ശാസ്ത്രഗവേഷകന്‍ പ്രൊഫ ടി പ്രദീപിന്റെ സാമൂഹ്യവീക്ഷണങ്ങളെ കുറിച്ച്

ദേശാഭിമാനിയില്‍ കെ എല്‍ ജോസുമായി നടത്തിയ സംഭാഷണത്തില്‍ പ്രശസ്ത ശാസ്ത്രപ്രതിഭ പ്രൊഫ. ടി പ്രദീപ് മുന്നോട്ടുവെക്കുന്ന സാമൂഹ്യ നിലപാടുകളെ പരിശോധിക്കുന്നു

അടിയന്തരാവസ്ഥക്കുശേഷം കേരളത്തിലുണ്ടായ രാഷ്ട്രീയ ഉണര്‍വ്വ് ഏറ്റവുമധികം പ്രതിഫലിച്ചത് വിദ്യാഭ്യാസരംഗത്തായിരുന്നു. സാംസ്‌കാരിക മേഖലയില്‍ നക്‌സല്‍ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ജനകീയ സാസ്‌കാരിക വേദി സജീവമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥിരംഗത്ത് അവര്‍ക്ക് കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. അവിടെ ആ ജ്വാല ഏറ്റെടുത്തത് എസ് എഫ് ഐ ആയിരുന്നു. ഇന്നത്തെപോലെ സമഗ്രാധിപത്യത്തിന്റെ ചുവന്ന കോട്ടകള്‍ കെട്ടിപ്പടുക്കാനുള്ള ശ്രമമൊന്നും അന്നാരംഭിച്ചിരുന്നില്ല. തികച്ചും ജനാധിപത്യപരമായ ശൈലിയില്‍ സമഗ്രാധിപത്യങ്ങള്‍ക്കെതിരായ പ്രതിരോധമുയര്‍ത്തുകയായിരുന്നു അന്ന് പ്രധാനമായും എസ് എഫ് ഐ ചെയ്തത്. (തീര്‍ച്ചയായും ലിംഗനീതി – ദളിത് പക്ഷത്തുനിന്നൊക്കെ അന്നത്തെ പ്രവര്‍ത്തനത്തെ കുറിച്ച് വിമര്‍ശനമുണ്ട്. അതിലേക്ക് തല്‍ക്കാലം കടക്കുന്നില്ല). നമ്മുടെ കലാലയങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ മാത്രമല്ല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രങ്ങളായി മാറുകയായിരുന്നു. അധ്യാപകരുടെ കളിപ്പാട്ടങ്ങളല്ല എന്നു പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥി യൂമിയനുകള്‍ തന്നെ അതിനു നേതൃത്വം നല്‍കി. കോളേജ് മാസികകളുടെ രൂപം മാറി. സ്റ്റാഫ് എഡിറ്ററെ മാറ്റി നിര്‍ത്തി സ്റ്റുഡന്റ് എഡിറ്റര്‍ മാസികകളുടെ രൂപവും ഭാവവും നിര്‍മ്മിച്ചു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലടക്കമുള്ള പരിപാടികള്‍ കലാലയങ്ങള്‍ക്കകത്തെത്തി. ഭാവിയില്‍ കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട നിരവധി പേര്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ രംഗത്തെത്തി. ആ പ്രതീക്ഷകള്‍ക്ക് എന്തുപറ്റിയെന്നത് ആര്‍ക്കും വിശകലനം ചെയ്യാവുന്ന രീതിയില്‍ ഇന്നു പ്രകടമാണെന്നത് വേറെ കാര്യം.

പ്രശസ്ത ശാസ്ത്രപ്രതിഭയും ചെന്നൈ ഐഐടിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറും ദീപക് പരേഖ് ചെയര്‍ പ്രൊഫസറും അന്താരാഷ്ട്ര പ്രശസ്തങ്ങളായ ഒട്ടേറെ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറും ഒട്ടേറെ ശാസ്ത്രഗ്രന്ഥങ്ങളുടെയും പ്രബന്ധങ്ങളുടെ രചയിതാവും പത്മശ്രീയടക്കം നിരവധി പുരസ്‌കാരങ്ങളുടെ ജേതാവുമായ പ്രൊഫ. ടി പ്രദീപുമായി ജോസ് കെ എല്‍ നടത്തിയ ഇന്റര്‍വ്യൂ ദേശാഭിമാനിയില്‍ വായിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു മുഖവുര എഴുതിയത്. മേല്‍ സൂചിപ്പിച്ച കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ ഉയര്‍ന്നുവന്ന പ്രതിഭകളില്‍ ഒന്നാം നിരയിലായിരുന്നു പ്രദീപ്. തൃശൂര്‍ സെന്തോമസ് കോളേജില്‍ എസ് എഫ് ഐയുടെ ഉജ്ജ്വലനായ പ്രവര്‍ത്തകനും കോളേജ് മാഗസിന്‍ എഡിറ്ററുമൊക്കെയായിരുന്നു അദ്ദേഹം. പ്രദീപിനെ ഇന്റര്‍വ്യൂ ചെയ്ത ജോസും അന്ന് അതേ കോളേജിലെ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അതിനാല്‍ തന്നെ വളരെ പ്രതീക്ഷയോടെയാണ് ഇന്റര്‍വ്യൂ വായിച്ചത്. വര്‍ത്തമാന കേരളത്തില്‍ ഏറെ പ്രസക്തമായ പല വിഷയങ്ങളും പ്രദീപ് പറഞ്ഞുപോകുമ്പോഴും മുകളില്‍ സൂചിപ്പിച്ചപോലെ അന്നത്തെ തലമുറക്കുണ്ടായ അപചയത്തിനുള്ള ഉത്തമ ദൃഷ്ടാന്തമാണ് ഈ സംഭാഷണത്തിലൂടെ വെളിവാകുന്നത് എന്നു പറയാതെ വയ്യ.

ശാസ്ത്രപുരോഗതി ആര്‍ജിക്കുമ്പോള്‍ത്തന്നെ ശാസ്ത്രാവബോധത്തിന് പുറംതിരിഞ്ഞുനില്ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും കേരളത്തിന്റെ അവസ്ഥയും ഇക്കാര്യത്തില്‍ വളരെ മോശമാണെന്നും പ്രദീപ് കൃത്യമായി തന്നെ പറയുന്നു. നിരന്തരമായ ചോദ്യങ്ങളും ഉത്തരങ്ങളുടെ പുതുക്കലുമായ ശാസ്ത്രത്തേക്കാള്‍ മാറ്റമില്ലാത്ത ആചാരങ്ങളാലും വിശ്വാസത്താലും ബന്ധിതമാകുന്ന മതാത്മകജീവിതമാണ് നാം പിന്തുടരുന്നതെന്നും ശാസ്ത്രത്തേക്കാള്‍ ഇന്നും സമൂഹത്തെ നിയന്ത്രിക്കുന്നത് ജാതിയാണെന്നും അഹേം ചൂണ്ടികാട്ടുന്നു. പാശ്ചാത്യ/ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ ഉപഭോക്താക്കളാവുമ്പോള്‍ത്തന്നെ ജാതീയശ്രേണികള്‍ നമ്മുടെ സാമൂഹിക അടയാളങ്ങളായി തുടരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇക്കാര്യം വ്യക്തമായി പറയുന്ന പ്രദീപിന്റെ നിലപാട് സംവരണവിഷയത്തിലെത്തുമ്പോള്‍ മാറുന്നത് കാണാം. സാമാന്യസംവരണത്തിന്റെ ഭരണഘടനാനിര്‍ദേശങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ ഏറ്റവും ഉയര്‍ന്നതലത്തില്‍ മറ്റുപരിഗണനകള്‍ ഒഴിവാക്കി ഏറ്റവും മികച്ച വ്യക്തിയെ നാം നിശ്ചയിക്കണമെന്നും ജാതി, വരുമാനം തുടങ്ങിയ എല്ലാ സംവരണങ്ങളും ഈ ഘട്ടത്തില്‍ ഒഴിവാക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. തീരുമാനങ്ങളെടുക്കുന്ന ഉയര്‍ന്ന, നിര്‍ണ്ണായക സ്ഥാനങ്ങളിലേക്ക് ഇന്നോളം പ്രവേശനം നിഷേധിക്കപ്പെട്ടവരെ എത്തിക്കുക എന്ന സംവരണത്തിന്റെ അടിസ്ഥാന ആശയത്തെയാണ് അദ്ദേഹം നിഷേധിക്കുന്നത്. പ്രദീപ് പറയുന്ന ‘ഏറ്റവും മികച്ച വ്യക്തി’ എന്ന ആശയം തന്നെയാണ് സംവരണവിരുദ്ധതയുടെ മെറിറ്റ് എന്ന മുദ്രാവാക്യം. ഗിരിശൃംഗങ്ങളാല്‍ നിറയേണ്ട സര്‍വകലാശാലകളില്‍ മൊട്ടക്കുന്നുകള്‍ നിറയുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ജാതിയേയും വരുമാനത്തേയും ഒരേ നുകത്തില്‍ കെട്ടുന്നതോടെ സംവരണത്തിന്റെ രാഷ്ട്രീയം തനിക്കറിയില്ല എന്നു തന്നെയാണ് പ്രദീപ് വ്യക്തമാക്കുന്നത്. അതിന് കേവല ശാസ്ത്രഗവേഷണം പോര, സാമൂഹ്യ ശാസ്ത്രഗവേഷണം വേണം.

മുസ്ലിം നാമധേയമാണെന്നതിന്റെ പേരില്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യപോലും നടന്ന, ജാതീയമായ നിരവധി പീഡനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്ന ചെന്നൈ ഐ ഐ ടിയില്‍ അതിനെതിരെ എന്തെങ്കിലും പ്രതിരോധമുയര്‍ത്താന്‍ പ്രദീപടക്കമുള്ള ശാസ്ത്രപ്രതിഭകള്‍ തയ്യാറായിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറയുന്നത് പ്രതിഭകളല്ലാത്ത ആരും പറയുന്ന മറുപടിയാണ്. ‘സര്‍വകലാശാലകള്‍ സമൂഹത്തിന്റെ കണ്ണാടികളാണ്. അസമതകളും ഉച്ചനീചത്വങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളാണ്. അതിവിടെയും പ്രതിഫലിക്കുന്നു.’ തീര്‍ച്ചയായും അദ്ദേഹത്തിന് അതു പറയാം. അദ്ദേഹം അതിനെതിരെ പോരാടണമെന്നു പറയാന്‍ ആര്‍ക്കെന്തവകാശം. പക്ഷെ ഇതിവിടെ പറയാന്‍ കാരണം തുടക്കത്തില്‍ പറഞ്ഞ, ഏറെ പ്രതീക്ഷ നല്‍കിയ ആ തലമുറ എവിടെയെത്തി നില്‍ക്കുന്നു എന്നു ബോധ്യപ്പെടുത്താന്‍ മാത്രമാണ്. ഇന്ത്യയിലുടെനീളം ബുദ്ധിജീവികളെ കൊലചെയ്യുകയും ഭക്ഷണത്തിന്റേ പേരിലും കൊലകള്‍ നടക്കുകയും ശാസ്ത്ര – ചരിത്ര ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമെല്ലാം സംഘപരിവാര്‍ ശക്തികള്‍ പിടിച്ചെടുക്കുകയും ഇതിലെല്ലാം പ്രതിഷേധിച്ച് രാജ്യത്തെ പല എഴുത്തുകാരും ബുദ്ധിജീവികളും തങ്ങള്‍ക്ക് ഭരണകൂടം നല്‍കിയ പല പുരസ്‌കാരങ്ങളും തിരിച്ചേല്‍പ്പിക്കുകയും മറ്റും ചെയ്തിരുന്ന കാലത്താണ് പ്രദീപ് കേന്ദ്രസര്‍ക്കാരില്‍ നിന്നു പത്മ പുരസ്‌കാരം സ്വീകരിക്കുന്നത് എന്നതും പറയാതിരിക്കാനാവില്ല.

കേരളീയ സമൂഹം ശാസത്രാബോധത്തോട് മുഖം തിരിച്ചുനില്‍ക്കുകയാണെന്നു കൃത്യമായി വിലയിരുത്തുന്ന പ്രദീപ് പക്ഷെ ശാസ്ത്രത്തില്‍ അമിത പ്രതീക്ഷ പുലര്‍ത്തുന്നോ എന്ന സംശയവും തോന്നുന്നു. ഒരു കഥയോ കവിതയോ എഴുതിയാല്‍ ആര്‍ക്കും ബുദ്ധിജീവിയാകാവുന്ന കേരളം തീരെ അംഗീകരിക്കാത്ത വിഭാഗങ്ങളാണ് ശാസ്ത്രജ്ഞര്‍ എന്നതു ശരി. (സംരംഭകര്‍ പോലെ വേറെയും വിഭാഗങ്ങളുണ്ട്). നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ശാസ്ത്രഗവേഷണത്തിനു കൊടുക്കുന്ന പ്രാധാന്യം എത്രയോ തുച്ഛമാണ്. തികച്ചും യാദൃച്ഛികമായിട്ടാകാം, മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ മോശം അവസ്ഥയെ കുറിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ പറഞ്ഞ അതേ കാര്യങ്ങള്‍, അതിനുമുന്നു നടത്തിയ ഈ ഇന്‍രര്‍വ്യൂവില്‍ തന്റേതായ ശൈലിയിലും ഉദാഹരണങ്ങളിലൂടേയും പ്രദീപും പറയുന്നുണ്ട്. ചെന്നൈ ഐഐടിയില്‍ ഗവേഷണത്തിനുമാത്രം 600 കോടി രൂപ ചെലവഴിക്കുമ്പോള്‍ കോഴിക്കോട് സര്‍വകലാശാലയില്‍ അത് 20 കോടി മാത്രമെന്നത് ഒരു ഉദാഹരണം മാത്രം. സാമ്പത്തിക ഘടകങ്ങളില്‍ മാത്രമല്ല ഇടപെടുന്ന മനുഷ്യരുടെ ഗുണപരത, മത്സരശേഷി തുടങ്ങിയ മേഖലകളിലും കേരളം പുറകിലാണ്. . കക്ഷി രാഷ്ട്രീയ ഇടപെടലുകള്‍, ഉദ്യോഗസ്ഥ ലോബികള്‍ എന്നിവയുടെ ഇടപെടലുകളേയും പ്രദീപ് വിമര്‍ശിക്കുന്നു.

വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം മനുഷ്യന്റെ സര്‍വതോത്മുഖമായ വികാസമാണ്. ആ തരത്തിലുള്ള ഒരന്തരീക്ഷം ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഇന്നില്ല. കേരളത്തില്‍ മികച്ച ഒരു ലാംഗ്വേജ് കോഴ്‌സ് പോലും ചെയ്യാനുള്ള സ്ഥാപനങ്ങള്‍ ഇല്ല. അത്തരം ഘട്ടങ്ങളില്‍ മലയാളികള്‍ ഡല്‍ഹിയിലേക്കോ ഹൈദരാബാദിലേക്കോ പോകുന്നു. മൂന്നുവര്‍ഷത്തെ വൈസ് ചാന്‍സലര്‍ പദവികൊണ്ട് വിദ്യാഭ്യാസരംഗത്ത് ഗുണപരമായ എന്തെങ്കിലും ചെയ്യാനാകുമെന്നോ അടിസ്ഥാനപരമായ മാറ്റം വരുത്താനാകുമെന്നോ കരുതാത്തുകൊണ്ടാണ് താന്‍ ആ നിര്‍ദ്ദേശം സ്വീകരിക്കാതിരുന്നതെന്ന പ്രദീപിന്റെ വാക്കുകള്‍ വി സി വിവാദം കത്തിനില്‍ക്കുന്ന വേളയില്‍ വളരെ പ്രസക്തമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതെല്ലാം ശരിയായി പറയുന്ന പ്രദീപ് പക്ഷെ ലോകം നേരിടുന്ന സമഗ്രാധിപത്യപ്രവണതകളേയും ദാരിദ്ര്യമടക്കം സാധാരണക്കാര്‍ നേരിടുന്ന ഗുരുതരപ്രശ്‌നങ്ങളേയും നേരിടുന്നതില്‍ ശാസ്ത്രത്തില്‍ അമിത പ്രതീക്ഷ പുലര്‍ത്തുന്നതായി തോന്നുന്നു. (അതിന്റെ ഏറ്റവും വലിയ മൗലികവാദം ഇപ്പോള്‍ തന്നെ കേരളത്തിലുണ്ടല്ലോ).സമഗ്രാധിപത്യത്തിന്റെ ഭാഗത്തേക്ക് ലോകം തിരിയുമ്പോഴും ജനാധിപത്യത്തിന്റെ സുന്ദരമായ ഇടം സൃഷ്ടിക്കുന്നതിനുള്ള സാധ്യതകള്‍ അദ്ദേഹം കൂടുതല്‍ കാണുന്നത് ശാസ്ത്രത്തിലാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴില്‍, ഭക്ഷണം, മരുന്ന്, കണക്ടിവിറ്റി തുടങ്ങിയ പ്രതീക്ഷകളെ യാഥാര്‍ഥ്യമാക്കുന്നത് ശാസ്ത്രമാണ്. നമ്മുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ വര്‍ധന, ശിശുമരണനിരക്കിലുണ്ടായ കുറവ് എന്നിവ സംഭവിച്ചത് ശാസ്ത്രം ജനങ്ങളിലെത്തിയതുകൊണ്ടാണ്. ലോകത്തെ മാറ്റിയത് തത്വശാസ്ത്രം അഥവാ പ്രത്യയശാസ്ത്രമാണെന്നാണ് ചെറുപ്പത്തില്‍ താന്‍ കരുതിയതെന്നും ഇന്ന് തോന്നുന്നത്് ശാസ്ത്രമാണത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്, ശാസ്ത്രത്തിന് അതിലുള്ള പങ്ക് അംഗീകരിക്കുമ്പോഴും. ഉദാഹരണത്തിന് കുടിവെള്ളം മലിനമാക്കുന്നതിനു അദ്ദേഹത്തിന്റെ പരിഹാരം നാനോ ടെക്‌നോളജി ഉപയോഗിച്ച് ശുദ്ധീകരിക്കലാണ്. ഇത് പ്ലാച്ചിമടയിലെ ആദിവാസികളോടും പെരിയാര്‍ തീരത്തെ ജനങ്ങളോടും പറയാനാവുമോ? ശാസ്ത്രപഠനം മലയാളത്തിലാക്കണമെന്ന വാദവും യാഥാര്‍ത്ഥ്യബോധത്തോടുകൂടിയതാണോ എന്നു സംശയിക്കണം.

യൗവനകാലത്തെ രാഷ്ട്രീയത്തെ കുറിച്ച് പ്രദീപ് പറയുന്നതിങ്ങനെ. ‘യൗവനത്തില്‍ റൊമാന്റിക് ആവാത്ത മനുഷ്യനുണ്ടാകില്ല. അന്നത്തെ കാലത്തെ ആശയങ്ങളുടെ ഒരു റൊമാന്റിക് സ്റ്റേറ്റ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷേ, എന്നിലിപ്പോഴുള്ളത് ഗാന്ധിജിയാണ്. ഗാന്ധിജി ഇന്ത്യയെ മനസ്സിലാക്കിയോളം മറ്റാരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ. ഒരുപക്ഷേ, ബുദ്ധനുണ്ടാകും. ഞാനറിയുന്ന ഗാന്ധിജിയില്‍ ഇടതുപക്ഷവും അംബേദ്ക്കറിസവുമുണ്ട്.’ ഇതും വാസ്തവത്തില്‍ മറ്റൊരു റൊമാന്റിസമല്ലേ? ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമെന്നു പ്രദീപും അംഗീകരിക്കുന്ന ജാതിയെന്ന വിഷയത്തില്‍ ഗാന്ധിയില്‍ അംബേദ്കറുണ്ടോ? മാര്‍ക്‌സിസം പറയുന്ന വൈരുദ്ധ്യാധ്ിഷ്ഠിത ഭൗതികവാദത്തിലും വര്‍ഗ്ഗസമരത്തിലും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലും ഗാന്ധിക്കെന്തു സ്ഥാനം? പ്രദീപ് തന്നെ പറയുന്ന, ശാസ്ത്രത്തിലധിഷ്ടിതമായ വികസന സങ്കല്‍പ്പമാണോ ഗാന്ധിയുടേത്?

വളരെ പ്രസക്തമായ പല വിഷയങ്ങളും പറയുമ്പോഴും കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയ ഒരു തലമുറയുടെ പരിണാമം കൂടിയാണ് ഈ അഭിമുഖം വെളിവാക്കുന്നത്. ആ തലമുറയിലെ ഒരു വിഭാഗം സാദാകക്ഷിരാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രവാസികളും എഴുത്തുകാരും മറ്റും മറ്റുമായി ഇപ്പോഴും ഈ സമൂഹത്തിലുണ്ട്. പക്ഷെ ആധുനികകാല സമസ്യകളുടെ ഉത്തരം തേടുന്ന പ്രക്രിയകളില്‍ അവര്‍ അദൃശ്യരാണ്. ഭൂതകാലത്തെ ഉദാത്തവല്‍ക്കരിക്കുകയും മാറ്റങ്ങളെ ഭയപ്പെടുകയും ചെയ്യുന്നവരാണ് അവരില്‍ ഭൂരിഭാഗവും. പുതുതലമുറക്ക് ഒരിക്കലും മാതൃകയല്ല അവര്‍ എന്നു പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply