ഐക്യപ്പെടണം ജനാധിപത്യവാദികള്‍ വിഴിഞ്ഞത്തെ പോരാട്ടത്തോട്
വിഴിഞ്ഞം അദാനി തുറമുഖ നിര്‍മ്മാണം മൂലം തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങളില്‍ ഉണ്ടായിരിക്കുന്ന കെടുതികള്‍ക്കെതിരെ പരിസ്ഥിതിതിനമായ ജൂണ്‍ 5 മുതലാണ് ശംഖുമുഖത്ത് അദാനിയുടെ വിമാനത്താവള ഗേറ്റിന് മുമ്പില്‍ ഇപ്പോഴത്തെ സമരമാരംഭിച്ചത്. ജൂലായ് 20 മുതല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ”അതിജീവന ഭീഷണി നേരിടുന്ന തീരദേശം” സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിച്ചു. ഇപ്പോള്‍ തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം തുടരുകയാണ്.
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം തുടരുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ 31-ാം തീയതി വരെ സമരം തുടരാനാണ് തീരുമാനം. പതിവുപോലെ പുറമെനിന്നുള്ളവരാണ് സമരം നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ ആക്ഷേപം. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാതെ, ജില്ലാഭരണകൂടത്തെ കൊണ്ട് ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിന് സമരത്തിനു നേതൃത്വം കൊടുക്കുന്ന ലത്തീന്‍ അതിരൂപത നേതൃത്വം തയ്യാറായിട്ടില്ല. ഒടുവില്‍ സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറായിട്ടുണ്ട്. എന്നാല്‍ തുറമുഖനിര്‍മ്മാണം നിര്‍ത്തിവെച്ചാവണം ചര്‍ച്ച എന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം വഴിഞ്ഞമടക്കം കേരളത്തിലെ കടല്‍തീരം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളെ കുറിച്ച് സംസ്ഥാന – കേന്ദ്ര മന്ത്രിമാരടക്കം പങ്കെടുത്ത ചര്‍ച്ച ഡെല്‍ഹിയില്‍ നടന്നു. . സമരത്തെ തുടര്‍ന്ന് വിഴിഞ്ഞം അദാനി തുറമുഖ നിര്‍മാണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
രൂക്ഷമായ കടലേറ്റവും തീരം കടല്‍ എടുക്കുന്നതു മൂലവും നിരവധി പേരാണ് ഭവനരഹിതരായതെന്നും വിഴിഞ്ഞം അദാനി തുറമുഖ നിര്‍മ്മാണം ആരംഭിച്ചതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥയ്ക്ക് കാരണമെന്നുമാണ് മത്സ്യത്തൊഴിലാളികളും ലത്തീന്‍ രൂപതയും പറയുന്നത്. തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് താത്കാലികമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ വാടക ഒഴിവാക്കി താമസ സൗകര്യം ഒരുക്കുക, തത്തുല്യമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക, തീരശോഷണത്തിന്റെ കാരണം അറിയാന്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക, മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് മോഡല്‍ സബ്‌സിഡി നല്‍കുക, കാലാവസ്ഥാ മുന്നറിയിപ്പ് മൂലം ജോലിക്ക് പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക, മുതലപ്പൊഴിയില്‍ ഡ്രഡ്ജിങ് ഉള്‍പ്പെടെ നടത്തി മത്സ്യബന്ധനത്തിന് യോഗ്യമാക്കുക, തുടങ്ങിയവയാണ് ഇവരുന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. 22ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ സമരം അങ്ങോട്ടേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
വിഴിഞ്ഞം അദാനി തുറമുഖ നിര്‍മ്മാണം മൂലം തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങളില്‍ ഉണ്ടായിരിക്കുന്ന കെടുതികള്‍ക്കെതിരെ ജൂണ്‍ 5 മുതലാണ് ശംഖുമുഖത്ത് അദാനിയുടെ വിമാനത്താവള ഗേറ്റിന് മുമ്പില്‍ ഇപ്പോഴത്തെ സമരമാരംഭിച്ചത്. ജൂലായ് 20 മുതല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ”അതിജീവന ഭീഷണി നേരിടുന്ന തീരദേശം” സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിച്ചു. തീരശോഷണത്തിനു പ്രധാന കാരണം തുറമുഖനിര്‍മ്മാണമെന്നു വ്യക്തമായിട്ടും അതംഗീകരിക്കാന്‍ സര്‍ക്കാരോ അദാനിയോ തയ്യാറാകാത്തതിനു കാരണം മറ്റൊന്നല്ല, തീരശോഷണം നിരീക്ഷിക്കപ്പെടുകയാണെങ്കില്‍ പദ്ധതി നടത്തുന്നവര്‍ ഉചിതമായ പരിഹാര നടപടികള്‍ പദ്ധതി നടത്തുന്നവരുടെ ചെലവില്‍ ചെയ്യണം എന്നാണ് ഹരിത ട്രൈബ്യൂണല്‍ നല്‍കിയിട്ടുള്ള വിധിയിലുള്ളത് എന്നതുതന്നെ. 2015 ഡിസംബറില്‍ അദാനി തുറമുഖ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍തന്നെ വിഴിഞ്ഞത്തിന് വടക്കുള്ള പനത്തുറ മുതല്‍ വേളി വരെയുള്ള തീരപ്രദേശങ്ങളിലെ കടല്‍ത്തീര ശോഷണം പതിന്മടങ്ങ് വര്‍ദ്ധിക്കുകയും നൂറു കണക്കിന് വീടുകള്‍ കടലേറ്റത്തില്‍ തകരുകയും ചെയ്തിരുന്നു. അവര്‍ ഇന്നും അഭയാര്‍ത്ഥികളെ പോലെ സ്‌കൂളുകളിലും ഗൊഡൗണുകളിലുമായി കഴിയുകയാണ്. കടല്‍ത്തീരം ഇല്ലാതായതോടെ ഈ മേഖലയില്‍ മീന്‍പിടുത്തവും അസാധ്യമായി. ദിനംതോറും ഈ പ്രശ്‌നത്തിന്റെ രൂക്ഷത കൂടുകയും അദാനിയോ സര്‍ക്കാരോ ഒന്നും ചെയ്യാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം ഇപ്പോള്‍ ശക്തമായിരിക്കുന്നത്. അപ്പോഴും ഭരണാധികാരികള്‍ അദാനിയുടെ വാണിജ്യ തുറമുഖ നിര്‍മ്മാണമാണ് ഈ നാശനഷ്ടങ്ങള്‍ക്ക് കാരണമെന്ന് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. പകരം അവര്‍ക്ക് കൂടുതല്‍ കടല്‍ മേഖലയും കടല്‍ത്തീരങ്ങളും ഭൂമിയും സൌജന്യമായി നല്‍കുന്ന നടപടികളാണ് തുടരുന്നത്. പശ്ചിമഘട്ട മലനിരകളില്‍ നിന്നും പദ്ധതിക്ക് വേണ്ടി പാറക്കല്ലുകള്‍ ഖനനം ചെയ്തെടുക്കാന്‍ നേരിട്ട് അദാനിക്ക് നിരവധി ക്വാറികള്‍ അനുവദിച്ചതും ഓര്‍ക്കേണ്ടതുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേരള സര്‍ക്കാരും അദാനിയും 2015 ആഗസ്റ്റ് 17-ല്‍ ഒപ്പു വച്ച വിഴിഞ്ഞം പോര്‍ട്ട് കരാര്‍ വ്യവസ്ഥകള്‍ പഠനവിധേയമാക്കിയ സി.എ.ജി വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേട് എന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അന്നതിനെ വിശേഷിപ്പിച്ചിരുന്നു. ഇതേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും ഒടുവില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് യാതൊന്നും നടന്നില്ല. പകരം ആ കരാര്‍ തന്നെ നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. കരാര്‍ പ്രകാരം 2019-ല്‍ ഈ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാലത് അനന്തമായി നീളുകയാണ്. ഈയൊരു സാഹചര്യത്തിലാണ് അദാനി തുറമുഖ പദ്ധതിക്കെതിരെ ഒരു സംയുക്ത സമര സമിതി രൂപീകരിച്ചതും സമരം ശക്തമാക്കിയതും.
ഏറെ ചര്‍ച്ച ചെയ്തതാണെങ്കിലും തുറമുഖനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും അദാനിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഭൂമി സര്‍ക്കാര്‍ ഉടമ സ്ഥതയിലും നടത്തിപ്പ് സ്വകാര്യ കമ്പനിക്കും എന്ന രീതിയില്‍ ആയിരുന്നു വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്തത്. ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ എന്ന രീതിയിലാണ് പദ്ധതി. 7525 കോടി രൂപയോളം ആണ് പദ്ധതിക്ക് ചെലവായി അന്ന് കണക്കാക്കിയത്. അതില്‍ അദാനിയുടെ ചെലവ് 4089 കോടി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് വൈബലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ 800 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 800 കോടി രൂപയും ഉള്‍പ്പെടെ 1600 കോടി പദ്ധതിക്കായി കമ്പനിക്ക് ഗ്രാന്റായി കൊടുക്കും. ഈ പറയുന്ന ഗ്രാന്റ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് തിരികെ നല്‍കേണ്ടതാണ്. അപ്പോള്‍ അദാനിയുടെ മൊത്തം ചെലവ് 2489 കോടി രൂപ മാത്രം. ഈ പണമാകട്ടെ കമ്പനിക്ക് നല്‍കിയിരിക്കുന്ന ഭൂമിയുടെ ഈടിന്മേല്‍ എസ് ബി ടി ബാങ്ക് നല്‍കുന്ന 3000 കോടി രൂപയുടെ ബാങ്ക് വായ്പയില്‍ ലഭിക്കുമെന്നായിരുന്നു വ്യവസ്ഥ. ചുരുക്കി പറഞ്ഞാല്‍ അദാനി പദ്ധതിക്കായി ഒട്ടും തന്നെ മുതല്‍ മുടക്കില്ല എന്നര്‍ത്ഥം. 500 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനു നല്‍കുക. ഇതില്‍ പദ്ധതിക്ക് ആവശ്യം 300 ഏക്കര്‍ മാത്രമാണ്. ബാക്കി ഭൂമി അദാനിക്ക് ഇഷ്ടമുള്ള വ്യവസായത്തിന് ഉപയോഗിക്കാം. ഇത്തരത്തിലായിരുന്നു പദ്ധതി ഡിസൈന്‍ ചെയ്തത്. അതേസമയം കേന്ദ്രം നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം വളരെയധികം പാരിസ്ഥിതിക ലോല പ്രദേശമാണ് എന്ന് വ്യക്തമാക്കുകയും അവിടെ യാതൊരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടതലുള്ള തീരത്ത് ഒരിക്കലും തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ലാത്തതാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് നല്‍കിയിരിക്കുന്നത് 40 വര്‍ഷത്തേക്കാണ്. ഇത് 60 വര്‍ഷത്തേക്ക് നീട്ടുകയും ആകാം. രാജ്യത്തെ മറ്റു തുറമുഖങ്ങളുടെ സ്വകാര്യകമ്പനികളുമായുള്ള കരാര്‍ 30 വര്‍ഷത്തേക്കാണ്. സംസ്ഥാന സര്‍ക്കാരിന് വിഴിഞ്ഞം പദ്ധതിയില്‍ പ്രതിവര്‍ഷം ലഭിക്കാന്‍ പോകുന്ന ലാഭം 20 വര്‍ഷങ്ങള്‍ക്ക് ശേഷം 1% ആണ്. അതുവരെ ലാഭം കമ്പനിക്കാണ്. നിയമപരമായി പടിഞ്ഞാറന്‍ തീരത്ത് വിനോദസഞ്ചാരമേഖലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മേഖലയില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ല എന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി ഒരു ഘട്ടത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം സ്റ്റേ ചെയ്തിരുന്നു. അന്ന് സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലില്‍ കൊടുത്ത ഉറപ്പ് ഈ പദ്ധതിയുമായി ഇനി മുന്നോട്ടു പോവില്ല എന്നായിരുന്നു. എന്നാല്‍ അതെല്ലാം ലംഘിച്ചാണ് പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോയത്. പദ്ധതി നടപ്പാക്കി കഴിയുമ്പോള്‍ ആകെ 2650 പേര്‍ക്കാണ് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കാന്‍ പോകുന്നത് എന്നതാണ് സര്‍ക്കാരിന്റെ കണക്ക്. മറുവശത്ത് 18929 മത്സ്യ ത്തൊഴിലാളി കുടുംബങ്ങളെയാണ് പദ്ധതി വിപരീതമായി ബാധിക്കുക എന്ന് സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ് വ്യക്തമാക്കുന്നത്. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ജീവനും, സ്വത്തിനു, തൊഴിലിനും, സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് പ്രഖ്യാപിച്ച പാക്കേജുകള്‍പോലും നടപ്പാക്കിയില്ല. പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് 2000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതില്‍ 50 ശതമാനം പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യുമെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഒന്നും നടന്നില്ല. അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പദ്ധതി പ്രദേശം നേരിടുന്നത്. പ്രദേശത്തെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്തുമെന്നുള്ള വാഗ്ദാനങ്ങളും കടലാസില്‍ ഒതുങ്ങി. പദ്ധതി പ്രദേശത്ത് ഭവനരഹിതരായിട്ടുള്ളവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് 2019 -ല്‍ കളക്ടറുടെ ചേമ്പറില്‍ നടത്തിയ യോഗത്തില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചിരുന്നു. 1800 -ഓളം പേരാണ് ഈ പദ്ധതിക്കായി അപേക്ഷ നല്‍കിയത്. അതും നടന്നില്ല. നിര്‍മ്മാണ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും കടലാക്രമണം രൂക്ഷമാകാന്‍ അതു കാരണമായെന്നും മുന്‍ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ തന്നെ ഒരു ഘട്ടത്തില്‍ സമ്മതിക്കുകയുണ്ടായി.
ഈ സാഹചര്യത്തില്‍ അതിജീവനത്തിനായുള്ള ഈ പോരാട്ടത്തോട് സഹകരിക്കുകയാണ് ജനാധിപത്യവിശ്വാസികള്‍ ചെയ്യേണ്ടത്. അതോടൊപ്പം തീരങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ ആരെന്ന ചോദ്യത്തിന് അത് മത്സ്യത്തൊഴിലാളികള്‍ എന്നുതന്നെ വിളിച്ചു പറയണം. കാടിന്റെ അവകാശികള്‍ ആദിവാസികളും മണ്ണിന്റെ അവകാശികള്‍ ദളിതരും തോട്ടങ്ങളുടെ അവകാശികള്‍ തോട്ടം തൊഴിലാളികളും എന്നൊക്കെ പറയുന്നതുപോലെയുള്ള ഏറ്റവും അടിസ്ഥാനപരമായ ഒരു ജനാധിപത്യാവകാശ പ്രശ്‌നമാണ് ഈ സമരമുയര്‍ത്തുന്നത്. ്അതിനാലത് പരാജയപ്പെടരുത്. അദാനി വിഴിഞ്ഞം വിടുക എന്ന ആവശ്യം തന്നെയാണ് ഇപ്പോള്‍ ഉയര്‍ത്തിപിടിക്കേണ്ടത് എന്നര്‍ത്ഥം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in