സ്‌നോഡന്‍ : ജനാധിപത്യവും വിവരസാങ്കേതിക വിദ്യയും

കേ വേണു അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി – എന്‍.എസ്.എ – ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരവിനിമയങ്ങള്‍ മുഴുവന്‍ ചോര്‍ത്തുകയും പരിശോധിക്കുകയും ചെയ്യുന്നത് സംബന്ധിച്ച രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തിയ സിഐഎയില്‍ പ്രവര്‍ത്തിച്ചിരുന്ന എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയാഭയം നല്‍കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തയ്യാറാകാത്തതില്‍ അത്ഭുതപ്പെടാനില്ല. ഒരുവശത്ത് സ്‌നോഡനെ വിചാരണ ചെയ്യാന്‍ തിരക്കുകൂട്ടുന്ന അമേരിക്കയുടെ സമ്മര്‍ദ്ദവും മറുവശത്ത് ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെമേല്‍ എന്‍എസ്എയുടേതിനേക്കാള്‍ കര്‍ക്കശമായ മേല്‍നോട്ട സംവിധാനമുണ്ടാക്കാന്‍ ഇന്ത്യ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന വസ്തുതയും ഈ […]

snoden

കേ വേണു

അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി – എന്‍.എസ്.എ – ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരവിനിമയങ്ങള്‍ മുഴുവന്‍ ചോര്‍ത്തുകയും പരിശോധിക്കുകയും ചെയ്യുന്നത് സംബന്ധിച്ച രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തിയ സിഐഎയില്‍ പ്രവര്‍ത്തിച്ചിരുന്ന എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയാഭയം നല്‍കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തയ്യാറാകാത്തതില്‍ അത്ഭുതപ്പെടാനില്ല. ഒരുവശത്ത് സ്‌നോഡനെ വിചാരണ ചെയ്യാന്‍ തിരക്കുകൂട്ടുന്ന അമേരിക്കയുടെ സമ്മര്‍ദ്ദവും മറുവശത്ത് ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെമേല്‍ എന്‍എസ്എയുടേതിനേക്കാള്‍ കര്‍ക്കശമായ മേല്‍നോട്ട സംവിധാനമുണ്ടാക്കാന്‍ ഇന്ത്യ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന വസ്തുതയും ഈ നിലപാടിന് പിന്നിലുണ്ടാകാം. സ്‌നോഡന്‍ അഭയാഭ്യര്‍ത്ഥന നല്‍കിയ 40ല്‍പരം രാജ്യങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയുടെ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. അഭയം നല്‍കാമെന്ന് സമ്മതിച്ച ബൊളീവിയയുടെ പ്രസിഡന്റ് റഷ്യയില്‍ നിന്ന് മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ വിമാനം യൂറോപ്യന്‍ രാജ്യങ്ങളുടെ മീതെ പറക്കാന്‍ പല രാജ്യങ്ങളും അനുവദിക്കാതിരുന്ന സംഭവം ഏറെ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു എന്നവകാശപ്പെടുന്ന പല യൂറോപ്യന്‍ രാജ്യങ്ങളും സ്‌നോഡന്റെ നടപടിയോട് ശക്തിയായി വിയോജിക്കുന്നു എന്നാണ് കാണിക്കുന്നത്. ഒപ്പം മറ്റുരാജ്യങ്ങളിലെ നിയമവ്യവസ്ഥയെ മാനിക്കാന്‍ ജനാധിപത്യരാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന ന്യായമായ രാഷ്ട്രീയിശദീകരണവും ഇവര്‍ക്കുണ്ട്.
വിക്കിലിക്‌സിന്റെ അസാഞ്ജിനെപോലെ സ്‌നോഡനും നിലവിലുള്ള നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ ഔപചാരികമായി നോക്കിയാല്‍ ഇവര്‍ നിയമവാഴ്ചക്ക് കീഴ്‌പെടണമെന്നു പറയുന്നത് ന്യായമാണ്. എന്നാല്‍ വിവരസാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ ജനാധിപത്യസമ്പ്രദായത്തില്‍ കാര്യമായ അഴിച്ചുപണി ആവശ്യമായി വന്നിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ പുതിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ഈ സംഭവങ്ങളില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യവ്യവസ്ഥയെ അങ്ങേ അറ്റം സുതാര്യമാക്കാന്‍ സഹായിക്കുന്ന സംവിധാനം എന്ന നിലക്കാണ് വിവരസാങ്കേതിക വിദ്യ രാഷ്ട്രീയമായി സ്വാഗതം ചെയ്യപ്പെട്ടത്. അറിയാനുള്ള അവകാശനിയമം പോലെ ജനാധിപത്യത്തെ ഏറെ സാര്‍ത്ഥകമാക്കുന്ന ചുവടുവെപ്പ് പ്രായോഗികമാക്കുന്നതില്‍ വിവരസാങ്കേതിക വിദ്യയുടെ പങ്ക് ചെറുതല്ല. ആ ദിശയിലുള്ള സാധ്യതകള്‍ ഇനിയുമെറെയാണ്. രാജ്യങ്ങള്‍ക്കുള്ളിലേയും രാജ്യങ്ങള്‍ക്കിടയിലേയും ഇരുമ്പുമറകളെ ഭേദിക്കാന്‍ അത് ഏരെ സഹായിച്ചു. അറബ് വസന്തത്തിലും ഇന്ത്യയിലെ സിവില്‍ സമൂഹ പ്രസ്ഥാനത്തിലുമെല്ലാം അതിന്റെ പങ്ക് ചരിത്രപ്രധാനം തന്നെയാണ്.
അതോടൊപ്പം ജനാധിപത്യപ്രക്രിയയെ പുറകോട്ടു തിരിച്ചുപിടിക്കാനിടയാക്കുന്ന ഇടപെടലുകളും വിവരസാങ്കേതികവിദ്യയുടെ ഭാഗത്തുനിന്ന് സംഭവിക്കുന്നുണ്ട്. ലോകത്തുള്ള ഓരോ വ്യക്തിക്കും മറ്റെല്ലാ വ്യക്തികളുമായി ആശയവിനിമയം നടത്താനുള്ള സാധ്യത തുറന്നു കിട്ടിയതോടെ മനുഷ്യസമൂഹത്തിന്റെ വികേന്ദ്രീകരണ പ്രക്രിയയാണ് ഏറെ മുന്നേറിയത്. എന്നാല്‍ ഓരോ വ്യക്തിയുടേയും സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നതും പരോക്ഷമായെങ്കിലും അവരെ നിയന്ത്രിക്കാന്‍ കഴിയുന്ന കേന്ദ്രീകൃത സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഭരണകൂടങ്ങളെ സഹായിക്കുന്നതും ഈ വിവര സാങ്കേതിക വിദ്യ തന്നെയാണ്. അമേരിക്കയുടെ എന്‍എസ്എ ഇത്തരമൊരു അതിഭീകരമായ കേന്ദ്രീകൃത സംവിധാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. സമഗ്രാധിപത്യ വ്യവസ്ഥയിലെ കേന്ദ്രീകരണത്തേക്കാള്‍ ഭീകരമായ കേന്ദ്രീകരണത്തിലേക്കാണ് ഇത്തരം സംവിധാനങ്ങള്‍ നയിക്കാന്‍ പോകുന്നതെന്ന ആശങ്ക ശക്തമാണ്. നിലവിലുള്ള നിയമവാഴ്ചയെ മറികടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയുകയാണ് ഇത്തരം കേന്ദ്രീകൃത മേല്‍നോട്ട സംവിധാനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അതുവിട്ടുകൊണ്ടുള്ള അമിതാധികാരപ്രയോഗത്തിലേക്ക് നീങ്ങാവുന്നതുമാണ്. പക്ഷേ, സമഗ്രാധിപത്യവ്യവസ്ഥയില്‍നിന്ന് വ്യത്യസ്ഥമായി വിവരാവകാശ നിയമവും മറ്റും ഉണ്ടായതുപോലെ അമിതാധികാര പ്രയോഗത്തെ തടയാനുള്ള നിയമങ്ങള്‍ ജനാധിപത്യവ്യവസ്ഥയില്‍ സാധ്യവുമാണ്. മനുഷ്യ സമൂഹത്തിന്റെ ആന്തരിക ഘടനയില്‍ നിന്നും ഉടലെടുക്കുന്ന വിപരീത പ്രവര്‍ത്തനങ്ങളാണ് കേന്ദ്രീകരണവും വികേന്ദ്രീകരണവും. ഈ വിപരീത പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ് മനുഷ്യ സമൂഹത്തിന്റെ നിരന്തര ചലനാത്മകതക്കും ജനാധിപത്യവല്‍ക്കരണത്തിനും അടിസ്ഥാനം.
വിവരാവകാശ നിയമത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നത് രാജ്യരക്ഷയുടേയും പ്രതിരോധത്തിന്റേയും പേരുപറഞ്ഞ് ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഒട്ടേറെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നു എന്നാതാണ്. ഈ രഹസ്യാത്മകത തുറന്നു കാട്ടാനാണ് വീക്കിലിക്‌സ് ശ്രമിച്ചത്. വിവരസാങ്കേതിക വിദ്യ തന്നെ ഉപയോഗിച്ച് അധികാരകേന്ദ്രീകരണത്തിന് വഴിയൊരുക്കാനാണ് എന്‍എസ്എ ശ്രമിച്ചത്. അത്തരമൊരു ജനാധിപത്യ വിരുദ്ധ പ്രവണതയെ തുറന്നു കാട്ടുകയാണ് സ്‌നോഡന്‍ ചെയ്തത്. അസാഞ്ജിന്റേയും സ്‌നോഡന്റേയും നടപടികള്‍ നിയമ വ്യവസ്ഥാ ലംഘനങ്ങള്‍ എന്നതിനുപരി, മനുഷ്യസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയെ മുന്നോട്ടു നയിക്കുന്ന ഇടപെടലുകളാണ്. ഈ നടപടികള്‍ ഉന്നയിക്കുന്ന പ്രവണതകള്‍ ജനാധിപത്യത്തിന്റെ ഭാവി നിയമവ്യവസ്ഥകളുടെ ഭാഗമായി തീരേണ്ടവയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “സ്‌നോഡന്‍ : ജനാധിപത്യവും വിവരസാങ്കേതിക വിദ്യയും

  1. SADDHAAM HUSAIN, BINLADEN now this guy hay foolish public its
    drama of U.S.

  2. I don’t thin this is a drama. I am a consultant in IT Crimes you see the minute you take a mobile phone connection your privacy starts fading… When internet connection is taken then you are being monitered and when you take a high end mobile with net connection you dont have any thing so called privacy they can hack into your mobile and even see through your camera eyes….

Leave a Reply