യാഥാര്‍ത്ഥ്യങ്ങളുമായി എന്തു ബന്ധം ഈ നയപ്രഖ്യാപനത്തിന്

വികസന നേട്ടങ്ങള്‍ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന പദ്ധതികള്‍ വിശദീകരിച്ച് ഗവര്‍ണ്ണറെ കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സര്‍ക്കാര്‍. കാര്യമായി നോവിപ്പിക്കാതെ കേന്ദ്രത്തിനെതിരായ പല പരാമര്‍ശങ്ങളും അതേപടി ഗവര്‍ണര്‍ വായിക്കുകയും ചെയ്തു. ഒരടി പുറകോട്ടുവെക്കുന്ന ഗവര്‍ണറുടെ തന്ത്രം വരാന്‍ പോകുന്ന കൂടുതല്‍ രൂക്ഷമായ പോരാട്ടത്തിന്റെ സൂചനയാണോ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല. നയപ്രഖ്യാപനത്തില്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങളായി അവതരിപ്പിക്കുന്ന ഏതാനും വിഷയങ്ങള്‍ പരിശോധിക്കാനാണ് ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നത്.

വികസന നേട്ടങ്ങള്‍ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന പദ്ധതികള്‍ വിശദീകരിച്ച് ഗവര്‍ണ്ണറെ കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സര്‍ക്കാര്‍. കാര്യമായി നോവിപ്പിക്കാതെ കേന്ദ്രത്തിനെതിരായ പല പരാമര്‍ശങ്ങളും അതേപടി ഗവര്‍ണര്‍ വായിക്കുകയും ചെയ്തു. ഒരടി പുറകോട്ടുവെക്കുന്ന ഗവര്‍ണറുടെ തന്ത്രം വരാന്‍ പോകുന്ന കൂടുതല്‍ രൂക്ഷമായ പോരാട്ടത്തിന്റെ സൂചനയാണോ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല. ആ പോരാട്ടം നടക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഫെഡറലിസത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാന്‍ ഭരണ – പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകുമോ എന്നതാണ് പ്രശ്‌നം. ഭരണപക്ഷവും ഗവര്‍ണ്ണറും തമ്മിലുള്ള ധാരണയാണ് സംഭവിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്. ‘സര്‍ക്കാര്‍-ഗവര്‍ണര്‍ ഭായ്-ഭായ്’ എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കേന്ദ്രത്തിനെതിരായ വിമര്‍ശനം നയപ്രഖ്യാപനത്തില്‍ മയപ്പെടുത്തിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും ആരോപിച്ച് പ്രതിപക്ഷം സ്വാഭാവികമായും പ്ലക്കാര്‍ഡുകളുയര്‍ത്തി.

നയപ്രഖ്യാപനത്തില്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങളായി അവതരിപ്പിക്കുന്ന ഏതാനും വിഷയങ്ങള്‍ പരിശോധിക്കാനാണ് ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നത്. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണെന്നും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. എന്താണ് യാഥാര്‍ത്ഥ്യം? ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളുടെ അവസ്ഥ ഏതെങ്കിലും രീതിയില്‍ ആശ്വാസകരമാണെന്നു പറയാനാകുമോ? കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ അര്‍ഹമായ വിഹിതം അവര്‍ക്കു ലഭിക്കുന്നുണ്ടോ? വന്‍തോതിലുള്ള തോട്ടഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന കോര്‍പ്പറേറ്റുകളില്‍ നിന്ന് പിടിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് വിതരണം ചെയ്യാനാകുന്നുണ്ടോ? കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിലെ പോരായ്മകള്‍ പരിഹരിച്ചിട്ടില്ല. ആദിവാസി ഭൂപ്രശ്‌നവും ഇനിയും പരിഹരിച്ചിട്ടില്ല. ആദിവാസികള്‍ക്കിടയിലെ നവജാതശിശുക്കളുടെ മരണ നിരക്ക് വളരെ ഉയര്‍ന്നതാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ഏറ്റവും ദുരിതമയമായിരിക്കുന്നു. നാലുലക്ഷം രൂപ സഹായം നല്‍കുന്നതിനെയാണ് എല്ലാവര്‍ക്കും വീടുനല്‍കുമെന്ന് വ്യാഖ്യാനിക്കുന്നത്. ബസ് സ്റ്റോപ്പിനും തൊഴുത്തിനുമൊക്കെ അതിന്റെ മൂന്നും നാലും ഇരട്ടി ചിലവഴിക്കുമ്പോഴാണ് ഇതെന്നത് മറക്കരുത്.

തൊഴില്‍ ഉറപ്പാക്കുന്നതില്‍ കേരളം മുന്‍നിരയിലാണെന്നു പ്രഖ്യാപനം പറയുമ്പോള്‍ ചിരിക്കാത്ത ആരെങ്കിലുമുണ്ടാകുമോ? ഇപ്പോഴും തൊഴിലിനായി നാടുവിട്ടുപോകുന്നവരില്‍ മുന്‍നിരയിലല്ലേ കേരളം? സംരംഭസൗഹൃദമെന്നൊക്കെ പറയുമ്പോഴും പ്രയോഗത്തില്‍ അത് ലഭിക്കുന്നത് വന്‍ കോര്‍പ്പറേറ്റുകള്‍ക്കുമാത്രമാണ്. ചെറുകിടക്കാരുടെ സംരംഭങ്ങള്‍ മിക്കവയും തകരുന്നു, അതോടെ അതുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്തു ജീവിക്കുന്നവരുടെ ജീവിതവും. പി എസ് സി വഴി സര്‍ക്കാര്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയതിനെ കുറിച്ചാണ് ഊറ്റം കൊള്ളുന്നത്. അത് പരമാവധി എത്രയുണ്ടാകും? മാത്രമല്ല, തൊഴിലവസരങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം, അല്ലാതെ സര്‍ക്കാര്‍ എന്നാല്‍ തൊഴില്‍ നല്‍കുന്ന സ്ഥാപനമല്ല എന്നതാണ് വിസ്മരിക്കുന്നത്. തകരുന്ന കാര്‍ഷികമേഖലയിലും തൊഴിലവസരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായ അവസ്ഥയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വിദ്യാഭ്യാസത്തെ കുറിച്ച് പ്രഖ്യാപനത്തില്‍ ഏറെ പറയുന്നുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികച്ച കേന്ദ്രമാക്കും എന്നിങ്ങനെ അതു പോകുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിലൊഴികെ മറ്റെല്ലാ മേഖലയിലും കേരളം വളരെ പുറകിലാണ് എന്നതാണ് വ്‌സതുത. ഉന്നതവിദ്യാഭ്യാസത്തിന്റെ അവസ്ഥ എത്രയോ മോശം. അതിനാലാണല്ലോ പ്ലസ് ടു കഴിയുമ്പോഴും കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമൊക്കെ ചേക്കേറുന്നത്? വിദേശത്തേക്കുപോകുന്ന ഈ കുട്ടികള്‍ക്കൊപ്പം വന്‍തോതില്‍ പണവും ഒഴുകിപോകുന്നു. ഈ കുട്ടികളോ ആ പണമോ തിരിച്ചുവരാന്‍ പോകുന്നില്ല. അതേസമയം പാവപ്പെട്ടവര്‍ക്കാകട്ടെ ആ അവസരങ്ങള്‍ ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുക എന്നത് ആര്‍ക്കറിയാം? വിദേശസര്‍വ്വകലാശാലകളുടെ വിഷയത്തില്‍ നിലപാട് വ്യക്തവുമല്ല. അതിനെതിരെ യെച്ചൂരി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു താനും.

അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിലൂന്നിയ വികസനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും ആരോഗ്യമേഖലയില്‍ വന്‍ നേട്ടങ്ങളുണ്ടായെന്നും പറയുന്നുണ്ട്. ഇനിയും പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്ന സാഹചര്യമില്ല ന്നതാണ് വ്‌സിതുത. ഏറ്റവും വലിയ കഴുത്തറപ്പന്‍ മേഖല തന്നെയാണ് ഇപ്പോഴും ആരോഗ്യമേഖല. സര്‍ക്കാര്‍ ആശുപത്രികളില്‍ ചില പുതിയ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പലപ്പോഴും കൊട്ടിഘോഷിക്കുന്നത്. ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അവയൊക്കെ എത്രയോ കുറവാണ്. മാത്രമല്ല മെഡിക്കല്‍ കോളേജുകളടക്കമുള്ള പല സര്‍ക്കാര്‍ ആശുപത്രികളിലേയും ്അപര്യാപ്തതകളെ കുറിച്ചും ചികിത്സാ പിഴവുകളെ കുറിച്ചും നിരന്തരമായ വാര്‍ത്തകള്‍ വരുന്നു. എന്നിട്ടും എങ്ങനെയാണ് നമ്മള്‍ മുന്‍നിരയില്‍ എന്നു പറയാനാകുക? വിദ്യാഭ്യാസം പോലെ പ്രാഥമികാരോഗ്യ മേഖലയില്‍ മാത്രമാണ് നമ്മള്‍ മെച്ചപ്പെട്ട നിലയില്‍ എന്നതാണ് വസ്തുത.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വയോജന സംരക്ഷണത്തിലും കേരളം ഒന്നാമത് തന്നെയാണെന്നു പറയുന്നു. ഒരു കണക്കുകളുടേയും പിന്‍ബലത്തിലല്ല ഒന്നാമതെന്നു പറയുന്നതെന്നത് അവിടെ നില്‍ക്കട്ടെ. സ്വന്തമായി വന്‍ പെന്‍ഷന്‍ ലഭിക്കാത്ത വയോജനങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടതല്ല എന്നതാണ് വസ്തുത. ശരാശരി ആയുസില്‍ നമ്മള്‍ മുന്നിലാണെന്നു പറയുമ്പോള്‍, വയോജനങ്ങളില്‍ വലിയൊരു ഭാഗം കിടപ്പിലാണെന്നതാണ് വസ്തുത. ചിലര്‍ക്ക് തുച്ഛം ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നു എന്നതല്ലാതെ യാതൊരു വരുമാനവുമില്ലാത്തവരാണ് മിക്കവരും. അന്തസ്സില്ലാത്ത ജീവിതവും മരണവും നയിക്കേണ്ട അവസ്ഥയിലാണ് ഭൂരിഭാഗവും. ഉറ്റവരാകട്ടെ കൂടെയില്ലാത്ത അവസ്ഥയാണ് മിക്കവര്‍ക്കും. അദികം താമസിയാതെ കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം ചെറുപ്പക്കാരേക്കാള്‍ കൂടുതലാകുമെന്നുറപ്പ്. ഈ വെല്ലുവിളി നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമാണ്. എന്നാല്‍ ഇനിയും സമഗ്രമായ ഒരു വയോജനനയം ആവി,ഷ്‌കരിക്കാന്‍ നമുക്കായിട്ടില്ല. മറുവശത്ത് മാതാപിതാക്കളുടെ പ്രതീക്ഷകളുടെ മുഴുവന്‍ ഭാരവും വഹിക്കേണ്ടിവരുന്ന കുട്ടികളുടെ ജീവിതവും ദുരിതമയമാണ്. കുട്ടികളുടെ ക്ഷേമത്തിനായി പല സംവിധാനങ്ങളുണ്ടെങ്കിലും അവര്‍ക്കെതിരായ അക്രമങ്ങളടക്കം വര്‍ദ്ധിക്കുന്നു. സ്ത്രീകളുടേയും ഇതര ലിംഗ ലൈംഗിക വിഭാഗങ്ങളുടെ അവസ്ഥയും ദുരിതമയം തന്നെ. ഇതിനെയൊന്നും വിശാലമായ അര്‍ത്ഥത്തില്‍ അഭിസംബോധന ചെയ്യാന്‍ നയപ്രഖ്യാപന്തതിനായിട്ടില്ല.

പോലീസ് അതിക്രമങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുകയും പോലീസിലെ ക്രിമിനലുകളെ സര്‍്ക്കാര്‍ തന്നെ പിരിച്ചുവിടുകയും ചെയ്യുമ്പോഴാണ് രാജ്യത്തെ മികച്ച പോലീസാണ് കേരളത്തിലേതെന്നു പറയുന്നത്. മാധ്യമപ്രവര്‍ത്തകരെ നിരന്തരം ആക്ഷേപിച്ച് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ കൗതുകമുണ്ട്. ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് ഗവര്‍ണറെ കൊണ്ട് കേന്ദ്രത്തെ വിമര്‍ശിപ്പിക്കാനായി എന്ന അവകാശവാദം. ഇതാകട്ടെ പ്രധാനമായും കടപരിധി നിയന്ത്രണത്തിലാണ്. ഒരുകാലത്തും ഉണ്ടാകാതിരുന്നത്ര കടക്കെണിയിലിരുന്നാണ് നാം വീണ്ടും കടം വാങ്ങുന്നതെന്നത് മറന്നാണ് ഈ വിമര്‍ശനം. മറിച്ച് രാജ്യത്തെ ഫെഡറലിസം തകര്‍ക്കുന്നതിനെതിരേയും സമസ്തമേഖലയിലുമുള്ള ബഹുസ്വരത ഇല്ലാതാക്കി ഹിന്ദുത്വരാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതിനെതിരേയും പ്രഖ്യാപനത്തില്‍ പരാമര്‍ശമൊന്നും കണ്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ഇല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുക വഴി ഭാവിയില്‍, പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ പല പദ്ധതികളില്‍ നിന്നും കേരളം പുറത്താകുമെന്ന ആശങ്ക പല സാമ്പത്തിക വിദഗ്ധരും ഉന്നയിച്ചിട്ടുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply