2020 – ഭയാശങ്കകളിലും പ്രതീക്ഷയായി അംബേദ്കര്‍
2025നകം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന തങ്ങളുടെ പ്രതിജ്ഞയിലേക്ക് ഒരു നിര്‍ണ്ണായക പടി കയറാന്‍ പോയ വര്‍ഷം സംഘപരിവാറിനായി എന്നത് ശരിയാണ്. തെരഞ്ഞെടുപ്പിലൂടെതന്നെയാണ് മതരാഷ്ട്രവാദികള്‍ മുന്നേറുന്നത് എന്നത് നമ്മുടെ ജനാധിപത്യ സംവിധാനം അപക്വമാണെന്നതിന്റെ തെളിവു തന്നെയാണ്
അതീവസംഘര്‍ഷഭരിതമായ രാഷ്ട്രീയ സംഭവവികാസങ്ങളോടെയാണ് 2019 കടന്നു പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യം ഏറ്റവും വെല്ലുവിളികള്‍ നേരിട്ടത് അടിയന്തരാവസ്ഥാ കാലത്താണെന്നു പറയാറുണ്ട്. എന്നാലതിനേക്കാള്‍ എത്രയോ രൂക്ഷമായ വെല്ലുവിളികളാണ് ഇന്നത് നേരിടുന്നത്. അപ്പോഴും ആ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്നാണ് വര്‍ഷാവസാനത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ പ്രതീക്ഷയോടെതന്നെ പുതുവര്‍ഷത്തെ അഭിമുഖീകരിക്കാന്‍ ജനാധിപത്യ ഇന്ത്യക്കാകും.
2025നകം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന തങ്ങളുടെ പ്രതിജ്ഞയിലേക്ക് ഒരു നിര്‍ണ്ണായക പടി കയറാന്‍ പോയ വര്‍ഷം സംഘപരിവാറിനായി എന്നത് ശരിയാണ്. തെരഞ്ഞെടുപ്പിലൂടെതന്നെയാണ് മതരാഷ്ട്രവാദികള്‍ മുന്നേറുന്നത് എന്നത് നമ്മുടെ ജനാധിപത്യ സംവിധാനം അപക്വമാണെന്നതിന്റെ തെളിവു തന്നെയാണ്. മോദി – അമിത് ഷാ ദ്വയത്തിന്റെ വന്‍ജയം തന്നെയായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പെന്നതില്‍ സംശയമില്ല. ഏറെ പ്രതീക്ഷ നല്‍കിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തകര്‍ന്നടിഞ്ഞു. തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വേഗം കൂട്ടാനുള്ള നടപടികളായിരുന്നു അതിനിടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയത്. തങ്ങളുടെ അജണ്ടയിലെ ഇനങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്ത്, ജനാദിപത്യത്തിന്റെ അന്തസത്തയേയും ഭരണഘടനാമൂല്യങ്ങലേയും തകര്‍ത്ത്, പാര്‍ലിമെന്റിലൂടെ തന്നെ പാസാക്കുകയും ബലം പ്രയോഗിച്ച് നടപ്പാക്കുകയും ചെയ്യുന്ന സമീപനങ്ങളാണ് നാം പിന്നീട് കണ്ടത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യനീതിക്കും ഫെഢറലിസത്തിനും ഭരണഘടനക്കും എതിരായ ഓരോന്നു കൊണ്ടുവരുമ്പോഴും കാര്യമായ പ്രതിഷേധങ്ങള്‍ ഉണ്ടായില്ല എന്നത് അവര്‍ക്ക് കൂടുതല്‍ പ്രതീക്ഷയും കരുത്തും നല്‍കുകയായിരുന്നു. അതേതുടര്‍ന്നാണ് ഏറ്റവും ഗുരുതമായ രണ്ടുവിഷയങ്ങളില്‍ സര്‍ക്കാര്‍ കൈവെച്ചത്. കാശ്മീരും പൗരത്വവും. കാശ്മീര്‍ വിഷയത്തില്‍ വന്‍തോതിലുള്ള പ്രതിഷേധമില്ലാത്തതിന്റെ ധൈര്യത്തിലായിരുന്നു പൗരത്വഭേദഗതി ബില്‍ കൊണ്ടുവന്നത്. എന്നാലവിടെ സര്‍ക്കാരിനും സംഘപരിവാറിനും പിഴച്ചു. ഇന്ത്യയൊന്നടക്കം ഭരണഘടന സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്ന കാഴ്ചയാണ് 2019 അവസാനിക്കുമ്പോള്‍ രാജ്യം കാണുന്നത്. അതുനല്‍കുന്ന ജനാധിപത്യത്തെ കുറിച്ചുള്ള പ്രതീക്ഷയിലാണ് 2020നെ രാജ്യം എതിരേല്‍ക്കുന്നത്.
കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയ. ചരിത്രപ്രധാനമായ 370-ാം വകുപ്പാണ് തങ്ങളുടെ മൃഗീയഭൂരിപക്ഷമുപയോഗിച്ച് സര്‍ക്കാര്‍ റദ്ദാക്കിയത്. മാത്രമല്ല എപ്പോഴും ഇന്ത്യന്‍ അഖണ്ഡതയെ കുറിച്ചു പറയുന്നവര്‍ കാശമ്ീരിനെ വെട്ടിമുറിക്കുകയും ചെയ്തു. കാശ്മീരില്‍ ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം പോലും തടഞ്ഞുകൊണ്ടുതന്നെയാണ് രാഷ്ട്രം 2020നെ എതിരേല്‍ക്കുന്നത്. പ്രീ-പെയ്ഡ് സെല്ലുലാര്‍ സേവനത്തിനൊപ്പം മൊബൈല്‍ ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ്, എസ്എംഎസ് സേവനങ്ങളെല്ലാം പലയിടത്തും ഇപ്പോഴും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ആവിഷ്‌കാര – അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്നു മാത്രമല്ല ഓരോ മനുഷ്യരുടേയും സാമ്പത്തികവും (ബാങ്കിങ്) തൊഴില്‍പരവും ആരോഗ്യപരവുമായ പ്രാഥമിക അവകാശങ്ങളെ ഈ വിലക്കുകള്‍ തടയുന്നു. കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്കനുസരിച്ച് ഇക്കാലയളവില്‍ കശ്മീരിലെ സാമ്പത്തിക നഷ്ടം 10,000 കോടി രൂപയ്ക്ക് മുകളിലാണ്. ടൂറിസത്തെയടക്കം ഈ വിലക്കുകള്‍ സാരമായി ബാധിച്ചിരിക്കുന്നു. ഹോട്ടലുകളെയും ടൂറിസ സേവന ദാതാക്കളേയും മാത്രമല്ല ഹൗസ് ബോട്ട് ഉടമകള്‍, തൊഴിലാളികള്‍, ടാക്‌സി ഉടമകള്‍, ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങി ടൂറിസം വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇന്റര്‍നെറ്റ് മേഖലയിലെ വിലക്കുകള്‍ ഐടി വ്യവസായത്തെ സാരമായ പ്രതിസന്ധിയിലാക്കുകയും ഏകദേശം 20,000ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടം ചെയ്തു. തൊഴിലില്ലായ്മ മൂലം ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കാശ്മീര്‍ താഴ്വര വിട്ടുകഴിഞ്ഞു. കശ്മീര്‍ ജനതക്കെതിരായി ഭരണകൂടവും സൈന്യവും നടത്തുന്ന വിവിധ തരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, നിയമവിരുദ്ധവും കൂട്ടത്തോടെയുമുള്ള തടങ്കലില്‍ വയ്ക്കല്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ക്കെതിരായ സുരക്ഷാ സേനയുടെ അക്രമങ്ങള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള നിരായുധരായ സിവിലിയന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവക്കൊന്നും വര്‍ഷാവസാനമായിട്ടും അവസാനമായിട്ടില്ല.
കാശ്മിരിലെ ഭരണഘടനാധ്വംസനത്തിനെതിരായ അതിശക്തമായ പ്രതിഷേധമൊന്നും രാജ്യവ്യാപകമായി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു പൗരത്വപ്രശ്‌നവുമായി കേന്ദ്രം വീണ്ടും രംഗത്തെത്തിയത്. ആസാമില്‍ നിന്നായിരുന്നു അതിന്റെ തുടക്കം. എന്നാല്‍ ആസാമിലെ പൗരത്വപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പുറത്താക്കപ്പെടുന്നവരില്‍ കൂടുതലും ഹിന്ദുക്കളാണെന്നത് സംഘപരിവാറിനെ ഞെട്ടിച്ചു. അങ്ങനെയാണ് ആധുനികകാലത്ത് ഒരു ജനാധിപത്യ – മതേതരരാഷ്ട്രവും ചെയ്യാന്‍ മടിക്കുന്ന രീതിയിലുള്ള പൗരത്വബില്ലുമായി സര്‍ക്കാര്‍ പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും സംഘര്‍ഷഭരിതമായിരുന്ന വിഭജനകാലത്തുപോലും ചിന്തിക്കാതിരുന്ന, പൗരത്വത്തില്‍ മതമാനദണ്ഡം കൊണ്ടു വരിക എന്ന പ്രാകൃതനയത്തിലേക്ക് തിരിച്ചുപോകുന്നത് ആസാമിലെ അനുഭവം കൊണ്ടുകൂടിയായിരുന്നു. പിന്നെ എല്ലാവര്‍ക്കുമറിയാവുന്ന ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള അടുത്തപടിയും. അക്രമികളെ ”അവരുടെ വസ്ത്രങ്ങളാല്‍ തിരിച്ചറിയാന്‍ കഴിയും” എന്നുപോലും പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി മടിച്ചില്ല. എന്നാല്‍ മോദിയേയും അമിത്ഷായേയും ഞെട്ടിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോയത്. ആറ് വര്‍ഷം മുമ്പ് നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം അദ്ദേഹത്തിനെതിരായി ഉയര്‍ന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികളാണ് ഈ സമരത്തിന്റെ മുന്‍നിരയിലെന്നതാണ് ഏറ്റവും പ്രതീക്ഷ നല്‍കുന്നത്. പൊതുരംഗത്തിറങ്ങാത്തവരാണ് മുസ്ലിംസ്ത്രീകളെന്ന സങ്കല്‍പ്പം തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന്റെ മുന്‍നിരപോരാളികളായി അവര്‍ മാറിയിരിക്കുന്നു. അതേസമയം ഏതാനും മുസ്ലിം സംഘടനകള്‍ മാത്രം സമരം ചെയ്യും, അതിനെ വര്‍ഗ്ഗീയതയായി വ്യാഖ്യാനിച്ച് അടിച്ചമര്‍ത്താമെന്ന സംഘപരിവാര്‍ പ്രതീക്ഷ തകര്‍ന്നടിഞ്ഞിരിക്കുന്നു. ജാതി – മത ഭേദമന്യയാണ് ജനങ്ങള്‍ ഒന്നടങ്കം ഈ പോരാട്ടത്തില്‍ അണിനിരക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ പ്രതീക്ഷയായ ദളിത് – മുസ്ലിം ഐക്യം ഈ പോരാട്ടത്തിലൂടെ ശക്തിപ്പെടുന്നു. അതിന്റെ പ്രതീകമായി ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ മാറിയിരിക്കുന്നു. പോരാളികള്‍ ഉയര്‍ത്തിപിടിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയും ദേശീയപതാകയും അംബേദ്കറിന്റെ ചിത്രങ്ങളുമാണെന്നത് ഇന്ത്യ അടുത്തുകണ്ട ഏറ്റവും മനോഹരമായ കാഴ്ചയാണ്. അംബേദ്കറിനെ ഒരിക്കലും അംഗീകരിക്കാത്ത കേരളത്തില്‍ പോലും ആ കാഴ്ച കാണുന്നു. ആ കാഴ്ച നല്‍കുന്ന പ്രതീക്ഷയിലാണ് രാജ്യം പുതുവര്‍ഷത്തെ എതിരേല്‍ക്കുന്നത്. അക്കാര്യത്തില്‍ സംഘപരിവാറിനോട് നന്ദിപറയണം. ഈ നാടിന്റെ ഭാഗധേയം ഇനി നിര്‍ണ്ണയിക്കുക അംബേദ്കറായിരിക്കും എന്നതില്‍ സംശയം വേണ്ട. അതുതന്നെയാണ് ഈ പുതുവര്‍ഷപുലരിയുടെ രാഷ്ട്രീയം. ഭയാശങ്കളിലും പ്രതീക്ഷ നല്‍കുന്നത് അതുതന്നെയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in