറ്റെന്താണ്? അനുപമയുടെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നതെന്ന വാദമെല്ലാം പൊളിഞ്ഞിട്ടും ഇപ്പോഴുമത് ആവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. അനുപമയുടെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ അച്ഛന്‍ മകളെ വൈകാരികതയുടെ പേരില്‍ വഞ്ചിക്കുകയായിരുന്നു. അയാള്‍ക്കുവേണ്ടി മുഴുവന്‍ ഭരണകൂടസംവിധാനങ്ങളും പാര്‍ട്ടിയും ഒറ്റകെട്ടാവുകയായിരുന്നു. നിയമവിരുദ്ധമായ രീതിയില്‍ കുട്ടിയെ സ്വീകരിക്കുക, ഒരേദിവസം കിട്ടിയ രണ്ടു കുഞ്ഞുങ്ങളില്‍ ഒന്നിന്റെ മാത്രം ഡി എന്‍ എ പരിശോധന നടത്തുക, ആണ്‍കുട്ടി, പെണ്‍കുട്ടിയാണെന്നു പറയുക തുടങ്ങി പല കള്ളത്തരങ്ങളും അരങ്ങേറി. നിയമപരമായി പരിശോധിച്ചാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്. അതിനു നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ സ്ഥാപനമാണ് എന്നത് ചെറിയ കാര്യമല്ല. അതാകട്ടെ അനുപമ പരാതി കൊടുത്ത ശേഷം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അജിത് ഒരു ദളിതനാണെന്നതായിരുന്നു ഈ സംഭവത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. പുരുഷകേരളം മാത്രമല്ല, ജാതികേരളവും സജീവമായി എന്നര്‍ത്ഥം. അനുപമയുടെ പോരാട്ടം ഇപ്പോഴും ്അവസാനിച്ചിട്ടുല്ല. സംഭവവുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. ്തിനായി പോരാട്ടം തുടരുന്ന അനുപമക്കൊപ്പം നില്‍ക്കാനാണ് ഈ പുതുവര്‍ഷത്തില്‍ ജനാധിപത്യവിശ്വാസികളായ ഏതു മലയാളിയും തയ്യാറാകേണ്ടത്.

കേരളം നിരവധി സാമൂഹിക മേന്മകള്‍ അവകാശപ്പെടുന്ന ഒരു സംസ്ഥാനമാണെങ്കിലും ഏറ്റവും ശോചനീയമായ രീതിയില്‍ ജാതി മേധാവിത്വം നിലനില്‍ക്കുന്ന പഴയ കാലത്തിലേക്ക് തിരിച്ചു പോവുകയാണെന്നു തന്നെയാണ് ദീപ പി മോഹനന്റെ സമരം വ്യക്തമാക്കിയത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദളിത്/പിന്നാക്ക ജാതികളില്‍ പെട്ട വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷനല്‍ കാസ്റ്റിസം തന്നെയാണ് ദീപ നേരിട്ടത്. രോഹിത് വെമുലയും നേരിട്ടത് ഇതു തന്നെയായിരുന്നു. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ദീപയുടെ ഗവേഷണത്തിനു തടസ്സം നിന്ന് 10 വര്‍ഷത്തോളം വൈകിപ്പിച്ചതാകട്ടെ ഒരു ഇടതുപക്ഷ അധ്യാപകനും. കോടതിയും വിവിധ ഭരണഘടന സ്ഥാപനങ്ങളും ഇടപെട്ടിട്ടും ദീപക്ക് നീതി ലഭ്യമായിരുന്നില്ല. പഠനോപകരണങ്ങള്‍ നല്‍കാതിരിക്കുക, പരസ്യയി അധിക്ഷേപിക്കുക, തീസിസ് കറക്റ്റ് ചെയയ്യാതിരിക്കുക തുടങ്ങിയ ഗുരുതരമായ വിവേചനങ്ങളാണ് പി.എച്.ഡി ഗൈഡ് ദീപയോട് ചെയ്തത്. നന്ദകുമാര്‍ കളരിക്കല്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ കുറ്റക്കാരാണെന്ന് അവരുടെ പരാതിയില്‍ യൂണിവേഴ്‌സിറ്റി തന്നെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതുമായിരുന്നു. എസ് സി / എസ് ട്ി കമ്മീഷനും ഹൈക്കോടതിയും ദീപക്ക് വേണ്ട സഹായം ചെയ്തുകൊടുക്കണമെന്ന് യൂണിവേഴ്‌സിറ്റിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തന്റെ വിവേചന അധികാരം ഉപയോഗിച്ചുകൊണ്ട് ജാതീയത വെച്ചു പുലര്‍ത്തുന്ന ഗൈഡ് അതൊന്നും നടപ്പാക്കിയില്ല. അതിനെതിരെയായിരുന്നു വിരലിലെണ്ണാവുന്നവരുടെ സഹകരണത്തോടെ കേരളപിറവിമാസത്തില്‍ ദീപ അനശ്ചിതകാല നിരാഹാരമടക്കമുള്ള സമരങ്ങള്‍ നടത്തിയതും ആവശ്യങ്ങള്‍ നേടിയെടുത്തതും. അപ്പോഴും ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാനും ഗവേഷണം പൂര്‍ത്തിയാക്കാനും ദീപക്കൊപ്പം നില്‍ക്കാന്‍ ജനാധിപത്യകേരളം ബാധ്യസ്ഥമാണ്.

ഫാത്തിമ തഹലിയയിലേക്കുവരാം. പൊതുവില്‍ ഒരു പുരുഷാധിപത്യപാര്‍ട്ടിയായാണല്ലോ മുസ്ലിം ലീഗ് അറിയപ്പെടുന്നത്. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലേ ഉള്ളു എങ്കിലും ലീഗാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പഴി കേല്‍ക്കാറ്. ലീഗിന്റെ നേതൃത്വത്തിലും ജനപ്രതിനിധികളിലും മറ്റുമുള്ള സ്ത്രീകളുടെ എണ്ണം ആനുപാതികമായി മറ്റു പാര്‍ട്ടികളേക്കാള്‍ കുറവാണെന്നതാണ് അതിനു പ്രധാന കാരണം. കൂടാതെ മുസ്ലിം മതം തന്നെ കൂടുതല്‍ സ്ത്രീവിരുദ്ധമാണെന്ന പൊതുബോധവും ശക്തമാണല്ലോ. അത്തരമൊരു സാഹചര്യത്തിലാണ് ഫാത്തിമയുടെ ഉശിരന്‍ നേതൃത്വത്തില്‍ എംഎസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പെണ്‍കുട്ടികള്‍ നടത്തികൊണ്ടിരിക്കുന്ന പോരാട്ടം പ്രസക്തമാകുന്നത്.

സംസ്ഥാനത്ത് നിരവധി പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ലൈംഗികപീഡനങ്ങളുടേയും ലൈംഗികാധിക്ഷേപങ്ങളുടേയും വാര്‍ത്തകള്‍ പിുറത്തുവരാറുണ്ട്. എന്നാല്‍ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കും, നടപടി എടുത്തു എന്ന ഉത്തരങ്ങളാണ് നാം കേള്‍ക്കാറ്. മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സന്‍ പോലും പാര്‍ട്ടിയാണ് കോടതി എന്നു പറഞ്ഞത് കുപ്രസിദ്ധമാണല്ലോ. നിലവിലെ നീതിന്യായവ്യവസ്ഥയില്‍ ക്രിമിനല്‍ കുറ്റമായ സംഗതിയെയാണ് പാര്‍ട്ടി കോടതി അന്വേഷിച്ച് നടപടിയെടുക്കുമെന്നു പറയുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരം സംഭവങ്ങളിലെ ഇരകളും വാദികളുമായവര്‍ മിക്കപ്പോഴും പാര്‍ട്ടി കോടതി വിധി അംഗീകരിച്ച് പിന്മാറുന്നതുമാണ് കാണാറുള്ളത്.

ഏറെക്കുറെ സമാനമായ സംഭവമാണ് എം എസ് എഫുമായി ബന്ധപ്പെട്ട് ഉണ്ടായത്. തങ്ങള്‍ക്കെതിരെ സംഘടനാനേതൃത്വത്തിലെ ചിലര്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിതയിലെ കുട്ടികളുടെ പരാതി. അവര്‍ എം എസ് എഫിലും ലീഗിലും പരാതി നല്‍കി. എന്നാല്‍ ഒരു മാസത്തില്‍ കൂടുതല്‍ കാത്തിരുന്നിട്ടും പ്രതികരണമില്ലാതായപ്പോഴാണ് വനിതാകമ്മീഷന് പരാതി നല്‍കിയത്. അതോടെയാണ് ഉറക്കം നടിച്ചവരെല്ലാം എണീറ്റത്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നില്ല, പരാതി നല്‍കിയവരെ കൊണ്ട് അത് പിന്‍വലിപ്പിക്കാനാണ് ശ്രമം നടന്നത്. അതിനു കീഴടങ്ങാതെ പോരാട്ടത്തിന്റെ പാതയാണ് ഹരിത സ്വീകരിച്ചത്. പാര്‍ട്ടി ഫാത്തിമക്കും കൂട്ടര്‍ക്കുമെതിരെ നടപടിയെടുത്തെങ്കിലും അവര്‍ പോരാട്ടം തുടരുകയാണ്. പൊതുപ്രവര്‍ത്തകരായ മുഴുവന്‍ സ്ത്രീകള്‍ക്കും മാതൃകയാകുന്ന പോരാട്ടമാണ് അവര്‍ നടത്തുന്നത്. മുകളില്‍ പറഞ്ഞ രണ്ടു പോരാട്ടങ്ങലിലുമെന്നപോലെ ഇവിടേയും ഇവര്‍ക്കൊപ്പം നില്‍ക്കാനാണ് പുതുവര്‍ഷത്തില്‍ ലിംഗനീതിയിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്ന മുഴുവന്‍ പേരും തയ്യാറാകേണ്ടത്. ഈ മാതൃകയില്‍ വരും വര്‍ഷങ്ങളിലും ശക്തമായ പോരാട്ടങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നു വരുമെന്നുറപ്പ്. ഇതാണ് 2021 നല്‍കുന്ന ഒരു പ്രധാന പ്രതീക്ഷ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply