അനുദിനം രൂക്ഷമാകുന്ന മനുഷ്യ – വന്യമൃഗ സംഘര്‍ഷത്തെ പറ്റിതന്നെ

കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നായി മനുഷ്യ – വന്യജീവി സംഘര്‍ഷങ്ങള്‍ മാറിയിരിക്കുന്നു. ഈ പംക്തിയില്‍ പലവട്ടം എഴുതിയ വിഷയമാണിത്. എന്നാല്‍ അനുദിനം വിഷയം കൂടുതല്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. ഒരു കാലത്ത് കാടുകയറുന്ന മനുഷ്യരായിരുന്നു വന്യമൃഗങ്ങള്‍ക്ക് ഭീഷണിയെങ്കില്‍ ഇപ്പോള്‍ കാടിറങ്ങുന്ന മന്യമൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയായിരിക്കുന്നു.

അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തില്‍ 637 പേര്‍ കൊല്ലപ്പെട്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. നശിപ്പിക്കപ്പെട്ട കൃഷിക്കും കൊല്ലപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കും കണക്കൊന്നുമില്ല. ഇക്കാര്യത്തില്‍ കേന്ദ്രം സജീവമായി ഇടപെടണമെന്നും പാര്‍ലമെന്റ് പാസാക്കിയ കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനബജറ്റിലേക്കായി വന്യജീവി അക്രമണം തടയാനുള്ള പദ്ധതികള്‍ക്ക് 400 കോടിയുടെ പദ്ധതി വനം വകുപ്പ് സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിരിക്കുന്നത് 50 കോടിയാണ്. നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരത്താന്‍ ദ്രുതകര്‍മ്മ സേനയുടെ 25 യൂണിറ്റുകള്‍ രൂപീകരിക്കാനും വനാതിര്‍ത്തിയില്‍ 20 ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സജ്ജമാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സൗരോര്‍ജ്ജവേലി, കിടങ്ങുകള്‍, ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ്, ജൈവവേലി, ഡ്രോണ്‍ ഉപയഗിച്ചുള്ള തിരച്ചില്‍ തുടങ്ങി പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതിനിടെ വളരെ ശ്രദ്ധേയമായ പ്രസ്താവനയാണ് സാക്ഷാല്‍ മാധവ് ഗാഡ്ഗില്‍ നിന്നുണ്ടായത്. 1972ലെ വന്യജീവി സംരക്ഷണനിയമം ഭരണഘടനാവിരുദ്ധമാണെന്നും കോടതിയെ സമീപിച്ചാല്‍ അതില്‍ ഭേദഗതി സാധ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണെന്ന ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ആശയത്തിനു വിഘാതമാണ് ഈ നിയമമെന്നാണ് അദ്ദേഹം പറഞ്ഞത്. കാട്ടുപന്നികള കൈാല്ലാന്‍ മാത്രമല്ല, തിന്നാനും അനുമതി നല്‍കണമെന്നും അദ്ദേഹം അടുത്തയിടെ ആവശ്യപ്പെട്ടിരുന്നു. എന്തായാലും ഇതോടെ ഗാഡ്ഗിലിനോട് സംസ്ഥാനത്തെ ഒരു വലിയ വിഭാഗത്തിനുണ്ടായിരുന്ന വിദ്വേഷം കുറഞ്ഞിട്ടുണ്ട്. അതേസമയം ഈ വിഷയമടക്കം നാം നേരിടുന്ന പല പാരിസ്ഥിതിക പ്രശ്‌നങ്ങളേയും നേരിടാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സഹായിക്കുമെന്നതില്‍ സംശയമില്ല. അതിനെതിരെ നടന്ന അക്രമാസക്തമായ സമരങ്ങളെ ഇതു മൂലം ന്യായീകരിക്കാനുമാകില്ല.

വനസംരക്ഷണനിയമങ്ങള്‍ മുമ്പത്തേക്കാള്‍ കര്‍ക്കശമായി നടപ്പാക്കാനാരംഭിച്ചതോടെ വനങ്ങളുടെ നാശം കുറക്കാനും വന്യജീവികളെ വേട്ടയാടലുകള്‍ കുറക്കാനും കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. അപ്പോഴും സ്വാഭാവിക വനങ്ങളില്‍ ഉള്ള മരങ്ങള്‍ വെട്ടിമാറ്റി പകരം ഏകവിള തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുമുണ്ട്. 1950-1982 കാലയളവില്‍ ഇത്തരത്തില്‍ 41% വനം വയനാട് ജില്ലയില്‍ മാത്രം നഷ്ടമായതെന്ന കണക്കുകളുണ്ട്. ഏകവിള തോട്ടങ്ങള്‍ വികസിപ്പിച്ചതുവഴി വനത്തിന്റെ വൈവിധ്യം നഷ്ടപ്പെടും. വന്യജീവികള്‍ക്ക് ആവാസയോഗ്യമല്ലാതെ, തീറ്റയും കുടിവെള്ളവും കിട്ടാത്ത അവസ്ഥയില്‍ വനം മാറും. ഭക്ഷണദൗര്‍ലഭ്യം, ജലക്ഷാമം, സഞ്ചാരപാതാശോഷണം, ഇണചേരാനുള്ള അവസരങ്ങളുടെ അപര്യാപ്തത തുടങ്ങിയ നിരവധി പ്രതിസന്ധികളെ വന്യജീവികള്‍ക്ക് നേരിടേണ്ടതായിവരും.. അതും മറ്റു പല കാരണങ്ങള്‍ക്കൊപ്പം മൃഗങ്ങള്‍ കാടിറങ്ങാന്‍ കാരണമാണ്. ഇക്കാര്യം കേരള വനം വകുപ്പ് വിലയിരുത്തി വനത്തിനകത്ത് തേക്ക്, അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ, പരിസ്ഥിതിക്ക് ദോഷകരമായ ഇനം മരങ്ങള്‍ ഭാവിയില്‍ നടേണ്ടതില്ല എന്ന തീരുമാനം എടുത്തതായി വാര്‍ത്തയും കണ്ടു. ആവര്‍ത്തിക്കുന്ന കാട്ടുതീയും മറ്റൊരു കാരണമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വന്യജീവി വേട്ടകള്‍ക്ക് കുറവുവന്നതോടെ വനങ്ങളില്‍ മൃഗങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഉദാഹരണം വയനാട്ടിലെ കടുവകളുടെ എണ്ണംതന്നെ. അവിടെ വന്യമൃഗ സങ്കേതം 340 സ്‌ക്വയര്‍ കിലോ മീറ്ററില്‍ നൂറ്റമ്പതോളം കടുവകളുള്ളതായാണ് കണക്ക്. 20 സ്‌ക്വയര്‍ കിലോ മീറ്റര്‍ സ്ഥലം ഒരു കടുവയ്ക്ക് ആവാസസ്ഥലമായി ആവശ്യമുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എങ്കില്‍ 20ല്‍ താഴെ കടുവകള്‍ക്ക് ജീവിക്കാനാവുന്ന പ്രദേശത്താണ് ഇത്രയധികം കടുവകള്‍ വസിക്കുന്നത്. സ്വാഭാവികമായും അവ നാട്ടിലേക്കിറങ്ങും. അധികമായ എണ്ണം കടുവകളെ ഇതര ആവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും കടുവകളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കാനും തയ്യാറാകേണ്ടതുണ്ട്. സമാനമാണ് മറ്റു പല മൃഗങ്ങളുടേയും അവസ്ഥ. യൂണിയന്‍ സര്‍ക്കാരിന്റെ ഭരണ നിയന്ത്രണത്തില്‍ വരുന്ന വിഷയമാണ് വനവും പരിസ്ഥിതിയും എന്നതിനാല്‍ സ്വാഭാവികമായും മനുഷ്യ – വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതില്‍ നേതൃത്വപരമായ ചുമതല യൂണിയന്‍ സര്‍ക്കാരിനു തന്നെയാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

കാലാവസ്ഥാവ്യതിയാനമടക്കമുള്ള കാരണങ്ങളാലും മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിനാലും അവക്ക് വനത്തിനുള്ളില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യം അതിരൂക്ഷമായിരിക്കുകയാണെന്നും ചൂണ്ടികാട്ടപ്പെടുന്നു. അരുവികളിലൊന്നും പഴയപോലെ വെള്ളമില്ല. മാത്രമല്ല, വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് വളരെ ഇഷ്ടമുള്ള വിഭവങ്ങള്‍ കൃഷിചെയ്യപ്പെടുന്നു. സ്വാഭാവികമായും അവ കാടിറങ്ങിവരാതിരിക്കുമോ? വാസ്തവത്തില്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പുവരുത്താന്‍ പറ്റുന്ന പ്ലാവ്, മാവ് ഉള്‍പ്പടെയുള്ള ഫലവൃക്ഷങ്ങള്‍ കാട്ടില്‍ നട്ടുപിടിപ്പിക്കാനുള്ള ആസൂത്രണവും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വൈദ്യുത വേലികള്‍ സ്ഥാപിച്ച് വന്യജീവികളെ പൂര്‍ണ്ണമായും തടയാമെങ്കിലും അത് സുരക്ഷിതമായ ദീര്‍ഷകാല പദ്ധതിയാണെന്നു പറയാനാകില്ല. കാടിന്റെ തൊട്ടടുത്ത് ഇപ്പോഴുള്ളതുപോലുള്ള രീതിയില്‍ കൃഷി ചെയ്യാതിരിക്കുക, ഭക്ഷ്യയോഗ്യമല്ലാത്ത വിളകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കാവു്‌നനതാമ്. എന്നാല്‍ കര്‍ഷകരുടെ ജീവിതമാര്‍ഗ്ഗമായതിനാല്‍ അവര്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഒരുക്കാതെ ഇതെങ്ങിനെ സാധ്യമാകും? മാത്രമല്ല മാംസഭോജികളായ മൃഗങ്ങളുടെ വിഷയത്തില്‍ ഇത് പ്രായോഗികവുമല്ലല്ലോ. ഈ ദുരിതം നേരിടുന്നവരില്‍ ഭൂരിപക്ഷവും ആദിവാസികളും കര്‍ഷക തൊഴിലാളികളും ദരിദ്ര കര്‍ഷകരുമാണെന്നതും മറക്കാനാകില്ലല്ലോ. വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഭരണഘടനയുടെ 21 വകുപ്പ് പ്രകാരം സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം മുംബൈ ഹൈക്കോടതി വിധിച്ചതും ഓര്‍ക്കാവുന്നതാണ്.

കര്‍ഷകര്‍ക്കും ആദിവാസകള്‍ക്കും വനത്തിനടുത്ത് ജീവിക്കുന്നവര്‍ക്കും സ്വയം സന്നദ്ധ പുനരധിവാസപദ്ധതി നിലവിലുണ്ട്. പദ്ധതിപ്രകാരം ആളുകള്‍ക്ക് വനംവകുപ്പിന്റെ മറ്റു പുനരധിവാസപദ്ധതികള്‍ സ്വീകരിക്കാതെ ഒരു കുടുംബത്തിന് പത്തുലക്ഷംരൂപ കൈപ്പറ്റി താമസിക്കുന്നയിടത്തുനിന്ന് ഒഴിഞ്ഞുപോവുകയോ അല്ലെങ്കില്‍ പത്തുലക്ഷംരൂപ സ്വീകരിക്കാതെ വനംവകുപ്പ് പുനരധിവസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ വനങ്ങളോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവര്‍ക്ക് അതിനു സാധ്യമാകുമോ, പുതിയ സ്ഥലങ്ങളില്‍ അവരുടെ ജീവിതം എങ്ങനെയായിരിക്കും, ആദിവാസികളെ സംബന്ധിച്ചിടത്തോളം വനാവകാശനിയമത്തിന്റെ ലംഘനമല്ലേ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തായാലും വളരെ ഗുരുതരമായ ഒന്നായി ഈ വിഷയം വരുംകാലത്ത് മാറുമെന്നുറപ്പ്. ഇപ്പോള്‍ തന്നെ മാറിയിരിക്കുന്നു. തീര്‍ച്ചയായും മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാരിനു ചിലപ്പോള്‍ വന്യമൃഗങ്ങളെ വകവരുത്തുന്നതടക്കമുളള തീരുമാനങ്ങള്‍ എടുക്കേണ്ടിവരാം. ഇതിനെതിരെ മൗലികവാദപരമായി പരിസ്ഥിതിസ്നേഹം പറഞ്ഞിട്ടു കാര്യമല്ല. അതേസമയം മനുഷ്യരെപോലെതന്നെ മൃഗങ്ങളേയും കൊന്നൊടുക്കാനുള്ള അവകാശം ആത്യന്തികമായി മനുഷ്യനില്ല എന്നതും തിരിച്ചറിയണം. ധാര്‍മ്മികമായും രാഷ്ട്രീയമായും മാത്രമല്ല ഐക്യരാഷ്ട്രസഭയുടെ മൃഗാവകാശപ്രഖ്യാപനമനുസരിച്ചും അതു ശരിയല്ല. വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ടെന്നും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കരുതെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും യു എന്നിന്റെ മൃഗാവകാശ പ്രഖ്യാപനം വ്യക്തമായി പറയുന്നുണ്ട്. അതംഗീകരിച്ചാവണം ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കേണ്ടത്. നമ്മുടെ തന്നെ തെറ്റായ നടപടികളുടെ ഭാഗമാണ് ഈയൊരവസ്ഥ ഉണ്ടായതെന്നു തിരിച്ചറിഞ്ഞുവേണം ഈയവസ്ഥയെ നേരിടാനുള്ള തീരുമാനങ്ങളെടുക്കാന്‍. വന്യമൃഗങ്ങള്‍ കൊല്ലുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ പേരെ മനുഷ്യര്‍ തന്നെ കൊല്ലുന്നുണ്ടെന്നും മറക്കാതിരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply