സിപിഐ(എം) ന്റെ ‘കത്തോലിക്കാ’ താല്പര്യങ്ങള്‍
പി ജെ ജെയിംസ് ഫ്രാങ്കോയുടെ അനിവാര്യമായ അറസ്റ്റ് ഒരു തരത്തിലും നീട്ടിക്കൊണ്ടുപോകാനാവാതെ വന്ന സന്ദര്‍ഭത്തില്‍, കന്യാസ്ത്രീകളെയും അവര്‍ക്കൊപ്പം നിന്ന ജനാധിപത്യവാദികളെയും അധിക്ഷേപിച്ചു കൊണ്ട് സിപിഐ (എം) സെക്രട്ടറിയും (21/9) ദേശാഭിമാനിയും (മുഖപ്രസംഗം, 22/9) നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍, ഒരു ബിഷപ്പിന്റെ സ്ത്രീ പീഡനത്തിനപ്പുറം രാഷ്ട്രീയ മാനങ്ങളുള്ളതാണ്. തങ്ങള്‍ക്ക് താല്പര്യമില്ലാതിരുന്ന ഫ്രാങ്കോയുടെ അറസ്റ്റിന് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം നിര്‍ബന്ധിതമാകുകയായിരുന്നുവെന്നു കത്തോലിക്കാ മേധാവികളെ ബോധ്യപ്പെടുത്തുക, ആ പ്രക്രിയയില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നീതിയുടെ പക്ഷത്തുനിന്നവരെ പരമാവധി ഭര്‍ത്സിച്ച് സഭയെ പ്രീതിപ്പെടുത്തുക, അതുമല്ലെങ്കില്‍ അപ്രീതിക്കു വിധേയമാകാതിരിക്കുക, […]
പി ജെ ജെയിംസ്
ഫ്രാങ്കോയുടെ അനിവാര്യമായ അറസ്റ്റ് ഒരു തരത്തിലും നീട്ടിക്കൊണ്ടുപോകാനാവാതെ വന്ന സന്ദര്‍ഭത്തില്‍, കന്യാസ്ത്രീകളെയും അവര്‍ക്കൊപ്പം നിന്ന ജനാധിപത്യവാദികളെയും അധിക്ഷേപിച്ചു കൊണ്ട് സിപിഐ (എം) സെക്രട്ടറിയും (21/9) ദേശാഭിമാനിയും (മുഖപ്രസംഗം, 22/9) നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍, ഒരു ബിഷപ്പിന്റെ സ്ത്രീ പീഡനത്തിനപ്പുറം രാഷ്ട്രീയ മാനങ്ങളുള്ളതാണ്. തങ്ങള്‍ക്ക് താല്പര്യമില്ലാതിരുന്ന ഫ്രാങ്കോയുടെ അറസ്റ്റിന് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം നിര്‍ബന്ധിതമാകുകയായിരുന്നുവെന്നു കത്തോലിക്കാ മേധാവികളെ ബോധ്യപ്പെടുത്തുക, ആ പ്രക്രിയയില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നീതിയുടെ പക്ഷത്തുനിന്നവരെ പരമാവധി ഭര്‍ത്സിച്ച് സഭയെ പ്രീതിപ്പെടുത്തുക, അതുമല്ലെങ്കില്‍ അപ്രീതിക്കു വിധേയമാകാതിരിക്കുക, തുടങ്ങിയ ഉദ്ദേശങ്ങളാണ് ഇതിനു പിന്നിലെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ കാണാം. ഇതിന്റെ ഭാഗമായി കത്തോലിക്കാ സഭയുടെ ആഗോള മഹാത്മ്യത്തെ പാടിപ്പുകഴ്ത്തല്‍, ആഭ്യന്തര ശുചീകരണം നടത്താനുള്ള സഭയുടെ കരുത്തില്‍ അഭിമാനം, ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന വരെ തിരിച്ചറിയല്‍, തുടങ്ങി കത്തോലിക്കാ സഭാനേതൃത്വം പോലും ഇപ്പോള്‍ അവകാശപ്പെടാത്ത കാര്യങ്ങളാണ് സിപിഐ (എം) മുന്നോട്ടു വെച്ചിട്ടുള്ളത്.
തീര്‍ച്ചയായും, സമാനമായ സന്ദര്‍ഭത്തില്‍ ഇതര മത നേതാവിനു കിട്ടുമായിരുന്നില്ലാത്ത സവിശേഷ പരിഗണന കത്തോലിക്കാ ബിഷപ്പായ ഫ്രാങ്കോയ്ക്കു സിപിഐ (എം) നയിക്കുന്ന സര്‍ക്കാരില്‍ നിന്നു ലഭിച്ചതിന്റെ രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങള്‍ തന്നെയാണ് പ്രധാനം. നമുക്കറിവുള്ളതുപോലെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചതുമുതല്‍ ആഗോള കമ്മ്യൂണിസ്റ്റ് വിരുദ്ധ ‘യുദ്ധ’ ത്തിന്റെ നേതൃത്വം കത്തോലിക്കാസഭക്കായിരുന്നു. സി ഐ എയുടെ പണം വാങ്ങി (പാട്രിക് മൊയ്‌നിഹാന്‍ രേഖപ്പെടുത്തിയത്) 1959 ലെ വിമോചന സമരത്തിലൂടെ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കത്തോലിക്കാ സഭാ നേതൃത്വം അട്ടിമറിച്ചതെതുടര്‍ന്ന് ആ രംഭിച്ചതാണ് വര്‍ഗസമരപാത കയ്യൊഴിച്ച വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ അതുമായുള്ള അവിഹിത ബാന്ധവം. 1960 ല്‍ 1957 ലേതിനെക്കാള്‍ കൂടുതല്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു നല്‍കിയ ജനങ്ങളുമായി ഐക്യപ്പെട്ട് പിന്തിരിപ്പന്മാര്‍ക്കെതിരെ മുന്നേറുന്നതിനു പകരം, ഭരണവ്യവസ്ഥയിലേക്കു ജീര്‍ണിച്ച നേതൃത്വം പിന്നീട് കത്തോലിക്കാ സഭയുടെ ഭൂമി, വിദ്യാഭ്യാസം, ആരോഗ്യ ചികിത്സ തുടങ്ങിയ ജനങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ട നിര്‍ണായക മേഖലകളില്‍ സഭക്കു കീഴടങ്ങി. ഇതിനു് ആനുപാതികമായി മര്‍ദ്ദിത ജനവിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നകലുകയും ആഗോള മൂലധന കേന്ദ്രങ്ങള്‍ ആവിഷ്‌കരിച്ച ‘കേരള മോഡലി’ ലൂടെ പാര്‍ട്ടിയുടെ വര്‍ഗ്ഗാടിത്തറ മധ്യ വര്‍ഗ്ഗവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഉദാഹരണത്തിനു്, കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലുമായി സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന രണ്ടു ലക്ഷത്തോളം അദ്ധ്യാപക-അനദ്ധ്യാപകരുടെ സിംഹഭാഗത്തെയും നിയമിക്കുന്നതും നിയന്ത്രിക്കുന്നതും കത്തോലിക്കാ സഭയാണ്. ഭരണഘടനാപരമായി ഇതിലെ 20 ശതമാനത്തോളം പോസ്റ്റുകള്‍ ( 40000 ?) പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനതയുടെ അവകാശമാണ്. എന്നാല്‍ ഒരു ശതമാനത്തില്‍ പോലും അവര്‍ക്കു പ്രാതിനിധ്യമില്ല. ദളിതര്‍ക്ക് അവകാശപ്പെട്ട ഭൂമിയുടെ കാര്യത്തിലെന്ന പോലെ ഇക്കാര്യത്തിലും സി പി ഐ (എം) നിശ്ശബ്ദമാണ്.
ഇന്ന് സി പി ഐ (എം) ഉം കത്തോലിക്കാ സഭയും തമ്മിലുള്ളത് കേവലമൊരു വോട്ടു ബാങ്ക് ബന്ധമല്ല. സി പി ഐ (എം)ന്റെ ലോക മൂലധനകേന്ദ്രങ്ങളുമായുള്ള ബാന്ധവത്തിലാണ് അതിന്റെ വേരുകള്‍. ഇതര മതങ്ങളില്‍ നിന്നു വ്യത്യസ്തമായി, കത്തോലിക്കാ സഭ മൂലധന വ്യവസ്ഥയുടെ ആത്മീയ ശക്തിയാണ്. വിമോചന സമരത്തിന്റെ ദുര്‍ഭഗ സന്തതിയായ കേരള കോണ്‍ഗ്രസ്സിലേക്കും മാണിയിലേക്കുമെല്ലാം സിപി ഐ(എം) ചാലുകീറുന്നതും ഇതിന്റെയടിസ്ഥാനത്തിലാണ്.
ഇതര സ്ത്രീ പീഡകരെ അപേക്ഷിച്ച് ഫ്രാങ്കോക്കു കിട്ടിയ ഇമ്മ്യൂണിറ്റി ഇതുമായി ബന്ധപ്പെട്ടതാണ്. സി പി ഐ (എം)ന്റെ സ്ഥിതി ഇതാണെങ്കില്‍, വ്യവസ്ഥാ സംരക്ഷണത്തില്‍ ഒരു മറയുമില്ലാത്ത കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും കാര്യം പറയേണ്ടതില്ലല്ലോ!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in