കേരളം ക്യൂബയില്‍ നിന്നും പഠിക്കേണ്ടത് കൃഷിയാണ്

കൊറോണയുടെ പശ്ചാത്തലത്തില്‍ വരാനിടയുള്ള ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ കാര്‍ഷിക മേഖലയില്‍ ഊന്നേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ സോവിയറ്റ് യൂണിയനുമായുള്ള വ്യാപാരബന്ധം തകര്‍ന്ന വേളയില്‍ കാര്‍ഷികരംഗത്തു ക്യൂബ നടത്തിയ വിപ്ലവത്തെ മാതൃകയാക്കണമെന്നാണ് ഓര്‍ഗാനിക് ഫാമിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഇലിയാസ് കെ പി പറയുന്നത്.

1989 ലാണ് ക്യൂബ വലിയൊരു പ്രതിസന്ധിയില്‍ അകപ്പെടുന്നത്. സോവിയറ്റ് യൂണിയനുമായിട്ടുള്ള വ്യാപാര ബന്ധം തകര്‍ന്നപ്പോള്‍ ക്യൂബയുടെ കാര്‍ഷികമേഖല അവതാളത്തിലായി രാസവളങ്ങള്‍, കീടനാശിനികള്‍, പെട്രോള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയെല്ലാം റഷ്യയില്‍ നിന്നും വരണമായിരുന്നു. ക്യൂബയില്‍ ഭൂരിഭാഗവും കരിമ്പ് കൃഷിയായിരുന്നു. മാര്‍ക്കറ്റ് വില നല്‍കി റഷ്യ പഞ്ചസാര വാങ്ങിയിരുന്നതിനാല്‍ ക്യൂബ സമൃദ്ധിയിലായിരുന്നു. ക്യൂബയ്ക്കാവശ്യമായിരുന്ന ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയുമൊക്കെ 80 ശതമാനവും പുറത്തു നിന്നായിരുന്നു ഇറക്കുമതി ചെയ്തു കൊണ്ടിരുന്നത്. 1989 മുതല്‍ സോവിയറ്റ് യൂനിയനില്‍ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞു. 89 മുതല്‍ 92 വരെയുള്ള 3 വര്‍ഷങ്ങള്‍ ക്യൂബ ഭക്ഷ്യ ക്ഷാമത്തിന്റെ പിടിയിലായി.

രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഫിദല്‍ കാസ്‌ട്രോ നയവിദഗ്ദരെ വിളിച്ചു ചേര്‍ത്ത് പരിപാടികള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് പ്രാദേശികമായ അറിവുകളും വിഭവങ്ങളും ഉപയോഗിച്ചുള്ള ജൈവ ഭക്ഷ്യകൃഷിയില്‍ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. അതിനാവശ്യമായ ബദല്‍ സാങ്കേതിക വിദ്യ ക്യൂബ തയ്യാറാക്കി. ഇന്ധനലഭ്യത കുറവ് മൂലം യന്ത്രങ്ങള്‍ അധികം വേണ്ടാത്ത പരമ്പരാഗത ചെറുകിട കൃഷിയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. 1992 മുതല്‍ ക്യൂബ നഗരകേന്ദ്രീകൃതമായ ഭക്ഷ്യ കൃഷി ആരംഭിച്ചു. പരമാവധി സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി ചെറിയ ചെറിയ തോട്ടങ്ങള്‍ നിര്‍മിച്ചു. കൃഷി വിദഗ്ധരെ വിളിച്ചു പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. ഹവാനയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ ജൈവകൃഷി കോഴ്‌സ് ആരംഭിച്ചു. ജൈവകൃഷിയുമായി ബന്ധപ്പെട്ട അനവധി പ്രസിദ്ധീകരണങ്ങള്‍ ഇറക്കി.നഗരവാസികളെ മണ്ണൊരുക്കാനും കമ്പോസ്റ്റ് നിര്‍മിക്കാനും പച്ചക്കറി കൃഷി തട്ടുകളുണ്ടാക്കാനുമൊക്കെ പഠിപ്പിച്ചു. കീടരോഗ നിയന്ത്രണത്തിന് നാടന്‍ അറിവുകളെ പ്രയോജനപ്പെടുത്തി, ഒപ്പം വൈവിധ്യമുള്ള വിളകള്‍ ഒരുമിച്ച് കൃഷി ചെയ്തു. കള നിയന്ത്രിക്കാന്‍ കൃഷിയിടങ്ങള്‍ പൊതയിട്ടു നിര്‍ത്തി. നഗരങ്ങളില്‍ ഇടനിലക്കാരില്ലാത്ത കര്‍ഷകര്‍ നേരിട്ട് നടത്തുന്ന നാട്ടുചന്തകള്‍ ആരംഭിച്ചു. വെറും വട്ടപൂജ്യത്തില്‍ നിന്നും തുടങ്ങിയ നഗരങ്ങളിലെ കൃഷി വെറും മൂന്ന് നാലുവര്‍ഷം കൊണ്ട് ടണ്‍ കണക്കിന് പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി.

ക്യൂബയിലെ പ്രധാന നഗരമായ ഹവാനയില്‍ മാത്രം 318 പച്ചക്കറിത്തോട്ടങ്ങളുണ്ട്. ഹവാനയിലെയും വില്ലക്ലാരയിലെയും ജനങ്ങള്‍ കഴിക്കുന്ന പച്ചക്കറിയുടെ 70 ശതമാനവും ഈ നഗരങ്ങളില്‍ ഉല്‍പാദിപ്പിച്ചതു തന്നെയാണ്. അതുകൊണ്ട് മറ്റു പല ഗുണങ്ങളുമുണ്ടായി. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു. ഇതിനൊക്കെ നേതൃത്വം നല്‍കിയ 93ല്‍ രൂപീകരിച്ച ക്യൂബയിലെ ‘അസോസിയേഷന്‍ ക്യൂബാന ദെ അഗ്രികള്‍ച്ചുറാ ഓര്‍ഗാനിക്കയ്ക്ക് (ACAO) 1999ല്‍ നോബല്‍ പ്രൈസിന് തുല്യമെന്ന് കരുതുന്ന ‘റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ്’ ലഭിക്കുകയുണ്ടായി. ക്യൂബയുടെ ജൈവവിപ്ലവത്തെകുറിച്ച് പഠിക്കാന്‍ ഇന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ വന്നുകൊണ്ടിരിക്കുന്നു.

പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ക്യൂബയില്‍ നടന്ന ഈ നിര്‍മ്മാണാത്മകമായ വിപ്ലവത്തെ പറ്റി ‘ഒരേ ഭൂമി ഒരേ ജീവന്‍’ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ച ‘ക്യൂബയിലേക്കോരു ക്യൂ’ എന്ന ലേഖനങ്ങളുടെ സമാഹാരം അന്നത്തെ ജൈവകര്‍ഷകര്‍ക്ക് ഏറെ പ്രചോദനം നല്‍കിയിരുന്നതാണ്. ജനകീയ വിപ്ലവത്തെക്കുറിച്ചും ഫിദല്‍കാസ്‌ട്രോയുടെ നേതൃത്വത്തെക്കുറിച്ചുമെക്കെ വാചാലരാകുന്ന കേരളത്തിലെ ഇടതുപക്ഷം ക്യൂബയിലെ ഈ നിര്‍മ്മാണാത്മകമായ ജൈവവിപ്ലവത്തെ വേണ്ടത്ര പരിഗണിച്ചില്ല. ഇപ്പോള്‍ ഈ കൊറോണക്കാലത്ത് നമ്മുടെ ഇടതുപക്ഷ സര്‍ക്കാര്‍ ഭക്ഷ്യ കൃഷിയെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു. നല്ലതു തന്നെ, ഒരു പ്രതിസന്ധി വരുമ്പോഴാണല്ലോ ചിലപ്പോള്‍ മാറ്റങ്ങളെ കുറിച്ച് ചിന്തിക്കുക.!

കേരളത്തിനാവശ്യമായ ഭക്ഷണത്തിന്റെ 80 ശതമാനത്തോളവും പുറമെ നിന്നാണ് വരുന്നത്. കേരളത്തില്‍ കൃഷി ഭൂമിയില്ലാത്തതു കൊണ്ടല്ല ഇങ്ങനെയായത്. നാണ്യവിളകള്‍ക്ക് നല്‍കിയ മുന്‍തൂക്കം മൂലമാണ്. നമ്മുടെ കാര്‍ഷിക യോഗ്യമായ ഭൂമിയുടെ 62.8 ശതമാനവും നാണ്യവിളകളാണ്. 7.4 ശതമാനം മാത്രമാണ് നെല്‍കൃഷി. വെറും 5 ശതമാനം മാത്രമാണ് പച്ചക്കറി കൃഷി. ക്യൂബ പഞ്ചസാര കയറ്റിയച്ചതുപോലെ നമ്മള്‍ നാണ്യവിളകള്‍ കയറ്റിയയ്ക്കുന്നു. കോടി കണക്കിന് രൂപയുടെ ഭക്ഷ്യ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്തുക്കൊണ്ടിരിക്കുകയും ചെയ്യുന്നു. വിദേശപണവും ടൂറിസവും മദ്യവും റബ്ബറുമൊക്കെയാണ് നമ്മുടെ എക്കണോമി. പൂര്‍ണ്ണമായും പരാശ്രിതമായ സമ്പദ് വ്യവസ്ഥ.!

സര്‍ക്കാര്‍ പച്ചക്കറി കൃഷി ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതും വിത്തുകള്‍ നല്‍കുന്നതുമൊക്കെ ഏറെ പ്രതീക്ഷ നല്‍കുന്ന സംഗതിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇപ്പോഴും ഇക്കാര്യത്തില്‍ വ്യക്തമായ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയോ അതിനാവശ്യമായ സംവിധാനങ്ങളോ നമുക്കുണ്ടോ? തീര്‍ത്തും ഉപരിപ്ലവമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജൈവകൃഷിയില്‍ ഒട്ടും വിശ്വാസമില്ലാത്ത ഭാരിച്ച ശമ്പളം പറ്റുന്ന കുറെ കാര്‍ഷിക വിദഗ്ദരുള്ള നമ്മുടെ കാര്‍ഷിക സര്‍വകലാശാല അഴിച്ചു പണിയേണ്ടിയിരിക്കുന്നു.!

ഭക്ഷ്യ സ്വാശ്രയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്തോ നാണംകെട്ട പരിപാടിയാണെന്ന് നെറ്റി ചുളിക്കുന്ന പലരുമിണ്ടിവിടെ. മദ്യം വിറ്റു കാശുണ്ടാക്കുകയും അതു കുടിച്ച് കരള് തകര്‍ന്ന ജനങ്ങളെ ചികിത്സിക്കാന്‍ ലോട്ടറി വില്‍ക്കുകയും ചെയ്യുന്ന സാമ്പത്തിക – ആരോഗ്യ ക്രമത്തോട് ഇവര്‍ക്കൊട്ടും നാണമില്ലാതാനും.! കേരളത്തില്‍ ഒരു കാലത്തും ഭക്ഷ്യ സ്വയംപര്യാപ്ത ഉണ്ടായിരുന്നില്ലായെന്നും ഇനിയുണ്ടാകാനും പോകുന്നില്ലായെന്നും വിശ്വസിക്കുന്നവരാണിവര്‍.! അതേ സമയം തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗവും കാന്‍സര്‍ രോഗമുള്ളതുമൊക്കെ കേരളത്തില്‍ തന്നെയാണ്. ഇതും കൂടി മാറ്റിയാലേ കേരളത്തിന്റെ ആരോഗ്യ രംഗത്തെ സ്തുതികള്‍ അര്‍ത്ഥവത്താകൂ..!

ആരോഗ്യമുള്ള ഭക്ഷണം പ്രാദേശികമായി ഉറപ്പു വരുത്തലായിരിക്കണം ഒരു സര്‍ക്കാരിന്റെ പ്രഥമ കടമ. നമ്മുടെ ഉല്‍പാദനമേഖലയെ ആ രീതിയില്‍ മെച്ചപ്പെടുത്താനും കുറേപേര്‍ക്ക് തൊഴില്‍ ലഭിക്കാനും അതുവഴി സാധിക്കും. ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യും. കൊറോണ പോലെയുള്ള മഹാമാരികളും പ്രതിസന്ധികളും വരുമ്പോള്‍ അയല്‍ സംസ്ഥാനങ്ങള്‍ കൊട്ടിയടച്ച അതിര്‍ത്തി തുറക്കാന്‍ കോടതി നിരങ്ങേണ്ട ഗതികേടുമുണ്ടാകില്ല.

ഇതൊരവസരമാണ്. ജനങ്ങള്‍ തയ്യാറാണ്. കുറച്ചു ജൈവകൃഷിയില്‍ തല്‍പരരായ ചെറുപ്പക്കാരെ തയ്യാറാക്കുക. അവര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ നല്‍കുക. അവരെ ജനങ്ങളുടെ അടുത്തേയ്ക്ക് അയക്കുക. ഒപ്പം പ്രാദേശിക വിപണികളുമൊരുക്കുക. നമ്മള്‍ വിചാരിച്ചാല്‍ പുറമേയ്ക്ക് കൊടുക്കാനുള്ള പച്ചക്കറി വരെയുണ്ടാക്കാന്‍ പറ്റും. പച്ചക്കറിക്കൊപ്പം നെല്ലും മീനും പ്രാദേശികമായി ആവുന്നത്ര ഉണ്ടാക്കാന്‍ സാധിക്കണം. അങ്ങനെയൊരു ചരിത്രവും നമുക്കുണ്ടായിരുന്നു. ഈ പ്രതിസന്ധിയെ നാം മറികടക്കേണ്ടത് ഇങ്ങനെയും കൂടിയായിരിക്കണം.

(ഫേസ് ബുക്ക് പോസ്റ്റ്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply