ജനാധിപത്യത്തിന്റെ കുരുതിക്കളമാകുന്ന കലാലയരാഷ്ട്രീയം
ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും പ്രതിപക്ഷബഹുമാനവും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ഈ അടിസ്ഥാനഘടകങ്ങള്‍ ഉള്‍ക്കൊള്ളാനും പഠിക്കാനും പ്രയോഗിക്കാനും കഴിയുന്ന ഒന്നായിരിക്കണം കലാലയ രാഷ്ട്രീയം. എന്നാല്‍ അതങ്ങനെയല്ല എന്നാണ് അവസാനം കേരളവര്‍മ്മയിലെ സംഭവങ്ങളും വ്യക്തമാക്കുന്നത്.
രാഷ്ട്രീയപ്രബുദ്ധമായ കേരളത്തിലെ കലാലയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൃശൂരിലെ കേരളവര്‍മ്മ എന്നാണ് വെപ്പ്. എന്നാല്‍ മിക്കപ്പോഴും അവിടെ നിന്ന് വരാറുള്ള വാര്‍ത്തകള്‍ ഈ അവകാശവാദവുമായി ചേര്‍ന്നു പോകുന്നതല്ല. അതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുതല്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍, തങ്ങളുടെ പതിറ്റാണ്ടുകളുടെ കുത്തക അവസാനിക്കുമെന്നായപ്പോള്‍ ജനാധിപത്യത്തെ അട്ടിമറിച്ച്, കെ എസ് യുവിയില്‍ നിന്ന് എസ് എഫ് ഐ വിജയം നേടി എന്നതാണത്.തീര്‍ച്ചയായും ആരോപണത്തെ എസ് എഫ് ഐ നിഷേധിക്കുന്നുണ്ട്. എന്നാല്‍ സാഹചര്യതെളിവുകളെല്ലാം ആരോപണത്തെ ശരിവെക്കുന്നതാണ്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വ്യക്തിയെ യൂണിവേഴ്സിറ്റി ഭാരവാഹിയാക്കാന്‍ ശ്രമിച്ച സംഭവമുണ്ടായിട്ട് അധികം ദിവസങ്ങളായിട്ടില്ല എന്നതും ഓര്‍ക്കാവുന്നതാണ്.
കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയും ഭിന്നകാഴ്ചശേഷിയുള്ള വിദ്യാര്‍്ത്ഥിയുമായ ശ്രീകുട്ടന്‍ ഒരു വോട്ടിനു വിജയിച്ചതായും എസ് എഫ് ഐ റീകണ്ടിംഗ് ആവശ്യപ്പെട്ടതായുമായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്കുശേഷം പിറ്റേന്ന് ആദ്യം തന്നെ തങ്ങളാണ് വിജയിച്ചതെന്ന് രേഖകളുമായി എസ് എഫ് ഐ രംഗത്തു വന്നിട്ടുണ്ട്. എങ്കിലെന്തിനാണാവോ അവര്‍ റീകൗണ്ടിംഗ് ആവശ്യപ്പെട്ടത? എസ് എഫ് ഐയുടെ മാത്രമല്ല, ഇടതുപക്ഷ അധ്യാപക സംഘടനയുടേയും കോട്ടയായ ഒരു കലാലയത്തില്‍ എന്തു രേഖയും തയ്യാറാക്കാനാകുമെന്ന് ആര്‍ക്കാണറിയാത്തത്? വൈദ്യുതിവിതരണം പലുമില്ലാതിരുന്ന അര്‍ദ്ധരാത്രിയാണ് മൂന്നോ നാലോ തവണ എണ്ണി എസ് എഫ് ഐയെ വിജയിപ്പിച്ചത് എന്നതാണ് വസ്തുത. അര്‍ദ്ധരാത്രിയില്‍ വോട്ടെണ്ണുന്നതില്‍ പ്രതിഷേധിച്ച് കെ എശ് യു പ്രവര്‍ത്തകര്‍ സ്ഥലം വിട്ടിരുന്നു എന്നതും ഓര്‍ക്കണം. കോളേജിന്റെ ഉടമയായ, ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് രാത്രിതന്നെ വോട്ടെണ്ണിയതെന്ന് പ്രിന്‍സിപ്പാള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. സംഭവിച്ചത് ജനാധിപത്യത്തെ കുരുതി കൊടുത്തതല്ലാതെ മറ്റൊന്നുമല്ലെന്നര്‍ത്ഥം. എസ് എഫ് ഐയില്‍ കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് അതിലൊരു അത്ഭുതവും തോന്നില്ല.
ലോകമെങ്ങുമുണ്ടായിട്ടുള്ള സാമൂഹ്യമാറ്റങ്ങളുടേയും ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എവിടേയും വിദ്യാര്‍ത്ഥികളുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. സമഗ്രാധിപത്യത്തിനെതിരെ, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമായി നടന്ന ചൈനയിലെ വിദ്യാര്‍ത്ഥികലാപമെല്ലാം മറക്കാറായിട്ടില്ലല്ലോ. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. സ്വാതന്ത്ര്യസമരകാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ അതു പ്രകടമാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷവും പൗരത്വഭേദഗതി നിയമത്തിന്റെ സമയത്തും പോലും നാമത് കണ്ടു. പക്ഷെ രാഷ്ട്രീയ പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിന്റെ അവസ്ഥ പൊതുവില്‍ നിരാശാജനകമാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അനിവാര്യമായ ജനാധിപത്യബോധം നിലനില്‍ക്കാത്ത ഒന്നാണ് നമ്മുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും പ്രതിപക്ഷബഹുമാനവും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ഈ അടിസ്ഥാനഘടകങ്ങള്‍ ഉള്‍ക്കൊള്ളാനും പഠിക്കാനും പ്രയോഗിക്കാനും കഴിയുന്ന ഒന്നായിരിക്കണം കലാലയ രാഷ്ട്രീയം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവ തീരെയില്ലാത്ത ഒന്നായി പൊതുവില്‍ നമ്മുടെ കലാലയ രാഷ്ട്രീയം മാറിയിരിക്കുന്നു. ആണ്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ കൈകരുത്തിന്റെ പ്രതീകം മാത്രമാണ് ഇന്നത്. ഈ വിദ്യാര്‍ത്ഥി നേതാക്കളാണ് ഭാവിയില്‍ നമ്മെ നയിക്കാനും ഭരിക്കാനും പോകുന്നവരില്‍ ബഹുഭൂരിപക്ഷവും എന്നതാണ് ഭീതിപ്പെടുത്തേണ്ടത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഏതാനും വര്‍ഷം മുമ്പ് ജിഷ്ണുപ്രണോയുടെ മരണം, യൂണിവേഴ്സിറ്റി കോളേജ് ലോ കോളേജ് സംഭവവികാസങ്ങള്‍ തുടങ്ങിയവക്കുശേഷം എസ് എഫ് ഐയുടെ സമഗ്രാധിപത്യത്തിനെതിരെ അവര്‍ക്കിടയില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.. എസ് എഫ് ഐയുടെ ഫാസിസം ഏറ്റവും ശക്തമായി നിലനിന്നിരുന്ന കലാലയമായിരുന്നല്ലോ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്. എ ഐ എസ് എഫ് അടക്കം ഒരു സംഘടനക്കും പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നില്ല. അവിടത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും നിര്‍ബന്ധിച്ച് തങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുകയാണ് എസ് എഫ് ഐ ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസം വിടണമെങ്കിലോ മൂളിപ്പാട്ടുപാടണമെങ്കിലോ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പരസ്പരം സംസാരിക്കാനോ പോലും നേതാക്കളോട് ചോദിക്കേണ്ട അവസ്ഥയായിരുന്നു. എത്രയോ പേര്‍ പഠനമവസാനിപ്പിച്ചിട്ടുണ്ട്. തടവറക്കുള്ളിലാണ് തങ്ങളുടെ ജീവിതമെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോലും സ്വകാര്യമായി പറയുമായിരുന്നു. പിന്നീടവര്‍ പരസ്യമായി പറഞ്ഞു. ഒരു എസ് എഫ് ഐ പ്രവര്‍ത്തകന് അവരുടെ തന്നെ നേതാക്കളില്‍ നിന്ന് കുത്തേറ്റതിനെ തുടര്‍ന്നായിരുന്നു അത്. ഇനിയും നേതാക്കളുടെ അടിമകളാകാന്‍ തയ്യാറല്ല എന്ന് എസ് എഫ ഐയുടെ അണികള്‍ തന്നെ പ്രഖ്യാപിച്ചു തെരുവിലിറങ്ങി. പെണ്‍കുട്ടികളായിരുന്നു മുന്‍നിരയില്‍. ചാനല്‍ ചര്‍ച്ചകളില്‍ ആ വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ക്കുുമുന്നില്‍ ജെയ്ക്ക് തോമസിനെപോലുള്ള നേതാക്കള്‍ വെള്ളം കുടിച്ച കാഴ്ച മലയാളി മറന്നിട്ടില്ല. അവസാനം കോളേജ് യൂണിറ്റ്് പിരിച്ചുവിടാന്‍ നേതൃത്വത്തിനു തയ്യാറാകേണ്ടി വന്നു. അതിനു ശേഷം ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടായി എന്നു കരുതുന്നവര്‍ക്കു തെറ്റുപറ്റിയെന്നാണ് കേരളവര്‍മ്മയിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ എ ഐ എസ് എഫ് നേതാവായ നിമിഷ രാജുവിന് എസ് എഫ് ഐ നേതാവില്‍ നിന്ന് തിക്താനുഭവം ഉണ്ടായിട്ടും അധികമാസങ്ങള്‍ ആയിട്ടില്ലല്ലോ.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം വളരെ മോശപ്പെട്ട അവസ്ഥയിലെത്താനും പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ പുറത്തുപോകാനും പല കാരണങ്ങള്‍ക്കൊപ്പം ഇതും ഒരു കാരണമാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ ലോകോത്തരമാക്കുമെന്നൊക്കെ കൊട്ടിഘോഷിക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നത്. വിദ്യാര്‍ത്ഥികളിലും രക്ഷാകര്‍ത്താക്കളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരായ വികാരമുണ്ടാകാനും അരാഷ്ട്രീയവാദം ശക്തമാകാനുമുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്. രാഷ്ട്രീയനേതാക്കള്‍ പോലും തങ്ങളുടെ മക്കളെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നു തടയുകയും രാഷ്ട്രീയം തൊട്ടുതീണ്ടാത്ത കലാലയങ്ങളില്‍ പഠിപ്പിക്കുകയുമാണല്ലോ. അരാഷ്ട്രീമായ ഒരു തലമുറയാണ് ഇവിടെ വളരുന്നത് എന്നത് ഭീതിതമായ ഒന്നാണ്. കാരണം രാജ്യത്ത് ശക്തമായികൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ആഗ്രഹിക്കുന്നത് അത്തരെമാരു തലമുറയെയാണ്. അവര്‍ക്കുള്ള വിടുപണിയാണ് അറിഞ്ഞോ അറിയാതേയോ ഇവെരെല്ലാം ചെയ്യുന്നത്.
രാഷ്ട്രീയപ്രബുദ്ധമെന്നു കൊട്ടിഘോഷിക്കുന്ന കേരളവര്‍മ്മയിലേക്കു തിരിച്ചുവരാം. സംസ്ഥാനത്തെ കുറെ സാംസ്‌കാരിക നായകരും എഴുത്തുകാരും രാഷ്ട്രീയനേതാക്കളുമൊക്കെ പഠിച്ച, പഠിപ്പിച്ച, പഠിപ്പിക്കുന്ന കോളേജാണ് എന്നതുകൊണ്ടാണോ അത്തരത്തില്‍ വിശേഷിപ്പക്കുന്നത് എന്നറിയില്ല. ഇപ്പോള്‍തന്നേ ഉന്നതവിദ്യാഭ്യാസ മന്ത്രിയടക്കും തൃശൂരില്‍ നിന്നുള്ള മൂന്നു മന്ത്രിമാരും എംഎല്‍എയുമൊക്കെ കേരളവര്‍മ്മയിലൂടെ കടന്നുപോയവരാണ്. എന്നാല്‍ അതാണോ രാഷ്ട്രീയപ്രബുദ്ധത? അടിസ്ഥാനപരമായി ജനാധിപത്യബോധമുള്ള ഒരു തലമുറയുണ്ടാകുക എന്നതാണ് രാഷ്ട്രീയപ്രബുദ്ധതയുടെ അളവുകോല്‍. വര്‍ഷങ്ങളായി മറ്റുസംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം പോലും നിഷേധിച്ചാണ് മറ്റു പല കലാലയങ്ങളേയും പോലും ഇവിടേയും എസ് എഫ് .ഐ കുത്തക നിലനില്‍ക്കുന്നത്. കെ എസ് യു പ്രവര്‍ത്തകര്‍ മാത്രമല്ല സഖ്യകക്ഷിയായ എ ഐ എസ് എഫ് പ്രവര്‍ത്തകരും ജെ എന്‍ യുവില്‍ സഖ്യകക്ഷിയായ ഐസ പ്രവര്‍ത്തകരും മാവോയിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരുമൊക്കെ ഇവരുടെ മര്‍ദ്ദനത്തിനു വിധേയമായിട്ടുണ്ട്. എസ് എഫ് ഐ പോലെ സമഗ്രാധിപത്യ സ്വഭാവമുള്ളവരായതിനാല്‍ എ ബി വി പി മാത്രം കൈ കരുത്തില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. സമീപകാലത്താണ് കെ എസ് യു വീണ്ടും അല്‍പ്പസ്വല്‍പ്പമൊക്കെ സജീവമായത്. മൂന്നു പതിറ്റാണ്ടിനുശേഷ ംആദ്യമായാണ് അവര്‍ ഒരു ജനറല്‍ സീറ്റില്‍ ജയിക്കുന്നത്. അതാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇപ്പോഴും എയ്ഡഡ് മേഖലയില്‍ സംവരണമെന്ന ഭരണഘടാനാവകാശം നിലനില്‍്ക്കാത്തതിനാല്‍ ഇവിടത്തെ അധ്യാപകരില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണവിഭാഗങ്ങളാണ്. അവരൊന്നും സംവരണം നടപ്പാക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നത് കേട്ടിട്ടില്ല. എയ്ഡഡ് കോളേജുകളില്‍ മിക്കവരും ജോലി നേടുന്നത് എങ്ങനെയെന്ന് പ്രത്യേകിച്ച് പറ.യേണ്ടതില്ലല്ലോ. അവരില്‍ ദളിതരോ മുസ്ലിമുകളോ ഏറെക്കുറെ വട്ടപൂജ്യം. ഈ അധ്യാപകരാകട്ടെ ഏറെക്കുറെ എല്ലാവരും ഇടതുപക്ഷം. കഴിഞ്ഞില്ല, പലരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും. ഇതൊക്കെയാണ് രാഷ്ട്രീയ പ്രബുദ്ധതയെങ്കില്‍ ഈ കലാലയം രാഷ്ട്രീയ പ്രബുദ്ധം തന്നെ. അപ്പോള്‍ പിന്നെ ഇത്തരം സംഭവങ്ങള്‍ നടക്കാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in