അന്ധവിശ്വാസ – അനാചാര നിരോധന നിയമത്തെ കുറിച്ച്
ഇത് ഉത്തരേന്ത്യയല്ല, കേരളമാണ്, കേരളം നമ്പര്‍ വണ്‍ ആണ് എന്ന അവകാശവാദങ്ങള്‍ നിരന്തരം കേള്‍ക്കുമ്പോഴാണ് അതിനെയെല്ലാം അപഹസിക്കുന്ന സംഭവങ്ങള്‍ കേരളത്തിലെങ്ങും അരങ്ങേറുന്നത്. . പണമുണ്ടാക്കാനായി ധനാകര്‍ഷണ യന്ത്രങ്ങള്‍ വരെ വിപണിയിലെത്തിയിരിക്കുന്നു. അവയുടെ പരസ്യങ്ങള്‍ ചാനലുകളില്‍ നിറയുന്നു. വെള്ളിമൂങ്ങയും ഇരുതല മൂര്‍ഖനുമൊക്കെ രംഗത്തു വരുന്നു. കേട്ടുപരിചയം പോലുമില്ലാതിരുന്ന അക്ഷയത്രിതീയ പോലുള്ള വിശ്വാസങ്ങളിലൂടെ ജ്വല്ലറിക്കാര്‍ പണം കൊയ്യുന്നു.
കൊലകള്‍ വരെ അരങ്ങേറുന്നു.
ഏറെ കാലത്തെ ആവശ്യങ്ങള്‍ക്കുശേഷം അന്ധവിശ്വാസ – അനാചാര നിരോധന നിയമം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ കേരള സര്‍ക്കാര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ഇതുമായി ബന്ധപ്പെട്ട് വളരെ ശക്തമായ നിയമമാണ് നിലവിലുള്ളത്. കര്‍ണ്ണാടകസര്‍ക്കാരും ഇത്തരമൊരു നിയമം തയ്യാറാക്കാനുള്ള നീക്കത്തിലാണ്.
കേരളത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ദുര്‍മ്മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കുന്ന കരടുനിയമത്തിനാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപം നല്‍കിയിട്ടുള്ളതെന്നറിയുന്നു. അന്ധവിശ്വാസത്തിന്റെ പേരില്‍ ആപത്തുണ്ടാക്കുന്ന ആചാരങ്ങള്‍ കുറ്റകരമാക്കാനാണ് നിര്‍ദ്ദേശം. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ തടവും 50000 രൂപവരെ പിഴയും ലഭിക്കും. ദുര്‍മ്മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിക്കല്‍, പ്രേതബാധയുടെയും അമാനുഷശക്തിയുടെയും പേരില്‍ പീഡിപ്പിക്കലും ലൈംഗികബന്ധത്തിലേര്‍പ്പെടലും, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയല്‍, ഊരുവിലക്ക്, മൃഗങ്ങളെ ബലി കൊടുക്കല്‍ എന്നിവയെല്ലാം അതിലുള്‍പ്പെടും. അതേസമയം ആരാധനാലയങ്ങളിലെ ആരാധനാരീതികളും പാരമ്പര്യ അറിവുകളും കലകളും ആചാരങ്ങളും പ്രചരിപ്പിക്കലും മതപ്രഭാഷകരുടെ ദിവ്യാത്ഭുതപ്രചാരണങ്ങളും ഉത്സവങ്ങളും പ്രാര്‍ത്ഥനകളും ജ്യേതിഷ ഉപദേശങ്ങളുമൊന്നും അതിലുള്‍പ്പെടില്ല. എന്തായാലും നിയമവിരുദ്ധമാക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷമായ അബിപ്രായഭിന്നതയുണ്ടാകുമെന്നുറപ്പ്. അപ്പോഴും ആദ്യപടിയെന്ന നിലയില്‍ ഏറ്റവും രൂക്ഷമായ അന്ധവിശ്വാസങ്ങള്‍ നിരോധിക്കപ്പെടുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
മന്ത്രസിദ്ധി തിരിച്ചുപിടിക്കാനായി കമ്പകക്കാനത്തു നടണ കൂട്ടക്കൊലയെ തുടര്‍ന്നാണ് കേരളത്തില്‍ അന്ധവിശ്വാസ അനാചാര നിരോധന നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. കൊല്ലപ്പെട്ട കൃഷ്ണനു 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്നും കൊലപ്പെടുത്തിയാല്‍ ആ ശക്തി തനിക്കു കിട്ടുമെന്നും വിശ്വസിച്ച അനീഷായിരുന്നു കൊലപാതകി. കൃഷ്ണന്റെ പക്കലുണ്ടെന്നു കരുതുന്ന മന്ത്രവാദ താളിയോല ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനും പദ്ധതിയിട്ടു. കൃഷ്ണന്റെ വീട്ടില്‍ വന്‍ തുകയും ഒട്ടേറെ സ്വര്‍ണാഭരണങ്ങളുമുണ്ടെന്നും കൊലപ്പെടുത്തിയാല്‍ അതു പങ്കിടാമെന്നും പ്രലോഭിപ്പിച്ച് തൊടുപുഴയില്‍ വര്‍ക്ഷോപ്പ് നടത്തുന്ന ലിബീഷിനെ ഒപ്പം കൂട്ടുകയായിരുന്നു. കൂട്ടക്കൊലക്കുശേഷം പിടിക്കപ്പെടാതിരിക്കാനായി ഇവര്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദ കര്‍മ്മങ്ങളും നടത്തി.ഏതാനും വര്‍ഷം മുമ്പ് മന്ത്രവാദത്തെ തുടര്‍ന്ന് 2 മരണം നടന്നപ്പോഴും ഈ വിഷയം സജീവചര്‍ച്ചയായി. എന്നാല്‍ പതിവുപോലെ കുറെ കഴിഞ്ഞപ്പോള്‍ എല്ലാവരുമതുമറന്നു.
ഇത് ഉത്തരേന്ത്യയല്ല, കേരളമാണ്, കേരളം നമ്പര്‍ വണ്‍ ആണ് എന്ന അവകാശവാദങ്ങള്‍ നിരന്തരം കേള്‍ക്കുമ്പോഴാണ് അതിനെയെല്ലാം അപഹസിക്കുന്ന സംഭവങ്ങള്‍ കേരളത്തിലെങ്ങും അരങ്ങേറുന്നത്. അതാകട്ടെ ഇന്ന് വര്‍ഗ്ഗീയ കൊലകളിലും ആള്‍ക്കൂട്ടകൊലകളിലും ദുരഭിമാനകൊലകളിലും വരെ എത്തിയിരിക്കുന്നു. പണമുണ്ടാക്കാനായി ധനാകര്‍ഷണ യന്ത്രങ്ങള്‍ വരെ വിപണിയിലെത്തിയിരിക്കുന്നു. അവയുടെ പരസ്യങ്ങള്‍ ചാനലുകളില്‍ നിറയുന്നു. വെള്ളിമൂങ്ങയും ഇരുതല മൂര്‍ഖനുമൊക്കെ രംഗത്തു വരുന്നു. കേട്ടുപരിചയം പോലുമില്ലാതിരുന്ന അക്ഷയത്രിതീയ പോലുള്ള വിശ്വാസങ്ങളിലൂടെ ജ്വല്ലറിക്കാര്‍ പണം കൊയ്യുന്നു.
നവോത്ഥാനപ്രസ്ഥാനങ്ങളുടേയും ദേശീയപ്രസ്ഥാനത്തിന്റേയും ഇടതുപക്ഷത്തിന്റേയും മിഷണറിമാരുടേയും മറ്റും പ്രവര്‍ത്തനഫലമായി കേരളം നേടിയ മഹത്തായ നേട്ടങ്ങളാണ് പടിപടിയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിടേക്കാണ് മന്ത്രവാദമടക്കമുള്ള അനാചാരങ്ങളും വര്‍ഗ്ഗീയ മൗലികവാദവുമൊക്കെ തിരിച്ചുവരുന്നത്. കേരളത്തിനു സാമൂഹ്യനേട്ടങ്ങള്‍ സമ്മാനിച്ചവരുടെ പിന്‍ഗാമികള്‍ പോലും ഈ തിരിച്ചുവരവിനു മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയോ അതിനോട് ഐക്യപ്പെടുകയോ ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തെ നിയമപരമായി മാത്രം നേരിടാനാവില്ല എന്നുറപ്പ്. അപ്പോഴും നിയമപരമായ നടപടികളെടുക്കാന്‍ ജനാധിപത്യ സര്‍ക്കാരിനു ബാധ്യതയുണ്ട്. പ്രതേകിച്ച് ശാസ്ത്രീയചിന്ത വളര്‍ത്താന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്ന് ഭരണഘടനയില്‍ എഴുതിവെച്ച സാഹചര്യത്തില്‍.
തീര്‍ച്ചയായും എന്താണ് അന്ധവിശ്വാസം, അനാചാരം എന്ന് നിര്‍വ്വചിക്കുക എളുപ്പമല്ല. ഒരാള്‍ക്ക് അന്ധവിശ്വാസം മറ്റൊരാള്‍ക്ക് വിശ്വാസമാകാം. ഒരാള്‍ക്ക് അനാചാരമായി തോന്നുന്നത് മറ്റൊരാള്‍ക്ക് ആചാരമാകാം. ദൈവവിശ്വാസം അന്ധവിശ്വാസമാണെന്നു വിശ്വസിക്കുന്നവരുണ്ട്. ആരാധനാലയങ്ങലില്‍ പോകുന്നത് അനാചാരമാണെന്നു വിശ്വസിക്കുന്നവരുണ്ട.് എന്നാല്‍ ഇവ വിശ്വാസമാണെന്നു കരുതുന്ന പലരും ആള്‍ദൈവങ്ങള്‍ അനാചാരമാണെന്നു പറയുന്നു. പൂജകള്‍ അനാചാരമാണെന്നു കരുതുന്നവരുണ്ട്. മന്ത്രവാദപൂജകള്‍ മാത്രമാണ് അനാചാരമെന്നു വിശ്വസിക്കുന്നവരുമുണ്ട്. എല്ലാ മതവിശ്വാസികളിലും ഇത്തരം തര്‍ക്കങ്ങളുണ്ട്. സ്ത്രീകളുടെ ആരാധനാലയപ്രവേശനം ചിലര്‍ക്ക് ആചാരവും ചിലര്‍ക്ക് അനാചാരവുമാണ്. വാസ്തുശാസ്ത്രവും ജോല്‍സ്യവും തര്‍ക്കവിഷയങ്ങളാണ്. എന്തിനേറെ, ആയുര്‍വേദവും ജൈവകൃഷിയുമടക്കമുള്ളവ അന്ധവിശ്വാസമാണെന്നു വാദിക്കുന്നവരും ഇവിടെ സജീവമാണ്. ഇന്നത്തെ ആചാരം പലതും നാളെ അനാചാരവുമാകാം. ഇത്തരമൊരു സാഹചര്യത്തില്‍ കൃത്യമായ വിവേചന ബുദ്ധി സര്‍ക്കാരിനാവശ്യമാണ്. പണത്തിനുവേണ്ടി നടത്തുന്നതും ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവും അന്ധവുമായ വിശ്വാസങ്ങളേയും ആചാരങ്ങളേയും കണ്ടെത്തി നടപടികളെടുക്കുകയാണ് വേണ്ടത്. ബില്ലിന്റെ കരടുരൂപം വിപുലമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം.
മഹാരാഷ്ട്രയില്‍ ഇത്തരമൊരു നിയമം പാസാക്കിയതിനെതുടര്‍ന്ന് നടന്ന ആദ്യ അറസ്റ്റ് എയ്ഡ്‌സ്, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക്് അത്ഭുതചികിത്സ എന്ന പരസ്യം കൊടുത്ത പത്രങ്ങള്‍ക്കെതിരായിരുന്നു. ഇവിടെ തയ്യാറാക്കുന്ന ബില്ലില്‍ അത്തരമൊരു വകുപ്പുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ അവയടക്കം ഉള്‍ക്കൊള്ളിച്ച് കഴിയുന്നത്ര സമഗ്രമായി നിയമമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in