സിപിഎം സ്വയം ജനാധിപത്യവല്‍ക്കരിക്കണം, കേരള പാര്‍ട്ടിയാകണം

ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ കേരളജനത വിധിയെഴുതി. മാറ്റമാണ്, തുടര്‍ച്ചയല്ല ജനാധിപത്യത്തിന്റെ പ്രാണവായു. ഭരണത്തുടര്‍ച്ച ഒരു സമൂഹത്തിനും നാടിനും എത്രമാത്രം അപകടകരമാകാമെന്ന് ബംഗാളില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഇടതുഭരണം തന്നെ ഉദാഹരണം. ഉപജീവനത്തിനായി കേരളത്തിലെത്തുന്ന ബംഗാളികള്‍ തന്നെ അതിനുള്ള തെളിവ്. അഞ്ചുവര്‍ഷങ്ങളില്‍ കൃത്യമായി നടക്കുന്ന ഭരണമാറ്റമാണ് കേരളത്തെ അത്തരമൊരു അപകടത്തില്‍ നിന്ന് രക്ഷിക്കുന്നത്. അത് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നു. അത്രയും നന്ന്. അതേസമയം തികച്ചും ജനാധിപത്യപരമായ സംവിധാനത്തിലൂടെയാണ് തങ്ങള്‍ അധികാരത്തിലെത്തിയിരിക്കുന്നത് എന്നത് സിപിഎം മനസ്സിലാക്കണം. അതിനാല്‍തന്നെ ജനാധിപത്യത്തോട് ഇപ്പോഴും തുടരുന്ന […]

cpm

ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ കേരളജനത വിധിയെഴുതി. മാറ്റമാണ്, തുടര്‍ച്ചയല്ല ജനാധിപത്യത്തിന്റെ പ്രാണവായു. ഭരണത്തുടര്‍ച്ച ഒരു സമൂഹത്തിനും നാടിനും എത്രമാത്രം അപകടകരമാകാമെന്ന് ബംഗാളില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഇടതുഭരണം തന്നെ ഉദാഹരണം. ഉപജീവനത്തിനായി കേരളത്തിലെത്തുന്ന ബംഗാളികള്‍ തന്നെ അതിനുള്ള തെളിവ്. അഞ്ചുവര്‍ഷങ്ങളില്‍ കൃത്യമായി നടക്കുന്ന ഭരണമാറ്റമാണ് കേരളത്തെ അത്തരമൊരു അപകടത്തില്‍ നിന്ന് രക്ഷിക്കുന്നത്. അത് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നു. അത്രയും നന്ന്.
അതേസമയം തികച്ചും ജനാധിപത്യപരമായ സംവിധാനത്തിലൂടെയാണ് തങ്ങള്‍ അധികാരത്തിലെത്തിയിരിക്കുന്നത് എന്നത് സിപിഎം മനസ്സിലാക്കണം. അതിനാല്‍തന്നെ ജനാധിപത്യത്തോട് ഇപ്പോഴും തുടരുന്ന നിഷേധാത്മക സമീപനം മാറ്റണം. തെരഞ്ഞെടുപ്പുദിവസം തന്നെ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡുനിന്നും പുറത്തുവന്ന രണ്ടുസംഭവങ്ങള്‍ തന്നെ ഈ സമീപനത്തിന്് ഉദാഹരണമാണ്. ചരിത്രത്തിലൊരിക്കലും മറ്റൊരു പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ ഏജന്റിനെ ഇരുത്താന്‍ ധൈര്യപ്പടാത്ത തൃക്കരിപ്പൂരില്‍ ആദ്യമായി ഇരുന്ന ബിജെപി ഏജന്റിനെ കൊണ്ട് ഇനി രാഷ്ട്രീയപ്രവര്‍ത്തനം നടത്തില്ല എന്ന് എഴുതി വാങ്ങിയ സംഭവം തന്നെ നോക്കൂ. തങ്ങള്‍ക്കൊഴികെ മറ്റാര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനം നടത്താനവകാശമില്ല എന്ന സമീപനം ജനാധിപത്യപരമാണോ? കള്ളവോട്ടിന്റെ വിഷയവും അങ്ങനെതന്നെ. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പല ബൂത്തുകളിലും മറ്റുപാര്‍ട്ടികള്‍ ഏജന്റുമാരെ ഇരുത്താന്‍ പോലും ധൈര്യപ്പെടാറില്ല. അവിടെയെല്ലാം കള്ളവോട്ട് നടക്കാറുമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ജനാധിപത്യത്തിന് കളങ്കമായ പാര്‍ട്ടി ഗ്രാമം തന്നെ ഇല്ലാതാകണം. സിപിഎമ്മിനെ അനുകരിച്ച് ബിജെപിയും കണ്ണൂരില്‍ ചില പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടെന്നതും പറയാതെവയ്യ.
പലപ്പോഴും കേവലമൊരു ഗുണ്ടായിസമായി ഇതിനെ കാണുന്നവരുണ്ട്. അതുതെറ്റാണ്. ജനാധിപത്യത്തോടുള്ള നിലപാടാണ് പ്രശ്‌നം. ജനാധിപത്യസംവിധാനത്തെ കമ്യൂണിസ്റ്റുകാര്‍ ഇപ്പോഴും അംഗീകരിക്കുന്നില്ലല്ലോ. വര്‍ഗ്ഗസമരസിദ്ധാന്തത്തില്‍ ഒരു ഇടവേള മാത്രമാണവര്‍ക്ക് ബൂര്‍ഷ്വാജനാധിപത്യം. അടവുപരമായി മാത്രമാണ് അവരതിനെ സ്വീകരിക്കുന്നത്. ജ്യോതിഷിയെപോലെ മാര്‍ക്‌സ് പറഞ്ഞ വര്‍ഗ്ഗസമരസിദ്ധാന്തം അതേപടി നടക്കിലല്ലെന്നു ബോധ്യപ്പെടുകയും ലോകത്തെ സോഷ്യലിസ്റ്റ് എന്നു വിശേഷിക്കപ്പെട്ടിരുന്ന പല രാജ്യങ്ങളിലും ജനാധിപത്യത്തിനായുള്ള വിപ്ലവങ്ങള്‍ വിജയിക്കുകയും ചെയ്തപ്പോള്‍ ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും തങ്ങള്‍ ജനാധിപത്യപാര്‍ട്ടികളാവുകയാണന്നു എന്നേ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ നമ്മുടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിനു തയ്യാറായിട്ടില്ല. ആ നിലപാടാണ് വാസ്തവത്തില്‍ സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധതയുടെ അടിസ്ഥാനം. അല്ലാതെ സാധാരണ ഗുണ്ടായിസമല്ല അത്. ജനാധിപത്യപരമായ രീതിയിലൂടെ ഒരിക്കല്‍ കൂടി ജനം സിപിഎമ്മിനെ തെരഞ്ഞെടുത്ത ഈ വേളയിലെങ്കിലും ഒരു സ്വയം വിമര്‍ശനത്തിനും സ്വയം മാറാനും സിപിഎം തയ്യാറാകണം. കണ്ണൂര്‍ നേതാക്കള്‍തന്നെയാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നതിനാള്‍ ഇക്കാര്യം അടിവരയിട്ടുപറയേണ്ടിവരുന്നു. സിപിഎം മാത്രമല്ല, തങ്ങള്‍ക്കു ശക്തിയുള്ള കലാലയങ്ങളില്‍ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അംഗീകരിക്കാത്ത എസ്എഫ്‌ഐ അടക്കമുള്ള പോഷകസംഘടനകളും സ്വയം തിരുത്താന്‍ തയ്യാറാകണം.
മറ്റൊന്ന് സിപിഎം കേരളപാര്‍ട്ടിയാകുക എന്നതാണ്. സ്വാതന്ത്ര്യത്തിനുശേഷം ഏഴുപതിറ്റാണ്ടിയിട്ടും അഖിലേന്ത്യാപാര്‍ട്ടിയാകാന്‍ കഴിയാത്തവര്‍ മറ്റെന്താണ് ചെയ്യേണ്ടത്? കേരളം, ബംഗാള്‍, ത്രിപുര. ഈ സംസ്ഥാനങ്ങളാകട്ടെ എത്രയോ വൈവിധ്യങ്ങളുള്ളവ. കോണ്‍ഗ്രസ്സുമായുള്ള സിപിഎം നിലപാടുതന്നെ ഈ വൈവിധ്യത്തിന്റെ തെളിവ്. അതിനാല്‍ ഇനിയെങ്കിലും അഖിലേന്ത്യാപാര്‍ട്ടി എന്ന പട്ടം ഉപേക്ഷിച്ച് കേരളത്തിന്റെ ഉന്നമനത്തിനായി നിലാകൊള്ളുന്ന പാര്‍ട്ടിയായി സിപിഎം മാറുകയാണ് വേണ്ടത്. കേരളത്തിന്റെ സമകാലിക വികസന മുരടിപ്പിനു പ്രധാനകാരണം അത്തരമൊരു പ്രസ്ഥാനത്തിന്റെ അഭാവമാണ്. ഒരു കാലത്ത് പ്രതീക്ഷ നല്‍കിയ കേരളകോണ്‍ഗ്രസ്സിന് പിന്നീട് സംഭവിച്ചത് നാം കണ്ടല്ലോ. കേരളത്തിനായി നിലകൊള്ളുന്ന ഒന്നായി പാര്‍ട്ടി മാറുകയാണ് വേണ്ടത്. തൊട്ടടുത്ത തമിഴ് നാട് തന്നെ മാതൃക. ആവശ്യമെങ്കില്‍ അയഞ്ഞ, ഫെഡറല്‍ ഘടനയോടെ ഒരു സംഘടനാ ചട്ടക്കൂടാകാം. പക്ഷെ അത് ഇപ്പോഴത്തെ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടാകരുത്. ജനാധിപത്യവല്‍ക്കരണം പാര്‍ട്ടി സംഘടനാതലത്തിലും നടപ്പാക്കണം.
മറ്റൊന്ന് ദളിത്, ആദിവാസി വിഭാഗങ്ങളോടുള്ള നിലപാടാണ്. നേരത്തെ സൂചിപ്പിച്ചപോലെ വര്‍ഗ്ഗസമരത്തിന്റെ യാന്ത്രികമായ സ്വീകരണമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വര്‍ഗ്ഗത്തേക്കാള്‍ പ്രസക്തമായ ജാതിവിഷയത്തെ ശരിയായ അര്‍ത്ഥത്തില്‍ കാണുന്നതില്‍ നിന്നവരെ തടഞ്ഞത്. രാജ്യം നേരിടുന്ന പുതിയ സാഹചര്യത്തിലെങ്കിലും ഇക്കാര്യത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ പാര്‍ട്ടിതയ്യാറാകണം. ലോഹ്യയില്‍ നിന്നും അംബേദ്കറില്‍ നിന്നും ഏറെ സ്വീകരിക്കാനുണ്ട്. അതുപോലെ കുടിയേറ്റവോട്ടുബാങ്കിനേക്കാള്‍ ആദിവാസികള്‍ക്ക് പ്രാധാന്യം നല്‍കണം. അതോടൊപ്പം തൊഴിലാളിവര്‍ഗ്ഗമെന്നാല്‍ സംഘടിത തൊഴിലാളിവര്‍ഗ്ഗമെന്ന സമവാക്യം മാറ്റി, അസംഘടിതമേഖലയില്‍ ചൂഷണം ചെയ്യപ്പെടുന്ന ലക്ഷകണക്കിനുപേരുടെ പ്രശ്‌നങ്ങളും അജണ്ടയില്‍ വരണം.
യുഡിഎഫ് ഭരണത്തില്‍ ഏറെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതാണല്ലോ എല്‍ഡിഎഫ് വിജയത്തിന്റെ പ്രകടമായ കാരണം. അതിനാല്‍തന്നെ അഴിമതി തടയുന്ന വിഷയത്തില്‍ എല്‍ഡിഎഫിനു വലിയ ഉത്തരവാദിത്തമുണ്ട്. അതിനായി ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണം. അതേകുറിച്ച് കാര്യമായി അവരുടെ പ്രകടനപത്രികയില്‍ പറയുന്നില്ല. അതുപോലെ ലോകത്തെ മറ്റുഭാഗങ്ങളോടൊപ്പം കേരളവും നേരിടുന്ന ഏറ്റവും ഗുരുതരമായ പരിസ്ഥിതി സംരക്ഷണവിഷയത്തിലും ശക്തമായ തീരുമാനങ്ങള്‍ ആവശ്യമാണ്. പൊതുവില്‍ വികസനത്തിനു പ്രാധ്യാന്യം കൊടുത്ത് പരിസ്ഥിതിയെ അവഗണിക്കുന്ന സമീപനമാണ് കമ്യൂണിസ്റ്റുകാരുടേത്. കേരളത്തിലും അത് പ്രകടമാണ്. പ്രകൃതിയെ നശിപ്പിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ക്കായി, ജനകീയസമരങ്ങളെ എതിര്‍ത്ത് മുതലാളിമാര്‍ക്കൊപ്പം നില്‍ക്കുന്നത് അതിന്റെ ഭാഗമായാണല്ലോ. അതുപോലെതന്നെ പശ്ചിമഘട്ടസംരക്ഷണത്തിലും ക്വാറികളോടുള്ള നിലപാടിലും പാര്‍ട്ടി മാറാന്‍ തയ്യാറായേ പറ്റൂ. സ്ത്രീപീഡന വിഷയം വെറുതെ പറയുകയല്ലാതെ ശക്തമായ നടപടികള്‍ വേണം. അക്കാര്യത്തില്‍ വിഎസിന്റെ മുന്‍ഭരണം നിരാശാജനകമായിരുന്നു എന്നു പറയാതെ വയ്യ.
എപ്പോഴുമെന്നപോലെ ഇക്കുറിയും നിരവധി പ്രതീക്ഷകളോടെയാണ് ജനം തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിരിക്കുന്നത്. മിക്കവാറും നാം കാണാറുള്ളത് ആ പ്രതീക്ഷയെല്ലാം താറുമാറാകുന്നതാണ്. ഇക്കുറിയെങ്കിലും അതില്ലാതെ നോക്കേണ്ട ഉത്തരവാദിത്തം ഇടതിനുണ്ട്. പ്രതേകിച്ച് സിപിഎമ്മിന്. പ്രതേകിച്ച് പ്രകടനപത്രികയില്‍ പറയുന്ന വാഗ്ദാനങ്ങള്‍ നടപ്പായില്ലെങ്കില്‍ കോടതി കയറാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന ആവശ്യം ശക്തമാകുകയാണെന്ന വസ്തുതയും മറക്കാതിരുന്നാല്‍ നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply