1924-2024: ഒരു നൂറ്റാണ്ടിങ്ങനെ പെയ്‌തൊഴിയുന്നു

വലിയ മഴ ലഭിക്കുന്ന, ചെങ്കുത്തായ മലനിരകളും അവിടെ നിന്നുത്ഭവിക്കുന്ന നിരവധി പുഴകളും കൈവഴികളുമുള്ള കേരളത്തിന് വെള്ളപ്പൊക്കം ഒരിക്കലും അപരിചിതമായിരുന്നില്ല. എങ്കിലും 99ലെ വെള്ളപ്പൊക്കം പോലെ വല്ലപ്പോഴും ഉണ്ടാകുന്ന പ്രളയങ്ങള്‍ അന്നും ഇന്നും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

തൊണ്ണൂറ്റിഒന്‍പതിലെ വെള്ളപ്പൊക്കം എന്ന് അറിയപ്പെടുന്ന 1924 ജൂലൈ മാസത്തെ വെള്ളപ്പൊക്കത്തിന് 100 വയസ്സ് തികയുന്ന വേളയില്‍ സമാനതകള്‍ ഇല്ലാത്ത മറ്റൊരു മഹാദുരന്തത്തിന് സാക്ഷ്യം വയ്‌ക്കേണ്ടിവന്നിരിക്കുകയാണ് കേരളത്തിന്. ചൂരല്‍മലയും മുണ്ടക്കൈയും ഇനി ഏറെക്കാലം തീരാനോവായി കേരളത്തിന്റെ മനസ്സില്‍ ഉണ്ടാകും. 2018ല്‍ കേരളത്തിലുടനീളം ഉണ്ടായ പ്രളയത്തിലും നൂറുകണക്കിന് മലയിടിച്ചിലുകളിലും ഉരുള്‍പൊട്ടലുകളിലും ഉണ്ടായ ആകെ ജീവനാശത്തില്‍ അധികം വയനാട്ടിലെ ഈ ഒറ്റ സംഭവത്തില്‍ ഉണ്ടായി എന്നത് തന്നെ ദുരന്തത്തിന്റെ ആഴം സംബന്ധിച്ച സൂചകമാണ്.

കൊല്ലവര്‍ഷം 1099ലെ മിഥുനത്തിന്റെ അവസാന നാളുകളിലും കര്‍ക്കിടകത്തിന്റെ ആദ്യ നാളുകളിലും ആണ് പഴയ മൂന്നാറിനെ തകര്‍ത്തെറിഞ്ഞ, കൊച്ചിയിലെയും തിരുവിതാംകൂറിലെയും മലബാറിലെയും നിരവധി ഇടങ്ങളെ വെള്ളത്തിലാഴ്ത്തിയ 99ലെ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. അന്ന് വെള്ളം ഏറ്റവും ഉയര്‍ന്നത് 1924 ജൂലൈ 16, 17 തീയതികളില്‍ ആണത്രേ.

വലിയ മഴ ലഭിക്കുന്ന, ചെങ്കുത്തായ മലനിരകളും അവിടെ നിന്നുത്ഭവിക്കുന്ന നിരവധി പുഴകളും കൈവഴികളുമുള്ള കേരളത്തിന് വെള്ളപ്പൊക്കം ഒരിക്കലും അപരിചിതമായിരുന്നില്ല. ചെറുതും ഇടത്തരവുമായ വെള്ളപ്പൊക്കങ്ങള്‍ പുഴയൊഴുക്കിന്റെ ഋതുചര്യയുടെ ഭാഗം തന്നെയായിരുന്നു. സ്ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്ന ഇടങ്ങളിലെ ജനങ്ങള്‍ക്ക് അതിനെ നേരിടാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തില്‍ ദുരിതങ്ങള്‍ മാത്രമല്ല ഉണ്ടാകുന്നതെന്നും മലവെള്ളത്തില്‍ ഒഴുകിയെത്തുന്ന എക്കലും പോഷണങ്ങളും കൃഷിയിടങ്ങളെയും മത്സ്യമേഖലയെയും സമ്പുഷ്ടമാക്കുന്നുണ്ട് എന്ന തിരിച്ചറിവും ജനങ്ങള്‍ക്കുണ്ടായിരുന്നു. എങ്കിലും 99ലെ വെള്ളപ്പൊക്കം പോലെ വല്ലപ്പോഴും ഉണ്ടാകുന്ന പ്രളയങ്ങള്‍ അന്നും ഇന്നും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലെ പല നദികളും ഗതി മാറിയൊഴുകുന്നതിന് നിദാനമായി എന്ന് കരുതുന്ന 1341-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഒരുപക്ഷേ ഏറ്റവും വലുതായിയിരിക്കും തൊണ്ണൂറ്റിഒന്‍പതിലെ വെള്ളപ്പൊക്കം. മുതിര്‍ന്ന തലമുറയില്‍ പെട്ടവര്‍ ഈ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ധാരാളം കേട്ടിരിക്കും. എങ്കിലും ദുരന്തം സംബന്ധിച്ച് എഴുതപ്പെട്ട വിവരങ്ങള്‍ താരതമ്യേനെ പരിമിതമാണ്.

കൊല്ലവര്‍ഷം 1099 ലെ മിഥുനം-കര്‍ക്കിടകം മാസങ്ങളില്‍ ആണ്, 1924ജൂലൈ മധ്യത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് കേരളം സാക്ഷ്യം വഹിച്ചത്. അന്ന് രണ്ടാഴ്ചയിലേറെ തുടര്‍ച്ചയായി പെയ്ത മഴയുടെയൊടുവില്‍ ആണത്രേ കേരളത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയില്‍ ആയ വെള്ളപ്പൊക്കം ഉണ്ടായത്. തൃശ്ശൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവും ബാധിച്ചത്. മലബാറിലും അതിശക്തമായ വെള്ളപ്പൊക്കം തന്നെയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്ററില്‍ ഏറെ ഉയരമുള്ള മൂന്നാര്‍ അന്ന് വെള്ളത്തിനടിയിലായി. കരിന്തിരി മല പൊട്ടിയടര്‍ന്ന് താഴേക്ക് വന്നതോടെ കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ വഴി ഉണ്ടായിരുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് പുനസ്ഥാപിക്കുന്നത് ഏറെ ബുദ്ധിമുട്ട് ആയിരുന്നതിനാല്‍ കോതമംഗലത്ത് നിന്ന് നേര്യമംഗലത്ത് കൂടി പുതിയ റോഡ് പണിയുകയായിരുന്നു. ഇത് 1931-ല്‍ പൂര്‍ത്തിയായി. അന്ന് വെള്ളപ്പൊക്കത്തില്‍ കുണ്ടളവാലി മോണോറെയില്‍ പൂര്‍ണമായും തകര്‍ന്നു. ഇത് പിന്നീട് പുന:സ്ഥാപിച്ചില്ല. ആയിരം പേര്‍ക്കെങ്കിലും അന്നത്തെ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. (കൃത്യമായ കണക്കുകള്‍ ലഭ്യമല്ല) ആലുവയില്‍ മാക്‌സിമം ഫ്‌ളഡ് ലെവലിനേക്കാള്‍ ആറടി ഉയരത്തിലാണ് അന്ന് വെള്ളം ഒഴുകിയത്. ആലുവ പെരുമ്പാവൂര്‍ റോഡില്‍ 10 അടി ഉയരത്തില്‍ വെള്ളം ഉണ്ടായിരുന്നുവത്രേ.

തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയാണ് അന്ന് വെള്ളപ്പൊക്കത്തിലേക്ക് നയിച്ച പ്രധാന ഘടകം. ജൂലൈ മദ്ധ്യത്തില്‍ ദേവികുളത്തും തലയാറിലും പീരുമേട്ടിലും എല്ലാം അതിതീവ്രമായ മഴയായിരുന്നു. പീരുമേട്ടില്‍ നാലുദിവസത്തില്‍ 105 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. ദേവികുളത്ത് ജൂലൈ 16ന് 47.5 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. തലയാറില്‍ രണ്ടുദിവസം തുടര്‍ച്ചയായി 60 സെന്റീമീറ്ററിനു മുകളിലായിരുന്നു മഴ. ആ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷക്കാലത്ത് 3368 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്. ഇത് ശരാശരിയെക്കാള്‍ 64 ശതമാനം അധികമായിരുന്നു. കനത്ത മഴയ്‌ക്കൊപ്പം അന്ന് കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്ന ഒരേയൊരു അണക്കെട്ട് ആയ മുല്ലപ്പെരിയാറില്‍ നിന്നും വലിയ തോതില്‍ വെള്ളം തുറന്നുവിട്ടതും പെരിയാറിലെ ജലനിരപ്പ് റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തുവാന്‍ കാരണമായി.

മറവിയിലേക്ക് മാഞ്ഞു തുടങ്ങിയിരുന്ന തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തിയത് 2018-ലെ പ്രളയമാണ്. രണ്ട് വെള്ളപ്പൊക്കങ്ങള്‍ തമ്മിലുള്ള താരതമ്യങ്ങളും അവയുടെ സമാനതകളും ചര്‍ച്ച ചെയ്യുന്ന നിരവധി ലേഖനങ്ങള്‍ എഴുതപ്പെട്ടു. കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പോലും ഈ വെള്ളപ്പൊക്ക സമയങ്ങളില്‍ പെയ്ത മഴയുടെ താരതമ്യം ഉണ്ടായിരുന്നു. രണ്ട് സമയത്തും വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത് മദ്ധ്യകേരളത്തെ ആയിരുന്നു. 99ല്‍ കേരളത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു അണക്കെട്ട് തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചുവെങ്കില്‍ 2018 തുറന്നുവിട്ടത് 35 ഓളം അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളമാണ്!

റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയ വേനലിന് ശേഷമാണ് ഇത്തവണ കാലവര്‍ഷം എത്തിയത്. ശരാശരിയിലും അല്പം ഉയര്‍ന്ന മഴയാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കാലവര്‍ഷത്തിന്റെ ആദ്യ പകുതി കേരളത്തില്‍ പൊതുവേ സജീവമായിരുന്നു. ഇത് വരെ ലഭിച്ച മഴയുടെ അളവ് ദീര്‍ഘകാല ശരാശരിയോട് അടുത്ത് നില്‍ക്കുന്നതാണ്, ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ ദീര്‍ഘകാല ശരാശരിയുടെ 96%. (ഇതില്‍ ജൂലൈ അവസാനവാരത്തില്‍ ശരാശരിയുടെ 79% അധികമഴയാണ് ലഭിച്ചത്.) എന്നാല്‍ ഇതിനിടയില്‍ പല സമയങ്ങളില്‍ പലയിടങ്ങളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തി. കാലവര്‍ഷം തുടങ്ങുന്നതിനു തൊട്ട് മുന്‍പ് തന്നെ കളമശ്ശേരിയില്‍ മേഘവിസ്‌ഫോടനം ഉണ്ടായി. (ഒരു മണിക്കൂറില്‍ 10 സെന്റിമീറ്ററോ അതിലധികമോ മഴ ലഭിക്കുമ്പോള്‍ ആണ് മേഘവിസ്‌ഫോടനം ആയി കണക്കാക്കുന്നത്.) 24 മണിക്കൂറില്‍ 40 രാ ലധികം മഴയാണ് വയനാട്ടില്‍ ദുരന്തം ഉണ്ടായ മേഖലയില്‍ ലഭിച്ചത്. ഒരു ദിവസത്തില്‍ 20-30 രാ മഴ പലയിടത്തും ലഭിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയുടെ സംഹാര ശേഷിയുടെ നേര്‍ചിത്രങ്ങള്‍ ആയിരുന്നു 1924-ലെയും 2018-ലെയും വെള്ളപ്പൊക്കങ്ങള്‍.

നമ്മുടെ മേഘങ്ങളുടെയും മഴയുടെയും സ്വഭാവം ഇപ്പോള്‍ വല്ലാതെ മാറിയിട്ടുണ്ട്. നേരത്തെ അത്യപൂര്‍വമായി മാത്രം പെയ്തിരുന്ന ഇത്തരം അതിതീവ്രമഴ കാലാവസ്ഥ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ രീതി ആവുകയാണ് എന്നാണ് കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളിലെ അനുഭവം പറയുന്നത്. അതിനാല്‍ തന്നെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും എല്ലാം എവിടെയും എപ്പോഴും സംഭവിക്കാവുന്ന വിധം പ്രവചനാതീതമായിരിക്കുന്നു നമ്മുടെ കാലാവസ്ഥ.

നമ്മുടെ മഴ നിരീക്ഷണം ഏറെ വിപുലപ്പെടുത്തേണ്ടതുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാന്‍ ആകില്ല എന്നാണ് അനുഭവങ്ങള്‍ പറയുന്നത്. മഴയുടെയും പുഴകളിലെയും തോടുകളിലെയും ജലനിരപ്പിന്റെയും തല്‍സമയ നിരീക്ഷണത്തിനൊപ്പം ഓരോ ഘട്ടത്തിലും കൈക്കൊള്ളേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടാക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം.

മലയിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും എല്ലാം ബാധിക്കാന്‍ ഇടയുള്ള പ്രദേശങ്ങള്‍ സൂക്ഷ്മമായി മാപ്പ് ചെയ്യപ്പെടേണ്ടതുണ്ട്. 2010 ല്‍ തയ്യാറാക്കിയ ഭൂപടം മാത്രമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സൈറ്റില്‍ ഇപ്പോഴുമുള്ളത്. പ്രാദേശിക തലത്തില്‍ ഉപയോഗപ്പെടുത്താവുന്ന സ്‌കെയിലില്‍ വേണം ഈ മാപ്പുകള്‍ എന്നതും പ്രധാനമാണ്. നമ്മള്‍ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന മഴ ഈ പ്രദേശങ്ങളില്‍ പെയ്യുകയാണെങ്കില്‍ ഉണ്ടാകാവുന്ന ആഘാതങ്ങള്‍ പഠിക്കണം, പരിഹാര സാധ്യതകള്‍ തേടണം.

1924നെ അപേക്ഷിച്ച് വനാവരണം നഷ്ടപ്പെട്ടത് മൂലവും പാറ ഖനനം കൊണ്ടും കൂടുതല്‍ ദുര്‍ബലമായ പശ്ചിമഘട്ട മലനിരകളാണ് നമുക്കുള്ളത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പുഴ തീരങ്ങളിലും പ്രളയ തടങ്ങളിലും പലയിടത്തും നിര്‍മ്മിതികളാണ് എന്നതും ഓര്‍ക്കണം. പെയ്ത വെള്ളം മാത്രം കൊണ്ട് വെള്ളപ്പൊക്കം ഉണ്ടാകുന്ന നഗരമേഖലകളിലെ ഡ്രെയിനേജ് സംവിധാനങ്ങള്‍ വരാനിരിക്കുന്ന വലിയ മഴകളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ നവീകരിക്കണം. വെള്ളത്തിന് ഒഴുകാന്‍ഉള്ള വഴി അടച്ചുകെട്ടി കൊണ്ടുള്ള റോഡ്, കെട്ടിട നിര്‍മ്മാണങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിയേ മതിയാകൂ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018ലെയും 19 ലെയും വെള്ളപ്പൊക്കങ്ങള്‍ക്ക് ശേഷം വലിയ ചില അണക്കെട്ടുകള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നുണ്ട്. ഇത് എല്ലാ അണക്കെട്ടുകള്‍ക്കും ബാധകമാക്കേണ്ടതുണ്ട്. ചാലക്കുടി പുഴ തടത്തില്‍ ഇക്കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് അണക്കെട്ട് കൈകാര്യം ചെയ്ത രീതി തന്നെയാണ്. ഒന്നിലധികം അണക്കെട്ട് ഉള്ള പുഴകളില്‍ സംയോജിത പരിപാലനത്തിനുള്ള പ്ലാനുകളും ഉണ്ടാവണം.

ദുരന്തനിവാരണ സംവിധാനങ്ങള്‍ തീര്‍ച്ചയായും നേരത്തത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ആഴ്ചകളോളം തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ഒടുവില്‍ ആണ് 1924 ല്‍ മൂന്നാറില്‍ കരിന്തിരിമല തകര്‍ന്നുവീണത്. എന്നാല്‍ 100 വര്‍ഷത്തിനിപ്പുറം ഒന്നോ രണ്ടോ ദിവസത്തെ അതിതീവ്ര മഴ പോലും അതിഭീകരമായ ദുരന്തങ്ങളിലേക്ക് നയിക്കാവുന്ന അവസ്ഥയിലാണ് കേരളം എത്തിനില്‍ക്കുന്നതെങ്കില്‍ നമ്മുടെ ജീവിത രീതികളും വികസന സങ്കല്‍പ്പങ്ങളും പൊളിച്ച് എഴുതിയേ മതിയാകൂ. ഇല്ലെങ്കില്‍ നമുക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത ദുരന്തങ്ങള്‍ ആയിരിക്കാം കാലം ഒരുക്കുന്നത്. അതിനിട വരാതിരിക്കട്ടെ. ദുരന്ത പാഠങ്ങള്‍ ഇനിയെങ്കിലും നമുക്ക് ഉള്‍ക്കൊള്ളാം, അതിനനുസരിച്ച തിരുത്തലുകള്‍ വരുത്താം.

(കടപ്പാട് പാഠഭേദം ആഗസ്ത് ലക്കം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply