സ്ത്രീ ഭൂമാതാവ് : കരടുബില്‍ സ്വാഗതാര്‍ഹം

സ്ത്രീയെ ഭൂമാതാവായി അംഗീകരിക്കുന്ന ദേശീയ ഭൂപരിഷ്‌കരണ നിയമത്തിന്റെ കരടുരേഖ തികച്ചും സ്വാഗതാര്‍ഹമാണ്. സ്ത്രീകള്‍ക്ക് സാമൂഹ്യനീതി ലഭ്യമാക്കാനാവശ്യമായ തുടര്‍ച്ചയായ നിയമനിര്‍മ്മാണങ്ങളുടെ ആരംഭമായിരിക്കണം ഈ കരട് ബില്‍. ഭൂസ്വത്തില്‍ ലഭിക്കുന്ന അവകാശം തീര്‍ച്ചയായും സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്താന്‍ സഹായകരമായിരിക്കും എന്നതില്‍ സംശയമില്ല. ഭൂമിയില്‍ സ്ത്രീകള്‍ക്കു വ്യാപകമായ അധികാരങ്ങള്‍ നല്‍കാനാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കരടുരേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദാരിദ്ര്യം തുടച്ചുനീക്കുകയെന്ന ലക്ഷ്യം നേടാന്‍ ഭൂമിക്കുമേല്‍ പുരുഷനെക്കാള്‍ അധികാരം സ്ത്രീക്കായിരിക്കണമെന്നു രേഖ വ്യക്തമാക്കുന്നു. സ്ത്രീകളെ കൃഷിക്കാരായി അംഗീകരിക്കണമെന്നതാണ് കാതലായ മറ്റൊരു നിര്‍ദ്ദേശം. […]

stree

സ്ത്രീയെ ഭൂമാതാവായി അംഗീകരിക്കുന്ന ദേശീയ ഭൂപരിഷ്‌കരണ നിയമത്തിന്റെ കരടുരേഖ തികച്ചും സ്വാഗതാര്‍ഹമാണ്. സ്ത്രീകള്‍ക്ക് സാമൂഹ്യനീതി ലഭ്യമാക്കാനാവശ്യമായ തുടര്‍ച്ചയായ നിയമനിര്‍മ്മാണങ്ങളുടെ ആരംഭമായിരിക്കണം ഈ കരട് ബില്‍. ഭൂസ്വത്തില്‍ ലഭിക്കുന്ന അവകാശം തീര്‍ച്ചയായും സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്താന്‍ സഹായകരമായിരിക്കും എന്നതില്‍ സംശയമില്ല.
ഭൂമിയില്‍ സ്ത്രീകള്‍ക്കു വ്യാപകമായ അധികാരങ്ങള്‍ നല്‍കാനാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കരടുരേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദാരിദ്ര്യം തുടച്ചുനീക്കുകയെന്ന ലക്ഷ്യം നേടാന്‍ ഭൂമിക്കുമേല്‍ പുരുഷനെക്കാള്‍ അധികാരം സ്ത്രീക്കായിരിക്കണമെന്നു രേഖ വ്യക്തമാക്കുന്നു. സ്ത്രീകളെ കൃഷിക്കാരായി അംഗീകരിക്കണമെന്നതാണ് കാതലായ മറ്റൊരു നിര്‍ദ്ദേശം. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭൂമിക്കു മേലുള്ള അവകാശം പുരുഷന്റെ മാത്രം പേരിലാവരുത്, പട്ടയമേളകളില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങളില്‍ പകുതി സ്ത്രീകളുടെ പേരിലായിരിക്കണമെന്നും രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
കുടുംബസ്വത്തിനു മേലുള്ള അവകാശം പുരുഷനു ലഭ്യമാക്കുന്ന നിയമങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്നും സ്വത്തുവിഭജനത്തില്‍ സ്ത്രീകള്‍ക്കും തുല്യസ്ഥാനം നല്‍കണമെന്നും രേഖ ശുപാര്‍ശചെയ്യുന്നു.
ഭൂമിക്കുമേല്‍ അവകാശമുണ്ടെങ്കില്‍ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സ്ത്രീകള്‍ എന്നിവര്‍ക്കു ബാക്കി ജീവിതത്തിനു താങ്ങാകും. ഭൂവുടമയായ പുരുഷന്‍ ജോലിതേടിയും മറ്റും അന്യനാട്ടില്‍ പോകുമ്പോള്‍, ഭൂമിക്കുമേല്‍ അവകാശമില്ലാത്ത സ്ത്രീക്ക് ഭൂമിയുടെ ഈടില്‍ വായ്പപോലും ലഭിക്കുന്നില്ലെന്ന് രേഖ ചൂണ്ടികാട്ടുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീയെ ഭൂമാതാവായി അംഗീകരിച്ച് രാജ്യത്തു ഭൂഅവകാശ നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പാക്കാന്‍ ഭൂമിക്കുമേല്‍ സ്ത്രീക്ക് അവകാശം നല്‍കുക എന്നതാണ് രേഖയുടെ അടിസ്ഥാനതത്വം.
ദീര്‍ഘനാള്‍ താമസിച്ച ഭൂമിക്കുമേല്‍ കുടുംബത്തിന് അവകാശം നല്‍കുമ്പോഴും നഷ്ടപ്പെട്ട ഭൂമി തിരികെ ലഭ്യമാക്കുമ്പോഴും അതു സ്ത്രീയുടെ പേരിലാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്കു പുറമെ കര്‍ശനമായ ചില നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് രേഖ നിര്‍ദ്ദേശിക്കുന്നുണ്ട്. സമൂഹ പട്ടയ വിതരണം വ്യക്തികള്‍ക്കു നല്‍കിയാല്‍ ഭൂമി വില്‍ക്കുന്നതിന് വഴിയൊരുക്കുമെന്നതിനാല്‍ കൃഷിചെയ്യുന്ന ഭൂമിക്കുമേല്‍ വനിതാ കര്‍ഷക സംഘങ്ങള്‍ക്കു സമൂഹ പട്ടയാവകാശം ലഭ്യമാക്കുക, തരിശുഭൂമികള്‍ കണ്ടെത്തി അവ സ്ത്രീകള്‍ക്കു ലഭ്യമാക്കുക. കൃഷിക്കായി ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീസംഘങ്ങള്‍ക്കു തുകയുടെ 50% കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുക. ബാക്കി തുക ചെറു പലിശനിരക്കില്‍ വായ്പയായി നല്‍കുക, ജലപദ്ധതികള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു പകരം ലഭ്യമാക്കുന്ന ഭൂമിക്കുമേല്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശം ലഭ്യമാക്കുക, ഓരോ പഞ്ചായത്തിലുമുള്ള പൊതുഭൂമി കൈകാര്യം ചെയ്യുന്നതിനു സ്ത്രീകള്‍ മാത്രം അംഗങ്ങളായുള്ള സമിതി രൂപീകരിക്കുക, ഭൂമി, ഭവനം എന്നിവയ്ക്കു മേല്‍ സ്ത്രീകള്‍ക്ക് അവകാശം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന നിയമങ്ങള്‍ പാസാക്കുക, സ്ത്രീകളുടെ ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ജില്ലാ തലങ്ങളില്‍ ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ സജ്ജമാക്കുക തുടങ്ങിയവയാണ് അതില്‍ മുഖ്യം.
അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോഴും സാമൂഹ്യനീതി എന്ന ദിശയില്‍ പല നടപടികള്‍ക്കും യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. വിവരാവകാശനിയമം, തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസാവകാശ നിയമം തുടങ്ങിയവ അവയില്‍ ചിലത്. അതേസമയം വനിതാ സംവരണ നിയമം ഇപ്പോഴും കെട്ടിക്കിടക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമ നിര്‍മ്മാണ നടപടികള്‍ മുന്നോട്ടുപോകുന്നില്ലെന്ന ആരോപണമുണ്ട്. ആ അവസ്ഥയാകരുത് ഈ നീക്കത്തിനും. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയശേഷമണ് കരടുരേഖ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടുക. അതിനായി കാലതാമസമുണ്ടാക്കരുത്. ലോകസഭാ തിരഞ്ഞെടുപ്പ് അധികം വൈകാതെ നടക്കുമെന്നതിനാല്‍ വോട്ടുനേടാനാണ് ഈ നീക്കങ്ങള്‍ എന്ന ആരോപണമുണ്ട്. അതങ്ങനെയായലെന്ത്? ജനക്ഷേമ നടപടികള്‍ നടപ്പാക്കി വോട്ടു ചോദിക്കുന്നതില്‍ തെറ്റില്ല. അതാണല്ലോ ജനാധിപത്യത്തിന്റെ അടിസ്ഥാനം. പക്ഷെ തിരഞ്ഞെടുപ്പു വരെ കരടില്‍ ഒതുക്കി നിര്‍ത്തരുതെന്നു മാത്രം. എങ്കില്‍ ഏതുമുന്നണി ജയിച്ചാലും സംങവം കരടുരേഖയില്‍ ഒതുങ്ങുമെന്ന ഭയം സ്വാഭാവികമാണ്. എത്രയും വേഗം അനന്തരനടപടികള്‍ പൂര്‍ത്തിയാക്കി നിയമ നിര്‍മ്മാണം നടത്താനാണ് കേന്ദ്രം ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply