സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി : വി എസിനു തുറന്ന കത്ത്
ഫാ. റോയി വടക്കേല്‍ സര്‍, ഇതുവരെ രാഷ്ട്രീയ നേതാക്കളോ, സാംസ്‌കാരിക നായകരോ മാധ്യമങ്ങളോ ഇടപെടാതെയും ഇടംകൊടുക്കാതെയുമിരുന്ന കേരളത്തിലെ ഭിന്ന ശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങളെപ്പറ്റി ഒരു മാധ്യമസംവാദം സാധ്യമാക്കിയതിന് അങ്ങേക്ക് നന്ദി. കേരളത്തില്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍ ജനസംഖ്യാക്കണക്കനുസരിച്ച് എട്ടുലക്ഷത്തോളമാണ്. ആ വ്യക്തികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍ കൂടിച്ചേരുന്ന അന്‍പതുലക്ഷത്തോളം മലയാളികളുടെ ദുഃസഹമായ സ്വകാര്യദുഃഖമാണ് ഇന്നോളം മലയാളിയുടെ പൊതുസമൂഹമനസ് അപ്രധാനമാക്കി തിരസ്‌കരിച്ചത്. ഇതിനുള്ള ശാശ്വതമായ പരിഹാരത്തിന്റെ ആദ്യപടിയായാണ് 292 സര്‍ക്കാര്‍ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 33 എണ്ണം ആദ്യ […]
സര്‍, ഇതുവരെ രാഷ്ട്രീയ നേതാക്കളോ, സാംസ്‌കാരിക നായകരോ മാധ്യമങ്ങളോ ഇടപെടാതെയും ഇടംകൊടുക്കാതെയുമിരുന്ന കേരളത്തിലെ ഭിന്ന ശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങളെപ്പറ്റി ഒരു മാധ്യമസംവാദം സാധ്യമാക്കിയതിന് അങ്ങേക്ക് നന്ദി. കേരളത്തില്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍ ജനസംഖ്യാക്കണക്കനുസരിച്ച് എട്ടുലക്ഷത്തോളമാണ്. ആ വ്യക്തികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍ കൂടിച്ചേരുന്ന അന്‍പതുലക്ഷത്തോളം മലയാളികളുടെ ദുഃസഹമായ സ്വകാര്യദുഃഖമാണ് ഇന്നോളം മലയാളിയുടെ പൊതുസമൂഹമനസ് അപ്രധാനമാക്കി തിരസ്‌കരിച്ചത്. ഇതിനുള്ള ശാശ്വതമായ പരിഹാരത്തിന്റെ ആദ്യപടിയായാണ് 292 സര്‍ക്കാര്‍ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 33 എണ്ണം ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന, കര്‍ശനമായ പരിശോധനകള്‍ക്കു വിധേയമായ സ്‌കൂളുകള്‍ മാത്രമാണ് ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളത്.
ഈ മാസം 9 ന് കേരളത്തിലെ ചില ദിനപത്രങ്ങളില്‍ അങ്ങയുടേതായി വന്ന പ്രസ്താവന, വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് 15.5.2015ല്‍ സര്‍ക്കാര്‍ രണ്ടു ഉത്തരവുകളിറക്കി എന്ന പ്രസ്താവന തെറ്റാണ്. 15.2.2015ല്‍ ആദ്യ ഉത്തരവിറങ്ങിയതിനു ശേഷം മൂന്നുമാസം കഴിഞ്ഞാണ് (25.8.2015) എയ്ഡഡ് പദവിയുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന രണ്ടാമത്തെ ഉത്തരവ് പുറത്തിറങ്ങുന്നത്. രണ്ടാമത്തെ ഉത്തരവില്‍ 18 വയസില്‍ താഴെ 100ല്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിനു ശേഷം മാത്രം 50 കുട്ടികളുള്ള സ്‌കൂളുകളും എയ്ഡഡ് പദവിക്കു പരിഗണിക്കും എന്നാണു പറഞ്ഞിട്ടുള്ളത്. അല്ലാതെ, ഈ രണ്ട് ഉത്തരവും ഒറ്റദിവസം ഇറങ്ങിയതല്ല.
രണ്ടാമത്തെ ഉത്തരവില്‍ പരാമര്‍ശം ഒന്നു പ്രകാരം നിശ്ചയിച്ചിട്ടുള്ള സ്‌പെഷല്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ യാതൊരു ഇളവുകളും അനുവദിക്കുന്നതല്ല എന്നാണു പറഞ്ഞിരിക്കുന്നത്. ഒപ്പം അഞ്ചു കുട്ടിക്ക് ഒരു ശുചിമുറി, എട്ടു കുട്ടികള്‍ പഠിക്കുന്ന ഒരു ക്ലാസിന് 225 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണം എന്ന അനുപാതമാണ് ഉത്തരവിലുള്ളത്. സര്‍ക്കാര്‍ അംഗീകാരമുള്ള അനാഥാലയങ്ങളിലെ കുട്ടികള്‍ക്കുപോലും ഇത്രയും ശുചിമുറി സൗകര്യങ്ങള്‍ പറയുന്നില്ല. അങ്ങയുടെ പ്രതികരണത്തിലുള്ള ‘കുട്ടികള്‍ക്കു താമസിക്കാനുള്ള സൗകര്യവും സ്‌കൂളില്‍ വേണ’മെന്ന പരാമര്‍ശം ഉത്തരവില്‍ പറയുന്നില്ല.
കേരളത്തില്‍ സ്വകാര്യമേഖലയിലെ എയ്ഡഡ് പദവിയുള്ള ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലും അന്ധ, ബധിരമൂക സ്‌പെഷല്‍ സ്‌കൂളുകളിലും അധ്യാപകഅനധ്യാപക നിയമനം പി.എസ്്.സി. മുഖാന്തരമല്ല നടക്കുന്നത്.
ഇതുവരെ പൂര്‍ണ അവഗണന നേരിട്ടിരുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ സ്‌കൂളുകളില്‍ മാത്രം പി.എസ്്.സി. വഴി അധ്യാപക നിയമനം വേണം എന്ന പിടിവാശി ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയും കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെയും പാവപ്പെട്ടവരുടെയും അവകാശപ്പോരാളി എന്നു ഖ്യാതിയുള്ള അങ്ങ്, ഇതുവരെ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ഭിന്നശേഷിയുള്ളവരായി ജനിച്ച നിസഹായരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏതെങ്കിലുമൊരു സ്‌പെഷല്‍ സ്‌കൂളില്‍ കുട്ടികളോടൊപ്പം ഒരുമിനിറ്റു പോലും ചെലവഴിച്ചിട്ടുണ്ടാവില്ല. ഉണ്ടെങ്കില്‍ അങ്ങേക്ക് ഇത്തരമൊരു പ്രസ്താവന നടത്താനാവില്ലായിരുന്നു.
കാരണം, ഭിന്നശേഷിയുള്ള വ്യക്തികളുടെ പഠനവും പരിശീലനവും പരിപാലനവും വിദ്യാഭ്യാസയോഗ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ ചെയ്യാവുന്നതല്ല. വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റുമായി ഹൃദ്യമായ ബന്ധവും വിദ്യാഭ്യാസയോഗ്യതയ്ക്കപ്പുറം ത്യാഗോജ്വലമായ മനുഷ്യത്വത്തിന്റെ മാതൃകയും നല്‍കുന്നവരാണ് സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍. പി.എസ്.സി. വഴി നിയമനം ലഭിക്കുന്നവര്‍ക്ക് വിദൂര സ്ഥലങ്ങളിലും ജോലി ചെയ്യേണ്ടതുണ്ട്. സാധാരണ എയ്ഡഡ് സ്‌കൂളുകളെപ്പോലെയല്ല, ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസം എന്ന് ഒരു സ്‌പെഷല്‍ സ്‌കൂളെങ്കിലും സന്ദര്‍ശിക്കാതെ, ഈ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാതെ സാമാന്യബോധമുള്ള ആര്‍ക്കും മനസിലാവില്ല.
അധ്യാപക നിയമനം സുതാര്യമാക്കാന്‍ എല്ലാ സ്‌പെഷല്‍ സ്‌കൂളുകളും സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിയാല്‍ പോരേ എന്ന് അങ്ങു ചോദിക്കുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഇന്നോളം ഇടതും വലതും മാറിമാറി ഭരിച്ചിട്ടും 292 സ്‌പെഷ്യല്‍ സ്‌കൂളില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒരേയൊരു സ്‌പെഷല്‍ സ്‌കൂളും അടുത്തകാലത്ത് പഞ്ചായത്തിനു കീഴില്‍ തുടങ്ങിയ ഏതാനും ബഡ്‌സ് സ്‌കൂളുകളുമാണ്. എന്താണിതിനു കാരണം? അന്വേഷിക്കുമല്ലോ.
അങ്ങയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് 2011ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതായി പറയുന്ന പേഴ്‌സണ്‍ വിത്ത് ഡിസൈബിലിറ്റി ആക്ടിലെയെന്നു പറയുന്ന പരാമര്‍ശങ്ങള്‍. 2011ല്‍ കേന്ദ്രസര്‍ക്കാര്‍ അങ്ങനെ ഒരു നിയമം പാസാക്കിയിട്ടില്ല. പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി ആക്ട് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത് 1995ലാണ്. അതില്‍പോലും സൂചിപ്പിച്ച കെട്ടിടത്തിന്റെ രൂപകല്‍പനയെപ്പറ്റി പരാമര്‍ശമില്ല.
കേരളത്തിലെ എല്ലാ ജില്ലകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന, ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ ദേശീയ സംഘടനയായ ‘പരിവാര്‍’, 25 വര്‍ഷങ്ങളായി സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന് സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നുണ്ട്.
ഏതോ ഒരു രക്ഷാകര്‍ത്താവ് നല്‍കിയ പരാതിയെ കേരളത്തിലെ എല്ലാ രക്ഷാകര്‍ത്താക്കളുടെയും അഭിപ്രായമായി പരിഗണിക്കുകയും സര്‍ക്കാര്‍ അംഗീകൃത സംഘടനയായ ‘പരിവാര്‍ കേരള’യെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നതെന്തിനാണ്? അങ്ങ് സൂചിപ്പിച്ച ലോകായുക്തയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കെതിരേ പരിവാര്‍ കേരളയും ഈ മേഖലയിലെ മറ്റു സംഘടനകളും എതിര്‍കക്ഷിയായി ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ റെഗുലര്‍ സ്‌കൂളുകളില്‍ അയയ്ക്കുന്നതിനെപ്പറ്റി അങ്ങു പറയുന്നുണ്ടല്ലോ. ഇന്നു കേരളത്തില്‍ ഐ.ഇ.ഡി.എസ്.എസ്./ഐ.ഇ.ഡി.സി. വിഭാഗങ്ങളിലായി 40 ശതമാനത്തില്‍ അധികം എല്ലാവിധ വൈകല്യങ്ങളുമുള്ള 70000 ത്തില്‍ താഴെ കുട്ടികള്‍ പഠിക്കുന്നുണ്ട്. 40 ശതമാനത്തില്‍ താഴെ വൈകല്യമുള്ള 40000ത്തോളം കുട്ടികളും റെഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ക്കായി 167 ബി.ആര്‍.സി.കളിലായി 1600ഓളം അധ്യാപകരാണുള്ളത്. ഐ.ഇ.ഡി.എസ്.എസ്. വിഭാഗത്തില്‍ 1400ലധികം സ്‌കൂളുകളിലെ വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കായി 750 അധ്യാപകരുമാണ് നിലവിലുള്ളത്.
ഐ.ഇ.ഡി.സി.യില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകള്‍ക്കായി ഒരു പഞ്ചായത്തില്‍ ഒരു ടീച്ചര്‍ എന്ന നിലയിലാണ് അധ്യാപക ലഭ്യത. മാസത്തിലൊരിക്കലോ, രണ്ടുതവണയോ മാത്രമാണ് ഭിന്നശേഷിയുള്ള ഒരു വിദ്യാര്‍ഥിക്ക് പലപ്പോഴും അധ്യാപകദര്‍ശനം സാധ്യമാകുന്നുള്ളൂ. ഇത്ര പരിമിതമായ സാഹചര്യത്തില്‍, എന്തു പരിശീലനമാണു ഭിന്നശേഷിയുള്ള വിദ്യാര്‍ഥിക്ക് ലഭിക്കുന്നതെന്നു ചിന്തിച്ചാല്‍ മനസിലാക്കാം.
മാത്രമല്ല, എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഒന്‍പതാം ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയെ സ്‌െ്രെകബ് ആക്കി പരീക്ഷ എഴുതിച്ച്, എ പ്ലസുകള്‍ ഏറെ വാങ്ങി പത്താംക്ലാസ് പാസായാലും പ്രാഥമിക ആവശ്യങ്ങളുടെ പോലും പരിശീലനത്തിനായി വീണ്ടും 16ാം വയസില്‍ ഇവരെ സ്‌പെഷല്‍ സ്‌കൂളുകളില്‍ ചേര്‍ക്കുന്നതെന്തിനാണെന്ന് അങ്ങ് അന്വേഷിക്കുമോ? പത്താം ക്ലാസ് ജയിച്ചാലും തനിയെ വസ്ത്രം ധരിക്കാനോ ഭക്ഷണം കഴിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ പരിശീലനം നേടാന്‍ വീണ്ടും സ്‌പെഷല്‍ സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ഥികളില്‍ പലരും സ്വയംപര്യാപ്തത നേടുന്നത് ഈ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നാണ്.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ അവരുടെ ബൗദ്ധികനിലയനുസരിച്ച് നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മൈല്‍ഡ്, മോഡറേറ്റ്, സിവിയര്‍, പ്ര?ഫൗണ്ട് എന്നിങ്ങനെ. റെഗുലര്‍ സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ അയയ്ക്കുന്നത് പലപ്പോഴും മൈല്‍ഡ് കാറ്റഗറിയിലുള്ള വിദ്യാര്‍ഥികളെ മാത്രമാണ്. മറ്റു കാറ്റഗറിയിലുള്ള കുട്ടികള്‍ സ്‌കൂള്‍ രജിസ്റ്ററില്‍ വെറും അക്കങ്ങള്‍ മാത്രമായി അവശേഷിക്കുകയും പലപ്പോഴും സ്‌പെഷല്‍ സ്‌കൂളുകളില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്നുകൂടി അങ്ങ് അന്വേഷിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയാല്‍ അധ്യാപകനിയമനത്തില്‍ അഴിമതിയുണ്ടാകും എന്ന ആശങ്ക അങ്ങ് പ്രകടിപ്പിക്കുന്നു. എന്നാല്‍, എയ്ഡഡ് പദവിയുടെ ഉത്തരവില്‍ നിലവില്‍ യോഗ്യതയുള്ള എല്ലാ അധ്യാപകരേയും നിലനിര്‍ത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ പുതിയ അധ്യാപക നിയമനത്തിന് സാധ്യത കുറവാണ്.
മാത്രമല്ല, 6 മുതല്‍ 14 വയസുവരെ സൗജന്യ വിദാഭ്യാസം ഭരണഘടന നല്‍കുന്ന അവകാശമാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കു മാത്രം ഈ അവകാശം നിഷേധിക്കുന്നത് ശരിയാണോ?
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അസോസിയേഷനുകളും സംഘടനകളും സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡാകുമ്പോള്‍ അധ്യാപകഅനധ്യാപക നിയമനം സുതാര്യമാക്കണമെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിച്ചിടുണ്ട്.
മാത്രമല്ല, ക്രമവിരുദ്ധമായ നടപടികള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ,തങ്ങളുടെ അവകാശങ്ങള്‍ സ്വന്തമായി വാദിക്കാന്‍ കഴിവില്ലാത്ത ഈ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ, പരിശീലന സാധ്യതകള്‍ക്ക് തടസം നില്‍ക്കുന്നത് സാമാന്യനീതിക്ക് വിരുദ്ധമല്ലേ? ഭിന്നശേഷിയുള്ളവര്‍ക്കും മറ്റു വിദ്യാര്‍ഥികളെപ്പോലെതന്നെ സൗജന്യ വിദ്യാഭ്യാസം എന്ന ഭരണഘടനാ അവകാശം ലഭ്യമാക്കുവാന്‍ പരിശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം അങ്ങും കൈകോര്‍ത്തുകൊണ്ട്, ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഒരു നല്ല നാളെയെ സ്വപ്‌നം കാണുന്നുണ്ട്, മാനവിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന കേരളജനത.
(സ്‌പെഷല്‍ സ്‌കൂള്‍സ് അസോ.സിയേഷന്‍ ചെയര്‍മാനാണ് ലേഖകന്‍)
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in