കാട്ടൂര്‍ കടവ് : എഴുത്തിലെ കെണികള്‍

അധികാരത്തോട് വിധേയത്വം പുലര്‍ത്തുന്ന എഴുത്തുകാരന് നല്ല കൃതി രചിക്കുവാനാകുമോ? അശോകന്‍ ചെരുവിലിന്റെ ”കാട്ടൂര്‍ കടവ്” (ഡി.സി. ബുക്‌സ്, ഫെബ്രുവരി 2023) വായിക്കുമ്പോള്‍ ഈ ചോദ്യം തല്‍ക്കാലം ഞാന്‍ മാറ്റി വച്ചു.

”കാട്ടൂര്‍ കടവ്” ഒരു രാഷ്ട്രീയ വിമര്‍ശന നോവലാണെന്നും ‘ജനാധിപത്യവല്‍ക്കൃതമായ ഒരു വ്യവഹാരമാക്കി’ അത് നോവലിനെ മാറ്റുന്നുവെന്നും നിരൂപകനായ വിജയകുമാര്‍ അവതാരികയില്‍ എഴുതുന്നു. സി.പി. എമ്മിന്റെ ന്യായീകരണത്തൊഴിലാളിയെന്ന ദുര്യശസ്സ് ഉണ്ടെങ്കിലും ആത്മവിമര്‍ശകവും പാര്‍ട്ടി വിമര്‍ശകവുമായ ഒരു നിലപാടിലേക്ക് ഈ നോവലില്‍ അദ്ദേഹം വളരുന്നുവെന്ന് വിജയകുമാര്‍.

കെ. എന്ന പുരോഗമന സാഹിത്യകാരനും ഡി. കാട്ടൂര്‍ കടവ് എന്ന പേരില്‍ കെ.യെ നിശിതമായി ആക്ഷേപിക്കുന്ന ജോര്‍ജി ദിമിത്രിയും തമ്മിലുള്ള ശത്രുതാബന്ധം ആണ് കേന്ദ്ര പ്രമേയം. രണ്ടു പേരും ഒരേ നാട്ടുകാര്‍, സമകാലീനര്‍, സഹവാസികള്‍. ഏതാണ്ട് ഒരേ തരം ജീവിത പശ്ചാത്തലമുള്ളവര്‍. ഒരേ സ്‌കൂളില്‍ പഠിച്ചു.”ഒരേ ഡിപ്പാര്‍ട്ട്‌മെന്റില്‍, ചിലപ്പോള്‍, ഒരേ ഓഫീസില്‍, തന്നെ ജോലി ചെയ്തു”. എഴുത്തുകാരന്റെ ആത്മാംശമുള്ള കെ. ഒരു ഉപകഥാപാത്രവും എതിരാളിയായ ദിമിത്രി മുഖ്യകഥാപാത്രവുമാണ്. കാട്ടൂര്‍ എന്ന ദേശവും അതിന്റെ മിത്തും ചരിത്രവും പ്രകൃതിയും പശ്ചാത്തലമാക്കി പ്രമേയം വളരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയവും പിളര്‍പ്പുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളും ഓര്‍മ്മകളും നോവലിന് ഇതിഹാസ പരിവേഷം ചാര്‍ത്തുന്നുണ്ട്. കാട്ടൂരിനെ മാര്‍ക്കൈസിന്റെ ‘മാക്കൊണ്ട’യാക്കാനും, ‘മാന്ത്രികയാഥാര്‍ത്ഥ്യ’ത്തെ ഒരു തരം ‘മാന്ത്രിക കമ്മ്യൂണിസ’ത്തിലേക്ക് പൊലിപ്പിക്കുവാനുമുള്ള ശ്രമങ്ങള്‍ നോവലില്‍ കാണാം.

അവതാരികാകാരന്‍ പറയുന്ന പോലെ’ കെ.യുടെ പ്രാഗ്രൂപം’ അശോകന്‍ ചെരുവില്‍ തന്നെയാണെന്ന് തോന്നിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും നോവലിലുണ്ട്:

”…കൗണ്‍സില്‍ ഡയറക്റ്റര്‍ പദവിയില്‍ എത്തിയതോടെ കെ. സാഹിത്യ രചന ഏതാണ്ട് ഉപേക്ഷിച്ചു. എഴുത്ത് നവമാദ്ധ്യമങ്ങളിലായി. അവിടെയാകട്ടെ സാഹിത്യകാരന്‍ എന്ന നിലയ്ക്കുള്ള സംയമനവും മാന്യതയും കൈവിട്ട് അദ്ദേഹം ഒരു തികഞ്ഞ രാഷ്ട്രീയ പ്രചാരകനായി അഴിഞ്ഞാടി… ‘ന്യായീകരണത്തൊഴിലാളി’ എന്ന് ആളുകള്‍ ആക്ഷേപിച്ചു. ഓര്‍മ്മയും ചിന്തയും കാഴ്ചയും എല്ലാം തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കുന്ന വിധമാണ് അദ്ദേഹം ആവിഷ്‌ക്കരിച്ചത്. ഡി. കാട്ടൂര്‍ കടവ് ഫേസ് ബുക്ക് കമെന്റില്‍ ഇങ്ങനെ എഴുതി: ”എഴുത്തുകാരനല്ല; പാര്‍ട്ടിയുടെ മറ്റൊരു കൊലക്കത്തിയാണ് ഈ മനുഷ്യന്‍”’.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആത്മാംശമുള്ള ഈ കഥാപത്രത്തെപ്പറ്റി നോവലിസ്റ്റ് തന്നെ നടത്തുന്ന വിമര്‍ശനങ്ങളും, ദിമിത്രിയുടെ ആക്ഷേപകരമായ കുറിപ്പുകളുമൊക്കെയാണ് ഒരു വിമര്‍ശനാത്മകമായ നോവല്‍ എന്ന പ്രതീതി സൃഷ്ടിക്കുന്നത്. പുരോഗമന സാഹിത്യത്തിന്റെ പതിവ് രീതികളില്‍ നിന്ന് കൃതി വ്യത്യസ്തമാവുന്നതുമങ്ങനെയാണ്.

കെ.യെന്ന സാഹിത്യകാരന്റെ കാപട്യത്തെയും പാര്‍ട്ടി വിധേയത്വത്തെയും ദിമിത്രിയുടെ കമെന്റുകള്‍ വ്യക്തമായും മറ നീക്കിക്കാട്ടുന്നുണ്ട്. എഫ്. ബി.യില്‍ കെ. എഴുതുന്നു: ”ദൈവം ഇല്ല എന്ന പിടിവാശിയുടെ പക്ഷത്താണ് ഞാന്‍ നിന്നത്…പക്ഷേ ഇപ്പോള്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ്”. പോസ്റ്റിനു താഴെ ദിമിത്രിയുടെ കമെന്റ്: ”ഉവ്വ്, താങ്കളുടെ ദൈവങ്ങള്‍ തിരുവനന്തപുരത്ത് എ.കെ.ജി.സെന്ററില്‍ ഇരിക്കുന്നുണ്ട്. പൂജ മുടക്കണ്ട”

മീന്‍പിടുത്തത്തെപറ്റി കെ. എഫ്.ബിയില്‍ എഴുതുന്നു.

ദിമിത്രിയുടെ കമെന്റ്:. … ‘ഓര്‍മ്മകളെ രാഷ്ട്രീയ ആയുധമാക്കുകയാണദ്ദേഹം. ‘ അവാര്‍ഡുകളും പദവികളും സ്ഥാനങ്ങളും വല വീശിപ്പിടിക്കാന്‍ അങ്ങനെയാണോ താങ്കള്‍ പരിശീലിച്ചത്?

കെ. ഒരുക്കുന്ന കെണിയെപ്പറ്റി ചില സൂചനകള്‍ ദിമിത്രിയിലൂടെ നോവല്‍ തന്നെ നല്‍കുന്നുണ്ട്:

”അദ്ദേഹത്തിന്റെ ഓരോ വാചകവും ബോധപൂര്‍വ്വമുള്ള ചില കരുനീക്കങ്ങളാണ്. ചരിത്രത്തില്‍ നിന്ന് ചില ശകലങ്ങള്‍ തെരഞ്ഞെടുത്ത് അയാള്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി ഉപയോഗിക്കുന്നു. വായനക്കാര്‍ അത് ഗൃഹാതുരമായ ഓര്‍മ്മകളുടെ ആവിഷ്‌ക്കാരമായി കരുതി ആസ്വദിക്കും… ശരിക്കും പറഞ്ഞാല്‍ ഓര്‍മ്മകള്‍ കൊണ്ടുള്ള ഒരു കെണിയാണ് ഒരുക്കുന്നത്.”

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കെണികള്‍ അധികാരികള്‍ ഒരുക്കി വച്ച ഒരു വന്‍കെണിയെ നമ്മില്‍ നിന്ന് മറച്ചുവയ്ക്കാനുള്ള കഥനതന്ത്രമാണെന്ന് സൂക്ഷ്മവായനയില്‍ തെളിയും. വിമര്‍ശനങ്ങള്‍ തന്നെ ഇവിടെ മറ്റൊരു കെണിയാണെന്നും. ഈ പൊയ്‌ക്കെണി ഒളിച്ചുവയ്ക്കുന്ന യഥാര്‍ത്ഥ കെണി എന്താണ്?

ഇത്തരമൊരു സ്വയം വിമര്‍ശനപദ്ധതിയിലേക്ക് തിരിയുന്നതിനുള്ള പ്രേരണകളെന്തെന്ന് നോവലില്‍ തന്നെ സൂചനകളുണ്ട്. പ്രമേയരൂപീകരണത്തിലും ആഖ്യാനരീതിയിലും, എഡിറ്റിങ്ങിലും, ബാഹ്യമായ ഏതോ കല്പന പ്രവര്‍ത്തിക്കുന്നുവോ? ആഖ്യാന ഭാഷ ഒരു സൂപ്പര്‍ ഈഗോയുടെ ഉത്തരവിന്റെ രൂപം പ്രാപിക്കുന്നത് ശ്രദ്ധിക്കുക.

”രാഷ്ട്രീയ നിരീക്ഷണ ലേഖനങ്ങള്‍ എഴുതുന്നു എന്നതു മാത്രമല്ല, അദ്ദേഹം നടത്തുന്ന തന്ത്രപരമായ ചില രാഷ്ട്രീയ ഇടപെടലുകളുണ്ട്…സാഹിത്യകാരന്മാര്‍ രാഷ്ട്രീയം കൈകൊണ്ട് തൊടാന്‍ പാടില്ല എന്ന സമീപനം ഇന്നു നിലനില്‍ക്കുന്നില്ല. … പക്ഷേ കെ. ഇവിടെ പുലര്‍ത്തുന്ന അതിപ്രകടനം അങ്ങേയറ്റം അപക്വമാണ്. രാഷ്ട്രീയ പ്രചരണത്തിനു വേണ്ടി സാഹിത്യത്തെ വെറുമൊരു ഉപകരണമാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്യുന്നത്. ഏതു രാഷ്ട്രീയച്ചേരിക്കു വേണ്ടിയാണോ കെ. .ഇങ്ങനെയെല്ലാം ചെയ്യുന്നത് അവര്‍ പോലും അംഗീകരിക്കുന്ന കാര്യമല്ല ഇത്. അവര്‍ സൂചിപ്പിക്കാറുണ്ട്: ”ഇത്രയ്ക്കും പ്രകടമായി കെ. ദൈനം ദിന രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അദ്ദേഹത്തിനു മാത്രമല്ല, പ്രസ്ഥാനത്തിനും ഗുണപരമല്ല” (356)

പാര്‍ട്ടിയുടെ ഉന്നതതലങ്ങളില്‍ നിന്നുള്ള ശാസനത്തിന് കെ. അഥവാ അശോകന്‍ ചെരുവില്‍ എന്ന കഥാകാരന്‍ വിധേയനായിട്ടുണ്ടെന്നതിന്റെ സൂചനയല്ലേ ഇത്? നോവലിന്റെ രചനാമൂലകങ്ങളിലേക്ക്, ആഖ്യാന രഹസ്യങ്ങളിലേക്ക്, വെളിച്ചം വീശുന്ന സൂത്രവാക്യങ്ങളാണിവ. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കൈക്കൊള്ളുന്ന തന്ത്രപരമായ നീക്കമായി വേണം വിമര്‍ശനാത്മകമെന്ന് തോന്നിക്കുന്ന ആഖ്യാന രീതിയിലേക്കുള്ള ഈ തിരിവിനെ കാണാന്‍. ‘ഹൈക്കമാന്റ്” വിലയിരുത്തുന്നു:

”…രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രത്യേകിച്ചും ഇടതുപക്ഷ പാര്‍ട്ടികളില്‍ അംഗങ്ങളും നേതാക്കളുമായ നിരവധി എഴുത്തുകാര്‍ കേരളത്തിലുണ്ട്. തന്റെ രാഷ്ട്രീയ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൈനംദിനജോലികള്‍ വളരെ ഉത്തരവാദിത്വത്തോടെ അവര്‍ നിര്‍വ്വഹിക്കുന്നു. അപ്പോഴും എഴുത്തുകാര്‍ക്ക് അനിവര്യമായ നിഷ്പക്ഷതയും മാന്യതയും പരിപാലിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്.” (357)

നിഷ്പക്ഷമായ നിലപാടെന്ന പ്രതീതി സൃഷ്ടിച്ചില്ലെങ്കില്‍ വായനക്കാര്‍ക്കിടയില്‍ മതിപ്പുണ്ടാവില്ലെന്നാണ് ഉപദേശം. മാത്രമല്ല വളരെ ഉത്തരവാദിത്വത്തോടെ, പാര്‍ട്ടി ഏല്പിക്കുന്ന ദൗത്യങ്ങള്‍ മാന്യമായി നിര്‍വ്വഹിക്കുന്ന നിരവധി എഴുത്തുകാര്‍ കേരളത്തിലുണ്ട്. അവരെക്കണ്ടു പഠിക്കുക. ”ചെരുവില്‍” മോഡലിലുള്ള പാര്‍ട്ടി ദാസ്യന്മാരേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യര്‍ ഇപ്പറഞ്ഞവരല്ലേ? ഉദാഹരണമായി, സാംസ്‌ക്കാരിക നായകന്മാര്‍ എന്ന വിളിക്കപ്പെടുന്ന ചിലരും സുനില്‍.പി.ഇളയിടം, ബന്യമിന്‍, എസ്. ഹരീഷ് തുടങ്ങിയ നിരവധി എഴുത്തുകാരും ഇത്തരമൊരു തന്ത്രപരമായ സമീപനമല്ലേ കൈക്കൊള്ളുന്നത്?. അടിയന്തിരഘട്ടത്തില്‍ മാത്രമല്ലേ പാര്‍ട്ടിയെ നേരിട്ട് സഹായിക്കാന്‍ അവരെത്തുന്നുള്ളു?

അതേ. സഖാവ് തിരുത്തലിനുവിധേയമാകണം എന്ന അനുജ്ഞ ഈ വാക്യങ്ങളിലുണ്ട്.

ഇനി ഈ വാക്യങ്ങളോട് സ്വതന്ത്ര ഇടതുപക്ഷ നിരൂപകനായ വിജയകുമാര്‍ തന്റെ അവതാരികയില്‍ പറയുന്ന നിരീക്ഷണങ്ങള്‍ ചേര്‍ത്തു വയ്ക്കുക:

”…പ്രത്യക്ഷത്തില്‍ അയാള്‍ പ്രസ്ഥാനത്തെ നിരുപാധികം പിന്തുണയ്ക്കുന്നു. പക്ഷെ പ്രസ്ഥാനത്തെ എഴുതുന്ന ഇയാളുടെ സാഹിത്യ രചനകള്‍ വിമര്‍ശനം കൊണ്ട് നിറയുന്നു. ഈ പിളര്‍പ്പിനെ ഒട്ടും മറയില്ലാതെ നോവലിലും കാണാവുന്നതാണ്”

പാര്‍ട്ടി നിര്‍ദ്ദേശിച്ച ആഖ്യാന തന്ത്രം ഫലസിദ്ധികണ്ടു തുടങ്ങി എന്നതിന്റെ മികച്ച ഉദാഹരണമല്ലേ ഇത്? പാര്‍ട്ടിയെ വിമര്‍ശിക്കുന്നുവെന്ന് തോന്നിപ്പിക്കുക. അതേ സമയം ( ‘കുറഞ്ഞ തിന്മ” എന്ന നിലയില്‍) പാര്‍ട്ടിയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് ബോദ്ധ്യപ്പെടുത്തുക. ഇതാവും ഇനി മേല്‍ പുരോഗമന സാഹിത്യ സംഘം അവലംബിക്കുന്ന പുതിയ ആഖ്യാനതന്ത്രം. ന്യായീകരണത്തിന്റെ, പ്രസ്ഥാന ദാസ്യത്തിന്റെ, അധികാര വിധേയത്വത്തിന്റെ, പുത്തന്‍ ഭാവുകത്വം.

കെ.എന്ന ആത്മാംശമുള്ള കഥാപാത്രത്തെ ആദ്യന്തം വിമര്‍ശിക്കുന്ന ദിമിത്രിയെ വെറുപ്പിന്റെയും നൈരാശ്യത്തിന്റെയും പകയുടെയും മൂര്‍ത്തീരൂപമായാണ് നോവല്‍ ചിത്രീകരിക്കുന്നത്. അത് കൊണ്ടു തന്നെ അയാള്‍ നടത്തുന്ന എല്ലാ വിമര്‍ശനങ്ങളും നിര്‍വ്വീര്യം. പ്രമാണിത്തമുള്ള ഈഴവകുടുംബത്തില്‍ നിന്നു വരുന്ന സഖാവ് ചന്ദ്രശേഖരനും വേലസമുദായത്തില്‍പ്പെട്ട സഖാവ് മീനാക്ഷിയും തമ്മില്‍ പ്രണയ ബദ്ധരാവുന്നു. ചന്ദ്രശേഖരന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ പാര്‍ട്ടി സഖാക്കളുടെ സഹായത്തോടെയാണ് വിവാഹം നടക്കുന്നത്. ആ ആദര്‍ശ വിവാഹത്തില്‍ നിന്നുണ്ടായ സന്തതിയാണ് ദിമിത്രി. മീനാക്ഷിയും കുട്ടിയായ ദിമിത്രിയും ജാതീയമായ അധിക്ഷേപത്തിനു വിധേയരാവുന്നു. വിവാഹ ബന്ധം വേര്‍പെടുത്തി മീനാക്ഷി മകനെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുന്നു. കുറേക്കാലത്തിനു ശേഷം എതിര്‍പ്പുകളെ അവഗണിച്ച് ഭര്‍ത്താവിന്റെ അമ്മ നിര്‍ബ്ബന്ധപൂര്‍വ്വം ബാലനായ ദിമിത്രിയെ പിതൃഗൃഹത്തിലേക്ക് തിരിച്ച് കൊണ്ടു വരുന്നു. അവിടെ അവന്‍ നിരന്തരം അപമാനിക്കപ്പെടുന്നു. ചെറുപ്പം മുതലേ അനുഭവിച്ച ക്രൂരമായ അധിക്ഷേപങ്ങള്‍ അവനില്‍ അപകര്‍ഷത വിതയ്ക്കുന്നു. അങ്ങനെ സ്‌നേഹ ശൂന്യനും നിഹിലിസ്റ്റുമായി അയാള്‍ മാറുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ സാംസ്‌ക്കാരികവേദിയുമായും എം.എല്‍. പ്രസ്ഥാനവുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ അഛന്റെ മരണത്തെത്തുടര്‍ന്നു ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചതോടെ തീവ്രകമ്യൂണിസവുമായുള്ള ബന്ധവും അറ്റു. ലോകത്തോടുമുഴുവന്‍ അയാള്‍ക്ക് പകയും വെറുപ്പുമാണ്. 2018 ല്‍ കേരളത്തെ വിഴുങ്ങിയ പ്രളയത്തിന്റെ വാര്‍ത്ത മറുനാട്ടിലിരുന്ന് വളരെ നിസ്സംഗനായാണ് അയാള്‍ കേള്‍ക്കുന്നത്. കാട്ടൂര്‍ കടവും തൃശ്ശൂരും കേരളവും ഈ ലോകവും പ്രപഞ്ചം ഒന്നാകെയും മുങ്ങിപ്പോകുന്നത് കാണുവാന്‍ അയാള്‍ ഉള്ളാലെ ആഗ്രഹിക്കുന്നു.

പതിനാലാം വയസ്സില്‍ പാലക്കാട്ടെ നേഴ്‌സിങ്ങ് ഹോമില്‍ തന്റെ അഛന്‍ മരിക്കുന്ന ദൃശ്യങ്ങള്‍ക്ക് അയാള്‍ സാക്ഷിയാവുന്നുണ്ട്. ”ആ മരണദൃശ്യം വല്ലാത്ത അറപ്പോടെയാണ് അയാളുടെ ഓര്‍മ്മയില്‍ കിടക്കുന്നത്”. നെഴ്‌സ് നിര്‍ബ്ബന്ധിച്ചിട്ടും അഛന്റെ ചുണ്ടില്‍ വെള്ളമൊഴിച്ച് കൊടുക്കാന്‍ അയാള്‍ മടി കാട്ടുന്നു. അന്ത്യ നിമിഷത്തില്‍ പശ്ചാത്താപ വിവശനായി ”അച്ഛാ എന്ന് തന്നെ വിളിക്കുവാന്‍ ചന്ദ്രശേഖരന്‍ മകനോട് അപേക്ഷിക്കുന്നു. ക്ഷമാപണത്തൊടെ അവനെ അനുഗ്രഹിക്കുവാന്‍ കൈകള്‍ നീട്ടിയ അവശനായ പിതാവിനോട് ”വേഗം ചാവെടാ പട്ടി” എന്ന് അയാള്‍ അലറുന്നു.

കെ.യും. ദിമിത്രിയും പ്രതിക്രിയാ കര്‍തൃത്വത്തിന്റെ രണ്ടു മുഖങ്ങളാണ്. ഒരാള്‍ കാപട്യം കൊണ്ടും പാര്‍ട്ടിദാസ്യം കൊണ്ടു ജീവിതത്തില്‍ വിജയിയായി മാറുന്നു. മറ്റേയാള്‍ വെറുപ്പും പകയും കൊണ്ട് പരാജയത്തില്‍ പൂണ്ടു പോകുന്നു. അയാള്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഷയറിയില്ല. ഈ രണ്ടു നിഹിലിസ്റ്റ് കര്‍ത്തൃത്വങ്ങളുടെ ഇഛാശൂന്യമായ പരിപ്രേക്ഷ്യത്തിലൂടെയാണ് നോവലിസ്റ്റ് കാട്ടൂര്‍ കടവിന്റെ ദുരന്ത ജീവിത കഥകളെ ആവിഷ്‌ക്കരിക്കുന്നത്. ഈ രണ്ടു വ്യക്തികളും തമ്മിലുള്ള വിനിമയം ആഴത്തിലുള്ള സംവാദത്തിലേക്കോ വിമര്‍ശനത്തിലേക്കോ എത്തുന്നില്ല. പരസ്പരം പഴിചാരലിലേര്‍പ്പെടുന്ന സൈബര്‍ പോര്‍ വിളികളും, സ്‌ക്കാന്‍ഡലുകളും മാത്രം. ”പാക്ക്സ്ഥാനിലേക്ക് പോടാ ചെറ്റേ” എന്നാണ് കെ.യെ ഒരിക്കല്‍ തീവ്രകമ്മ്യൂണിസ്റ്റ്കാരനായിരുന്ന ദിമിത്രി (എഫ്.ബി.യില്‍) അപഹസിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വീഴ്ചകളെപ്പറ്റി സൂക്ഷ്മമായ വിമര്‍ശനമോ അപഗ്രഥനമോ ഇല്ല.

കാട്ടൂര്‍ കടവ് ഒരു രാഷ്ട്രീയ നോവലാണെന്നും സൂക്ഷ്മമായ രാഷ്ട്രീയ വിമര്‍ശനത്തിന്റെ ശബ്ദം അതില്‍ കേള്‍ക്കാ”മെന്നും വിജയകുമാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ നോവലിസ്റ്റ് ശരാശരി വായനക്കാര്‍ക്കായി സമര്‍ത്ഥമായി ഒരുക്കിവച്ച കെണിയില്‍ നിരൂപകനും വീണു പോയിരിക്കുന്നു എന്നു മാത്രമേ ഇത് വെളിവാക്കുന്നുള്ളൂ. രാഷ്ട്രീയം ഇവിടെ കമ്യൂണിസത്തിന്റെ ഭൂതകാല മഹത്വത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരമായ ഓര്‍മ്മകളും വീരകഥകളും ആയി ചുരുങ്ങുന്നു. വിമര്‍ശനം എന്നാല്‍ പരസ്പരം ദുഷിക്കലും കളിയാക്കലും മാത്രം.

2018 ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ എഴുതപ്പെട്ടിട്ടുള്ളത് എന്നോര്‍ക്കുക. എന്തൊക്കെ രാഷ്ട്രീയ വിഷയങ്ങള്‍ പ്രമേയമാവുന്നു എന്ന ചോദ്യം പോലെത്തന്നെ പ്രധാനമാണ്, എന്തൊക്കെ ഒഴിവാക്കപ്പെടുന്നു എന്ന ചോദ്യവും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനു ശേഷവും മുമ്പുമുള്ള കാലത്തെ രാഷ്ട്രീയമായ മൈത്രികളിലും അസ്വാരസ്യങ്ങളിലുമാണ് പ്രമേയം ചുറ്റിക്കറങ്ങുന്നത്. ആദ്യകാലത്തെ നേതൃനിര അമാനുഷിക പരിവേഷത്തോടെ നോവലില്‍ അനുസ്മരിക്കപ്പെടുന്നു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ പ്രകടമാക്കപ്പെട്ട പാര്‍ട്ടിയുടെ ക്രിമിനല്‍വല്‍ക്കരണവും, പിണറായിയുടെ ആരോഹണത്തോടെ സംഭവിക്കുന്ന നയവ്യതിയാനങ്ങളും, ഫാസിസ്റ്റു പ്രവണതകളും ഒന്നും സൂചനയായിപ്പോലും ഈ ”രാഷ്ട്രീയ നോവലില്‍” പ്രത്യക്ഷപ്പെടുന്നില്ല. സഖാക്കളുടെ അഴിമതിയും, ജാതിവിവേചനവും എല്ലാം ഇടയ്ക്കിടെ അധിക്ഷേപിക്കപ്പെടുന്നുവെങ്കിലും, അവയെല്ലാം രാഷ്ട്രീയമായ അപചയവുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവിലേക്ക് നയിക്കുന്നില്ല. സമകാല ചരിത്രത്തില്‍ സംഭവിക്കുന്ന പാര്‍ട്ടിയുടെ ഭീകരവല്‍ക്കരണത്തെപ്പറ്റി നോവല്‍ കുറ്റകരമായ മൗനം പാലിക്കുന്നു.

അതേ സമയം തീവ്രവാദ കമ്യൂണിസത്തിന്റെയും സാംസ്‌ക്കാരികവേദിയുടെയും വീഴ്ചകളെ പെരുപ്പിച്ചു കാട്ടുന്നുണ്ട്. തോറ്റു പോയ ഈ പ്രസ്ഥാനങ്ങള്‍ കേരള സമൂഹത്തില്‍ സൃഷ്ടിച്ച നൈതികവും ഭാവുകപരവുമായ ഉന്മുഖത്വം വിസ്മരിക്കപ്പെടുന്നു. ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യ’ത്തിനായുള്ള സമരങ്ങളെ നോവല്‍ നിസ്സാരവല്‍ക്കരിക്കുന്നു.

സ്‌കാന്‍ഡലുകളിലൂടെയും ആരോപണ പ്രത്യാരോപണങ്ങളിലൂടെയും, വിമര്‍ശനത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതില്‍ നോവലിസ്റ്റ് വിജയിക്കുന്നുണ്ട്. നോവല്‍ അവസാനിക്കുന്നത് നിഹിലിസത്തിന്റെ ആത്യന്തികമായ വിജയത്തിലും പ്രതിക്രിയാകര്‍തൃത്വങ്ങളുടെ അനുരഞ്ജനത്തിലുമാണ്. പിണങ്ങിയും വിമര്‍ശിച്ചും മല്‍സരിച്ചും നിന്നകഥാപാത്രങ്ങളൊക്കെ ഒടുവില്‍ തങ്ങളുടെ വൈകല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇണങ്ങുന്നു. കെ.യുടെ ഒടുവിലത്തെ എഫ്.ബി. പോസ്റ്റില്‍ ദിമിത്രിയുടെ കമെന്റ് ഒരു സ്മൈലിയായി ചുരുങ്ങുന്നത് അര്‍ത്ഥോദ്ദീപകമല്ലേ?

ചെറുചെറുവാക്യങ്ങളിലൂടെ അനുഭവങ്ങളെയും ഓര്‍മ്മകളെയും ആവാഹിക്കുവാന്‍ പര്യാപ്തമായ ഒരു ആഖ്യാന ശൈലിയും രചനാ പാടവും ഈ കൃതിയെ വായനായോഗ്യമാക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയപരമായ തന്റെ ദൗത്യത്തെ വിജയകരമായി നിര്‍വ്വഹിക്കുവാന്‍ ഈ കഥനവൈഭവം രചയിതാവിനെ പ്രാപ്തനാക്കുന്നു.

മലയാള സാഹിത്യത്തില്‍ ഇടതുപക്ഷ റിസ്സെന്റിമെന്റ് (ressentiment) ഭാവുകത്വം ശക്തി പ്രാപിക്കുന്നതിനെപ്പറ്റി എസ്. ഹരീഷിന്റെ ”ഓഗസ്റ്റ് 17” നെ മുന്‍നിര്‍ത്തി ഞാനെഴുതുകയുണ്ടായി. വെറുപ്പിന്റെ ഈ ഭാവുകത്വം എങ്ങനെ സമകാലീന സി.പി.എം. രാഷ്ട്രീയത്തിനും അതിന്റെ സര്‍വ്വാധിപത്യത്തിനും സാധൂകരണം നല്‍കുന്നുവെന്നതിനെപ്പറ്റി ആ നിരൂപണത്തില്‍ ഞാന്‍ വിശദികരിച്ചു. ഇതേ സാധൂകരണ തന്ത്രമാണ് മറ്റൊരു രീതിയില്‍ കാട്ടൂര്‍ കടവിലും പരീക്ഷിക്കപ്പെടുന്നത്. റിസ്സെന്റിമെന്റിന്റെ നിലപാടില്‍ നിന്ന് നോക്കുമ്പോള്‍ ഏതു ഭീകരതയും ഏതു ജീര്‍ണ്ണതയും ക്ഷന്തവ്യമാകുന്നു. സര്‍ഗ്ഗാത്മകമായ അരാജകതയിലേക്കോ അധികാരവിരുദ്ധതയിലേക്കോ അല്ല അധികാരദാസ്യത്തിലേക്കാണ് ഈ നിഹിലിസ്റ്റ് ഭാവുകത്വം വായനക്കാരെ ക്ഷണിക്കുന്നത് എന്ന് ചുരുക്കം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply