അക്കിത്തത്തില്‍ നിന്നും പിണങ്ങിപ്പോയ കവി
പരുന്തിന്റെ ജീവിതമാണ് കോഴി, കോഴിയുടെ വിപരീതജീവിതമാണ് പരുന്ത്. പരുന്തും കോഴിയും ഒരേ തുടര്‍ച്ചയാണ്. പരുന്ത് ഒരു ഹിംസയല്ല, ഹിംസയുടെ അഹിംസയാണ്. ആകാശത്തിന്റ പൊട്ടും ഉയരങ്ങളുടെ ആത്മീയതയും അകലങ്ങളുടെ ആശ്ചര്യചിഹ്നവുമാണ്, ഒരേ സമയം നിശ്ചലതയും കുതിപ്പുമായ
റാകിപ്പറക്കുന്ന ആ ചെമ്പരുന്ത്. കോഴി ഒരു കവിതയല്ല, അഹിംസയുടെ ഹിംസയാണ്. മരണത്തിനുമുമ്പോ പിമ്പോ ഉള്ള ജീവിതമോ മരണത്തിലും തുടരുന്ന ജീവനമോ മരണശേഷമുള്ള ജീവനോ ആണ് ആ പിടയും പൂവനും. കൂര്‍ത്ത നഖങ്ങളില്‍ കുരുങ്ങിയാലും കോഴികുഞ്ഞ് പാട്ട് തുടരും. വിരാമചിഹ്നമിട്ടാലും തുടരുന്നതാണ് വചനം. വചനം തന്നെയാണല്ലോ രക്തവും മാംസവും. ഇടയിലുള്ള സര്‍വ്വഭക്ഷകനായ മനുഷ്യനാണ്, കവിത തന്നെയാണ് ചോദ്യചിഹ്നം.
അക്കിത്തം മനയില്‍ നിന്നും അക്കിത്തത്തില്‍ നിന്നുതന്നെയും പിണങ്ങിയിറങ്ങിപ്പോന്നതാണ് കവിയായ അക്കിത്തം. സത്യത്തില്‍ തെരുവുകളിലെവിടയോ അലയുകയായിരുന്നു.. ഒരുപക്ഷേ, മലയാളത്തിലെഴുതപ്പെട്ട ഏറ്റവും ‘പ്രശ്‌നഭരിത’മായ രണ്ടു വരികള്‍ പിണങ്ങിപ്പോയ ഈ കവിയുടേതായിരിക്കും.
‘ഇന്നലെ വിരിഞ്ഞതാം പൂങ്കോഴിച്ചോരകുഞ്ഞോടി
ന്നേയ്ക്കു പരുന്തിനു വൈരമെങ്ങനെയുണ്ടായി?’
കവിയുടെ പഞ്ചതന്ത്രമാണിതെന്നു പറയാം. കാവ്യതന്ത്രത്തിന്റെ വക്രോക്തിയില്‍ മനുഷ്യനും മൃഗവുമാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. പ്രകൃതിയും പരിപോഷണവും, ആര്‍ജ്ജിതപാരമ്പര്യവും അസംസ്‌കൃതവും, കിരാതത്വവും പരിഷ്‌ക്കാരവും, മൃഗീയതയും മനുഷ്യത്വവും, പുരോഗമനവും പ്രാകൃതത്വവും, വികസനവും അവികസനവും, ഹിംസയും അഹിംസയുമെല്ലാം ആ ജീവന്‍മരണപേരാട്ടത്തിന്റെ മുള്‍മുനയിലാണ് അല്ലെങ്കില്‍ അവയെല്ലാം പ്രതീകാത്മകമായി, ഭാഷാപരമായി പ്രശ്‌നഭരിതമാണ്. അതിനപ്പുറം വട്ടമിട്ടുപറക്കുന്ന അതിജീവനമുണ്ട്, താഴെ ചിറകിലൊതുക്കുന്ന സ്‌നേഹത്തിന്റെ കരുതല്‍, കൊന്നാലും മുളച്ചുവരുന്ന ഇളംജീവന്റെ ദാഹം.
എത്ര വട്ടമിട്ടുപറന്നാലും പരുന്തിന് ഇറച്ചിതിന്നാനായി താഴെയെത്താതിരിക്കാനാവില്ലെന്ന് ശ്രീരാമകൃഷ്ണന്‍. കടുവ അതിന്റെ ഇരയെ മാന്തുകയോ കടിച്ചുകീറുകയോ ചെയ്യാറുള്ളൂ. ഒരു കടുവയും ഇരയെ കുന്തമുനയില്‍ കോര്‍ക്കാറില്ലെന്നും അതുകൊണ്ട് മനുഷ്യന്റെ കൊടുംക്രൂരതകളെ ‘മൃഗീയ’മെന്നു വിശേഷിപ്പിക്കുന്നത് മൃഗങ്ങളെ അപമാനിക്കുന്നതാണെന്നും ദോസ്തയവ്‌സ്‌കി. ഷുദ്രതയുടെ അതിരുകള്‍ തട്ടിത്തെറിപ്പിക്കാനായുന്ന വ്യഗ്രതയുടെ ബോധം അതിന്റെതന്നെ സ്വന്തം പ്രതീക്ഷകള്‍ സ്ഥാപിച്ചെടുക്കുന്നത് ഓരോരോ സംഭവവികാസങ്ങളിലും ഏതൊരു മാറ്റത്തിന്റെ തെളിച്ചത്തിലും, എന്തിനേറെ, കുറ്റകൃത്യങ്ങളില്‍ പോലുമാണെന്ന് ഹെഗല്‍. ശവം കഴുകന്റെ ഭക്ഷണം മാത്രമാണ്. പുഴുവിനുള്ളതാണ് ദേഹം. എല്ലാ ഭക്ഷണവും ഒരര്‍ത്ഥത്തില്‍ കൊന്നുതിന്നലാണ്. ഏതൊരാളുടെ ജീവനവും മറ്റൊരാളുടെ നിഷ്‌കാസനമാണ്. തത്തയേയും കഴുകനേയും വേര്‍തിരിക്കുന്നതാരാണ്? പരുന്തിനെ കോഴിയില്‍ നിന്നും കൊത്തിയകറ്റുന്നതാര്? പരുന്തിന്റെ തുടര്‍ച്ചതന്നെയല്ലേ കോഴി അതോ കോഴി തന്നെയോ പരുന്ത്? പേര് പരസ്പരം മാറിപ്പോയതാവും. ഒന്ന് രണ്ടില്‍ നിന്നും അല്ലെങ്കില്‍ രണ്ട് ഒന്നില്‍ നിന്നും തന്നെയല്ലേ വരുന്നത്?
‘മനുഷ്യത്വം’ സ്വന്തം ശരീരത്തില്‍ നിന്നും ഉത്പാദിപ്പിച്ചെടുത്ത രണ്ട് ആയുധങ്ങളാണ് ഹിംസയും അഹിംസയും. അഹിംസയ്ക്കു വിജയശ്രീലാളിതമാകാന്‍ ഹിംസയെ കീഴടക്കണം. അഹിംസയ്ക്കു മാന്യനാവാന്‍ ഹിംസയുടെ അപരിഷ്‌കൃതി വേണം. അതിന് ഉദ്ധരിച്ച് മഹാത്മാവാകാന്‍ ‘ഹരിജനങ്ങള്‍’ വേണം. സ്വന്തം മാനുഷികത തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് പന്തിഭോജനം. ‘എല്ലാ കുഞ്ഞാടു കളും സിംഹത്തിനൊപ്പം കിടന്നാല്‍ ആടുകളെ മൃഷ്ടാന്നമാക്കുന്ന ശീലം സിംഹം ഉപേക്ഷിക്കു’മെന്നാണ് ഗാന്ധിവചനം. തിരിച്ച് ഒരിക്കലും സിംഹം കുഞ്ഞാടുകളോടൊത്തു കിടക്കാനൊരുങ്ങുകയില്ല. എന്നുവെച്ചാല്‍ ആദ്യം സത്യാന്വേഷണ പരീക്ഷണത്തിനൊരുങ്ങേണ്ടത് കുഞ്ഞാടുകളാണ്.റേപ്പിസ്റ്റിനോടൊപ്പം സ്വമേധയാ ശയിച്ച് അയാളെ പരിവര്‍ത്തിപ്പിക്കേ അധികബാധ്യത ഇരയുടേതാണ്. ഹിറ്റ്‌ലറില്‍ കുറ്റബോധമുണ്ടാക്കേണ്ട കടമ ഗ്യാസ് ചേമ്പറിലേയ്ക്ക് വരിവരിയായി നീങ്ങുന്ന ജൂതന്‍മാരുടേതാണ്. ബീഫിന്റെ പേരില്‍ തെരുവില്‍ തല്ലികൊല്ലപ്പെടുന്ന, സാമൂഹ്യപൗരത്വത്തില്‍ നിന്നുതന്നെ പുറത്താക്കപ്പെടുന്ന ഇസ്‌ളാം മതസ്ഥരോ, ദളിതരോ; അപരവത്കരിക്കപ്പെടുന്ന, അദൃശ്യരാക്കപ്പെടുന്ന മറ്റു മനുഷ്യരോ ആണ് മരണത്തിനു മുമ്പോ ഡിറ്റന്‍ഷന്‍ സെന്ററിലിരുന്നോ മോഡിയ്ക്കും സംഘപരിവാറിനും അഹംസയുടെ പാഠങ്ങള്‍ ചൊല്ലികൊടുക്കേണ്ടത്. ചുരുക്കത്തില്‍ ഉറങ്ങാതെ കാവലിരിക്കേണ്ട അസ്വാതന്ത്ര്യമെന്നത് ഇരയുടെ കടമയും, ഉണ്ടുറങ്ങി വേട്ടക്കിറങ്ങേണ്ട സ്വാതന്ത്ര്യമെന്നത് വേട്ടക്കാരന്റെ ആനുകൂല്യവുമാണ്. ഇവിടെയാണ് അഹിംസ ഹിംസയുടെ രൂപത്തില്‍ വരുന്നത്. അഹിംസ നിലനിര്‍ത്താന്‍ എത്രപേര്‍ ഹിംസിക്കപ്പെടണം? അധികാരത്തില്‍ പ്രതിരോധം ഉള്‍ച്ചേര്‍ന്നിരിക്കുന്നതുപോലെ ഹിംസയില്‍ അഹിംസ നിര്‍ല്ലീനമായിരിക്കുന്നുവെന്ന് പറയാം. എവിടെ X ഉേണ്ടാ അവിടെ Y ഉണ്ട്, രണ്ടാമതായി, Y ഇല്ലെങ്കില്‍ ഒരിക്കലും X ഇല്ലെന്നോ X ഉെങ്കില്‍ പിന്നെ Y യുമുാകുമെന്നോ ഫൂക്കോള്‍ഡിയന്‍ രീതിയില്‍ അര്‍ത്ഥാന്തരവുമാകാം. ‘ഭാവത്തിന്‍ പരകോടിയില്‍ സ്വയമഭാവത്തിന്‍ സ്വഭാവം വരാം’ എന്ന ‘പ്രരോദന’ത്തിലെ ഭൂതപിണ്ഡത്തെ പിളര്‍ക്കുന്ന മൊഴിയുമാകാം (എന്നും വൈരുദ്ധ്യസഹവര്‍ത്തിയും സംവാദഭിക്ഷുവുമാണല്ലോ കുമാരകവി!).
ആദ്യം ഹിംസ, പിന്നെ അഹിംസയെന്നാണോ? പലതരം അഹിംസകളും ഹിംസകളുമുേണ്ടാ? മനഃപൂര്‍വ്വ ഹിംസയും ആകസ്മിക ഹിംസയുമുണ്ടോ? സാധാരണ ഹിംസയും മഹാഹിംസയുമുണ്ടോ? ധീരമായ ഹിംസയും ഭീരുത്വഹിംസയുമുേണ്ടാ? ഒരുത്തരം സാധ്യമല്ലെന്നതാണ് ഈ ചോദ്യങ്ങളുടെയല്ലാം ഒരേയൊരു ഉത്തരം, ഒരുത്തരം തന്നെ നിരവധി ചോദ്യങ്ങളായി തീരുമെന്നതുകൊണ്ടാണ് ഗാന്ധിയന്‍ ദര്‍ശനത്തെക്കുറിച്ച് പുസ്തകമെഴുതിയ (‘ഗാന്ധി ആന്റ് ഫിലോസഫി: ഓണ്‍ തിയോളജിക്കല്‍ ആന്റി പൊളിറ്റിക്‌സ്’) ഷാജി മോഹനും ദിവ്യ ദിവേദിയും ഹിംസയെക്കുറിച്ച് തുരുതുരെ ചോദ്യങ്ങളുന്നയിക്കുന്നത്: ‘എപ്പോഴൊക്കെയാണ് ഹിംസ? ഒരു പക്ഷി നിലംപൊത്തുന്ന മാതിരി താഴേയ്ക്കുവരുമ്പോള്‍ ഹൃദയത്തിലുണ്ടാകുന്ന കുതിപ്പോ? സിംഹം ഒരു കുഞ്ഞുമൃഗത്തെ കൊന്നുതിന്നുമ്പോഴുണ്ടാകുന്നതോ? ഒരു കുതിരസവാരിക്കാരന്‍ കുതിരപ്പുറത്തുനിന്നു വീണതുകൊണ്ട് അത് കുതിരയുടെ പ്രകൃത
ത്തിലുള്ളതോ? പുല്ലു ചവയ്ക്കുന്ന പശുവിന്റെ വായിലുള്ളതോ? കൊടുംവേനല്‍ക്കാല സൂര്യന്‍ വെടിച്ചിട്ടിരിക്കുന്ന നിലം ഉഴുതുമറിക്കുന്നതു ഹിംസയോ? ഭ്രാന്തുപിടിച്ച ആള്‍ക്കുട്ടം ഒരാളെ പച്ചയ്ക്കു തല്ലികൊല്ലുമ്പോള്‍ അവസാനരക്ഷയെന്ന നിലയില്‍ അയാള്‍ തിരിച്ചുതല്ലുന്നതോ ഹിംസ? മുതിര്‍ന്ന ഒരാള്‍ അനുസരണക്കേടു കാട്ടുന്ന കുട്ടിയെ കടുത്ത വാക്കുകളാല്‍ ശാസിക്കുന്നതോ? കാറ്റ് തോട്ടത്തിലെ ഏറ്റവും പഴക്കമേറിയ മരത്തെ മറിച്ചിടുന്നതോ? ഭാവിതലമുറയ്ക്ക് വ്യാഖ്യാനിക്കാന്‍ ഒരല്പം ബാക്കിവെച്ച് ഒരു സാമ്രാജ്യം അതുതന്നെ സൃഷ്ടിച്ചെടുത്ത കൊടുംതാഴ്ച്ചയിലേക്ക് കൂപ്പുകുത്തുന്നതോ?’
റിച്ചാര്‍ഡ് ബെല്‍ പറയുന്നതുപോലെ, ഹിംസയും ഹിംസയെക്കുറിച്ചുള്ള ധാരണകളും സ്ഥിരമല്ലെന്ന് ഈ ചോദ്യശരങ്ങള്‍ വെളിവാക്കുന്നു. ഹിംസയ്ക്കും അഹിംസയ്ക്കും ഇടയിലുള്ള രേഖ നിര്‍ണ്ണയിക്കുക സാധ്യമല്ലെന്ന് റ്റോഡ് മേയും സാക്ഷ്യപ്പെടുത്തുന്നു. യുദ്ധവും സഹൃദവും ഒരുപക്ഷേ ഇഴചേര്‍ന്നിരിക്കുകയാവാം. സൗഹൃദത്തിന് എപ്പോഴും ഒരു ശത്രുവിനെ കണ്ടുപിടിക്കേണ്ടതുണ്ടായിരിക്കാം. അതിനപ്പുറമോ ഇപ്പുറമോ നമ്മോട് തൊട്ടോ, ഇടയിലൂടെയോ, ഉള്ളുരഞ്ഞോ ഒഴുകുന്ന പുഴയെ ഇനിയും കെത്തി ഭാഷണത്തിലെത്തിക്കേതുണ്ട്. അപരത്വം മറ്റൊരു അപരത്വത്തിന്റെ സത്തയിലേയ്ക്കു പവേശിക്കുന്ന സാഹസികതയുടെ നീരൊഴുക്കും സ്വാഭാവികതയും സ്‌നേഹത്തിലുണ്ടായിരിക്കാം. ലൈംഗിക ബന്ധത്തില്‍ എപ്പോഴും ഒരാള്‍ മാത്രമേയുള്ളൂ എന്നതുകൊണ്ട് ് അതിനു കീഴിലോ മേലെയോ സ്‌നേഹത്തെ ഇനിയും ഇനിയും ഏതു വിധേനയും കണ്ടുപിടിക്കേതുണ്ട് (‘Love must be re-invented, that much is clear’þ Arthur Rimbaud, Deliria-1). യഥാര്‍ത്ഥത്തില്‍ ഹിംസയ്ക്കും അഹിംസയ്ക്കുമപ്പുറമോ ഇപ്പുറമോ ഉള്ളതായിരിക്കാം സാമൂഹികതയുടെ തുടര്‍ച്ച, അതായിരിക്കാം പിടികൊടുക്കാതെ തുറന്നുകിടക്കുന്ന ഈ പൊതുഇടം. അവിടെ പരസ്പരജീവിതം (relationality) സ്‌നേഹത്തെ, കൂടികലരുന്ന ജലത്തെ, ശ്വസിക്കുന്ന വായുവിനെ വീണ്ടും വീണ്ടും കണ്ടെത്തികൊണ്ടേയിരിക്കും. അഹിംസയുടെ പുതിയ പാഠങ്ങള്‍ വരുന്നത് ഗാന്ധിയില്‍ നിന്നല്ല, പുതിയ സമരമുഖങ്ങളില്‍ നിന്നുതന്നെയാണ്. അഹിംസ ആരും പഠിപ്പിക്കേ ഒന്നല്ല, ഏതു പഠിപ്പിക്കലിലും അധികാരവും ഹിംസയുണ്ടെന്ന് ആര്‍ക്കാണറിയാത്തത്?
ഈ ‘മാനുഷികത’, ‘മനുഷ്യന്‍’ എന്നോക്കെയുള്ള സംജ്ഞകളും മാനകങ്ങളും വളരെയേറെ പ്രശ്‌നകലുഷിതവും താര്‍ക്കികവുമായ സാമാന്യവത്കരണങ്ങളാണ്. ഒരുതരം സങ്കീര്‍ണ്ണതകള്‍ക്കും വ്യത്യസ്തതകള്‍ക്കും ദുരൂഹതകള്‍ക്കും ഇടംകൊടുക്കാത്ത വടിവുള്ള കമ്മട്ടങ്ങള്‍. ഒരൊറ്റ കുട. അതിനുകീഴെ ഓരാള്‍ക്കേ നനയാതെ നില്‍ക്കാനാവൂ. ഒരു കാറ്റടിച്ചാല്‍ മതി അയാളും നനയും. ‘മനുഷ്യന്‍’ എന്നത് ആരുടയൊക്കെ ബഹിഷ്‌കരണമാണ്? ‘മനുഷ്യത്വ’ത്തില്‍ ആരൊക്കെയാണുള്‍പ്പെടാത്തത്? അതുകൊണ്ടാണ് സ്ത്രീയും ദളിതനും ട്രാന്‍സ്‌ജെന്‍ഡറും തുടങ്ങി ഒട്ടേറെ അതലങ്ങള്‍ അതിനു പുറത്തുണ്ടായികൊിരിക്കുന്നത്. ‘മാനുഷികത’ അതിന്റെ തത്വമസി സ്ഥാപിച്ചെടുക്കുന്നത് ‘നേതി, നേതി’ എന്നു പറഞ്ഞുകൊണ്ടാണ്. ‘അസത്താ’യതിനെ വൈരാഗ്യത്തോടെ നിര്‍മാര്‍ജനം ചെയ്യുകയെന്നതാണ് അതിന്റെ ശങ്കരയുക്തി. ഭീകരവാദി, മാവോയിസ്റ്റ്, രാജ്യദ്രോഹി എന്നൊക്കെ ‘അസത്തു’ക്കളെ നമ്പരിട്ട് വരിവരിയായി നിര്‍ത്തികഴിഞ്ഞാല്‍ മാനുഷികത ഒരു തോക്കായി, അത് സംസാരിക്കില്ല. വെടിയുതിര്‍ക്കുകയേയുള്ളൂ.
മനുഷ്യകേന്ദ്രിതമായ പഴയ ‘അറക്കവാളുകള്‍’ (ഭാഷ, ഉപകരണങ്ങളുടെ ഉപയോഗശേഷി, പരമ്പരാഗതമായ സംസ്‌കാരിക പെരുമാറ്റചര്യകള്‍ തുടങ്ങിയവ) കൊണ്ട് ‘നമ്മളെ’ മൃഗങ്ങളില്‍ നിന്നും വെട്ടിമാറ്റുന്ന പഴയ പ്രയോഗരീതികളെ കോഗ്നിറ്റീവ് ഇതോളജിയിലും ഫീല്‍ഡ് ഇക്കോളജിയിലും മറ്റും ഉണ്ടായിട്ടുള്ള വന്‍കുതിപ്പുകള്‍ ചോദ്യം ചെയ്തു കഴിഞ്ഞിരിക്കുന്നു. വലിപ്പമേറിയ കുരങ്ങന്‍മാരെയും ജലസസ്തനികളേയും കേന്ദ്രീകരിച്ചുള്ള ഭാഷയേയും ധാരണാശേഷിയേയും സംബന്ധിച്ച പരീക്ഷണങ്ങളും വന്യമൃഗങ്ങളായ കുരങ്ങന്‍മാരിലും കുറുക്കന്‍മാരിലും ആനകളിലും മറ്റുമുള്ള വളരെ സങ്കീര്‍ണ്ണമായ സാമൂഹിക-സാംസ്‌കാരിക പെരുമാറ്റരീതികളെ ആസ്പദമാക്കിയുള്ള സ്ഥലപഠനങ്ങളും മറ്റും മനുഷ്യന്‍, മനുഷ്യേതരം എന്നിങ്ങനെയുള്ള കൃത്യമായ വിഭജനങ്ങള്‍ മിക്കവാറും ഇല്ലാതാക്കിയിരിക്കുന്നു. ദോസ്തയവ്‌സ്‌കി പറഞ്ഞതുപോലെ ഏറ്റവും ആസൂത്രണത്തോടെ, കലാപരമായി, നിപുണതയോടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ‘മാനുഷികത’ തന്നെയല്ലേ എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട ചോദ്യം, അതാണ് കവിതയുടെ വിരുദ്ധോക്തി അല്ലെങ്കില്‍ അതിന്റെ പഞ്ചതന്ത്രമുന്നയിക്കുന്ന പദപ്രശ്‌നം. ഒരു പാടുകളുമവശേഷിപ്പിക്കാത്ത സുസ്ഥിരതയുള്ള മൃഗം. പരിസ്ഥിതിയില്‍ ആഴമേറിയ വടുക്കളവശേഷിപ്പിച്ച് ഭൂമിയുടെ അവകാശികളായ മറ്റു ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും സൂഷ്മജീവികളുടെയും, എന്തിന് തന്റെ തന്നെയും നിലനില്പിനെ സ്വയമില്ലാതാക്കുന്ന മസ്തിഷ്‌കവികാസത്തിന്റെ പരമകാഷ്ഠയും അസ്ഥിരനുമായ, പ്രത്യേക അധികാരാവകാശങ്ങളും ആനുകൂല്യങ്ങളുമനുഭവിക്കുന്ന ‘തെരഞ്ഞെടുക്കപ്പെട്ട’ മനുഷ്യജാതി. ആ മനുഷ്യന്റെ മറ്റൊരു പര്യായമാണോ അത്മഹത്യ? മലയാളത്തിലെ മറ്റൊരു കവി കാക്കയെ കാക്കത്വത്തില്‍ നിന്നും മോചിപ്പിച്ചെടുത്തതുപോലെ മനുഷ്യനെ ‘മനുഷ്യത്വ’ത്തില്‍ നിന്നും മോചിപ്പിച്ചെടുക്കാന്‍ വേറൊരു കവി ഇതുവഴി വന്നേക്കാം. ‘ഓര്‍ക്കുകയെന്നത് പ്രകൃതിയെ ഒറ്റും കൊടുംചതിയെന്നും ഓര്‍ക്കുകയെന്നത് കാണാതിരിക്കലു’മാണെന്ന് ഫെര്‍നാോ പെസോവ. ഇവിടെ ഓര്‍മ്മയെന്നത് നൂറ്റാണ്ടുകളുടെ രക്തം പുര മണ്ണാണ്, അടിച്ചമര്‍ത്തലിന്റെ, ചൂഷണത്തിന്റെ, ബഹിഷ്‌കരണത്തിന്റെ, തൊട്ടുകൂടായ്മയുടെ ചരിത്രമാണ്, കൊലയാളിയായ, പാരിസ്ഥിതിവിനാശകനായ, നിരന്തരം ഓര്‍മ്മകള്‍ അയവെട്ടി തൊട്ടടുത്തള്ളതു കാണാതിരിക്കുന്ന, വര്‍ത്തമാനത്തെ എപ്പോഴും റദ്ദു ചെയ്തുകൊിരിക്കുന്ന ‘സവിശഷമനുഷ്യത്വ’മാണ്. അതുകൊണ്ട് നമുക്ക് ആ ‘മനുഷ്യത്വചരിത്ര’ മുപേക്ഷിച്ച് മൃഗങ്ങളും സസ്യങ്ങളും പക്ഷികളും സൂക്ഷമജീവികളും കല്ലുകളും പാറകളുമൊക്കെയുള്ള യക്ഷികഥയാകാം, അതലജീവനത്തിന്റെ, അപരജീവിതത്തിന്റെ ജലമാകാം, സമാധാനമാകാം, കവിതയാകാം.
‘ഇന്നലെ വിരിഞ്ഞതാം പൂങ്കോഴിച്ചോരകുഞ്ഞോടി
ന്നേയ്ക്കു പരുന്തിനു വൈരമെങ്ങനെയുണ്ടായി?’
പരുന്തിന്റെ ജീവിതമാണ് കോഴി, കോഴിയുടെ വിപരീതജീവിതമാണ് പരുന്ത്. പരുന്തും കോഴിയും ഒരേ തുടര്‍ച്ചയാണ്. പരുന്ത് ഒരു ഹിംസയല്ല, ഹിംസയുടെ അഹിംസയാണ്. ആകാശത്തിന്റ പൊട്ടും ഉയരങ്ങളുടെ ആത്മീയതയും അകലങ്ങളുടെ ആശ്ചര്യചിഹ്നവുമാണ്, ഒരേ സമയം നിശ്ചലതയും കുതിപ്പുമായ റാകിപ്പറക്കുന്ന ആ ചെമ്പരുന്ത്. കോഴി ഒരു കവിതയല്ല, അഹിംസയുടെ ഹിംസയാണ്. മരണത്തിനുമുമ്പോ പിമ്പോ ഉള്ള ജീവിതമോ മരണത്തിലും തുടരുന്ന ജീവനമോ മരണശേഷമുള്ള ജീവനോ ആണ് ആ പിടയും പൂവനും. കൂര്‍ത്ത നഖങ്ങളില്‍ കുരുങ്ങിയാലും കോഴികുഞ്ഞ് പാട്ട് തുടരും. വിരാമചിഹ്നമിട്ടാലും തുടരുന്നതാണ് വചനം. വചനം തന്നെയാണല്ലോ രക്തവും മാംസവും. ഇടയിലുള്ള സര്‍വ്വഭക്ഷകനായ മനുഷ്യനാണ്, കവിത തന്നെയാണ് ചോദ്യചിഹ്നം.
പിണങ്ങിപ്പോയ ഒരു കവിയും തിരിച്ചു വരാറില്ല. ഈ വരികളില്‍ എന്തൊക്കെയാണ് ഇല്ലാത്തത്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Deepak Raj S
October 23, 2020 at 1:57 pm
‘മനുഷ്യത്വചരിത്ര’ മുപേക്ഷിച്ച് മൃഗങ്ങളും സസ്യങ്ങളും പക്ഷികളും സൂക്ഷമജീവികളും കല്ലുകളും പാറകളുമൊക്കെയുള്ള യക്ഷികഥയാകാം, അതലജീവനത്തിന്റെ, അപരജീവിതത്തിന്റെ ജലമാകാം, സമാധാനമാകാം, കവിതയാകാം.
🖤🖤💕👏🏿