സംരക്ഷിക്കുക മൃഗാവകാശങ്ങള്‍
ലോകമിന്ന് (ഒക്‌ടോ 4) മൃഗാവകാശദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ചിരിക്കുന്ന മൃഗാവകാശങ്ങളെല്ലാം നിഷേധിച്ചാണ് നാം ഈ ദിനത്തിലൂടെ കടന്നുപോകുന്നത്. അതിന്‌റെ ദുരന്തഫലമായിരുന്നു ഡെല്‍ഹിയിലെ മൃഗശാലയിലുണ്ടായ ദുരന്തം. ”ഒരു രാജ്യത്തെ മൃഗങ്ങളോട് മനുഷ്യന്‍ എങ്ങിനെ പെരുമാറുന്നു എന്നതില്‍ നിന്ന് ആ രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെ ദര്‍ശിക്കാനാവും” എന്നാണ് മഹാത്മാഗാന്ധി വ്യക്തമാക്കുന്നത്. എങ്കില്‍ എന്താണ് നമ്മുടെ സംസ്‌കാര#ം? മനുഷ്യന്റെ വിനോദത്തിനുവേണ്ടി മൃഗങ്ങളെ ഇടുങ്ങിയ കൂട്ടിലടക്കുക എന്നത് സംസ്‌ക്കാരസമ്പന്നമായ ഒരു സമൂഹത്തിന് ചേര്‍ന്നതല്ല. മൃഗശാല അഥവാ സൂ എന്നവാക്ക് ഉപയോഗിക്കുന്നതുതന്നെ ശരിയല്ല. വംശനാശം […]
ലോകമിന്ന് (ഒക്‌ടോ 4) മൃഗാവകാശദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ചിരിക്കുന്ന മൃഗാവകാശങ്ങളെല്ലാം നിഷേധിച്ചാണ് നാം ഈ ദിനത്തിലൂടെ കടന്നുപോകുന്നത്. അതിന്‌റെ ദുരന്തഫലമായിരുന്നു ഡെല്‍ഹിയിലെ മൃഗശാലയിലുണ്ടായ ദുരന്തം. ”ഒരു രാജ്യത്തെ മൃഗങ്ങളോട് മനുഷ്യന്‍ എങ്ങിനെ പെരുമാറുന്നു എന്നതില്‍ നിന്ന് ആ രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെ ദര്‍ശിക്കാനാവും” എന്നാണ് മഹാത്മാഗാന്ധി വ്യക്തമാക്കുന്നത്. എങ്കില്‍ എന്താണ് നമ്മുടെ സംസ്‌കാര#ം?
മനുഷ്യന്റെ വിനോദത്തിനുവേണ്ടി മൃഗങ്ങളെ ഇടുങ്ങിയ കൂട്ടിലടക്കുക എന്നത് സംസ്‌ക്കാരസമ്പന്നമായ ഒരു സമൂഹത്തിന് ചേര്‍ന്നതല്ല. മൃഗശാല അഥവാ സൂ എന്നവാക്ക് ഉപയോഗിക്കുന്നതുതന്നെ ശരിയല്ല. വംശനാശം നേരിടുന്ന വന്യജീവികളെ സംരക്ഷിക്കാനും, മറ്റുജീവികളെ കുറിച്ച് പഠനഗവേഷണങ്ങള്‍ നടത്താനും ഉള്ള കേന്ദ്രങ്ങള്‍ മാത്രമെ നിലനില്‌ക്കേണ്ടതുള്ളൂ എന്ന് ലോകം ഔദ്യോഗികമായി അംഗീകരിച്ചിട്ട് രണ്ട് ദശാബ്ദം പിന്നിടുകയാണ്. ”’വേള്‍ഡ് വൈല്‍ഡ് ലൈഫ് കോണ്‍സര്‍വേഷന്‍ സ്റ്റാറ്റജി’ എന്ന പ്രമാണപത്രം ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ആഗോളതലത്തില്‍ 1994 ല്‍ നിലവില്‍ വന്നു. മൃഗശാലകള്‍ക്ക് പകരം പഠനഗവേഷണ കേന്ദ്രങ്ങള്‍ (ഇീിലെൃ്മശേീി മിറ ഞലലെമൃരവ ഇലിൃേല) എന്ന തലത്തിലേക്ക് മാറ്റങ്ങളുണ്ടായി.
പഠന-ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി മൃഗങ്ങളെ വളര്‍ത്തുന്നുണ്ടെങ്കില്‍ പരമാവധി വിസ്തൃതമായ സ്വാഭാവിക ആവാസസ്ഥാനം ഒരുക്കികൊടുക്കാന്‍ തയ്യാറാകണമെന്ന് മേല്‍പറഞ്ഞ നയരേഖ നിഷ്‌കര്‍ഷിക്കുന്നു. ഓരോ മൃഗത്തിനും എത്ര സ്ഥലവും സംവിധാനങ്ങളും ഒരുക്കണം എന്ന് കോണ്‍സര്‍വേഷന്‍ സ്റ്റാറ്റജിയില്‍ വ്യക്തമാക്കുന്നു. സുവോളജിക്കല്‍ പാര്‍ക്കിലെത്തുന്നമനുഷ്യര്‍ക്ക് ഉണ്ടാകേണ്ട മുന്നറിവിനെകുറിച്ചും അവബോധത്തെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. ഇതിനായി പ്രത്യേകപഠനപരിശീലന കേന്ദ്രങ്ങള്‍ സുവോളജിക്കല്‍ പാര്‍ക്കുകളില്‍ ഉണ്ടാകണം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കപെടാത്തതുമൂലമാണ് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പല ദുരന്തങ്ങളുമുണ്ടാകുന്നത്. അതാണ് തലസ്ഥാനത്തുമുണ്ടായത്.
സന്ദര്‍ശകരായി എത്തുന്ന മനുഷ്യര്‍ക്ക് വ്യക്തമായ പഠന ക്ലാസ്സുകള്‍ നല്കിയശേഷം മാത്രമാണ് മൃഗങ്ങളെ കാണാനുള്ള അനുവാദം നല്‌കേണ്ടത്. മൃഗങ്ങളേയും മറ്റുജീവികളേയും ഇരകളായും വിനോദവസ്തുക്കളായും കാണുന്ന മനോഭാവത്തില്‍ മാറ്റം വരണം. യജമാനഭാവവും സാഡിസ്റ്റ് മനോഭാവവും മാറണം. സഹജീവിഭാവവും ആദരവും മൃഗങ്ങളോടുണ്ടാകുന്ന ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ സുവോളജിക്കല്‍ പാര്‍ക്കുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം. മൃഗങ്ങളുടെ സുരക്ഷിതത്വവും മനുഷ്യന്റെ സുരക്ഷിതത്വവും ഒരുപോലെ പാലിക്കുന്ന സംവിധാനം സുവോളജിക്കല്‍ പാര്‍ക്കുകളില്‍ ഉണ്ടോ എന്ന് എല്ലാ വര്‍ഷവും നേരിട്ട് വന്ന് വിലയിരുത്തുന്നതിനുള്ള സ്ഥിരം മോണിറ്ററിങ്ങ് സെല്‍ സജീവമാകണം.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മനുഷ്യാവകാശ കമ്മീഷന്‍, അതിനായി മൃഗാവകാശങ്ങള്‍ നിഷേധിക്കുന്നതായി പരാതി ഉയര്ന്നിട്ടുണ്ട്. കമ്മിഷന്‍ സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങളിലൊന്ന് തെരുവു നായ്ക്കളുടെ മാംസം കയറ്റുമതി ചെയ്യണമെന്നാണ്. തെരുവുനായ്്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തുക എന്ന നയം നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു ശുപാര്‍ശ.
അടുത്തയിടെ മന്ത്രി മഞ്ഞളാംകുഴി വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലും ഇത്തരമൊരു നിര്‍ദ്ദേശമുയര്‍ന്നിരുന്നു. തെരുനായ്ക്കളെ പിടിച്ചുകൊന്ന് മാംസം കൊറിയയിലേക്ക് അയക്കാനായിരുന്നു നിര്‍ദ്ദേശം. കൊറിയക്കാരുടെ ഇഷ്ടഭക്ഷണമാണ് പട്ടിമാംസം. എന്നാല്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനുള്ള ഒരു സജ്ജീകരണവും ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല.
മൃഗാവകാശങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സര്‍വ്വദേശീയ പ്രഖ്യാപനത്തില്‍ ഒരു മൃഗത്തെ കൊല്ലേണ്ട അത്യാവശ്യമുണ്ടായാല്‍ തന്നെ അതിനെ ഭയാശങ്കപ്പെടുത്താതെ, വേദനാരഹിതമായി തല്‍ക്ഷണം നടപ്പാക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരു കാരണവശാലും അവയെ തല്ലികൊല്ലാന്‍ പാടില്ല.. എന്നാല്‍ നായ്ക്കളെ വേദനാരഹിതമായി കൊല്ലുന്നതിനുള്ള ഒരു സംവിധാനവും ഇവിടെയില്ല. നിലനില്‍ക്കുന്ന അറവുശാലകള്‍ നായ്ക്കളെ കൊല്ലുന്നതിനു അനുയോജ്യമല്ല. അതിനേക്കാളുപരി ഇവിടെ തെരുവുനായ്ക്കളെ കൊല്ലുന്നത് കുറ്റകരമാണ്. സുപ്രീം കോടതി അടുത്ത് പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍പ്പോലും തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് പൊതുസ്ഥലത്ത് തുറന്നുവിടണമെന്ന് നിര്‌ദ്ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ പറയുതുകേട്ട് അവയെ കൊന്നൊടുക്കല്‍ സര്‍ക്കാര് തയ്യാറായാല്‍ സുപ്രിംകോടതിയായിരിക്കും ചോദിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ പിടിച്ചുവെക്കുവാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ തക്ക ശക്തിയുള്ള നിയമ വകുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മൃഗസംരക്ഷണ നിയമ ചട്ടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
2004 മുതല്‍ ഇന്ത്യയില്‍ മൃഗാവകാശദിനം ദേശീയ ആനദിനമായും ആചരിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ആനകള്‍ നേരിടുന്നത് രൂക്ഷമായ മൃഗാവകാശ ലംഘനങ്ങളാണ്. 2014ല്‍ ഇതുവരെ കേരളത്തില്‍ 106 ആനകള്‍ ചെരിഞ്ഞതായാണ് കണക്ക്. അവയില്‍ 21 നാട്ടാനകളും 85 കാട്ടാനകളുമാണ്. വിശ്രമില്ലാതെ അമിതമായ ജോലിഭാരവും പീഡനങ്ങളുമാണ് അകാലത്തിലുള്ള നാട്ടാനകളുടെ അന്ത്യത്തിനു കാരണമാകുന്നത്. കേരളത്തില്‍ ഏറ്റവുമധികം ആനകളുള്ള ഗുരുവായൂര്‍ ആനകോട്ടയിലെ അവസ്ഥ പരമദയനീയമാണെന്ന് ഏതാനും ദിവസം മുമ്പ് അവിടെ സന്ദര്‍ശിച്ച അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സംഘം കണ്ടെത്തിയരുന്നു. എന്നിട്ടും നടപടിയൊന്നുമായിട്ടില്ല.
ശബരിമല മേഖല, മണ്ണാര്‍ക്കാട് മേഖല, അതിരപ്പിള്ളി മേഖല എന്നിവിടങ്ങലിലാണ് കാട്ടാനകള്‍ കൂടുതല്‍ ചെരിഞ്ഞത്. മനുഷ്യന്റെ അനധികൃതമായ കയ്യേറ്റം തന്നെയാണ് അതിനു മുഖ്യകാരണം. ഓണക്കാലത്ത് അട്ടപ്പാടിയില്‍ ഒരാന ചെരിഞ്ഞത് വൈദ്യൂതകമ്പിയില്‍ തട്ടിയായിരുന്നു. കമ്പിയില്‍ അംഗീകരിക്കപ്പെട്ടതിനേക്കാള്‍ വൈദ്യൂതി കടത്തിവിട്ടതായിരുന്നു കാരണം. അതിരപ്പിള്ളിയില്‍ ആനത്താരകള്‍ കയ്യേറിയതാണ് ആനകള്‍ക്ക് ഭീഷണിയായിരിക്കുന്നത്. ആനകളുടെ സംരക്ഷണത്തിനായി 2010ല്‍ കേന്ദ്രം 600 കോടി അനുവദിച്ചെങ്കിലും അതിന്റെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല.
അനുബന്ധം
യുനസ്‌കോയുടെ പാരീസിലെ ആസ്ഥാനത്തുവച്ച് 1978 ഒക്ടോബര്‍ 15ന് വിളംബരം ചെയ്യപ്പെട്ട സാര്‍വ്വദേശീയ മൃഗാവകാശ പ്രഖ്യാപനം
ആമുഖം
സമസ്ത ജീവനും ഒന്നാണെന്നും എല്ലാ ജീവജാലങ്ങള്‍ക്കും പൊതു ഉല്‍പ്പത്തിയാണെന്നും പരിണാമത്തിലുണ്ടായ വൈവിദ്ധ്യങ്ങളുടെ ഫലമായി വിവിധ ജീവജാതികളായി രൂപംകൊണ്ടവയാണെന്നും പരിഗണിച്ചുകൊണ്ട്, എല്ലാ ജീവികള്‍ക്കും സ്വാഭാവികാവകാശങ്ങളുണ്ടെന്നും നാഡീവ്യൂഹമുള്ള മൃഗങ്ങള്‍ക്ക് സവിശേഷാവകാശങ്ങളുണ്ടെന്നും ഉള്‍ക്കൊണ്ടുകൊണ്ട്, ഈ നൈസര്‍ഗ്ഗികാവകാശങ്ങളുടെ നേര്‍ക്കുള്ള അവജ്ഞയും അവയെക്കുറിച്ചുള്ള അജ്ഞത മൂലം മനുഷ്യര്‍ പ്രകൃതിക്കുമേല്‍ ഗുരുതരമായ നാശങ്ങളേല്‍പ്പിക്കുന്നതിനും മൃഗങ്ങള്‍ക്കു നേരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും ഇടയാകുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ടും ജീവികളുടെ സഹവര്‍ത്തിത്വമെന്നാല്‍ മനുഷ്യന്‍ എന്ന സ്പീഷിസ് മറ്റു സ്പീഷീസുകളില്‍പ്പെട്ട മൃഗങ്ങളുടെ ജീവിക്കാനുള്ള അവകാശം അംഗീകരിക്കലാണ് എന്ന് നിരൂപിച്ചുകൊണ്ടും മനുഷ്യരുടെ പരസ്പര ബഹുമാനം പോലെ തന്നെയാണ് മനുഷ്യര്‍ക്ക് മൃഗങ്ങളോടുള്ള ആദരവ് എന്ന് ഉള്‍ക്കൊണ്ടുകൊണ്ടും ഇതിങ്കല്‍ വിളംബരം ചെയ്യുന്നത് എന്തെന്നാല്‍:
അനുച്ഛേദം 1
ജീവശാസ്ത്രപരമായ സന്തുലിതാവമസ്ഥയുടെ പശ്ചാത്തലം പരിഗണിച്ച് എല്ലാ മൃഗങ്ങള്‍ക്കും നിലനില്‍പ്പിനും വളരാനും തുല്യമായ അവകാശങ്ങളുണ്ട്. ഈ സമത്വം ഏതു ജീവികുലത്തിലെ ജീവികളുടെയും വൈവിദ്ധ്യത്തെ കൂടി ഉയര്‍ത്തിപ്പിടിക്കുന്നതാണ്.
അനുച്ഛേദം 2
ചേതനയുള്ള എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഇതര ജീവികളാലും മനുഷ്യരാലും ആദരിക്കപ്പെടാന്‍ അവകാശമുണ്ട്.
അനുച്ഛേദം 3
(എ) മൃഗങ്ങളെ മോശം പെരുമാറ്റങ്ങള്‍ക്കോ ക്രൂരകൃത്യങ്ങള്‍ക്കോ വിധേയരാക്കരുത്.
(ബി) ഒരു മൃഗത്തെ കൊല്ലേണ്ട അത്യാവശ്യമുണ്ടായാല്‍ തന്നെ അത് മൃഗത്തെ ഭയാശങ്കപ്പെടുത്താതെ, വേദനാരഹിതമായി തല്‍ക്ഷണം നടപ്പാക്കേണ്ടതാണ്.
(സി) മൃഗത്തിന്റെ ജഡം കൈകാര്യം ചെയ്യേണ്ടത് അന്തഃസ്സുറ്റ രീതിയിലായിരിക്കണം.
അനുച്ഛേദം 4
(എ) വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ട്.
(ബി) നേരംപോക്കിനും വിനോദത്തിനുമായുള്ള മൃഗവേട്ടയും മത്സ്യബന്ധനവും ദീര്‍ഘകാലത്തേയ്ക്കുള്ള വന്യമൃഗങ്ങളുടെ തടവും ജീവരക്ഷാപരമായ കൈകാര്യങ്ങള്‍ക്കല്ലാതെ വന്യമൃഗങ്ങളെ ഉപയോഗിക്കവും ഈ മൗലികാവകാശത്തിന് എതിരാണ്.
അനുച്ഛേദം 5
(എ) മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷയ്ക്കും അവകാശമുണ്ട്.
(ബി) യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുത്.
(സി) മൃഗ പ്രജനന രീതി ഏതും അതാത് ജീവിവര്‍ഗ്ഗത്തിന്റെ ശരീരശാസ്ത്രം, പെരുമാറ്റം എന്നിവയെ ബഹുമാനിച്ചുകൊണ്ടായിരിക്കണം.
(ഡി) മൃഗങ്ങളെ സംബന്ധിച്ച പ്രദര്‍ശനങ്ങള്‍, സിനിമ മുതലായവ അവയുടെ അന്തസ്സിനെ മാനിക്കുന്നതും യാതൊരു തരത്തിലുള്ള അക്രമങ്ങള്‍ ഇല്ലാത്തവയുമായിരിക്കണം.
അനുച്ഛേദം 6
(എ) മൃഗങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കോ മാനസികാവസ്ഥയ്‌ക്കോ പീഢനമേല്‍പ്പിക്കുന്ന തരം പരീക്ഷണങ്ങള്‍ മൃഗങ്ങളുടെ അവകാശത്തിന്റെ ലംഘനമായി കണക്കാക്കപ്പെടണം.
(ബി) മൃഗങ്ങളുടെ മേലുള്ള പരീക്ഷണങ്ങള്‍ക്ക് വിരാമമിടാന്‍ പകരം വയ്ക്കാവുന്ന നടപടിക്രമങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ക്രമാനുഗതമായി നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്.
അനുച്ഛേദം 7
(എ) ഒരു മൃഗത്തിന്റെ മരണത്തിലേയ്ക്കു നയിക്കുന്ന അനാവശ്യമായ ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്ക്കു നയിക്കുന്ന ഏതൊരു തീരുമാനവും ജീവനുനേരെയുള്ള കുറ്റകൃത്യമാണ്.
അനുച്ഛേദം 8
(എ) പ്രകൃതിയിലെ ഒരു പ്രത്യേക സ്പീഷീസിന്റെ നിലനില്‍പ്പു തന്നെ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിക്കുന്ന ഏതൊരു തീരുമാനങ്ങളും ആ ജീവജാതിയുടെ വംശഹത്യയ്ക്ക് സമാനമായ ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടേണ്ടതാണ്.
(ബി) വന്യമൃഗങ്ങളുടെ കൂട്ടക്കൊല, അവയുടെ സ്വാഭാവിക ആവാസസ്ഥലം നശിപ്പിക്കല്‍, മലിനീകരണം എന്നിവ വംശഹത്യാ പ്രവര്‍ത്തനങ്ങളാണ്.
അനുച്ഛേദം 9
(എ) ജീവശൃംഖലയില്‍ മൃഗങ്ങളുടെ സവിശേഷ സ്ഥാനവും പദവിയും അവകാശങ്ങളും നിയമം വഴി അംഗീകരിക്കപ്പെടണം.
(ബി) മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണം.
അനുച്ഛേദം 10
കുട്ടിക്കാലം മുതലേ മൃഗങ്ങളെ നിരീക്ഷിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിക്കാനും ഇടപഴകാനും ഉതകുന്ന വിദ്യാഭ്യാസപഠനരീതികളും പൗരന്/പൗരിക്ക് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഉറപ്പു വരുത്തണം.
വിവര്‍ത്തനം : എന്‍.എന്‍. ഗോകുല്‍ദാസ്, ഇന്ദിര കെ.എ
(2014 ഒക്ടോബര്‍ 4ന് 5.30ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍വച്ച് നടത്തുന്ന മിണ്ടാപ്രാണികള്‍ക്കുവേണ്ടി മിണ്ടുന്നവരുടെ സംഗമത്തില്‍ പ്രകാശനത്തിന് തയ്യാറാക്കിയത്.)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in